സെന്‍സോറിയം; സന്മാര്‍ഗ വിളക്കിനോരത്തെ അറിവോര്‍മകള്‍

ഇ.എം സുഫിയാന്‍ തോട്ടുപൊയില്‍

0
2130

ഹൃദയമിന്നും താജ് വാലിയിലാണ്. ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത, അറിവിന്റെ ആത്മാവിനോട് ചേര്‍ന്നിരുന്ന മൂന്നു നാളുകള്‍. വെള്ളിയാഴ്ച്ച പന്ത്രണ്ടു മണിയോടെ സിറാജുല്‍ ഹുദയിലേക്കെത്തുമ്പോള്‍ മധുരമൂറുന്ന മുന്തിരി ജ്യൂസുമായി ഞങ്ങളെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായ് നില്‍ക്കുന്നുണ്ടായിരുന്നു. അറിവുറവ തേടിയൊഴുകിയെത്തിയ അഞ്ഞൂറ് മത വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരു ചെറുതുള്ളിയായ് ചേരാനായത് വലിയ ഭാഗ്യമെന്ന് തോന്നി. കാമ്പസിലെ പള്ളിയില്‍ ജുമുഅ നിസ്‌കാരത്തിനായി ഒരുമിച്ചിരുന്ന തൂവെള്ളപ്പൂവുകള്‍ ഹൃദയഹാരിയായ കാഴ്ച്ചയായിരുന്നു. അറിവിന്റെ മഹത്വം പറഞ്ഞ എസ്.എസ്.എഫ് സംസ്ഥാനാധ്യക്ഷന്‍ ഫാറൂഖ് ബുഖാരി ഉസ്താദിന്റെ ഖുതുബ, തുറക്കാനിരിക്കുന്ന ജ്ഞാന പുസ്തകത്തിന്റെ മുഖവുരയായിരുന്നു. ജുമുഅ കഴിഞ്ഞ് കാന്റീനില്‍ വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുമ്പോള്‍ മുതഅല്ലിമുകളുടെ തലയില്‍ തലോടി വന്നു; ശൈഖുനാ പേരോട് ഉസ്താദ്! സിറാജുല്‍ഹുദയുടെ ജ്ഞാനമുറ്റത്തെത്തിയ വിദ്യാതിഥികളെ സ്വീകരിക്കാന്‍ എത്തിയതാണ് ഉസ്താദ്… അകത്തു കടക്കുമ്പോള്‍ ഹൃത്തില്‍ കുളിരുപെയ്യുകയായിരുന്നു… വിശാലമായ സദസ്സ്, അലങ്കരിച്ച ഇരിപ്പിടങ്ങള്‍, വേദി പണ്ഡിത ഭരിതം…

പഠനം, പ്രഭാഷണം, എഴുത്ത് എന്നിങ്ങനെയുള്ള മൂന്ന് വിഭാഗങ്ങള്‍ യഥാക്രമം തുടക്കം, മധ്യം, ഒടുവില്‍ എന്ന രീതിയില്‍ ഇരുന്നു. ശുഭ്രവേഷവും തലപ്പാവുകളും പൊന്നാനി വിളക്കത്തു വിരിഞ്ഞ അറിവിന്റെ സുഗന്ധം പൊഴിക്കുന്നു….

ആറ്റുപുറം അലി ബാഖവി ഉസ്താദിന്റെ ആത്മഗീതം കൊണ്ട് തുടക്കം.. ‘അല്ലാഹ നഹ്മദുഹു….’ പാരമ്പര്യ ദര്‍സ് ബൈത്തിന്റെ ആശയവും സാഹിത്യ മേന്മയും പറഞ്ഞ ഉസ്താദ് രചന നിര്‍വ്വഹിച്ച കുട്ടി മുസ്ലിയാരെ കുറിച്ചും വാചാലമായി. അറിവുകള്‍ പെയ്തു തുടങ്ങുകയാണ്….

തുടര്‍ന്ന് വിളക്കുമാടം.
റഹ്മത്തുല്ല സഖാഫി എളമരം ടി.സി ഉസ്താദിന്റെയും തരുവണ ഉസ്താദിന്റെയുമെല്ലാം ത്യാഗനിര്‍ഭരമായ ജീവിത കഥകള്‍ പറഞ്ഞപ്പോള്‍ സദസ്സ് നിശബ്ദമായി…

ഉയരങ്ങളിലേക്കെത്താനുള്ള ജാലകമായിരുന്നു അക്കാദമിയ്യ സെഷന്‍. മതത്തെ പുതിയ ലോകത്തിന് പരിചയപ്പെടുത്താന്‍ അക്കാദമിക ലോകത്തേക്കുള്ള പ്രയാണം അനിവാര്യമാണെന്ന് ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല ഞങ്ങളെ ബോധ്യപ്പെടുത്തി.

തുടര്‍ന്ന് നടന്ന ഉദ്ഘാടന സെഷനില്‍ റഈസുല്‍ ഉലമ ഒരുപാടു നേരം വിദ്യാര്‍ത്ഥികളോട് സംസാരിച്ചു. ഓത്തുകാലത്തെ കുറിച്ച്… ആത്മീയ ലോകത്തെ ഉസ്താദുമാരെ കുറിച്ച്… ‘ഓത്ത് മൊടക്കി, എട്ത്തത് പഠിക്കാതെ ഔട്ക്കും നടക്കരുത്. അതാണ് ഒ.കെ ഉസ്താദിന്റെ ശൈലി. ആ ‘ഇത്തിസ്വാല്‍’ നമുക്കുണ്ടാവട്ടെ!’ ഉസ്താദ് പറഞ്ഞു നിര്‍ത്തി. ഹൃദയത്തില്‍ മാറ്റത്തിന്റെ കുളിര്‍ക്കാറ്റ് വീശിത്തുടങ്ങുന്നു…

ഗുരുമുഖം സെഷനില്‍ ക്ലാസ് എടുക്കാനെത്തിയത് എ.പി മുഹമ്മദ് മുസ്ലിയാര്‍. സരളമായ ശൈലിയില്‍ ഖമറുല്‍ ഉലമയെ ഉസ്താദ് ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി… നേരിട്ട വിമര്‍ശനഞള്‍, സഹിച്ച ത്യാഗങ്ങള്‍, താണ്ടിയ കനല്‍പഥങ്ങള്‍, ചെയ്ത സേവനങ്ങള്‍, സഹായങ്ങള്‍, അറിവിനോടുള്ള ആഗ്രഹം, സ്‌നേഹം, ആദരവ്….
വാക്കുകളില്‍ പറഞ്ഞു തീര്‍ക്കാനാവാത്ത ആ ധീരനേതൃത്വത്തിനു കീഴില്‍ അണിനിരക്കാനായതെത്ര ഭാഗ്യം!

ഉത്ഥാനഗാഥ അറിവൊഴുക്കിന്റെ മധുരം പകര്‍ന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ മുസ്ലിം വൈജ്ഞാനിക വിപ്ലവത്തിന്റെ കഥ പറയുന്നതായിരുന്നു സ്വാദിഖ് മാഷിന്റെ ക്ലാസ്. ഇബ്‌നു ഹൈസമും നാസിറുദ്ദീന്‍ തൂസിയും അല്‍ ബിറൂനിയും ഇബ്‌നു ഖല്‍ദൂനും ഒരിക്കല്‍ കൂടി ഹൃദയങ്ങളില്‍ ജീവിച്ചു…

വിശാലമായ ഭക്ഷണ താമസ സൗകര്യങ്ങള്‍… ഇടവേളകളിലെത്തിയ മധുരപാനീയങ്ങള്‍… വിഭവങ്ങള്‍… ഒന്നും മറക്കില്ല.. അടുത്ത സെന്‍സോറിയവും സിറാജുല്‍ഹുദയിലാകണമെന്ന് മനസ്സ് കൊതിച്ചു… സന്മാര്‍ഗത്തിന്റെ വിളക്കായ് അനുസ്യൂതം തെളിഞ്ഞു കത്തട്ടെ സിറാജുല്‍ ഹുദാ..

അറിവിന്റെ പെരുമഴ കഴിഞ്ഞ്
ഒന്നാം ദിനം കഴിയുകയാണ്…

രണ്ടാം ദിനം, ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്കു തന്നെ ഉണര്‍ന്നു. പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. തഹജ്ജുദ് നിസ്‌കാരം കഴിഞ്ഞപ്പോള്‍ പള്ളിയില്‍ നിന്ന് ഇമ്പമുള്ള സുബ്ഹി ബാങ്കിന്റെ മന്ത്രധ്വനികള്‍ കാതിലെത്തി. മുതഅല്ലിമുകളെ കൊണ്ട് പള്ളി നിര്‍ഭരമായിരുന്നു. ശ്രുതിമധുരമൂറുന ഖുര്‍ആന്‍ പാരായണം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതായിരുന്നു.

സുബ്ഹി നിസ്‌കാര ശേഷം ആത്മസംസ്‌കരണം സെഷന്‍ പള്ളിയില്‍ വെച്ചു നടന്നു. സിറാജുല്‍ഹുദയുടെ നേതൃസാരഥി, സയ്യിദ് ത്വാഹാ തങ്ങളുടെ ആത്മീയോപദേശങ്ങള്‍ മനസ്സില്‍ കൊത്തിവെക്കാനുള്ളതായിരുന്നു.

ശേഷം പുഴുങ്ങിയ പഴവും കട്ടന്‍ ചായയും കുടിച്ച് അരമണിക്കൂറിന്റെ ഇടവേളയില്‍ കാമ്പസിന്റെ ഭംഗികണ്ട് അല്‍പ്പം നടന്നു. ദൂരെ പര്‍വ്വതങ്ങള്‍ക്കപ്പുറത്ത് നിന്ന് തലയുയര്‍ത്തുന്ന സൂര്യന്‍… മഞ്ഞു കലര്‍ന്ന തണുത്ത കാറ്റ്… കുന്നിന്‍ ചെരുവിലെ കിളികളുടെ കലപില ശബ്ദങ്ങള്‍… താജ് വാലിയില്‍ വീണ്ടും അറിവ് പെയ്തു തുടങ്ങുകയാണ്.

രണ്ടാം ദിനം ആദ്യ സെഷന്‍ ഫിലാന്ത്രഫി. സെന്‍സോറിയം അംഗങ്ങളുടെ നേതൃത്വം, ഉബൈദുല്ല സഖാഫിയുടെ ആമുഖഭാഷണത്തോടെ തുടക്കം. കാശ്മീരില്‍ തീര്‍ത്ത വൈജ്ഞാനിക വിപ്ലവത്തിന്റെ ഗാഥ പറഞ്ഞ് ശൗക്കത്ത് ബുഖാരിയും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ പ്രബോധകന്റെ ഇടങ്ങളെ കുറിച്ച് വിശദീകരിച്ച് സുഹൈര്‍ നൂറാനിയും രത്‌നഗിരിയിലെ ദഅവാസാധ്യതകളെ കുറിച്ച് അനുഭവങ്ങളവതരിപ്പിച്ച് ശുകൂര്‍ സഅദിയും വാചാലമായി. സമൂഹത്തില്‍ നമുക്ക് നിര്‍വ്വഹിക്കാനുള്ള സേവനം ഒട്ടും ചെറുതല്ലെന്ന് അവരുടെ വാക്കുകള്‍ ബോധ്യപ്പെടുത്തി.

പൊളിച്ചെഴുത്തില്‍ പരിഷ്‌കരണവാദങ്ങളുടെ മുരടറുത്ത മൂന്ന് പഠനങ്ങളായിരുന്നു വിഭവം. മുഅതസിലത്തിനെ കുറിച്ച് ഇസ്സുദ്ധീന്‍ കാമില്‍ സഖാഫി ഗഹനമായി വിഷയമവതരിപ്പിച്ചു. ശിയഇസത്തെ കുറിച്ച് രസകരമായി ക്ലാസെടുത്ത അബ്ദുറശീദ് സഖാഫി ഏലംകുളം സുന്നികള്‍ക്ക് നേരെയുള്ള ആരോപണങ്ങളുടെയും മുനയൊടിച്ചു.

മതരാഷ്ട്രവാദത്തെ സംബന്ധിച്ച് ആധികാരികമായി സംസാരിച്ച അബ്ദുറശീദ് സഖാഫി കുറ്റ്യാടി മൗദൂദിയന്‍ ആശയങ്ങളെ തരിപ്പണമാക്കി.

സി.പി ശഫീഖ് ബുഖാരി ഉസ്താദിന്റെ ഹൃസ്വവും സമ്പുഷ്ടവുമായ വാക്കുകളോടെ പൊളിച്ചെഴുത്തിന് തിരശ്ശീല.

തുടര്‍ന്ന് ആവേശകരമായ വിചാരം സെഷന്‍. എന്‍.എം സ്വാദിഖ് സഖാഫി ആമുഖഭാഷണം നടത്തി. അബ്ദുല്‍ ഖാദിര്‍ അഹ്‌സനി ചാപ്പനങ്ങാടി, ഫൈസല്‍ അഹ്‌സനി രണ്ടത്താണി, ഐ.എം.കെ ഫൈസി, അബൂബക്കര്‍ അസ്ഹരി തുടങ്ങിയ പ്രാസ്ഥാനിക ദഅവാ നേതൃത്വം സദസ്സിന്റെ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കി.

പ്രതീക്ഷയോടെ കാത്തിരുന്ന ഷിറിയ ഉസ്താദിന്റെ ദര്‍സായിരുന്നു അടുത്ത സെഷന്‍. താത്തൂര്‍ ഇബ്രാഹീം സഖാഫിയുടെ ആമുഖ പ്രസംഗം കഴിയുമ്പോഴേക്കും ഉസ്താദ് വന്നു. പ്രായം തളര്‍ത്തുമ്പോഴും അറിവിനെയും അറിവനുഭാവികളെയും അളവറ്റ് സ്‌നേഹിച്ച് നിറഞ്ഞ പുഞ്ചിരിയോടെ കിതാബിനു മുമ്പില്‍ ഉസ്താദ് ഇരുന്നു.
‘ബഹുമാനമുള്ള ഓമന മോല്യേമാരേ” വിനയം കിനിയുന്ന വാക്കുകളില്‍ ഉസ്താദ് പറഞ്ഞു തുടങ്ങി. പൊന്നു മുസ്ത്വഫാ തങ്ങളെ കുറിച്ച്… മഹാരഥന്മാരെ കുറിച്ച്… ഉള്ളാളത്തോരെ കുറിച്ച്… ഖുതുബിയോരെ കുറിച്ച്… ‘ഉസ്താദുമാര്ക്ക് നമ്മള്‍ നന്നായി വയ്‌പ്പെടണം, ധിക്കരിക്കര്ത്…’ ഹൃത്തില്‍ തറഞ്ഞ സാരോപദേശങ്ങള്‍… സരളമായ ഭാഷയില്‍ മിശ്ക്കാത്തിന്റെ ആദ്യ ഹദീസുകള്‍ ഉസ്താദ് ഓതിത്തന്നു. അനിര്‍വചനീയമായ അനുഭൂതിയായിരുന്നു ഉസ്താദിന്റെ ഓരോ വാക്കുകളും.

എഴുത്താണിയാണ് അടുത്ത സെഷന്‍. ഉച്ചതിരിഞ്ഞ് സാവിയത്തു ഹസ്സാനില്‍ കാറ്റു കൊണ്ടിരുന്ന് ഫൈസല്‍ അഹ്‌സനിയുടെ (ഉളിയില്‍) ക്ലാസിനിരുന്നു. എഴുത്തുകാരന്‍ ആരായിരിക്കണമെന്നും എങ്ങനെ എഴുതിത്തുടങ്ങണമെന്നും ഹൃദ്യമായി ഉസ്താദ് പറഞ്ഞു തന്നു. ആര്‍ത്തിയോടെ കുറിച്ചെടുത്തു.

തുടര്‍ന്ന് താജ് വാലിയില്‍ നടന്ന ഗുരുമുഖം സെഷനില്‍ മുഹ്യിസ്സുന്ന പൊന്മള ഉസ്താദ് സംസാരിച്ചു. വിസ്മയം തീര്‍ത്ത കോട്ടൂരുസ്താദിന്റെ ദര്‍സാസ്വാദനങ്ങള്‍… ഓത്തുകാലത്തിന്റെ ഓര്‍മകളും അനുഭവങ്ങളും പുതിയ കാലത്തിന് പാഠമാണെന്ന് ഉസ്താദ് ഓര്‍മ്മിപ്പിച്ചു.

തുടര്‍ന്നു നടന്ന ശരിയുത്തരം സെഷനില്‍ തിരഞ്ഞെടുത്ത മൂന്ന് വിഷയാധിഷ്ടിത ചോദ്യങ്ങള്‍ക്ക് പൊന്‍മള ഉസ്താദ് കൃത്യമായ മറുപടി പറഞ്ഞു.

കേട്ടറിഞ്ഞ അറിവൊഴുക്കിനെ അനുഭവിച്ചറിയാനുള്ള അവസരമായിരുന്നു തുടര്‍ന്ന് നടന്ന കോട്ടൂര്‍ ഉസ്താദിന്റെ ശറഹുല്‍ അഖാഇദ് ദര്‍സ്. അല്ലാഹുവിന്റെ ദാത്ത്, സ്വിഫാത്ത് സംബന്ധമായ മുഅതസിലീ ജല്‍പ്പനങ്ങള്‍ അഖ്‌ലിയും നഖ്‌ലിയുമായ തെളിവുകള്‍ കൊണ്ട് ഉസ്താദ് തെറ്റാണെന്ന് തെളിയിച്ചു.
മൂര്‍ച്ചയുള്ള ചിന്തയുടെ തീര്‍ച്ചയുള്ള വാക്കുകള്‍….!

മഗ്രിബാനന്തരം നടന്ന ആത്മായനം സെഷനില്‍ പേരോട് ഉസ്താദ് സംസാരിച്ചു. മുതഅല്ലിമിനുണ്ടായിരിക്കേണ്ട സ്വഭാവ ഗുണങ്ങളും ഉസ്താദുമാരോടും ഗുരുനാഥന്മാരോടും പാലിക്കേണ്ട ആദാബുകളും മനോഹരമായി അവതരിപ്പിക്കുമ്പോള്‍ മാനസാന്തരങ്ങളില്‍ ആത്മ വിചിന്തനത്തിന്റെ കനലെരിഞ്ഞുകൊണ്ടിരുന്നു.

എസ്.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ വേദിയില്‍ അണിനിരന്ന നിലപാട് സെഷന്‍ സംഘടനയുടെ ആശയാദര്‍ശങ്ങളുടെ കൃത്യമായ ചുവടുകളെ മുന്നോട്ടുവെച്ചു.
”വിഭജനത്തെ അതിജയിച്ച എസ്.എസ്.എഫ് സംയമനത്തില്‍ ഒലിച്ചുപോകുന്നതല്ലെ’ന്ന സംസ്ഥാന പ്രസിഡന്റ്ഫാറൂഖ് ഉസ്താദിന്റെ വാക്കുകള്‍ തക്ബീറുകളോടെയാണ് സദസ്സ് സ്വീകരിച്ചത്.

രണ്ടാം ദിനത്തിനും പരിസമാപ്തി കുറിക്കുന്നു. അമൂല്യമായ വിദ്യാവിഭവങ്ങളുമായി കാത്തിരിക്കുന്ന അവസാന നാളിന്റെ പ്രഭാതവും കാത്ത് കിടന്നു…

നേരത്തെ എണീറ്റു. തഹജ്ജുദ് നിസ്‌കരിച്ചു. പ്രാര്‍ത്ഥിച്ചു… ഹൃദയത്തിനെന്താശ്വാസം!
പ്രവര്‍ത്തനങ്ങള്‍ക്കെന്താവേശം!
സുബ്ഹി ബാങ്കു മുഴങ്ങി… നിസ്‌കാരത്തിനായി പള്ളിയിലേക്ക്…
പ്രാര്‍ത്ഥനകളിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകിയ മുതഅല്ലിമുകള്‍ക്കിടയില്‍ ഒരു തുള്ളിയായ് ചേരാന്‍ ഉദവി തന്ന നാഥനു സ്തുതി.

നിസ്‌കാര ശേഷം സെന്‍സോറിയത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച് യാത്രയായ ആത്മസുഹൃത്ത് ഫാഇസിനും വിട പറഞ്ഞ മറ്റു സംഘടനാ പ്രവര്‍ത്തകര്‍ക്കും മറ്റെല്ലാവര്‍ക്കും വേണ്ടിപ്രാര്‍ത്ഥിച്ചു. ‘ സ്വര്‍ഗത്തില്‍ മുത്ത്‌നബിയോടൊപ്പം ഒരുമിപ്പിക്കണേ നാഥാ… ‘

തുടര്‍ന്ന് പള്ളിയില്‍ വെച്ച് നടന്ന ആത്മസംസ്‌കരണം സെഷനില്‍ സിറാജുല്‍ഹുദയിലെ മുദരിസ് കൂടിയായ മുത്ത്വലിബ് സഖാഫി സംസാരിച്ചു. അറിവാണ് ആത്മാവെന്നും എവിടെ കണ്ടാലും അതിനെ പെറുക്കിയെടുക്കണമെന്നും ഉസ്താദ് ഉണര്‍ത്തി.

അര മണിക്കൂര്‍ ഇടവേളയില്‍ കൂട്ടുകാരുമൊത്ത് വിജ്ഞാനപ്പൂന്തോപ്പില്‍ അല്‍പ്പം ചുറ്റി നടന്നു.

അവസാന ദിനത്തിന്റെ പുലരി.
സാവിയകളില്‍ പ്രബന്ധാവതരണങ്ങളിലൂടെ ക്യാമ്പ് ഉണര്‍ന്നു. സാവിയത്തു ഹസ്സാനില്‍ ഇമാം നവവി(റ), ഇമാം തഫ്താസാനി(റ), ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഉസ്താദ്(ഖ:സി) എന്നിവരുടെ സാര്‍ത്ഥക ജീവിതത്തിന്റെ കഥകള്‍ പറഞ്ഞു. അമൂല്യമായ എഴുത്തിന്റെ കരുതിവെപ്പില്‍ അവര്‍ ഖബറകങ്ങളിലുറങ്ങുമ്പോഴും ഹൃദയങ്ങളില്‍ ജീവിക്കുന്നു.

ഗുരുമുഖം സെഷനോടെ താജ് വാലി ഉണര്‍ന്നു. താജുല്‍ഉലമയുടെ അചഞ്ചലമായ ആദര്‍ശ വീര്യം, അറിവാജ്ജനത്തിലും അധ്യാപനത്തിലും തീര്‍ത്ത വിസ്മയങ്ങള്‍, മോല്യേരെ ഓത്തോതിയ ദര്‍സു കാലം, ധിഷണയുടെ മൂര്‍ച്ച…. എല്ലാം ബേക്കല്‍ ഉസ്താദിന്റെ വാക്കുകളില്‍ നിറഞ്ഞു നിന്നു. ‘ഈ ശരീരത്തില്‍ ഒരു തുള്ളി രക്തമുള്ള കാലത്തോളം തിന്മ നടത്താന്‍ സമ്മതിക്കില്ലെ’ന്ന താജുല്‍ ഉലമയുടെതീര്‍പ്പുവാക്കുകള്‍ അകത്തേക്കിറങ്ങിച്ചെന്നു.

സാഫല്യം സെഷനു വേണ്ടി ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയും ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടും അപ്പോഴേക്കും വേദിയിലെത്തിയിരുന്നു. വരുന്ന പത്തുവര്‍ഷത്തെ പ്രബോധനരീതിയും ശൈലിയും എങ്ങനെയായിരിക്കണമെന്ന വിചാരമായിരുന്നു
മര്‍മ്മം. യാര്‍ത്ഥ പ്രബോധകരായി മാറാന്‍ സമൂഹത്തെ കുറിച്ചും രാജ്യത്തിന്റെ നിയമവശങ്ങളെക്കുറിച്ചും പഠന കാലത്തു തന്നെ ബോധവാനായിരിക്കണമെന്ന് ഉസ്താദുമാര്‍ ഉണര്‍ത്തി.

അടുത്ത സെഷനില്‍ തഫ്‌സീറുല്‍ ബൈളാവി ദര്‍സെടുക്കാനായി ബദറുസ്സാദാത്ത് ഖലീല്‍ തങ്ങളുപ്പാപ്പ വന്നു. തഫ്‌സീറുകളെ കുറിച്ചുള്ള ആമുഖ വിശദീകരണത്തില്‍ നിന്നു തന്നെ അവിടുത്തെ അറിവിന്റെ ആഴം ബോധ്യമായി. പേമാരിയായ് പൊഴിയുന്ന ജ്ഞാനമുത്തുകള്‍ തൂലികത്തുമ്പില്‍ പെറുക്കിക്കൂട്ടി. ഈ ജ്ഞാന ഖനികള്‍ക്ക് ദീര്‍ഘായുസ്സേകണമെന്നായിരുന്നു ഹൃദയത്തിന്റെ പ്രാര്‍ത്ഥന.

തുടര്‍ന്നു നടന്ന വിഷനില്‍ മജീദ് അരിയലൂര്‍ സാര്‍ പ്രസംഗിച്ചു. സെന്‍സോറിയം പുതിയ മുന്നേറ്റത്തിലേക്കുള്ള കവാടമാണെന്ന് സാര്‍ ഓര്‍മപ്പെടുത്തി. പൂര്‍വ്വകാല ഉലമാഇന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ ധിഷണയുള്ള പണ്ഡിത വൃന്ദം പിറക്കട്ടെ എന്ന് ഓരോ ഹൃദയങ്ങളും പ്രതിജ്ഞയായ് ഒരുമിച്ച് പറഞ്ഞു.

തുടര്‍ന്ന് ശൈഖുനാ ഖമറുല്‍ ഉലമയുടെ ബുഖാരി ദര്‍സ്. അനേകായിരങ്ങള്‍ക്ക് അറിവിന്റെ മധുപകര്‍ന്ന, അനാഥയുടെ കണ്ണീര്‍ തുടച്ച, സാമൂഹിക സമുദ്ധാരണത്തിന് ഉറക്കമൊഴിച്ച് പ്രവര്‍ത്തിച്ച, മത പണ്ഡിതര്‍ക്ക് ആഗോളതലത്തില്‍ മേല്‍വിലാസം നല്‍കിയ, വികലാദര്‍ശങ്ങളെ ചുട്ടുചാമ്പലാക്കിയ, വിശേഷണങ്ങള്‍ക്ക് വഴങ്ങാത്ത നേതൃത്വം… പണ്ഡിതരിലെ നിത്യ ജ്യോതിസ്… ഖമറുല്‍ ഉലമാ… ദര്‍സില്‍ മുന്നിലിരിക്കാന്‍ പള്ളിയിലേക്ക് ധൃതിയില്‍ നടന്നു. മുമ്പില്‍ ശൈഖുനായുടെ തിളങ്ങുന്ന വദനം.. മുന്നില്‍ വന്നിരുന്ന മുതഅല്ലിമുകളെ കണ്ട് നിറഞ്ഞ പുഞ്ചിരി.. ഹദീസു റഹ്മ കൊണ്ട് തുടക്കം… ഉസ്താദിന്റെ ദര്‍സിലിരിക്കാന്‍ തൗഫീഖ് നല്‍കിയ നാഥന് സ്തുതി… ആ വാക്കുകള്‍ക്ക് കാതോര്‍ത്തു. സരളം, കൃത്യം, ഗാംഭീര്യം, ഗംഭീരം, ആത്മാര്‍ത്ഥം, കിടയറ്റ ദര്‍സിലിരിക്കുമ്പോള്‍ ആദരവിന്റെ രോമാഞ്ചം!
വിസ്മയമീ അറിവുറവ!
സംശയക്കള്‍ക്ക് മറുപടികള്‍ കൃത്യം!
ഒരു മറുപടിയില്‍ അലിഞ്ഞില്ലാതാവുന്ന അനേകം ചോദ്യങ്ങള്‍!
നിറഞ്ഞ പുഞ്ചിരി ശോഭയില്‍ വിളക്കുകളുടെ വെളിച്ചങ്ങള്‍ തോറ്റു പോകുന്നു!
വരണ്ടഹൃദയങ്ങളിലും നനവ് കിനിയുന്നു!
കണ്ണുകള്‍ ഈറനണിയുന്നു!

‘റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു എന്ന നിലക്ക് ചെയ്താല്‍ മതി. ലാഭം കിട്ടുമോ ഇല്ലേ എന്ന് നോക്കണ്ടാ…’ തീ തോല്‍ക്കും വീര്യമുള്ള അഹ്ലുസ്സുന്നയുടെ തീര്‍പ്പുവാക്ക്!
സ്വര്‍ഗീയമെന്ന് വിധിയെഴുതി ദര്‍സ് പിരിയുമ്പോള്‍ ‘ഇനിയുമൊരുപാടു തവണ ആ ജ്ഞാന വിളക്കിനു മുമ്പിലിരിക്കാന്‍ ഉദവി നല്‍കണേ നാഥാ…’ എന്നു പ്രാര്‍ത്ഥിച്ചു.

അടുത്ത സെഷനിലിരിക്കാന്‍ സാവിയത്തു ഹസ്സാനിലേക്ക്.
എഴുത്തോര്‍മ്മയില്‍ കാസിം ഇരിക്കൂര്‍ സംസാരിച്ചു. അറിവിന്റെ സമൃദ്ധിയും ആശയങ്ങളുടെ ക്രമീകരണവും ഭാഷയിലെ ശുദ്ധിയുമാണ് എഴുത്തിന്റെ ഭംഗിയെന്ന് സാര്‍ പറഞ്ഞു. എഴുത്തനുഭവങ്ങള്‍ പങ്കുവെച്ചു. തുടര്‍ന്ന് എഴുത്തിന്റെ ഭാഷയെ കുറിച്ച് അബൂബക്കര്‍ മാഷ് ക്ലാസെടുത്തു. ഖുര്‍ആനിന്റെയും ഹദീസിന്റെയും ആശയ,സാഹിത്യ മേന്മകള്‍ നമ്മുടെ എഴുത്തുകളിലൂടെ സമൂഹം തിരിച്ചറിയണമെന്ന് സാര്‍ ഓര്‍മ്മിപ്പിച്ചു.

പരിസമാപ്തിയിലേക്ക്..
അവസാന സെഷനില്‍ ഗവേഷണം സംബന്ധിച്ച് തൃക്കരിപ്പൂര്‍ ഉസ്താദ് ക്ലാസെടുത്തു. ഗവേഷണത്തിലേക്ക് എങ്ങനെയാണ് കടക്കേണ്ടതെന്ന് കര്‍മ്മശാസ്ത്ര ഉദ്ദരണി ഉദാഹരണമാക്കി ഉസ്താദ് വിശദീകരിച്ചു… പൊതുസമ്മേളനത്തിയ കൂട്ടുകാര്‍ക്ക് ഈ സെഷനുകള്‍ ആസ്വദിക്കാനായില്ലെന്നോര്‍ത്തപ്പോള്‍ ചെറിയ സങ്കടം.

പിരിയുകയാണ്…
മൂന്നു രാപകലുകള്‍ നിലക്കാതെയൊഴുകിയ അറിവുറവയിലെ തെളിനീര്‍, ജീവിതം മുഴുവനൊഴുകണം… അരുതായ്മകളുടെ കറകള്‍ അറിവിന്റെ വെളിച്ചം കൊണ്ട് മായ്ക്കണം… സത്യദീനിന്റെ സേവകനാകണം… ഹരിത ധവള നീലിമയുടെ കീഴിലണിനിരന്ന് നിര്‍മലഹൃദയങ്ങളില്‍ ജീവിതം കുറിച്ചു വെക്കണം… മണ്ണില്‍ കവിള്‍ ചേര്‍ത്ത് ഖബറിലുറങ്ങുമ്പോള്‍ കൂട്ടുകാരുടെ ഹൃദയടിത്തട്ടിലെ പ്രാര്‍ത്ഥനകള്‍ വെളിച്ചമായെത്തണം!
വെള്ളില ഉസ്താദിനെ പോലെ ഒ.ഖാലിദിനെ പോലെ, റസാഖ് കൊറ്റിയെ പോലെ, പൊന്നാര ഫാഇസിനെ പോലെ….. റാഷിദ് ബുഖാരി ഉസ്താദിന്റെ വിദാഅ ഭാഷണം കഴിയുമ്പോള്‍ കണ്ണും ഖല്‍ബും നിറഞ്ഞിരുന്നു…
”പണ്ഡിതരുടെ തണലില്‍ ഞങ്ങള്‍ക്ക് ദീര്‍ഘായുസ്സേകല്ലാഹ്!.’

ഇനിയുമൊരുപാട് കൂടിയിരുത്തങ്ങളില്‍ പ്രത്യാശ വെച്ച്, മനസ്സില്ലാ മനസ്സോടെ, താജ് വാലിയോട് യാത്ര പറഞ്ഞു…
‘അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ്
യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം… ‘

പുറത്ത് കാത്തിരുന്ന കൂട്ടുകാരോട് സൗഹൃദം പറഞ്ഞ്…
പൊതുസമ്മേളനത്തിന്റെ സദസ്സിലിരിക്കുമ്പോള്‍… ഹൃദയത്തില്‍ ജ്വലിക്കുന്നു സെന്‍സോറിയം!
ശൈഖുനാ ഖമറുല്‍ ഉലമയുടെയും ഫാറൂഖ് ബുഖാരി ഉസ്താദിന്റെയും സുലൈമാന്‍ സഖാഫി ഉസ്താദിന്റെയും പോരോടുസ്താദിന്റെയുമെല്ലാം പ്രഭാഷണങ്ങള്‍ മനസ്സില്‍ കുറിച്ചു വെച്ച് കുറ്റ്യാടിയിലേക്ക് നടന്നു…
ഹൃദയം മാറ്റത്തിന്റെ കുളിര്‍ക്കാറ്റു തേടി…

നന്ദികള്‍ ഒരുപാടു പേരോടാണ്.
അറിവ് പകര്‍ന്ന ഗുരുവര്യരോട്,
ജ്ഞാന വഴിയിലേക്കാനയിച്ച മാതാപിതാക്കളോട്,
അവസരമൊരുക്കിയ പ്രിയ സംഘടനയോട്, നേതാക്കളോട്,
മൂന്നു ദിനങ്ങളില്‍ വിശാലമായ താമസ സൗകര്യവും രുചിയൂറുന്ന ഭക്ഷണവും തന്ന സിറാജുല്‍ഹുദയോട്,
ആവശ്യങ്ങള്‍ അറിഞ്ഞു സഹായിക്കാന്‍ ഉറക്കമൊഴിച്ച് ഓടിനടന്ന വളണ്ടിയര്‍മാരോട്, ആവേശം പകര്‍ന്ന് കൂടെ നിന്ന കൂട്ടുകാരോട്, പേരറിയാത്ത സ്‌നേഹിതരോട്, പറയാന്‍ മറന്ന ഇനിയുമൊരുപാടുപേരോട്……

നന്ദി!
അറിവിനെ സ്‌നേഹിച്ചൊരിക്കല്‍ യാത്രയാകുമ്പോള്‍ ഉസ്താദുമാരുടെ, പ്രവര്‍ത്തകരുടെ, കൂട്ടുകാരുടെ, പ്രാര്‍ത്ഥനകളില്‍ ഇടം ലഭിക്കണം! സ്വര്‍ഗീയാരാമത്തില്‍ മുത്ത്‌നബിയുടെ (സ്വ) ദര്‍സിലിരിക്കണം!
റബ്ബിനെ കാണണം!
അറിവിന്റെ സ്വര്‍ഗവഴില്‍ ഉറപ്പിച്ച് നിര്‍ത്തണേ നാഥാ…

LEAVE A REPLY

Please enter your comment!
Please enter your name here