സുജൂദുകള്‍ക്കിടയിലെ ഇരുത്തം

0
2984

രണ്ട് സുജൂദുകള്‍ക്കിടയില്‍ ഇരിക്കല്‍ നിര്‍ബന്ധമാണ്. എങ്ങനെ ഇരുന്നാലും ഫര്‍ള് വീടുമെങ്കിലും ഇടതു കാലിന്മേല്‍ ഇരിക്കുകയും വലതുകാല്‍ വിരലുകള്‍ നിലത്ത് കുത്തി നിര്‍ത്തുകയും ചെയ്യലാണ് സുന്നത്ത്. കൈവിരലുകള്‍ കാല്‍മുട്ടിനോട് നേരിടുന്ന രൂപത്തില്‍ പരസ്പരം ചേര്‍ത്തിക്കൊണ്ട് വെക്കേണ്ടത്. ഇഅ്തിദാല്‍, റുകൂഅ്, സുജൂദുകള്‍, ഇടയിലെ ഇരുത്തം എന്നിവയില്‍ അനക്കമടങ്ങല്‍ നിര്‍ബന്ധമാണ്. ഈ ഇരുത്തത്തില്‍ നിശ്ചിത ദിക്‌റ് ചൊല്ലല്‍ സുന്നത്താണ്.
രണ്ടാമത്തെയോ അവസാനത്തെയോ റക്അത്തിലല്ലെങ്കില്‍ സുജൂദില്‍നിന്ന് നിറുത്തത്തിലേക്ക് പോകുമ്പോള്‍ ഒന്നിരുന്ന് എഴുന്നേല്‍ക്കല്‍ സുന്നത്തുണ്ട്. ഇവിടെ അനക്കം അടങ്ങേണ്ടതില്ല. എന്നല്ല സുജൂദില്‍ നിന്ന് തല ഉയര്‍ത്താന്‍ തുടങ്ങുമ്പോള്‍ തന്നെ തക്ബീര്‍ തുടങ്ങുകയും നിറുത്തത്തില്‍ എത്തുന്നത് വരെ അത് നീളുകയും വേണം. അതിനാല്‍ ഈ ഇരുത്തം ദീര്‍ഘിപ്പിക്കാവുന്നതല്ല.
സുബ്ഹി അല്ലാത്ത നിസ്‌കാരത്തില്‍, രണ്ടാം റക്അത്തിലെ സുജൂദില്‍ നിന്നാണ് ഉയരുന്നതെങ്കില്‍ സുജൂദുകളുടെ ഇടയിലുള്ള ഇരുത്തം പോലെ ഇരിക്കണം. ആദ്യത്തെ അത്തഹിയ്യാത്തിന് വേണ്ടിയാണിത്. ഇടത് കൈ സുജൂദുകളിലെ ഇടയിലെ ഇരുത്തത്തിലേത് പോലെ തന്നെ വെക്കണം. വലത് കൈയ്യിന്റെ ചെറുവിരലും തൊട്ടടുത്ത രണ്ട് വിരലുകളും മടക്കി പിടിക്കുകയും ചൂണ്ട് വിരലിനെ നിവര്‍ത്തിയും പെരുവിരലിന്റെ അറ്റത്തെ ചൂണ്ടു വിരലിന്റെ മുരടിനോട് ചേര്‍ത്തിയും വെക്കണം. അത്തഹിയ്യാത്തില്‍ ഇല്ലല്ലാഹു എന്ന് ഉച്ചരിക്കുമ്പോള്‍ ചൂണ്ടു വിരലിനെ ഉയര്‍ത്തണം. പൂര്‍ണ്ണമായി ഉയര്‍ത്തരുത്. കുനിഞ്ഞ് നില്‍ക്കുന്ന രൂപത്തിലാകണം. അവസാനത്തെ അത്തഹിയ്യാത്തിലും ഇങ്ങനത്തന്നെയാണ് വേണ്ടത്. ഇങ്ങനെയല്ലാതെ ചെയ്യുന്നതെല്ലാം സുന്നത്തിനെതിരാണ്.
സുന്നത്ത് നിസ്‌കാരത്തിലാണെങ്കിലും അവസാനത്തെ അത്തഹിയ്യാത്തിന് ശേഷം പൂര്‍ണ്ണ രൂപത്തില്‍ സ്വലാത്തും ശേഷമുള്ള ദുആകളും നിര്‍വ്വഹിക്കണം. സുന്നത്ത് നിസ്‌കാരത്തില്‍ ഇതൊന്നും പാടില്ല എന്ന ധാരണ ശരിയല്ല. സുന്നത്ത് നിസ്‌കാരം കഴിഞ്ഞതിന് ശേഷം അവിടത്തന്നെ ഇരിക്കുന്നവനാണെങ്കിലും ഈ ദിക്‌റ്, ദുആകള്‍ നല്ലതാണ്.
അവസാനത്തെ ‘ഫര്‍ള് സലാം ചൊല്ലി നിസ്‌കാരത്തില്‍നിന്ന് വിരമിക്കലാണ്. തലയൊന്നും തിരിക്കാതെ ഒരു പ്രാവശ്യം മാത്രം അസ്സലാമുഅലൈകും എന്ന് ചൊല്ലിയാലും ഫര്‍ള് വീടും. അതിന്റെ പൂര്‍ണ്ണ രൂപം ഇതാ, മുഖം ഖിബ്‌ലയുടെ നേരെ ആയിക്കൊണ്ട് അസ്സലാമുഅലൈകും എന്ന് ഉച്ചരിക്കാന്‍ തുടങ്ങുകയും ആദ്യത്തെ സലാം ഉച്ചരിക്കുന്നതോട് കൂടി മുഖം വലതു ഭാഗത്തേക്ക് അല്‍പാല്‍പമായി തിരിക്കുകയും ചെയ്യുക. സലാം ചൊല്ലുന്നവന്റെ വലത്തെ കവിള്‍ പിന്നിലുള്ളവര്‍ക്ക് കാണാവുന്ന തരത്തിലാണ് തിരിക്കേണ്ടത്. മുഖം തിരിക്കല്‍ കഴിയുന്നതോടെ സലാമും അവസാനിക്കണം. വീണ്ടും മുഖം ഖിബ്‌ലയുടെ നേരെയാക്കി രണ്ടാം സലാം തുടങ്ങുക. മുഖം അല്‍പാല്‍പമായി ഇടത് ഭാഗത്തേക്ക് തിരിച്ച് ഇടത് കവിള്‍ പിന്നിലുള്ളവര്‍ക്ക് കാണത്തക്ക രൂപത്തിലാകുമ്പോള്‍ മുഖം തിരിക്കലും സലാമും ഒരുമിച്ച് അവസാനിപ്പിക്കുക.
അസ്സലാമുഅലൈകും എന്ന് മാത്രം പറഞ്ഞാലും ഫര്‍ള് വീടുമെങ്കിലും സാധാരണ നിസ്‌കാരങ്ങളില്‍ കുവറഹ്മതുല്ലാഹ് എന്നും മയ്യിത്ത് നിസ്‌കാരത്തില്‍ കുവഹ്മതുല്ലാഹി വബറകാതുഹു എന്നും കൂടുതലാക്കല്‍ സുന്നത്തുണ്ട്.
നിങ്ങള്‍ക്ക് അല്ലാഹുവിന്റെ സലാം ഉണ്ടാകട്ടെ എന്നാണല്ലോ അതിന്റെ ആശയം. നിങ്ങള്‍ എന്നത് കൊണ്ട് കൂടെയുള്ള മലക്കുകളെയും മനുഷ്യരും ജിന്നുകളുമായ മുഅ്മിനുകളെയും കരുതണം. ജമാഅത്തായി നിസ്‌കരിക്കുമ്പോള്‍ പരസ്പരം സലാം മടക്കുകയാണെന്നും കരുതണം.
നിസ്‌കാരത്തിലല്ലാത്തപ്പോഴും ഒരു വ്യക്തിയോട് സലാം പറയുകയാണെങ്കിലും
അലൈകും എന്ന ബഹുവചനമാണ് പറയേണ്ടത്. ഇവിടെയും അപ്രകാരം തന്നെയാണ്. കൂടെയുള്ള മലക്കുകളെ കൂടി കരുതിയാല്‍ അവരും സലാം മടക്കും.
രണ്ട് സലാമുകള്‍ അവസാനിക്കുന്നതോടെ നിസ്‌കാരത്തില്‍ നിന്ന് വിരമിച്ചു. എന്നാല്‍ നിസ്‌കാരത്തിനോടനുബന്ധമായി ചെയ്യേണ്ടതായ കുറേ കാര്യങ്ങളുണ്ട്. അവകൂടി മനസ്സിലാക്കി ശ്രദ്ധയോടെ നിര്‍വ്വഹിച്ചാലേ നിസ്‌കാരം സമ്പൂര്‍ണ്ണമാകുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here