തബാറക രക്ഷയാണ്

സി.പി ശഫീഖ് ബുഖാരി

0
3082

വിശുദ്ധ ഖുര്‍ആനിലെ അതിവിശിഷ്ഠമായ അധ്യായമാണ് സൂറത്തുല്‍ മുല്‍ക്ക്. വെറും മുപ്പതു സൂക്തങ്ങളുള്ള ഈ സൂറത്ത് വിശ്വാസിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. മുന്‍ജിയത്ത്, വാഖിയത്ത്, തുടങ്ങിയ നാമങ്ങളില്‍ ഇതറിയപ്പെടുന്നു.
സൂറത്തുല്‍ മുല്‍ക്കിന്റെ പുണ്യം പ്രകാശിപ്പിക്കുന്ന ധാരാളം നബിവചനങ്ങളുണ്ട്. അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്ന ഹദീസില്‍ നബി (സ) പറഞ്ഞു. മുപ്പതു സൂക്തങ്ങളുള്ള മുല്‍ക്ക് സൂറത്ത് അവന്റെ പാപങ്ങള്‍ പൊറുക്കുന്നതുവരെ ശിപാര്‍ശ ചെയ്തുകൊണ്ടിരിക്കും. അനസ്(റ) ഉദ്ധരിക്കുന്നു: തിരുനബി(സ) പറഞ്ഞു. മുല്‍ക്ക് സൂറത്ത് പാരായണം ചെയ്യുന്ന വ്യക്തി സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതുവരെ ആ വ്യക്തിക്ക് വേണ്ടി വാദിച്ചുകൊണ്ടിരിക്കും.

നരകമുക്തി
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ഖബ്‌റിന്നരികെ സൂറത്തുല്‍ മുല്‍ക്ക് ഓതുന്ന ഒരാളോടു തിരുനബി(സ) പറഞ്ഞു. അതു ഖബര്‍ ശിക്ഷയെ തടയുന്നതാണ്. ശിക്ഷയില്‍ നിന്നു രക്ഷ നല്‍കുന്നതാണ്.

മക്കളെ പഠിപ്പിക്കുക
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ഞാന്‍ ഒരു ഹദീസ് പറയുന്നതു നിങ്ങളെ സന്തോഷിപ്പിക്കുമോ? ശ്രോതാവ് പറഞ്ഞു. അതേ, സന്തോഷിപ്പിക്കും. അദ്ദേഹം പറഞ്ഞു. മുല്‍ക്ക് സൂറത്ത് നീ പാരായണം ചെയ്യുക. അത് നിന്റെ പത്‌നിയെ പഠിപ്പിക്കുക, നിന്റെ മുഴുവന്‍ സന്തതികളേയും നിന്റെയും നിന്റെ അയല്‍പക്ക വീടുകളിലെയും കൊച്ചുകുഞ്ഞുങ്ങളെ അതു പഠിപ്പിക്കുക, അതു രക്ഷയാണ്. അന്ത്യനാളില്‍, പാരായണം ചെയ്യുന്നവര്‍ക്കു വേണ്ടി അതു അല്ലാഹുവിനോടു വാദിക്കും. നരകശിക്ഷയില്‍ നിന്നു മുക്തി നല്‍കാന്‍ അതു അല്ലാഹുവിനോടു ആവശ്യപ്പെടും. അതുകാരണം ഖബ്ര്‍ ശിക്ഷയില്‍ നിന്നു മുക്തി ലഭിക്കും. എന്റെ സമുദായത്തിലെ ഓരോ അംഗത്തിന്റെ മനസ്സിലും അതു മന:പാഠമുണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നു തിരുനബി(സ്വ) പറഞ്ഞിട്ടുമുണ്ട്.
ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു. തിരുനബി(സ്വ) പറഞ്ഞു. അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ മുപ്പതു സൂക്തങ്ങളുള്ള ഒരു സൂറത്തുണ്ട്. ഉറങ്ങുന്നതിന്റെ മുമ്പ് അത് പാരായണം ചെയ്താല്‍ മുപ്പതു ഗുണങ്ങള്‍ അവനു രേഖപ്പെടുത്തും. അവന്‍ ചെയ്ത മുപ്പതു പാപങ്ങള്‍ മായ്ച്ചു കളയും. മുപ്പതു പദവികള്‍ അവനെ ഉയര്‍ത്തും. ഒരു മലക്കിനെ അല്ലാഹു അവനിലേക്കു അയക്കും. ആ മലക്കു അവനു ചിറകു വിരിക്കും. അവനുണരുന്നതുവരെ സര്‍വ്വതില്‍ നിന്നും അവനു സംരക്ഷണം നല്‍കുകയും ചെയ്യും. ആ സൂറത്ത് ഖബറില്‍ അവന് വേണ്ടി വാദിക്കുന്നതുമാണ്. പ്രസ്തുത സൂറത്താണ് മുല്‍ക്.

പഠിക്കാത്തവന്‍ പരാജിതന്‍
അനസ്(റ) ഉദ്ധരിക്കുന്നു. തിരുനബി (സ) പറഞ്ഞു: ഞാന്‍ ഒരു അത്ഭുതം ദര്‍ശിച്ചു. ധാരാളം പാപം ചെയ്തു മരിച്ചുപോയ ഒരാളെ ഞാന്‍ കണ്ടു. രണ്ടു കാലിന്റെ ഭാഗത്തുകൂടെ ഖബ്‌റില്‍ അയാള്‍ക്കു ശിക്ഷ വന്നു, അല്ലെങ്കില്‍ തലയുടെ ഭാഗത്തു ശിക്ഷ വന്നു. ഈ സന്ദര്‍ഭങ്ങളിലെല്ലാം സൂറത്തുല്‍ മുല്‍ക് വന്നു ശിക്ഷയോട് തര്‍ക്കിക്കുന്നു. അവന്‍ എന്നെ പതിവാക്കിയവനാണ് . എന്റെ നാഥന്‍ എനിക്കു വാക്കു തന്നിട്ടുണ്ട്, എന്നെ പതിവാക്കുന്നവന്‍ ശിക്ഷിക്കപ്പെടുകയില്ലെന്ന്. ശിക്ഷ അവനില്‍ നിന്നു പിന്തിരിഞ്ഞുപോകുന്നു. അനസ്(റ) പറയുന്നു. മുഹാജിറുകളും അന്‍സ്വാറുകളും സൂറത്തുല്‍ മുല്‍ക്ക് പഠിക്കാറുണ്ടായിരുന്നു. അവര്‍ ഇങ്ങനെ പറയുകയും ചെയ്യുമായിരുന്നു. സൂറ ത്തുല്‍ മുല്‍ക്ക് പഠിക്കാത്തവന്‍ പരാജിതനാണെന്ന്.

നിത്യവും പാരായണം ചെയ്യുക
ആഇശ(റ) പറയുന്നു: തിരുനബി എല്ലാ രാത്രിയിലും സൂറത്തുസ്സജദയും സൂറത്തുല്‍ മുല്‍ക്കും പാരായണം ചെയ്യാറുണ്ടായിരുന്നു. യാത്രയില്‍ പോലും അതുപേക്ഷിച്ചിരുന്നില്ല.

തബാറക
ഈ സൂറത്ത് ആരംഭിക്കുന്നത് ‘തബാറക’ എന്ന പദം കൊണ്ടാണ്. ബറകത് എന്നതില്‍ അര്‍ത്ഥാധിക്യം സൂചിപ്പിക്കാനാണ് ഇതുപയോഗിക്കാറുള്ളത്. ധാരാളം നന്മകളുടെ സമുച്ഛയമാണ് തബാറക അര്‍ത്ഥമാക്കുന്നത്. അഥവാ അല്ലാഹു ചെയ്ത നന്മകള്‍ എണ്ണിത്തിട്ടപ്പെടുത്താനോ പരിമിതപ്പെടുത്താനോ സാധ്യമല്ല.
മറ്റൊരര്‍ത്ഥം അല്ലാഹു സര്‍വ്വതിനേക്കാളും ഉന്നതനാണെന്നാണ്. അല്ലാഹുവിന്റെ സത്തയിലും ഗുണത്തിലും പ്രവര്‍ത്തനത്തിലും അതുല്യനാണെന്നാണ്. അവന്‍ തുടക്കമില്ലാത്തവനാണ്. മാറ്റങ്ങളോ നശിക്കലോ അവനു സംഭവിക്കില്ല. അവനെ സൃഷ്ടികളോടു സാദൃശ്യപ്പെടുത്താന്‍ സാധ്യമല്ല. എല്ലാ ഉപകാരങ്ങളെയും ഗുണങ്ങളെയും സൃഷ്ടിക്കുന്നവനായ, നിലനിര്‍ത്തുന്നവനായ അല്ലാഹു എല്ലാത്തിനേക്കാള്‍ ഉന്നതനാകുന്നു.
ചുരുക്കത്തില്‍ അവന്‍ അത്യുന്നതനും അപരിമേയമായ മഹത്വമുടയവനും സത്തയിലും ഗുണങ്ങളിലും കര്‍മ്മങ്ങളിലും അവനല്ലാത്ത എല്ലാവര്‍ക്കും അതീതനും കണക്കറ്റ നന്മകളുടെ ഉറവിടവും ഒരിക്കലും കോട്ടം തട്ടാത്ത സമ്പൂര്‍ണ്ണ അധിപനുമാകുന്നു.

മുല്‍ക്ക്
മുല്‍ക്ക് എന്ന പദത്തിനര്‍ത്ഥം അധികാരം, ഉടമസ്ഥത എന്നിവയാണ്. സര്‍വ്വ അധികാരങ്ങളും അല്ലാഹുവിന്റെ അധീനതയിലാണ്. പ്രപഞ്ചത്തിന്റെ അധിപനും അവന്‍ തന്നെയാണ്. ആര്‍ക്കൊക്കെ എന്തൊക്കെ അധികാരങ്ങളും ഉടമസ്ഥതകളും ഉണ്ടോ അതെല്ലാം അല്ലാഹു നല്‍കിയത് മാത്രമാണ്. അത് ആരിലും അവശേഷിക്കില്ല. ഒരുനാള്‍ വരെ മാത്രം ലഭ്യമാവുന്നതാണ്. പക്ഷേ, അല്ലാഹുവിന്റെ അധികാരം അവധി പറഞ്ഞു അവസാനിപ്പിക്കാവുന്നതല്ല, എന്നും ശേഷിക്കുന്നതാണ്. ഒരര്‍ത്ഥത്തിലും അല്ലാഹുവിന്റെ അധികാരത്തിനോടു സമരസപ്പെടുന്ന അധികാരം മറ്റൊരാള്‍ക്കും ഇല്ല. അല്ലാഹുവിന്റെ അധികാരത്തെ തടയാനോ നിഷ്പ്രഭമാക്കാനോ ഒരാള്‍ക്കും സാധ്യവുമല്ല.
അല്ലാഹുവിന്റെ പരിശുദ്ധമായ വിശേഷണങ്ങളും ഔന്നിത്യത്തെ വാഴ്ത്തലുകളും വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കുമ്പോള്‍ തൊട്ടുമുമ്പ് അത്ഭുതകരമായ വല്ല ദൃഷ്ടാന്തങ്ങളും പറഞ്ഞിട്ടുണ്ടാവും. സൂറതുല്‍ മുല്‍ക് സൂറതുത്തഹ്‌രീമിന്റെ തൊട്ടു പിറകെയാണ് വരുന്നത്. അതിലെ അവസാന സൂക്തങ്ങള്‍, ഫിര്‍ഔന്റെ ഭാര്യയായ ആസിയാ ബീവിയുടെയും ഇംറാന്റെ മകളായ മര്‍യം ബീവിയുടെയും ഉജ്ജ്വല ചരിത്രമാണ് ഓര്‍മ്മപ്പെടുത്തിയത്. ത്യാഗോജ്ജ്വല ജീവിതത്തിലും വിശ്വാസത്തിന്റെ ദൃഢത വെളിപ്പെടുത്തിയ പ്രസ്തുത മഹതികള്‍ വിശ്വാസികളുടെ മാതൃകയാണ്. അക്രമത്തിന്റെ മൂര്‍ത്തീരൂപമായ ഫിര്‍ഔന്റെ കൊട്ടാരത്തിനകത്തായിരുന്നു ആസിയാ ബീവിയുടെ പോരാട്ടമെങ്കില്‍ ഭര്‍ത്താവില്ലാതെ കുട്ടി ജനിച്ച മാനസിക പീഡന പര്‍വ്വമാണ് മര്‍യം ബീവി അതിജയിച്ചത്. ക്ഷമയുടെ അത്യുജ്ജ്വല പാഠങ്ങളാണ് ഈ രണ്ടു മഹതികളും പ്രദര്‍ശിപ്പിച്ചത്. മനുഷ്യ മനസുകളെ വഴി നടത്തുന്നതു അല്ലാഹു മാത്രമാണെന്നും അതില്‍ നിന്നു വ്യക്തമാവുന്നു. ഈ ദൃഷ്ടാന്തങ്ങള്‍ക്കുടനെയാണ് അല്ലാഹുവിന്റെ ഉജ്ജ്വല വിശേഷണങ്ങള്‍ അല്ലാഹു ഇവിടെ അവതരിപ്പിക്കുന്നത്.
സൂറതുല്‍ മുല്‍ക്കിന്റെ ആദ്യവചനങ്ങളില്‍ തന്നെ വിശ്വാസിയുടെ മനസ്സ് അല്ലാഹുവില്‍ മാത്രമായി ലയിക്കുന്നതാണ്. മനുഷ്യനു ആവശ്യമുള്ളത് അനുഗ്രഹങ്ങളാണ്, സുഖങ്ങളാണ്. ഇതെല്ലാം നല്‍കുന്നത് അല്ലാഹു മാത്രമാണ്. അവന്‍ കനിഞ്ഞാല്‍ തടയാനാരുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here