വുളൂഇന്റെ ദുആ

0
3058

വുളൂഇല്‍ നിന്ന് വിരമിച്ച ശേഷം രണ്ട് മുന്‍കൈയ്യും കണ്ണുകളും മുകളിലേക്ക് ഉയര്‍ത്തി രണ്ട് ശഹാദത്തും ദുആഉം നിര്‍വഹിക്കല്‍  വിവരണാതീതമായ പ്രാധാന്യമുള്ളതാണ്. പരലോക വിശ്വാസമുള്ളൊരാള്‍ക്ക് അതിന്റെ പ്രാധാന്യമറിഞ്ഞാല്‍ അത് ഒഴിവാക്കാന്‍ കഴിയുകയില്ല. അതിനുമാത്രം അതിനെ കുറിച്ച് ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇത് സമ്പന്ധമായി വന്ന ഹദീസിന്റെ ഉള്ളടക്കം നമുക്കിങ്ങനെ മനസ്സിലാക്കാം. ‘ഒരാള്‍ വുളൂഇന്ന് ശേഷം പ്രസ്തുത ദിക്‌റും ദുആഉം നിര്‍വ്വഹിച്ചാല്‍ അതിനെ ഒരു പ്രത്യേക റിക്കാഡില്‍ രേഖപ്പെടുത്തുകയും ഒരു പ്രത്യേക സീല്‍കൊണ്ട് സീല്‍ ചെയ്യപ്പെടുകയും ചെയ്യുന്നു. പിന്നീട് അതിന്റെ അതിമഹത്തായ പ്രതിഫലം നേരില്‍ കാണുന്നത് വരെ ആ സീല്‍ പൊട്ടിക്കപ്പെടുകയില്ല.’ സാധാരണ ഗതിയില്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്താല്‍ പല കാരണങ്ങളാലും അതിന്റെ പ്രതിഫലം നഷ്ടപ്പെടാന്‍ ഇടയുണ്ട്. എന്നാല്‍ ഈമാനോട് കൂടി മരണപ്പെട്ട വ്യക്തിക്ക് വുളൂഇന്റെ ശേഷമുള്ള ദിക്‌റിന്റെ പ്രതിഫലം യാതൊരു കാരണത്താലും നഷ്ടപ്പെടുകയില്ല എന്നാണ് സീല്‍ പൊട്ടിക്കപ്പെടുകയില്ല എന്നതിന്റെ വിവക്ഷ എന്ന് മഹാന്മാരായ ഇമാമുകള്‍ പഠിപ്പിക്കുന്നു.

 


നിര്‍ബന്ധമായ കുളിക്ക് നിയ്യത്ത് വേണമെന്നും ശരീരത്തിലെല്ലായിടത്തും വെള്ളം എത്തിക്കണമെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത്‌പോലെ കുളിക്കും വുളൂഇന്നും ശുദ്ധിയുള്ള വല്ല സാധനവും (ഉദാഹരണത്തിന് സോപ്പ്, പഞ്ചസാര, മഷി) കലര്‍ന്ന് നിറം, മണം, രുചി എന്നിവ വ്യത്യാസപ്പെട്ടിട്ടില്ലാത്ത വെള്ളമായിരിക്കണം. കഴുകുമ്പോള്‍ അവയവത്തിലുള്ള മഷി പോലോത്തത് വെള്ളത്തില്‍ കലര്‍ന്നാല്‍ ആ കഴുകല്‍ കണക്കിലെടുക്കുകയില്ല. അത് നീക്കിയതിന്ന് ശേഷം ശുദ്ധമായ വെള്ളംകൊണ്ട് കഴുകണം. കുളിയുടെ നിയ്യത്ത് ചെയ്തതിന്ന് ശേഷം കോപ്പയെടുക്കാനോ മറ്റോ രണ്ട് കുല്ലത്ത് (ഏകദേശം 200 ലിറ്റര്‍) തികയാത്ത വെള്ളത്തില്‍ കൈ ഇട്ടാല്‍ (വിരലിന്റെ തലയാണെങ്കിലും) ആ വെള്ളംകൊണ്ട് കുളിക്കാന്‍ പാടില്ല. കാരണം അത് ഫര്‍ളില്‍ ഉപയോഗിക്കപ്പെട്ടതായി.

മിഖ്ദാദ് ബാഖവി

LEAVE A REPLY

Please enter your comment!
Please enter your name here