അറബി മലയാളം: മാപ്പിളയുടെ ലോകവീക്ഷണം

എന്‍.ബി സിദ്ദീഖ് ബുഖാരി

0
2836

മലയാള ഭാഷയും സാഹിത്യവും സ്വതന്ത്രമായ വ്യവഹാര മണ്ഡലം സൃഷ്ടികുന്നതിന് മുമ്പ് അറബി മലയാളം രൂപപ്പെട്ടിട്ടുണ്ട്. പത്ത്, പതിനൊന്ന് നൂറ്റാണ്ടുകളിലാണ് കേരളത്തിന്റെ ഉള്‍നാടുകളിലേക്ക് അറബി മലയാളം കടന്നു ചെല്ലുന്നത്. തീരപ്രദേശങ്ങളില്‍ നിന്ന് ഉള്‍നാടുകളിലേക്കുള്ള ഈ ഭാഷാപലായനം മതപഠനാര്‍ത്ഥം ബോധപൂര്‍വ്വം നടന്നതായിരുന്നു. മുസ്ലിംങ്ങളുടെ മത പഠനങ്ങളിലും ബോധങ്ങളിലും നിറഞ്ഞുനിന്ന ശേഷമാണ് പൊതുജീവിതത്തിന്റെ ഭാഗമായി അറബി മലയാളം വളര്‍ന്നുവന്നത്. മാപ്പിള സമൂഹത്തിന്റെ സ്വത്വം അടയാളപ്പെടുത്താനും ആവിഷ്‌കരിക്കാനും പിന്നീട് അറബി മലയാളത്തിന് കഴിഞ്ഞു. ചരിത്രധാരയില്‍ അനിവാര്യമായും സംഭവിച്ച ഈ നിര്‍മ്മിതിയെ സാംസ്‌കാരിക അപനിര്‍മ്മാണത്തിന്റെ കൂടി ചരിത്രമായി വായിക്കേണ്ടിയിരിക്കുന്നു.
മലയാള ഭാഷയുടെ ചരിത്രത്തില്‍ ഒരു വരേണ്യ രാഷ്ട്രീയത്തിന്റെ ചരിത്രം കൂടി ഉള്ളടക്കം ചെയ്തിട്ടുണ്ട്. പി.വി വേലായുധന്‍പിള്ള പോലത്ത ഭാഷാ സാഹിത്യ ചരിത്രകാരന്മാരും എം.ജി.എസ് നാരായണനെ പോലത്ത പൊതുചരിത്രകാരന്മാരും ഇത് എഴുതിവെച്ചിടുണ്ട്.
സാമ്പത്തികമായ വറുതി കാരണം അക്ഷര ജ്ഞാനത്തിനുള്ള അവസരനിഷേധത്തെ സ്വയം അനുവര്‍ത്തിച്ചിരുന്ന വലിയ വിഭാഗം ജനതയുണ്ടായിരുന്നു. അതിനപ്പുറത്ത് ബഹുഭൂരിപക്ഷം വരുന്ന അവര്‍ണ ജനസാമാന്യത്തിനു നേരെ സവര്‍ണ വിഭാഗം പ്രഖ്യാപിച്ച് നടത്തിയിരുന്ന വിദ്യാനിഷേധം ഭാഷയുടെ പിതൃത്വം അവര്‍ അവകാശപ്പെടുന്ന തരത്തിലുള്ളതായിരുന്നു. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിന്ന് ബ്രാഹ്മണിസത്തിന്റെ കുത്തക മനഃശാസ്ത്രം അസ്തമിച്ചതിന് ശേഷമാണ് നായന്മാര്‍ക്ക് പോലും വിദ്യാഭ്യാസത്തിനുള്ള അവസരമൊരുങ്ങിയതെന്ന് എം.ജി.എസ് പറയുന്നുണ്ട്. ബഹുഭൂരിപക്ഷം വരുന്ന ശൂദ്ര വിഭാഗത്തിന്റെ അവസ്ഥ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നാണ് നായന്മാരുടെ കഥ സൂചിപ്പിക്കുന്നത്.
അറബി മലയാളത്തിന്റെ ഉള്ളടക്കത്തില്‍ സാമാന്യജനബോധമാണ് വ്യവഹരിക്കപ്പെട്ടു കാണുന്നത്. ഭാഷാ പഠനം ഉള്‍നാടുകളില്‍ നിന്ന് കൂടുതല്‍ ഉള്‍നാടുകളിലേക്കാണ് പലായനം ചെയ്തതും. അക്കാലത്തെ മലയാള ഭാഷാ സാഹിത്യ ചിന്തകളുടെ സവര്‍ണത്വവും മേല്‍ക്കേയ്മ ബോധവും അറബി മലയാളത്തെ സ്പര്‍ശിക്കുക പോലും ചെയ്തിട്ടില്ല. ‘ഉപ്പ്’എന്ന സവര്‍ണപദം ഉപയോഗിച്ചത് കൊണ്ടാണ് പാലക്കാട് ഒരു അവര്‍ണന്‍ കൊല്ലപ്പെട്ടത്. മലയാള ഭാഷാ വ്യവഹാരത്തില്‍ തെറിപ്രയോഗങ്ങളില്‍ കീഴ്ജാതികളുടെ ജീവിതരീതികള്‍ അടക്കം ചെയ്തിട്ടുണ്ടെന്ന് ഭാഷാ പണ്ഡിതര്‍ വിമര്‍ശിക്കുന്നുണ്ട്.
മാപ്പിള സ്വത്വം കേരളീയ മുസ്ലീം സ്വത്വമായി പരിണമിച്ചതിനെ തുടര്‍ന്നാണ് അറബി മലയാളം പൊതുമണ്ഡത്തിലും അക്കാദമികതലത്തിലും മാപ്പിളഭാഷയായി അറിയപ്പെട്ടത്. അറബി മലയാള സാഹിത്യം മാപ്പിള സാഹിത്യമായും മാറി. മാപ്പിള സാഹിത്യ നിര്‍മ്മിതിയില്‍ ചരിത്രത്തിന്റെ ഭാഗം ചേര്‍ന്നുള്ള സാംസ്‌കാരികമായ ചെറുത്തുന്നില്പുകളും പ്രായോഗികമായ ബദലുകളും നിറഞ്ഞുനില്‍ക്കുന്നുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിന്റെ കേരളീയ പരിസരമാണ് എഴുത്തച്ഛനെന്ന അധ്യാത്മിക കവിയെ നിര്‍മ്മിച്ചത്. അധ്യാത്മ രാമായണം കിളിപ്പാട്ടിലൂടെ ആത്മീയമായും സാംസ്‌കാരികമായും നിലനില്‍പ് നഷടപ്പെട്ടു പോയ സമൂഹത്തെ സമുദ്ധരിക്കാനാണ് എഴുത്തച്ഛനെന്ന ശൂദ്രകവി ശ്രമിച്ചത്. അധ്യാത്മ രാമായണത്തിന്റെ വളര്‍ച്ചാ കാലത്ത് മുസ്ലീം  ബോധങ്ങളില്‍ മുഹ്‌യിദ്ദീന്‍മാലയുണ്ടാക്കിയ ആത്മീയചിന്ത വളരുകയായിരുന്നു. ഒരേ കാലത്തെ ഭിന്നമായ രണ്ടു മത വിശ്വാസങ്ങളുടെ സാംസ്‌കാരിക ചിഹ്നമായി വളരുകയായിരുന്നു മുഹ്‌യിദ്ദീന്‍മാലയും അധ്യാത്മ രാമായണവും. മുഹയിദ്ദീന്‍ മാലയുടെ സ്വാധീനത്തിന്റെ ഫലവും രേഖയുമാണ് പിന്നീട് മാപ്പിള സമൂഹത്തിലുണ്ടായ അമ്പത്തോളം മാലകള്‍.
ഖാളി മുഹമ്മദിന്റെ മുഹ്ദ്ദീന്‍മാല (1607)ല്‍ പൊന്നാനി മാലാക്കാന്റെ കത്ത് കുഞ്ഞിസീതിക്കോയ തങ്ങള്‍ തയ്യാറാക്കിയ നസീഹത് മാല(1643) കുഞ്ഞറയിന്‍ മുസലിയാരുടെ കപ്പപ്പാട്ട് , നൂല്‍മദ്ഹ തുടങ്ങിയ അറബിമലയാളത്തിലെ ആദ്യകാല രചനകള്‍ അധ്യാത്മികധാരകളെ ശുദ്ധീകരിച്ച് സമൂഹത്തിന് കൈമാറുന്ന രീതികളെയാണ് അക്കാലത്തെ മലയാള സാഹിത്യചിന്ത പര്യാലോചിച്ചിരുന്നത്.

അറബി മലയാള സങ്കേതമാണ് ചരിത്രത്തില്‍ മാപ്പിളയുടെ വ്യവഹാര സ്വത്വം അടയാളപ്പെടുത്തിയത്. വിവിധങ്ങളായ സാഹിത്യ വൈജ്ഞാനിക ശാഖകളിലും ഉപശാഖകളിലുമായിലനിറഞ്ഞ് നില്‍ക്കുന്ന അറബി മലയാള രചനകള്‍ ഇതിന്റെ നിദര്‍ശനമാണ്. 1868 ല്‍ ബാസല്‍ മിഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ ആദ്യത്തെ പ്രസ് സ്ഥാപിതമായതിന്റെ ഉടന്‍ തന്നെ അറബി മലയാള അച്ചടി ശാലയും സ്ഥാപിതമായിട്ടുണ്ട്. തീപുത്തി കുഞ്ഞഹമ്മദാണ ് ഇത് സ്ഥാപിച്ചത്. മലയാളത്തിന്റെ കൂടെ തന്നെ വളര്‍ന്ന അറബി മലയാള പുസ്തക പ്രസാധനം വര്‍ത്തമാന പത്രങ്ങള്‍  ആനുകാലികങ്ങള്‍ എന്നിവ അറബി മലയാളം വളര്‍ച്ചയുടെ ഗ്രാഫ് അടയാളപ്പെടുത്തുന്നവയാണ്. സാങ്കേതികമായ ഇത്തരം പാരലലിസം മുഖ്യധാരയുടെ മറവില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയാണിനും. ചാര്‍ദര്‍വേശ്  എന്ന പേര്‍ഷ്യന്‍ നോവലിന്റെ അറബി മലയാളത്തിലുള്ള മൊഴിമാറ്റം 1884 ല്‍ നടന്നിട്ടുണ്ട്. നാലു ചക്രവര്‍ത്തിമാരുടെ കഥപറയുന്ന നോവലാണ് ചാര്‍ദര്‍വേശ്. നാലോ അഞ്ചോ വര്‍ഷത്തിന് ശേഷം 1889 ലാണ് മലയാളത്തിലെ ആദ്യ നോവല്‍ രചിക്കപ്പെടുന്നത്. ആധുനീകരണത്തിന്റെയും നവോത്ഥാനത്തിന്റെയും കാലത്തെ  സാംസ്‌കാരിക മുദ്രകളായി കരുതപ്പെടുന്ന അച്ചടി,വിവര്‍ത്തനം തുടങ്ങിയ സങ്കേതങ്ങളെ സ്വാംശീകരിച്ച് ഒരു കാലത്തെയും അതിലെ ജന സാമാന്യത്തെയും കണ്‍വെ ചെയ്യുന്നതില്‍ അറബി മലയാളത്തോളം വളര്‍ന്ന സാംസ്‌കാരിക പരിഛേദം വിരളമാണ്. മുഖ്യധാര സാഹിത്യമണ്ഡലത്തിനും അനുകര്‍ത്താക്കള്‍ക്കും സമാന്തരമായി വളര്‍ന്ന ഒരു ബദല്‍ ക്രിയയുടെ ചരിത്ര വായന കൂടിയാണ് അറബി മലയാളം. പോയകാല മാപ്പിള സ്വത്വത്തിന്റെ ലോകപരിജ്ഞാനവും കാല്പ്പാടുകളും തുറന്നുവെയ്ക്കുന്ന അറബി മലയാളം സക്രിയമായിരുന്ന മാപ്പിളത്തത്തിന്റെ സാക്ഷ്യമാണ്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാഹിത്യ ചരിത്രധാരകളില്‍ മാപ്പിള സ്വത്വത്തെ അടയാളപ്പെടുത്തുന്നതില്‍ അറബി മലയാളം മുഖ്യഭാഗവാക്ക് വഹിച്ചിട്ടുണ്ട്.
അറബി മലയാളം തങ്ങളുടെ മാതൃഭാഷയാണെന്ന് കരുതിയിരുന്ന ഒരു വിഭാഗം അക്കാലത്തെ മുസ്ലീം ജനസാമാന്യത്തിനകത്ത് ജീവിച്ചിരുന്നു. പുറത്തുള്ള അപരഭാഷാസ്വത്വങ്ങളെ സ്വാംശീകരിക്കാന്‍ മാത്രം ജ്ഞാനം വശമില്ലെന്ന് വരുബോള്‍ തന്നെ അറബി മലയാള വായനാനുഭവം സ്വായത്തമാക്കിയവരായിരുന്നു അവര്‍. ബദല്‍ സാക്ഷരതയുടെ നിര്‍ണായകമായ ചരിത്ര പങ്കാളിത്വമാണ് അറബി മലയാളം ഇതിലൂടെ നിര്‍വഹിച്ചത്. വിവാഹ നിശ്ചയങ്ങളുടെ മാനദണ്ഡമായി വരെ ചിലപ്പോള്‍ അറബി മലയാളം മാറിയത് ഈ ബദല്‍ സാക്ഷരതയുടെ സാര്‍വ്വത്രികതയെ അടയാളപ്പെടുത്തുന്നുണ്ട്.
സമൂഹം നേരിടുന്ന പ്രതിസന്ധികളിലൊന്നാണ് ഭാഷാ പ്രതിസന്ധിയെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ഇന്ത്യന്‍ ഭാഷകളുടെ കൂട്ടത്തില്‍ മേധാവിത്വ സ്വഭാവം പുലര്‍ത്തിയിരുന്ന സാഹിത്യ സാന്ദ്രതയുള്ള സംസ്‌കൃത ഭാഷയുടെ തിരോധാനത്തെയും തിരിച്ചെടുക്കലിന്റെ അനിവാര്യതയെയും കുറിച്ചുള്ള സംവാദങ്ങള്‍ നടക്കുകയാണല്ലോ. ഒരു ജനതയുടെ ചരിത്രപിന്‍ബലത്തെയും സ്വാധീനത്തെയും തങ്ങളുടെ ഭാഷാ സ്വത്വമുപയോഗിച്ച് സംവദിക്കുബോള്‍ പൊതു ഇടങ്ങളില്‍ അതിന് കൂടുതല്‍ ആധികാരികത ലഭിക്കുന്നു. സാംസ്‌കാരിക ചരിത്ര മണ്ഡലത്തില്‍ മുസ്ലീം പ്രതിനിധാനത്തെ അടയാളപ്പെടുത്തിയ അറബി മലയാളം അവരുടെ ഭാഷാ പ്രതിസന്ധിയെ ഏറ്റെടുത്ത് നിര്‍വഹിച്ച ഭാഷാ സ്വത്വമാണ്.
മതവിശ്വാസത്തിന്റെയും ദേശീയ ബോധത്തിന്റെയും  ഈ ഭാഷാ സ്വത്വത്തെ നിര്‍ണയിക്കുന്ന ഘടകം. ചേരൂര്‍ രക്തസാക്ഷ്യങ്ങളുടെ കുപ്പായത്തിന്റെ ഉള്ളില്‍ തുന്നിചേര്‍ത്തിരുന്ന പടപ്പാട്ട് ശീലുകള്‍ മതദേശ ബോധങ്ങളുടെ ഉഗ്രന്‍ പ്രതിരൂപമായിരുന്നു. ചരിത്രത്തിന്റെ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ നിര്‍വഹിച്ചിരിക്കേണ്ട ദൗത്യങ്ങളെയും ബാധ്യതകളെയും ഒരു ഭാഷപക്വമായി ഏറ്റെടുത്ത് നടത്തിയന്റെ പൊള്ളുന്ന തെളിവുകള്‍ കൂടിയാണ് ഇത്തരം രക്തസാക്ഷ്യങ്ങള്‍.
രണ്ടര്‍ത്ഥത്തില്‍ മുസ്ലിം പരിഷ്‌ക്കരണ യുക്തിബോധത്തിന് വിരുദ്ധമായിരുന്നു അറബി മലയാള സ്വത്വം. ഒന്ന് പാരമ്പര്യ ആദര്‍ശ പ്രകാശനമായിരുന്നു ആദ്യ കാലത്തുള്ളവ. മറ്റൊന്ന് തികഞ്ഞ രാഷ്ട്ര ബോധത്തിലധികരിച്ച് ദേശീയതയാണ് അറബി മലയാളം സംവഹിച്ചത്. രണ്ട് കാരണങ്ങള്‍ കൊണ്ടും അറബി മലയാളത്തിന്റെ തിരോധാനം മത പരിഷ്‌ക്കരണക്കാരുടെ ഉള്ളിലൂട്ടപ്പെട്ട ഒന്നായിരുന്നു.
അറബി മലയാളത്തെ കേവല സാഹിത്യ ശില്പമായി സമീപിച്ച പരിഷ്‌ക്കരണക്കാരുടെ നിലപാടും നാടോടി സാഹിത്യ മാത്രമായി സ്വീകരിച്ച മുഖ്യധാര സാഹിത്യ ചിന്തകരുടെ നിലപാടും തത്വത്തില്‍ ഒന്നു തന്നെയായിരുന്നു. അറബി മലയാളം നിര്‍വഹിച്ച ചരിത്രപരമായ പങ്കളിത്വത്തിന് അര്‍ഹിച്ച അംഗീകാരം രണ്ടുപക്ഷവും വകവച്ചു കൊടുത്തില്ല.
സാഹിത്യപഠനത്തിന്റെ വൃത്തത്തില്‍ മാത്രം ചുരുങ്ങാതെ കൊളോണിയല്‍ വിരുദ്ധ സമരചരിത്രങ്ങളുടെ കൂടെ നിര്‍ത്തിയും മറ്റു സാംസ്‌കാരിക തലങ്ങളിലൂടെയും അക്കാദമിക മണ്ഡലങ്ങളിലേക്ക് അറബി മലയാളത്തെ കടത്തിയിരുത്താനുള്ള യന്തങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. സബാള്‍ട്ടാന്‍ സ്റ്റഡീസിന്റെ ഭാഗമായി സ്ത്രീയെഴുത്തുകളും ദലിത് ഇടപെടലുകളും മറ്റും തോട് പൊളിച്ച് പുറത്ത് വരുബോള്‍ പഠന സാന്ദ്രതയുള്ള അറബി മലയാളം എന്ത് കൊണ്ട് പുനര്‍വായനക്കും അപനിര്‍മ്മാണത്തിനും വിധേയമായിക്കൂട?

LEAVE A REPLY

Please enter your comment!
Please enter your name here