മുസ്‌ലിം ജമാഅത്ത്: രാഷ്ട്രീയമല്ലാത്ത സാധ്യതകള്‍

0
1323

By എ അബ്ദുല്‍ ഖാദര്‍

 

 

മുസ്‌ലിം ജമാഅത്ത് എന്ന പേരില്‍ ബഹുജന സംഘം രൂപവത്കരിക്കും. മലപ്പുറത്തു നടന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ഇത്. കേരളത്തിലെ മുസ്‌ലിം സംഘടനകളെ നിരീക്ഷിക്കുന്നവര്‍ താത്പര്യപൂര്‍വം ശ്രദ്ധിച്ച ഈ അറിയിപ്പിന് ചില വിശകലനങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ കണ്ടു. കാന്തപുരം പുതിയ രാഷ്ട്രീയ സംഘടനയുമായി വരുന്നു എന്നതായിരുന്നു പ്രധാന വ്യാഖ്യാനം. മുസ്‌ലിം ലീഗ് ജന. സെക്രട്ടറിയുള്‍പെടെ ഈ വാര്‍ത്താ വിശകലനങ്ങളില്‍ പങ്കു ചേര്‍ന്നു. രാഷ്ട്രീയ സാമൂഹിക രംഗം ഈ പ്രഖ്യാപനത്തെ എസ് വൈ എസ് സമ്മേളന ഉള്ളടക്കത്തോട് ചേര്‍ത്തുവെച്ച് ശ്രദ്ധിച്ചതിന്റെ പ്രതിഫലനമായി പ്രതികരണങ്ങളെ കാണാം.
കേരളത്തിലെ മുസ്‌ലിം പൊതു ഇടപാടുകളില്‍ കൗതുകവും താത്പര്യവും ഉണ്ടാക്കുന്ന ഉള്ളടക്കമായിരുന്നു എസ് വൈ എസ് സമ്മേളനത്തില്‍. വ്യാപാരി വ്യവസായികള്‍, കര്‍ഷകര്‍, കടല്‍ തൊഴിലാളികള്‍, പ്രൊഫഷനല്‍സ്, അന്യ സംസ്ഥാന തൊഴിലാളികള്‍, പ്രവാസികള്‍ തുടങ്ങി സമൂഹത്തിലെ വ്യത്യസ്ത മണ്ഡലങ്ങളെ സംഘടിപ്പിക്കുന്നതിനും സംബോധന ചെയ്യുന്നതിനും ശ്രമിച്ചു. ഇതിലാണ് ഒരു രാഷ്ട്രീയ ഇടപെടലിന്റെ സാധ്യത നിരീക്ഷിക്കപ്പെട്ടത്. കക്ഷിരാഷ്ട്രീയത്തിനും വോട്ടു രാഷ്ട്രീയത്തിനും ഉപരിയായി പൗരസമൂഹത്തിന്റെ ജീവല്‍ രാഷ്ട്രീയത്തെ വിശകലനം ചെയ്യാന്‍ കഴിയാതെ പോകുന്നതിന്റെ പ്രശ്‌നം കൂടിയാണിത്. എന്നാല്‍, വോട്ടു രാഷ്ട്രീയ വ്യാഖ്യാനത്തിനപ്പുറം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും ഘടക സംഘങ്ങളുടെയും പ്രവര്‍ത്തന പരിസരത്തുനിന്ന് പുതിയൊരു സംഘടനയുടെ സാധ്യതകളെ പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. പ്രസ്തുത സംഘടനാവൃത്തങ്ങളുടെ അഭിപ്രായം ഉള്‍പെടുത്താത്ത സ്വതന്ത്ര വിശകലനമാണിത്.
മുസ്‌ലിം ജമാഅത്ത് എന്ന സംഘടനയുടെ രൂപവും ഘടനയും വിശദീകരിക്കപ്പെട്ടിട്ടില്ല. കേള്‍വിയില്‍ അത് നല്‍കുന്ന സന്ദേശം സമസ്തക്കു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന വിവിധ സംഘടനാ ഘടകങ്ങളെയെല്ലാം സംയോജിപ്പിച്ചും മേല്‍ക്കൂരയൊരുക്കുകയും ചെയ്യുന്ന ബഹുജന പ്രസ്ഥാനം എന്നതാണ്. വ്യത്യസ്ത ജനവിഭാഗങ്ങളെ സംഘടിപ്പിച്ചും സംബോധന ചെയ്തും പ്രവര്‍ത്തിച്ചു വരുന്ന സംഘ സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും സംരംഭങ്ങളെയുമെല്ലാം ചേര്‍ത്ത് സമഗ്രമായ ഒരു മുസ്‌ലിം ജാഗ്രതയുടെ/കെട്ടുറപ്പിന്റെ/മുന്നേറ്റത്തിന്റെ സാധ്യത മുസ്‌ലിം ജമാഅത്തില്‍ തീര്‍ച്ചയായും ഉണ്ട്. അത് രാഷ്ട്രീയ ഇടപെടലുകള്‍ക്കുമപ്പുറം ഒരു വിശ്വാസി സമൂഹത്തിന്റെ സ്വത്വം ദൃഢപ്പെടുത്തുന്ന മൂവ്‌മെന്റായിരിക്കും. സമസ്തയുടെ ആഭിമുഖ്യത്തില്‍ ഈയൊരു ഇടപെടലിന്റെ സ്‌പെയ്‌സ് ഒഴിഞ്ഞു കിടക്കുമ്പോള്‍ വിശേഷിച്ചും. സമസ്തയിലെ പണ്ഡിതന്‍മാരുടെയും എസ് വൈ എസ് ഉള്‍പെടെയുള്ള സംഘടനകളിലെ പണ്ഡിത, പണ്ഡിതേതര വിഭാഗഗത്തിന്റെയും നേതൃത്വത്തില്‍ മുസ്‌ലിം ജമാഅത്ത് കേരള മുസ്‌ലിം മുന്നേറ്റത്തിന്റെ സുചികാപദമാകാനുള്ള സാധ്യതകൂടിയാണിത്.
ഉലമാ ആക്ടിവിസത്തിനു പുറത്തേക്ക് ഇസ്‌ലാമിക ജാഗരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായാണ് ആറു പതിറ്റാണ്ടു മുമ്പ് സുന്നിയുവജന സംഘത്തിന് സമസ്ത രൂപം നല്‍കിയത്. ഈ സംഘടനയുടെ വാര്‍ഷിക സമ്മേളനത്തിലാണ് മറ്റൊരു ബഹുജന സംഘടന സമസ്ത മുശാവറയുടെ തീരുമാനപ്രകാരം ജന. സെക്രട്ടറി പ്രഖ്യാപിക്കുന്നത്. യുവജനസംഘം എന്നത് കേവല പ്രയോഗം മാത്രമാവുകയും സുന്നി ബഹുജനങ്ങള്‍ പ്രായഭേദമന്യേ എസ് വൈ എസില്‍ സംഘടിതരായി നില്‍ക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തില്‍, ഒരു ബഹുജനസംഘടനയുടെ രൂപവത്കരണ ആശയം സംഘസമൂഹത്തില്‍ പലയര്‍ഥത്തില്‍ സ്വാധീനിക്കപ്പെട്ടിരിക്കുന്നു. അഡ്വ. ഇസ്മാഈല്‍ വഫയെപ്പോലുള്ള പ്രസ്ഥാന പ്രവര്‍ത്തകര്‍ നേരത്തേ ആവര്‍ത്തിച്ചുകൊണ്ടിരുന്ന ആശയവുമാണിത്.
എസ് വൈ എസ് കേരള മുസ്‌ലിം പൊതുജീവിതത്തിലും ഇസ്‌ലാമിക പരിസരത്തും നടത്തിയ നിര്‍മിതികള്‍ വലുതാണ്. ചരിത്രത്തിലും വര്‍ത്തമാനത്തിലും അതിന് നിര്‍ണായക അടയാളങ്ങളുണ്ട്. അന്തരിച്ച സമസ്ത മുന്‍ പ്രസിഡന്റ് എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ സംയുക്ത കൃതികളും കാരന്തൂര്‍ മര്‍കസ് ഉള്‍പെടെയുള്ള സ്ഥാപനങ്ങളും ഈ ചരിത്രത്തിനും വര്‍ത്തമാനത്തിനും മികച്ച റഫറന്‍സുകളാണ്. മദ്‌റസാ പ്രസ്ഥാനം, വിദ്യാഭ്യാസ ബോര്‍ഡ്, മുഅല്ലിം സംഘടന, വിദ്യാര്‍ഥി സംഘടന, ബാലസംഘം, സ്ഥാപനങ്ങള്‍, മാനേജ്‌മെന്റ് ഫോറം, പത്രം, പ്രസാധനം, ആനുകാലികങ്ങള്‍ തുടങ്ങി ഒരു പ്രസ്ഥാനത്തിന്റെ സര്‍വശ്രദ്ധയും സമസ്തയുടെ കുടക്കീഴില്‍ വികസിച്ചു വന്നിട്ടുണ്ട്. എസ് വൈ എസ് ഈ നിര്‍മിതികളിലെല്ലാം നേതൃപരമായ പങ്കു വഹിച്ചു. എന്നാല്‍, ഒരു സമഗ്രബഹുജന മുന്നേറ്റത്തിന്റെയോ അല്ലെങ്കില്‍ ഒരു തികഞ്ഞ യുവജനസംഘടനയുടെയോ ഇല്ലായ്മ വികാസം പ്രാപിച്ച പ്രസ്ഥാനത്തിന്റെ പരിസരങ്ങളില്‍ നിഴലിച്ചേ നിന്നു. ഇത് സമ്പൂര്‍ണ വിദ്യാര്‍ഥി പ്രസ്ഥാനമാകാന്‍ സമ്മതിക്കാതെ എസ് എസ് എഫിനെ സങ്കരസ്വഭാവത്തില്‍ തുടരാന്‍ നിര്‍ബന്ധിച്ചു. ഈ സാഹചര്യങ്ങളെയെല്ലാം അടിമുടി പരിവര്‍ത്തിപ്പിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും മുസ്‌ലിം ജമാഅത്ത് വഴിയൊരുക്കും എന്നു സംഘടനാ സമൂഹം അഭിലഷിക്കുന്നു.

മതം/രാഷ്ട്രീയം
സമസ്തയുടെ രൂപവത്കരണ കാലത്തു നിന്നും കേരള മുസ്‌ലിം സാമൂഹിക ബോധവും ദേശീയവും അന്തര്‍ദേശീയവുമായ ഇസ്‌ലാം പരിസരവും മുസ്‌ലിം ജീവിതവും വലിയ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നുണ്ട്. ഒരു മുസ്‌ലിം ബഹുജന പ്രസ്ഥാനത്തിന് അഡ്രസ് ചെയ്യേണ്ടതും നിലപാടുറപ്പിക്കേണ്ടതുമായ സമൂഹവും സമസ്യകളും വ്യാപിച്ചതാണ്. മുസ്‌ലിം ലോകത്തെ ആന്തരീകവും ബാഹ്യവുമായ വിശ്വാസ, രാഷ്ട്രീയ ധാരകളില്‍ പരമ്പരാഗത ഇസ്‌ലാമിക വിശ്വാസത്തിന്റെ അഥവാ മാനവീകവും സൂക്ഷ്മവും വിമോചനാധിഷ്ഠിതവുമായി ഉള്ളടക്കത്തിന്റെ നിലപാടുകള്‍ വിളംബരം ചെയ്യപ്പെടേണ്ടതുണ്ട്.
ദേശാന്തരീയ മുസ്‌ലിം ശരികള്‍ക്കൊപ്പം നിലപാടെടുക്കുമ്പോള്‍, ദേശീയ തലത്തിലും വിശ്വാസ ഇസ്‌ലാമിന്റെ ശരികളെ ഉയര്‍ത്തുന്നതില്‍ സ്വാഭാവികമായും മുസ്‌ലിം ജമാഅത്തിന്റെ നിലപാടുകള്‍ നിര്‍ണായകമായിരിക്കും. ഈവിധമൊരു മുസ്‌ലിം പൊതു ബോധത്തെ നിര്‍മിച്ചെടുക്കുക കാലത്തിന്റെ ആവശ്യമാണുതാനും. ശീഇസവും ബ്രദര്‍ഹുഡ് രാഷ്ട്രീയങ്ങളും മുസ്‌ലിം ബോധത്തില്‍ ഇടം പിടിക്കാന്‍ പാകത്തില്‍ പ്രചാരണങ്ങളും മാധ്യമ വേലകളും നടക്കുന്ന കേരളത്തില്‍ പോലും മാനവീക ഇസ്‌ലാമിനെ മുഖ്യധാരയില്‍ അവതരിപ്പിക്കേണ്ടതുണ്ട്. സംഘടനകള്‍ക്കും സംഘടനാ സ്ഥാപനങ്ങള്‍ക്കും അപ്പുറമുള്ള ഇസ്‌ലാമിക വിചാരത്തെയാണ് ബഹുജനപ്രസ്ഥാനം മുന്നോട്ടു വെക്കേണ്ടത്.
മതജീവിതത്തിനൊപ്പം ദേശീയധാരയില്‍ ഇടപെടാന്‍ അനുമതി നല്‍കുന്ന രാഷ്ട്രീയ ഉള്ളടക്കമുള്ള ദേശത്ത്, പൗരര്‍ എന്ന നിലയില്‍ രാഷ്ട്രത്തിലെ മണ്ണും മനുഷ്യനും പ്രമേയകമാകുന്ന രാഷ്ട്രീയ ഉള്ളടക്കം വിശ്വാസത്തിന്റെ ഭാഗമായി തന്നെ നിര്‍ണായകമാകുന്നു. മാനവീകമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് എന്നത് പാര്‍ട്ടി, മുന്നണി ബന്ധങ്ങളോട് ചേര്‍ത്തു വെക്കേണ്ടതല്ല. മനുഷ്യര്‍ക്കു വേണ്ടിയുള്ള രാഷ്ട്രീയബോധം ഉണ്ടാകുകയും അത് രാജ്യത്തിന്റെ ഭരണ അധികാര വ്യവസ്ഥകളെ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ജനാധിപത്യ പ്രയോഗവേളകളില്‍ ശരിയുടെ പക്ഷത്ത് ഉപയോഗിക്കുകയും ചെയ്യുക എന്നത് ഒരു പൗര സമൂഹത്തിന്റെ അവകാശവും അവബോധവുമായിരിക്കും. രാഷ്ട്രീയ പാര്‍ട്ടിയാവുക എന്ന സാമ്പ്രദായികതയോടു രാജിയാകാതെ തന്നെ നേരിനു വേണ്ടിയുള്ള നിലപാടുകളുണ്ടായിരിക്കുക എന്നതാണത്. ഫാസിസവും സാമൂഹിക ജീര്‍ണതകളുമായിരിക്കണം ഈരാഷ്ട്രീയത്തിന്റെ എതിര്‍പക്ഷത്ത്.

പ്രസ്ഥാനവും ഘടകങ്ങളും
മുസ്‌ലിം ജമാഅത്ത് യാഥാര്‍ഥ്യമാകുമ്പോള്‍ സമസ്തയുടെ നേതൃത്വത്തിലുള്ള ബഹുജന പ്രസ്ഥാനമായി ഈ സംഘം ഗണിക്കപ്പെടും. അങ്ങിനെ വരുമ്പോള്‍ ഒരു ബഹുജന പ്രസ്ഥാനവും അതിന്റെ ആദര്‍ശത്തെ അംഗീകരിക്കുന്ന പോഷക, വര്‍ഗ സംഘടനകളും എന്ന രീതിശാസ്ത്രം സുന്നി സംഘസമൂഹത്തില്‍ ഫലപ്രദമായി രൂപപ്പെടുത്തേണ്ടിവരും. മറിച്ചെങ്കില്‍, ഒരു പ്രസ്ഥാനം എന്ന ഉള്ളടക്കത്തിനും ഭദ്രതക്കും പിഴവുകള്‍ ഉണ്ടാകും. മാത്രമല്ല, വിവിധ ജനസമൂഹത്തെ സംബോധന ചെയ്യുക എന്ന ആശയത്തിന്റെ പ്രയോഗത്തിന് വലിയ അളവില്‍ ക്ഷീണവും വേഗക്കുറവും അനുഭവപ്പെടും.
ഘടക സംഘടനകളുടെ രക്ഷാകര്‍തൃത്വം പ്രസ്ഥാനത്തിന്റെ ചുമതലയാണ്. വിദ്യാര്‍ഥി, ബാല സംഘങ്ങള്‍ക്കാണ് സര്‍വാര്‍ഥത്തിലുള്ള ഈ സംരക്ഷണം ആവശ്യമുണ്ടാകുക. വിദ്യാര്‍ഥി-യുവ വിഭാഗങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ സംഘടനാപരമായ ചുമതല ബഹുജനപ്രസ്ഥാനങ്ങള്‍ മുന്‍ഗണനയില്‍ തന്നെ ഏറ്റെടുക്കുകയും നിര്‍വഹിക്കുകയും ചെയ്യുന്ന രീതി മുസ്‌ലിം ജമാഅത്തും സ്വീകരിക്കണം. ചുരുക്കത്തില്‍, സമസ്തയുടെ ആദര്‍ശത്തെ ആധാരമാക്കി വ്യത്യസ്ത വിഭാഗങ്ങളെയും മണ്ഡലങ്ങളെയും കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്ന സംഘങ്ങള്‍, സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍ എന്നിവയെല്ലാം പ്രസ്ഥാനം എന്ന ബഹുജന സംഘ സംവിധാനത്തിലേക്കു കേന്ദ്രീകൃതമാവുകയും എന്നാല്‍ കര്‍മ രംഗങ്ങളില്‍ വികേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്ന ഉള്‍പാര്‍ട്ടി ഭദ്രത മുസ്‌ലിം ജമാഅത്ത് കൈവരിക്കണം. ആദര്‍ശത്തിലും ചട്ടക്കൂടിലും കേന്ദ്രീകരിക്കേ ആവിഷ്‌കാരത്തില്‍ സ്വതന്ത്രവുമാകണം പോഷക ഘടകങ്ങളുടെ സഞ്ചാരരീതി.
പ്രസ്ഥാനത്തിനകത്ത് ഇനിയും പോഷക ഘടകങ്ങള്‍ സംഘടിപ്പിക്കപ്പെടണം. ഇന്റലക്ച്വല്‍ ഫോറം ഇതില്‍ പ്രധാനമാണ്. എഴുത്തുകാരും ചിന്തകന്‍മാരും അക്കാദമിക് രംഗത്തുള്ളവരും ഗവേഷകരുമെല്ലാം ചേരുന്ന കൂട്ടായ്മ സംസ്ഥാന, ജില്ലാ തലത്തിലെങ്കിലും രൂപപ്പെടേണ്ടതുണ്ട്. വിദ്യാര്‍ഥി, യുവജന, മുഅല്ലിം സംഘടനകള്‍ക്കു പ്രത്യേകവും മുസ്‌ലിം ജമാഅത്തിനു പൊതുവേയും ഈ രംഗത്ത് സംഘാടന സാധ്യതയേറെയുണ്ട്. മാനേജ്‌മെന്റ്, മുഅല്ലിം, സര്‍വീസ് സംഘങ്ങളും അതതു രംഗത്തെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ കൂടുതല്‍ വ്യക്തതയോടെ പ്രവര്‍ത്തിക്കണം.
പ്രവാസലോകത്ത് ബഹുജന, യുവജന കൂട്ടായ്മകള്‍ക്കാണ് പ്രവര്‍ത്തന മണ്ഡലം സൃഷ്ടിക്കാനാവുക. മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിലാണ് വിദേശരാജ്യങ്ങളില്‍ ബഹുജന സംഘടനാ പ്രവര്‍ത്തനം ശക്തിയാര്‍ജിക്കേണ്ടത്. പ്രവാസി യുവതക്ക് ഭാവിയിലേക്ക് പ്രതീക്ഷ നല്‍കി കൂട്ടായ്മയൊരുക്കാന്‍ യുവജനപ്രസ്ഥാനത്തിനും സാധിക്കേണ്ടതുണ്ട്. പ്രവാസി വിദ്യാര്‍ഥികള്‍ക്കിടയിലും യുവജനസംഘത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമുണ്ടാകണം.
അതേസമയം, വര്‍ഗ സംഘടനകള്‍ക്കുമപ്പുറം മുസ്‌ലിം ജനസാമാന്യത്തെ നേരിട്ടു ഉള്‍കൊള്ളാനും സംബോധന ചെയ്യാനുമുള്ള ബാധ്യത സ്വമേധയാ മുസ്‌ലിം ജമാഅത്തില്‍ വന്നു ചേരുന്നുണ്ട്. നിലവിലെ സംഘടനാ സംവിധാനങ്ങളില്‍ തന്നെ വേണ്ടത്ര ചേര്‍ച്ച ലഭിക്കാത്തവരും സംഘടനാവത്കൃത ഇസ്‌ലാമിക പ്രവര്‍ത്തനത്തോട് അകലം പ്രാപിക്കുന്നവരുമായ ആദര്‍ശബോധ്യമുള്ള വിശ്വാസികളും പ്രാദേശിക മഹല്ല്, മസ്ജിദ്, മദ്‌റസ, ദീനീ സംരംഭങ്ങളുമായി ഒട്ടിനിന്ന് ജീവിതം നയിക്കുന്നവരുമായ സമൂഹം മുസ്‌ലിം ജമാത്തില്‍ ചേര്‍ന്നു നില്‍ക്കേണ്ടതുണ്ട്. ഈയര്‍ഥത്തില്‍ മുസ്‌ലിം ജമാഅത്ത് എന്ന പേരുപോലും അര്‍ഥവത്തായ തിരഞ്ഞെടുപ്പായി തോന്നുന്നു.

യുവജനസംഘം
മുസ്‌ലിം ജമാഅത്തിന്റെ ആവിര്‍ഭാവത്തോടെ സുന്നി പ്രസ്ഥാനത്തില്‍ സംഭവിക്കുന്ന പുനക്രമീകരണങ്ങള്‍ക്കായി സംഘടനാ പ്രവര്‍ത്തകര്‍ താത്പര്യപൂര്‍വം കാത്തിരിക്കുന്നുണ്ട്. എസ് വൈ എസിന്റെ സംഘടനാ ഉള്ളടക്കം അഥവാ പ്രായഘടനയിലും കര്‍മപദ്ധതികളിലും ശരിയായ ഒരു യുവജനസംഘടനയായി എസ് വൈ എസ് രൂപപ്പെടുമോ എന്നതിലാണ് ഇവരുടെ ശ്രദ്ധ. എസ് എസ് എഫ് നേതൃരംഗത്ത് പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ വലിയൊരു സംഘവും എസ് എസ് എഫില്‍ ഇപ്പോഴും തുടരേണ്ടി വരുന്ന യുവജനങ്ങളും അണിനിരക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്ന ഒരു തുടിക്കുന്ന യുവജനസംഘടനയുടെ സാന്നിധ്യമാണ് കേരള സുന്നി മുസ്‌ലിം പരിസരത്തുനിന്നും ഇനി ഉണ്ടാകേണ്ടത്. അംഗത്വ പ്രായം പരമാവധി നാല്‍പതിലും നിര്‍ബന്ധിത ഘട്ടത്തില്‍ സംസ്ഥാന, ജില്ലാ ഭാരവാഹിത്തം പോലുള്ള ചുമതകളില്‍ വരുന്നവര്‍ക്ക് നാലോ അഞ്ചോ വര്‍ഷത്തെ ഇളവിനുമപ്പുറം കല്‍പിക്കുന്ന ഉദാരതകള്‍ പോലും ഒരേ സമയം ബഹുജനപ്രസ്ഥാനത്തിന്റെ വര്‍ധിത സാധ്യതകളെയും യുവജനസംഘടനയുടെ ചടുലതയെയും റദ്ദ് ചെയ്യും.
2005നു ശേഷം എസ് വൈ എസില്‍ ഉണ്ടായ മാറ്റം ഇതിനോടു ചേര്‍ത്തു വായിക്കണം. ഒരു യുവജന പ്രസ്ഥാനത്തിനു ചേര്‍ന്ന കര്‍മ നൈരന്തര്യങ്ങളും പദ്ധതികളും ആവിഷ്‌കരിക്കപ്പെട്ടപ്പോള്‍ കൂടുതല്‍ ചെറുപ്പക്കാര്‍, പ്രത്യേകിച്ച് എസ് എസ് എഫില്‍ പ്രവര്‍ത്തിച്ചു വന്ന അഭ്യസസ്ഥവിദ്യര്‍ എസ് വൈ എസില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കാലം കഴിഞ്ഞും (തൊഴില്‍ സമയത്തും) എസ് എസ് എഫില്‍ തുടരുകയോ ഇടം വ്യക്തമാകാതെ നിഷ്‌ക്രിയത്വം ബാധിക്കുകയോ ചെയ്ത സമൂഹമാണ് എസ് വൈ എസിന്റെ ‘സാന്ത്വനം’ പോലുള്ള നവ ആവിഷ്‌കാരങ്ങളില്‍ ആകൃഷ്ടരായത്. ഈ സാഹചര്യം എസ് എസ് എഫിന്റെ സ്‌പെയ്‌സ് സംബന്ധിച്ചും ആലോചനകള്‍ക്ക് അവസരം സൃഷ്ടിച്ചിട്ടുണ്ട്.
‘യൗവനം നാടിനെ നിര്‍മിക്കുന്നു’ പോലുള്ള സാമൂഹികവും സാംസ്‌കാരികവുമായ പ്രമേയങ്ങളെ മുന്നോട്ടു വെച്ച് കേരളീയ ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിന്റെ സാംസ്‌കാരിക സന്ദേശത്തെ വിളംബരം ചെയ്യുകയും മനുഷ്യരുടെ ആവശ്യങ്ങള്‍ക്കൊപ്പം നിന്ന് സമരം ചെയ്യാനുമുള്ള മുസ്‌ലിം യുവതയെ കക്ഷിരാഷ്ട്രീയ രഹിതമായി സംഘടിപ്പിക്കാന്‍ ഈ സംഘത്തിനു സാധിച്ചേക്കും. ഒപ്പം വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ തണലും കരുത്തുമാകുകകൂടി യുവജന വിഭാഗത്തിന്റെ ദൗത്യമായിരിക്കണം.

വിദ്യാര്‍ഥി സംഘടന
പ്രസ്ഥാന നാള്‍വഴികളില്‍ വിവിധ ദൗത്യങ്ങള്‍ എസ് എസ് എഫ് നിര്‍വഹിച്ചതായി കാണാം. ചിലപ്പോള്‍ പ്രസ്ഥാനത്തിലെ മുഖ്യ സംഘവും ശക്തിയുമായി നിലകൊണ്ടിട്ടുണ്ട്. അജണ്ടകളാല്‍ ശാക്തീകരിക്കപ്പെട്ട എസ് വൈ എസ് കാലത്ത് എസ് എസ് എഫിന് സമ്പൂര്‍ണ വിദ്യാര്‍ഥി പ്രസ്ഥാനമായി മാറാം. അല്ലെങ്കില്‍ അങ്ങിനെ മാറുകയാണ് ശരി. ഈ മാറ്റം എസ് എസ് എഫില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ഗ്രാമങ്ങളില്‍, ഭൂതകാലങ്ങളില്‍നിന്നു മാറി എസ് എസ് എഫ് വിദ്യാര്‍ഥിവത്കരണത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ എസ് എസ് എഫിന്റെ നേതൃതലം മാറ്റത്തിനു വിധേയമായില്ലെന്നു മാത്രമല്ല, എസ് വൈ എസില്‍ യുവജനവത്കരണം സംഭവിക്കാത്തതു കൊണ്ടാകണം, പോകെപ്പോകെ എസ് എസ് എഫ് നേതൃത്വത്തിനു പ്രായം കൂടി വരികയും ചെയ്തിട്ടുണ്ട്. സംഘടനയുടെ അജണ്ടാ നിര്‍മിതികളിലും വിദ്യാര്‍ഥിപ്രസ്ഥാനം എന്നതിനേക്കാള്‍ ഒരു യുവജനപ്രസ്ഥാനത്തിന്റെ സ്വഭാവം സ്വാധീനിക്കപ്പെടുന്നു എന്ന വിര്‍ശം സംഘടന പോസറ്റീവായി ഉള്‍കൊള്ളണം.
പ്രസ്ഥാനത്തിന്റെ തണലിലും യുവജന സംഘടനയുടെ സംരക്ഷണത്തിലും വിദ്യാര്‍ഥികളാല്‍ നയിക്കപ്പെടുകയും വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കപ്പെടുകയും ചെയ്യുന്ന പ്രവര്‍ത്തനത്തിലൂടെയാണ് ഇനി എസ് എസ് എഫ് സമ്പൂര്‍ണമാകേണ്ടത്. ഭാവിയിലേക്ക് പ്രതീക്ഷയോടെ വളരുന്ന വിദ്യാര്‍ഥി സമൂഹത്തെ ഗ്രാമങ്ങളിലും കാമ്പസുകളിലും ഒരുപോലെ സൃഷ്ടിച്ചെടുക്കുകയും വിദ്യാഭ്യാസത്തിന്റെയും വിദ്യാര്‍ഥിത്വത്തിന്റെയും മൗലികവും ഭാവി നിര്‍ണയിക്കുന്നതുമായ ആശയങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്ത്, സ്വപ്നവും കാഴ്ചപ്പാടുമുള്ള ഒരു തലമുറക്കും പരിസരത്തിനുമായി പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മുസ്‌ലിം മതവിദ്യാര്‍ഥി സംഘടന. ഈയര്‍ഥത്തില്‍ എസ് എസ് എഫിന് കേരളത്തിലെ മുസ്‌ലിം വിദ്യാര്‍ഥി, വിദ്യാഭ്യാസ പരിസരത്ത് രചനാത്മകമായ തിരുത്തെഴുത്ത് നടത്താന്‍ കഴിയുമെന്നു വിശ്വസിക്കുന്നു. ഒരു വിദ്യാര്‍ഥി സംഘത്തിന് സ്വന്തം ഗ്രാമത്തില്‍ ചിലതു പ്രവര്‍ത്തിക്കാനുണ്ടെന്നു തെളിയിച്ച എസ് എസ് എഫ് ഇനിയും ഗ്രാമങ്ങളില്‍ ജ്വലിച്ചു നില്‍ക്കേണ്ടതുണ്ട്. സംഘടന വിദ്യാര്‍ഥിത്വത്തിലേക്കും കൗമാരങ്ങളിലേക്കും കേന്ദ്രീകരിക്കുമ്പോള്‍ ഫലത്തില്‍ അത് യുവജനപ്രസ്ഥാനത്തിന്റെ സാധ്യതകളെ ബലപ്പെടുത്തുകയും ചെയ്യുന്നു.

പത്രം/പ്രസാധനം
എസ് വൈ എസ് സമ്മേളനത്തില്‍ എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ മറ്റൊരു ശ്രദ്ധേയമായ പ്രഖ്യാപനം ദേശീയ സ്വഭാവത്തില്‍ ദിനപത്രം ആരംഭിക്കും എന്നാണ്. സുന്നി പ്രസ്ഥാനത്തിന് നിലവില്‍ പത്രമുണ്ട്. എന്നാല്‍, ഓര്‍മയില്‍ ഒന്നര പതിറ്റാണ്ടിനിടെ സംഘ സമൂഹം കേന്ദ്രീകൃതമായി പത്ര പ്രചാരണം നടത്തിയിട്ടില്ല. ഗള്‍ഫിലുള്‍പെടെ എഡിഷനുകള്‍ വന്നുവെന്നതു മാത്രമാണ് ഉണ്ടായ പുരോഗതി. സ്ഥാപനങ്ങളും പ്രസിദ്ധീകരണങ്ങളും വിജയിപ്പിച്ചെടുത്ത പ്രസ്ഥാനത്തിന്, ശ്രദ്ധിക്കപ്പെടുന്ന ഒരു പത്രം അസാധ്യമല്ല. ബഹുജനപ്രസ്ഥാനത്തിന്റെ മുന്‍ഗണനാ പട്ടികകയില്‍ വരുമെന്നു പ്രതീക്ഷിക്കാവുന്ന പത്ര സംരംഭവും കേരള മുസ്‌ലിം ഇടപെടലിന്റെ ഉത്പന്നമായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
ആനുകാലിക പ്രസിദ്ധീകരങ്ങളുടെയും പുസ്തക പ്രസാധനങ്ങളുടെയും ഇടവും രീതിയും പ്രസ്ഥാനം ഗൗരവമായ ആലോചനകള്‍ക്കു വിധേയമാക്കി തീര്‍ച്ചപ്പെടുത്തേണ്ടതുണ്ട്. പൊതുവാകാനും സാംസ്‌കാരികവും സാമൂഹികവുമാകാനുള്ള മാത്സര്യങ്ങള്‍ക്കപ്പുറം പ്രസിദ്ധീകരണങ്ങള്‍ പ്രസ്ഥാനത്തില്‍ നിന്നുള്ള ആശയ പ്രബോധനത്തിന്റെ, സംവേദനത്തിന്റെ രീതിയും ദൗത്യവും നിര്‍ണയിക്കുകയും ഏറ്റെടുക്കുകയും വേണം. രിസാല രചിച്ചെടുത്ത ഇടം ഒരു ധൈഷണിക യുവത്വത്തിന്റെ സംബോധനരൂപമാണ്. അതുകൊണ്ടു തന്നെ ഈ പത്രം യുവജനപ്രസ്ഥാനത്തോടാണ് കൂടുതല്‍ ചേരുക. വിദ്യാര്‍ഥിത്വവും വിദ്യാഭ്യാസവും രിസാലയോളം നൈരന്തര്യമില്ലാതെ പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നതിന് വിദ്യാലയ പരിസരത്തോട് ചേര്‍ന്ന പീരിയോഡിക്കല്‍ വേണം. ഇസ്‌ലാം പഠനത്തിന് ആശ്രയിക്കാവുന്ന ഉള്ളടക്കം സുന്നിവോയ്‌സ് ഉറപ്പു വരുത്തണം. പ്രവാസലോകത്ത് പുറത്തിറങ്ങുന്ന പ്രസിദ്ധീകരണങ്ങള്‍ക്കും അനുവാചക സമൂഹത്തെ വേറിട്ടു സമീപിക്കാന്‍ കഴിയണം.
പുസ്തക പ്രസാധനങ്ങള്‍ പുറത്തുനിന്ന് നിരീക്ഷിക്കുന്നവര്‍ക്കു പോലും മാത്സര്യത്തെ തോന്നിപ്പിക്കുന്നു. എല്ലാ വിഭാഗം കാഴ്ചകളെയും വിചാരധാരകളെയും പരിഗണിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്ന തീര്‍പ്പുകളുടെ അടിസ്ഥാനത്തില്‍ പ്രസാധനരംഗം ഏകോപിപ്പിക്കുകയോ പരസ്പര ധാരണയില്‍ നിശ്ചയിക്കപ്പെടുകയോ ചെയ്യുന്നത് ഒരു പ്രസ്ഥാനത്തിന്റെ ധൈഷണിക ഭദ്രതയെക്കൂടി അടയാളപ്പെടുത്തും.
ചുരുക്കത്തില്‍; സമൂഹത്തില്‍ ആശയസ്വാധീനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന ഏതൊരു പ്രസ്ഥാനത്തിനും കാലത്തിനൊത്തും സമൂഹത്തിന്റെ മനസ്സു വായിച്ചും പരിസരം പഠിച്ചും നവീകരണങ്ങള്‍ക്കു വിധേയമാകേണ്ടി വരും. കാലോചിതമായി ഉള്ളടക്കം നവീകരിക്കാന്‍ വിസമ്മതിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് സംവേദനം എളുപ്പമാകില്ല. വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോലും ഡല്‍ഹിയിലെ ആംആദ്മിയോടു മത്സരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലത്ത്, മാറ്റത്തിനു വിധേയമാകുക തന്നെയാണ് ഏതു പ്രസ്ഥാനത്തിന്റെയും മുന്നിലുള്ള വഴി. വിശ്വാസവും ആദര്‍ശവും അചഞ്ചലമായി നില നിര്‍ത്താന്‍ ആത്മബലമുള്ള ഒരു സമൂഹം, ഫ്രെയിം പുതുക്കുമ്പോള്‍ അതിന് കൂടുതല്‍ തുടിപ്പും തിളക്കവും ഉണ്ടാകുമെന്നുറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here