സ്‌നേഹബന്ധത്തിന്റെ മധുരം

0
2616
അനസ് (റ) വില്‍ നിന്ന് നിവേദനം: തിരുനബി (സ) പറഞ്ഞു: മൂന്നു കാര്യങ്ങള്‍ ഒരാളില്‍ സമ്മേളിച്ചാല്‍ അവന്‍ ഈമാനിന്റെ മധുരമറിഞ്ഞു. അല്ലാഹുവും അവന്റെ റസൂലും മറ്റെന്തിനേക്കാളും അവനു പ്രിയപ്പെട്ടവരാവുക, അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഒരാളെ ഇഷ്ടപ്പെടുക, സത്യനിഷേധത്തില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ ശേഷം വീണ്ടും അതിലേക്ക് മടങ്ങുന്നത് തീയിലിടുന്നതിന് തുല്യമായി വെറുക്കുക – (ബുഖാരി)

ഊഷ്മളമായ സ്‌നേഹബന്ധങ്ങളെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. മദീനയിലെത്തിയ തിരുറസൂല്‍ (സ) മക്കയില്‍ നിന്നെത്തിയ മുഹാജിറുകള്‍ക്കും മദീനയിലെ അന്‍സാറുകള്‍ക്കുമിടയില്‍ അനശ്വര സ്‌നേഹത്തിന്റെ പാലം പണിതു. രക്തബന്ധത്തെ പോലും കവച്ചു വെക്കുന്ന സൗഹൃദമാണ് പിന്നീട് അവര്‍ക്കിടയില്‍ ഉണ്ടായത്. ഭക്ഷണവും പാര്‍പ്പിടവും സമ്പത്തും മുഹാജിറുകള്‍ക്കു വേണ്ടി മാറ്റി വെച്ച് അവര്‍ മാതൃക കാട്ടി. ഇത്തരം സ്‌നേഹ സൗഹൃദങ്ങളെ കുറിച്ചാണ് അര്‍ഷിന്റെ തണല്‍ ലഭിക്കുമെന്ന് ആരമ്പ റസൂല്‍ (സ) സന്തോഷമറിയിച്ചത്. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന മലയാളത്തിലെ പഴമൊഴി സാര്‍ത്ഥകമായ സൗഹൃദങ്ങള്‍ വിളയിക്കുന്ന നന്മകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
നാടോടുമ്പോള്‍ നടുവേയോടുന്ന ആധുനിക മനുഷ്യര്‍ ബന്ധങ്ങളുടെയും ആത്മസൗഹൃദത്തിന്റെയും ആഴം മനസ്സിലാക്കാത്തവരാണ്. സ്വാര്‍ത്ഥവും നൈമിഷകവുമായ ചില താല്‍പര്യങ്ങള്‍ക്കു വേണ്ടി മാത്രമാണ് പലരും കൂട്ടുകൂടുന്നത്. ആഗ്രഹങ്ങള്‍ പൂര്‍ത്തിയായാല്‍ അവര്‍ തിരിഞ്ഞുനടക്കും. ഫെയ്‌സ്ബുക്ക്, വാട്‌സ്അപ്പ് തുടങ്ങിയ സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ ധാരാളം പരിചയക്കാരെ മാത്രമാണ് സൃഷ്ടിക്കുന്നത്. അവരെയൊന്നും തന്നെ ആത്മസുഹൃത്തുക്കളായി ഗണിക്കാനാവില്ല. പലരെയും അന്ധമായ പാര്‍ട്ടിബോധവും പക്ഷബാധ മനോഭാവവുമാണ് തങ്ങളുടെ സുഹൃത്തുക്കളില്‍ നിന്ന് അകലാന്‍ പ്രേരിപ്പിക്കുന്നത്. വര്‍ഗ്ഗ, വര്‍ണ്ണ വൈചാത്യങ്ങളെയും അടിമ, ഉടമ ബോധങ്ങളെയും അപ്രസക്തമാക്കുന്ന പ്രവാചകപാഠങ്ങളാണ് ഇത്തരം നവലോക വൈകൃതങ്ങള്‍ക്ക് പരിഹാരം. സാമ്പത്തികമോ ശാരീരികമോ ആയ വ്യാമോഹങ്ങളില്ലാതെ പൂര്‍ണ്ണമായും പ്രവാചക പ്രീതി ഉദ്ദേശിച്ച് സൗഹൃദം പങ്കിട്ടാല്‍ എന്റെ സ്‌നേഹം ലഭിക്കുമെന്ന് തിരുനബി (സ) അരുളിയിട്ടുണ്ട്. അവിടുത്തെ സ്‌നേഹം ലഭിച്ചവന്‍ ഇരുവീട്ടിലും വിജയം നേടുമെന്ന് പറയേണ്ടതില്ലല്ലോ.

LEAVE A REPLY

Please enter your comment!
Please enter your name here