തയമ്മും

0
2068

സാധാരണ മനുഷ്യര്‍ക്ക് ജീവിതത്തില്‍ പ്രയോഗവല്‍കരിക്കാന്‍ കഴിയാത്തതൊന്നും ഇസ്‌ലാമിക ശരീഅത്തിലില്ല. വെള്ളം ഉപയോഗിച്ച് കൊണ്ട് ശുചീകരണം നടത്തണമെന്ന് കല്‍പിക്കുമ്പോള്‍ തന്നെ അതിന് കഴിയാതെ വരുന്ന സാഹചര്യത്തില്‍ ചെയ്യേണ്ട പരിഹാരവും ശരീഅത്ത് നിര്‍ദേശിക്കുന്നുണ്ട്.
മലമൂത്ര വിസര്‍ജനത്തിന് ശേഷം വെള്ളം ഉപയോഗിക്കാന്‍ സാധിക്കാത്തപ്പോള്‍ വന്ദിക്കപ്പെടുന്നല്ലാത്ത, എല്ലും നജസും അല്ലാത്ത വസ്തുക്കള്‍ കൊണ്ട് മൂന്ന് തവണയില്‍ കുറയാതെ, നജസ് നീങ്ങത്തക്ക രൂപത്തില്‍ ഗുഹ്യഭാഗം തുടച്ചാല്‍ മതി. നിസ്‌കാരം പോലുള്ള ഏത് കാര്യവും ഇതിനാല്‍ നിര്‍വ്വഹിക്കുകയും ചെയ്യാം. പാടത്തോ പറമ്പിലോ പണിയെടുക്കുമ്പോഴും മറ്റും ഏതായാലും കുളിക്കണമല്ലോ എന്നു കരുതി മൂത്രമൊഴിച്ച് ഈ രൂപത്തിലെങ്കിലും വൃത്തിയാക്കാതെ എഴുന്നേല്‍ക്കല്‍ ഹറാമാണ്.
നിര്‍ബന്ധമായ കുളി വുളൂഅ് എന്നിവ വെള്ളം കിട്ടാത്തത് കൊണ്ടോ ഉപയോഗിക്കാന്‍ പറ്റാത്തത് കൊണ്ടോ നിര്‍വ്വഹിക്കാന്‍ കഴിയാതെ വന്നാല്‍ താഴെ പറയും പ്രകാരം തയമ്മും ചെയ്യേണ്ടതാണ്.
ശുദ്ധിയുള്ള പൊടിമണ്ണ് കൊണ്ടാണ് തയമ്മും ചെയ്യേണ്ടത്. മണ്ണ് നജസ് കലര്‍ന്നതാവാതിരുന്നാല്‍ മതി. അവയവത്തില്‍ ഉപയോഗിച്ച മണ്ണ് അതിലേക്ക് കൊഴിഞ്ഞ് വീഴാതിരുന്നാല്‍ കുറച്ച് മണ്ണെടുത്താല്‍ അത്‌കൊണ്ട് എത്രവേണമെങ്കിലും തയമ്മും ചെയ്യാം. പലക, കടലാസ് പോലോത്തതില്‍ പൊടിമണ്ണ് പരത്തിവെച്ച് രണ്ട് മുന്‍കൈ കൊണ്ടും ഒന്നിച്ച് വിരലുകള്‍ വിടര്‍ത്തിപ്പിടിച്ച് ശക്തികുറച്ച് അതില്‍ അടിക്കുക. കൈകളില്‍ കൂടുതല്‍ മണ്ണ് പറ്റിപ്പിടിച്ചിട്ടുണ്ടെങ്കില്‍ ഊതിയോ കുടഞ്ഞോ കൂടുതലുള്ളത് കളയണം. മുഖം വൃത്തികേടാകാതിരിക്കാനാണിത്. തുടര്‍ന്ന് രണ്ട് കൈകള്‍കൊണ്ടും മുഖം തടവണം. വെള്ളം കൊണ്ട് വുളൂഅ് എടുക്കുമ്പോള്‍ എത്തേണ്ട എല്ലായിടത്തും തടവല്‍ എത്തണം. ചുണ്ടിന്റെ മുകള്‍ ഭാഗം, മൂക്കിന്റെ അറ്റം പോലുള്ള സ്ഥലങ്ങളില്‍ തടവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇനി രണ്ടാമത്തെ അടി അടിക്കുക. കൈ വിരലില്‍ മോതിരമുണ്ടെങ്കില്‍ രണ്ടാമത്തെ അടിയില്‍ ഊരിവെക്കണം. തുടര്‍ന്ന് ഇടത്തേ കൈ കൊണ്ട് വലത്തേ കൈയ്യും വലത്തേ കൈ കൊണ്ട് ഇടത്തേ കൈയ്യും മുട്ടുകള്‍ ഉള്‍കൊള്ളിച്ച് തടവണം. മുഖം പോലെത്തന്നെ കഴുകുമ്പോള്‍ വെള്ളം ചേരല്‍ നിര്‍ബന്ധമായ എല്ലായിടത്തും തടവല്‍ എത്തണം. നിര്‍ബന്ധക്കുളി കുളിക്കുന്ന ഒരാള്‍ക്ക് ഏതെങ്കിലും ഒരു അവയവത്തിന്മേല്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്തത് കൊണ്ടാണ് തയമ്മും ചെയ്യുന്നതെങ്കില്‍ ആ തയമ്മും കുളിയുടെ മുമ്പായാലും ശേഷമായാലും വിരോധമില്ല. ഇതോടെ തയമ്മും അവസാനിച്ചു.
വുളൂഇലാണ് ഏതെങ്കിലും ഒരവയവത്തില്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്തതെങ്കില്‍ ആ അവയവം കഴുകേണ്ട സമയത്ത് തയമ്മും ചെയ്യണം. കൈ മുട്ട് വരെയുള്ള ഏതെങ്കിലും സ്ഥലത്തോ മുഖത്തോ മുറിവുണ്ടായാല്‍ വുളൂഉം തയമ്മുമും പൂര്‍ണ്ണമായും ചെയ്യാന്‍ സാധിക്കില്ല. അതിനാല്‍ തയമ്മും ചെയ്ത് നിസ്‌കരിക്കുന്ന നിസ്‌കാരം മുറിവ് സുഖപ്പെട്ടതിന് ശേഷം വുളൂഅ് ചെയ്ത് മടക്കി നിസ്‌കരിക്കേണ്ടതാണ്.
എന്നാല്‍ ഈ രണ്ട് സ്ഥലത്തല്ല മുറിവ് എങ്കില്‍ വുളൂഓട് കൂടിയാണ് പ്ലാസ്റ്റര്‍ പേലുള്ളത് ഇട്ടതെങ്കില്‍ തയമ്മുമും വുളൂഉം രണ്ടുംകൂടി ചെയ്ത് നിസ്‌കരിക്കുന്ന നിസ്‌കാരം മടക്കേണ്ടതില്ല. (പ്ലാസ്റ്റര്‍ പോലുള്ളതിന്മേല്‍ വെള്ളംകൊണ്ട് തടവല്‍ നിര്‍ബന്ധമാണ്.) ചുരുക്കത്തില്‍ തയമ്മും എന്നത് ധാരാളം വിശദാംശങ്ങള്‍ ആവശ്യമുള്ളതും എന്നാല്‍ സാധാരണ ഉപയോഗത്തില്‍ വരാത്തതാകയാലും വിവരമുള്ള ഒരാളോട് അന്വേഷിച്ച് ചെയ്യലാവും നല്ലത്.

LEAVE A REPLY

Please enter your comment!
Please enter your name here