സി പി എമ്മും ന്യൂനപക്ഷങ്ങളും

0
2568

സി പി എമ്മിന്റെ ജനകീയാടിത്തറ വിപുലമാക്കാന്‍ ദളിത്, ആദിവാസി, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുമായി ബന്ധം സുദൃഢമാക്കുമെന്ന് കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി പ്ലീനം പ്രഖ്യാപിച്ചിരുന്നു. മതസംഘടനകളോടുള്ള നിലപാട് വിമര്‍ശനാത്മക പരിശോധന നടത്തണമെന്ന് തിരുവനന്തപുരത്ത് നടന്ന ദ്വിദിന പഠന കോണ്‍ഗ്രസില്‍ പി ബി അംഗം എം എ ബേബിയും ഇടതുപക്ഷ നേതൃത്വങ്ങളോട് ആവശ്യപ്പെടുകയുണ്ടായി. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ മതസംഘടകളുമായും വിശ്വാസികളുമായും സഹകരിക്കുന്ന കാര്യം ഗൗരവമായ ചര്‍ച്ചക്ക് വിധേയമാക്കണെന്നും അദ്ദേഹം ഉണര്‍ത്തി. ഇടതുപക്ഷത്തിന് രാഷ്ട്രീയ സ്വാധീനമുള്ള കേരളത്തിലും ബംഗാളിലും തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. മുന്നണികളുടെ മേല്‍ക്കൈ നിര്‍ണയിക്കുന്നതില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക പങ്കുള്ള സംസ്ഥാനങ്ങളാണ് ഇവ രണ്ടും. ഇത്തരം ഘട്ടങ്ങളില്‍ പാര്‍ട്ടി നേതൃത്വം ന്യൂനപക്ഷങ്ങളെ വരുതിയിലാക്കാന്‍ ചില തന്ത്രങ്ങള്‍ പ്രയോഗിക്കാറുണ്ട്. പാര്‍ട്ടി നേതാക്കള്‍ പള്ളികളിലും മതസ്ഥാപനങ്ങളിലും കയറിയിറങ്ങുകയും മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. കൂട്ടത്തില്‍ കുറേ വാഗ്ദാനങ്ങളും കോരിച്ചൊരിയും. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അതെല്ലാം വിസ്മരിക്കപ്പെടും. പാര്‍ട്ടി പ്ലീനത്തിലെയും പഠന കോണ്‍ഗ്രസിലെയും പ്രഖ്യാപനങ്ങള്‍ ഇത്തരം കേവല രാഷ്ട്രീയത്തിന്റേതാണോ? അതോ അനുഭവങ്ങള്‍ നല്‍കിയ തിരിച്ചറിവില്‍ നിന്ന് ഉളവായ ആത്മാര്‍ഥമായ നീക്കമോ? ഇടതുപക്ഷത്തിന് ഇന്ത്യയില്‍ പ്രതാപത്തിന്റേതായ പൂര്‍വകകാല ചരിത്രമുണ്ട്. രാജ്യത്തെ പ്രബലശക്തിയായിരുന്നു അവര്‍. പാര്‍ലിമെന്റില്‍ പ്രധാന പ്രതിപക്ഷമായും ഭരണകൂടത്തെ താങ്ങിനിര്‍ത്തുന്ന പിന്‍ബലമായും ജനവിരുദ്ധ നയങ്ങളെ തിരുത്തുന്ന ശക്തിയായും അവര്‍ കരുത്ത് തെളിയിച്ചിട്ടുണ്ട്. 1990കളില്‍ ആഗോള കമ്യൂണിസം ദുര്‍ബലവും ശിഥിലവുമായതിന് ശേഷവും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കുറേക്കാലം പിടിച്ചുനിന്നു. പിന്നീട് രാജ്യത്ത് കമ്യൂണിസത്തിന്റെ കരുത്തില്‍ ചോര്‍ച്ച സംഭവിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മതന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിലെ നയവൈകല്യങ്ങളാണ്. ബി ജെ പിയടക്കമുള്ള സംഘ്പരിവാറിനോടുള്ള സന്ധിയല്ലാ സമരവും സാമ്രാജ്യത്വത്തിനെതിരെ നടത്തിയ ചെറുത്തുനില്‍പ്പുമാണ് മതന്യൂനപക്ഷങ്ങളെ ഇടത് പക്ഷത്തോടടുപ്പിച്ചിരുന്നത്. ഭൂരിപക്ഷ വര്‍ഗീയതയുടെ ആക്രമണങ്ങളില്‍ നിന്ന് ന്യൂനപക്ഷങ്ങളെ ചെറുക്കുന്നതിലും അവര്‍ വലിയ പങ്ക് വഹിച്ചിരുന്നു. സമീപ കാലത്തായി ഈ നിലപാടുകളില്‍ മാറ്റമുണ്ടായോ എന്ന സംശയം ബലപ്പെടുന്നുണ്ട്. വ്യക്തമായ ഭൂരിപക്ഷ പ്രീണന നയങ്ങളിലേക്ക് വഴുതിക്കൊണ്ടിരിക്കുകയാണ് സി പി ഐയെ പോലുള്ള ഇടത് പ്രസ്ഥാനങ്ങള്‍. സി പി എമ്മിലെ ചിലരാകട്ടെ, മുസ്‌ലിം സംഘടനകളിലും പാര്‍ട്ടികളിലും വര്‍ഗീയതയും മതമൗലികവാദവും ആരോപിക്കുകയും പല ആചാരങ്ങളേയും അന്ധമായി വിമര്‍ശിക്കുകയും ചെയ്യുന്നു. അയോധ്യാ പ്രശ്‌നത്തെ തുടര്‍ന്ന് സംഘ്പരിവാര്‍ ശക്തി പ്രാപിച്ചതോടെ, ബി ജെ പിയിലേക്കുള്ള ഭൂരിപക്ഷ സമുദായത്തിന്റെ ഒഴുക്കിന് തടയിടാനുള്ള തന്ത്രമെന്ന നിലയിലാണ് ഈ അടവ് സ്വീകരിച്ചതെങ്കിലും അതവര്‍ക്ക് കോട്ടമാണ് വരുത്തിവെച്ചത്. ബി ജെ പിയുടെ വളര്‍ച്ചയെ ചെറുക്കാന്‍ അവര്‍ക്കായില്ല. ന്യൂനപക്ഷമാകട്ടെ ഇടതുപക്ഷവുമായി അകലുകയും ചെയ്തു. ഇത് തിരിച്ചറിഞ്ഞു മതന്യൂനപക്ഷങ്ങളുടെ വിശ്വാസം തിരിച്ചു പിടിക്കാന്‍ ഇടതുപക്ഷം, പ്രത്യേകിച്ചും സി പി എം ചില നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും തിരഞ്ഞടുപ്പ് മുന്നില്‍ കണ്ടുള്ള തന്ത്രങ്ങളെന്നതില്‍ കവിഞ്ഞു അതിനൊരു സ്ഥായിയായ സ്വഭാവമോ തുടര്‍ച്ചയോ ഉണ്ടായില്ല. ഏതാനും വര്‍ഷം മുമ്പ് വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ പ്രത്യേക മുസ്‌ലിം വേദി രൂപവത്കരിക്കാനും അതിന്റെ മുന്നോടിയായി മുസ്‌ലിം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രസിദ്ധീകരണം തുടങ്ങാനും ശ്രമങ്ങളാരംഭിച്ചിരുന്നു. തുടര്‍ച്ചയില്ലാതെ ആ പദ്ധതികള്‍ പിന്നീട് നിലച്ച പോലെയായി. കഴിഞ്ഞ തവണ കേരളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോള്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ മുന്നോടി എന്ന നിലയില്‍ പാലൊളി കമ്മിറ്റി രൂപവത്കരിച്ചെങ്കിലും അതിന്റെ പ്രവര്‍ത്തനവും എങ്ങുമെത്തിക്കാനായില്ല. മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങളെ അഭിമുഖീകരിക്കേണ്ടത് തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ വാഗ്ദാങ്ങളിലൂടെ അല്ല. സംഘടനാ പ്രശ്‌നങ്ങള്‍ മൂലം മുസ്‌ലിം ലീഗില്‍ നിന്ന് പുറത്ത് കടക്കുന്ന നേതാക്കളെയോ മതം അനുവര്‍ത്തിക്കാത്ത ബുദ്ധിജീവികളെയോ കൂടെ നിര്‍ത്തിയാല്‍ മുസ്‌ലിംകളെ വശത്താക്കാമെന്ന ധാരണയും പാര്‍ട്ടി തിരുത്തണം. മറിച്ചു പിന്നാക്ക സമുദായമെന്ന നിലയില്‍ മുസ്‌ലിംകളെ പൊതുസമൂഹത്തോടൊപ്പമെത്തിക്കാനുള്ള ആത്മാര്‍ഥ ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. മുഖ്യധാരാ മുസ്‌ലിം നേതൃത്വത്തെ വിശ്വാസത്തിലെടുക്കണം. മുസ്‌ലിംകള്‍ക്ക് അവരുടെ വിശ്വാസവും സംസ്‌കാരവും പ്രധാനമാണ്. ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിം സംഘനടകളെക്കുറിച്ചും വസ്തുതാപരമായി പഠിച്ചറിയാനുള്ള സന്മനസ്സും പാര്‍ട്ടി നേതൃത്വത്തിനുണ്ടാകണം. ഇതില്ലാത്തത് കൊണ്ടാണ് ചില പുരോഗമന വാദികള്‍ പറയുന്നതത്രയും വേദവാക്യങ്ങളെന്ന മട്ടില്‍ ശരീഅത്തിനെയും ഇസ്‌ലാമികാചാരങ്ങളെയും അന്ധമായി വിമര്‍ശിക്കാനിടയാകുന്നത്. മുസ്‌ലിംകളുടെ മനസ്സ് വായിക്കുന്നതില്‍ പാര്‍ട്ടിക്കും ഇടത് പക്ഷത്തിനും സംഭവിച്ച പിഴവ് ഇനിയും ആവര്‍ത്തിക്കാനിട വരരുത്. ഏതായാലും ഈയൊരു ചിന്ത ശ്ലാഘനീയമാണ്.

(സിറാജ് പത്രത്തില്‍ ജനുവരി 13ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍)

LEAVE A REPLY

Please enter your comment!
Please enter your name here