മര്‍കസ്: സാംസ്‌കാരിക വിപ്ലവത്തിന്റെ നാലുപതിറ്റാണ്ട്‌

നജീബ് നൂറാനി, അനസ് അബ്ദുല്‍ ഹകീം നുസ്‌രി

0
2173

ഓരോ താളുകള്‍ മറിച്ചിടുമ്പോഴും അഭിമാനവും ആശ്ചര്യവും ഒപ്പം കുറ്റബോധവും തോന്നുന്ന, ശൈഖ് അബൂഉദ്ദയുടെ വിശിഷ്ടമായൊരു രചനയാണ് സ്വഫഹാത്തുന്‍ മിന്‍ സ്വബ്രില്‍ ഉലമ (പണ്ഡിത സഹനത്തിന്റെ ഏടുകള്‍). വൈജ്ഞാനിക ആദാനപ്രദാനത്തിനായി നിരവധി പണ്ഡിതര്‍ അനുഭവിച്ച ത്യാഗോജ്ജ്വലമായ ജീവിതമാണ് കൃതിയുടെ പ്രമേയം. പ്രബോധനവഴിയില്‍ പ്രചോദനമായും മര്‍കസിന്റെ എളിയ ശ്രമങ്ങള്‍ക്ക് പ്രതീക്ഷകള്‍ നല്‍കിയും പുസ്തകം കൂടെ നില്‍ക്കുന്നുണ്ട്. ഉയര്‍ന്നു പൊങ്ങുന്ന സ്ഥാപന സമുച്ചയങ്ങളില്‍ മുസ്ലിംനാഗരികതയുടെ ഗതകാല പ്രൗഢി വീണ്ടെടുക്കലാണ് മര്‍കസിന്റെ ലക്ഷ്യം. തിരുനബി(സ)യുടെ അഹ്ലുസ്സുഫ്ഫയില്‍ തുടങ്ങിയ വൈജ്ഞാനിക വിപ്ലവം നൂറ്റാണ്ടുകള്‍ക്കിപ്പുറവും നിറശോഭയോടെ നിലനിര്‍ത്തുകയെന്ന ഉത്തരവാദിത്വനിര്‍വഹണമായാണ് മര്‍കസ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം.
പുതുമയോടെ തന്നെ കേരളത്തില്‍ കപ്പലിറങ്ങിയ മതമാണ് വിശുദ്ധ ഇസ്ലാം. തിരുനബി(സ്വ)യില്‍ നിന്നും വിദ്യ നുകര്‍ന്ന് പ്രബോധന ദൗത്യവുമായി കടല്‍ താണ്ടിയവര്‍ തനിമയോടെ ഏല്‍പ്പിച്ചതാണ് നമ്മുടെ പാരമ്പര്യം. വിശുദ്ധ സന്ദേശവുമായെത്തിയ അറബ് നാട്ടിലെ അതിഥികള്‍ക്ക് കേരളക്കര ഹൃദ്യമായ വരവേല്‍പ്പും സ്വീകാര്യതയും നല്‍കിയിരുന്നു. വ്യക്തി പ്രഭാവം കൊണ്ട് നേടിയെടുത്ത ജനസമ്മതിയില്‍ സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും ചരിത്രം സൃഷ്ടിക്കപ്പെടുകയായിരുന്നു. പിന്നീടങ്ങോട്ട് ഒരാശയ തലം എന്നതിലുപരി മനുഷ്യജീവിതത്തിന്റെ ഭാഗമാകാനും സാമുദായികമായൊരു അസ്തിത്വം വിശ്വാസികള്‍ക്ക് കൈവരാനും പള്ളികള്‍ കേന്ദ്രീകരിച്ചുള്ള പ്രബോധനമാണ് ചുക്കാന്‍ പിടിച്ചത്.
ഇത്തരത്തില്‍ മുസ്ലിം വൈജ്ഞാനിക കേരളത്തിന് പൊന്നാനിയോടും മഖ്ദൂമുമാരോടുമുള്ള കടപ്പാട് ചെറുതല്ല. ജ്ഞാനദാഹം കടല്‍ കടന്ന് മക്കയിലും ഈജിപ്തിലും വരെ എത്തി നില്‍ക്കുന്ന അനുഗൃഹീത ചരിത്രമാണ് അവരുടേത്. അറിവ് അതിന്റെ അതികായകന്മാരില്‍ നിന്ന് തന്നെ നേടിയ അവര്‍ വ്യാകരണ ശാസ്ത്രവും കര്‍മ- വിശ്വാസ ശാസ്ത്രങ്ങളുമുള്‍പ്പടെ നാട്ടുകാര്‍ക്ക് മതം പഠിക്കാന്‍ കൃത്യമായൊരു പാഠ്യപദ്ധതികൂടി രൂപകല്‍പ്പന ചെയ്തു. അറബ് വൈജ്ഞാനിക ലോകത്തെ പോലും അതിശയിപ്പിച്ച, അറബിയില്‍ രചിക്കപ്പെട്ട ഫത്ഹുല്‍ മുഈനും തുഹ്ഫത്തുല്‍ മുജാഹിദീനും അദ്കിയാഉം സര്‍വകലാശാലകളിലും അക്കാദമിക തലങ്ങളിലും ഇന്നും ചര്‍ച്ചയാകുന്നത് കേരളീയ വൈജ്ഞാനിക മണ്ഡലത്തിന്റെ സജീവതയെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ആദര്‍ശപരമായ കെട്ടുറപ്പിനും വൈജ്ഞാനികമായ പുരോഗതിക്കും കാരണമായ പൊന്നാനി മാതൃകയാണ് നമ്മുടെയും ആത്മാവെന്നിരിക്കെ ജ്ഞാന കൈമാറ്റത്തിന്റെയും മത സംരക്ഷണത്തിന്റെയും തുടര്‍ച്ചയില്‍ പങ്ക് ചേരാനുള്ള അവസരമാണ് നമ്മുടേത്.
നാടോടി ജീവിതം നാട്ടുകൂട്ടങ്ങളായി മാറിയ സാമൂഹിക വ്യവസ്ഥിതിയോടൊപ്പം സമുദായ കൂട്ടായ്മകളും പതിയെ രൂപമാറ്റത്തിന് വിധേയമായിക്കൊണ്ടിരുന്നു. പള്ളികളുടെയും പണ്ഡിതന്‍മാരുടെയും തണലില്‍ ജീവിച്ചിരുന്ന വിശ്വാസികള്‍ സംഘടനാ സംവിധാനങ്ങള്‍ക്ക് കീഴില്‍ അണിനിരക്കുന്നത് അങ്ങിനെയാണ്. ഖാദിരിയ്യ, രിഫാഇയ്യ തുടങ്ങിയ സൂഫി സരണികളില്‍ സയ്യിദുമാരുടെയും ശൈഖുമാരുടെയും ശിക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിശ്വാസികളെ മുഴുവന്‍ സമാന ഗുണങ്ങളുടെ ഏക പ്രതലത്തില്‍ ഒരുമിച്ചു നിര്‍ത്തുകയായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലൂടെ. മുസ്ലിം കേരളത്തിന്റെ കാലോചിത പുരോഗതികള്‍ക്ക് ആദര്‍ശ വീര്യവും നിറഞ്ഞ പാണ്ഡിത്യവുമുള്ള നേതൃനിര വേണ്ടതെല്ലാം ചെയ്തുപോന്നിരുന്നു. നൂറ്റാണ്ടുകളുടെ കേരളീയ മുസ്ലിം പാരമ്പര്യത്തെയും പൈതൃകങ്ങളെയും ചോദ്യം ചെയ്ത ഉത്പതിഷ്ണുക്കളെയും വ്യാജ ആത്മീയ കൂട്ടായ്മകളെയും കണക്കിന് കൈകാര്യം ചെയ്തത് ഇതിന്റെ ഭാഗമായിരുന്നു. വിദ്യാര്‍ത്ഥികളും യുവാക്കളും സമുന്നതരായ പണ്ഡിത നേതൃത്വത്തിന് കീഴില്‍ അണിനിരന്നു. വിപ്ലവാത്മകമായ മുന്നേറ്റമായിരുന്നു പിന്നീടങ്ങോട്ട്. ചിന്തയും പ്രവര്‍ത്തനവും സമാന്തരമായി ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങി.
ഊര്‍ജ്ജസ്വലരായ യുവതയുടെ സംഘടിത രൂപമായി സുന്നി യുവജന സംഘം രൂപീകൃതമായി. പണ്ഡിത നേതൃത്വത്തിന് കീഴിലെ ഈ യുവജന മുന്നേറ്റമാണ് പ്രബോധന സേവന വഴിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയത്. മുസ്ലിം രാഷ്ട്രീയ നേതൃത്വത്തിന്റെ അധികാരവും സ്വാധീനവും സമുദായത്തിന്റെ പൊതു നന്മക്ക് ഉപയോഗപ്പെടുത്തുന്നതിനു പകരം ചിന്താവൈകല്യങ്ങളുടെ നടത്തിപ്പേറ്റെടുത്തു. അക്കാലത്താണ് ഒരു നിമിത്തമെന്നോണം ഇ.കെ ഹസന്‍ മുസ്ലിയാരും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും എസ്.വൈ.എസ്സിന്റെ നേതൃസ്ഥാനത്തെത്തുന്നത്. ആദര്‍ശ സംരക്ഷണവും സാമുദായി ശാക്തീകരണവും ലക്ഷ്യമിട്ടുള്ള സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടു. ചരിത്രത്തിലെ നിസ്തുല്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് എണ്‍പതുകളില്‍ കേരളം സാക്ഷിയായി.
ആധുനികതയോട് പുറംതിരിഞ്ഞ് പിന്തിരിപ്പനാകലല്ല, നിര്‍മാണാത്മകമായി അവയെ ഉപയോഗപ്പെടുത്തലാണ് ബുദ്ധിയെന്ന തിരിച്ചറിവാണ് ഇവരെ കൂടുതല്‍ ഊര്‍ജ്ജ്വസ്വലരാക്കിയത്. വൈജ്ഞാനിക പുരോഗതിയിലൂടെ ശാക്തീകരണവും സേവന-സഹായങ്ങള്‍ വഴി ക്ഷേമ പ്രവര്‍ത്തനങ്ങളും എന്ന ലക്ഷ്യത്തില്‍ ഒരു കേന്ദ്രം ചിന്തയില്‍ വരുന്നതങ്ങിനെയാണ്. കേരളത്തിന്റെ മത-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ മര്‍കസ് എന്ന മഹാ പ്രസ്ഥാനം തേടുന്ന ഉത്തരങ്ങള്‍ അതാണ്. കൂടെയുണ്ടായിരുന്നവരില്‍ ചിലര്‍ വിട്ടുപിരിഞ്ഞപ്പോഴും ഭാവി തലമുറയെ വാര്‍ത്തെടുത്ത് ശൈഖുനാ കാന്തപുരം ഉസ്താദ് പടര്‍ന്നു പന്തലിക്കുന്ന ചിത്രമാണ് തുടര്‍ന്നങ്ങോട്ട്.

1978
കേരളത്തിലെ ദര്‍സീ പഠനശേഷം ഉപരിപഠനത്തിനായി ശൈഖുനാ എത്തിയത് ബാഖിയാത്തിലായിരുന്നു. പഠന മനനങ്ങള്‍ക്കിടയില്‍ ബാഖിയാത്ത് ജീവിതം ഉസ്താദിന് സമ്മാനിച്ചത് കനമേറിയ ഒരു സ്വപ്നമായിരുന്നു. തന്റെ നാട്ടിലും ഇതുപോലൊരു വിജ്ഞാന കേന്ദ്രം സ്ഥാപിക്കണം. അക്കാലത്ത് ദര്‍സ് പഠന ശേഷം ബിരുദമെടുക്കാന്‍ പുറം നാടുകളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു മലയാളികള്‍ക്ക്. എണ്ണപ്പെട്ട ചില സ്ഥാപനങ്ങള്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും വര്‍ധിച്ച തോതിലുള്ള മതവിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമാകും വിധം ഒരിടം പണിയുക എന്നത് അത്യാവശ്യമായി വന്നു. അത്തരത്തിലുള്ള ദാഹം പേറി നടന്ന ഒരുപറ്റം പണ്ഡിതരും സുന്നീ പ്രവര്‍ത്തകരും എസ്.വൈ.എസിനു കീഴില്‍ ഒരു മത സ്ഥാപനം നിര്‍മിക്കാന്‍ തീരുമാനിച്ചു. ഇ.കെ ഹസന്‍ മുസ്ലിയാര്‍ പ്രസിഡണ്ടും ഉസ്താദ് സെക്രട്ടറിയുമായി നിന്ന എസ്.വൈ.എസിന്റെ സുവര്‍ണ കാലമായിരുന്നു അത്. ആ ലക്ഷ്യവും മനസിലേറ്റി ഉസ്താദും അവേലത്ത് തങ്ങളും ഫള്ല്‍ തങ്ങളും 1977-ല്‍ യു.എ.ഇ സന്ദര്‍ശിച്ചു. മതപരമായ ഉന്നത പഠനങ്ങള്‍ക്കുള്ള സ്ഥാപനം ലക്ഷ്യം വച്ച് പോയ ഉസ്താദിന് ഒരു അറബി പ്രമുഖന്‍ പണം നല്‍കിയത് യതീംഖാന പണിയാനായിരുന്നു. അതിന് അദ്ദേഹത്തിന്റെ ഉമ്മയുടെ നാമമായ തുര്‍ക്കിയ്യ എന്ന് പേര് വെക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെയാണ് മര്‍കസിന്റെ ആദ്യ സ്ഥാപനമായി യതീംഖാന പണിയുന്നത്. ജീവിതത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ കൈതാങ്ങുകള്‍ നഷ്ടപ്പെട്ടുപോയവരെ സംരക്ഷിച്ചു കൊണ്ടുള്ള യതീംഖാനയിലൂടെ മര്‍കസിന്റെ പ്രവര്‍ത്തന മണ്ഡലത്തിന് തുടക്കത്തില്‍ തന്നെ വിജ്ഞാനം, സേവനം എന്നീ ദ്വിമാന രൂപം കൈവന്നു.
1978 ഏപ്രില്‍ 18ന് മക്കയില്‍ നിന്നെത്തിയ വിശ്രുത പണ്ഡിതന്‍ സയ്യിദ് മുഹമ്മദ് അലവി അല്‍ മാലിക്കിയാണ് മര്‍കസിന് ശില പാകിയത്. മസ്ജിദുല്‍ ഹറാമിലെ മുദരിസും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ അലവി മാലികിയുടെ ആഗമനത്തിന് ചരിത്രത്തില്‍ പൂര്‍വകാല മാതൃകകളുണ്ടായിരുന്നു. കേരളീയ ഇസ്ലാമിക വിജ്ഞാന രംഗത്ത് ഗതിമാറ്റം വരുത്തിയ പൊന്നാനിയിലെത്തിയ ഇബ്‌നു ഹജര്‍ തങ്ങളും മക്കയില്‍ നിന്നു തന്നെയായിരുന്നു. കേരളീയ ഇസ്ലാമിക ഭൂപടത്തിലെ അദ്വിതീയ സാന്നിധ്യമായിത്തീര്‍ന്ന മര്‍കസിനും അങ്ങനെയൊരു മക്കീ കയ്യൊപ്പിന്റെ സാക്ഷ്യം പറയാനുണ്ട്.
ദീനീ ജ്ഞാനമെന്ന സുപ്രധാന ലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ മര്‍കസ് വൈകാതെ തന്നെ സഖാഫത്തുസ്സുന്നിയ്യ അറബിക് കോളേജ് ആരംഭിച്ചു. ശൈഖുനായും കെ.കെ മുഹമ്മദ് മുസ്ലിയാര്‍ പരപ്പന്‍ പൊയിലും, പാറന്നൂര്‍ പി.പി മുഹ്യുദ്ധീന്‍ കുട്ടി മുസ്ലിയാരുമായിരുന്നു തുടക്കകാലത്തെ മുദരിസുമാര്‍. ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ വിസിറ്റിംഗ് പ്രൊഫസറായും കൂടെയുണ്ടായിരുന്നു. ശരീഅത്തിന്റെ വിവിധ തലങ്ങളില്‍ ഗഹനമായ പഠനങ്ങള്‍ ഉന്നം വെച്ചുള്ള പരമ്പരാഗത ദര്‍സ് രീതിയുടെ വ്യവസ്ഥാപിത രൂപമായതിനാല്‍ അറബിക് കോളേജ് എന്നതിനെക്കാള്‍ അനുയോജ്യമാവുക ശരീഅത്ത് കോളേജ് എന്നതാണെന്ന് കണ്ട് മര്‍കസ് ശരീഅത്ത് കോളേജ് എന്ന പുതുപേരിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. മുസ്ലിം വ്യക്തി ജീവിതത്തിലെ പ്രധാനമായ ദീനീ വിജ്ഞാനത്തിന്റെ ഇടമെന്നത് കൊണ്ട് തന്നെ ഇന്നും മര്‍കസ് സ്ഥാപനങ്ങളുടെ നെടുംതൂണ്‍ ശരീഅത്ത് കോളേജാണ്. ഔദ്യോഗിക പഠനം പൂര്‍ത്തിയാക്കിയിറങ്ങിയ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് 1985 ല്‍ ‘സഖാഫി’ ബിരുദം നല്‍കി. വിവിധ മേഖലകളിലായി ശോഭിച്ചു നിന്ന് സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ സഖാഫികളുടെ ഉത്ഭവമായിരുന്നു അത്.
ചുരുങ്ങിയ കാലയളവിലൊതുങ്ങുന്ന ദര്‍സ് വിദ്യാഭ്യാസവും ബിരുദപഠനവും കഴിഞ്ഞ് അടച്ചുവെക്കേണ്ടതല്ല മതപഠനമെന്നത് കൊണ്ട് തന്നെ ആഴമേറിയ ചര്‍ച്ചകള്‍ക്കും തുടരന്വേഷണങ്ങള്‍ക്കും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവില്‍ നിന്നാണ് തഖസ്സുസ് കോഴ്‌സ് ആരംഭിക്കുന്നത്. 1987ല്‍ കണ്ണിയത്ത് ഉസ്താദായിരുന്നു ഉദ്ഘാടനം നടത്തിയത്. ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വ്യത്യസ്ത വിഷയങ്ങളില്‍ ഓരോരുത്തരും പ്രബന്ധം സമര്‍പ്പിക്കുകയെന്നത് തഖസ്സുസിനെ കൂടുതല്‍ മികവുറ്റതാക്കുന്നു. ഇത്തരത്തില്‍ രചിക്കപ്പെട്ട മൂല്യമേറിയ പഠനങ്ങള്‍ ഇന്നും ലൈബ്രറിയില്‍ സൂക്ഷിക്കുന്നുമുണ്ട്.
ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണമായ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുന്നവര്‍ക്ക് അതിരറ്റ ഫലങ്ങള്‍ ഉണ്ടെന്നതിനു പുറമെ ദീനീ രംഗത്ത് ആയത്തുകള്‍ ആവശ്യമായി വരുന്നിടത്തൊക്കെ അതീവ സഹായകവുമാണത്. ഇമാം ശാഫിഈ, ഇമാം നവവി തുടങ്ങിയവരൊക്കെ പഠനം തുടങ്ങിയതു തന്നെ ഹിഫ്‌ളില്‍ നിന്നായിരുന്നു. പക്ഷേ, വിദേശത്തും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുമൊക്കെ വളരെ വ്യാപകമായിരുന്ന തഹ്ഫീള് സംവിധാനം കേരളത്തിലെ സുന്നീ സ്ഥാപനങ്ങളില്‍ വ്യവസ്ഥാപിതമായ രീതിയില്‍ എവിടെയും നടപ്പാക്കിയിരുന്നില്ല. ഈ വലിയ വിടവ് നികത്താനായിരുന്നു 1987ല്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് ആരംഭിച്ചത്.
ഖുര്‍ആനിക പരിശുദ്ധി കുഞ്ഞുനാളിലേ നെഞ്ചേറ്റിയാല്‍ ജീവിതം അതീവ ധന്യമാകും. ഖുര്‍ആനിക വെട്ടത്തിനു കീഴെ ബാല്യങ്ങളെ വളര്‍ത്തിയെടുക്കുന്നതോടൊപ്പം സാമ്പ്രദായിക സ്‌കൂള്‍ പഠനവും കൂടി നല്‍കുന്ന ഇടമായി മര്‍കസ് രൂപകല്‍പ്പന ചെയതതാണ് സഹ്‌റത്തുല്‍ ഖുര്‍ആന്‍. ആധുനികതയുടെ വരട്ടു ചിന്തകള്‍ കേരളത്തെയും വിശേഷിച്ചും മലബാറിനെയും കീഴടക്കിയപ്പോള്‍ വിപണന രംഗത്തും ആരോഗ്യ രംഗത്തുമെന്ന പോലെ വിദ്യാഭ്യാസ രംഗത്തും ജനങ്ങള്‍ പുതുമകളും ഉന്നത നിലവാരവും തേടിയിറങ്ങി. ആ പ്രവാഹത്തില്‍ കേരളത്തിലുയര്‍ന്നു വന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ മുസ്ലിം വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം കൂടി വന്നു. സ്‌കൂള്‍ പഠനത്തിന്റെ ഭദ്രത ഉറപ്പു വരുത്താന്‍ വേണ്ടി മിക്ക വിദ്യാര്‍ത്ഥികളും മദ്‌റസാ പഠനം ഉപേക്ഷിച്ചു തുടങ്ങി. ഈ നില തുടരുകയാണെങ്കില്‍ ദീനീ കാര്യങ്ങളില്‍ വട്ടപൂജ്യമായൊരു സമൂഹം രൂപപ്പെടുമെന്ന ദുരന്തഭാവിയെ പ്രതിരോധിക്കാനാണ് 1991ല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആരംഭിച്ചത്. ഒരു കുടക്കീഴില്‍ ഇരു വിദ്യകളും നല്‍കിയ ഈ സ്‌കൂള്‍ സംവിധാനം മാറ്റത്തിന്റെ അലയൊലികള്‍ സൃഷ്ടിച്ചു. ദീനീ ചിട്ടകള്‍ പകര്‍ന്നു കൊടുക്കുന്നതില്‍ എന്നും പ്രതിജ്ഞാബദ്ധമായ സ്‌കൂള്‍ സംവിധാനങ്ങളില്‍ മര്‍കസിന് വേറെയും സംരംഭങ്ങള്‍ ഏറെയുണ്ട്.
ഹയര്‍സെക്കണ്ടറി, ഡിഗ്രി തലങ്ങളിലെത്തുമ്പോള്‍ ധാര്‍മികതയും മൂല്യങ്ങളുമെല്ലാം നഷ്ടമായിത്തീരുന്ന പ്രവണത സമൂഹത്തില്‍ സര്‍വ സാധാരണമാണ്. വിദ്യാഭ്യാസ നിലവാരവും ക്ലാസുകളും ഉയരുന്നതിനനുസരിച്ചും സാഹചര്യങ്ങള്‍ക്കനുസരിച്ചും കൈവിടേണ്ടതല്ല ദീനെന്ന ഉറച്ച ബോധ്യത്തിലേക്ക് വിദ്യാര്‍ത്ഥി സമൂഹത്തെ പറിച്ചു നടുകയായിരുന്നു മര്‍കസ് ആര്‍ട്‌സ് കോളേജ്. ഇത്തരമൊരു ധാര്‍മിക വലയം പണിതു തന്നെയാണ് അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സൈത്തൂന്‍ വാലിയും സ്ഥാപിക്കപ്പെട്ടത്. മതപരമായ ചട്ടക്കൂടിനകത്ത് മക്കളെ വളര്‍ത്തണമെന്ന് കൊതിക്കുന്ന രക്ഷിതാക്കള്‍, വിശേഷിച്ചും പ്രവാസികള്‍ ഈ സ്ഥാപപനത്തിന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി എന്നും കൂടെനില്‍ക്കുന്നു.
അറിവ് നിഷേധിക്കപ്പെട്ട, ചുറ്റുപാടുകളെക്കുറിച്ച് അലസ സമീപനം പുലര്‍ത്തുന്ന സ്ത്രീ സമൂഹമല്ല, മറിച്ച് തനിക്കാവശ്യമായ അറിവുകള്‍ പരമാവധി സൗകര്യങ്ങള്‍ക്കകത്തു നിന്ന് നുകരുന്ന, പുതുലോകത്തിന്റെ ചുവരെഴുത്തുകളെക്കുറിച്ച് ബോധ്യമുള്ള ഉത്തമ സ്ത്രീ സമൂഹത്തെയാണ് ഇസ്ലാം തേടുന്നത് എന്ന അനിവാര്യതയാണ് ഹാദിയ അക്കാദമികള്‍ സാക്ഷാത്കരിക്കുന്നത്.
ഇസ്ലാം നിഷ്‌കര്‍ഷിക്കുന്ന വേഷവിധാനങ്ങളും ആത്മീയതയിലൂന്നിയ ആരാധനാ കര്‍മങ്ങളും തൊഴില്‍ പരിശീലനങ്ങളുമെല്ലാം ഹാദിയ ഒരുക്കുന്നു. ദീനീ വിജ്ഞാനത്തിന്റെ കാതല്‍ സംരക്ഷിച്ചു പോരുന്നതില്‍ ഹാദിയയുടെ പങ്ക് ശ്ലാഘനീയമാണ്.
ഇസ്ലാമിക നാഗരിക സങ്കല്‍പങ്ങളുടെ പൈതൃകം കൈവിടാതെയും പുതുമകളാവാഹിച്ചും സ്ഥാപിക്കപ്പെടുന്ന മര്‍കസ് നോളേജ് സിറ്റി, പേര് അര്‍ത്ഥമാക്കുന്നത് പോലെ തന്നെ അറിവിന്റെ നഗരമാണ്. പുതുകാലത്ത് അത്യന്താപേക്ഷിതമായ അറിവുകള്‍ പകര്‍ന്നു നല്‍കുന്ന അനേകം കേന്ദ്രങ്ങള്‍ ഇവിടെ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ശരീഅ സിറ്റി, ലോ കോളേജ്, കേരളത്തിലെ ആദ്യ യൂനാനി മെഡിക്കല്‍ കോളേജ് എന്നിവ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. ഇസ്ലാമിക വിജ്ഞാന രംഗത്ത് ഒഴിച്ചുകൂടാനാവാത്ത വിധം ഭദ്രമായ ഇടം നേടുന്നിടമായി നോളേജ് സിറ്റി മാറുമെന്ന് നമുക്ക് നിസ്സംശയം പറയാം.
വിദ്യാഭ്യാസത്തെപ്പോലെ തന്നെ മര്‍കസിന്റെ മുഖമായി ഇന്ന് സേവന മേഖല നിറഞ്ഞു നില്‍ക്കുകയാണ്. ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാല്‍ വാനലോകത്തിന്റെയധിപന്‍ നിങ്ങളോട് കരുണ കാണിക്കുമെന്ന പ്രവാചകാധ്യാപനത്തിന്റെ വിവിധ തലങ്ങളിലായി പടര്‍ന്നു കിടക്കുന്ന സാക്ഷാത്കാരമാണിന്ന് മര്‍കസ്. ആദ്യ സ്ഥാപനമായ യതീംഖാന തന്നെയാണ് ഈ നിരയിലെ ഏറ്റവും പ്രധാനപ്പെട്ടതും. രക്ഷിതാക്കള്‍ നഷ്ടമായി അനാഥമായ ജീവിതം തള്ളിനീക്കേണ്ടി വന്നവര്‍ക്ക് അറിവും അന്നവും നല്‍കി പ്രതീക്ഷയുടെ ചിറകു മുളപ്പിക്കുന്ന ഈ സംരംഭത്തിന്റെ മറ്റൊരു പതിപ്പാണ് മര്‍കസ് ഹോം കെയര്‍. അനാഥ ബാല്യങ്ങളെ ഉമ്മമാരോടൊപ്പം താമസിപ്പിച്ചു കൊണ്ടുതന്നെ വിദ്യാഭ്യാസത്തിനും മറ്റുമുള്ള സാമ്പത്തിക സഹായം നല്‍കുന്ന ഈ പദ്ധതി ഇന്ത്യയിലെ ഇരുപത് സംസ്ഥാനങ്ങളിലേക്ക് വിസ്തൃതമായിരിക്കുകയാണ്.
കലാപങ്ങളും വെടിയൊച്ചകളും സ്വസ്ഥ ജീവിതം തകര്‍ത്തെറിഞ്ഞ കശ്മീരിലെ വിദ്യാര്‍ത്ഥികളിലേക്കും മര്‍കസിന്റെ സാന്ത്വന സ്പര്‍ശങ്ങള്‍ അനുഭവിക്കാനായി. 2004ല്‍ അന്നത്തെ കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ മര്‍കസിന്റെ തണലില്‍ മധുനുകരാന്‍ എത്തിയത്. അനേകം കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയും മറ്റു സന്നാഹങ്ങളുമെല്ലാം സൗജന്യമായി നല്‍കി, ഡിഗ്രി തലങ്ങള്‍ വരെയുള്ള പഠനങ്ങള്‍ക്ക് മര്‍കസ് അവസരമൊരുക്കുന്നു. എമിറേറ്റ് ഹോം ഫോര്‍ കശ്മീരി സ്റ്റുഡന്റ്‌സ് എന്ന പേരില്‍ അവര്‍ക്കായി പ്രത്യേക സ്ഥാപനവും പ്രവര്‍ത്തിക്കുന്നു.
തൊഴിലില്ലായ്മ പരിഹകരിച്ച് ഒരു നാടിന്റെ സാമ്പത്തിക സുസ്ഥിതി നിലനിര്‍ത്താനും പരിവട്ടങ്ങളകറ്റാനും മര്‍കസ് തൊഴില്‍ദാന പദ്ധതി വഴിയൊരുക്കുന്നു. യു.എ.ഇയിലെ അഡ്‌നോക്കുമായി സഹകരിച്ച് വിവിധ തസ്തികകളിലെ തൊഴിലവസരങ്ങള്‍ കണ്ടെത്തി നൂറുകണക്കിന് കൂടുംബങ്ങളില്‍ ഐശ്വര്യത്തിന്റെ വെളിച്ചം നല്‍കിയിട്ടുണ്ട് മര്‍കസ്. അതോടൊപ്പം യു.എ.ഇയിലെ പലയിടങ്ങളിലായി മസ്ജിദുകളില്‍ ഇമാമത്ത് അവസരങ്ങളും മര്‍കസ് മുഖേന വഴിയൊരുങ്ങി.
ശുദ്ധജലം ലഭ്യമാകാതെ നെട്ടോട്ടമോടുന്ന അനേകം ഗ്രാമങ്ങളുടെ ദാഹമകറ്റാന്‍ കുടിനീരു നല്‍കുന്ന സംരംഭമാണ് മര്‍കസിന്റെ കുടിവെള്ള പദ്ധതി. കേരളത്തിനകത്തും പുറത്തുമായി നിരവധി നാടുകളില്‍ ഇത് വ്യാപിച്ചുകിടക്കുന്നു. അപ്രകാരം തന്നെ ഭവന പദ്ധതിയും മറ്റു സുപ്രധാന സഹായങ്ങളുമെല്ലാം ഇല്ലായ്മയുടെ കയ്പുനീരു നിറഞ്ഞ ജീവിതങ്ങള്‍ക്കുമേല്‍ മര്‍കസ് വീഴ്ത്തുന്ന ആശ്വാസക്കുളിര്‍പ്പെയ്ത്തുകളാണ്.
മര്‍കസിന്റെ മുന്‍കയ്യില്‍ ഇന്ന് 4000 പള്ളികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു. പേരിലപ്പുറം ഇസ്ലാമിക ചിഹ്നങ്ങളും ചിട്ടകളും പരിചയിച്ചിട്ടില്ലാത്ത ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവായി പ്രവര്‍ത്തിക്കുന്നുണ്ടിന്ന് മര്‍കസ് മസ്ജിദുകളും സ്ഥാപനങ്ങളും.

2018
വളര്‍ച്ചയുടെ ഒരു ദശാസന്ധി കൂടി പിന്നിടുകയാണ് മര്‍കസ്. വൈജ്ഞാനിക സേവന രംഗങ്ങളില്‍ രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് വളര്‍ച്ചയുടെ പടവുകളോരോന്നും കയറുമ്പോഴും പുതുമകള്‍ തേടുകയാണ് സ്ഥാപനം. ശരീഅത്ത് കോളേജ് എന്ന പ്രാരംഭ ലക്ഷ്യത്തില്‍ നിന്നും ഒരു വൈജ്ഞാനിക നഗരത്തിന്റെ നിര്‍മിതിയില്‍ വരെ എത്തി നില്‍ക്കുന്നതും യതീംഖാനയില്‍ തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ അരികുവത്കരിക്കപ്പെട്ട ജനങ്ങള്‍ ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസവും നല്‍കിക്കൊണ്ടണ്ടിരിക്കുന്ന ആര്‍.സി.എഫ്.ഐ വരെ പടര്‍ന്നു പന്തലിച്ചതും കൂട്ടായ്മയുടെ പരിശ്രമഫലമാണ്. പണ്ഡിത നേതൃത്വത്തിനൊപ്പം അണിനിരന്ന സ്‌നേഹ ജനങ്ങളുടെ സഹായങ്ങളും സഹകരണങ്ങളും മാത്രമാണ് ഇതിനെല്ലാം മുതല്‍കൂട്ടായത്.
നൂതനമായ സാധ്യതകളോട് പുറം തിരിഞ്ഞ് നിന്നില്ല മര്‍കസ് എന്നതാണ് ഈ വളര്‍ച്ചയുടെ അടിസ്ഥാന കാരണം. മതപഠനത്തിന് പ്രാധാന്യം നല്‍കിയുള്ള പാഠ്യപദ്ധതിയിലൂടെ ധാര്‍മികാവബോധമുള്ള, ഭൗതികലോകത്തോട് സംവദിക്കാനുള്ള ശേഷി മര്‍കസിന്റെ ഉല്‍പന്നങ്ങള്‍ നേടിയെടുക്കുന്നുണ്ട്. ലോ-കോളേജ്, യൂനാനി മെഡിക്കല്‍ കോളേജ്, എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഒരു മത സ്ഥാപനത്തിന് കീഴില്‍ വരുന്നത് സങ്കല്‍പാതീതമായ ഒരു കാലം മുസ്ലിം കേരളത്തിനുണ്ടായിരുന്നു. മത- സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ മേഖലകളില്‍ തന്റെതായ ഇടം രേഖപ്പെടുത്തിയ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ എന്ന വ്യക്തി പ്രഭാവത്തിന്റെ അനിതര സാധാരണമായ കര്‍മ്മഫലമായിരുന്നു അത്യന്തികമായി മര്‍കസിന്റെ വിജയം.
സമര്‍പ്പിതരായ ഗുരു ശ്രേഷ്ഠരുടെ സേവനങ്ങള്‍ മര്‍കസിന് എന്നും മുതല്‍ക്കൂട്ടാണ്. ദര്‍സ് രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തും ശക്തമായ അന്വേഷണ ത്വരയുമുള്ള പണ്ഡിതരുടെ നിര മര്‍കസിനൊപ്പം യാത്ര ചെയ്യുന്നു. സംഘാടനത്തിന്റെയും എഴുത്തിന്റെയും പ്രസംഗത്തിന്റെയും മാതൃകകള്‍ ഇവരിലുണ്ട്. ലൈബ്രറിയും കമ്പ്യൂട്ടര്‍ സൗകര്യവുമടക്കം നിരവധി ഭാഷാ- മനഃശാസ്ത്ര കോഴ്‌സുകള്‍ക്കും തൊഴില്‍ പരിശീലനത്തിനും വരെ മര്‍കസ് ശ്രദ്ധ ചെലുത്തുന്നുണ്ട്. മുന്നേ നിശ്ചയിച്ച ഒരു സ്ഥാപന പദ്ധതിയല്ല, അവസരോചിതമായി മര്‍കസ് ഏറ്റെടുത്ത പദ്ധതികളാണ് ഇത്രയും എത്തിച്ചതെങ്കില്‍ പുരോഗതിയുടെ വഴിയില്‍ നമുക്ക് പരിധികളില്ല.
മര്‍കസിന്റെ സന്തതികള്‍ നേതൃത്വം നല്‍കുന്ന ചെറുതും വലുതുമായ സ്ഥാപന സംരംഭങ്ങള്‍ക്കെല്ലാം മര്‍കസ് മാതൃകാ യോഗ്യമാകുന്നത് പുതുമകളെ സ്വീകരിക്കാനും വൈജ്ഞാനിക മുന്നേറ്റങ്ങളെ കലര്‍പില്ലാതെ പിന്തുണക്കാരുമുള്ള മനഃസ്ഥിതികൊണ്ട് കൂടിയാണ്.
നഷ്ടപ്രതാപത്തില്‍ മനം നൊന്തിരിക്കുന്നത് മുസ്ലിമിന്റെ രീതിയല്ല. പകരം വീണ്ടെടുപ്പിന്റെ വിചാരങ്ങളും അധ്വാനവുമാണ് പണ്ഡിത ശീലം. മുന്‍ഗാമികളാല്‍ വിരചിതമായ ഗ്രന്ഥങ്ങള്‍ കര്‍മശാസ്ത്രമോ വിശ്വാസ ശാസ്ത്രമോ മാത്രമല്ല, വൈദ്യശാസ്ത്രത്തിന്റെയും വാന-ഗോള ശാസ്ത്രങ്ങളുടെയുമെല്ലാം ആധികാരിക പഠനങ്ങളായിരുന്നു. അതു പോലെ നമ്മുടെ തലമുറയിലും ഉണ്ടാകേണ്ടതുണ്ട്. പുതിയ ലോകത്തോട് സംവദിക്കുന്ന ഉത്തമ തലമുറയുടെ വീണ്ടെടുപ്പിനായി മര്‍കസ് സര്‍വ സജ്ജമാണ്. അതിനായി ഗവേഷണങ്ങളുടെ വാതില്‍ തുറന്നിട്ടിരിക്കയാണ് മര്‍കസ്. മുസ്ലിം പ്രതാപത്തിന്റെ വീണ്ടെടുപ്പും രാഷ്ട്രത്തിന്റെ പുരോഗതിയും ലക്ഷ്യമാക്കിയുള്ള പുതു കുതിപ്പിലേക്കാണ് മര്‍കസ് നാല്‍പത് വര്‍ഷങ്ങള്‍ നീന്തിക്കയറുന്നത്.

കടപ്പാട്: രിസാല വാരിക

LEAVE A REPLY

Please enter your comment!
Please enter your name here