സ്ത്രീ: രക്ഷയും ശിക്ഷയും

അബ്ദുല്ല ബുഖാരി കുഴിഞ്ഞൊളം

0
3110

ഡല്‍ഹി കൂട്ടബലാത്സംഘത്തിനു പിന്നിലെ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പു വരുത്തുന്നതില്‍ എല്ലാവരും അസാധാരണമായ തിടുക്കം കൂട്ടിയത് ഒര്‍ക്കുന്നില്ലേ. ഇസ്‌ലാമിന്റെ നിയമങ്ങളെ കൊഞ്ഞനം കുത്തി കണ്ടവരും ആ സാഹചര്യത്തില്‍ അതിനെ സ്വാഗതം ചെയ്യാന്‍ വെമ്പല്‍ കൊണ്ടു. അങ്ങിനെയാണ് ഇസ്‌ലാമിക ശിക്ഷാ നിയമങ്ങള്‍ വീണ്ടും സമൂഹമധ്യേ ചര്‍ച്ചക്ക് വിധേയമായത്. പലരും ശിക്ഷാ നിയമങ്ങളെ അതിന്റെ പശ്ചാത്തലത്തില്‍ നിന്നും അടര്‍ത്തി മാറ്റി ചര്‍ച്ചക്കെടുത്തു വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമേ ശ്രമിച്ചുള്ളൂ. എം എന്‍ കാരശ്ശേരി ഇത്തരക്കാര്‍ക്ക് മുന്നില്‍ എന്നും ഇസ്‌ലാമിനെതിരെ നിലനിന്നിട്ടുണ്ട്. മാതൃഭൂമി പത്രത്തില്‍ സ്ത്രീ പീഡനവും വേഷവും എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലൂടെ ഇദ്ദേഹം ഉന്നയിച്ച വിമര്‍ശനം ഇസ്‌ലാമിന്റെ സ്ത്രീ സുരക്ഷക്കുതകുന്ന വേഷത്തിനെതിരെയായിരുന്നു. പര്‍ദ്ദയെക്കുറിച്ചും അത് വേണമെന്ന് വാദിക്കുന്നവരെ കുറിച്ചും വളരെ അപക്വമായ വിലയിരുത്തലുകളാണ് നടത്തിയത്.

സ്ത്രീകള്‍ക്കുള്ള ഉത്തരവാദിത്വം ചര്‍ച്ചക്കെടുക്കുമ്പോള്‍ അത് ആണ്‍കോയ്മയുടെയോ പൗരോഹിത്യത്തിന്റെയോ ജല്‍പനമായി തള്ളപ്പെടുന്നു. ബോളിവുഡ് സംഘടനയും അശ്ലീല സിനിമാ താരങ്ങള്‍പോലും സ്ത്രീ പീഡനം നടക്കുന്നതില്‍ ഉത്കണ്ഠ രേഖപ്പെടുത്തുന്നത് കാണുമ്പോള്‍ തീര്‍ത്തും അത്ഭുതം തോന്നുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന ചുവന്ന തെരുവുകളില്‍ ആയിരക്കണക്കിന് സ്ത്രീകളില്‍ ദിനേന നിരവധി പേരാല്‍ ഭോഗിക്കപ്പെട്ടു എയ്ഡ്‌സും സിഫിലിസും മറ്റും ബാധിച്ചു മൃതിയടയുന്ന വിഷയത്തില്‍ ആര്‍ക്കും ചര്‍ച്ചയില്ല. രാജ്യസുരക്ഷയുടെ പേരില്‍ നമ്മുടെ ഖജനാവിലെ പണംപറ്റി ജീവിക്കുന്ന വീര ജവാന്മാരുടെ പീഡനങ്ങള്‍ നിമിത്തം രാജ്യത്തെ എത്ര പെണ്‍കുട്ടികള്‍ക്ക് അവരുടെ മാനവും ചാരിത്ര്യവും നഷ്ടപ്പെടുന്നു. ആര്‍ക്കും ഒരു പരാതിയുമില്ല. അതിനെ ചോദ്യം ചെയ്യുന്ന കൃതികളൊന്നും കൂടുതല്‍ വെളിച്ചം കാണുന്നുമില്ല.

ഇസ്‌ലാമിക ശിക്ഷയെക്കുറിച്ച്
ഇസ്‌ലാമിക നിയമങ്ങള്‍ ഏതെങ്കിലുമൊരു സംഭവത്തില്‍ നടത്തുന്ന ചടുലമായ രോഷപ്രകടനമല്ല. അതിന് സുശക്തമായ ഉപാധികളും അതിര്‍വരമ്പുകളുമുണ്ട്. അവകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇസ്‌ലാമിക ഭരണകൂടം ഉള്ളിടത്താണ് അതിന്റെ സാധുതയുള്ളത് എന്നത് തന്നെ.
ഇസ്‌ലാമിക ശിക്ഷാരീതികളില്‍ രണ്ടു തരമുണ്ട്. ഒന്ന് ഹുദൂദ്, രണ്ട് തഅ്‌സീര്‍. ആദ്യത്തേത് വ്യക്തമായ ശിക്ഷാരീതി ഖുര്‍ആനിന്റേയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ രേഖപ്പെടുത്തപ്പെട്ടതാണ്. കട്ടവന്റെ കൈ മുറിക്കുക, വ്യപിചാരാരോപണം നടത്തുന്നവനെ നിശ്ചിത ഹദ്ദടിക്കുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. രണ്ടാമത്തെത് വ്യക്തമായ ശിക്ഷാരീതി ശറഅ് നിശ്ചയിച്ചിട്ടില്ലാത്ത കുറ്റങ്ങള്‍ക്ക് ഇസ്‌ലാമിക ഭരണാധികാരി തന്റെ ഗവേഷണംകൊണ്ട് നിശ്ചയിച്ചു നല്‍കുന്നതാണ്.

ഏതു ഭരണ സംവിധാനവും ഭരണീയരുടെ ക്ഷേമവും ഐശ്വര്യവും നിറഞ്ഞ ജീവിതമാണ് ലക്ഷ്യം വെക്കുന്നത്. പക്ഷേ അതിന്റെ നിയമങ്ങളും നയങ്ങളും രൂപപ്പെടുത്തുന്നതിന്റെയും നടപ്പില്‍വരുത്തുന്നതിന്റെ അപാകതകളും അയുക്തിയും ലക്ഷ്യംവെച്ച ഫലത്തെ ഇല്ലാതാക്കുകയാണ് ആധുനികരാഷ്ട്ര സംവിധാനത്തില്‍ വ്യാപകമായി കാണുന്നത്.
ശിക്ഷാനിയമങ്ങള്‍ കൊണ്ട് ഇസ്‌ലാം ലക്ഷ്യമിടുന്നത് കേവലമായ ശാരീരിക മാനസിക ശിക്ഷയല്ല; ശാന്തിയും സമാധാനവും നിറഞ്ഞ ചുറ്റുപാട് ഉണ്ടാക്കുക എന്നതാണ്. എന്ന് വരുമ്പോള്‍ അതിര് കടന്ന അധാര്‍മ്മിക പ്രവണതകളെ തടയിടാന്‍ പ്രായോഗികവും ബുദ്ധിപരവുമായ നിയമ സംഹിതകള്‍ ആവശ്യമാണ്. കേവലം ശിക്ഷിക്കുക എന്നതിലുപരി ശിക്ഷിക്കപ്പെടേണ്ട കുറ്റ കൃത്യങ്ങളില്‍ നിന്നും മുഴുവന്‍ ജനങ്ങളെയും അകറ്റുക, അത്‌വഴി കുറ്റം ചെയ്യുന്നവര്‍ സമൂഹത്തില്‍ ഇല്ലാതെയാവുക എന്ന പാവനലക്ഷ്യമാണ് ഇസ്‌ലാമിനുള്ളത്. അച്ചടക്കം, സുതാര്യത, സഹജീവികള്‍ക്ക് സംരക്ഷണവും നിര്‍ഭയത്വവും ആത്മാഭിമാന സംരക്ഷണം എന്നിവയൊക്കെയാണ് ഈ നിയമ നടപടി ക്രമങ്ങളുടെ ആകെത്തുകയും ഫലവും.

എന്നാല്‍ തെറ്റുകളെ നിയന്ത്രിക്കാന്‍ ശിക്ഷകളെ ഒരു പ്രധാന ഉപാധിയായി ഇസ്‌ലാം കാണുന്നില്ല. പകരം ആത്മീയബോധവും തികഞ്ഞ ദൈവവിശ്വാസവും മനുഷ്യരില്‍ ഉണ്ടാക്കിയെടുത്തു കൊണ്ടാണ് തെറ്റിനോടുള്ള അകലം ഇസ്‌ലാം സൃഷ്ടിക്കുന്നത്. ഇസ്‌ലാമിക ശിക്ഷാനിയമങ്ങളെ അപരിഷ്‌കൃതവും പ്രാചീനവുമായി കാണുന്നവര്‍ സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത ഉദ്ധരണികളാണ് ഉപയോഗിക്കുന്നത്. ഇസ്‌ലാമിക നിയമ സംഹിതകളില്‍ ഒന്നു മാത്രമാണ് ശിക്ഷാനിയമങ്ങള്‍. തെറ്റിലേക്ക് എടുത്തെറിയപ്പെടാതിരിക്കാനുള്ള സാഹചര്യങ്ങള്‍ ഇസ്‌ലാം ഉണ്ടാക്കുന്നു. ഇതിനുള്ള നിയമങ്ങളും ചട്ടങ്ങളുമാണ് ശിക്ഷാ നിയമങ്ങളെക്കാളും കൂടുതലായി ഇസ്‌ലാമീ ശരീഅത്തില്‍ കാണാനാവുക. എന്നാല്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ചില കേന്ദ്രങ്ങള്‍ ഇസ്‌ലാമീ സംഘടനകളുടെ പേരിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന യാതാര്‍ത്ഥ്യം വിസ്മരിക്കുന്നില്ല. അജ്ഞതയും അന്ധതയും ബാധിച്ച അണികളും നേതാക്കളുമാണ് ഇവക്ക് പിന്നിലെന്ന് ഇസ്‌ലാമിക സമൂഹം തിരിച്ചറിയുകയും ചെയ്യുന്നു. അവരെ ഒറ്റപ്പെടുത്തുക എന്നത് മുസ്‌ലിംകള്‍ ബാധ്യതയായി കാണുകയും ചെയ്യുന്നു.
വ്യക്തികള്‍ക്ക് സ്വതന്ത്രമായി നടപ്പില്‍ വരുത്താനാവുന്നതല്ല ഇസ്‌ലാമിക ശിക്ഷാനിയമങ്ങള്‍; മറിച്ച് ഇസ്‌ലാമിക രാഷ്ട്ര സംവിധാനത്തിലേ ഇതിന് സാധുതയുള്ളൂ. കളവിനും വ്യഭിചാരത്തിനും മറ്റെല്ലാ കുറ്റ കൃത്യങ്ങള്‍ക്കും സാഹചര്യമൊരുക്കുന്ന ഘടകങ്ങളെ വിപാടനം ചെയ്യുന്ന തത്വസംഹിതകള്‍ ഇസ്‌ലാമില്‍ ധാരാളം നടപ്പില്‍ വരുത്തുന്നുണ്ട്. എന്നിട്ടും തെറ്റിന്റെ പാതയില്‍ തന്നെ അഭിരമിക്കുന്ന ഒരു കുറ്റവാളി തൊണ്ടി സഹിതം പിടിക്കപ്പെട്ടാല്‍ ശിക്ഷ നടപ്പാക്കുന്നതിന്റെ ഉപാധികളോടെ മാതൃകായോഗ്യമായി ശിക്ഷിക്കപ്പെടും. ഇതിലൂടെ ഒരിക്കലും ക്രൂരതയല്ല കാട്ടുന്നത്; ധര്‍മ്മത്തിന്റെയും നീതിയുടെയും സംസ്ഥാപനമാണ് ഉണ്ടാവുന്നത്. ക്രൂരമായി തോന്നുന്നത് അതിന്റെ ജ്ഞാനപരിസരത്ത് നിന്നും അടര്‍ത്തിയെടുക്കുമ്പോഴാണ്. കുറ്റകൃത്യങ്ങള്‍ക്ക് യുക്തി രഹിതമായി ശിക്ഷ നടപ്പിലാക്കി വരുന്ന ആധുനിക രാഷ്ട്ര സംവിധാനങ്ങളില്‍ കുറ്റകൃത്യങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത്.

ശിക്ഷകള്‍ നടപ്പില്‍ വരുന്നത് സാക്ഷികളാല്‍ വ്യക്തമാക്കപ്പെട്ടാലാണ്. വ്യഭിചാരത്തിന്റെ ശിക്ഷ നടപ്പില്‍ വരാന്‍ നാല് സാക്ഷികള്‍് മൊഴി കൊടുക്കണം. അല്ലാത്ത പക്ഷം അത്തരം ആരോപകര്‍ ഇസ്‌ലാമിക വിധി പ്രകാരം വ്യഭിചാരാരോപണത്തിന് എണ്‍പത് അടിക്ക് വിധേയരാകേണ്ടി വരും. മൂന്ന് പേര്‍ ഇത്തരം ഒരു സാക്ഷി മൊഴിക്ക് വന്നാലും വ്യഭിചാരം ചെയ്ത ആള്‍ക്കല്ല ശിക്ഷ; ആരോപണവുമായി വന്ന ആള്‍ക്കാണ്. നാല് നല്ല നടപ്പുകാരുടെ മുന്നില്‍ വെച്ച് വ്യഭിചരിക്കാന്‍ മാത്രം ധാര്‍മികച്യുതിയുള്ളവര്‍ ഈ ഭൂമി ലോകത്ത് വീണ്ടും അധിവസിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. കാരണം വ്യഭിചാരം അനര്‍ത്ഥങ്ങളേ സൃഷ്ടിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here