മുആവിയ റളിയല്ലാഹു അന്‍ഹു

0
1834

മുആവിയ(റ) എ.ഡി 612 ൽ മക്കയിൽ ജനിച്ചു. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ മക്കാ വിജയത്തിനുശേഷം ഇസ്ലാം ആശ്ളേഷിച്ചു.  ശ്രേഷ്ഠരായ സ്വഹാബി വര്യന്മാരില്‍ പ്രഗല്‍ഭരായ ഒരാളാണ് മുആവിയ (رضي الله عنه). പ്രവാചക പത്നി ഉമ്മു ഹബീബ (رضي الله عنها) യുടെ സഹോദരന്‍. അബൂ സുഫ്‌യാന്‍ (رضي الله عنه) വിന്‍റെ മക്കളാണ് ഉമ്മു ഹബീബയും മുആവിയയും. അത് കൊണ്ട് തന്നെ വിശ്വാസികളുടെ അമ്മാവന്‍ എന്ന അപര നാമത്തില്‍ പില്‍കാലത്ത് അറിയപ്പെട്ടു പോന്നു.

അദ്ദേഹം നബിയുടെ വഹ്യ് എഴുത്തുകാരിൽ ഒരാളായിരുന്നു ;അഥവാ കുത്താബുല്‍ വഹ്’യില്‍ ഉള്‍പ്പെട്ട ആളാണ്‌ അദ്ദേഹം.   മുആവിയ (رضي الله عنه)  ആരാണെന്നോ  അദ്ദേഹത്തിന്‍റെ ശ്രേഷ്ടത എന്താണെന്നോ മനസ്സിലാക്കാന്‍ പറ്റാത്ത വിധം അദ്ധേഹത്തിന്റെ ചരിത്രം തമസ്ക്കരിക്കാന്‍ ചില ഭാഗങ്ങളില്‍ ശ്രമം നടന്നു വരുന്നുണ്ട് . അറിവില്ലായ്മ നിമിത്തം  ഇഖ്’വാനികളും ഖുത്ബിയാക്കളും റാഫിദിയാക്കളും പടച്ചുവിടുന്ന കള്ളക്കഥകള്‍ അറിഞ്ഞോ അറിയാതെയോ പലരും ശരിയാണ് എന്ന് ധരിച്ചു പോകുന്നു. മാത്രമല്ല സ്വഹാബത്തിനെ കുറിച്ച് മലയാളത്തില്‍ രചിക്കപ്പെട്ട ഒട്ടുമിക്ക ഗ്രന്ഥങ്ങളും എടുത്ത് പരിശോധിച്ചാല്‍ കള്ളക്കഥളും, റാഫിദിയാക്കളുടെ ആരോപണങ്ങളും ചേര്‍ത്ത് മുആവിയ (رضي الله عنه) വിനെ പ്രത്യക്ഷമായോ പരോക്ഷമായോ വിമര്‍ശിക്കുന്നതായി കാണാം …

അദ്ദേഹത്തെ തൊട്ടു നിരവധി ഹദീഥുകൾ ഉദ്ധരിച്ചിട്ടുണ്ട്. ഉമർ(റ)വിന്റെ കാലത്ത് സൈനികനേതൃത്വം വഹിച്ചിരുന്നു. ഇരുപതുവർഷക്കാലം മുആവിയ(റ) ഖലീഫയായി ഭരണം നടത്തി.

അലി (റ) വും മുആവിയ (റ) തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയില്‍ പങ്കു ചേര്‍ന്ന് അവരില്‍ ഒരാളെ കുറ്റം പറയുന്നത് മുസ്ലിംള്‍ക്ക് ചേര്‍ന്നതല്ല. എന്ന് മാത്രമല്ല അവരുടെ ഇജ്തിഹാദി വിഷയങ്ങളില്‍ രണ്ടു പേര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങളെ പിന്തുടര്‍ന്ന് തീരുമാനങ്ങള്‍ എടുക്കുവാന്‍ അവകാശം ഉള്ളവരായിരുന്നു. അതിനെ അതിര് കവിഞ്ഞു വിമര്‍ശിക്കുന്നവര്‍ അഹല്സുന്നത് ജമാഅത്തിന്റെ പാതയില്‍ നിന്നും പുറത്തു പോവുന്നതാണ്. അത് ബിദ്അത്കാരുടെ ശൈലിയും പ്രവര്‍ത്തനവുമാണ്.

മുആവിയയുടെ ഭരണപരിഷ്കാരങ്ങൾ

കഴിവുറ്റ ഭരണാധികാരിയായിരുന്നു മുആവിയ. കേവല സ്വേഛാധിപത്യത്തിൽനിന്നു ഭിന്നമായി അദ്ദേഹം ജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുകയും പരിഗണിക്കുകയും ചെയ്തിരുന്നു. തന്റെ ഭരണനയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതിതാണ്:

“ചാട്ടവാർ മതിയായ സ്ഥലത്തു ഞാൻ ഖഡ്ഗം പ്രയോഗിക്കുകയില്ല; നാവു മതിയായ സ്ഥലത്തു ചാട്ടവാറും. എനിക്കും ജനങ്ങൾക്കുമിടയിൽ മുടിനാരിഴ ബന്ധമുണ്ടെങ്കിൽ അതു ഞാൻ മുറിച്ചു കളയില്ല. ജനങ്ങൾ പിടിച്ചു വലിക്കുമ്പോൾ ഞാൻ അയച്ചുകൊടുക്കും. അവർ അയച്ചിടുമ്പോൾ ഞാൻ പിടിച്ചുവലിക്കും.

 

സിറിയ, ഇറാഖ്, ഹിജാസ്, യമൻ, ഈജിപ്ത് എന്നീ അഞ്ചു പ്രവിശ്യകളടങ്ങിയതായിരുന്നു അന്നത്തെ രാഷ്ട്രം. രാഷ്ട്രീയവും സൈനികവുമായ കാര്യങ്ങളിൽ പ്രവിശ്യയിലെ ഭരണാധികാരി ഗവർണർ ആയിരുന്നു. നികുതി സംഭരണത്തിന് ഖലീഫയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ‘സ്വാഹിബുൽ ഖറാജ്’ എന്ന പേരിൽ പ്രത്യേക ഉദ്യോഗസ്ഥൻമാരെ നിയമിച്ചിരുന്നു.

 

ഇസ്ലാമിക രാഷ്ട്രത്തിൽ നിലനിന്നിരുന്ന തപാൽ സമ്പ്രദായം കൂടുതൽ വ്യവസ്ഥാപിതമാക്കിയത് മുആവിയയായിരുന്നു. തപാൽ വകുപ്പ് സ്വതന്ത്രമായി നിലവിൽ വരികയും അതിനായി പ്രത്യേക ഉദ്യോഗസ്ഥന്മാരെ നിയമിക്കുകയും ചെയ്തു. കൃഷി അഭിവൃദ്ധിപ്പെടുത്താൻ നിരവധി പരിപാടികൾ അദ്ദേഹം ആസൂത്രണം ചെയ്തിരുന്നു. ജലസേചനത്തിനു കനാലുകൾ വെട്ടുക, കുളങ്ങൾ നിർമിക്കുക, യാത്രാസൌകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങി നിരവധി ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കി. അയൽരാജ്യങ്ങളുമായി കച്ചവട ബന്ധങ്ങൾ നിലനിർത്തി.

 

പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുവാൻ മുആവിയ ശ്രദ്ധിച്ചു. 1700 ൽ അധികം കപ്പലുകൾ ഉൾപ്പെടുത്തി നാവികസേന ശക്തിപ്പെടുത്തി. ശാമിലും ഈജിപ്തിലും കപ്പൽ നിർമാണ ശാലകൾ സ്ഥാപിതമായി. ഗ്രീഷ്മസേനയും ഹേമന്തസേനയും രൂപീകരിച്ചുകൊണ്ട് റോമിന്റെ ആക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ചു. ഖുബ്റസ് അഥവാ സൈപ്രസ്ദ്വീപ് അടക്കം നിരവധി പ്രദേശങ്ങൾ ഇസ്ലാമിക രാഷ്ട്രത്തിനധീനമായി. റോമാസാമ്രാജ്യത്തിൻ കീഴിലുള്ള കോൺസ്റാന്റിനോപ്പിൾ കീഴടക്കാൻ ശ്രമം നടത്തി.

 

ഉഖ്ബതുബ്നു നാഫിഇന്റെ സേനാനായകത്വത്തിൽ ഉത്തരാഫ്രിക്കയിൽ ധീരമായ പടയോട്ടം നടത്തി. രാജ്യങ്ങൾ ഒന്നൊന്നായി കീഴടക്കി ഉഖ്ബ ആഫ്രിക്കയുടെ പടിഞ്ഞാറെ തീരത്ത് അറ്റ്ലാന്റിക് സമുദ്രം വരെയെത്തി. ഉഖ്ബ അറ്റ്ലാന്റിക്കിലെ തിരമാലകളെ നോക്കി ഇങ്ങനെ പറഞ്ഞു:

“അല്ലാഹുവേ, ഈ സമുദ്രം എന്റെ പാതയിൽ തടസ്സം സൃഷ്ടിച്ചില്ലായിരുന്നുവെങ്കിൽ ലോകത്തിന്റെ മറ്റേ അറ്റം വരെ നിന്റെ നാമം ഞാൻ ഉയർത്തുമായിരുന്നു.

 

ഉഖ്ബ ഉത്തരാഫ്രിക്കയിലെ ടുണീഷ്യയിൽ ‘ഖൈറുവാൻ’ എന്ന ഒരു നഗരം പണിതു. ഈ നഗരം നൂറ്റാണ്ടുകളോളം ഇസ്ലാമിക വിജ്ഞാന‏‏‏‏‏കലാ‏‏‏‏‏സാംസ്കാരിക കേന്ദ്രമായി പരിലസിച്ചിരുന്നു. ഉഖ്ബയുടെ ഖബർ ഉത്തരാഫ്രിക്കയിലെ ‘ബുസ്കറ’ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.

 

ആഭ്യന്തര ഭദ്രതയുടെ കാര്യത്തിൽ മുആവിയ പ്രത്യേകം ശ്രദ്ധിച്ചു. ഇറാഖ് പ്രദേശങ്ങളിൽ കുഴപ്പമുണ്ടാക്കിയ ഖവാരിജുകളെ തീർത്തും നിഷ്ക്രിയരാക്കി.

ഭരണാധികാരി എന്ന നിലയിൽ മുആവിയ ഉത്കൃഷ്ട സ്വഭാവത്തിന്റെ ഉടമയായിരുന്നു. ജനങ്ങൾ മുഖത്തുനോക്കി വിമർശിച്ചിട്ടും ആരോടും പരുഷത കാണിച്ചില്ല. എതിരാളികളെ സമ്മാനങ്ങളും ബഹുമതികളും നൽകി സന്തോഷിപ്പിക്കുന്ന നയമാണ് അദ്ദേഹം സ്വീകരിച്ചത്. അലി(റ)വിന്റെ പുത്രന്മാരായ ഹസൻ(റ), ഹുസൈൻ(റ) എന്നിവരോടും അവരുടെ കുടുംബത്തോടും അദ്ദേഹം നല്ല നിലയിൽ വർത്തിച്ചിരുന്നു.

 

സിറിയയിലെ ദമസ്കസ് ആയിരുന്നു. മുആവിയയുടെ തലസ്ഥാനം. മദീനക്കും കൂഫയ്ക്കും ശേഷം ഇസ്ലാമിക രാഷ്ട്രത്തിന്റെ ആസ്ഥാനമായിത്തീർന്ന ദമസ്കസ് പുരാതന സംസ്കാരത്തിന്റെയും നാഗരികതയുടെയും കേന്ദ്രം കൂടിയായിരുന്നു. ഗവർണർ എന്ന നിലയിൽ അദ്ദേഹം ഏറെക്കാലം ചെലവഴിച്ച നഗരമായിരുന്നു ദമസ്കസ്.

 

രാജ്യത്തു നീതി നിലനിർത്തുന്നതിൽ അദ്ദേഹം അതീവശ്രദ്ധാലുവായിരുന്നു. എല്ലാ പ്രവിശ്യകളിലും പ്രാപ്തരായ ഗവർണർമാരെയാണ് അദ്ദേഹം നിയമിച്ചത്. മുആവിയയുടെ ഭരണകാലം പൊതുവെ ശാന്തിയും സമാധാനവും നിറഞ്ഞതായിരുന്നു.

മുആവിയ (റ) ന്‍റെ ശ്രേഷ്ഠത

അബ്ദുല്ലാഹിബ്നു ഉമര്‍ (رضي الله عنه) ഉദ്ദരിക്കുന്ന, മുആവിയ (رضي الله عنه) സ്വര്‍ഗാവകാശിയാണ് എന്ന് സൂചിപ്പിക്കുന്ന ഹദീസ് കാണാം പ്രവാചകന്‍ (ﷺ) പറഞ്ഞു :  “കോണ്‍സ്റ്റാന്‍റിനോപ്പ്ള്‍ കീഴടക്കുന്ന ആദ്യത്തെ സൈന്യത്തിന്‍റെ പാപങ്ങളെല്ലാം അല്ലാഹു പൊറുത്ത് കൊടുത്തിരിക്കുന്നു”.  മുആവിയ (رضي الله عنه) വിന്‍റെ കാലത്ത് അദ്ദേഹത്തിന്‍റെ സൈന്യമാണ്‌  കോണ്‍സ്റ്റാന്‍റിനോപ്പ്ള്‍ തുറക്കാന്‍ ആദ്യമായി പോരാട്ടം നയിച്ചത്. യസീദ് ബിന്‍ മുആവിയ ആയിരുന്നു സൈന്യാധിപന്‍. ഹുസൈന്‍ (رضي الله عنه) വും, അബൂ അയ്യൂബ് അല്‍ അന്‍സ്വാരി (رضي الله عنه) വും ആ കൊടിക്കീഴില്‍ അണിനിരന്നവരായിരുന്നു.

അതുപോലെ അല്ലാഹുവിന്‍റെ പ്രവാചകന്‍(ﷺ) മുആവിയ (رضي الله عنه) വിനു വേണ്ടി പ്രാര്‍ഥിച്ചു. അദ്ദേഹം പറഞ്ഞു: ” അല്ലാഹുവേ നീ മുആവിയക്ക്  മാര്‍ഗദര്‍ശനം നല്‍കേണമേ, അദ്ദേഹത്തെ നേര്‍മാര്‍ഗത്തിലേക്കുള്ള വഴികാട്ടി ആക്കേണമേ. അദ്ദേഹത്തെ നീ സന്മാര്‍ഗദര്‍ശിയും, അതിന്‍റെ പ്രചാരകനും ആക്കി മാറ്റേണമേ ” [ഹസന്‍ – തിര്‍മിദി].

മുആവിയ (رضي الله عنه) വിന്‍റെ ശ്രേഷ്ഠത വിവരിക്കുന്ന ധാരാളം ഹദീസുകള്‍ ഇതുപോലെ കാണാന്‍ സാധിക്കും. ഒരുപാട് ഹദീസുകള്‍ അതുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട് താനും.

ഉസ്മാന്‍ (رضي الله عنه) വിന്‍റെ മരണശേഷം അലി (رضي الله عنه) വിനും മുആവിയ (رضي الله عنه) വിനും ഇടയില്‍ ഉണ്ടായ ചില വീക്ഷണ വിത്യാസങ്ങള്‍ കളവുകളും കെട്ടുകഥകളും ചേര്‍ത്ത് അവതരിപ്പിച്ച് സ്വഹാബത്തിനെ ഇകഴ്ത്തുകയാണ് പലപ്പോഴും ബിദ്അത്ത്കാരുടെ ജോലി. എന്നാല്‍ അലി (رضي الله عنه) വിന്‍റെ വീക്ഷണത്തെ അംഗീകരിച്ച ആളുകളെയും, മുആവിയ (رضي الله عنه) വിന്‍റെ വീക്ഷണത്തെ അംഗീകരിച്ച ആളുകളെയും കുറിച്ച് അല്ലാഹുവിന്‍റെ പ്രവാചകന്‍ (ﷺ) പറഞ്ഞത് കാണുക : ഹസന്‍ (رضي الله عنه) വിനെ കുറിച്ച് പ്രവാചകന്‍ പറഞ്ഞു ” എന്‍റെ ഈ മകന്‍ സയ്യിദാണ്. അവനെക്കൊണ്ട്‌ അല്ലാഹു സത്യവിശ്വാസികളില്‍ രണ്ട് മഹത്തായ വിഭാഗങ്ങള്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കും ” .. ഇവിടെ സത്യവിശ്വാസികളില്‍ പെട്ട മഹത്തായ രണ്ടു വിഭാഗങ്ങള്‍ എന്ന് പ്രവാചകന്‍ (ﷺ) അവരെക്കുറിച്ച് പറഞ്ഞത് വ്യക്തമാണ് താനും .

അതുപോലെ മറ്റൊരു ഹദീസില്‍ പ്രവാചകന്‍ (ﷺ) ഇപ്രകാരം പറഞ്ഞു : നിങ്ങള്‍ എന്‍റെ സ്വഹാബത്തിനെ ചീത്ത വിളിക്കരുത്. നിങ്ങള്‍ എന്‍റെ സ്വഹാബത്തിനെ ചീത്ത വിളിക്കരുത്. എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം. നിങ്ങള്‍ ഉഹ്ദ് മലയോളം സ്വര്‍ണ്ണം ദാനം ചെയ്‌താല്‍ പോലും സ്വഹാബത്ത് ദാനം ചെയ്ത ഒരു കൈകുംബിളിനോളം വരുകയില്ല എന്ന് മാത്രമല്ല അതിന്‍റെ പകുതിപോലും തികയുകയില്ല”   – [ബുഖാരി – മുസ്‌ലിം]

അതുപോലെ മുഅമിനീങ്ങളുടെ മാതാവായ ആഇശ (رضي الله عنها) പറയുന്നു : ” പ്രവാചകന്‍റെ സ്വഹാബത്തിനു വേണ്ടി പാപമോചനം തേടാനാണ് അവരോട് കല്പിക്കപ്പെട്ടത്. പക്ഷെ അവരാകട്ടെ അവരെ ചീത്ത വിളിച്ചു ” [സ്വഹാബത്തിന്‍റെ ശ്രേഷ്ടതയെ കുറിച്ച് ഇമാം അഹ്മദ് ഉദ്ദരിച്ചത്- സ്വഹീഹ്]

അതുപോലെ അല്ലാഹു പറയുന്നു :

وَالسَّابِقُونَ الأَوَّلُونَ مِنَ الْمُهَاجِرِينَ وَالأَنْصَارِ وَالَّذِينَ اتَّبَعُوهُمْ بِإِحْسَانٍ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَلِكَ الْفَوْزُ الْعَظِيمُ
” മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും  ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു.  താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും  ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം” [ തൗബ-100].

അതുകൊണ്ട് സ്വഹാബത്തിനെ നിന്ദിക്കുന്നവരെയും കൊച്ചാക്കുന്നവരെയും കണ്ടാല്‍ അവര്‍ സത്യത്തിന്‍റെ വക്താക്കളല്ല എന്ന് മനസ്സിലാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here