ഇസ്തിഗാസ – ശരിയും തെറ്റും (സീസണ്‍ 2 )

0
1585

ഇസ്തിഗാസ (മഹാന്മാരോടുള്ള സഹായ തേട്ടം), ലോകത്ത്, പ്രത്യേകിച്ച് മുസ്ലിം കേരളത്തില്‍ എന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണു. അല്ലാഹു മാത്രമാണു സഹായി എന്ന നിലക്ക് അവനോട് മാത്രമേ പ്രാര്ത്ഥിക്കാവൂ എന്ന ഇസ്ലാമിക വിശ്വാസത്തിന് ഇസ്തിഗാസ എതിരല്ല എന്നും എതിരാണു എന്നുമുള്ള രണ്ട് വാദങ്ങളാണു ഇസ്തിഗാസ ചര്‍ച്ചകളില്‍ പ്രധാനമായും ഉന്നയിക്കപ്പെടാറുള്ളത്. പ്രസ്തുത വിഷയത്തില്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുംബ് ഈ ലേഖകന്‍ പ്രസിദ്ധീകരിച്ച ഒരു ഇമെയില്‍ പരംബര, ഒരു മുജാഹിദ് നേതാവുമായി നടത്തിയ ഇ-മെയില്‍ സംവാദം ഓണ്‍ലൈന്‍ ഫോറങ്ങളിലും ചര്‍ച്ചാ ഗ്രുപ്പുകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരേയേറെ പേര്‍ക്ക് ഉപകാരപ്പെട്ട ആ എഴുത്തുകള്‍ പുതിയ പശ്ചാത്തലത്തില്‍ പുന:പ്രസിദ്ധീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകത നിരന്തരമായി ചില സുഹുര്‍ത്തുക്കളും ഗുണകാംഷികളും ഊന്നിപ്പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആനുകാലിക വിഷയങ്ങളുടെ കേരളീയ പശ്ചാത്തലത്തില്‍ അവ പുന പ്രസിദ്ധീകരിക്കുകയാണിവിടെ.

‘ഇസ്തിഗാസ‘ അനുവദനീയമാണെന്ന് യുക്തി ബദ്രമായും പ്രാമാണികമായും തെളിയിക്കുന്നതോടൊപ്പം ‘ഇസ്തിഗാസ’ ശിര്‍ക്കാണ് എന്ന് പ്രചരിപ്പിക്കുന്ന വഹാബി, ജമാ‍അത്ത് ഇസ്ലാമി പോലുള്ള അവാന്തര വിഭാഗങ്ങളുടെ നിലപാടുകള്‍ക്ക് യാതൊരു പിന്‍ബലവുമില്ലെന്ന് വായനക്കാരെ തെര്യപ്പെടുത്തുകയായിരുന്നു ‘ഇസ്തിഗാസ – ശരിയും തെറ്റും’ എന്ന വര്‍ഷങ്ങള്‍ നീണ്ടു നിന്ന പരംബര ചെയ്തത്. പൊതുവെ ഖുര്‍ആനും ഹദീസുകളും പണ്ടിതന്മാരുടെ ഉദ്ധരണികളും വിശദീകരിക്കപ്പെടുംബോള്‍ മനസ്സിലാക്കാനും ഉള്‍കൊള്ളാനും സങ്കീര്‍ണ്ണമായി സാധാരണക്കാര്‍ക്ക് അനുഭവപ്പെടാറുള്ള ‘ഇസ്തിഗാസ’ ലളിതമായി ബുദ്ധിപരമായി സമര്‍ത്ഥിക്കപ്പെടാന്‍ കഴിഞ്ഞുവെന്നതാണു ആ പരംബരയുടെ വിജയം. അതുനു ശേഷം ജിന്നിലും പിശാചിലും തട്ടിത്തിരിഞ്ഞ് എട്ടില്‍ പൊട്ടിയ മുജാഹിദുകളുടെയും സ്വന്തം നിലപടുകള്‍ ക്രമീകരിക്കാന്‍ പാടുപെടുന്ന ജമാ‍അതുകാരുടെയും പുതിയ കേരളീയ പ്ശ്ചാതലം ഈ വിഷയത്തെ കൂടുതല്‍ ലളിതമായും ഫലപ്രദമായും അവതരിപ്പിക്കാന്‍ സഹായകമാവുമെന്നത് ഈ രണ്ടാം ഭാഗത്തെ കൂടുതല്‍ ജനപ്രിയമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ഇസ്ലാമിക പ്രബോധനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്നു തന്ന, ഇസ്ലാംസൈറ്റ് (Islamsight.org) കൂടുതല്‍ ഫലപ്രദമായി ഈ പരംബര കൈകാര്യം ചെയ്യാന്‍ പതിജ്ഞാ ബദ്ധമായിരിക്കും. വായനക്കാരില്‍ വിഷയം പഠിച്ചവരും പഠിക്കുന്നവരും, ഉന്നയിക്കപ്പെടുന്ന വാദങ്ങളെ സമ്മതിക്കുന്നവരും വിസമ്മതിക്കുന്നവരുമുണ്ടാകും. ആരോഗ്യകരമായ ചര്‍ച്ചകളെ ഞങ്ങള്‍ എന്നും സ്വാഗതം ചെയ്യുന്നുണ്ട്. ഇസ്തിഗാസാ വിരുദ്ധ ചേരികളിലെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഞങ്ങളുറെ വാദങ്ങളെ ഖണ്ടിക്കാനും ചോദ്യം ചെയ്യാനും തുറന്ന അവസരങ്ങളുണ്ടാകും. വ്യക്തിഹത്യയും തെറിവിളികളുമില്ലാത്ത നല്ല പ്രതികരണങ്ങളെ നല്ല മനസ്സോടെ സ്വീകരിക്കുകയും തുറന്ന ചര്‍ച്ചകള്‍ക്ക് അവസരങ്ങളുണ്ടാക്കുകയും ചെയ്യും.

ഒന്നാം സീസണിലെ പരംബര തികച്ചും ഇ-മെയില്‍ സ്വഭാവത്തിലായിരുന്നു. മെയിലുകള്‍ക്ക് മുജാഹിദ് വിഭാഗം നല്‍കുന്ന മറുപടിയെ കീറി മുറിച്ച് അവരുടെ ആശയപ്പാപ്പരത്തം തുറന്നു കാട്ടി തെളിവുകളുടെ പിന്‍ബലത്തില്‍ ഇസ്ലാമിക ആദര്‍ശം സമര്‍ത്ഥിക്കുകയായിരുന്നു. അതേ സ്വഭാവം തന്നെയാണി ഈ സീസണ്‍2 വിലും ഞങ്ങള്‍ സ്വീകരിക്കുന്നത്. ഒന്നാം സീസണിലെ മുജാഹിദ് മറുപടികളിലെ തെറ്റുകളും വൈരുദ്ധ്യങ്ങളും ഹൈലൈറ്റ് ചെയ്ത് ശരി വരച്ചുകാട്ടുന്നതോടൊപ്പം പുതുതായി ലഭിക്കുന്ന ഖണ്ടനങ്ങള്‍ക്കുള്ള മറുപടിയും പ്രത്യേകിച്ച് വഹാബി പ്രസ്ഥാനം ഇന്നെത്തപ്പെട്ടിരിക്കുന്ന ദയനീയത വെളിപ്പെടുത്തുകയുമാണു സീസണ്‍ 2 ലക്ഷ്യമിടുന്നത്. മറുപടികളും അഭിപ്രായങ്ങളും ഈ ബ്ലോഗിലൂടെയും മെയിലുകളിലൂടെയും അറിയിക്കാവുന്നതാണു.

എന്താണു ഇസ്തിഗാസ?

‘ഇസ്തിഗാസ’ നമുക്കേറെ സുപരിചിതമായ പദമാണു. എന്നാല്‍ ഈ പദത്തിന്‍റെ അര്‍ത്ഥവും നിര്‍വ്വചനവും ശരിയായ രീതിയില്‍ മനസ്സിലാക്കിയവര്‍ വളരെ കുറവായിരിക്കും. ‘ഇസ്തിഗാസ‘ ശിര്‍ക്കാണെന്നു ചിലര്‍. അതല്ല, തൌഹീദ് തന്നെയെന്ന് മറ്റു ചിലര്‍. സം‌വാദങ്ങളിലും മുഖാമുഖങ്ങളിലും നാമിത് ഒരുപാട് തവണ കേട്ടിരിക്കുന്നുവെങ്കിലും ഓരോ തവണ കേള്‍ക്കുംബോഴും ഈ പദം കൂടുതല്‍ സങ്കീര്‍ണമായി അനുഭവപ്പെടുന്നവരുണ്ട്. ഖുര്‍-ആനും ഹദീസും മറ്റ് പ്രമാണങ്ങളും വിശദീകരിക്കുംബോള്‍ സാധാരണക്കാര്‍ക്ക് ഇത് സങ്കീര്‍ണ്ണമായി തോന്നിയേക്കും. എന്നാല്‍, സാമാന്യ ബുദ്ധിയില്‍ നമുക്കിത് മനസ്സിലാക്കാന്‍ പറ്റുമോ? തീര്‍ച്ചയായും പറ്റും. ആ വഴിക്കുള്ള ചെറിയൊരു വിവരണമാണിത്.

എന്താണു ഇസ്തിഗാസ? അത് ശിര്‍ക്കാണോ തൌഹീദാണോ?

അര്‍ത്ഥം : സഹായം തേടല്‍ – ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ മഹാന്മാരോട്, അവര്‍ക്ക് അല്ലാഹു നല്‍കിയ കഴിവില്‍ നിന്ന് സഹായം ലഭിക്കുമെന്ന വിശ്വാസത്തോടെ സഹായം ചോദിക്കല്‍. ‘ഇസ്തിഗാസ’ എന്നാല്‍ അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കല്‍ എന്നാണെന്ന് ചില സഹോദരങ്ങള്‍ ധരിച്ചു വശായിട്ടുണ്ട്. അതു തികച്ചും തെറ്റാണു.

ഇസ്തിഗാസ് ശിര്‍ക്കാ(അല്ലാഹുവില്‍ പങ്ക് ചേര്‍ക്കലാ)ണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. അക്കൂട്ടരില്‍ ഏറ്റവും മുന്‍പന്തിയിലുള്ളവരാണു മുജാഹിദുകള്‍. എന്നാല്‍ ‘ഇസ്തിഗാസ’ ഒരു തരത്തിലും ശിര്‍ക്കിന്‍റെ പരിധിയില്‍ വരുന്നില്ലെന്നും അത് സമ്പൂര്‍ണ്ണ തൌഹീദ് തന്നെയാണെന്നും സുന്നികള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ചെറിയ ഉദാഹരണങ്ങളിലൂടെ നമുക്കിത് പരിശോധിക്കാം.

‘നിന്നെ മാത്രം നാം ആരാധിക്കുന്നു, നിന്നോട് മാത്രം നാം സഹായം തേടുന്നു’ വെന്ന് ഫാതിഹ സൂറതിലൂടെ അടിവരയിട്ട് വിശ്വസിക്കുന്നവരാണു ലോക മുസ്ലിമുകള്‍. എങ്കില്‍ സുന്നികളും മുജാഹിദുകളും ഈ സഹായാര്‍ത്ഥനയില്‍ വ്യത്യാസപ്പെടുന്നതെങ്ങിനെ?

‘സഹായം’ എന്ന പദത്തെ/പ്രക്രിയയെ ഭൌതികമെന്നും അഭൌതികമെന്നും രണ്ടായി തരം തിരിച്ചിരിക്കുകയാണു മുജാഹിദുകള്‍. മനുഷ്യകഴിവില്‍ പെട്ട സഹായങ്ങളെ ഭൌതിക സഹായങ്ങള്‍ എന്നും മനുഷ്യ കഴിവിന്നതീതമായ സഹായങ്ങളെ അഭൌതികസഹായങ്ങള്‍ എന്നും അവര്‍ വിശദീകരിക്കുന്നു. അതനുസരിച്ച്, രോഗം മാറ്റാന്‍ ഡോക്ടറെ സമീപിച്ച് സഹായം ചോദിക്കുന്നത് പോലെയുള്ള സഹായാര്‍ത്ഥനകള്‍ അല്ലാഹു അല്ലാത്തവരോട് ചോദിക്കാമെന്നും അഭൌതികമായ സഹായാര്‍ത്ഥനകള്‍ അല്ലാഹു അല്ലാത്തവരോട് ചോദിക്കുന്നത് ശിര്‍ക്കാണെന്നും അവര്‍ പറയുന്നു. അങ്ങിനെയാണെങ്കില്‍ ഫാതിഹ സൂറതിലെ ‘ഇയ്യാക…’ എന്നു തുടങ്ങുന്ന ആയതിന്‍റെ അര്‍ത്ഥം ‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍അഭൌതിക സഹായം തേടുന്നു’ എന്ന് പറയേണ്ടി വരുമല്ലോ എന്നു നിങ്ങള്‍ സംശയിച്ചേക്കും. അതവിടെയിരിക്കട്ടെ.

എന്നാല്‍ സുന്നികളുടെ വിശ്വാസം വളരെ വ്യക്തമാണു. ഭൌതികമായാലും അഭൌതികമായാലും മുഴുവന്‍ സഹായങ്ങളും അല്ലാഹുവിനോട് മാത്രമേ ചോദിക്കാവൂ എന്ന് സുന്നികള്‍ പറയുന്നു. പക്ഷെ, ആ സഹായങ്ങള്‍ ലഭിക്കാനുള്ള കാരണങ്ങളെ നാം സമീപിക്കുംബോഴുള്ള വിശ്വാസമാണു പ്രധാനം.

ഉദാ. : ഒരു മുസ്ലിം രോഗം മാറിക്കിട്ടാന്‍ ഒരു ഡോക്ടറെ സമീപിക്കുന്നു. രോഗം സുഖപ്പെടുത്താന്‍ ഡോക്ടറോട് സഹായം ചോദിക്കുംബോള്‍ ഡോക്ടര്‍ക്ക് സ്വന്തമായി ഒരു കഴിവുമെല്ലെന്നും അല്ലാഹു നല്‍കിയ കഴിവില്‍ നിന്നാണു അദ്ദേഹം രോഗം മാറ്റുന്നതെന്നും ആ മുസ്ലിം വിശ്വസിക്കുന്നു. ഫലത്തില്‍ സഹായം ലഭിക്കുന്നത് അല്ലാഹുവില്‍ നിന്നാണു. ഇത് തൌഹീദാണെന്നു സുന്നികള്‍ പറയുന്നു.

വേറൊരാള്‍ ഡോക്ടറുടെ അടുത്ത് പോയി രോഗം മാറ്റാന്‍ സഹായം ചോദിക്കുന്നു. അയാള്‍ വിശ്വസിക്കുന്നത്, ഡോക്ടര്‍ക്ക് അല്ലാഹു കൊടുക്കാത്ത സ്വന്തമായി കഴിവുകളുണ്ട് എന്നാണെങ്കില്‍ ആ സഹായാര്‍ത്ഥന ശിര്‍ക്കാണെന്നും സുന്നികള്‍ പറയുന്നു. എന്നാല്‍ ഭൌതികമായ ഈ സഹായാര്‍ത്ഥന ഒരു തരത്തിലും ശിര്‍ക്കാവില്ലെന്നാണു മുജാഹിദ് വിശ്വാസ പ്രകാരം മനസ്സിലാക്കേണ്ടത്.

ഇതേ അവസ്ഥയാണു, അഭൌതികമായ സഹായാര്‍ത്ഥനയിലും സുന്നികള്‍ തുടരുന്നത്. അന്ബിയാക്കള്‍, ഔലിയാക്കള്‍ പോലുള്ള മഹാന്മാരോട് അല്ലാഹു അവര്‍ക്ക് നല്‍കിയ മു-ഉജിസത്, കറാമത്തുകള്‍ കൊണ്ട് സഹായിക്കുമെന്ന വിശ്വാസത്തോടെ അവരോട് സഹായം ചോദിക്കല്‍ തൌഹീദാണെന്ന് സുന്നികള്‍ പറയുന്നു.

ഉദാ. : ബദ്-രീങ്ങളെ രക്ഷിക്കണേ എന്നൊരു മുസ്ലിം സഹായാര്‍ത്ഥന നടത്തുംബോള്‍ ആ മുസ്ലിമിന്‍റെ വിശ്വാസം ബദ്-രീങ്ങള്‍ക്കു സ്വന്തമായി ഒരു കഴിവുമില്ലെന്നും അല്ലാഹു നല്‍കിയ കഴിവില്‍ നിന്നും അവര്‍ സഹായിക്കുമെന്നുമാണു. ഫലത്തില്‍ സഹായം ലഭിക്കുന്നത് അല്ലാഹുവില്‍ നിന്നാണു. ഈ നിലക്ക് ആ സഹായാര്‍ത്ഥന തൌഹീദാണെന്നതില്‍ സംശയമില്ല. മറിച്ച്, ബദ്-രീങ്ങള്‍ക്ക് അല്ലാഹു നല്‍കാത്ത സ്വന്തമായ കഴിവുകളുണ്ടെന്നു വിശ്വസിച്ച് സഹായാര്‍ത്ഥന നടത്തിയാല്‍ അത് ശിര്‍ക്കു തന്നെയാണു. അതുകൊണ്ട് തന്നെ ‘നിന്നോട് മാത്രം ഞങ്ങള്‍ സഹായം ചോദിക്കുന്നു’ വെന്നു സുന്നികള്‍ക്ക് ധൈര്യമായി പറയാനും വിശ്വസിക്കാനും കഴിയും.

ചുരുക്കത്തില്‍ ഭൌതികമായാലും അഭൌതികമായാലും സഹായാര്‍ത്ഥന തൌഹീദുമാകാം ശിര്‍ക്കുമാകാം എന്നു സുന്നികള്‍ വിശ്വസിക്കുന്നു. എന്നാല്‍, ഭൌതികമായ സഹായാര്‍ത്ഥന ഒരു തരത്തിലും ശിര്‍ക്കാകില്ലെന്നിടത്താണു മുജാഹിദ് വിശ്വാസം. ആ നിലക്കു ശിര്‍ക്കിന്‍റെ വിഷയത്തില്‍ സുന്നികള്‍ മുജാഹിദിനെക്കാള്‍ എത്രയോ സൂക്ഷ്മത പാലിക്കുന്നുവെന്ന് നിസ്സംശയം മനസ്സിലായി.

ഇത്രയേ ഉള്ളൂ സംഭവ ബഹുലമായ ഇസ്തിഗാസ. ഇന്നു വരെ ഇസ്തിഗാസ ശിര്‍ക്കാണെന്ന് വിശ്വസിച്ചവര്‍ക്ക് ഒരു സംശയം ഉണ്ടായേക്കാം. എങ്കില്‍, അല്ലാഹു കൊടുത്ത കഴിവില്‍ നിന്ന് സഹായിക്കുമെന്ന വിശ്വാസത്തില്‍ അഭൌതികമായ സഹായാര്‍ത്ഥന നബി(സ) യോ സഹാബികളോ ചെയ്തിട്ടുണ്ടോ? ഉണ്ട്. ഒരു സഹാബി റസൂല്‍ (സ) യോട് ചോദിച്ചു. “നബിയേ… അങ്ങയോടുകൂടെയുള്ള സ്വര്‍ഗ്ഗത്തിലെ സഹവാസം ഞാന്‍ അങ്ങയോട് ചോദിക്കുന്നു.“. ചോദിച്ചത് അഭൌതികമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലല്ലോ. കാരണം, സ്വര്‍ഗം നകുകയെന്നത് മനുഷ്യകഴിവില്‍ പെട്ടതല്ല, അഭൌതികം തന്നെയാണു. സ്വര്‍ഗത്തിലെ നബി(സ)യോടുള്ള സഹവാസമാണു സ്വഹാബി ചോദിച്ചത്. അഭൌതിക സഹായം അല്ലാഹുവിനോടേ ചോദിക്കാവൂ എന്ന് റസൂല്‍(സ) പറഞ്ഞില്ല. മറിച്ച് നബി(സ) യുടെ മറുപടീയിതായിരുന്നു. “സുജൂദ് അധികരിപ്പിച്ച് താങ്കളെന്നെ സഹായിക്കണം”. അതായത്, താങ്കള്‍ നിസ്കാരം അധികരിപ്പിക്കണം, സ്വര്‍ഗത്തിലെ എന്നോടൊത്തുള്ള സഹവാസം ഞാന്‍ തരാം. സത്യത്തില്‍ സ്വഹാബിയുടെ വിശ്വാസം റസൂലിനു സ്വന്തമായി കഴിവുണ്ടെന്നല്ല, മറിച്ച് അല്ലാഹു നല്‍കിയ കഴിവില്‍ നിന്നു റസൂല്‍ സഹായിക്കുമെന്നായിരുന്നു.

മനസ്സിലായത് :
ഡോക്ടറായാലും ഔലിയാക്കളായാലും ശരി അല്ലാഹു കൊടുത്ത കഴിവില്‍ നിന്ന് സഹായിക്കുമെന്ന് വിശ്വസിക്കുക വഴി ശിര്‍ക്കിന്‍റെ എല്ലാ സാധ്യതകളും സുന്നികള്‍ ഇല്ലാതാക്കുന്നു. എന്നാല്‍ ഭൌതിക സഹായങ്ങള്‍ അല്ലാഹു അല്ലാത്തവരോട് ചോദിക്കാമെന്ന വിശ്വാസം വഴി ശിര്‍ക്കാകാനുള്ള സാധ്യതകള്‍ തുറക്കുകയാണു മുജാഹിദുകള്‍. സത്യത്തില്‍ ശിര്‍ക്കിനുള്ള സാധ്യതകള്‍ വരുന്നത് ‘ഇസ്തിഗാസ’ ശിര്‍ക്കണെന്ന് പ്രചരിപ്പിക്കുന്നവരുടെ പക്ഷത്ത് തന്നെയാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലായി. (തുടരും…)

അല്ലാഹു സത്യം സത്യമായി മനസ്സിലാക്കാന്‍ നമുക്കെല്ലാവര്‍ക്കും തൌഫീഖ് നല്‍കട്ടെ. ആമീന്‍.

 

ameenmaniyoor@yahoo.com
www.maniyoor.com

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here