ആണവ ധാരണക്ക് ശേഷം

അതത് രാജ്യങ്ങളുടെ പരമാധികാരത്തെപ്പോലും വകവെക്കാതെ എടുത്തു ചാടാറുള്ള അമേരിക്ക ഇത്തവണ അറച്ച് നില്‍ക്കുകയാണ്. അല്‍ഖാഇദയെക്കാള്‍ ഭീഷണിയായിരിക്കുന്നു ഇസിലെന്ന് അവര്‍ സമ്മതിക്കുന്നു. എങ്ങനെ നേരിടണമെന്ന് മനസ്സിലാകുന്നില്ലെന്ന് പറയേണ്ടി വരുന്നു. ഈ ഘട്ടത്തില്‍ ഇറാന്റെ സഹായം അനിവാര്യമാണ്. ഇസില്‍വിരുദ്ധ ദൗത്യത്തിന്റെ മുന്നണിയിലേക്ക് ഇറാനെ ഇറക്കുകയെന്ന വിശാല ലക്ഷ്യത്തിന്റെ ഭാഗമാണ് ആണവകരാറെന്ന് ചുരുക്കം.

1
2548

ഇറാന്‍ ആണവ വിഷയത്തില്‍ സാധ്യമായ അനുരഞ്ജന കരാറിനെച്ചൊല്ലിയുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍കൊണ്ട് ശബ്ദമലിനമാണ് ലോക രാഷ്ട്രീയം. അമേരിക്കയില്‍ കരാറിനെതിരെ കൂറ്റന്‍ പ്രകടനങ്ങള്‍ നടക്കുന്നു. ഇറാനെ ശക്തിപ്പെടുത്തുന്ന കരാറാണ് ഇതെന്നും അമേരിക്കന്‍ കോണ്‍ഗ്രസ് കരാറിന് അംഗീകാരം നല്‍കരുതെന്നും പ്രകടനക്കാര്‍ വാദിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരാണ് പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നതെങ്കിലും ഇസ്‌റാഈല്‍ അനുകൂലികളാണ് പങ്കെടുത്തത് മുഴുവന്‍. എന്നുവെച്ചാല്‍ ഇസ്‌റാഈല്‍ ലോബി ശക്തമായ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് തന്നെ. യു എസ് കോണ്‍ഗ്രസ് വിയന്ന ധാരണക്ക് പച്ചക്കൊടി കാണിച്ചില്ലെങ്കില്‍ ധാരണയുടെ ഒരു ഭാഗം നടപ്പാകാതെ പോകും. ഇറാനെതിരായ ഉപരോധം നീക്കുകയെന്നതാണ് ആ ഭാഗം. മറിച്ച് ഇറാന്റെ ആണവ പരിപാടി വെട്ടിക്കുറക്കുകയെന്നത് നടപ്പാകുകയും ചെയ്യും. ഇതാണ് ഇസ്‌റാഈലിന്റെ ലാക്ക്. മറ്റൊരു വശത്ത് ചില അറബ് രാജ്യങ്ങള്‍ക്കുമുണ്ട് അതൃപ്തി. അവരുടെയും പ്രശ്‌നം ഇറാന്‍ ശക്തിയാര്‍ജിക്കുമെന്നതാണ്. ഉപരോധം നീങ്ങിക്കിട്ടുന്ന ഇറാന്‍ എണ്ണ വിപണിയില്‍ സജീവമാകുമെന്നതും അവരെ അലോസരപ്പെടുത്തുന്നുണ്ടാകാം. അമേരിക്കന്‍ ഭരണകൂടത്തിലെ ജോണ്‍ കെറി അടക്കമുള്ള ഉന്നതന്മാര്‍ ശൈഖുമാരെ കാണുന്ന തിരക്കിലാണ്. കരാര്‍ ഇറാന് എതിരാണെന്ന് വാദിച്ചുറപ്പിക്കാനാണ് കെറിയും കൂട്ടരും ശ്രമിക്കുന്നത്. ഈ സംഘം ഇസ്‌റാഈലിലും പോകുന്നുണ്ട്. അവരുടെയും ആശങ്ക തണുപ്പിക്കണം. ഈ ധാരണ ഒരര്‍ഥത്തില്‍ ലോകത്തിനാകെ ആശ്വാസകരമാകുമ്പോഴും ചരിത്രപരമെന്നോ നയതന്ത്രത്തിന്റെ അത്യപൂര്‍വ വിജയമെന്നോ അതിനെ വിശേഷിപ്പിക്കാനാകുമെന്ന് തോന്നുന്നില്ല. നില്‍ക്കള്ളിയില്ലായ്മയില്‍ നിന്നും സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളില്‍ നിന്നും സാധ്യമായ നീക്കു പോക്ക് എന്നേ ഈ കരാറിനെ വിശേഷിപ്പിക്കാനാകുകയുള്ളൂ. ഒന്നാമത്തെ പ്രശ്‌നം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്ക് ഈ കരാര്‍ അനിവാര്യമായിരുന്നു എന്നത് തന്നെയാണ്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇറാന്‍ ആണവപ്രശ്‌നത്തിന് പരിഹാരം കാണുമെന്നത്. അദ്ദേഹം രണ്ടാമൂഴം പൂര്‍ത്തിയാക്കുമ്പോള്‍ വലിയ പ്രതിസന്ധിയിലാണ് വന്‍ ശക്തികള്‍. ഇസില്‍ സംഘം ഉയര്‍ത്തുന്ന വെല്ലുവിളി തന്നെയാണ് അത്. മുഴുവന്‍ രാജ്യങ്ങളിലും അവര്‍ വേരാഴ്ത്തുന്നുവെന്നത് ഒരു യാഥാര്‍ഥ്യമാണ്. പ്രത്യേകിച്ച് ലെവന്ത് മേഖലയില്‍. ഇറാഖില്‍ അബാദി സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. സിറിയയില്‍ ബശര്‍ അല്‍ അസദിന്റെ സ്ഥിതിയും അത് തന്നെ. സഊദിയില്‍ പോലും ഇസില്‍ സംഘം കടന്നുകയറുന്നു. ഇത്തരം സംഘങ്ങള്‍ക്കെതിരെ അതത് രാജ്യങ്ങളുടെ പരമാധികാരത്തെപ്പോലും വകവെക്കാതെ എടുത്തു ചാടാറുള്ള അമേരിക്ക ഇത്തവണ അറച്ച് നില്‍ക്കുകയാണ്. അല്‍ഖാഇദയെക്കാള്‍ ഭീഷണിയായിരിക്കുന്നു ഇസിലെന്ന് അവര്‍ സമ്മതിക്കുന്നു. എങ്ങനെ നേരിടണമെന്ന് മനസ്സിലാകുന്നില്ലെന്ന് പറയേണ്ടി വരുന്നു. ഈ ഘട്ടത്തില്‍ ഇറാന്റെ സഹായം അനിവാര്യമാണ്. ഇസില്‍വിരുദ്ധ ദൗത്യത്തിന്റെ മുന്നണിയിലേക്ക് ഇറാനെ ഇറക്കുകയെന്ന വിശാല ലക്ഷ്യത്തിന്റെ ഭാഗമാണ് ആണവകരാറെന്ന് ചുരുക്കം. ഇറാനെ ഇറക്കിയാല്‍ ഇസില്‍ പ്രതിസന്ധിക്ക് വംശീയ പരിവേഷം നല്‍കുന്നതില്‍ സാമ്രാജ്യത്വം പൂര്‍ണമായി വിജയിക്കും. അത് മുസ്‌ലിംകള്‍ക്കിടയിലെ ശാഖാപരമായ പ്രശ്‌നമായി ചുരുക്കിക്കെട്ടാനും സാധിക്കും. അതുകൊണ്ടാണ് ഈ ധാരണക്കെതിരെ യു എന്നില്‍ ആരെങ്കിലും വന്നാല്‍ വീറ്റോ ചെയ്യുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. സത്യത്തില്‍ ഇറാനുമേല്‍ എന്തിനായിരുന്നു ഉപരോധം അടിച്ചേല്‍പ്പിച്ചത്? 1979ല്‍ ഇറാനില്‍ നടന്ന ഇസ്‌ലാമിക് വിപ്ലവമെന്ന് വിളിക്കപ്പെടുന്ന ഭരണകൂട മാറ്റത്തിലാണ് അതിന്റെ വേരുകളുള്ളത്. പാശ്ചാത്യ പിന്തുണയുള്ള പഹ്‌ലവി ഭരണത്തിനാണ് വിപ്ലവം അന്ത്യം കുറിച്ചത്. മാത്രമല്ല, ഇറാനിലെ ഭരണ മാറ്റത്തില്‍ ഇസ്‌റാഈലിന് കടുത്ത അമര്‍ഷം ഉണ്ടായിരുന്നു. രാഷ്ട്രം സ്ഥാപനം മുതല്‍ ഗൂഢമായ നിലയില്‍ ഇസ്‌റാഈലിനെ പിന്തുണച്ച് വരുന്ന അമേരിക്ക ഇറാനെതിരെ തിരിഞ്ഞത് സ്വാഭാവികം. ഒരു കാലത്ത് സദ്ദാമിനെ ഉപയോഗിച്ച് ഇറാനെ പാഠം പഠിപ്പിക്കാന്‍ ശ്രമിച്ചു. 2002 മുതല്‍ ആണവ പരീക്ഷണത്തിന്റെ പേരിലായി ആക്രമണം. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തിരിച്ചും മറിച്ചും പരിശോധിച്ചിട്ട് തെളിവ് കണ്ടെത്താനാകാത്ത ആരോപണങ്ങള്‍ക്ക് പുറത്താണ് ക്രൂരമായ ഉപരോധങ്ങള്‍ ആ രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിച്ചത്. സ്വന്തം നീക്കിയിരിപ്പ് പണം പോലും ഉപയോഗിക്കാന്‍ സാധിക്കാത്ത സ്ഥിതി. വിരലിലെണ്ണാവുന്ന രാജ്യങ്ങളിലേക്ക് മാത്രമായി ചുരുങ്ങിപ്പോയി അതിന്റെ വ്യാപര ബന്ധം. എണ്ണ, പ്രകൃതി വാതക സമ്പത്ത് ഫലപ്രദമായി ഉപയോഗിക്കാനാകാത്ത സ്ഥിതി വന്നു. ആഭ്യന്തര പ്രതിസന്ധികള്‍ക്കിടയിലും ഇസ്‌റാഈലിനെയും അതുവഴി നവ സാമ്രാജ്യത്വത്തെയും തുറന്നു കാണിക്കുന്നതില്‍ ഇറാന്‍ ധൈര്യം കാണിച്ചു. 2003 മുതല്‍ ഇറാന്‍ ആണവ സമ്പുഷ്ടീകരണം നടത്തുന്നുണ്ടെന്നാണ് പാശ്ചാത്യ ശക്തികള്‍ ആരോപിക്കുന്നത്. ഈ സമ്പുഷ്ടീകരണ പ്രക്രിയകള്‍ സൈനിക ആവശ്യത്തിനുള്ളതാണെന്ന് അവര്‍ തീര്‍പ്പ് കല്‍പ്പിച്ചു. ഇസ്‌റാഈല്‍ അന്താരാഷ്ട്ര വേദികളിലും അമേരിക്കയിലും നടത്തിയ പ്രചണ്ഡ പ്രചാരണങ്ങള്‍ കൂടിയായപ്പോള്‍ തലങ്ങും വിലങ്ങും ഉപരോധങ്ങള്‍ വന്നു. ലോകത്താകെ ഈ ഉപരോധത്തെ അവഗണിച്ച് ഇറാനുമായി സാമ്പത്തിക, സൈനിക ബന്ധം സൂക്ഷിച്ചത് വെനിസ്വേല അടക്കമുളള ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ മാത്രമാണ്. ആണവ ആയുധങ്ങള്‍ വേണ്ടുവോളം കൈവശം വെക്കുകയും നിര്‍ബാധം കച്ചവടം നടത്തുകയും ചെയ്യുന്ന രാജ്യങ്ങളാണ് ഇറാനെ ശിക്ഷിക്കാനിറങ്ങിയത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെച്ച ഇറാന്‍ ഒരു ഭാഗത്ത്. തങ്ങള്‍ ആണവ ശക്തിയാണെന്ന് പ്രഖ്യാപിച്ച് നിര്‍വ്യാപന കരാറില്‍ ഒപ്പു വെക്കാത്ത ഇസ്‌റാഈല്‍ മറുഭാഗത്ത്. ഉപരോധം എന്ന ഏര്‍പ്പാടിന് യു എന്നിന്റെ പിന്തുണയുള്ളപ്പോള്‍ അത് നിയമപരവും വ്യവസ്ഥാപിതവുമായ സമ്മര്‍ദ തന്ത്രമാകുന്നു. എന്നാല്‍ തങ്ങളുടെ പിടിയില്‍ ഒതുങ്ങാത്ത ക്രൂരമായ ഉപരോധങ്ങള്‍ക്കു കൂടി പച്ചക്കൊടി കാണിക്കുകയാണ് ലോകത്തിന്റെ സംരക്ഷണ ചുമതയുള്ള അന്താരാഷ്ട്ര സംഘടന ചെയ്തത്. അത് ഇറാനെ അക്ഷരാര്‍ഥത്തില്‍ ശ്വാസം മുട്ടിച്ചു. വന്‍ ശക്തികള്‍ക്ക് ഒരു കുറ്റബോധവും ഉണ്ടായിരുന്നില്ല. ഇസ്‌റാഈലിന്റെ നിലനില്‍പ്പ് ഉത്തരവാദിത്വമായി ഏറ്റെടുത്ത അമേരിക്ക അറബ് രാജ്യങ്ങളുടെ കൂടി ആശങ്കയെ മുന്നില്‍ നിര്‍ത്തിയാണ് ഇറാനെതിരെ ഉപരോധ യുദ്ധം പ്രഖ്യാപിച്ചത്. ഈ വിഷമവൃത്തത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ഇറാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു. വര്‍ഷങ്ങളായി തുടരുന്ന വട്ടമേശകളെ എവിടെയെങ്കിലും ഒന്ന് എത്തിക്കണമെന്ന് അമേരിക്കക്കും, പ്രത്യേകിച്ച് പ്രസിഡന്റ് ഒബാമക്കും താത്പര്യമുണ്ടായിരുന്നു. ഈ രണ്ട് താത്പര്യങ്ങളും കൂടിച്ചേര്‍ന്നപ്പോഴാണ് മറ്റ് ബാഹ്യ സമ്മര്‍ദങ്ങളെയാകെ വകഞ്ഞ് മാറ്റി ധാരണ സാധ്യമായത്. ആണവായുധ ശക്തിയാകാനുള്ള വിദൂര സാധ്യതകളെപ്പോലും ഇപ്പോള്‍ സാധ്യമായ പ്രഥാമിക ധാരണയിലെ വ്യവസ്ഥകള്‍ തകര്‍ത്തു കളയുന്നുണ്ട്. യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള സെന്‍ട്രിഫ്യൂഗുകളുടെ എണ്ണം മൂന്നിലൊന്നായി കുറക്കണം. സെന്‍ട്രിഫ്യൂഗുകളുടെ എണ്ണം 19,000ത്തില്‍ നിന്ന് വെറും 6,104 ആയി വെട്ടിച്ചുരുക്കും. യുറേനിയം സമ്പുഷ്ടീകരണം 3.67 ശതമാനമായി പരിമിതപ്പെടുത്തും. അണുബോംബ് ഉണ്ടാക്കാന്‍ 90 ശതമാനമെങ്കിലും സമ്പുഷ്ടീകരണം വേണം. വരുന്ന പതിനഞ്ച് വര്‍ഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഒരു പ്ലാന്റ് പോലും നിര്‍മിക്കില്ല. ഫോര്‍ദോ ആണവ നിലയം അടച്ചു പൂട്ടി അത് ന്യൂക്ലിയര്‍ ഫിസിക്‌സ് പഠന കേന്ദ്രമാക്കും. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ആണവ കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കും. പ്ലൂട്ടോണിയം ഉപയോഗിക്കുന്ന ഹെവി വാട്ടര്‍ റിയാക്ടര്‍ ആയ അരാക് നിലയത്തിന്റെ പ്രവര്‍ത്തനവും ഘട്ടം ഘട്ടമായി അവസാനിപ്പിക്കും. പകരം യു എസും ഇയുവും യു എന്നും അടിച്ചേല്‍പ്പിച്ച ഉപരോധങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കും. ഇറാനിലേക്ക് ആയുധ കയറ്റുമതിക്കുള്ള നിയന്ത്രണം നീങ്ങും. ഇറാനിയന്‍ പ്രമുഖരുടെ സ്വത്ത് മരവിപ്പിച്ചത് നീക്കും. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇ യുവും അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും ഏര്‍പ്പെടുത്തിയ നിരോധം നീങ്ങും. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കുമേല്‍ ഇക്കാര്യത്തില്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള തീട്ടൂരങ്ങളും പിന്‍വലിക്കും. എണ്ണ വിപണിയില്‍ ഇതുണ്ടാക്കുന്ന ഉണര്‍വ് അമൂല്യമായിരിക്കും. ഈ ഉടമ്പടി നിര്‍വഹിക്കുന്ന ചരിത്രപരമായ ദൗത്യം അത് ഇസ്‌റാഈലിനെ ഒറ്റപ്പെടുത്തുന്നുവെന്നതാണ്. സമവായത്തിലെത്തുന്നത് തടയാന്‍ ചില്ലറ കുത്തിത്തിരിപ്പുകളല്ല ഇസ്‌റാഈല്‍ പുറത്തെടുത്തത്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആറ് രാഷ്ട്രങ്ങളില്‍(അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി) സഞ്ചരിക്കുകയോ ദൂതന്മാരെ അയക്കുകയോ ചെയ്തു. ഫ്രാന്‍സാണ് അല്‍പ്പമെങ്കിലും വഴക്ക സ്വഭാവം കാണിച്ചത്. എന്നാല്‍ ഒരു ഘട്ടത്തില്‍, ആണവ വിഷയത്തില്‍ ഇസ്‌റാഈലിനെപ്പോലെ തങ്ങളും ഒറ്റപ്പെടുമെന്ന് അവര്‍ ഭയന്നു. അതിനാല്‍ പൊതു വികാരത്തിനൊപ്പം നിന്നു. ഒടുവിലിപ്പോള്‍ നെതന്യാഹു അങ്ങേയറ്റം പരിഹാസ്യനാണ്. ഈ ജാള്യം മറക്കാനാണ് ന്യൂയോര്‍ക്കില്‍ കരാര്‍വിരുദ്ധ പ്രകടനം നടത്തിക്കുന്നത്. ആണവ പ്രതിസന്ധി അവസാനിക്കുകയും ‘തിന്മയുടെ അച്ചു തണ്ടി’ല്‍ നിന്ന് ഇറാന്‍ മോചിതമാകുകയും ചെയ്യുമ്പോള്‍ കൈവരുന്ന സാമ്പത്തിക, രാഷ്ട്രീയ, സൈനിക ശക്തിയെ ആ രാജ്യം എങ്ങനെ വിനിയോഗിക്കുമെന്നത് ഏറെ പ്രധാനമാണ്. മിതവാദിയായ പ്രസിഡന്റ് ഹസന്‍ റൂഹാനി എന്തിനൊക്കെ വഴങ്ങിക്കൊടുക്കും? മേഖലയിലെ അമേരിക്കന്‍ താത്പര്യങ്ങളുടെ നടത്തിപ്പുകാരാകാന്‍ തങ്ങളെ കിട്ടില്ലെന്ന് ആണവ ധാരണക്ക് ശേഷവും ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈ പ്രഖ്യാപിച്ചിട്ടുണ്ട്. ആ പ്രഖ്യാപനം പൂര്‍ണ അര്‍ഥത്തില്‍ പാലിക്കപ്പെടുമോ? അതോ അമേരിക്കന്‍ ചേരി നടത്തുന്ന വിഭജിക്കല്‍ തന്ത്രത്തില്‍ ഇറാന്‍ വീണു കൊടുക്കുമോ? ബഹ്‌റൈനിലും യമനിലും ഇറാന്‍ ഇടപെടലുണ്ടായിരുന്നുവെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. ഇത്തരം ഇടപെടലുകളിലേക്ക് തുനിഞ്ഞിറങ്ങാന്‍ പുതിയ ആത്മവിശ്വാസത്തില്‍ ഇറാന്‍ മെനക്കെടുമോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വരും കാലങ്ങളില്‍ ഏറെ നിര്‍ണായകമാകും.

മുസ്തഫ പി എറയ്ക്കല്‍

1 COMMENT

 1. Посмотрите!!!
  Универсальная система контроля давления в шинах TPMS http://sale.crazybum.ru/
  Электрическая расческа от блох http://magazin.crazybum.ru/
  ANSTAR E98 МНОГОФУНКЦИОНАЛЬНЫЙ ВИДЕОРЕГИСТРАТОР http://ysl.crazybum.ru/
  BUMBLEBEE ЗНАМЕНИТЫЙ РОБОТ-ТРАНСФОРМЕР http://robot.crazybum.ru/

  Возможно…Вас заинтересуют предложения по топовым ценам!!!

LEAVE A REPLY

Please enter your comment!
Please enter your name here