സ്ത്രീ സമീപനങ്ങളുടെ ഇസ്‌ലാമികത

0
2968

ശിക്ഷാനിയമങ്ങള്‍ ബാഹ്യമായി കടുത്തതെന്ന് തോന്നുമെങ്കിലും അനേകായിരം ക്രൂരകൃത്യങ്ങളുടെ ഇല്ലായ്മ ശിക്ഷാ നിര്‍വ്വഹണത്തിലൂടെ സംഭവിക്കുമെന്ന് യാഥാര്‍ത്ഥ്യമാണ്. ഇത്തരം നിയമങ്ങള്‍ നടക്കാന്‍ ചിലഘടകങ്ങള്‍ കൂടി ബാധകമാണ്. സാക്ഷി വേണം, സാഹചര്യം പ്രധാനമാണ്.
ഒറ്റക്കുള്ള ഇറങ്ങി നടത്തം സ്ത്രീകള്‍ക്ക് ഇസ്‌ലാം വിലക്കിയിട്ടുണ്ട്. അവളുടെ സംരക്ഷണത്തിന് ഒരു മഹ്‌റമായ പുരുഷനോ ഭര്‍ത്താവോ കൂടെ കൂട്ടാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു. അല്ലെങ്കില്‍ പക്വതയാര്‍ന്ന ഒരുകൂട്ടം സ്ത്രീകള്‍ അവളെ അനുഗമിക്കണം. യാത്രാ വേളയില്‍ ആകര്‍ഷകമായി വസ്ത്രം ധരിക്കാനോ സുഗന്ധം പുരട്ടാനോ ഇസ്‌ലാം അനുവദിക്കുന്നില്ല. അന്യആണുങ്ങള്‍ക്ക് ദര്‍ശിക്കാനോ സ്പര്‍ശിക്കാനോ അവസരങ്ങള്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. അവരോട് കൊഞ്ചി കുഴയാനോ തനിച്ചു നില്‍ക്കാനോ മതം അനുവദിക്കുന്നില്ല. ലൈംഗിക ചോദനകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ വിവാഹം സുന്നത്താക്കി. ഒരു ഭാര്യ തന്റെ വികാരപൂര്‍ത്തിക്കു മതിയാകാതെ വരികയാണെങ്കില്‍ ഉപാധികളോടെ നാല് വരെ കെട്ടാന്‍ ഇസ്‌ലാം അനുവദിച്ചു.
ശിക്ഷാനിയമങ്ങളൂടെ ഒരു വശം കൂടി പറയാം. തെറ്റു ചെയ്ത വ്യഭിചാരി അല്ലെങ്കില്‍ കടുത്ത തെറ്റുകള്‍ വരുത്തിവെച്ച ഒരാള്‍ നിയമത്തിന് മുന്നില്‍ വന്ന് ഏറ്റ് പറയാന്‍ ഇസ്‌ലാം പ്രേരിപ്പിക്കുന്നില്ല. തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി തൗബയാണ് നിശ്ചയിച്ചിട്ടുള്ളത്.
തെറ്റ് ചെയ്ത് പ്രവാചക സന്നിധിയിലെത്തി ഏറ്റു പറഞ്ഞ പലരോടും പ്രവാചകര്‍ അത്തരം ഏറ്റു പറച്ചിലുകളെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. ചെയ്ത തെറ്റുകളെ രഹസ്യമാക്കാനാണ് ഇസ്‌ലാമിക പ്രോത്സാഹനം. ചീത്ത പ്രവര്‍ത്തനങ്ങളെ വെളിപ്പെടുത്തുന്നത് അല്ലാഹുവിന് ഇഷ്ടമില്ലാത്തതാണ്. അത് പുറത്ത് പറയുന്നതിലും നല്ലത് ഹൃദയത്തില്‍ സൂക്ഷിച്ച് തൗബ ചെയ്യാനാണ് ഇസ്‌ലാമിന്റെ അധ്യാപനം. ഏറ്റു പറയേണ്ടതില്ല; പക്ഷേ ഏറ്റുപറഞ്ഞാല്‍ ഇസ്‌ലാമിക ഭരണാധികാരിക്ക് അതിന് ശിക്ഷ നടപ്പിലാക്കാന്‍ ഉത്തരവിടുകയും ചെയ്യാം.

സ്ത്രീ പ്രകൃതി മാനിക്കപ്പെടുന്നു
സ്ത്രീകളെ ചുറ്റിപറ്റിയുള്ള ഇസ്‌ലാമിക നിയമങ്ങളെ അപഗ്രഥിച്ചാല്‍ മനസ്സിലാകുന്ന കാര്യം, സ്‌ത്രൈണ പ്രകൃതിയെ യാഥാര്‍ത്ഥ്യ ബോധത്തോടെ ഉള്‍ക്കൊണ്ടാണ് കര്‍മശാസ്ത്രം ശിക്ഷാനിയമങ്ങള്‍ നിര്‍ദ്ധാരണം ചെയ്യുന്നത്. അവളുടെ പ്രകൃതിയുടെ മൃദുലതയില്‍ സൗന്ദര്യവും പരിഗണിച്ച് ഏതു വിധേനയും അവള്‍ മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്ന് ഇസ്‌ലാമില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അടിസ്ഥാനപരമായി കുടുംബത്തിലെയും സമൂഹത്തിലെയും ഭാരിച്ച ഉത്തരവാദിത്തവും ചുമതലകളും പുരുഷനാണ്. സ്ത്രീയില്‍ നിന്ന് ആവശ്യരപ്പെടുന്നത് സ്‌നേഹമസൃണമായ പിന്താങ്ങലുകളാണ്. സാമൂഹിക വളര്‍ച്ചക്കുള്ള അവള്‍ക്കു മാത്രം നിര്‍വ്വഹിക്കാനാവുന്ന പൂരണമാണ് ഗൃഹഭരണവും സന്താന പരിപാലനവും. പുറത്ത് പോയി കുടുംബം നോക്കി നടത്താന്‍ അധ്വാനിക്കേണ്ട ബാധ്യത ഒരിക്കലും അവള്‍ക്കില്ല. അവള്‍ക്ക് എല്ലാ സുഖ സൗകര്യങ്ങളും നിര്‍വ്വഹിച്ച് നല്‍കേണ്ടത് പിതാവോ സഹോദരങ്ങളോ ഭര്‍ത്താവോ ആണ്. അവരുടെ അഭാവത്തില്‍ സമൂഹ നേതൃത്വത്തിന് അവളുടെ സംരക്ഷണ ബാധ്യത ഉണ്ട്. അവളുടെ ഈ ആ ആവശ്യം അംഗീകരിച്ച് കിട്ടാന്‍ ഖാളിയെ സമീപിക്കാം. ജീവിത സമുദ്ധാരണത്തിന് മറ്റുവഴികളൊന്നും കിട്ടാത്ത പക്ഷം മാന്യമായി തൊഴില്‍ തേടാനും അവള്‍ക്ക് അര്‍ഹതയുണ്ട്.
ഭാര്യ ഭര്‍തൃ സഹകരണമാണ് ജീവിത വിജയം. അല്ലാത്തപക്ഷം അവളെ ഉപദേശിച്ചു നന്നാക്കാം. അതിന് വഴങ്ങുന്നില്ലെങ്കില്‍ കിടപ്പറയില്‍ വിലങ്ങാം. എന്നിട്ടും അനുസരണക്കേട് തുടരുന്നുണ്ടെങ്കില്‍ രക്തം പൊട്ടാത്ത അടിയും കൊടുക്കാം. ഇത് അപമാനിക്കാനോ ശാരീരിക പീഡനത്തിനോ അല്ല. മറിച്ച് ഭാര്യക്ക് ഭര്‍ത്താവിനോടുള്ള കടപ്പാടും ഭര്‍ത്താവിന്റെ അധികാരപരിധിയും ബോധതലത്തിലേക്ക് കൊണ്ട് വരാനാണ്. ഇത് സ്ത്രീകളുടെ ചില വീഴ്ചകളെ പരിഹരിക്കുന്ന സൈക്കോളജിക്കല്‍ ട്രീറ്റ്‌മെന്റ് കൂടിയാണ്. ഭര്‍ത്താവ് തന്റെ ബാധ്യതകള്‍ വിസ്മരിക്കാന്‍ പാടില്ല. അവള്‍ക്ക് വേണ്ട ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും അവള്‍ അനുസരണയോടെ തന്റെ കൂടെ താമസിക്കുന്ന കാലമത്രയും അനുവദിച്ച് കൊടുക്കല്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധ ബാധ്യതയാണ്.

പരിഹാര ക്രിയകള്‍
ഇസ്‌ലാമിക ശരീഅത്തില്‍ ഇന്ത്യ പോലുള്ള രാജ്യത്ത് നടപ്പിലാക്കാന്‍ പറ്റുന്ന മാതൃക ഉണ്ട്്. അവകള്‍ താഴെ പറയും പോലെ സംഗ്രഹിക്കാം.
പക്വത ആര്‍ജ്ജിച്ചാല്‍ വിവാഹം വൈകിക്കേണ്ടതില്ല. സ്ത്രീ ദര്‍ശനത്തിനും സ്പര്‍ശനത്തിനും വേണ്ടിടത്ത് അതിരുകള്‍ സ്ഥാപിക്കുക. വിവാഹം രജിസ്റ്റര്‍ ചെയ്താല്‍ പിന്നെ സ്ത്രീകളുടെയും കുട്ടികളുടെയും പൂര്‍ണ്ണ സംരക്ഷണ ചുമതലയും ജീവിതചെലവും ഭര്‍ത്താവില്‍ നിക്ഷിപ്തമാക്കുന്ന നിയമ നിര്‍മ്മാണം നടത്തുക. ഭര്‍ത്താവിന്റെയോ പിതാവിന്റെയോ മറ്റോ സംരക്ഷണമുള്ള സ്ത്രീകള്‍ക്ക് പുറത്ത് പോവേണ്ട തൊഴില്‍ നിരുത്സാഹപ്പെടുത്തുക. അശ്ലീല പ്രവണതകളുള്ള സിനിമകള്‍, പരസ്യങ്ങള്‍ എന്നിവ നിരോധിക്കുക. മനുഷ്യന്റെ വിവേചന ബുദ്ധി നഷ്ടപ്പെടുത്തുന്ന കള്ള്, കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയവ പൂര്‍ണ്ണമായും നിര്‍ത്തലാക്കുക. ഇത്തരം വസ്തുക്കളുടെ വിപണനക്കാരുടെയും വേശ്യാവൃത്തി നടത്തുന്നവരുടെയും പുനരധിവാസത്തിനുള്ള സംരംഭങ്ങള്‍ ആവിഷ്‌കരിക്കുക.

അബ്ദുല്ല ബുഖാരി കുഴിഞ്ഞൊളം

LEAVE A REPLY

Please enter your comment!
Please enter your name here