ചില സുന്നത്ത് നിസ്‌കാരങ്ങള്‍

0
3502

സുന്നത്ത് നിസ്‌കാരം
മുഅക്കതായ സുന്നത്ത് നിസ്‌കാരങ്ങള്‍ ഏതൊക്കെയാണ് ?
ഉ: സുബഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത്, ളുഹ്‌റിന്ന് മുമ്പും ശേഷവും രണ്ട്, മഗ്‌രിബിന്റെ ശേഷം രണ്ട്, ഇശാഇന്റെ ശേഷം രണ്ട്
ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് മുമ്പ് നിസ്‌കരിക്കേണ്ട സുന്നത്ത് നിസ്‌കാരം ശേഷം നിസ്‌കരിച്ചാല്‍ മതിയാകുമോ?
ഉ: മതിയാകുന്നതാണ്. ഫര്‍ള് നിസ്‌കാരത്തിന്റെ സമയം കഴിയുന്നതിന്ന് മുമ്പ് നിസ്‌കരിച്ചാല്‍ അതാആയിട്ടും ഫര്‍ളിന്റെ സമയം കഴിഞ്ഞാല്‍ ഖളാആയിട്ടും കണക്കാക്കുന്നതാണ്.
ഫര്‍ള് നിസ്‌കാരത്തിന്ന് മുമ്പ് നിസ്‌കരിക്കേണ്ട സുന്നത്തിനെ പിന്തിക്കല്‍ സുന്നത്താകുന്നത് എപ്പോഴാണ്?
ഉ: ഒരാള്‍ ജമാഅത്തിന് വരുമ്പോള്‍ ഇഖാമത്തിന്റെ സമയമാവുകയും ഇമാമിന്റെ കൂടെ തക്ബീറത്തുല്‍ ഇഹ്‌റാം ലഭിക്കില്ലെന്ന് തോന്നുകയും ചെയ്താല്‍ സുന്നത്ത് നിസ്‌കാരത്തെ പിന്തിപ്പിക്കല്‍ സുന്നത്താണ്.
വിത്‌റ്
വിത്‌റ് നിസ്‌കാരം എത്ര റക്അത്താണ്?
ഉ: ഏറ്റവും കുറഞ്ഞത് ഒന്നും കൂടിയത് പതിനൊന്ന് റക്അത്തുമാണ്.
വിത്‌റ് നിസ്‌കാരത്തിന്റെ സമയം എപ്പോഴാണ്?
ഉ: ഇശാഇന്റെയും സുബഹിയുടെയും ഇടയിലുള്ള സമയം.
ഇശാഇന്ന് ശേഷമുള്ള സുന്നത്ത് നിസ്‌കരിക്കാത്തവന് വിത്‌റ് നിസ്‌കരിക്കാനാവുമോ?
ഉ: അതെ, അനുവതനിയമാണ്.
തഹജ്ജുദ് നിസ്‌കരിക്കുന്നയാള്‍ എപ്പോഴാണ് വിത്‌റ് നിസ്‌കരിക്കേണ്ടത്?
ഉ: തഹജ്ജുദ്‌ന് ശേഷം വിത്‌റ് നിസ്‌കരിക്കലാണ് നല്ലത്, കാരണം രാത്രിയിലെ അവസാന നിസ്‌കാരം വിത്‌റാവല്‍ സുന്നത്താണ്.
മൂന്ന് റക്അത്ത് വിത്‌റ് നിസ്‌കരിക്കുന്നവര്‍ക്ക് സുന്നത്തുള്ള സൂറത്തുകള്‍ ഏതൊക്കെയാണ്?
ഉ: ഒന്നാമത്തെ റക്അത്തില്‍ സൂറത്തുല്‍ അഅ്‌ല (സബ്ബിഹിസ്മ) യും രണ്ടാമത്തെ റക്അത്തില്‍ കാഫിറൂനയും മൂന്നാമത്തെതില്‍ ഇഖ്‌ലാസ്, മുഅവ്വിദത്തൈനിയുമാണ്.
ളുഹാ നിസ്‌കാരം
ളുഹാ നിസ്‌കാരത്തിന്റെ സമയം എപ്പോള്‍?
ഉ: സൂര്യനുദിച്ച് ദൃഷ്ടിയില്‍ ഏഴ്മുഴം ( 20 മിനുട്ട്) ഉയര്‍ന്നത് മുതല്‍ ളുഹ്‌റ് നിസ്‌കാരം വരെയാണ്. ഏറ്റവും നല്ലത് പകലിന്റെ നാലിലൊരു ഭാഗം കഴിയുന്നതിന്റെ മുമ്പാണ്.
ളുഹാ നിസ്‌കാരം എത്ര റക്അത്താണ്?
ഉ: കുറഞ്ഞത് രണ്ടും കൂടിയത് എട്ട് റക്അത്തുമാണ്.
ളുഹാ നിസ്‌കാരത്തില്‍ ഓതല്‍ സുന്നത്തുള്ള സൂറത്തുകള്‍ ഏതെല്ലാം?
ഉ: സൂറത്തു ശ്ശംസ്, സൂറത്തു ളുഹാ എന്നീ സൂറത്തുകളോ അല്ലെങ്കില്‍ സൂറത്തു കാഫിറൂന, സൂറത്തുല്‍ ഇഖ്‌ലാസ് എന്നിവയോ ഓതല്‍ സുന്നത്താണ്.
തഹിയ്യത്ത് നിസ്‌കാരം
തഹിയ്യത്ത് നിസ്‌കാരം നിര്‍വ്വഹിക്കേണ്ടത് എപ്പോഴാണ്?
ഉ: ഒരാള്‍ പള്ളിയില്‍ കയറിയാല്‍ ഇരിക്കുന്നതിന്ന് മുമ്പ് നിര്‍വ്വഹിക്കേണ്ട സുന്നത്ത് നിസ്‌കാരമാണിത്.
ഒരാള്‍ ഇരിക്കുന്നതിന്ന് മുമ്പ് ഫര്‍ളോ അല്ലെങ്കില്‍ മറ്റു സുന്നത്ത് നിസ്‌കാരമോ നിര്‍വ്വഹിച്ചാല്‍ തഹിയ്യത്ത് വീടുമോ.
ഉ: വീടുന്നതാണ്. ഒരാള്‍ മറന്ന് അല്‍പം ഇരുന്നാല്‍ തഹിയ്യത്ത് നഷ്ടപ്പെടില്ല. അത്‌പോലെ വെള്ളം കുടിക്കാന്‍ വേണ്ടി അല്‍പം ഇരുന്നാലും നഷ്ടപ്പെടില്ല.
തറാവിഹ് നിസ്‌കാരം
തറാവിഹ് നിസ്‌കാരത്തിന്റെ സമയം എപ്പോള്‍?
ഉ: റമള്വാനില്‍ ഇശാഅ് നിസ്‌കാരത്തിന്റെയും സുബഹി നിസ്‌കാരത്തിന്റെയും ഇടയില്‍.
ഇശാഅ് നിസ്‌കരിക്കാത്ത ഒരാള്‍ തറാവിഹ് നിസ്‌കാരം നടന്ന്‌കൊണ്ടിരിക്കെ പള്ളിയില്‍ എത്തിയാല്‍ അവരോട് തുടരാന്‍ പറ്റുമോ?
ഉ: ഇല്ല. ഇശാഅ് നിസ്‌കരിച്ച ശേഷമാണ് തുടരേണ്ടത്.
ഒരാള്‍ നാല് റക്അത്ത് ഒരുമിച്ച് നിസ്‌കരിച്ചാല്‍ നിസ്‌കാരം സ്വഹീഹാകുമോ?
ഉ: നിസ്‌കാരം സ്വഹീഹാകുകയില്ല, ഓരോ രണ്ട് റക്അത്തിലും സലാം വീട്ടല്‍ നിര്‍ബന്ധമാണ്.
തറാവീഹ് ഇരുപത് റക്അത്താണെന്നും അതല്ല എട്ടാണെന്നും വാദമുണ്ട്. ഏതാണ് ശരി?
ഉ: തറാവീഹ് ഇരുപത് റക്അത്താണ്. നബി (സ്വ) തറാവീഹ് ഇരുപത് റക്അത്താണ്‌നിസ്‌കരിച്ചതെന്ന് ഇബ്‌നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നബി (സ്വ) റമള്വാനിലും അല്ലാത്തപ്പോഴും പതിനൊന്ന് റക്അത്ത് നിസ്‌കരിക്കാറുണ്ടെന്ന് അര്‍ത്ഥം വരുന്ന ആഇശ ബീവി (റ) യെ തൊട്ട് ഉദ്ധരിക്കാറുള്ള ഹദീസ് പുത്തന്‍വാദികള്‍ തറാവീഹ് എട്ടാണെന്ന് സമര്‍ത്ഥിക്കാന്‍ ഉപയോഗപ്പെടുത്താറുണ്ട്. ഈ ഹദീസില്‍നിന്ന് തന്നെ അത് തറാവീഹ് അല്ലെന്ന് വ്യക്തമാണ്. കാരണം തറാവീഹ് റമള്വാനില്‍ മാത്രമെ സുന്നത്തുള്ളു.

LEAVE A REPLY

Please enter your comment!
Please enter your name here