സൗദ ബിൻത് സംഅ (റ)

മുബാരിശ് ചെറുവാടി

0
1410

തിരു നബിയുടെ രണ്ടാമത്തെ ഭാര്യയാണ് ആമിർ ഗോത്രത്തിലെ കുറശ്ശിയ്യ് വംശജയായ സൗദ ബിൻത് സംഅ (റ). ഹിജ്റയുടെ 68 വർഷങ്ങൾക്ക് മുൻപ് മക്കയിലാണ് മഹതി ജനിച്ചത്. പ്രവാചക പത്‌നിമാരിൽ ഏറ്റവും നീളമുള്ളവരായിരുന്നതിനാൽ മഹതി പുറത്തിറങ്ങിയാൽ വേഗത്തിൽ മനസിലാകുമായിരുന്നു. ഇസ്ലാമിൻറെ കടന്നുവരവോടെ മഹതിയും ഭർത്താവായ സക്റാനുബ്നു അംറ് (റ)വും ഇസ്ലാം സ്വീകരിക്കുകയും ഹബ്ശയിലേക്കുള്ള (എത്യോപ്യ) രണ്ടാം ഹിജ്റയിൽ പലായനം ചെയ്യുകയും ചെയ്തു. ( ഇന്നത്തെ എത്യോപ്യയുടെ പഴയ പേരാണ് ഹബ്ശ). പിന്നീട് അവർ മക്കയിലേക്ക് തിരിച്ചു വന്നു. ശേഷം മക്കയിൽവെച്ച് സക്റാനുബ്നു അംറ് (റ) മരണപ്പെട്ടു. അതിന് ശേഷമാണ് വിധവയായ സൗദ (റ)യെ പ്രവാചകർ വിവാഹം കഴിക്കുന്നത്.

രണ്ടു കാരണങ്ങളാണ് പ്രവാചകർ മുഹമ്മദ് (സ) സൗദ ബീവിയെ വിവാഹം ചെയ്യാൻ കാരണമായതെന്ന് കാണാം. മക്കയിൽ വെച്ച് ഭർത്താവ് മരിച്ചതോടെ വിധവയായിത്തീർന്ന സൗദ (റ)ക്ക് മുൻപിലുണ്ടായിരുന്ന മാർഗം തൻറെ കുടുംബത്തിലേക്ക് മടങ്ങുകയെന്നതായിരുന്നു. എന്നാൽ അവരുടെ കുടുംബങ്ങൾ അവിശ്വാസികളായിരുന്നു. അവിശ്വാസികളായ കുടുംബത്തിലേക്ക് മടങ്ങിയാൽ സൗദ (റ)യെ വിശ്വാസത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ അവർ ശ്രമം നടത്തുകയും വിശ്വാസത്തിൻറെ കാര്യത്തിൽ സൗദ (റ) പ്രതിസന്ധിയിലകപ്പെടുകയും ചെയ്യുമെന്ന് പ്രവാചകർ ഭയപ്പെട്ടു. കൂടാതെ പ്രിയ പത്നി ഖദീജ ബീവിയുടെ വിയോഗത്തിൽ തിരുനബി ഏറെ മന: പ്രയാസത്തിലുമായിരുന്നു. അപ്പോഴാണ് ഉസ്മാനുബ്നു മള്ഊൻ (റ)ന്റെ ഭാര്യ കൗല ബിൻത് ഹകീം എന്നവർ സൗദയെ പറ്റി തിരുനബിയോട് സൂചിപ്പിച്ചത് സൗദയുടെ കുടുംബങ്ങളിൽ നിന്നുള്ള പ്രതിബന്ധങ്ങളെത്തൊട്ട് മഹതിയുടെ വിശ്വാസത്തെ സംരക്ഷിക്കുക കൂടി ലക്ഷ്യമായിരുന്നതിനാൽ നബി മഹതിയെ വിവാഹമന്വേഷിച്ചു. അപ്പോൾ സൗദ (റ) പറഞ്ഞു : “എൻറെ കാര്യങ്ങളെല്ലാം ഞാൻ അങ്ങയെ ഏൽപ്പിച്ചിരിക്കുന്നു “. തിരു നബി പറഞ്ഞു: “എന്നാൽ നിന്റെ സമുദായത്തിൽ നിന്ന് ഒരാളോട് നിന്നെ എനിക്ക് വിവാഹം ചെയ്തു തരാൻ ആവശ്യപ്പെടുക “. അങ്ങനെ മുൻ ഭർത്താവിൻറെ സഹോദരനായ ഹാത്വിബു ബ്നു അംറിൽ ആമിരിയോട് ആവശ്യപ്പെടുകയും അദ്ദേഹം മഹതിയെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. ഹാത്വിബ് (റ) ബദറിൽ പങ്കെടുത്ത മുഹാജിറായ സ്വഹാബിയാണ്. ഹിജ്റയുടെ 3 വർഷം മുമ്പ് റമളാൻ മാസത്തിലായിരുന്നു വിവാഹം. അന്ന് തിരു നബിയുടെ പ്രായം 50 ആയിരുന്നു. 400 ദിർഹമാണ് വിവാഹത്തിന് മഹറായി പ്രവാചകൻ നൽകിയത്.

ഇവിടെയും തിരുനബി കാമാസക്തനായിരുന്നു എന്ന വിമർശനമുന്നയിക്കുന്നവർക്ക് മറുപടിയുണ്ട്. കാരണം സൗദ ബീവി വിധവയും നല്ല പ്രായമുള്ളവരും ആയിരുന്നു . കൂടുതൽ വാർധക്യമെത്തിയപ്പോൾ സൗദ ബീവി പ്രവാചകൻ തന്നോടൊപ്പം ഉണ്ടാകേണ്ട ദിവസം നബിയുടെ മറ്റൊരു പത്നിയായ ആയിഷ ബീവിക്ക് നൽകി. തിരുനബിയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്. ചിലപ്പോഴൊക്കെ മഹതി തമാശ പറഞ്ഞ് തിരുനബിയെ ചിരിപ്പിക്കാറുമുണ്ടായിരുന്നു.

മുസ്‌ലിംകൾ ആദ്യം പലായനം ചെയ്തത് എത്യോപ്യയിലേക്കാണ്. ശേഷം മദീനയിലേക്കും. ഈ രണ്ട് പലായനങ്ങളിലും സൗദ ബീവിയുമുണ്ടായിരുന്നു. അവർ മദീനയിലെത്തിയപ്പോൾ മദീന പള്ളിയോടു ചേർന്ന് മഹതിക്ക് വേണ്ടി തിരുനബി ഒരു മുറി നിർമ്മിച്ചു നൽകി. പ്രവാചകപത്നിമാർക്ക് വേണ്ടി നിർമ്മിക്കപ്പെട്ട അറകളിൽ ആദ്യത്തേത് ഇതായിരുന്നു.

പരിത്യാഗിയായിരുന്നു സൗദ(റ). ഒരിക്കൽ ഉമർ(റ) ഒരു കിഴി നിറയെ ദിർഹം മഹതിക്ക് കൊടുത്തയച്ചു. ഇതുകണ്ട് മഹതി പറഞ്ഞു : “കാരക്ക കൊടുക്കുന്നത് പോലെ ഒരു സഞ്ചി നിറയെ ഉണ്ടല്ലോ ഇത് “. ശേഷം തൻറെ പരിചാരികയായ സ്ത്രീയോട് അത് മുഴുവൻ പാവങ്ങൾക്ക് വിതരണം ചെയ്യാൻ കല്പിച്ചു.

തിരുനബിയും സൗദ (റ) യും തമ്മിലുള്ള വിവാഹ ബന്ധം പതിനാല് വർഷക്കാലം നീണ്ടു നിന്നു . ഹിജ്റ 54 ഉമർ (റ) വിന്റെ ഭരണകാലത്തിന്റെ അവസാനത്തിൽ മഹതി ഈ ലോകത്തോട് വിട പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here