സൂഫി വചനങ്ങള്‍: സമീപനവും നിലപാടും

മുഹമ്മദ് സ്വലാഹ് കരിപ്പമണ്ണ

0
1657
Mosque vintage engraved illustration hand drawn sketch

ഖാതിമതുല്‍ മുഹഖിഖീന്‍ എന്ന അപരനാമത്തിലെറിയപ്പെട്ട അഗ്രേസരരായ പണ്ഡിത പ്രതിഭയാണ് ഇബ്‌നു ഹജറുല്‍ ഹൈതമി അല്‍ മക്കി (റ). പ്രഭ പരത്തിയ ഗ്രന്ഥങ്ങളിലൂടെയും പരശ്ശതം പ്രഗത്ഭ ശിഷ്യഗണങ്ങളിലൂടെയും ആ സ്ഥാനപ്പേരിനെ അന്വര്‍ത്ഥമാക്കിയ മഹാന്‍ തന്റെ ഫതാവല്‍ ഹദീസിയ്യയുടെ അവസാന 40 പേജുകള്‍ തസ്വവുഫിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് ചിലവഴിച്ചത്. മതത്തിന്റെ അളവ് കോല്‍ വെച്ച് തന്നെ സൂഫികളെ വിമര്‍ശിക്കുകയും വധിക്കുകയും ചെയ്ത സംഭവങ്ങള്‍ക്ക് ചരിത്രം സാക്ഷിയായിട്ടുണ്ട്. ‘അനല്‍ ഹഖ് ‘ എന്ന് പറഞ്ഞ ശൈഖ് ഹല്ലാജും ‘മാഫില്‍ ജുബ്ബതിഗയ്‌റുല്ലാ’ എന്ന് പറഞ്ഞ അബീയസീദും അവരില്‍ പെട്ട ചിലരാണ് തസവുഫും ഇല്‍മുല്‍ കലാമും പരസ്പരം സംഘട്ടനത്തിലാണെന്ന് തോന്നലുളവാക്കുന്ന ഇത്തരം പ്രയോഗങ്ങളുടെ യഥാര്‍ത്ഥ്യമെന്തെന്ന് മഹാനവര്‍കളോട് ചോദിക്കപ്പെട്ടപ്പോള്‍ അവിടുന്ന് നല്‍കിയ വിധി തീര്‍പ്പ് നമുക്കിങ്ങനെ സംഗ്രഹിക്കാം. അത്യുദാത്തമായ ജീവിതംകൊണ്ടും കളങ്കമില്ലാത്ത കര്‍മ്മങ്ങള്‍ കൊണ്ടും തസ്വവുഫിന്റെ പരകോടി പ്രാപിച്ച മഹാന്മാരില്‍ നിന്നും ഇതുപോലെയുള്ള വാചകങ്ങള്‍ വരുമ്പോള്‍ എടുത്തുചാടി ആക്ഷേപിക്കുന്നതും വിമര്‍ശിക്കുന്നതും തീര്‍ത്തും അപകടകരമാണ്. മഹാനവര്‍കള്‍ പറയുന്നു: ആരെങ്കിലും എന്റെ വലിയ്യിനെ ബുദ്ധിമുട്ടിച്ചാല്‍ അവരോട് ഞാന്‍ യുദ്ധപ്രഖ്യാപനം നട ത്തിയിരിക്കുന്നു എന്ന ഖുദ്‌സിയായ ഹദീസ് ഈ ആക്ഷേപകര്‍ വളരെ ഭയപ്പാടോടെ ഓര്‍ക്കേണ്ടതുണ്ട്. ഇവരെ ഒഴിച്ചാല്‍ പലിശ ഇടപാട് നടത്തുന്നവരോട് മാത്രമേ അല്ലാഹു യുദ്ധം പ്രഖ്യാപിച്ചിട്ടുള്ളു എന്നത് ഈ വിഷയത്തിന്റെ ഗൗരവത്തെയാണ് അറിയിക്കുന്നത്.
ഇത്തരം വചനങ്ങളെസമീപിക്കുന്നതിന് പ്രധാനമായും രണ്ടു രീതികള്‍ അവലംബിക്കണമെന്നാണ് മഹാനവര്‍ കള്‍ വിധിതീര്‍പ്പ് നല്‍കുന്നത്.ഇത്തരം വചനങ്ങള്‍ മതനിയമങ്ങളുടെ കീര്‍ത്തന ഇല്ലാത്ത ഘട്ടത്തിലെ ചില സംസാരങ്ങള്‍ ആയി കണക്കാക്കല്‍ ആണ് ഒന്നാമത്തെ രീതി. മഹാനവര്‍കള്‍ വിശദീകരിക്കുന്നു: കൊതുകിന്റെ ചിറകി നോളം വരെ മൂല്യമില്ലാത്ത ഭൗതിക ചിന്തയില്‍ ലയിച്ചാല്‍ പോലും നമ്മുടെ വകതിരിവ് നഷ്ടപ്പെടുന്നത് പലപ്പോഴായി നമുക്ക് അനുഭവവേദ്യമായിട്ടുണ്ട്. എങ്കില്‍ അമുല്യമായ ഇലാഹി പ്രമത്തില്‍ ലയിക്കുന്നവന്റെ വകതിരിവ് നഷ്ടപ്പെടുക എന്നത് തീര്‍ത്തും സംഭവ്യമാണ്. ജദ്ബ്, ശത്ഹ് എന്നിത്യാദി പദങ്ങള്‍കൊണ്ട് വ്യവഹരിക്കപ്പെടുന്ന ഔലിയാഇന്റെ പ്രത്യേകമായ ഒരു അവസ്ഥയാണിത്. ഈ ഒരവസ്ഥയില്‍ അവര്‍ക്ക് മതകീര്‍ത്തന ഇല്ല എന്നതിനാല്‍ തന്നെ അവരുടെ വാക്കുകള്‍ ചര്‍ച്ചക്കെടുക്കുക പോലുമില്ല. പിന്നെയല്ലേ വിമര്‍ശിക്കുന്നതും ആക്ഷേപിക്കുന്നതും. അനുവദനീയമായ മാര്‍ഗത്തില്‍ നിന്നുത്ഭുതമാകുന്ന ബുദ്ധിഭ്രമം ബാധിച്ചവന് മതത്തിന്റെ കീര്‍ത്തനയില്ല എന്ന അടിസ്ഥാനതത്വം ഇവിടെ സ്മരണീയമാണ്. ഏറ്റവും അമൂല്യമായ ദൈവപ്രേമത്തില്‍ നിന്ന് ഉത്ഭുതമായ ഫനാഅ എന്ന അവസ്ഥ അനുവദനീയമായ വഴിയിലൂടെ ഉണ്ടാവുന്നതാണ് എന്നത് വിശദീകരി ക്കണ്ടതില്ലല്ലോ.
എന്റെ അടിമ ഐച്ഛികമായ കര്‍മ്മങ്ങളിലുടെ എന്നോട് അടുത്തുകഴിഞ്ഞാല്‍അവന്റെ കണ്ണും കയ്യും കാലും എല്ലാം ഞാനാവും എന്ന വിശുദ്ധ വാദിസിന്റെ നേര്‍ പ്രകാശമാണ് ഫനാഅ എന്ന അവസ്ഥ. ശൈഖ് മുഹിയുദ്ധീന്‍ ബ്‌നു അറബി തന്റെ ഫുതൂഹാത്തുല്‍ മക്കിയ്യയില്‍ ഇത്തരക്കാരെ വിശേഷിപ്പിക്കുന്നത് ഭാന്തന്മാരിലെ ബുദ്ധിമാന്മാര്‍ എന്നാണ്. ഇലാഹി സാമീപ്യത്തിന്റെ വഴിയില്‍ ലഭ്യമാവുന്ന ദിവ്യ ജ്ഞാനങ്ങള്‍ ഉള്‍ക്കൊളളാനാവാതെയാണ് ഇത്തരക്കാര്‍ക്ക് മനസ്സിന്റെ സമനിലതെറ്റുന്നത് എന്നും അവര്‍ക്ക് മത കീര്‍ത്തന ഇ ല്ലെന്നും അബദുല്‍ വഹാബ് ശഅറാനി തന്റെ അല്‍യവാഖീത് വല്‍ ജവാഹിര്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. ഇത്തരം വാക്കുകള്‍ പറഞ്ഞതിന്റെ പേരില്‍ വധിക്കപ്പെട്ട ശൈഖ്ഹല്ലാജിനെക്കുറിച്ച് മുഹിയുദീന്‍ ശൈഖ് തങ്ങളും ഇമാം ഗസാലിയും വിശദീകരിക്കുന്നത് ഇത്തരംവാക്കുകള്‍ അവരുടെ ബുദ്ധി മറയുമ്പോള്‍ വന്നുഭവിക്കുന്നതാണെന്നാണ്.
മതത്തിന്റെ നിലപാടുകളോട് പരിപൂര്‍ണമായും യോജിക്കുന്ന അനുവദനീയമായ വ്യാഖ്യാനം നല്‍കലാണ് മറ്റൊരു രീതി. മുഹിയുദ്ദീന്‍ ബ്‌നു അറബിയുടെ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യാമോ എന്ന ചോദ്യത്തിന് മറുപടിയായി ഇബ്‌നു ഹജര്‍(റ) പറയുന്നതിപ്രകാരമാണ്. സാധാരണക്കാര്‍ അവിടുത്തെ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. വിശുദ്ധ ഖുര്‍ആനിലും തിരുഹദീസ് വചനങ്ങളിലും അഗാധമായ പാണ്ഡിത്യം നേടുകയും ദിവ്യജ്ഞാനം കൊണ്ടനുഗ്രഹിക്കപ്പെടുകയും ചെയ്തവര്‍ക്കുമാത്രമേ ഇബ്‌നു അറബിയെ പ്പോലുള്ളവരുടെ വചനങ്ങളെ ഉള്‍ക്കൊള്ളാനാവൂ. ഇപ്പറഞ്ഞ ഗുണങ്ങള്‍ ഇല്ലാത്തവര്‍ ആ ഗ്രന്ഥങ്ങള്‍ പാരായാണം ചെയ്യുന്നതില്‍ അതി ഭീകരമായ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്. മഹാന്മാര്‍ക്കെതിരെ തത്വദീക്ഷയില്ലാതെ അനാവശ്യമായ അധിക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിനോ അവരെ അനുകരിച്ച് അവനവന്റെ വിശ്വാസം തന്നെ തകര്‍ന്നു തരിപ്പണമാകുന്നതിനോ അത്തരം ഗ്രന്ഥ പാരായണങ്ങള്‍കാരണമായേക്കാം.
ഇത്തരം വാക്യങ്ങള്‍ അവരുടെ സാങ്കേതിക പദാവലികള്‍ അറിഞ്ഞു വ്യാഖ്യാനിക്കുമ്പോള്‍ അവിയിലൊന്നും ഒരു കുഴപ്പവും കാണാനാവില്ലെന്ന് മാത്രമല്ല വിശ്വാസത്തിന്റെ തിളങ്ങുന്ന പ്രകാശര്‍ഗാപൂരങ്ങളായി അവ നമുക്ക് അനുഭവവേദ്യമാകും. ഇബ്‌നു അറബിയുടെ ചില വചനങ്ങളുടെ പ്രത്യക്ഷാര്‍ത്ഥംദൈവാവതാരസങ്കല്‍പ്പത്തെ തോന്നിപ്പിക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ അവതാരസങ്കല്‍പത്തെ ശക്തിയുക്തം നിരാകരിച്ചിരുന്നു, മഹാനവര്‍കള്‍ അദ്ദേഹം പറയുന്നത് നോക്കൂ. ‘ആരെങ്കിലും അവതാരസങ്കല്‍പിത്തെ സ്ഥാപിക്കുന്നുവെങ്കില്‍ അവരുടെ വിശ്വാസം രോഗാതുരമാണ്. മതനിഷേധികള്‍ക്കല്ലാതെ സൃഷ്ടി
യും സഷ്ടാവും ഒന്നാണെന്ന് പറയുക വയ്യ ‘ അവതാര സങ്കല്‍പത്തെ നഖശിഖാന്തം എതിര്‍ത്ത ഇബ്‌നു അറബിയുടെ ഈ വാക്കുകളില്‍ തന്നെ അവതാരസങ്കല്‍പത്തെ പ്രത്യക്ഷത്തില്‍ ധ്വനിപ്പിക്കുന്ന അദ്ദേഹത്തിന്റെ
വചനങ്ങളെ എങ്ങനെ സമീപിക്കണം എന്ന ചോദ്യത്തിന് ഉത്തരമുണ്ട്. അദ്ദേഹം തുടരുന്നു. ഞങ്ങളുടെ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യല്‍ സാധാരണക്കാര്‍ക്ക് നിഷിദ്ധമാണ്. കാരണം സൂഫികള്‍ അവരുടെ സാങ്കേതിക പ്രയോഗം അനുസരിച്ചാണ് അത്തരം ഗ്രന്ഥങ്ങളില്‍ സംസാരിക്കുക. അവരുടെ ഇടയില്‍ ആ പ്രയോഗങ്ങള്‍ക്കെല്ലാം അതിമഹത്തായ ആശയങ്ങളാണുള്ളത്. ഔലിയാക്കളുടെ സാങ്കേതിക പ്രയോഗങ്ങളെകുറിച്ച് അറിയാതെ അവരുടെ വചനങ്ങള്‍ക്ക് സാധാരണ അര്‍ത്ഥ കല്പനകള്‍ നല്‍കിയാല്‍ ഈ പ്രയോഗങ്ങള്‍ക്കിടയില്‍ എണ്ണമറ്റ മതഭ്രഷ്ടിന്റെ വചനങ്ങള്‍ കാണാനാവും.
അനല്‍ഹഖ് എന്ന് പറഞ്ഞതിന്റെ പേരില്‍ മതഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട് വധിക്കപ്പെട്ട ശൈഖ് ഹല്ലാജ്(റ) പറഞ്ഞ വചനങ്ങളെ വിശദീകരിച്ചു കൊണ്ട് അസിറാജുല്‍ വഹാജ് എന്ന ഒരു ഗ്രന്ഥം തന്നെ ഇബ്‌നു അറബി രചിച്ചിട്ടുണ്ട്. മതഭ്രഷ്ടിന്റെ ലാഞ്ചനപോലും അവര്‍ക്കതില്‍ കാണാനായില്ലെന്ന് മാത്രമല്ല, ദിവ്യജ്ഞാനത്തിന്റെ പവിഴ മുത്തുകളായിട്ടാണ് ആ വചനങ്ങളത്രയും അവര്‍ക്ക് അനുഭവപ്പെട്ടത്. മുന്‍ഗാമികളുടെയും ഔലിയാക്കളുടെയും സാങ്കേതിക പ്രയോഗങ്ങള്‍ കൃത്യമായി അറിഞ്ഞവരാണ് അവര്‍ എന്നതാണ് അതിന് കാരണം. ഒരുദാഹരണം നോക്കാം.അബു യസീദ്(റ) പറയുന്നു: ഞങ്ങള്‍ ഔലിയാക്കള്‍ സന്മാര്‍ഗത്തിന്റെ സമുദ്രത്തില്‍ ആണ് ഉള്ളത് അമ്പിയാക്കള്‍ കരയിലും. അമ്പിയാക്കളേക്കാള്‍ ഉത്തമര്‍ ഔലിയാക്കളാണ് എന്നതാണിതിന്റെ പ്രത്യക്ഷാര്‍ത്ഥമെങ്കില്‍ പോലും ഈ വചനത്തിന് ശരിയായ വ്യാഖ്യാനം സാധ്യമാണ്. സന്മാര്‍ഗത്തില്‍ നീന്തിത്തുടിക്കുന്ന ഔലിയാഇന്ന് ആ സമുദ്രത്തിലേക്ക് പ്രവേശനാനുമതി നല്‍കുന്നത് പ്രവാചകന്മാരാണ്, ആരെ കടത്തിവിടണം ആര്‍ക്ക് അനുമതി നിഷേധിക്കണം എന്ന് തീരുമാനിക്കാനാണ്
അവര്‍ കരയില്‍ നില്‍ക്കുന്നത്. അവരുടെ അനുഗ്രഹാശിസ്സുകളോടെ മാത്രമേ സന്മാര്‍ഗ പ്രാപ്തി സാധ്യമാവൂ എന്നാണിതിനര്‍ത്ഥം, അല്ലെങ്കില്‍ അമ്പിയാക്കന്മാരെല്ലാം സന്മാര്‍ഗത്തിന്റെ കാര്യത്തില്‍കര പറ്റിയവരാണ്. അവര്‍ക്ക് ഭയപ്പെടേണ്ടതില്ല, പക്ഷേ ഔലിയാക്കള്‍ കരയിലെത്തുമോ എന്ന് ഉറപ്പു പറയാന്‍ ആയിട്ടില്ല. അവര്‍ ഇപ്പോഴും കടലില്‍ തന്നെയാണ്. ഇത്തരം സുന്ദരമായ അര്‍ത്ഥ കലപ്നകള്‍ക്ക് സാധ്യതയുള്ള വചനമാണിത്. ഒറ്റനോട്ടത്തില്‍ അപകടകരമെന്ന് തോന്നിപ്പിക്കുമെങ്കിലും ഔലിയാക്കളുടെവാചകങ്ങള്‍ അതീവ സൗന്ദര്യമുള്ള ആശയങ്ങളെ ഗര്‍ഭം ചുമക്കുന്ന പവിഴമുത്തുകളാണ് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് മാത്രമേ അവരുടെ വചനങ്ങള്‍ സമീപിക്കാവു.

LEAVE A REPLY

Please enter your comment!
Please enter your name here