സ്വകാര്യതകള്‍ അപഹരിക്കപ്പെടുന്ന കാലത്ത് നാവികില്‍ പ്രതീക്ഷയുണ്ട്

ഷനൂബ് ഹുസൈന്‍ പി.എച്ച്

0
1919

അമേരിക്കയുടെ നിയന്ത്രണത്തിലുളള ഗതി സൂചക ദിശാ നിര്‍ണയ സംവിധാനം – GPS ഇന്ന് ലോകത്തെ മിക്ക രാഷ്ട്രങ്ങളിലും ഉപയോഗത്തിലുണ്ട്. ഗൂഗിള്‍ ആപ്പിലൂടെ വാഹനങ്ങളില്‍ ഗതി സൂചകത്തിനായി ഇന്ത്യയിലും ഈ സംവിധാനം വ്യാപകമായി ഉപയോഗിച്ച് വരുന്നു. അമേരിക്കയുടെ GPS നുളള ഇന്ത്യയുടെ പ്രഖ്യാപിത ബദലാണ് NAVIC (Navigation with Indian constellation ) എന്ന പേരിലറിയപ്പെടുന്ന RNSS (Indian regional navigation satellite System ).1420 കോടി രൂപയാണ് നാവികിനായി കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. രണ്ടായിരത്തി പതിനെട്ടില്‍ നാവിക് യാഥാര്‍ത്ഥ്യമാവുമെന്ന് ഐ.എസ്.ആര്‍.ഒ ഉറപ്പ് നല്‍കിയിരുന്നെങ്കിലും വിവിധ ഘട്ടങ്ങളിലുണ്ടായ പരാജയങ്ങള്‍ പദ്ധതി അവതാളത്തിലാക്കുകയായിരുന്നു.

നാവിക്
ഏഴ് കൃത്രിമ ഉപഗ്രഹങ്ങളാണ് നാവിക് സാറ്റലൈറ്റ് സിസ്റ്റത്തിലുള്ളത്. ഇരുപത്തിനാല് കൃത്രിമ ഉപഗ്രഹങ്ങളുമായി ജി.പി.എസ് ലോകം മുഴുവന്‍ ഒപ്പിയെടുക്കുമ്പോള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡമാണ് നാവികിന്റെ പ്രധാന കര്‍മ
മണ്ഡലം. ഇന്ത്യ മുഴുവനായും കിഴക്ക് ചൈനയുടെ ചില ഭാഗങ്ങളും പടിഞ്ഞാറ് അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെ കിഴക്കന്‍ ഭാഗവും തെക്ക് മലേഷ്യ വരെയും ഇന്ത്യന്‍ മഹാസമുദ്രവും നാവികിന്റെ നിരീക്ഷണ പരിധിയില്‍ പെടും.
സൈനിക രംഗത്ത് രാജ്യത്തിന് നാവിക് ഒരു മുതല്‍ക്കൂട്ടാവുമെന്ന് തീര്‍ച്ചയാണ്. മിസൈല്‍, സൈനിക വിന്യാസത്തിലും വ്യോമ സേന, നാവിക സേന ഗതി നിര്‍ണയത്തിലും നാവികിന്റെ സേവനം ഒഴിച്ച് കൂടാന്‍ പറ്റാത്തതാവും. മത്സ്യ ബന്ധന, വിനോദ സഞ്ചാര മേഖലകളിലും കപ്പല്‍, വിമാന റൂട്ട് മാനേജ്‌മെന്റിലും ദുരന്തനിവാരണ രംഗത്തും നാവിക് രാജ്യത്തിന്റെ പ്രതീക്ഷയാണ്. രാജ്യത്തിന്റെയും പൗരന്മാരുടെയും സ്വകാര്യത നാവികിലൂടെ സംരക്ഷിക്കപ്പെടുമെന്നതാണ് ഏറ്റവും പ്രധാനം.

നാവിക് എന്ത് കൊണ്ട്?
അമേരിക്കന്‍ ജി.പി.എസിന്റെ അപ്രമാദിത്വത്തില്‍ നിന്നും മോചനം നേടി സ്വന്തമായി ദിശാ നിര്‍ണയ സംവിധാനം രൂപീകരിക്കാന്‍ ഇന്ത്യക്ക് വ്യക്തമായ കാരണങ്ങളുണ്ട്. അധിക വികസ്വര രാഷ്ട്രങ്ങളെയും പോലെ 1973 ല്‍ അമേരിക്ക തുടങ്ങി വെച്ച ജി.പി.എസിനെയായിരുന്നു ഇന്ത്യയും സാറ്റലൈറ്റ് വിവരങ്ങള്‍ക്കായി ആശ്രയിച്ചിരുന്നത്. മറ്റൊരു രാജ്യത്തിന്റെ സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവരുടെ നയ നിലപാടുകള്‍ക്ക് മുന്നില്‍ സ്വന്തം താല്‍പര്യങ്ങള്‍ ബലി കഴിക്കേണ്ടി വരുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അമേരിക്കയെന്ന സാമ്രാജ്യത്വ ശക്തിക്ക് ദാസ്യ വേല ചെയ്യേണ്ട ദുരവസ്ഥ അവരുടെ ജി.പി.എസ് ഉപയോഗിക്കുന്നതിലൂടെ ഇന്ത്യക്കനുഭവപ്പെട്ടു. മാത്രമല്ല, നാവിഗേഷന്‍ സിസ്റ്റം ഏറ്റവും ആവശ്യമായി വരുന്ന അസന്ദിഗ്ധ ഘട്ടത്തില്‍ അമേരിക്ക തനിനിറം കാട്ടുന്നത് നമുക്കനുഭവിച്ചറിയാനുമായി.1999 ല്‍ കാര്‍ഗില്‍ യുദ്ധം കൊടുമ്പിരി കൊണ്ട സമയത്ത് കാര്‍ഗിലിലേക്ക് കടന്ന് കയറിയ പാക് സൈനികരെ നേരിടാന്‍ ജി.പി.എസ് സംവിധാനം അനിവാര്യമായി വന്നു. പക്ഷെ, അമേരിക്കന്‍ ഭരണകൂടം ഇന്ത്യക്ക് ജി.പി.എസ് സൗകര്യം നിഷേധിച്ചു. ഇന്ത്യ ഞെട്ടിത്തരിച്ച നിമിഷം. പാക്കിസ്ഥാന്‍ യു.എസിന്റെ സഖ്യരാഷ്ട്ര മാണെന്നായിരുന്നു നിഷേധിക്കാനുള്ള കാരണം പറഞ്ഞത്. ഈ സംഭവത്തോടെ നാവിഗേഷന്‍ സിസ്റ്റത്തില്‍ സ്വയം പര്യാപ്തത നേടുന്നതിന്റെ അനിവാര്യത രാഷ്ട്രത്തിന് ബോധ്യപ്പെട്ടു.

നാവിക് അഞ്ചാമത്തേത്
നാവികിലൂടെ സ്വന്തമായി ഗതിനിര്‍ണയ സംവിധാനമുള്ള അഞ്ചാമത് രാഷ്ട്രമാവാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. അമേരിക്കയെ കൂടാതെ റഷ്യക്കും ചൈനക്കും യൂറോപ്യന്‍ യൂണിയനുമാണ് സ്വന്തമായി നാവിഗേഷന്‍ സംവിധാനമുള്ളത്. ഇരുപത്തിനാല് കൃത്രിമ ഉപഗ്രഹങ്ങളുള്ള റഷ്യയുടെ GLONASS ഉം മുപ്പത്തിയഞ്ച് ഉപഗ്രഹങ്ങളുള്ള ചൈനയുടെ Beidou വും മുപ്പത് ഉപഗ്രഹങ്ങളടങ്ങുന്ന യൂറോപ്യന്‍ യൂണിയന്റെ Galileo ഉം നാവിഗേഷന്‍ സംവിധാനമൊരുക്കുന്നു.

സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റം
ആധുനിക ഇലക്ട്രോണിക് യുഗത്തില്‍ സ്വകാര്യത ഒരു പ്രഹേളികയായി മാറിയിരിക്കുകയാണ്. വ്യക്തി ജീവിതങ്ങള്‍ മാത്രമല്ല രാജ്യത്തിന്റെ രഹസ്യങ്ങള്‍ പോലും ചോര്‍ത്തപ്പെട്ട്, മറ്റുളളവരാല്‍ നിരീക്ഷിക്കപ്പെടുന്ന ഭീതികരമായ അവസ്ഥ. അമേരിക്ക ജി.പി.എസ് സംവിധാനത്തിലൂടെ ലോക രാഷ്ട്രങ്ങളെ തങ്ങളുടെ നിരന്തര നിരീക്ഷണത്തിനു കീഴില്‍ കൊണ്ട് വരികയായിരുന്നു. സാറ്റലൈറ്റ് സംവിധാനം സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ആയുധമായിത്തീര്‍ന്നു. മറ്റുള്ള രാഷ്ട്രങ്ങളുടെ നീക്കങ്ങളെല്ലാം ലോകപോലീസിന് വ്യക്തമായി നിരീക്ഷിക്കാന്‍ കഴിഞ്ഞു.
ഐ.എസ്.ആര്‍.ഒ ഇന്ത്യയുടെ പ്രഥമ ചന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍ -1 വിക്ഷേപിച്ചത് ഇന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നതിനു മുമ്പ് തന്നെ അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. അമേരിക്ക തങ്ങളുടെ കൃത്രിമ ഉപഗ്രഹങ്ങളുടെ ചാരക്കണ്ണുകള്‍ കൊണ്ട് ചോര്‍ത്തിയെടുത്തതായിരുന്നു അത്.
ഒരു രാജ്യത്തിന്റെ ഭൂപടത്തിന് തന്ത്രപരമായ പല മാനങ്ങളുമുണ്ട്. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ കൊളോണിയലിസത്തിന്റെ വ്യാപന ഘട്ടത്തിലാണ് ഭൂപടത്തിന്റെ സാധ്യതകള്‍ വന്‍തോതില്‍ ഉപയോഗപ്പെടുന്നത്. കോളനികള്‍ സ്ഥാപിക്കുന്നതിനും നിലനിര്‍ത്തുന്നതിനും സാമ്രാജ്യത്വ ശക്തികള്‍ക്ക് ഭൂപടങ്ങള്‍ അനിവാര്യമായി വന്നു. ഇന്ന് പ്രത്യക്ഷ കൊളോണിയലിസത്തിന്റെ യുഗം അവസാനിച്ചിരിക്കുന്നു. നവലോക ക്രമത്തില്‍ ലോക മേധാവിയായി ചമയുന്ന അങ്കിള്‍സാമിന് ജി.പി.എസ് എന്ത് കൊണ്ട് പ്രിയങ്കരമാവുന്നുവെന്ന് കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. രാജ്യത്തിനകത്തേക്ക് തുളച്ച് കയറുന്ന ചാരക്കണ്ണുകളെ ഫലപ്രദമായി പ്രതിരോധിക്കേണ്ടത് രാജ്യസുരക്ഷയുടെ ഭാഗമാണ്. നാവിക് പ്രതീക്ഷയാവുന്നതും അത് കൊണ്ടാണ്.

ബദലുകളുമായി ചൈനയും റഷ്യയും
ജി.പി.എസിലൂടെയുള്ള അമേരിക്കന്‍ അധിനിവേശം ചോദ്യം ചെയ്ത് കൊണ്ടാണ് റഷ്യയും ചൈനയും സ്വന്തമായി നാവിഗേഷന്‍ സിസ്റ്റം വികസിപ്പിച്ചത്. യു.എസ് 1973 ല്‍ ജി.പി.എസ് വിജയകരമായി പ്രയോഗത്തില്‍ വരുത്തിയതിന് മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ സ്വന്തം നാവിഗേഷന്‍ സിസ്റ്റത്തിനായി സോവിയേറ്റ് യൂണിയന്‍ തീവ്ര ശ്രമം നടത്തി.1993ലാണ് സോവിയേറ്റ് നാവിഗേഷന്‍ സിസ്റ്റം പ്രവര്‍ത്തനസജ്ജമായത്.
ജി.പി.എസിന്റെതു പോലെ വിവിധ രാഷ്ട്രങ്ങളില്‍ ഗ്രൗണ്ട് സ്റ്റേഷനുകള്‍ സ്ഥാപിച്ച് ലോകം മുഴുവന്‍ GLONASS നിരീക്ഷണ പരിധിയില്‍ കൊണ്ട് വരുന്നു. ചൈനയുടെ Beidou തുടക്കമെന്ന നിലയില്‍ പ്രാദേശിക നാവിഗേഷന്‍ സംവിധാനമായാണ് പ്രവര്‍ത്തിക്കുന്നത്. ചൈനയും അതിര്‍ത്തി പ്രദേശങ്ങളുമാണ് പരിധിയില്‍ വരുന്നത്.
ജി.പി.എസിന് ചൈനയുടെയും റഷ്യയുടെയും ഭൂപ്രദേശങ്ങളില്‍ നിയന്ത്രണങ്ങളുണ്ട്.GPS തങ്ങളുടെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്നാണ് ഇരു രാഷ്ട്രങ്ങളുടെയും നിലപാട്.2004 ല്‍ ബഹിരാകാശ -പ്രതിരോധ വ്യവസായ ചുമതലയുള്ള റഷ്യന്‍ ഉപപ്രധാനമന്ത്രി ദിമിത്രി റൊഗാസിന്‍ തങ്ങളുടെ ഭൂപ്രദേശത്ത് നിന്ന് ജി.പി.എസിനെ നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് ജി.പി.എസ് സിഗ്‌നലുകളെ തകര്‍ക്കാന്‍ റഷ്യ ജാമറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പെന്റഗണ്‍ ആരോപണമുന്നയിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കിത്തരുന്നു.ദക്ഷിണ ചൈനാ കടലില്‍ രണ്ട് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ തകരാറിലാവുകയും പതിനേഴ് നാവികര്‍ കൊല്ലപ്പെടുകയും ചെയ്തത് റഷ്യ ജി.പി.എസ് സിഗ്‌നലുകളെ ഹാക്ക് ചെയ്തത് കൊണ്ടാണെന്ന് നിരീക്ഷണമുണ്ട്.
ചൈന തങ്ങളുടെ ഭൂപ്രദേശത്ത ഭൗമ വിവരങ്ങള്‍ ശേഖരിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ജി.പി.എസിനെ സംശയ ദൃശ്ടിയോടെയാണ് ചൈന നോക്കിക്കാണുന്നത്.അമേരിക്കയാവട്ടെ, റഷ്യ GL0NASS ലൂടെ തങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് സംശയിക്കുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്ന് കാരണം പറഞ്ഞ് GL0NASS നെറെ ഗ്രൗണ്ട് സ്റ്റേഷനുകള്‍ യു.എസില്‍ സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, നാവിഗേഷന്‍ സംവിധാനം സ്വന്തമായുള്ള രാഷ്ട്രങ്ങള്‍ ഭയാശങ്കകളോടെയാണ് അന്യോന്യം നോക്കിക്കാണുന്നത്. യൂറോപ്യന്‍ യൂണിയനും ജി.പി.എസിനു മേലുള്ള ആശ്രയത്വം ഒഴിവാക്കി സ്വയംപര്യാപ്തത നേടാന്‍ ശ്രമിക്കുന്നു.

ഗൂഗിളിനെയും പേടിക്കണം
ഇന്റര്‍നെറ്റിലൂടെയുള്ള വിവര ശേഖരണത്തിന് ഗൂഗിളിനെയാണ് സാര്‍വത്രികമായി ഉപയോഗിക്കുന്നത്. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗൂഗിളിനും വ്യക്തി വിവരങ്ങള്‍ എളുപ്പത്തില്‍ ചോര്‍ത്താന്‍ കഴിയുമെന്ന് കേട്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഗൂഗിളില്‍ അന്വേഷണത്തിനായി നല്‍കുന്ന കീവേഡുകളിലൂടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാനാവും. ഒരുദാഹരണം പറയാം. ഭാര്യ ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവ് അറിയുന്നതിനു മുമ്പ് തന്നെ ഗൂഗിളിന് അറിയാന്‍ സാധിച്ചേക്കും. ഗര്‍ഭിണിയാണെന്നറിഞ്ഞ ആദ്യ നിമിഷത്തില്‍ അവള്‍ how to know i’m pregnant (ഞാന്‍ ഗര്‍ഭിണിയാണെന്ന് എങ്ങനെ തിരിച്ചറിയാം) എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ നിരീക്ഷണം തുടങ്ങുകയായി. തുടര്‍ന്ന് I’m pregnant, what do I do now എന്ന് അന്വേഷിക്കുന്നു എന്ന് സങ്കല്‍പിക്കുക. ഗൂഗിള്‍ അവളെക്കുറിച്ച് മനസ്സിലാക്കുകയായി.ഇത്തരത്തില്‍ ഓരോ പ്രദേശത്തും ഒരു മാസത്തില്‍ എത്ര ഗര്‍ഭിണികളുണ്ടെന്ന് ഗൂഗിളിന് മനസ്സിലാക്കാന്‍ സാധിക്കും. ഒരു രാജ്യത്തെ സുപ്രധാന വകുപ്പുകളിലുള്ള ഉദ്യോഗസ്ഥരുടെ സെര്‍ച്ച് ഹിസ്റ്ററി പരിശോധിച്ചാല്‍ രാജ്യത്തിന്റെ നയനിലപാടുകളെ ഒരു പരിധി വരെ മനസ്സിലാക്കാം. ഒരു വിദേശ കമ്പനിക്ക് രാജ്യത്തിന്റെ പ്രധാന വിവരങ്ങളെത്തുന്നതിന്റെ പ്രത്യാഘാതങ്ങളെത്ര ഭീകരമായിരിക്കും?
ചൈനയും റഷ്യയും ഗൂഗിള്‍ നിരോധിക്കുന്നതിനുളള കാരണങ്ങളിലൊന്നാണിത്.ഗൂഗിള്‍ പടിഞ്ഞാറന്‍ മൂല്യങ്ങളിലധിഷ്ഠിതമായ സംസ്‌കാരമാണ് പ്രചരിപ്പിക്കുന്നതെന്ന് ചൈന വിമര്‍ശിച്ചിരുന്നു. ഗൂഗിളിനു പകരം തദ്ദേശീയമായ സെര്‍ച്ച് എഞ്ചിനുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ഇരു രാഷ്ട്രങ്ങളും. ചൈന Sina, Baidu എന്നീ സെര്‍ച്ച് എഞ്ചിനുകള്‍ ഉപയോഗിക്കുമ്പോള്‍ റഷ്യ Yandex എന്ന സെര്‍ച്ച് എഞ്ചിന്‍ ഉപയോഗിക്കുന്നു.
ലോകത്തെ സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എയുടെ നിരീക്ഷണ വലയത്തിലാണെന്ന വീക്കീലിക് സ് റിപ്പോര്‍ട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു. ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, സാംസങ് സ്മാര്‍ട്ട് ടിവി എന്നിവ സി.ഐ.എക്ക് ഹാക്ക് ചെയ്യാനാവുമെന്നാണ് വീക്കിലീക്‌സ് പറയുന്നത്.കഴിഞ്ഞ വര്‍ഷം ചൈനീസ് നിര്‍മ്മിത സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യക്കകത്ത് വില്‍പന നടത്തുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു ചൈനക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിചാര പ്രവര്‍ത്തനം നടത്തുന്നു എന്നതായിരുന്നു നിരോധനത്തിന്റെ കാരണം.

ഫെയ്‌സ് ബുക്ക് ഒരു പാഠമാണ്
ഫെയ്‌സ് ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ കാംബ്രിജ് അനലിറ്റിക്ക ചോര്‍ത്തിയെന്ന വാര്‍ത്ത വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സുക്കര്‍ബര്‍ഗിനെ അമേരിക്കന്‍ കോണ്‍ഗ്രസ് വിളിച്ച് വരുത്തി വിശദീകരണം ആവശ്യപ്പെട്ടു. ചൈനയില്‍ ഫെയ്‌സ് ബുക്കിനുള്ള നിരോധനത്തിന് കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ ഗവണ്‍മെന്റിനെതിരെ പൊതുജനാഭിപ്രായം ഉയരുന്നത് തടയുക എന്ന ലക്ഷ്യമുണ്ടെന്നത് നിഷേധിക്കാനാവില്ല. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം കൂടിയാണത്. ഇതിനു പുറമെ സ്വന്തം രാജ്യത്തിന്റെയും ജനങ്ങളുടെയും വിവരങ്ങള്‍ വിദേശ കമ്പനികള്‍ ചോര്‍ത്തുന്നത് തടയുക എന്ന ലക്ഷ്യം കൂടിയുണ്ട്.
ഫെയ്‌സ് ബുക്കിന് പകരം Ren Ren എന്ന സോഷ്യല്‍ മീഡിയ ആപ്പാണ് ചൈനയില്‍ ഉപയോഗിക്കുന്നത്. ട്വിറ്ററിന് പകരം Sina webo യും ഉപയോഗിക്കുന്നു. ഇവ രണ്ടും തദ്ദേശീയമായതിനാല്‍ ഡാറ്റ ചോരുമെന്ന പേടിയും വേണ്ട. റഷ്യയില്‍ ഫെയ്‌സ് ബുക്കിന് പകരമായി Vkon takte യാണ് ഉപയോഗിക്കുന്നത്.

നാവികിനെ കൊല്ലരുത്
ഇന്ത്യയുടെ അഭിമാനമായ നാവിക് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനിടയില്‍ സംഭവിക്കുന്ന പരാജയങ്ങള്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും വലിയ തലവേദനയാവുകയാണ്. നാവികിന്റെ നിര്‍മാണത്തിലേക്ക് വിദേശ രാഷ്ട്രങ്ങളിലെ സ്വകാര്യ കമ്പനികളും ഘടകങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ സംഭവിക്കുന്ന പരാജയങ്ങള്‍ യാദൃശ്ചികമാണോ എന്ന അന്വേഷണത്തിലാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍.
95% ഉദ്യമങ്ങളും വിജയത്തിലെത്തിച്ച രാജ്യത്തിന്റെ വിശ്വസ്ത ബഹിരാകാശ വാഹനം പി.എസ്.എല്‍.വി യിലൂടെയുള്ള വിക്ഷേപണം പോലും പരാജയപ്പെട്ടത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. 2003 മെയില്‍ അന്നത്തെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയ പദ്ധതി 2011 ഡിസംബറോടെ പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പദ്ധതി ചെലവിന്റെ 90% ചിലവഴിച്ചിട്ടും പ്രതീക്ഷിച്ച വര്‍ഷത്തില്‍ പൂര്‍ത്തിയായില്ലെന്ന് മാത്രമല്ല ഇപ്പോള്‍ ആറ് വര്‍ഷം അധികമെടുത്തിരിക്കുന്നു. ഐ.എസ്.ആര്‍.ഒ യുടെ കുറ്റകരമായ അനാസ്ഥയാണ് പദ്ധതി നീണ്ട് പോവാന്‍ കാരണമെന്നാണ് സി.എ.ജി റിപ്പോര്‍ട്ട്. ഏഴ് സാറ്റലൈറ്റുകള്‍ അടങ്ങുന്ന സംവിധാനത്തിലെ ആദ്യ സാറ്റലൈറ്റ് 2013 ല്‍ വിക്ഷേപിച്ചു. ഉപഗ്രഹത്തിന് ഐ.എസ്.ആര്‍.ഒ കണക്കാക്കിയ ആയുസ്സിന്റെ പകുതിയും പിന്നിട്ടിരിക്കുന്നു. എന്നിട്ടും നാവിക് പ്രവര്‍ത്തനസജ്ജമായിട്ടില്ല. ഇതെല്ലാം നാവികിനെ കുറിച്ചുള്ള ആശങ്കകളാണ്.
നാവിക് യാഥാര്‍ത്ഥ്യമായാല്‍ ആര്‍ക്കാണോ നഷ്ടമുണ്ടാവുക അവര്‍ക്ക് നാവികിന്റെ പരാജയമാണ് ആവശ്യം. 45 കോണ്‍ട്രാക്റ്റുകളാണ് സമയദൈര്‍ഘ്യമുണ്ടാക്കുന്നതെന്ന സി.എ.ജി റിപ്പോര്‍ട്ട് ആരൊക്കെയോ പിന്നില്‍ കളിക്കുന്നുണ്ടെന്നതിലേക്ക് സൂചന നല്‍കുന്നുണ്ട്. ബഹിരാകാശ രംഗത്ത് ഇന്ത്യക്ക് അഭിമാനകരമായ പല നേട്ടങ്ങളും നേടിത്തന്ന ഐ.എസ്.ആര്‍.ഒ ഈ വെല്ലുവിളികളെയെല്ലാം അതിജയിക്കേണ്ടതുണ്ട്. കാരണം ഇന്ത്യയിലെ ജനങ്ങള്‍ തങ്ങളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്ന് അത്രക്ക് ആഗ്രഹിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here