സുൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ധീൻ അൽ ചിശ്തി(റ)

മുഹമ്മദ് ശാഫി പാലക്കാപറമ്പ്

0
1058

സ്നേഹത്തിന്റെയും സൗഹാർദ്ധത്തിന്റെയും ശബ്ദമാണ് സൂഫിസം. ആയിരത്തിലധികം വർഷമായി സമാധാനത്തിന്റെ സന്ദേശം പരത്തി സൂഫിസം രംഗത്തുണ്ട്. ജാതി മത ഭേദമന്യേ അതിർവരമ്പുകളില്ലാതെ ജനങ്ങളെ ഒന്നടങ്കം ആത്മീയതയുടെ പ്രവാഹത്തിലേക്ക് ആവഹിച്ചവരാണ് സൂഫിവര്യന്മാർ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ചിശ്തി സരണിയിലുള്ള സൂഫികളിൽ ഏറ്റവും അഗ്രഗണ്യനായ മഹത് വ്യക്തിത്വമാണ് മുഈനുദ്ധീൻ ചിശ്തി(റ). മഹാനവർകളുടെ ജീവിതം ലക്ഷക്കണക്കിന് ജനങ്ങളുടെ ഹിദായത്തിന് വഴിയേകി. പാണ്ഡിത്യത്തിലും സാന്ത്വന സേവന രംഗത്തും മഹാൻ നിറഞ്ഞ് നിന്നു. സുൽത്താനുൽ ഹിന്ദ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മഹാൻ ഇന്നും ജാതി മത ഭേദമന്യേ ഏവർക്കും സ്വീകാര്യയോഗ്യനാണ്.

ജനനം

ഹിജ്റ 537 ൽ സയ്യിദ് ഗിയാസുദ്ധീൻ സഞ്ചരിയുടെയും മാഹിനൂർ എന്ന നാമത്തിൽ അറിയപ്പെടുന്ന ബീവി ഉമ്മുൽ വറഅ എന്നവരുടെയും മകനായി ഇറാനിലെ സജിസ്ഥാനിൽ ജനനം.

വളർച്ച
പിതാവിന്റെ മരണശേഷം ലഭിച്ച കൃഷിയിടത്തിൽ നനച്ച് കൊണ്ടിരിക്കെ സാത്വികനായ ഒരു മനുഷ്യൻ അവിടേക്ക് കടന്ന് വന്നു. അദ്ധേഹത്തെ സ്വീകരിച്ചിരുത്തി പഴങ്ങൾ പറിച്ച് കൊടുത്ത് ഖാജാ തങ്ങൾ സത്കരിച്ചു. ശൈഖ് ഇബ്റാഹീം എന്ന പേരിൽ അറിയപ്പെട്ടിരുന്ന മജദൂബായിരുന്നു അത്. കുട്ടിയുടെ പ്രവർത്തനത്തിൽ സന്തുഷ്ടനായ മഹാൻ തന്റെ ഭാണ്ഡം തുറന്ന് ഒരു പഴം എടുത്ത് കൊടുത്തു. ഇത് ഭക്ഷിച്ച ഖാജയിൽ വലിയ മാറ്റങ്ങൾ കണ്ട് തുടങ്ങി. ആത്മാവ് പ്രഭാപൂരിതമായി ആത്മീയതയുടെ ഔന്നിത്യത്തിലേക്ക് ചുവട് വെക്കാൻ ഈ സംഭവം നിമിത്തമായിത്തീർന്നു. തന്റെ സമ്പാദ്യം മുഴുവൻ ദാനം ചെയ്ത് പഠനവും ജന സേവനവും ലക്ഷ്യമാക്കി യാത്ര തുടർന്നു.

പഠനം
പിതാവ് സയ്യിദ് ഗിയാസുദ്ധീൻ സഞ്ചരിയുടെ ചാരത്താണ് പ്രാഥമിക പഠനം. പിന്നീട് സഞ്ചരിലെ മദ്റസയിൽ ചേർന്നു. പിന്നീട് ഖുറാസാനിലേക്ക് പോയ മഹാൻ അവിടെ നിന്ന് ഖുർആൻ മനപാഠമാക്കുകയും ചെയ്തു. പിന്നീട് ബുഖാറയിൽ ചെന്ന് ഹിസാമുദ്ധീനുൽ ബുഖാരിയിൽ നിന്ന് ഹദീസ്, തഫ്സീർ, ഫിഖ്ഹ് എന്നിവയിൽ പഠനം നടത്തി. ശേഷം ഇറാഖിൽ ഖാജാ ഉസ്മാൻ ഹാറൂനിയെ സമീപിച്ച് ഇരുപത് വർഷക്കാലം അവിടുത്തെ സേവകനായി വിജ്ഞാനം കരകതമാക്കി. അവിടെ നിന്ന് സ്ഥാന വസ്ത്രം സ്വീകരിച്ച് ചിശ്തി സരണിയിൽ പ്രവേശിച്ചു. മഹാനവർകളുടെ ആത്മീയ ശൈഖ് കൂടിയാണ് ഉസ്മാൻ ഹാറൂനി. പിന്നീട് സിബ്ഖാനിൽ ശൈഖ് നജ്മുദ്ദീൻ കുബ്റ എന്നവരുടെ അടുത്ത് രണ്ട് മാസം താമസിച്ച ശേഷം നൂഹ് നബിയുടെ കപ്പൽ നങ്കൂരമിട്ട ജൂതി പർവ്വതത്തിൽ ചെന്ന് ശൈഖ് മുഹ്യുദ്ദീൻ അബ്ദുൽ ഖാദർ ജീലാനിയെ കണ്ടു. അഞ്ച് മാസവും ഏഴ് ദിവസവും അവിടെ താമസിച്ചു. തുടർന്ന് ബാഗ്ദാദിലേക്ക് യാത്ര തിരിച്ച ഖാജ ശൈഖ് ളിയാഉദ്ധീൻ, ശൈഖ് ശിഹാബുദ്ധീൻ സുഹ്റ വർദി എന്നിവരുമായി ബന്ധം സ്ഥാപിച്ചു. പിന്നീട് ഔഹദുദ്ധീൻ കിർമാനിയിൽ നിന്ന് ത്വരീഖത്തും സ്ഥാന വസ്ത്രവും സ്വീകരിച്ചു. ശൈഖ് യൂസുഫുൽ ഹമദാനി, ശൈഖ് അബൂ സഈദ് തിബ്രീസി, ശൈഖ് മുഹമ്മദ് ഇസ്ഫഹാനി, ശൈഖ് അബൂസഈദ് അൽ മഹമൻദി, ശംസുൽ ആരിഫീൻ ശൈഖ് അബ്ദുൽ വാഹിദ് ഗസ്നവി എന്നിവരാണ് മഹാനവർകളുടെ മറ്റു പ്രധാന ഉസ്താദുമാർ.

പ്രബോധനം
ഒരു ദിവസം നബി(സ)യെ സിയാറത്ത് ചെയ്ത ശേഷം റൗള ശരീഫിന്റെ ചാരത്ത് ഉറങ്ങിക്കിടക്കുമ്പോൾ നബി(സ) തങ്ങളെ സ്വപ്നത്തിൽ കാണുകയുണ്ടായി. “ഹിന്ദുസ്ഥാനിലേക്ക് പുറപ്പെടുക, അവിടം അന്ധകാരത്തിലാണ് “. ഈ നിർദേശം ഉൾക്കൊണ്ട് നാൽപത് അനുയായികൾക്കൊപ്പം ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. സ്വപ്നത്തിലൂടെയുള്ള നബി(സ) തങ്ങളുടെ നിർദേശവും ജീലാനി തങ്ങളടക്കമുള്ളവരുടെ ആശീർവാദങ്ങളുടെയും ഫലം കാണുകയായിരുന്നു. നിരവധി കറാമത്തു കളിലൂടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ലക്ഷങ്ങൾക്ക് ആത്മനിർവൃതി പകരുകയായിരുന്നു ശൈഖവർകൾ. പതിയെ ഖാജയുടെ നേതൃത്വത്തിൽ ഇസ്ലാമിക പ്രബോധനം ആരംഭിച്ചു . ആദ്യ പ്രബോധനം ഡൽഹിയിലായിരുന്നു. ചില കാരണങ്ങളാൽ മുസ്ലിംകളും ഹിന്ദുക്കളും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്ത സമയമായിരുന്നു. പക്ഷെ ഖാജ (റ)യുടെ പക്വമായ ഇടപെടലും മാതൃകാ ജീവിതവും അവരിൽ പുത്തനുണർവേകി. പലരും സത്യസരണിയിൽ ആകൃഷ്ടരായി കടന്നു വന്നു. പിന്നീട് തന്റെ പ്രധാന മുരീദായ ഖുതുബുദ്ദീൻ ബഖ്ത്തിയാർ കാക്കി ദഹ്ലവി (റ)വിനെ ഡൽഹിയിലെ പ്രതിനിധിയായി നിയമിച്ചു. ആത്മീയധൈര്യവും സത്യസന്ധതയും കൈമുതലാക്കി മത പ്രബോധനം നടത്താൻ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.
താമസിയാതെ ഖാജാ (റ) അജ്മീറിലേക്ക് പുറപ്പെട്ടു. വിജ്ഞാനസമ്പാദനത്തിനും അത് പ്രചരിപ്പിക്കാനും വേണ്ടിയുള്ള ഏറെക്കാലത്തെ യാത്രക്ക് ശേഷം ഹിജ്റ 561 മുഹർറം പത്തിനാണ് ഖാജാ മുഈനുദ്ദീൻ ചിശ്തി (റ) അജ്മീറിൽ എത്തിയത്. അവിടെ എത്തിയ ഉടൻ അവിടുത്തെ വിജന പ്രദേശത്തെ മരച്ചുവട്ടിൽ അവർ ഇരുന്നു. ഈ മരച്ചുവട് രാത്രി സമയങ്ങളിൽ പൃഥിരാജിന്റെ ഒട്ടകങ്ങൾ താമസിക്കുന്ന സ്ഥലമായിരുന്നു. ഒട്ടകങ്ങളെ മേയ്ക്കുന്നവർക്ക് ഖാജയുടെ ഈ ഇരുത്തം ഒട്ടും ഇഷ്ടപ്പെട്ടില്ല. ക്രോധം പൂണ്ട അവർ അവിടെ നിന്ന് എഴുന്നേറ്റു പോകാൻ ഖാജാ(റ) വിനോട് ആവശ്യപ്പെട്ടു. അവർ പലവിധത്തിൽ ആക്രോശങ്ങൾ ഉയർത്തികൊണ്ടിരുന്നു. ഒടുവിൽ ഖാജാ(റ)പറഞ്ഞു: ശരി, ഞങ്ങൾ പോകാം, ഒട്ടകങ്ങൾ അവിടെ കിടക്കട്ടെ. ശേഷം അനാസാഗർ തീരത്തെത്തി താമസമാക്കി. രാവിലെ അവിടെ ശൈഖവറുകളുടെ കറാമത്തെന്നോണം മരച്ചുവട്ടിൽ കെട്ടിയിട്ട ഒട്ടകങ്ങൾക്ക് എഴുന്നേൽക്കാൻ സാധിക്കുന്നില്ല. അവർ എത്ര ശ്രമിച്ചിട്ടും ഫലമൊന്നുമുണ്ടായില്ല. പിന്നീട് കാര്യം പിടിക്കിട്ടി ഇന്നലെ ഒട്ടകത്തെ കെട്ടിയിടാൻ മരച്ചുവട്ടിൽ വന്നപ്പോൾ അവിടെ ഉണ്ടായ മഹാനായ ആ വ്യക്തിയെ ഏഴുന്നേൽപ്പിച്ച സമയം അദ്ധേഹം പറഞ്ഞത് ഒട്ടകം അവിടെ കിടക്കട്ടെയെന്നാണ്, അത് കൊണ്ടാണിത് സംഭവിച്ചത്. വിഷയം സൈന്യാധിപർ ഗൗരവപൂർവ്വം പൃഥ്വിയെ ധരിപ്പിച്ചു. ഇത് കേട്ട് രാജാവ് ഭയചകിതനാവുകയായിരുന്നു.
പിന്നീട് അനാസാഗർ തടാകത്തിന്റെ തീരത്ത് ഖാജാ തങ്ങൾ തമ്പടിക്കുകയും ആരാധനകളിലായി ജീവിതം ഉപയോഗപ്പെടുത്തുകയും ചെയ്തു. ആവശ്യത്തിനുള്ള വെള്ളമെടുത്തിരുന്നത് പ്രസ്തുത തടാകത്തിൽ നിന്നായിരുന്നു. ഇത് ഇഷ്ട്ടപ്പെടാത്ത വിരോധികൾ പൃഥ്വിയോട് പരാതിപ്പെട്ടു . ക്ഷുഭിതനായ അയാൾ അവരോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. ശൈഖവറുകൾ ഒന്നും പറയാതെ അവിടെ തന്നെ നിലയുറപ്പിച്ചു. തടാകത്തിൽ നിന്ന് വെള്ളമെടുക്കന്നത് തടയാനും മറ്റും ഒരു മാരണക്കാരനെ തയ്യാറാക്കി കൊട്ടാരത്തിലെത്തിച്ചു. ഒരു പാട് പേരെ തടാകത്തിന് ചുറ്റും നിർത്തി പക്ഷെ അല്ലാഹുവിന്റെ സഹായത്താൽ ഖാജ (റ)വിന്റെ ഒരു ശിഷ്യൻ അവരുടെ കണ്ണ് വെട്ടിച്ച് ഒരു പാത്രം വെള്ളം കോരിയെടുത്തു. ഉടനടി അനാസാഗർ വറ്റിവരണ്ടു. മാത്രമല്ല, സമീപത്തുള്ള കിണറുകളും വറ്റി. ഇത് കണ്ടവരെല്ലാം മൂകരായി. മാരണക്കാരന് ഒരു വിധേനയും മഹാനവർകളെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. എല്ലാവരും മാപ്പപേക്ഷിച്ചു. ശൈഖവറുകൾ പാത്രത്തിലെ വെള്ളം തടാകത്തിലൊഴിക്കാൻ പറഞ്ഞു. ഒഴിക്കേണ്ട താമസം തടാകം നിറഞ്ഞ് കവിഞ്ഞു കിണറുകളെല്ലാം പൂർവ്വസ്ഥിതിയിലായി. ഇതോടെ ശൈഖവറുകൾക്ക് അജ്മീറിൽ ആദരണീയ വ്യക്തിത്വമായി മാറി
പലരും സത്യമതത്തിൽ അണിച്ചേർന്നു.
ശേഷം ഖാജയെ വധിക്കാൻ പല പരീക്ഷണങ്ങളും നടത്തി. എല്ലാം പരാജയപ്പെട്ടു. അവസാനം മാരണക്കാരൻ അജയ്പാൽ കലിമ ചൊല്ലി ഇസ്ലാം സ്വീകരിച്ചു.

മരണം
ഹിജ്റ 633 റജബ് ആറിന് ഭൗതിക ലോകത്തോട് വിട പറഞ്ഞ മഹാൻ ജീവിതത്തിലെന്നപോലെ മരണശേഷവും അശരണർക്കും പാവപ്പെട്ടവര്‍ക്കും ഒരു ആശാകേന്ദ്രമാണ്. മുകള്‍ഭരണാധികാരികളും ഡല്‍ഹി സുല്‍ത്താന്മാരും ആശീർവാദം തേടി ദര്‍ഗശരീഫിലെത്താറുണ്ടായിരുന്നു. ഇന്നും ഇന്ത്യയുടെഭരണമേറ്റെടുക്കുന്നവരെല്ലാം അവിടെ ചെന്ന് അനുഗ്രഹം തേടാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here