ഹൃദയവും ഹുബ്ബും

ഷനൂബ് ഹുസൈൻ

0
931

ചോദ്യ കർത്താവ് ഒലിച്ചിറങ്ങുന്ന മിഴിനീർ തുള്ളികൾ കണ്ട്, ശക്തമായ വിലാപം കണ്ട് നയനങ്ങൾക്കും ഹൃദയത്തിനുമെന്ത് പറ്റിയെന്നന്വേഷിച്ചു. അടങ്ങിയിരിക്കാനുള്ള കൽപന ലംഘിച്ച് കൊണ്ട് കണ്ണ്നീർ അണപൊട്ടിയൊഴുകാനും ഹൃദയം പ്രണയ വേദനയിൽ തന്നെ തുടരാനുമുള്ള കാരണമന്വേഷിച്ചു. ഇതിനൊന്നും മറുപടി ലഭിക്കാതെയായപ്പോൾ തുടർന്നും പ്രണയം നിഷേധിക്കുന്ന അഭിസംബോധകനെ ഖണ്ഡിച്ച് കൊണ്ട് കവി പറയുന്നു
٤– ايحسب الصب أن الحب منكتم       ما بين منسجم منه و مضطرم
(ആളുന്ന ഹൃദയത്തിനും ഒലിക്കുന്ന ബാഷ്പ കണങ്ങൾക്കുമിടയിൽ പ്രണയത്തെ പൂഴ്ത്തിവെക്കാമെന്നാണോ അനുരാഗി വിചാരിക്കുന്നത്?)
ചൊരിയൽ എന്നർത്ഥമുള്ള സ്വമ്പ്(صب) എന്ന പദം അനുരാഗിയെ സൂചിപ്പിക്കാനായി ഇവിടെ  ഉപയോഗിച്ചത് അയാൾ ധാരാളമായി കണ്ണ്നീർ പൊഴിച്ചത് കൊണ്ടാണ്. ഹൃദയത്തിന് മറ്റൊരു വസ്തുവിനോടുള്ള  പ്രകൃതിപരമായ ചായ് വാണ് ഹുബ്ബ് (സ്നേഹം ). ദാഹിക്കുന്നവന് വെള്ളത്തിലേക്കുള്ള ആകർഷണം പോലെയാണത്. മറഞ്ഞിരിക്കുന്നതെന്ന അർത്ഥമാണ് മുൻകതിമിനുള്ളത്.മുൻസജിമിന് ഒലിക്കുന്നത് എന്നും മുള്ത്വരിമിന് ആളിക്കത്തുന്നത് എന്നും അർത്ഥം പറയാം.
അനുരാഗി വിചാരിക്കുന്നുണ്ടോ അവന്റെ സ്നേഹം ഒഴുകിക്കൊണ്ടിരിക്കുന്ന കണ്ണ് നീരിനും തപിക്കുന്ന ഹൃദയത്തിനുമിടയിൽ ഒളിഞ്ഞിരിക്കുമെന്ന്. ആ ധാരണ ശരിയല്ല. ഹൃദയത്തിൽ പ്രണയമുണ്ടെങ്കിൽ അനുരാഗിയുടെ മുഖം മഞ്ഞ നിറമാകും. പ്രകൃതമാകെ മാറും. ശരീരം മെലിയും. അത് കൊണ്ട് തന്നെ കത്തുന്ന ഹൃദയം പ്രണയമുണ്ടെന്നറിയിക്കുന്നു.
ഇതിനു മുമ്പുള്ള വരികളിൽ മുഖധാവിലുള്ള അഭിസംബോധകനോടാണ് കവി സംസാരിച്ചിരുന്നത്. പക്ഷേ, ഈ വരിയിൽ തന്റെ മുന്നിൽ സന്നിഹിതനല്ലാത്ത വ്യക്തിയെ കുറിച്ചാണ് സംസാരിക്കുന്നത്.ഈ സാഹിത്യ ശൈലിക്ക് ഇൽതിഫാത്(التفات ) Apostrophe എന്ന് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here