ആമുഖം
എക്കാലത്തും അന്വേഷണത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്നാണ് ഗവേഷണ രംഗം പ്രവര്‍ത്തിച്ചത്. ഒരു സമൂഹത്തിന്റെ അസ്തിത്വപരമായ അടയാളപ്പെടുത്തലിനു ചരിത്ര പഠനം സഹായിക്കുന്നു. ചരിത്രത്തില്‍ തങ്ങളുടേതായ ഇടപെടലുകളെ അടയാളപ്പെടുത്തിയ രണ്ടു പ്രധാന നാഗരകിതകളുടെ പാരസ്പര്യത്തെ പരിശോധിക്കുകയാണ് ഈ ചെറിയ അന്വേഷണത്തില്‍. ഇറം ആര്യന് എന്നീ രണ്ട് പുരാതന ജനവിഭാഗങ്ങളുടെ പാരസ്പര്യം തെളിയിക്കപ്പെടുകയാണിവിടെ. ആര്യന്മാരുടെ ആഗമനം ഇറാനില്‍ നിന്നാണെന്നാണ് പ്രബലാഭിപ്രായം. ഇറമുകള്ക്ക് പേര്യഷ്യയുമായുള്ള ബന്ധം ചരിത്ര ഗ്രന്ഥങ്ങള്‍ തെളിയിക്കുന്നു. പുരാതന ഫാരിസാണ് (പേര്‍ഷ്യ) ഇറാനെന്ന് അറിയപ്പെടുന്നത്. നാഗരിക വിശേഷണങ്ങളില്‍ രണ്ട് സമൂഹവും പാരസ്പര്യം കാത്തുസൂക്ഷിക്കുന്നു. പുരാതന ഖനന മേഖലകള്‍ ഇത് തെളിയിക്കുന്നു. ഭാഷാപ്രയോഗത്തിലൂടെയും പ്രാചീന ഇറാനീയരും ഇന്‍ഡോ ആര്യന്മാരും തമ്മിലുള്ള ബന്ധം വ്യക്തമാവുന്നു.
* * * * * *
ഇറം, ആര്യന്: പദപ്രയോഗങ്ങളിലെ സാദ്യശ്യം
ഇറം എന്നാല്‍ ഉന്നതം, ശ്രേഷ്ഠം എന്നിങ്ങനെയാണ് അറബിഭാഷ നിഘണ്ടു അര്‍ത്ഥം നല്‍കുന്നത്. പര്‍വ്വതം, വഴിയടയാളക്കല്ല് എന്ന അര്‍ത്ഥത്തിലും ഇറം പ്രയോഗമുണ്ട് (ലിസാനുല്‍ അറബ് 1/92).
ഖുര്‍ആനില്‍ സൂറതുല്‍ ഫജ്റിന്റെ 7-ാം സൂക്തത്തില്‍ ഇറമിനെ പരാമര്‍ശിക്കുന്നു. ഇറമിനെ വിവക്ഷിക്കുന്നതില്‍ മുഫസിറുകള്‍ ഭിന്നാഭിപ്രായക്കാരാണ്. നൂഹ് നബിയുടെ പിന്മുറക്കാരായ ആദ് സമൂഹത്തെയാണ് ഉദ്ദേശിക്കുന്നതെന്നാണ് ഒരു അഭിപ്രായം. നൂഹ് നബിയുടെ മകന് സാമിന്റെ മകന് ഇറമിന്റെ മകന് ഔസിന്റെ മകനാണ് ആദ്. പില്കാലത്ത് ആദ് ഒരു ഗോത്രനാമമായി മാറി. ഈ ഗോത്രത്തിന്റെ മുന്‍ഗാമികള്‍ ആദ് ഊലാ (ഒന്നാം ആദ്) എന്നും പിന്‍ഗാമികള്‍ ആദ് ആഖിറ (അവസാന ആദ്) എന്നും അറിയപ്പെടുന്നു. (സൂറത്തുന്നജ്മ്: 50 ) പിതാമഹനിലേക്ക് ചേര്‍ത്തിയാണ് ആദ് സമൂഹത്തെ ഇറം എന്ന് വിശേഷിപ്പിക്കുന്നത്. ഇറം ആദ് സമൂഹത്തിന്റെ നാടാണെന്നഭിപ്രായവുമുണ്ട്. അത് അലക്സാണ്ട്രിയ, ഡമസ്കസ് എന്നീ പ്രദേശങ്ങളാണെന്ന് പറയപ്പെടുന്നു. സുറതുല്‍ അഹ്ഖാഫില്‍ ആദിന്റെ നാട് അഹ്ഖാഫ് ആണെന്നു പറയുന്നുണ്ട് (46/2). അലക്സാണ്ട്രിയും ഡമസ്കസും അഹ്ഖാഫിന്റെ പരിധിയില്‍ വരാത്തത് കൊണ്ട് ഈ അഭിപ്രായത്തിന്റെ പ്രബലത നഷ്ടപ്പെടുന്നു. ആദ് സമൂഹത്തിന്റെ നിര്‍മിതികളാണ് ഇറമെന്നാണ് മറ്റൊരു പക്ഷം.(തഫ്സീറുറാസി 11-55) കാരണം ആദിന്റെ പിന്‍ഗാമിയും ശക്തനുമായ ശദ്ദാദ് രാജാവ് യമനില്‍ സ്വര്‍ഗതുല്യമായ ഒരു ഉദ്യാനവും കൊട്ടാരവും നിര്‍മിച്ച ചരിത്രം തഫ്സീര്‍ റാസി, ഹാസിന് എന്നിവര്‍ പരാമര്‍ശിക്കന്നുണ്ട്. പേര്‍ഷ്യന്‍, അറബി സാഹിത്യങ്ങളിലും പ്രസ്തുത സംഭവം കാണാം. പ്രസിദ്ധ പേര്‍ഷ്യന്‍ കവി ഉമര്‍ ഖയ്യാമിന്റെ (ക്രി. 1123 ല്‍ മരണം ) പ്രസ്തുത ഉദ്യാനം പരാമര്‍ശിക്കുന്നു.
റോസിനു വിളിപ്പെട്ടോ രീരാമും മുടിഞ്ഞു പോയ്
ജംഷീദിന് ഏഴു വളക്കെട്ടുള്ള കപ്പെങ്ങോ പോയ്
എന്നാലുമിന്നും തോട്ടം പൂക്കുന്നു. തോട്ടില്‍ വക്കില്‍
മുന്നെപ്പോല്‍ മാണിക്യങ്ങളുതിര്പ്പു ദ്രാക്ഷാവല്ലി
-റുബാഇയ്യാത്
ബൈബിളിലെ ഉല്പത്തി പുസ്തകത്തിലും ഒന്നാംദിന വൃത്താന്തത്തിലും പറയുന്ന ആരാം തന്നെയാണ് ഇറമെന്ന് പ്രശസ്ത ചരിത്രകാരന് സുലൈമാന്‍ നദ്വി സമര്‍ത്ഥിക്കുന്നു. ആരാം അറബിയിലെ ഇറമിന്റെ ഹീബ്രു പദമാണ്. അറബിയിലെ ഇറമും ഹീബ്രുവിലെ ആരാമും അര്ത്ഥസാദ്യശ്യത പുലര്‍ത്തുന്നുണ്ട്. ഉന്നതം സ്രേഷ്ഠം, മഹത്വം എന്നിങ്ങനെയാണ് ആരാമിന് അര്‍ത്ഥം നല്‍കുന്നത് ( അര്‍ളുല്‍ ഖുര്‍ആന്‍ 1/128 ) (പാചീന ഗ്രീക്കു ശാസ്ത്രജ്ഞര്‍ക്ക് വിശിഷ്യാ ഭൂമിശാസ്ത്രജ്ഞര്‍ക്ക് ആദ് ഇറമിനെപ്പറ്റി കൃത്യമായ ധാരണയുണ്ടെണ് ബോധ്യപ്പെടുന്നു. മൗലാന നദ്വി രേഖപ്പെടുത്തുന്നു. യവന ഭൂമി ശാസ്ത്രജ്ഞര്‍മാര്‍ ഹളര്‍ മൗതിലെ ഒരു ഗോത്രത്തിന്റെ നാമമെന്ന നിലയില്‍ ആഡ്രമിട്ടായ് (adramitai) എന്നു പറഞ്ഞിട്ടുണ്ട്. ടായ് (tai) എന്നത് ഗ്രീക്കു ഭാഷയില്‍ വംശത്തെ കുറിക്കുന്ന പദമാണ്. യഥാര്‍ത്ഥ വാക്ക് ആഡ്രം (adram) എന്നത്രെ. ഖുര്‍ആനില്‍ ആദ് ഇറമിന്റെ ശരിയായ ഗ്രീക്ക് രൂപമാണത്. പക്ഷേ, ഹളര്‍മൗത്തിന്റെ ഗ്രീക്കു രൂപമാണെന്ന് പലരും ധരിച്ചുപോയിട്ടുണ്ട്. ഹളര്മൗത്തുകാരെ കുറിക്കുന്ന ഗ്രീക്കു ഭാഷയിലെ യഥാര്‍ത്ഥ പദം ഖാട്രമോട്ടിട്ടായി (chatramotitai) എന്നതാണ്. ബത്ലിമുസ് (ptolomy, മരണം ക്രി. 167) ആദ് വംശത്തെ ആഡിട്ടായി (aditai) എന്നും ഓര്ഡിട്ടായ് (oarditai) എന്നും രണ്ടു രൂപത്തില്‍ വ്യവഹരിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഹളര്മൗതുകാരാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. (അര്‍ളുല്‍ ഖുര്‍ആന്‍ 1/75,76)
ഋഗ്വേദം പറയുന്നു: യദുതുര് വംശരെ ദൂര ദിക്കില്‍ നിന്നും സുഖേനെതാന് കൊണ്ടുപോന്നു. യുവാവിന്ദ്രന്‍: സഖാവാക, നമുക്കവന്
(ഋഗ്വേദം, മണ്ഡലം 6, സൂക്തം 45 ഋക്: 1)
1 ലിസാനുല്‍ അറബ് 1/92 ഇബ്നു മന്‍ളുര്‍
2 തഫ്സീറുറാസി 11/55 ഹഖ്റുദ്ദീനു റാസി (റ)
3 ഉമര്‍ ഖയ്യാമിന്റെ റുബാഇയ്യാത് പേ: 4
4 അര്‍ളുല്‍ ഖുര്‍ആന്‍ – സുലൈമാന്‍ നദ്വി 1/128
* * * *
പാരസ്പര്യത്തിനു വഴിതുറക്കുന്ന ചരിത്രപശ്ചാത്തലം
നൂഹ് നബി (അ)ന് മൂന്ന് മക്കളാണുണ്ടായിരുന്നത്. സാം, ഹാം, യാഫിസ് എന്നിവരാണവര്‍. അറബികള്‍ യാം എന്നു വിളിക്കുന്ന കന്‍ആന്‍ എന്ന ഒരു മകന് പ്രളയത്തിലകപ്പെട്ടു. ആബര്‍ എന്ന മറ്റൊരു മകന് പ്രളയത്തിനു മുമ്പു മരിച്ചു. മൂത്ത മകനായ സാമില്‍ നിന്നാണ് സെമിറ്റിക്കുകള്‍ ഉരുവം കൊള്ളുന്നത്. സാമിന് അഞ്ച് മക്കളുണ്ട്. അര്‍ഫഖ്ശദ്, വലാദ്, ഇറം, അശ്വദ്, ഗലീം എന്നിവരാണവര്‍. ഔസ്, കാസര്, ഉബൈല്‍ എന്നിവരാണ് ഇറമിന്റെ മക്കള്‍. ഔസില്‍ നിന്നാണ് ആദ് വരുന്നത്. റുമാല്‍, അഹ്ഖാഫ്, ഹളര്‍മൗത്ത് പ്രദേശമാണ് അവരുടെ വാസസ്ഥലം ഇബ്നു ഖല്ദൂന് ഇമാം ത്വബ്രിയെ ഉദ്ധരിക്കുന്നു: അറബികള്‍, പേര്‍ഷ്യക്കാര്‍, റോമക്കാര്‍ എന്നിവരുടെ പിതാവാണ് സാം. യാഫിസ് തുര്‍ക്കികളുടെയും സ്വബാലിഖത്ത്, യഅ്ജൂജ് മഅ്ജൂജ് എന്നിവരുടെ പിതാവ്. ഖിബ്തികള്‍ സുഡാനികള്‍, ബാര്ബേറിയന്മാര് എന്നിവര്‍ ഹാമില്‍ നിന്നുമാണ് ( താരിഖ് ബ്നു ഖല്ദൂന് 1/8)
ജലപ്രളയത്തിനു ശേഷം രക്ഷ നേടിയവര്‍ ഭൂമി വീതിച്ചെടുത്തു. സാമിന് മദ്ധ്യേഷ്യന്‍ ഭാഗങ്ങളാണ് ലഭിച്ചത്.
(താരീഖുത്വബ്രി: 1/124) വിശ്രുത ചരിത്രഗ്രന്ഥമായ ത്വബഖാതുല്‍ കുബ്റയില്‍ രേഖപ്പെടുത്തുന്നു: അറബികള്‍, പേര്‍ഷ്യക്കാര്‍, നബ്ത്വികള്‍, ഹിന്ദ്, സിന്ദ്, ബന്ദ് എന്നിവയെല്ലാം സാമിന്റെ പരമ്പരയില്‍ നിന്നാണ്.
ഇറമുകളുടെ സഞ്ചാരത്തെക്കുറിച്ചും അധികാര മനോനഭാവത്തെക്കുറിച്ചും ചരിത്രകാരന്മാര് രേഖപ്പെടുത്തുന്നുണ്ട്. ഇബ്നുഖല്‍ദൂനിന്റെ വാക്കുകള്‍ ഇങ്ങനെ വായിക്കാം: ജനസാന്ദ്രത വര്ധിച്ചച്ചപ്പോള് അവര്‍ ബാബിലോണില്‍ നിന്നും ജസീറത്തുല്‍ അറബിലേക്ക് പലായനം ചെയ്തു. ആദ്യകാലത്ത് ജസീറത്തുല്‍ അറബിന്റെ മലയോര മേഖലകളില്‍ കുടിലുകള്‍ കെട്ടി താമസിച്ചു. പിന്നീട് ഓരോ വിഭാഗത്തിനും രാജാക്കന്മാരുണ്ടായി. കെട്ടിടങ്ങളും കോട്ടകളും ഉയര്‍ന്നുവന്നു (1/21). ഹിജാസ്, യമന്‍, അബ്സീനിയ, ശാം, ഇറാഖ്, ബഹറൈന്‍, പേര്‍ഷ്യന്‍ നാടുകള്‍, ഹിന്ദ്, കിര്‍മാന്‍, ഖുറസാന്‍, തുടങ്ങിയ ലോകത്തിന്റെ വിവിധ കുന്നുകളില്‍ അവരുടെ സാന്നിധ്യം ഉണ്ടായിരുന്നു (ibid 1/18,19). ആദ്യമായി ഭരണാധികാരിയായത് പിതാമഹനായ ആദായിരുന്നു. ഇമാം ബൈഹഖി (റ) പറയുന്നു അദ്ദേഹം 300 വര്‍ഷം ജീവിച്ചു. അതിനുശേഷം അവര്‍ ഇറാഖ്, ഹിന്ദ്, ശാം തുടങ്ങി അനവധി പ്രദേശങ്ങളില്‍ അധീശത്വം സ്ഥാപിച്ചു (ibid 1/22).
aryan എന്ന പദത്തെ ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറി വിശദീകരിക്കുന്നത് ഏകദേശം ബി.സി. 1500 കാലഘട്ടത്തില്‍ സൗത്ത് ഏഷ്യയിലേക്ക് കുടിയേറിയവര്‍. ആര്യന്മാരുടെ വാസസ്ഥലത്തെ കുറിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും മധ്യേഷ്യയാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അവിടെ നിന്ന് ബാക്ട്രിയ, പേര്‍ഷ്യ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചതിന് ശേഷമാണ് ആര്യന്മാര് ഇന്ത്യയിലേക്കെത്തുന്നത്. സൊറസ്ട്രിയക്കാരുടെ വേദഗ്രന്ഥമായ അവസ്തെയില്‍ ആരുനാം പേജാഹ് എന്നാണ് ജനങ്ങള്‍ അവരുടെ ആദ്യകാല വാസസ്ഥലത്തെ പരാമര്‍ശിക്കുന്നത്. അതുകൊണ്ട് സ്വന്തം നാടിനെ സൂചിപ്പിക്കണ രീതിയിലാണ് ആര്യന് എന്ന പദം ഉപയോഗിച്ചു തുടങ്ങിയതെന്ന് കരുതുന്നു. മധ്യകാല പേര്‍ഷ്യയില്‍ ആര്യ നാം പേജാഹ് എന്നത് എറാന്‍ വേജാഹ് എന്നായി മാറി ഇതില്‍ നിന്നാണ് ഇറാന് എന്ന വാക്ക് രൂപപ്പെടുന്നത്.
സെന്റ് അവസ്തെയിലെ ഭാഷയും ദൈവങ്ങളും വേദങ്ങളിലെ ഭാഷയും തമ്മിലുള്ള സാദൃശ്യതയില്‍ നിന്ന് ഇറാനില്‍ നിന്ന് വന്നവരാണ് ഇന്ത്യയിലെ ആര്യന്മാര് എന്നു അനുമാനിക്കാം. ഇന്ദ്രന്, വായു. മിത്രന് എന്നീ ദൈവങ്ങള്‍ ഇരുകൂട്ടര്ക്കുമുള്ളതായി കാണുന്നു.
അവസ്തെയില്‍ പരാമര്‍ശിക്കുന്ന ആര്യ നാമം വേജാഹ് സമര്ഖന്തിനും ബുഖാറക്കും വടക്കുള്ള പ്രദേശമായിരിക്കണമെന്നാണ് വില്യം പോഗല് സാങ് എന്ന ചരിത്രകാരന് അഭിപ്രായപ്പെടുന്നത്. ഇതിലൂടെ ആര്യന്മാര് ഇറാനില്‍ നിന്ന് വന്നവരാണെന്ന് കരുതാം. എന്നാല്‍ മധ്യേഷ്യയില്‍ നിന്നാണെന്ന് പൊതുവായി അഭിപ്രായവുമുണ്ട്.
ഇറാന് പുരാതന ഫാരിസിന്റെ ഭാഗമാണ്. അറബികള്‍, പേര്‍ഷ്യക്കാര്‍, റോമക്കാര്‍ എന്നിവര്‍ സാമിന്റെ മക്കളാണെന്ന ഇമാം ത്വബ്രിയുടെ അഭിപ്രായവും ആര്യന്മാര് ഇറാനില്‍ നിന്നാണെന്ന ചരിത്രരേഖകളും ഈറമും ആര്യന്മാരും തമ്മിലുള്ള പാരസ്പര്യം സാക്ഷ്യപ്പെടുത്തുന്നു. ഇബ്നു ഖല്ദൂന് സൂചിപ്പിച്ച ഖുറാസാന്‍ അടക്കമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇറം ആധിപത്യവും വില്യംപോഗല് സാങിന്റെ അഭിപ്രായവും തദാത്മ്യം പുലര്‍ത്തുന്നു.
ഇറാന് എന്ന പേരാണ് ആര്യന് എന്നായിത്തീര്‍ന്നതെന്നാണ് മാക്സ്മുളളര്‍ അവകാശപ്പെടുന്നത്. ഇതിന്റെ മൂലരൂപം ആര്‍ഹോ എന്നണെന്നും അത് ഉഴുന്നവര്‍ അതായത് നായാട്ടുകാരനെക്കാള് ശ്രേഷ്ഠനായ കൃഷിക്കാരന് എന്ന അര്‍ത്ഥത്തിലാണെന്നും അദ്ദേഹം പറയുന്നു. ചരിത്രപണ്ഡിതന്‍ ഇബ്നുസഈദ് പറയുന്നു: സാമിന്റെ മകന് അശ്ഹദിന് ഇറാന് എന്നൊരു മകനുണ്ട്. ഇറാനില്‍ നിന്നാണ് ഫുര്‍സ് (പേര്‍ഷ്യ), കുര്‍ദ് എന്നിവ വരുന്നത്. മുളളറിന്റെ അഭിപ്രായം കൂടി കൂട്ടി വായിക്കുമ്പോള്‍ ആര്യന്മാരുടെ വംശാവലിയെ കുറിച്ച് വ്യക്തത ലഭിക്കുന്നു. സഞ്ചാര, അധികാര ചിത്രങ്ങളും ബോധ്യപ്പെടുന്നു.
1 താരീഖ് ബിനു ഖല്ദൂന് 1/8
2 താരീഖ് ത്വബ്രി -ഇമാം ത്വബ്രി 1/124
3 വോഗല്‍ സാങ്,വില്ലന്‍ (2002)
* * * * *
സാമ്യത പുലര്‍ത്തുന്ന നാഗരിക വിശേഷങ്ങള്‍
ഇറമുകള് യാത്രാ പ്രിയരായിരുന്നു. അവര്‍ ടെന്റുകളില്‍ താമസിച്ചു. അധീശത്വ മേഖലകളില്‍ കോട്ടകളും കൊട്ടാരങ്ങളും നിര്‍മ്മിച്ചു. കുതിരകളായിരുന്നു പ്രധാന യാത്രാ മാര്‍ഗം. ആടുമാടുകളെ ജോലിയാവശ്യങ്ങള്‍ക്കായി കണ്ടു. ക്ഷീരോല്പാദനം നടത്തി വേട്ടയാടിയായിരുന്നു ജീവിതം നയിച്ചിരുന്നത്. കുതിരകളുടെയും ആടുമാടുകളുടെയും തൊലി, നെയ്യ് തുടങ്ങിയവ വീട്ടുപകരണങ്ങള്‍, വസ്ത്രം എന്നിവക്കുപയോഗിച്ചു. ഉഷ്ണ ശീത കാലങ്ങള്‍ക്കനുസരിച്ച് യാത്ര ചെയ്തുകൊണ്ടേയിരുന്നു. മേച്ചില്‍ സ്ഥലങ്ങള്‍ അന്വേഷിച്ച് പലായനം ചെയ്തു. പടിഞ്ഞാറ് ബഹ്റുല്‍ മുഹീത് മുതല്‍ യമന്‍ വരെയും കിഴക്ക് ഇന്ത്യയും അവര്‍ വാസസ്ഥലങ്ങളാക്കി. അവിടങ്ങളില്‍ കൃഷി ചെയ്തു. നെയ്ത വസ്ത്രങ്ങളായിരുന്നു അധിക സാഹചര്യങ്ങളിലും ഉപയോഗിച്ചിരുന്നത്. വാലോടു കൂടിയ തലപ്പാവ് അവരുടെ അടയാളമായിരുന്നു.
സെമിറ്റിക്ക് വര്‍ഗക്കാരെക്കുറിച്ച് എച്ച്.ജി. വെല്‍സ് തന്റെ a short history of the world എന്ന കൃതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. അവരുടെ തൊഴില്‍ കാലി മേക്കലായിരുന്നുവെന്നും ഈജിപ്തുകാര്‍ അവരെ ഇടയരാജാക്കന്മാര് (ഹെക്സോസ്) എന്നു വിളിച്ചതായും അദ്ദേഹം രേഖപ്പെടുത്തുന്നു. വെത്സിന്റെ വാക്കുകള്‍ ഇപ്രകാരമാണ്: വരണ്ടു വന്നിരുന്ന സിറിയ, അറേബ്യ എന്നിവിടങ്ങളിലെ മരുഭൂമികളില്‍ സെമിറ്റിക് വര്‍ഗക്കാര്‍ ആടുമാടുകളെയും കഴുതകളെയും മേച്ച്നടന്നിരുന്നു. ഈ സെമിറ്റിക് വര്‍ഗക്കാരും ഏലവ്യര് (elamites) എന്നു പറയുന്ന ഇറാനിലെ ദക്ഷിണ ഭാഗത്തു നിന്ന വന്ന ഒരു തരം നീഗ്രോ വര്‍ഗക്കാരുമാണ് പ്രചീന സംസ്കാരങ്ങളുമായി അടുത്തു പരിചയപ്പെട്ട ആദ്യത്തെ നാടുചുറ്റികള്. അവര്‍ കച്ചവടക്കാരും കൊള്ളക്കാരുമായാണ് വന്നത്. അവസാനം അവരില്‍ നിന്നു തന്നെ ഭാവനശാലികളായ നായകന്മാര് ജനിക്കുകയും അവര്‍ വലിയ സാമ്രാട്ടുകളായിത്തീരുകയും ചെയ്തു.
നാലായിരം വര്‍ഷത്തിനു മുമ്പ് അതായത് ബി.സി. രണ്ടായിരാമാണ്ടിനടുത്ത് മധ്യ യൂറോപ്പിലും തെക്ക് കിഴക്ക് യൂറോപ്പിലും മധ്യേഷ്യയിലും ഇന്നത്തെക്കാളധികം ചൂടും വനസാന്ദ്രതയുമുണ്ടായിരുന്നു. ഭൂമിയുടെ ഈ പ്രദേശങ്ങളില്‍ നീല നയനങ്ങളോടുകൂടിയ നോര്‍ഡിക് വര്‍ഗത്തില്‍ പെട്ട ചില അവാന്തര വിഭാഗങ്ങള്‍ അലത്തുനടന്നിരുന്നു. അവര്‍ വന്യഭൂമികളിലും വസിച്ചിരുന്ന ഒരു വര്‍ഗമാണ്. ആദ്യകാലത്ത് അവര്‍ക്ക് കുതിരകളുണ്ടായിരുന്നില്ല. കന്നുകാലികള്‍ മാത്രമായിരുന്നു.
വെത്സ് തുടരുന്നു: സെമിറ്റിക് വര്‍ഗക്കാര്‍ ആടുമാടുകളെയും കഴുതകളെയും മേച്ചുനടന്നിരുന്നു. ഇന്‍ഡോ ആര്യന്മാരുടെ ജീവിത പശ്ചാത്തലം ഖുര്‍ആന്‍ പരാമര്‍ശിച്ച ഇറമിനോട് സാദൃശ്യം പുലര്‍ത്തുന്നുണ്ട്, കൃഷി, ആടുമാടുകള്‍, കുതിര എന്നിവയായിരുന്നു അവരുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകള്‍. ആട്, കുതിര എന്നിവയെ അവര്‍ വളര്‍ത്തിയിരുന്നു. തുന്നല്‍, കൊയ്ത്ത് തുടങ്ങിയ വ്യവസായങ്ങളും അവര്‍ സ്വീകരിച്ചിരുന്നു. ആര്യന്മാര് പല മൃഗങ്ങളെയും ഉപയോഗിച്ചിരുന്നെങ്കിലും അവരുടെ ജീവിതത്തില്‍ പ്രധാന പങ്കുവഹിച്ചത് കുതിരകളായിരുന്നു.
റോമിലെ ഥാപ്പര്‍ എഴുതുന്നു: നാടോടികളായ ഇടയന്മാരായാണ് ആര്യന്മാര് വന്നത്. അതായത് അവര്‍ കന്നുകാലികളെ പറ്റമായി വളര്‍ത്തിയിരുന്നു. അതായിരുന്നു അവരുടെ പ്രധാന ജീവിത മാര്‍ഗം. അവര്‍ ഒരു സ്ഥലത്ത് സ്ഥിരമായി താമസിച്ചിരുന്നില്ല. ക്രമേണ അവര്‍ കൃഷി ചെയ്യുകയും ഗ്രാമങ്ങളില്‍ സ്ഥിരതാമസം ആരംഭിക്കുകയും ചെയ്തു. നാടോടികള്‍ ആയതുകൊണ്ട് നഗരജീവിതം അവര്‍ക്ക് അപരിചിതമായിരുന്നു. ആര്യന്മാര്ക്ക് നഗരങ്ങള്‍ കെട്ടിപ്പടുക്കാന്‍ നൂറ്റാണ്ടുകള്‍ വേണ്ടിവന്നു. അതിനാല്‍ ഗ്രാമങ്ങളായിരുന്നു അവരുടെ വാസസ്ഥലം.
ആര്യന്മാര് കുതിരകളെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. അവര്‍ ഇറാനില്‍ നിന്ന് കുതിരകളെ കൂടെ കൊണ്ടുവന്നിരുന്നു. അവകളെ തേരു വലിക്കുന്നതിന് ധാരാളമായി ഉപയോഗിച്ചു. ഇന്‍സോ ആര്യന്മാര് മധ്യേഷ്യയില്‍ നിന്ന് കുടിയേറിയവരാണെന്നത് ജീനുകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കാനാവും. മധ്യേഷ്യയിലെ സ്റ്റപ്പിയുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ജനങ്ങളില്‍ കാണുന്ന എം. 17 എന്ന ജനിതകാംശം ഇന്ത്യയിലെ ഹിന്ദി സംസാരിക്കുന്ന 35 ശതമാനത്തിലധികം ആളുകളില്‍ കാണാന്‍ കഴിഞ്ഞു. ആര്യന്മാര് മധ്യേഷ്യയില്‍ നിന്നാണ് കുടിയേറിതതെന്ന് ഇത്തരത്തില്‍ ശാസ്ത്രജ്ഞന്മാര് അനുമാനിക്കുന്നു. ഭാഷ ശാസ്ത്രജ്ഞരുടെയും പുരാഖനന ശാസ്ത്രജ്ഞരുടെയും അഭിപ്രായം ഇത് ബി.സി 2000 ത്തിലാണെന്നാണ്
1. താരിഖ് ബിനു ഖല്ദൂന് 1/16
2. A Short History of The World 76,78
3. ibid 92,93
4. ibid 76,77
5. പ്രാചീന ഇന്ത്യ ആര്.എസ് ശര്‍മ.
6. വേദകാലത്തെ ജീവിതം: ആര്യന് അധിനിവേശം – റോമിലാ ഥാപ്പര്‍
7. കയശറ
8. പ്രാചീന ഇന്ത്യ 84,85
* * * * *
ഇറമും ആര്യന്മാരും വിശ്വസം കൈകോര്‍ക്കുന്നു
ഇറം ബഹുദൈവാരാധകരായിരുന്നുവെന്നാണ് ഖുര്‍ആന്‍ സൂക്തക്കള് ബോധ്യപ്പെടുത്തുന്നത്. ‘അവര്‍ സ്വാലിഹ് നബിയോട് ചോദിക്കുന്നു: ‘ഞങ്ങളുടെ പൂര്വ്വപിതാക്കന്മാര് ആരാധിച്ചിരുന്നതിനെ ഞങ്ങള്‍ ആരാധിക്കന്നത് നീ തടയുകയാണോ?’ എന്നാല്‍ അവരുടെ ദേവതകളുടെ പേര് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം ബോഘാസ് കോയ് ഖനനഗവേക്ഷണത്തില് നിന്നും ഇന്തോ ആര്യന്മാരും ഇവരും ഒരേ ദൈവങ്ങളെയാണ് ആരാധിച്ചിരുന്നതെന്ന് ചില ചരിത്രകാരന്മാര് രേഖപ്പെടുത്തുന്നുണ്ട്’.
– ബോഘാസ്കോയ് ഖനനം
ഏഷ്യാമൈനറില്‍ അനോ തോളിയിലെ ബോഘാസ്കോയ് എന്നിടത്തുള്ള വലിയ മേട് ഉത്ഖനന ഗവേഷണത്തിനു. വിധേയമാക്കി ഹിറ്റാറ്റസ് (hittites) എന്ന അതിപുരാതന രാജവംശത്തിന്റെ രാഷ്ട്രതലസ്ഥാനമായ ഈ പ്രദേശം ജര്‍മന്‍ പുരാവസ്തു വിദഗ്ദനായ വിന്ക്ലറാണ് 1906ല്‍ ഇതു കണ്ടെത്തുന്നത്. ‘ഉത്ഖനനത്തില്‍ പഴയൊരു നഗരത്തിന്റെ അവശിഷ്ടങ്ങളും ഒരു രാജകൊട്ടാരവും കണ്ടെത്തി. കൊട്ടാരത്തിന്റെ വലിയൊരു മുറി ഗ്രന്ഥശാലകളായിരുന്നു. കടലാസു ഗ്രന്ഥങ്ങളല്ല, കളിമണ്‍ പലകകളാണ് അതിലെ ശേഖരം. കളിമണ്‍ പാകപ്പെടുത്തി ചൂളയില്‍ ചുട്ടെടുത്ത പലകകള്‍! ഇങ്ങനെയുള്ള ആയിരക്കണക്കിനു പലകകള്‍ ലഭിച്ചു. രാജകീയ റിക്കാര്ഡുകളായിരുന്നു അവ. ചെക്കോസ്ലോവാക്യക്കാരാനായ ഹോസ്നി അത് വായിക്കാന്‍ മാര്‍ഗം കണ്ടുപിടിച്ചു എന്നാല്‍ ജി.എഫ് ഗോട്ടഫെല്ഡ് എന്ന ഒരു ജര്‍മന്‍കാരനാണ് ആദ്യമായി ഇത് വായിച്ചത്.
1 ഖുര്‍ആന്‍ 11/62
2 ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകള്‍ -ടി മുഹമ്മദ്
3 ibid
* * * * *
ഭാഷകളിലെ ഐക്യം
ഭാഷകളിലെ ഐക്യം പ്രാചീന ഇറാനിയരായ ഇറമും ഇന്‍ഡോ ആര്യന്മാരും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നുണ്ട്. വൈദിക സംസ്കൃതിയും പുരാതന പേര്‍ഷ്യന്‍ ഭാഷയും തമ്മില്‍ സാമ്യത കാണുന്നു. ഭാഷയുടെ സംസ്കാരത്തിന്റെയും ഐക്യത്താല്‍ പ്രചീന ഇറാനിയരും പ്രാചീന ആര്യരും ഒരേ ജനതയുടെ രണ്ടു ശാഖകളാണെന്ന് ഡോ.അയ്യപ്പന് എഴുതുന്നു.
അര്‍ത്ഥ ഉച്ചാരണ സാദൃശ്യത പുലര്‍ത്തുന്ന ഏതാനും ചില പദങ്ങള്‍
പേര്‍ഷ്യന്‍- സംസ്കൃതം- അര്‍ത്ഥം
സരണ്യ- ഹിരണ്യ- സ്വര്‍ണം
ഹേന- സേന- സൈന്യം
യസ്ന- യജ്ഞം -യാഗം
ഹോമ- സോമം- ഒരു നിവേദ്യം
ആസുതി -ആഹുതി -ബലി
സോത്ര – ഹോത- യാഗനീയം
ബാസു -ബാഹു- കൈ
ചഷം- ചഷ്യ- കണ്ണ്
ദന്ദ്- ദന്തം -പല്ല്
ഖുന്‍- ശോണം- രക്തം
സര് – ശിരം- തല
പിദര്‍- പിതൃ- പിതാവ്
മാദര്‍- മാതൃ-മാതാവ്
ബറാദര്‍ – ഭ്രാതൃ- സഹോദരന്
തശ്ന- തൃഷ്ണ- ദാഹം
ഹോര് -സുരണ്‍ – സൂര്യന്
മാഹ്- മാസം- മാസം
ബാരിഷം – വര്‍ഷം- മഴ
സായ- ഛായ- നിഴല്‍
ബറശ്കാല്- വര്‍ഷക്കാലം- മഴക്കാലം
മേഘ്- മേഘം- മഴക്കാര്
തപാസ് – തപസ്യ- ആരാധന
ജൗ- യവം – ഒരു ധാന്യം
ദേവദാര്‍- ദേവദാരു- ദേവതാരം
പൈമാന- പരിണാമം- അളവ്
ആഹാര്‍- ആഹാരം- ഭക്ഷണം
ശാഖ്- ശാഖ- ഭാഗം
സയ്യിദ് സുലൈമാന്‍ നദ്വി ഭാഷ ചരിത്രത്തെ കുറിച്ച് സംസാരിക്കുന്നു. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ നിന്ന് ഉദ്ധരിക്കുന്നു. ഇന്ത്യയിലെ ലിപികളുടെ ആരംഭത്തെ പറ്റി ഇപ്പോഴും സന്ദേഹങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ എഴുത്തുകളുടെ പുരാതന രൂപങ്ങള്‍ പര്‍വ്വതങ്ങളില്‍ നിലനിന്നിരുന്ന ലിഖിതങ്ങളാണ്. വടക്കെ ഇന്ത്യയില്‍ വടക്കുപടിഞ്ഞാറ് അതിര്‍ത്തികളില്‍ പെഷവാറിന്റെ അനുബന്ധ പ്രദേശങ്ങളിലും ഗുജറാത്തില്‍ ഗര്നാര് മുതല്‍ കിഴക്കന്‍ തീരങ്ങളിലും ഗാദ, ദഹോലി വരെ പരന്നുകിടക്കുന്ന കട്ടല് ജില്ലയിലും കപൂര്ദഗദ്ദി എന്നോ ഷഹ്ബാസ്ഗദ്ദി എന്നോ അറിയപ്പെടുന്ന മന്‍സൂറയുടെ പരിസങ്ങളിലും നിലവിലുണ്ടായിരുന്ന ലിഖ്തങ്ങള് മറ്റു പ്രദേശങ്ങളിലെ ലിഖിതങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായി വലത്തു നിന്നും ഇടത്തോട്ട് എഴുതുന്ന രീതിയിലായിരുന്നു. ഇതു പൊതുവെ ആര്യന് പാലി എന്നാണ് അറിയപ്പെടുന്നത്. ചില ഇന്ത്യന്‍ ഭരണാധികാരികളുടെ നാണയങ്ങളിലും ഇതുപയോഗിച്ചു കാണുന്നു. ഇടതു നിന്ന് വലത്തോട്ടെഴുതുന്ന മറ്റെ ലിപി ഹിന്ദിപാലി എന്നും അറിയപ്പെടുന്നു. മേല്പറഞ്ഞ ലിപികള്‍ ഖരോ ഷ്ഠിലിപി, ഗന്ധാരലിപി എന്ന പേരിലും പ്രശസ്തമാണ്. വല്ല സെമറ്റിക്ക് (അതോ ആരാമിയോ) ഭാഷയില്‍ നിന്ന് രൂപം കൊണ്ടതാണെന്ന് അനുമാനിക്കപെടുന്ന ഈ ഭാഷരൂപം പില്ക്കാല ഇന്ത്യന്‍ എഴുത്തുകാരില്‍ കാര്യമായ സ്വധീനം ചെലുത്തിയില്ല. മറുവശത്ത് ഹിന്ദിപാലി (ബ്രഹ്മണ) ലിപി, അതില്‍ നിന്നാണ് നിലവിലുള്ള ഹിന്ദിലിപി ഉരുത്തിരിഞ്ഞത്. അതിന്റെ ഉത്ഭവം സംഷയാസ്പദമാണ്. അശോക ചക്രവര്‍ത്തിയുടെ കാലം വരെ ഈ ലിപി വളരെയേറെ പുരോഗതി നേടുകയും വൈജ്ഞാനിക മേഖലയില്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നെങ്കിലു ഇതിന്റെ ചില അക്ഷരങ്ങള്‍ക്ക് പുരാതന ഫിനീഷ്യന്‍ ലിപിയുമായി (അതാണെങ്കില്‍ ഈജിപ്തിലെ ഹിറോ ഗ്ലഫി ലിപിയില്‍ കടം കൊണ്ടതായിരിക്കാം) കാണുന്ന സാദൃശ്യം ഇതും സെമറ്റിക് ഭാഷയില്‍ നിന്ന് ഉരിത്തിരിഞ്ഞതാണെന്ന ചിന്തയുണര്‍ത്തുന്നു.
ഇന്ത്യയിലെ അക്കങ്ങളെ കുറിച്ച് നദ്വി കുറിക്കന്നത് കാണുക. ക്രിസ്തുവര്‍ഷത്തിന്റെ ആരംഭകാലത്ത് യരോഷ്ഠിലിഖിതങ്ങളില് കാണുക രീതിയനുസരിച്ച് ആദ്യത്തെ മൂന്നക്കങ്ങള്‍ വരകളിലൂടെയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. നാല് വളത്ത കുരിശു രൂപത്തിലും 5-9 അക്കങ്ങള്‍ ഇതുപോലെ 4+1 തുടര്‍ന്ന് 4+4+1 കൂടാതെ 10, 20, 100 പ്രത്യേക അക്കങ്ങള്‍ മറ്റു ദശകങ്ങള്‍ 10 കൂട്ടി ഇങ്ങനെ എഴുതുന്നു. ഉദാഹരണം (50)=20+20+10 ഈ രീതികള്‍ സെമിറ്റിക് അല്ലെങ്കില്‍ അരാമി രീതിയാണെന്ന് ഏതാണ്ട് സ്ഥിരപ്പെട്ട കാര്യമാണ്
1. ഭാരതപ്പഴമ- അയ്യപ്പന് എ
2. ഇന്‍ഡോ അറബ് ബന്ധങ്ങള്‍ – സുലൈമാന്‍ നദ്വി – 34,35
* * * * *
conclusion
ഇറമുകള് എക്കാലത്തും തങ്ങളുടെ കുടുംബനാമം കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഭാഗമാണ് ആദ് ഇറം, അമൂദ് ഇറം, നംറൂദ് ഇറം എന്നീ നാമങ്ങള്‍. സെമിറ്റുകള്‍ ഇറമിന്റെ പിതാവായ സാമിലേക്ക് ചേര്‍ക്കപ്പെടുന്നു. പുരാതന സെമിറ്റുകളെ കുറിച്ചുള്ള ചരിത്രരേഖകള്‍ ഇറ മിനും ബാധകമാണ്. സംസ്കാരിക നാഗരിക പശ്ചാതലങ്ങളിലൂടെ ഇറം – ഇന്‍ഡോ ആര്യര്‍ തമ്മിലുള്ള പാരസ്പര്യം തെളിയിക്കപ്പെടുന്നു.
keywods
ഇറം
ആര്യന്
ഖുര്‍ആന്‍
ഇറാന്