ഹജ്ജ് വെറുമൊരു പുറപ്പെട്ടുപോക്കല്ല ഭാഗം-2

അബ്ദുറഹ്മാന്‍ ദാരിമി കൂറ്റമ്പാറ കേട്ടെഴുത്ത്/ അലി അക്ബര്‍ കൂരാട്, സാലിം ആമപ്പൊയില്‍

0
2314

ഏതൊരു കര്‍മം ചെയ്യാനും അതേകുറിച്ച് അറിവ് അനിവാര്യമാണ്. ബഹുമാനവും ശ്രേഷ്ഠതയും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് സുകൃതങ്ങളെ പരിപൂര്‍ണ്ണവസ്ഥയില്‍ നമുക്ക് പ്രകാശിപ്പിക്കാനാവൂന്നത്. ജീവിതത്തിലെ അപൂര്‍വ്വസരങ്ങളില്‍ ചെയ്യുന്ന ആരാധനയെന്ന         നിലക്ക് ഹജ്ജിന് ഉദ്ദേശിക്കുന്നവര്‍ സമഗ്രമായി തന്നെ പഠിക്കാന്‍ തയ്യാറാകണം.

ഹജ്ജ് എന്നതിലെ ആദ്യക്ഷരം അള്ളാഹുവിന്റെ നാമമായ ഹലീം (സമാധാനി) എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രണ്ടാമത്തെ അക്ഷരം സൃഷ്ടിയുടെ വിശേഷണമായ ജരീം (കുറ്റവാളി) എന്നതിലേക്കും. അതായത് കുറ്റവാളിയായ അടിമിയുടെ സമാധാനിയായ സ്രഷ്ടാവിലേക്ക് നടത്തുന്ന തീര്‍ത്ഥ യാത്രയാണ് ഹജ്ജ്. പ്രസവിക്കപ്പെട്ട സമയത്ത് ഒരു കുഞ്ഞിലുണ്ടാവുന്ന നിഷ്‌കളങ്കാവസ്ഥയുടെ പാരമ്യത്തിലേക്ക് തിരിച്ച് നടക്കുകയെന്നതാണ് ഒരാള്‍ ഹജ്ജിലൂടെ നേടിയെടുക്കേണ്ട പ്രധാനപ്പെട്ട കാര്യം.
പാപം കഴുകിക്കളയാനാണ് യാത്രയെങ്കിലും കുറ്റവാളിയെ കോടതിയിലേക്ക് വിളിച്ച് വരുത്തും പോലെ ഭീതി നിറഞ്ഞ മനസ്സുമായല്ല ഹജ്ജിനുപോവേണ്ടത്. നിറഞ്ഞ ആഗ്രഹത്തോടെയും സന്തോഷത്തോടെയുമായിരിക്കണം. ഹജ്ജിനു പോകുന്നവര്‍ അള്ളാഹുവിന്റെ അതിഥികളാണെന്നാണ് മുത്തുനബി പരിചയപ്പെടുത്തുന്നത്. വിരുന്നുക്കാരന്‍ സല്‍ക്കാരത്തിലേക്ക് പോകുന്നത് പോലെ ആഹ്ലാദഭരിതാനായിട്ട് വേണം ഒരാള്‍ ഹജ്ജിനൊരുങ്ങാന്‍.
ഇമാം നവവി(റ) തന്റെ ഈളാഹില്‍ ഹജ്ജ് യാത്രക്കൊരുങ്ങുന്നവന്‍ തന്റെ വീട്ടിലും നാട്ടിലും കുടുംബത്തിലും കൂട്ടുകാരിലുമൊക്കെയായി ചെയ്തുതീര്‍ക്കേണ്ട ഇരുപതോളം കാര്യങ്ങളെ ക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഹജ്ജെന്ന വിരുന്ന് യാത്രക്ക് തയ്യാറെടുക്കുന്നവര്‍ തന്റെ ബന്ധങ്ങളിലുള്ളവരോടെല്ലാം പൊരുത്തവും സന്തോഷവും വാങ്ങുകയെന്നത് അതിപ്രധാനമാണ്. എന്നാല്‍ ഹജ്ജനുഭവങ്ങളില്‍ നിന്ന് നേരിട്ട് ബോധ്യപ്പെട്ട ദു:ഖകരമായ ഒരു കാര്യം പലരും ഈ വിഷയത്തെ ഗൗരവമായി സമീപിക്കുന്നില്ലെന്നതാണ് ഒട്ടും ആത്മാര്‍ത്ഥതയില്ലാതെ കേവല പ്രകടനങ്ങളില്‍ പൊരുത്തം വാങ്ങലുകളെ ഒതുക്കിയാല്‍ ഹജ്ജിന്റെ സ്വീകാര്യതയെ അത് ദോഷകരമായി ബാധിക്കുമെന്നത് യാത്രക്കാരന്‍ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. തഖ്‌വക്ക് അനുഗ്രഹമായ സ്വഭാവ വിശേഷങ്ങളാണ് യാത്രക്കാരന്റെ ഹൃദയത്തിലും പ്രവൃത്തിയിലുമുണ്ടാവേണ്ടതെന്ന ഖുര്‍ആന്റെ ആഹ്വാനവും കൂടി ഇതോട് ചേര്‍ത്ത് വായിക്കണം. അഹങ്കാരത്തെയും വിദ്വേഷത്തെയും പറിച്ചു മാറ്റി വിനയത്തെയും സ്‌നേഹത്തെയും പ്രതിഷ്ഠിക്കുകയാണ് യാത്രക്കാരന്‍ ചെയ്യേണ്ടത്.

ഇമാം നവവി(റ) പഠിപ്പിച്ച ഹജ്ജിന് പോകുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് ചെയ്യാന്‍ പോകുന്ന കര്‍മങ്ങളെ കുറിച്ച് പഠനം നടത്തുക എന്നത്. മഹാനവര്‍കള്‍ നിര്‍ദേശിക്കുന്ന മറ്റൊരുകാര്യം ഇബാദത്തിന് താത്പര്യം ജനിപ്പിക്കുന്ന ആളുകളോട് കൂടെയാവണം യാത്രയെന്നതാണ്. മദീനയിലേക്ക് പോകണമെന്ന് ആഗ്രഹിക്കുമ്പോള്‍ അരുതെന്ന് പറയുന്ന, സുന്നത്ത് നിസ്‌ക്കരിക്കാനും സ്വാലത് ചൊല്ലാനും തടസ്സം നില്‍ക്കുന്ന ആളുകളാണ് സഹയാത്രികരെങ്കില്‍ ഹജ്ജിന്റെ പൂര്‍ണ്ണതക്ക് അത് ദോഷം വരുത്തുക തന്നെ ചെയ്യും. കൂട്ടുകാരെ തിരഞ്ഞെടുക്കുന്നിടത്ത് തികഞ്ഞ അലംഭാവം ഇന്ന് വളരെ പ്രകടമായികാണുന്നുണ്ട്. അറിവോ സ്വഭാവ ശുദ്ധിയോ ഒന്നും ആരും മാനദണ്ഡമായി കാണുന്നില്ല എന്നതാണ് സത്യം.

വിമാനയാത്രയില്‍ ശ്രദ്ധിക്കേണ്ടത്
th (1)സൗദി എയര്‍വെയ്‌സിലാണ് യാത്രയെങ്കില്‍ ഹജ്ജിനെ കുറിച്ചുള്ള വിവരങ്ങളും അറിയിപ്പുകളുമുണ്ടാവും. യാത്രതുടങ്ങുമ്പോള്‍ ദിക്‌റുകള്‍ ചൊല്ലിത്തരുകയും മീഖാത് എത്താനാവുമ്പോള്‍ ഇഹ്‌റാമിനുള്ള സമയാമായെന്ന അനൗണ്‍സുമൊക്കെ ഈ വിമാനത്തില്‍ ലഭിക്കും. എന്നാല്‍ എയര്‍ ഇന്ത്യ പോലോത്ത മറ്റു വിമാനങ്ങളില്‍ ഇത്തരം കാര്യങ്ങളുമൊന്നുമുണ്ടാവില്ല. അത് കൊണ്ട് യാത്രക്ക് മുമ്പ് തന്നെ എയര്‍പോര്‍ട്ടില്‍ വെച്ച് ഇഹ്‌റാം ചെയ്യലാണ് സൗകര്യം. വിമാനത്തില്‍ വെച്ച് വസ്ത്രം മാറ്റുകയെന്നതും ദുഷ്‌കരമാണ്. ദീര്‍ഘദൂരയാത്രചെയ്ത് എയര്‍പോര്‍ട്ടിലെത്തിയതും ഒന്ന് രണ്ട് ദിവസത്തെ ഉറക്കമൊഴിക്കലും കാരണമായി വിമാനയാത്രയില്‍ ഉറക്ക് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലുമാണ്. അതിനാല്‍ എന്ത് കൊണ്ടും അഭികാമ്യം വിമാനത്തില്‍ കയറുന്നതിന് മുമ്പ് തന്നെ ഇഹ്‌റാം ചെയ്യലാണ്.
വിമാനത്തില്‍ വിതരണം ചെയ്യപ്പെടുന്ന കര്‍ച്ചീഫുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം ആല്‍ക്കഹോള്‍ അടങ്ങിയതും അല്ലാത്തതുമായ സുഗന്ധവസ്തുക്കളാണ് അതില്‍ പുരട്ടിയിരിക്കുന്നത്. കര്‍ച്ചീഫുകള്‍ ഉപയോഗിച്ച് മുഖം തുടക്കുകയും മറ്റുമൊക്കെ ചെയ്യുമ്പോള്‍ ഹജ്ജിനും ഉംറക്കും ഇഹ്‌റാം ചെയ്തവന്‍ സുഗന്ധം ഉപയോഗിക്കാന്‍ പാടില്ലെന്ന വിധിവിലക്കിനെ ലംഘിക്കുന്ന അവസ്ഥതയുണ്ടാകും.
വിമാനത്തില്‍ സഹയാത്രികരായി ഹജ്ജിന് പോകുന്നവര്‍ മാത്രമല്ല. സാധാരണ യാത്രക്കാരുമുണ്ടാവും അത് കൊണ്ട് തന്നെ ഫിലിം പ്രദര്‍ശനവും മറ്റുമടങ്ങുന്ന ആത്മീയ യാത്രക്ക് വിഘാതമാവുന്ന കാര്യങ്ങളില്‍ നിന്ന് യാത്രക്കാരന്‍ പൂര്‍ണമായും വിട്ടുനില്‍ക്കണം. ലബൈക്കല്ലാഹുമ്മയെന്ന ദിക്‌റില്‍ ലയിച്ചിരിക്കേണ്ട സമയം അനാവശ്യസംസാരങ്ങളിലും കാഴ്ചകളിലുമായി പാഴാക്കിക്കളയുന്ന ദുരവസ്ഥ ഒരിക്കലുമുണ്ടാവരുത്.
യാത്രയില്‍ എമിഗ്രേഷന്‍ കൗണ്ടറുകളിലും മറ്റുമായി സാധനങ്ങള്‍ മറന്നുവെക്കുന്ന അവസ്ഥ പലപ്പോഴും കാണാറുണ്ട്. പ്രത്യേകിച്ചും പ്രായം ചെന്നവര്‍ക്കാണ് ഈ കാര്യത്തില്‍ പ്രതിസന്ധിയിലാകാറുള്ളത്. യാത്രക്ക് അനിവാര്യമായ പാസ്‌പോര്‍ട്ട് പോലും ചെറിയബാഗിലും മറ്റുമൊക്കെയായി മറന്നുവെക്കുന്നത് സ്ഥിരം പ്രവണതയാണ്. പാസ്‌പോര്‍ട്ട് മറ്റാരെയെങ്കിലും ഏല്‍പ്പിച്ച് ചെക്കിങ് സമയത്ത് വലഞ് പോകുന്നവരുമുണ്ട്. മറ്റു ചിലര്‍ ആരുടെ കൈവശമാണ് ഏല്‍പ്പിച്ചതെന്നറിയാതെ നട്ടം തിരിയുന്നതും കാണാം.
വീടും കുടുംബവും വീട് തീര്‍ത്തും അപരിചിതത്വം നിറഞ്ഞ പുതിയൊരന്തരീക്ഷത്തിലേക്ക് വരുമ്പോള്‍ പ്രായം ചെന്നവരില്‍ കാണുന്ന പരിഭ്രമവും മാനസികാസ്വസ്ഥ്യവും ഹജ്ജ് യാത്രയില്‍ വളരെ പ്രകടമായി കാണാം കൂടെ പോരുന്നവര്‍ മന:ശാസ്ത്രപരമായി കൈകാര്യം ചെയ്യേണ്ട കാര്യമാണിത്. യാത്രക്ക് മുമ്പ് തന്നെ പുതിയ സാഹചര്യങ്ങളെ കുറിച്ച് അവരെ ബോധ്യപ്പെടുത്താന്‍ സാധിക്കണം. വീഴ്ചകളും പിഴവുകളും കാണുമ്പോള്‍ മാന്യമായി ഇടപെടണം. ദേഷ്യത്തോടെ സമീപിക്കുന്നതും കയര്‍ത്ത് സംസാരിക്കുന്നതും മാനസിക നിലയെ കൂടുതല്‍ തകരാറിലാക്കുക മാത്രമെയൊള്ളുവെന്ന് തിരിച്ചറിയാന്‍ സേവകരായി പോരുന്നവര്‍ക്കും അല്ലാത്തവര്‍ക്കും സാധിക്കേണ്ടതുണ്ട്.
ഉംറക്ക് ഇഹ്‌റാം ചെയ്താണ് ഹജ്ജ് യാത്രികര്‍ മക്കയിലെത്തുന്നത്. അത് കൊണ്ട് തന്നെ ഉംറയുടെ നിര്‍ബന്ധ കാര്യങ്ങളായ ത്വവാഫ്, സഅ്‌യ് തലമുടികളയല്‍ എന്നിവ ക്രമപ്രകാരം കൊണ്ടുവരാന്‍ അനിവാര്യമാണ്. ചിലര്‍ ഹറമിലെത്തിയ ഉടനെ സഅ്‌യ് ചെയ്താല്‍ അത് കൊണ്ട് യാതൊരു കാര്യമുണ്ടാകില്ല. നിയ്യത്ത് മറന്ന് പോകുന്നവരും സഅ്‌യ് ആണെന്ന് അറിയാതെ കൂട്ടത്തില്‍ കൂടുന്നവരുമുണ്ട്. അറിവില്ലായ്മ കാരണം ഏഴ് പ്രാവശ്യം നടക്കേണ്ടിടത്ത് 14 തവണ നടന്ന കഷ്ടപ്പെടുന്നവരെയും കാണാം.
ത്വവാഫ് ചെയ്യുമ്പോള്‍ അതിന്റെ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ആഹ്വാനം മുഴുവനും വ്യര്‍ത്ഥമാകും. വുളൂഅ്, ഔറത്ത് മറക്കല്‍, നജസിനെ തൊട്ട് ശുദ്ധിയാകല്‍, കഅ്ബ ശരീഫിനെ ഇടത് ഭാഗത്താക്കല്‍ തുടങ്ങിയവ മുഴുവനും പാലിക്കണം. ഹജറുല്‍ അസ്‌വദില്‍ നിന്ന് തുടങ്ങി ഹജറുല്‍ അസ്‌വദില്‍ അവസാനിക്കുന്നതാണ് ത്വവാഫ്. ശരീരത്തെ മുഴുവനും കഅ്ബയെ ചുറ്റിക്കണമെന്നതും അതിന്റെ അനിവാര്യതയാണ്. പൊക്കിളിന് താഴെ തുണിയുടുത്ത് ത്വവാഫ് ചെയ്യുന്നവര്‍ മുടക്കിയ ലക്ഷങ്ങളെ പാഴാക്കികളയുകയാണെന്നതാണ് ദു:ഖസത്യം. ത്വവാഫ് സ്വഹീഹാകാതെ ശേഷക്രിയകള്‍ കൊണ്ടുവന്നത് കൊണ്ട് ഫലമുണ്ടാകില്ല.
ഹജ്ജിനു പോകുന്നവരില്‍ അറിവുള്ളവര്‍ കര്‍മങ്ങളെകുറിച്ച് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും പരസ്പര സഹായം ചെയ്യാനും അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. ഏറ്റവും വശ്യമായ സംസാരം കൊണ്ട് സഹയാത്രികരെ സന്തോഷിപ്പിക്കാനും സാധിക്കേണ്ടതുണ്ട്. നിസ്സാരകാര്യത്തിന് പോലും ദേഷ്യം പ്രകടിപ്പിച്ച് പ്രതിഫലം നഷ്ടപ്പെടുത്തുന്ന അവസ്ഥ പരിതാപകരമാണ്. ഭാര്യഭര്‍ത്താക്കന്മാര്‍ പരസ്പരം ശണ്ഠ കൂടുന്നുവെന്നതാണ് ഏറെ സങ്കടകരം.
ഹറം ലോകത്താകെയുള്ള വിശ്വാസികളുടെ സംഗമഭൂമിയാണ്. വ്യത്യസ്ത ശരീര പ്രകൃതിയും സ്വഭാവമുള്ളവര്‍ അവിടെയുണ്ടാകും. തീരെ കുറിയവരെയും ആജാനുബാഹുകളെയും കറുത്തുതടിച്ച നീഗ്രോകളെയും കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ നിസ്സാരപ്പെടുത്തുന്ന തോന്നലോ നമ്മുടെ അടുക്കല്‍ നിന്ന് ഇന്‍സള്‍ട്ട് ചെയ്യുന്ന നോട്ടമോ പരിഹാസച്ചുവ കലര്‍ന്ന അംഗവിക്ഷേപമോ ഉണ്ടായാല്‍ നമ്മളറിയാതെ ഹജ്ജിന്റെ പ്രതിഫലം ചോര്‍ന്നുപോകും.
ഹജറുല്‍ അസ്‌വദ് ചുംബിക്കല്‍ ഏതൊരു വിശ്വാസിയും ഒരുപാട് കാലമായി മനസ്സില്‍ താലോലിക്കുന്ന ആഗ്രഹമായിരിക്കും. പക്ഷേ ഒരു ഇബാദത്ത് ചെയ്യുമ്പോഴേക്കും ഒരുപാട് തെറ്റുകള്‍ ചെയ്ത് അനവധി പേരെ വേദനിപ്പിച്ച് സ്വന്തം ശരീരത്തെ പോലും പ്രയാസപ്പെടുത്തി അല്ലാഹു പൊരുത്തപ്പെടാത്ത രീതിയിലേക്ക് നീങ്ങുന്ന പ്രവണത ഒരിക്കലുമുണ്ടാവരുത്. തിരക്കില്ലാത്ത സമയം നോക്കി അത് നിര്‍വഹിക്കാന്‍ ശ്രമിക്കണം. ജമാഅത്ത് നിസ്‌ക്കാരത്തിന്റെ അരമണിക്കൂര്‍ മുമ്പും ശേഷവും ചെയ്യുകയെന്ന കുറുക്കുവഴി തിരഞ്ഞെടുത്താല്‍ കനത്ത തിരക്കില്‍ അകപ്പെടുമെന്നതില്‍ യാതൊരു സംശയവുമില്ല. ജമാഅത്ത് കഴിഞ്ഞ് സുന്നത്തായ ത്വവാഫില്‍ വ്യാപൃതനായി കാത്തുനിന്നാല്‍ തിരക്കൊഴിഞ്ഞവേള തീര്‍ച്ചയായുRSC_SAUDI_NATIONAL_HAJJ_VOLUNTEER_3മുണ്ടാകും. അതുപയോഗപ്പെടുത്താനാണ് വിശ്വാസികള്‍ ശ്രമിക്കേണ്ടത്.
ഹജ്ജ് വേളയിലെ ഏറ്റവും ഭീതിദമായ അവസ്ഥയാണ് ഒറ്റപ്പെടലും കാണാതാവലും . തിരഞ്ഞ് നടക്കല്‍ വളരെ സാഹസികവുമാണ്. പ്രായമുള്ളവരെ കൂടെയുള്ളവര്‍ നന്നായി ശ്രദ്ധിക്കുക തന്നെ വേണം. തിരിച്ചറിയല്‍ രേഖയായി മുത്വവ്വിഫുമാര്‍ തരുന്ന വളയും മാലയും കഴുത്തിലും കയ്യിലുമണിയണം. ഹാജിമാരുടെ രാജ്യം, താമസിക്കുന്ന ഏരിയ, മുത്വവ്വിഫിന്റെ നമ്പര്‍ എന്നിവ അതിലുള്ളതിനാല്‍ ഏവിടെ അകപ്പെട്ടാലും സ്വന്തക്കാരുടെ അടുത്ത് തിരിച്ചെത്തിക്കാന്‍ സാധിക്കും. ആര്‍ എസ് സി അടക്കമുള്ള സന്നദ്ധസംഘടനകളുടെ സേവനം ഇത്തരക്കാര്‍ക്ക് വലിയ തുണയാണ്.

കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് പഠിക്കാനുള്ള സംവിധാനങ്ങളുടെ അഭാവം കാരണം വലിയ പണം മുടക്കി ഹജ്ജിനെത്തുന്നവര്‍ക്ക് അവരുടെ സമയനഷ്ടവും ധനനഷ്ടവും മാത്രം മിച്ചമാകുന്ന ദുരവസ്ഥയുണ്ടായിരുന്നു. കര്‍മങ്ങളെ കുറിച്ചുള്ള അജ്ഞതയായിരുന്നു അതിന്റെ കാരണം. പരിതാപകരമായ ഈ സ്ഥിതി വിശേഷമക്കയില്‍ ഹജ്ജിനെത്തിയപ്പോള്‍ ശൈഖുനാ കാന്തപുരം ഉസ്താദും മര്‍ഹൂം അവേലത്ത് തങ്ങളുമടങ്ങുന്ന സമുന്നത നേതൃത്വം പരിഹാരക്രിയകള്‍ക്ക് മുന്നിട്ടിറങ്ങിയതിന്റെ ഫലമാണ് എസ് വൈ എസ് ഹജ്ജ് സെല്‍. കേരളത്തില്‍ അനവധി സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ എസ് വൈ എസിന്റെ മാതൃക പിന്തുടര്‍ന്ന് പിന്നീട് രൂപം കൊണ്ടിട്ടുണ്ട്. കച്ചവട താത്പര്യത്തോടെ ചില ഗ്രൂപ്പുകള്‍ ഈ രംഗം കയ്യടക്കുന്നുവെന്നതും ദു:ഖകരമായ ഒരു യാഥാര്‍ത്ഥ്യമാണ്. ഹജ്ജിനെ കുറിച്ച് പഠിക്കാന്‍ ഇന്ന് ധാരാളം അവസരങ്ങളുണ്ട്. ഹജ്ജിനെ കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് സമഗ്രമായ ഗ്രന്ഥമാണ് കാന്തപുരം ഉസ്താദിന്റെ അല്‍ഹജ്ജ് എന്ന പുസ്തകം. തന്റെ ദീര്‍ഘാമായ ഹജ്ജനുഭവത്തിന്റെ വെളിച്ചത്തില്‍ കര്‍മ്മങ്ങളെ കുറിച്ച് സവിസ്തരം വിശദീകരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here