സ്ത്രീജീവിതങ്ങളുടെ പോരാട്ടക്കഥകള്‍

മുബശ്ശിര്‍ പി.എ. ചെറുവാടി

0
2958

ലോകത്തുള്ള മതങ്ങളും ദര്‍ശനങ്ങളും ചിന്താധാരകളും സ്ത്രീയെ വ്യത്യസ്തമായാണ് നോക്കിക്കാണുന്നത്. അവളുടെ ജന്മാവകാശം നിഷേധിച്ചവരും, സ്ത്രീയില്‍ പൈശാചികത ആരോപിച്ച് സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തിയവരും, അവളോട് അടിമയോടെന്ന പോലെ പെരുമാറിയവരും അക്കൂട്ടത്തിലുണ്ട്. ദൈവപ്രീതിയുടെ പേരില്‍ വൈവാഹിക ജീവിതത്തില്‍ നിന്നവളെ തടയുകയാണ് ക്രിസ്ത്യാനിറ്റി ചെയ്തത്. എങ്കില്‍ ഇസ്‌ലാമില്‍ അവള്‍ പരിശുദ്ധയും അഭിമാനിയും അവകാശങ്ങളെല്ലാം നല്‍കപ്പെട്ടവളുമാണ്. അന്ത്യനാള്‍ വരെയുള്ള സ്ത്രീകള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള നിയമസംഹിതയും കുടുംബജീവിതത്തില്‍ അവര്‍ക്കുള്ള പങ്കിനെയും വിശുദ്ധഖുര്‍ആനിലൂടെ സ്രഷ്ടാവ് വിശദീകരിച്ചിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുമ്പോള്‍ മക്കയിലെ സാമൂഹ്യസാഹചര്യത്തെ ‘സൂറത്തുന്നഹ്‌ലി’ലെ രണ്ടു സൂക്തങ്ങള്‍ വരച്ചുകാട്ടുന്നുണ്ട്,
‘അവരിലാര്‍ക്കെങ്കിലും പെണ്‍കുഞ്ഞ് ജനിച്ചു എന്ന വാര്‍ത്ത ലഭിച്ചാല്‍ ദുഃഖത്താല്‍ അവന്റെ മുഖം കറുത്തിരുളും. ഈ വാര്‍ത്തമൂലമുണ്ടായ അപമാനത്താല്‍ അവന്‍ ആളുകളില്‍നിന്ന് മറഞ്ഞ് നില്‍ക്കും. അയാളുടെ പ്രശ്‌നം അപമാനം സഹിച്ച് ആ പെണ്‍കുഞ്ഞിനെ നിലനിര്‍ത്തണമോ അതല്ല മണ്ണില്‍ കുഴിച്ചുമൂടണമോ എന്നതാണ്. അറിയുക അവരുടെ തീരുമാനം വളരെ മോശം.(സൂറതുന്നഹ്‌ല്)
സ്ത്രീക്ക് ജീവിക്കാനുള്ള അവകാശം തന്നെ നിഷേധിക്കപ്പെട്ട കാലം. പെണ്‍കുഞ്ഞ് ജനിച്ചാല്‍ അപമാനഭാരം താങ്ങാനാവാതെ ജീവനോടെ മണ്ണിട്ട് മൂടലായിരുന്നു പതിവ്. അവള്‍ പുരുഷന് വേണ്ട വിധത്തിലുപയോഗിക്കാവുന്ന ലൈംഗികയന്ത്രമായി ഗണിക്കപ്പെട്ടു. ഇത്തരമൊരു സമൂഹത്തെയാണ് വിശുദ്ധ ഖുര്‍ആന്റെ വചനങ്ങളിലൂടെ തിരുനബി(സ) മാറ്റിയെടുത്തത്. സ്ത്രീ പുരുഷനെപ്പോലെത്തന്നെ മനുഷ്യനാണെന്നും വിചാര വികാര അവകാശങ്ങളെല്ലാം മാനിക്കപ്പെടേണ്ടവളാണെന്നും സമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തു. ഓരോ വ്യക്തിയുടെയും ആത്യന്തിക ലക്ഷ്യമായ സ്വര്‍ഗം, മാതാവിന്റെ പാദത്തിനടിയിലാണെന്നുവരെ ഇസ്‌ലാം പറഞ്ഞുവെച്ചു.
നിര്‍ഭയം തുടര്‍ന്ന് പോന്നിരുന്ന പെണ്‍ഹത്യക്ക് മുമ്പാകെ പരിശുദ്ധ ഖുര്‍ആനില്‍ അവതരിച്ച സൂക്തം
”ദാരിദ്ര്യ ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു.” മക്കയിലെ സ്ത്രീ സമൂഹത്തിന് ജീവിതാവകാശ പ്രഖ്യാപനമായിരുന്നു.
പ്രധാനമായും സ്ത്രീപ്രതിപാദ്യവിഷയമായ ‘സൂറത്തുന്നിസാഇ’ലെ ആദ്യസൂക്തം അറബികള്‍ക്കിടയില്‍ തീര്‍ത്ത സ്വാധീനം ചെറുതല്ല.
‘മനുഷ്യരേ, നിങ്ങളെ ഒരേ ശരീരത്തില്‍നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുക.’ ഈ സൂക്തത്തില്‍ ഖുര്‍ആന്‍ പരിചയപ്പെടുത്തിയ ‘നഫ്‌സുല്‍ വാഹിദ” (ഒരേ ശരീരത്തില്‍നിന്ന്) എന്ന പ്രയോഗത്തിന്റെ വിശാലാര്‍ത്ഥം സ്ത്രീയെ പരിഗണനയുടെ കണ്ണുകൊണ്ടു നോക്കാന്‍ അറബികളെ പ്രേരിപ്പിച്ചു. കാരണം, സ്ത്രീയും പുരുഷനും സൃഷ്ടിക്കപ്പെട്ടത് ഒരേ ഘടകങ്ങള്‍ കൊണ്ടുതന്നെയാണ്. പുരുഷനിലുള്ള അതേ മൂലകങ്ങളും രസങ്ങളും തന്നെയാണ് സ്ത്രീശരീരത്തിലുമുള്ളത്. അതിനാല്‍ തന്നെ അവളോട് വിവേചനത്തോടെ പെരുമാറാന്‍ പ്രകൃതി അനുവദിക്കുന്നില്ല.
നിസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ ഇസ്‌ലാമിന്റെ അടിസ്ഥാന ആരാധനാകര്‍മ്മങ്ങളിലും ശരീഅത്തിന്റെ വിധിവിലക്കുകളിലും സ്ത്രീയും പുരുഷനും തുല്യരാണ്. ആര് നന്മ ചെയ്താലും അതിനുള്ള പ്രതിഫലവും തിന്മ ചെയ്താല്‍ ശിക്ഷയും ലഭിക്കും. ഈയൊരു ആശയത്തെയാണ് ഖുര്‍ആന്‍ പറയുന്നത്.
‘ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുന്നപക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം നല്‍കുകയും ചെയ്യും.”
ഇത്തരം സൂക്തങ്ങളുടെ അവതരണത്തിലൂടെ സ്ത്രീകള്‍ക്ക് ജീവിതാവകാശങ്ങള്‍ അനുവദിച്ചുകൊടുത്തതിനുപുറമെ, പുരുഷനെപ്പോലെ ഒരു മനുഷ്യനായി അവളെ ഗണിക്കാനുള്ള ഒരു മാനസികാവസ്ഥയിലേക്ക് സമൂഹത്തെ വളര്‍ത്തിയെടുക്കാനും ഖുര്‍ആന് സാധിച്ചു.
വിശുദ്ധ ഖുര്‍ആനിലെ ഓരോ അധ്യായവും പരിശോധിച്ചാല്‍ സ്ത്രീക്ക് ഇസ്‌ലാം കല്‍പ്പിക്കുന്ന മഹത്വത്തിന്റെ ആഴവും പരപ്പും തിരിച്ചറിയാനാവും. സ്ത്രീക്ക് അനന്തരാവകാശം, ഉടമസ്ഥാവകാശം, സ്വത്ത് സമ്പാദനം തുടങ്ങിയവയെല്ലാം നിഷേധിച്ച സമൂഹത്തോട് ഖുര്‍ആന്‍ പ്രഖ്യാപിച്ചു.
‘മാതാപിതാക്കളും ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ പുരുഷന്മാര്‍ക്ക് ഓഹരിയുണ്ട് മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്. (ആ ധനം) കുറച്ചാവട്ടെ, കൂടുതലാവട്ടെ അത് നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു.” അനന്തരാവകാശവും ഉടമസ്ഥാവകാശവും ക്രയവിക്രയങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യവും ലഭിച്ചതോടെ അവള്‍ സമൂഹത്തില്‍ ആത്മാഭിമാനിയായി ജീവിച്ചു. നബി(സ)യുടെ പത്‌നി ഖദീജ(റ) വലിയ സമ്പത്തിനുടമയും മക്കയിലെ അറിയപ്പെട്ട ബിസിനസ്സുകാരിയുമായിരുന്നു. നബി തങ്ങളോടൊന്നിച്ചുള്ള ജീവിതാരംഭം മുതല്‍ തന്റെ സമ്പത്തെല്ലാം പരിശുദ്ധ ദീനിനുവേണ്ടി മഹതി മാറ്റിവെച്ചു.
വിവാഹസമയത്ത് പുരുഷന്‍ സ്ത്രീക്ക് നല്‍കേണ്ട മൂല്യമാണ് മഹര്‍. ”സ്ത്രീകള്‍ക്ക് അവരുടെ വിവാഹ മൂല്യങ്ങള്‍ മനഃസംതൃപ്തിയോടുകൂടി നിങ്ങള്‍ നല്‍കുക” എന്ന ആജ്ഞയുടെ സ്വരത്തിലാണ് മഹറിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ‘സ്വദഖാതിഹിന്ന’ എന്ന അറബി പദക്കൂട്ട്, അതില്‍ അവകാശവാദം പറയാന്‍ അവളുടെ രക്ഷാധികാരിക്ക് പോലും അവകാശമില്ല എന്നറിയിക്കുന്നുണ്ട്. നിക്കാഹോടെ മഹറിന്റെ പകുതി അവളുടെ വരുതിയിലായിത്തീരുന്നു.
സ്ത്രീക്ക് മാന്യമായ ജീവിതാവകാശം നേടിക്കൊടുത്ത ഖുര്‍ആന്‍, ലോകത്തുള്ള സ്ത്രീകള്‍ക്കെല്ലാം മാതൃകയായി വിശിഷ്ട ജീവിതം നയിച്ച ചില വനിതകളെ പരിചയപ്പെടുത്തുന്നുണ്ട്.
‘സത്യവിശ്വാസികള്‍ക്ക് ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്റെ ഭാര്യയെ എടുത്ത് കാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം; എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍നിന്നും അവന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ. അക്രമികളായ ജനങ്ങളില്‍നിന്നും നീ എന്നെ രക്ഷിക്കേണമേ”
ഖുര്‍ആനില്‍ എടുത്തുപറയാന്‍ മാത്രം ആസിയബീവി ചെയ്ത സല്‍കര്‍മമെന്താണ്? കൊടിയ മര്‍ദ്ദനങ്ങള്‍ ക്രൂരനായ ഭര്‍ത്താവ് ഫിര്‍ഔനില്‍ നിന്നേറ്റുവാങ്ങേണ്ടി വന്നിട്ടും മൂസാനബിയില്‍ വിശ്വസിച്ച് തൗഹീദില്‍ ഉറച്ചുനിന്നു. ഫിര്‍ഔന്‍ അഴിച്ചുവിട്ട മര്‍ദ്ദനങ്ങള്‍ മേല്‍ ഉദ്ധരിച്ച ആയത്തിന്റെ തഫ്‌സീറില്‍ ഇമാം ഖുര്‍ത്വുബി(റ) വിശദീകരിക്കുന്നുണ്ട്. ശക്തമായ വെയിലില്‍ കിടത്തി കൈകാലുകളില്‍ ആണിതറച്ച് നെഞ്ചത്ത് വലിയ പാറക്കല്ല് കയറ്റിവെച്ചു. പക്ഷേ, മഹതി അല്ലാഹുവിലുള്ള വിശ്വാസത്തില്‍ നിന്നൊരല്‍പ്പം പോലും പിന്മാറാന്‍ തയ്യാറായില്ല. ശിക്ഷ മൂര്‍ച്ഛിക്കുമ്പോഴെല്ലാം ശാശ്വത ജീവിതത്തെ സ്വപ്‌നം കണ്ട് മഹതി ഉരുവിട്ടുകൊണ്ടിരുന്നു; റബ്ബേ, സ്വര്‍ഗത്തില്‍ നിന്റെയടുക്കല്‍ എനിക്കൊരു ഭവനം നീ പണിയണം, ഫിര്‍ഔനില്‍ നിന്നും അവിശ്വാസത്തില്‍നിന്നും എന്നെ നീ രക്ഷിക്കുകയും വേണം.
മഹതി ആസിയ ബീവിയുടെ ജീവിതത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് ഏറെ പകര്‍ത്താനുണ്ട്. ജീവിതത്തില്‍ ചെറിയ പ്രയാസങ്ങള്‍ അഭിമുഖീകരിക്കുമ്പോഴേക്ക് ജീവിതം കയറിലൊതുക്കുന്നതിനു പകരം മഹതിയെപ്പോലെ ക്ഷമിക്കാനും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കാനും നാം പഠിക്കണം. ഭര്‍ത്താവിന്റെ കുമിഞ്ഞ് കൂടിയ പണച്ചാക്ക് കൊണ്ട് ആഡംബരത്തോടെ ജീവിക്കാമായിരുന്നു ആസിയാ ബീവിക്ക്. മഹതി ഭൗതികജീവിതം തെരഞ്ഞെടുത്തില്ലെന്ന് മാത്രമല്ല, അല്ലാഹുവിന്റെ കഠിന ശത്രുവായ ഫിര്‍ഔന്റെ കൂടെ വര്‍ഷങ്ങള്‍ ജീവിച്ചിട്ടും അവരുടെ ജീവിതത്തില്‍ അല്‍പ്പംപോലും സ്വാധീനം ചെലുത്താനായിട്ടില്ല!. പ്രതിസന്ധികളില്‍ പ്രാര്‍ത്ഥിക്കണമെന്നും ആ പ്രാര്‍ത്ഥനക്ക് ഉത്തര സാധ്യതയേറെയാണെന്നുകൂടി ആസിയ ബീവിയുടെ കഥ പറഞ്ഞുതരുന്നുണ്ട്.
‘സൂറത്തുത്തഹ്‌രീ’മിന്റെ പന്ത്രണ്ടാമത്തെ ആയത്ത് വിശ്വാസികള്‍ക്ക് പരിചയപ്പെടുത്തുന്നത് മറ്റൊരു മഹിളാ രത്‌നത്തിനെയാണ്, മറിയം ബീവി(റ). ”തന്റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു). അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്റെ രക്ഷിതാവിന്റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവര്‍ വിശ്വസിക്കുകയും, അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.” തൗറാത്തില്‍പോലും ഈസാനബിയുടെ മാതാവിന്റെ പേരിലുള്ള ഒരു അധ്യായം കാണാനാവില്ല. എന്നാല്‍ ഖുര്‍ആനിലെ പത്തൊമ്പതാം അധ്യായത്തിന് മറിയം ബീവിയുടെ പേരുനല്‍കിയത് ഖുര്‍ആന്‍ സ്ത്രീക്ക് കല്‍പ്പിക്കുന്ന സ്ഥാനത്തെ അറിയിച്ച് തരുന്നുണ്ട്. യഹൂദികള്‍ പലവിധേനയും മഹതിയെ സമൂഹമധ്യേ താറടിക്കാനും തൗഹീദില്‍നിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചപ്പോള്‍ തഖ്‌വ കൈവിടാതെ മഹതി പിടിച്ചുനിന്നു. രാപ്പകലുകള്‍ ആരാധനയില്‍ മുഴുകി സൂക്ഷ്മവും പരിശുദ്ധവുമായ ജീവിതം നയിച്ചു.
സൂറത്തുന്നമ്‌ല്‌ലെ 16 മുതല്‍ 44 വരെയുള്ള സൂക്തങ്ങളിലെ ചര്‍ച്ചാവിഷയം സബഇലെ രാജ്ഞിയെക്കുറിച്ചാണ്. രാജ്ഞിയുടെ പേര് ബില്‍ഖീസ് ആണെന്ന് പറയപ്പെടുന്നു. സുലൈമാന്‍ നബി(അ) മുഖേന ഇസ്‌ലാം ആശ്ലേഷിക്കുന്ന ബില്‍ഖീസ് രാജ്ഞിയുടെ ചില ഇടപാടുകള്‍ സ്ത്രീ പക്വതയെ വിളിച്ചോതുന്നുണ്ട്. കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള സിംഹാസനം കൊണ്ടുവന്ന് മുന്നില്‍ നിര്‍ത്തി സുലൈമാന്‍ നബി(അ) ചോദിച്ചു; ‘ഇതാണോ നിന്റെ സിംഹാസനം’. അവര്‍ പ്രതികരിച്ചു; ‘അത്‌പോലെയുണ്ട്.” ഇമാം റാസി(റ) വിശദീകരിക്കുന്നു; തന്റെ സിംഹാസനത്തിന് സാദൃശ്യമായത് കണ്ടിട്ടുപോലും അപക്വമായി എടുത്തുചാടി. ‘അതെന്റേതു തന്നെയാണ്’ എന്നുപറയുന്നതിനുപകരം ‘അതെന്റേതുപോലെയുണ്ട്’ എന്ന ബില്‍ഖീസിന്റെ മറുപടി അവരുടെ കൂര്‍മ്മ ബുദ്ധിയെയാണ് വിളിച്ചോതുന്നത്. ബില്‍ഖീസിനെപ്പോലെ ആയിശാ ബീവി(റ), ഫാത്വിമ(റ) തുടങ്ങിയവരും പുരുഷന്മാരേക്കാള്‍ പക്വത പ്രകടിപ്പിച്ചവരായിരുന്നു.
സ്ത്രീയുടെ മഹത്വവും, സാമര്‍ത്ഥ്യവും പരിചയപ്പെടുത്തുന്ന ഖുര്‍ആന്‍ തന്നെ, പുരുഷന് സ്ത്രീയുടെ മേല്‍ അധികാരമുണ്ടെന്നും അവള്‍ പുരുഷനുമായി ഇണചേര്‍ന്ന് ജീവിക്കേണ്ടവളാണെന്നും കുടുംബത്തില്‍ അവളുടെ ഉത്തരവാദിത്വമെന്തെന്നും പഠിപ്പിക്കുന്നുണ്ട്. ‘സൂറത്ത് റൂം’മിലെ ഇരുപത്തി ഒന്നാമത്തെ വചനം കുടുംബജീവിതത്തിന്റെ താല്‍പര്യമെന്തെന്ന് വ്യക്തമാകുന്നുണ്ട്.
‘നിങ്ങള്‍ സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.”
‘ലിയസ്‌കുനു ഇലയ്ഹാ’ എന്ന പദത്തിന്റെ വിശാലമായ അര്‍ത്ഥതലങ്ങളെ ഖുര്‍ഇആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്; നിങ്ങളുടെ അതേ ഇനത്തില്‍ നിന്നുതന്നെ നിങ്ങളുടെ ഭാര്യമാരെ സൃഷ്ടിച്ചതിനുപിന്നിലെ രഹസ്യം അവര്‍ നിങ്ങളിലേക്ക് ചായാനും സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കാനുമാണ്. ഇമാം റാസി(റ)വിന്റെ വിശദീകരണത്തില്‍ കാണാം; ‘സകന ഇന്തഹ’ എന്ന പദത്തിനുള്ള അര്‍ത്ഥമല്ല ‘സകന ഇലയ്ഹ’ക്കുള്ളത്. അറബി ഭാഷയില്‍ സകന ഇലയ്ഹാ എന്ന് പ്രയോഗിക്കുന്നത് ഹൃദയവുമായ ബന്ധപ്പെട്ട (ശാന്തത) സുകൂനിനെ അറിയിക്കാനാണ്. അഥവാ ഭാര്യ-ഭര്‍തൃബന്ധം ഹൃദ്യവും സ്‌നേഹത്തില്‍ ചാലിച്ചതുമാവണമെന്ന് ആയത്തിന്റെ ചുരുക്കം.
വൈവാഹിക കുടുംബജീവിതത്തിന്റെ അന്തസാര പച്ചയായി തുറന്നെഴുതുന്ന മറ്റൊരു സൂക്തമാണ് ‘ഭാര്യമാര്‍ നിങ്ങളുടെ വസ്ത്രവും, നിങ്ങള്‍ ഭാര്യമാരുടെ വസ്ത്രവുമാകുന്നു’ എന്നത്. ഖുര്‍ആന്‍ ഭാര്യഭര്‍ത്താക്കന്മാരെ സാദൃശ്യപ്പെടുത്തിയത് വസ്ത്രം എന്നര്‍ത്ഥമുള്ള ലിബാസ് എന്ന പദം കൊണ്ടാണ്. ഭാര്യ-ഭര്‍തൃ ബന്ധം എത്രത്തോളം സുദൃഢമാവേണ്ടതുണ്ട് എന്നാണ് ഈ ഉപമകൊണ്ട് അല്ലാഹു മനസ്സിലാക്കിത്തരുന്നത്. വസ്ത്രം ശരീരത്തോട് എത്രത്തോളം ചേര്‍ന്ന് നില്‍ക്കുന്നുവോ അതുപോലെ ഹൃദയവുമായി പരസ്പരം ഇഴുകിച്ചേരേണ്ടവരാണ് ഭാര്യ-ഭര്‍ത്താക്കന്മാര്‍. തെറ്റില്‍ നിന്നവളെ തടഞ്ഞ് നിര്‍ത്തുകയും അവളില്‍ വന്നേക്കാവുന്ന പിഴവുകളെ പരസ്യപ്പെടുത്താതെ മറച്ച്‌വെക്കുകയും ചെയ്യലാണ് ‘ലിബാസ്’ കൊണ്ടുദ്ദേശിക്കുന്നത് എന്ന് വിശദീകരിച്ച പണ്ഡിതരുമുണ്ട്.
കുടുംബജീവിതത്തില്‍ പകര്‍ത്താന്‍ പറ്റിയ ചില മാതൃകാബന്ധങ്ങളെ വിശുദ്ധഖുര്‍ആനില്‍ കാണാം. വിവാഹത്തിനുശേഷം ഒരു കുഞ്ഞിക്കാലു കാണാന്‍ നീണ്ട വര്‍ഷങ്ങള്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയ ഇബ്‌റാഹീം(അ)-ഹാജറാ(റ) ദമ്പതികളുടെ കഥ. കുഞ്ഞുമോന്‍ ഇസ്മാഈലിനൊപ്പം വിജനമായ മരുപ്പറമ്പില്‍ ഹാജറ(റ)യെ ഉപേക്ഷിച്ച് മടങ്ങുമ്പോള്‍, ഭര്‍ത്താവ് ഇബ്‌റാഹീം നബിയോടവര്‍ക്ക് വിദ്വേഷമോ ആവലാതികളോ ഒന്നുമുണ്ടായിരുന്നില്ല. അല്ലാഹുവിന്റെ കല്‍പ്പന പ്രകാരമാണെങ്കില്‍ ഭര്‍ത്താവിനുവേണ്ടി എന്തും സഹിക്കാനും സ്വീകരിക്കാനും മഹതി ഒരുക്കമായിരുന്നു. കുഞ്ഞുമോനെ അറുക്കണമെന്ന അല്ലാഹുവിന്റെ കല്‍പ്പന വന്നപ്പോഴും ആ ദമ്പതികള്‍ക്കത് സമ്മതമായിരുന്നു!.
രോഗബാധിതനായ അയ്യൂബ് നബി(അ)നെ മറ്റു ഭാര്യമാരെല്ലാം ഉപേക്ഷിച്ചപ്പോള്‍, നബിക്ക് എല്ലാ സേവനങ്ങളും ചെയ്തുകൊടുത്ത് ദൈവപ്രീതി നേടിയ ഭാര്യയുടെ മാതൃകയും ഖുര്‍ആനിലുണ്ട്.
ഇബ്രാഹീം നബി(അ) അയ്യൂബ്(അ) തുടങ്ങിയ പ്രവാചകര്‍ക്ക് ജീവിതം സമര്‍പ്പിച്ച് സ്വര്‍ഗം നേടിയ മാതൃകാ വനിതകളെ പരിചയപ്പെടുത്തുന്ന ഖുര്‍ആന്‍, ഭര്‍ത്താക്കന്മാരോട് എതിര് പ്രവര്‍ത്തിച്ചതിന് ശാപം ഏറ്റുവാങ്ങി നരകാവകാശികളാവാന്‍ വിധിക്കപ്പെട്ട വനിതകളെയും ഉദ്ധരിക്കുന്നുണ്ട്.
‘സത്യനിഷേധികള്‍ക്ക് ഉദാഹരണമായി നൂഹിന്റെ ഭാര്യയേയും, ലൂത്തിന്റെ ഭാര്യയേയും അല്ലാഹു ഇതാ എടുത്ത് കാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്മാരില്‍പെട്ട സദ്‌വൃത്തരായ രണ്ട് ദാസന്മാരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചുകളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് യാതൊന്നും അമ്പിയാക്കള്‍ ഇവര്‍ക്ക് ഒഴിവാക്കിക്കൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക, എന്ന് പറയപ്പെടുകയും ചെയ്തു.”
നൂഹ് നബിയുടെ ഭാര്യ ‘വാലിഹ’ അദ്ദേഹത്തിന് ഭ്രാന്തുണ്ടെന്ന് കുപ്രചരണം നടത്തുകയും, നൂഹ് നബിയില്‍ വിശ്വസിച്ചവരെ ശത്രുപാളയത്തിനറിയിച്ചുകൊടുത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പരിശ്രമിച്ചവളുമായിരുന്നു. ലൂത്വ് നബിയുടെ ഭാര്യയാവട്ടെ, ഭര്‍ത്താവിന്റെ അതിഥികളായ മലക്കുകളുടെ ആഗമനത്തെ പ്രകൃതിവിരുദ്ധ ലൈംഗികവേഴ്ച്ചക്കാരായ സമൂഹത്തിനെ അറിയിച്ച് നബിയെ വഷളാക്കാന്‍ കൂട്ടുനിന്നു. രണ്ടു പ്രവാചകന്മാരുടെ ഭാര്യമാരായിട്ടും അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് രക്ഷ നല്‍കാന്‍ ദാമ്പത്യബന്ധം അവര്‍ക്ക് സഹായകമായില്ല. ഈമാനില്ലാത്ത ഏതു ബന്ധവും പരലോകത്ത് പ്രയോജനപ്പെടില്ല എന്ന് ആയത്ത് അറിയിച്ചുതരുന്നു.
‘സത്യവിശ്വാസികളെ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധങ്ങളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക'(66/6) എന്ന ഖുര്‍ആനിക സൂക്തം ധാര്‍മികതയിലൂന്നിയ ഒരു കുടുംബപശ്ചാത്തലം സൃഷ്ടിക്കാനുള്ള ഉദ്‌ഘോഷമാണ്. സ്വയം രക്ഷയെന്നതോടൊപ്പം ഭാര്യ-മക്കളെക്കൂടി തിന്മയില്‍നിന്ന് തടഞ്ഞ് നന്മയുടെ വഴിയിലേക്ക് കൈപിടിക്കേണ്ട ബാധ്യത ഓരോരുത്തര്‍ക്കുമുണ്ടെന്ന് ചുരുക്കം.
സ്ത്രീ സമത്വവും സംവരണവും അവകാശപ്പെടുന്ന മോഡേണ്‍ കാലത്ത്, സ്ത്രീയെക്കുറിച്ചും കുടുംബത്തെ സംബന്ധിച്ചുമുള്ള ഖുര്‍ആനിന്റെ നിലപാടുകള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണ്. എല്ലാ രംഗത്തും സ്ത്രീ-പുരുഷ സമത്വമെന്നത് ബുദ്ധിക്ക് ഉള്‍ക്കൊള്ളാനാവില്ല. സൃഷ്ടിപരമായി തന്നെ പുരുഷന് ഇല്ലാത്ത ചില വിശേഷണങ്ങള്‍ സ്ത്രീക്കും, സ്ത്രീക്ക് ഇല്ലാത്തവ പുരുഷനുമുണ്ട്. സ്രഷ്ടാവ് രണ്ടുപേരെയും സൃഷ്ടിച്ചത് വ്യത്യസ്ത ധര്‍മ്മങ്ങള്‍ക്കുവേണ്ടിയാണ്. സ്ത്രീ അവളുടെ ധര്‍മ്മം നിറവേറ്റുന്നതാണ് അവള്‍ക്ക് ഉത്തമം.
രാഷ്ട്രീയ-അധികാര രംഗങ്ങളില്‍നിന്ന് സ്ത്രീയെ ഇസ്‌ലാം മാറ്റിനിര്‍ത്തിയത് അവളുടെ അവകാശം തടഞ്ഞ് വെക്കലോ സ്വാതന്ത്ര്യം നിഷേധിക്കലോ അല്ല. മറിച്ച് അവളുടെ അഭിമാനം സംരക്ഷിക്കാനും, സുരക്ഷിതത്വം ഉറപ്പുവരുത്താനുമാണ്. സ്ത്രീയെ അരമനയില്‍ നിന്ന് പുറത്തിറക്കി അങ്ങാടിയിലും പരസ്യപ്പലകകളിലും പ്രതിഷ്ഠിക്കാനുള്ള പടിഞ്ഞാറന്‍ അജണ്ടയെ നാം തിരിച്ചറിയാതെ പോവരുത്. ഖുര്‍ആനിക അടിത്തറയുടെ മേല്‍ കെട്ടിപ്പൊക്കിയ ജീവിതത്തിനു മാത്രമേ വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഡനങ്ങള്‍ക്കും കുടുംബ കലഹങ്ങള്‍ക്കും തടയിടാനാവൂ.

LEAVE A REPLY

Please enter your comment!
Please enter your name here