നിഖാബ്‌

അൻവർ ഹനീഫ

0
1554

പർദ്ദയും നിഖാബുമായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചർച്ചയിലെ ചില ആശയങ്ങളെ പറ്റിയുള്ള സംശയങ്ങളാണ് ഇത്: 1. നമ്മുടെ മതജീവിതത്തിലോ ചരിത്രത്തിലോ അതിന് യഥാർത്ഥമായ വേരുകളില്ല. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ മതയാഥാസ്ഥിതികത്വവും മതതീവ്രതയും കൈകോർത്ത് സ്ത്രീജീവിതത്തിൽ അടിച്ചേൽപ്പിച്ച പല നിയന്ത്രണങ്ങളിൽ ഒന്നാണത്. Sunil Elayidom(സുനിൽ പി ഇളയിടം)

ഇതിൽ എനിക്ക് മനസ്സിലാവാത്ത കാര്യം ഈ ‘നമ്മുടെ മതജീവിതം’ എന്നാൽ ആരുടെയാണ്? നിങ്ങൾ ഉൾപ്പെടുന്ന ഒരു ‘നമ്മുടെ’യെ സംബന്ധിച്ചിടത്തോളം അത് ചിലപ്പോൾ ശരിയായിരിക്കും. എന്നാൽ, ആ ‘നമ്മുടെ’ക്ക് പുറത്ത് ജീവിക്കുന്ന ഒരുപാട് രീതിയിലുള്ള മതകീയ ജീവിതങ്ങളുണ്ട്. എന്നാൽ ‘നമ്മുടെ’ എന്ന ഒരു നിഷ്കളങ്ക ജനാധിപത്യ പ്രയോഗത്തിലൂടെ, നിങ്ങളുടെ ‘നമ്മുടെ’ക്ക് പുറത്ത് നിൽക്കുന്ന ഒരുപാട് മറ്റു ‘നമ്മുടെ’ എന്ന് സംസാരിക്കുന്ന ജീവിതങ്ങളെ നിങ്ങളുടെതിലേക്ക് ഒതുക്കിത്തീർക്കാനുള്ള ഈ ശ്രമം തീർത്തും പ്രശ്നകാരമാണ്. നിങ്ങളുടെ ‘നമ്മുടെ’യിൽ പെടാത്ത ഒരുപാട് ജീവിതങ്ങൾ ഉണ്ടെന്ന് അറിഞ്ഞിട്ട് പോലും – ഒരു ചരിത്രജ്ഞാനമുള്ള വ്യക്തിയായതിനാൽ അങ്ങനെ ആയിരിക്കും എന്നാണ് ഞാൻ കരുതുന്നത് – അവയെയെല്ലാം ഒരു ഒറ്റ ‘നമ്മുടെ’ക്ക് കീഴിൽ ചുരുക്കുന്നതിലെ നമുക്ക് പുറത്തും, നമ്മൾ കണ്ടതിന് പുറത്തും ഒരു ലോകമുണ്ടെന്ന് അംഗീകരിച്ചു നൽകാനുള്ള ഒരു പ്രത്യയശാസ്ത്രപരമായ ദാരിദ്ര്യം വ്യക്തമാണ്.

ഇനി, നമ്മുടെ ചരിത്രം എന്നാൽ ആരുടെ ചരിത്രമാണ്? കേരളത്തിന്റെയോ? മലയാളികളുടെയോ? അങ്ങനെയെങ്കിൽ നിങ്ങൾക്ക് തോന്നുന്നുണ്ടോ കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ ചരിത്രം നിങ്ങൾ പറയുന്ന ചിത്രമാണെന്ന്? നിങ്ങൾ പറയുന്ന ‘മലയാളിയുടെ’യും ‘കേരളത്തിന്റെ’യും ചരിത്രം മാത്രമാണ് അവരുടെ ചരിത്രം എന്ന്? അല്ല, എന്നാണ് എനിക്ക് തോന്നുന്നത്. ഭാഷയുടെയും, ടെറിട്ടറിയുടെയും, നിലനിൽക്കുന്ന ടെറിട്ടറിയുടെ സംസ്കാരവും മാത്രമേ ആ നാട്ടിൽ ജീവിച്ചിരിക്കുന്നവർക്ക് പാടുള്ളൂ എന്ന ഒരു ദാർഷ്ട്യം ഉള്ള ആൾക്ക് മാത്രമേ പർദ്ദ കേരളത്തിന്റെ സംസ്കാരമല്ല, അല്ലെങ്കിൽ മലയാളിയുടെ സംസ്കാരമല്ല എന്നൊക്കെയുള്ള കാരണം കൊണ്ട് അതിനെ എതിർക്കാൻ പറ്റൂ. ഇനി, മുസ്‌ലിം ചരിത്രത്തിലെ – ഇന്ന് കേരളം എന്ന് പറയപ്പെടുന്ന ജിയോഗ്രഫിക്കകത്ത് ജീവിക്കുന്ന മുസ്‌ലിംകളുടെ ചരിത്രത്തിലെ – ആഗോള ലോകവുമായുള്ള ബന്ധം കേരളത്തിന് ഒരു ‘നൈതിക’ സംസ്കാരം ആരംഭിക്കുന്നതിനും എത്രയോ മുൻപുള്ളതാണ്. അതിനാൽ, തന്നെ മുസ്ലിം ചിന്തയെയും, ലോക ഭാവനയെയും, സ്വന്തം സ്വത്ത്വം എന്തായിരിക്കണമെന്ന ധാരണയെയും എല്ലാം അവരുടെ അറബ് – ആഗോള – ബന്ധങ്ങൾ നിര്ണയിച്ചിരുന്നു. അതിനാൽ, കേരളത്തിൽ താമസിക്കുക, മലയാളം സംസാരിക്കുക എന്നതുപോലെ പോലെ തന്നെ അറേബ്യ ആയുള്ള, യെമൻ ആയുള്ള, ആഫ്രിക്ക ആയുള്ള – അവിടത്തെ ഇസ്‌ലാം ആയുള്ള – ബന്ധവും അവരുടെ ചരിത്രത്തിന്റെ ഭാഗമാണ്. അതായത്, ഇനി പർദ്ദ നിങ്ങൾ പറയുന്നത് പോലെ തന്നെ അറേബ്യയിൽ നിന്ന് വന്നതാണെങ്കിലും ആ അറേബ്യ കേരളത്തിലെ മുസ്ലിം ചരിത്രത്തിന്റെ ഭാഗമാണ്. അതായത്, ആ അറേബ്യയും, ഇസ്‌ലാമും ഒക്കെയായുള്ള ബന്ധവും കൂടെ കേരളത്തിന്റെ മുസ്ലിം ചരിത്രത്തിന്റെ ഭാഗമാണ്. അപ്പോൾ, നിങ്ങൾ പറഞ്ഞ പോലെ ‘നമ്മുടെ ചരിത്രത്തിന്റെ ഭാഗമല്ല’ എന്നതിൽ മുസ്ലിംകൾ പുറത്താണ്. കാരണം, അറേബ്യ അവരുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഇനി, നിങ്ങൾ പറഞ്ഞതിൽ ‘കേരളത്തിലെ മുസ്ലിംകൾ’ കൂടെ ഭാഗമാകും എന്നാണെങ്കിൽ ‘കേരളത്തിലെ മുസ്ലിംകൾക്ക് കേരളം എന്ന പ്രദേശത്തിന്റെയും, മലയാളം എന്ന ഭാഷ സംസാരിക്കുന്നവരുടെയും സംസകാരമല്ലാതെ മറ്റൊന്നും പാടില്ല എന്ന ഒരു തരം എത്നിക് ദാർഷ്ട്യത, അല്ലെങ്കിൽ അവ രണ്ടുമല്ലാത്ത മുസ്‌ലിം സ്വാധീനങ്ങളൊന്നും അവരുടെ ചരിത്രത്തിന്റെ ഭാഗമാവാൻ പാടില്ല എന്ന ഒരുതരം മുൻധാരണ’ നിങ്ങളിലുണ്ട്. രണ്ടും ഒരു പക്വതയുള്ള സാമൂഹിക നിരീക്ഷകന്റെയോ, ചരിത്രകാരന്റെയോ സ്വഭാവമല്ല. അതിനാൽ, വളരെ പരിമിതമായ ഒരു ‘ടെറിട്ടോറിയൽ’ ചിന്താഗതി നിങ്ങളുടെ ഈ നിലപാടുകളെ ഗ്രസിച്ചു നിൽക്കുന്നതായി കാണാൻ സാധിക്കുന്നുണ്ട്.

പിന്നെ ഒരു കാര്യം, മുസ്ലിം സമൂഹത്തിന്റെ ചരിത്രം എന്നത് എന്നും ടെറിട്ടറികളെയും, അതിരുകളെയും ഭേദിച്ചതിന്റെയും ചരിത്രം കൂടിയാണ്. അതിനാൽ, നിങ്ങളുടെ പരിമിതമായ ടെറിട്ടോറിയൽ ചരിത്രവായനയിൽ മുസ്‌ലിം ചരിത്രത്തെയും പ്രതിഷ്ഠിക്കുക എന്നത് ചിലപ്പോൾ അസാധ്യമായിരിക്കും.

‘മതയാഥാസ്ഥിതികത്വവും മതതീവ്രതയും കൈകോർത്ത് സ്ത്രീജീവിതത്തിൽ അടിച്ചേൽപ്പിച്ച പല നിയന്ത്രണങ്ങളിൽ ഒന്നാണത്’ എന്ന വാക്ക് ആരെയാണ് പ്രതിനിധീകരിക്കുന്നത്? ഉമ്മുൽ ഫായിസ Ummul Fayiza ചോദിച്ചത് പോലെ ‘നിങ്ങൾ നിഖാബ് ധരിച്ച ഏതെങ്കിലുമൊരു സ്ത്രീയോട് അവരുടെ അനുഭവം ചോദിച്ചിട്ടുണ്ടോ?’ അല്ലെങ്കിൽ അത് സ്വയം ഏറ്റേടുത്തവരായുള്ള ഒരുപാട് മുസ്ലിം സ്ത്രീജീവിതങ്ങൾ കേരളത്തിലുണ്ട്. അവർ, ഇന്ന് ചിലപ്പോൾ നിങ്ങളുടെ (നമ്മുടെ) ഈ വ്യാകുലതകൾ പോലും കേൾക്കുന്നുണ്ടാവില്ല. അവരുടെ അനുഭവം നിങ്ങൾ കേൾക്കണം. പക്ഷെ, എനിക്ക് തോന്നുന്നില്ല നിങ്ങൾക്കതിന് സാധിക്കുമെന്ന്. കാരണം, നിങ്ങളോട് മറുപടി പറയാനായി, ആദ്യം അവരെ നിങ്ങൾക്ക് കാണാനോ, അവരുടെ ശബ്ദം കേൾക്കാനോ സാധിക്കുന്ന രൂപത്തിൽ പോലും ‘അവർ നിങ്ങൾക്ക് മുന്നിൽ സ്വയം പ്രത്യക്ഷപ്പെടുത്തില്ല. അതിനാൽ, നിഖാബിന്റെയും പർദ്ദയുടെയും ഒരു ‘ഫസ്റ്റ് ഹാൻഡ് റിസോഴ്‌സ്’ കളക്ട് ചെയ്യാനുള്ള ഫീൽഡ് നിങ്ങൾക്കിന്നും ക്ലൊസ്ഡ് ആണ്. എന്നാൽ, ആ ഫീൽഡിനെ പറ്റിയാണ് നിങ്ങൾ സംസാരിക്കുന്നതും എന്നോർക്കുകയും വേണം. ‘മതയാഥാസ്ഥികത്വം’ ‘മതതീവ്രത’ എന്നൊക്കെ നിങ്ങൾ പറയുമ്പോൾ ‘സ്വന്തം പരലോകം വിജയമാക്കാൻ’ അത് സ്വയം ഏറ്റേടുത്ത സ്ത്രീകളെ നിങ്ങൾ എവിടെയാണ് പ്രതിഷ്ഠിക്കുക? അത്തരം, സ്ത്രീകളെ നിങ്ങൾക്കെവിടെയും പ്രതിഷ്ഠിക്കാൻ പറ്റിയില്ലെങ്കിലും കുറഞ്ഞ പക്ഷം അത്തരം ഒരു വലിയ സമൂഹം ഉണ്ടെന്നെങ്കിലും മനസ്സിലാക്കുക. മറിച്ച്, നിങ്ങൾക്ക് ദൃശ്യതയുള്ള ‘മുസ്ലിം ഫെമിസ്നിസ്റ്റ്’ ചട്ടക്കൂടിനകത്തേക്ക് അവരെ കൂടെ ജെനറലൈസ് ചെയ്ത് മനസ്സിലാക്കാതിരിക്കുക. കാരണം, ആ ജെനറലൈസേഷൻ നിങ്ങളുടെ ചരിത്ര-വാസ്തവികതയുടെ എല്ലാ പ്രാമാണികതയും ഇല്ലാതാക്കുന്നുണ്ട്.

2. ഇന്ന് ജീൻസ് ഉൾപ്പെടെയുള്ളവ തങ്ങളുടെ സൗകര്യത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും സ്വാധികാരത്തിന്റെയും ആവിഷ്കാരമെന്ന നിലയിൽ സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങളാണ്.

എങ്ങനെയാണ് ‘ജീൻസ് ഉൾപ്പെടെയുള്ള തങ്ങളുടെ സൗകര്യത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും സ്വാധികാരത്തിന്റെയും ആവിഷ്കാരമെന്ന നിലയിൽ സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങളായി മാറിയത്?’ ആ മാറ്റത്തിന്റെ വംശാവലി എന്താണ്? എന്നുമുതലാണ് ജീൻസ് മലയാളി സമൂഹത്തിന്റെ ഭാഗമായത്? ഭാഗമായത് പോട്ടെ, എന്ന് മുതലാണ് കേവലം ഒരു ഭാഗം എന്നതിൽ നിന്ന് സ്വാതന്ത്ര്യമായി മാറിയത്? ആ ഘട്ടങ്ങളെയൊക്കെ നിങ്ങൾ ചരിത്രപരമായി അടയാളപ്പെടുത്തിയിട്ടുണ്ടോ?

ഇനി, ഒരുകാലത്ത് കേരളീയ വസ്ത്രം തിരസ്കരിക്കപ്പെടുകയും, ആധുനികതയുടെ അടയാളമായി പാൻസും, ജീൻസും വിപണി കീഴടക്കുകയും ചെയ്ത്, പാശ്ചാത്യ ആധുനിക സംസ്കാരം ഇന്ത്യയിലേക്ക് കടന്നുവരുന്ന സമയത്ത്, ജനങ്ങൾ അത് സ്വാതന്ത്ര്യമായി ഏറ്റേടുത്തപ്പോൾ, “അത് നിങ്ങളുടെ സ്വാതന്ത്ര്യമല്ല. അതാണ് നിങ്ങളുടെ സ്വാതന്ത്ര്യം എന്ന് തോന്നിക്കുന്നിടത്താണ് പാശ്ചാത്യ അധിനിവേശത്തിന്റെയും, കൾച്ചറൽ ക്യാപിറ്റലിസത്തിന്റെയും വിജയം. മാർക്സ് പറഞ്ഞത് പോലെ “നിങ്ങൾ വഞ്ചിതരാവുന്നത് നിങ്ങൾ അറിയുന്നില്ല”. അതാണ് നിങ്ങൾക്കങ്ങനെ തോന്നാൻ കാരണം” എന്നൊക്കെ പറഞ്ഞ് ആൽത്തൂസറുടെയും, മാർക്സിന്റേയും, ഗ്രാംഷിയുടെയും ഒക്കെ ‘ഐഡിയോളജിക്കൽ’ തത്ത്വങ്ങൾ പറഞ്ഞ് നാട് നന്നാക്കാൻ ഇറങ്ങിയിരുന്നു മാർക്സിസ്റ്റ് ബുദ്ധിജീവികൾ തന്നെയാണ് ഇപ്പോൾ ‘ജീൻസ് നൽകുന്ന സ്വാതന്ത്ര്യത്തിന്റെ സർവ്വലൗകികത’യെ പറ്റി പറയുന്നത് എന്നോർക്കുമ്പോൾ, അന്ന് പറഞ്ഞിരുന്നതൊക്കെ ഏതു ചരിത്രത്തിന്റെ ഭാഗമായിരുന്നുവെന്നാണ് എനിക്ക് സംശയം വരുന്നത്.

3. എല്ലാ നവോത്ഥാനത്തിനും ഇളയിടം മാഷിനുള്ള ഒരു ന്യായമുണ്ട്: “എല്ലാ അനാചാരങ്ങളും അവ ഇല്ലാതാക്കപ്പെടുന്നത് വരെ അംഗീകരിക്കപ്പെട്ട ആചാരങ്ങൾ തന്നെയായിരുന്നു” എന്ന്. അതിനാൽ, പർദ്ദയുടെ വിഷയത്തിലും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതുണ്ടാവും. കാരണം, അതൊഴിവാക്കപ്പെടുമ്പോഴേ ഇന്ന് അതിനു വേണ്ടി വാദിക്കുന്ന മുസ്ലിംകൾ പോലും അംഗീകരിക്കൂ ‘അതൊരു കണിശമായ അനാചാരമായിരുന്നു/തെറ്റായ മത നിയമമായിരുന്നു’ എന്നൊക്കെ. വിപ്ലവങ്ങളാണ്, മാഷിനെ സംബന്ധിച്ചിടത്തോളം അനാചാരങ്ങളെ ഇല്ലാതാക്കുന്നത്. അതായത് ഇപ്പോൾ മാഷും, ഫസൽ ഗഫൂറും ഒക്കെ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത് അത്തരം ഒരു വിപ്ലവത്തിലാണ്.

എന്നാൽ, വിപ്ലവത്തെ കുറിച്ച് മറ്റൊരാലോചന കൂടെ സാധ്യമാണ്. അതായത്, വിപ്ലവത്തെ കേവലം ഒരു ടൂൾ ആയെടുക്കാതെ അതിന്റെ സംഘടിതമായ പ്രക്രിയയെ തന്നെ ഒന്ന് നോക്കുകയാണെങ്കിൽ, വിപ്ലവകാരികൾക്ക് എന്നത് പോലെ ‘വിപ്ലവം’ എന്ന ക്രിയക്കും ഒരു അധികാരമുണ്ട്. അതിന്, അത് എന്തിനെതിരെയാണോ വിപ്ലവം നടത്തുന്നത്, അതിനെ നിർണ്ണയിക്കാനുള്ള കഴിവുണ്ട്. അതായത്, വിപ്ലവം എപ്പോഴും മുൻപേ അനാചാരമായിരുന്ന ഒന്നിനെതിരെ ആയിരിക്കണമെന്നില്ല, മറിച്ച് ആചാരമോ, അനാചാരമോ ഒന്നുമില്ലാതിരുന്ന ഒന്നിനെ വേണമെങ്കിൽ വിപ്ലവത്തിന് ഒരു അനാചാരമാക്കി തീർക്കാം. അതായത്, വിപ്ലവം എന്നത് ‘അനാചാരത്തിനെതിരെയുള്ള കലഹമാണെ’ന്നുള്ള സാമൂഹിക വിശ്വാസം നിലനിൽക്കുന്നിടത്തോളം കാലം, വിപ്ലവത്തിന് അതിനെ മുതലെടുത്ത് എന്തനെതിരെയും കലഹം പ്രഖ്യാപിക്കാവുന്നതാണ് – അതുവഴി അതിനെ ആദ്യം ‘അനാചാരം’ എന്ന പേര് വീഴ്ത്തിക്കൊടുക്കാവുന്നതുമാണ്. അതായത്, ‘എടാ കള്ളാ’ എന്ന ഒരു പോലീസുകാരന്റെ ഉറക്കെയുള്ള വിളിക്ക് അവിടെ വെറുതെ നിൽക്കുന്ന ഒരു സാധരണക്കാരൻ അറിയാതെ തലതിരിച്ചുപോയാൽ ആ നിമിഷം അവൻ എങ്ങനെയാണ് ‘കള്ളനായി സമൂഹത്തിൽ മനസ്സിലാക്കപ്പെടുന്നത്’ എന്നാലോചിച്ചാൽ അത് മനസ്സിലാകും. പർദ്ദയുടെ വിഷയത്തിൽ വിപ്ലവത്തെ തന്നെ അത്തരത്തിൽ പ്രത്യയശാസ്ത്രപരമായി വായിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. കാരണം, ഫസൽ ഗഫൂറും, സുനിൽ മാഷും അതിനെതിരെ കലഹം പ്രഖ്യാപിച്ചതിലൂടെ അത് ആദ്യം ഒരു ‘അനാചാരമാണ്’ ആയിത്തീരാൻ പോകുന്നത്. എന്നിട്ടേ, അത് നിർത്തലാക്കപ്പെടുകയുള്ളൂ. അതിനാൽ, അവരിപ്പോൾ അതിനെ അനാചാരമാക്കാനുള്ള ശ്രമത്തിലാണ് എന്ന് വേണം കരുതാൻ. അപ്പോൾ, മൗലികമായി പർദ്ദ നിരോധിക്കപ്പെടുന്നതിന് മുൻപ്, അതിനെയെങ്ങനെയാണ് ‘സ്വയം വിപ്ലവത്തിന്റെ കർതൃത്തം’ ഏറ്റെടുക്കുന്നതിലൂടെ ഫസൽ ഗഫൂറും, സുനിൽ മാഷും ചേർന്ന് ‘അനാചാരമാക്കുന്ന’ ആ പ്രക്രിയയിലാണ് നമ്മുടെ ശ്രദ്ധ പതിയേണ്ടത്.

മാത്രമല്ല, വിപ്ലവത്തിന്റെ സംഘശക്തിക്കും അതെന്തിനെതിരെയാണോ, അതിനെ തെറ്റാക്കാൻ സാധിക്കും. കാരണം, കമ്മ്യൂണിസത്തിലെന്ന പോലെ, സാമൂഹികമായ പൊതുബോധത്തിൽ ‘വ്യക്തിയേക്കാൾ സമൂഹത്തിന് നൽകുന്ന സ്ഥാനം’ അവിടെ മുതലെടുക്കപ്പെടുകയാണ് അവിടെ സംഭവിക്കുന്നത്. കാരണം, ഫസൽ ഗഫൂറിന്റെ കൂടെ സുനിൽ മാഷും കൂടെ ചേരുന്നതിലൂടെ പർദ്ദയിട്ട മുസ്ലിം സ്ത്രീ അല്പം കൂടെ ഭീകരയാവുകയാണ്. കാരണം, ആളുകൾ കൂടുന്നതനുസരിച്ച് (കൂടുതലാളുകൾക്ക് പകരം അധികാരം, ജനസമ്മതി എന്നിവയൊക്കെയുള്ള ആളുകളായാലും മതി. അതെല്ലാം ഭൂരിപക്ഷം എന്ന വാക്കിന്റെ അർത്ഥപരിധിയിൽ തന്നെയാണ്) – ജനാധിപത്യത്തിന്റെ വലിയൊരു പരിമിതിയും അതുതന്നെയാണ് – അവരുടെ ചെയ്തിക്ക് ആധികാരികത കൂടും. അതായത്, ഒരാൾ മറ്റൊരാളെ ആക്രമിച്ചാൽ രണ്ടാളിലും ‘പ്രതി’യുടെ സാധ്യത നിലനിൽക്കുന്നുണ്ടെങ്കിൽ, ഒരു പത്താൾ ഒരാളെ ആക്രമിച്ചാൽ അവിടെ പ്രശനം ‘അക്രമിക്കപ്പെട്ടവന്റെ അടുക്കലാണ്’ – കാരണം അവൻ ഒരാളെ ഉള്ളൂ, മറ്റുള്ളവർ പത്താളുണ്ട് (മധുവിന്റെ വിഷയത്തിൽ ഇത് വ്യക്തമായി കാണാവുന്നതാണ്). ഒറ്റപ്പെട്ടവർക്കും, ന്യൂനപക്ഷങ്ങൾക്കും എതിരെയുള്ള ഈ സാമൂഹിക ഹിംസയുടെയും, പ്രയോഗങ്ങളുടെയും – ജനാധിപത്യപരമായ (?) – ആധികാരികത ലെനിനും, സ്റ്റാലിനും മുതൽ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അതിന്റെ താർക്കികാടിത്തറയായി ഉപയോഗിക്കുന്നതാണല്ലോ. അതിനാൽ, സുനിൽ മാഷിനും ആ ന്യായം വളരെ കൃത്യമായി പ്രയോജനപ്പെടുത്താൻ അറിയുമായിരിക്കും. അതിനാൽ ‘വിദ്യാഭ്യാസമുള്ള മുസ്ലിമിന്റെ’ ഉദാത്ത മാതൃകയായ ഫസൽ ഗഫൂറിനൊപ്പം, സെക്കുലർ സാമൂഹിക ചിന്തകൻ എന്ന പ്രശസ്തിയുള്ള (ഭൂരിപക്ഷ-നായ) സുനിൽ മാഷും ചേരുമ്പോൾ, മറുചേരിയിലുള്ള പർദ്ദ ധരിച്ച മുസ്ലിം സ്ത്രീകൾ വിദ്യാഭ്യാസത്തിനും, സെക്യൂലറിസത്തിനും എതിരിൽ പ്രതിഷ്ഠിക്കപ്പെടുകയാണ്. ആ പ്രക്രിയയെയും വളരെ ശ്രദ്ധയോടെ വേണം മനസ്സിലാക്കാൻ.

LEAVE A REPLY

Please enter your comment!
Please enter your name here