സാഹിത്യോത്സവ്, പ്രവാസഭൂമികയിലെ നീരുറവ

0
2449

മരുഭൂമിയിലെ മലയാളികള്‍ക്ക് സാഹിത്യോത്സവ് നാളുകളായിരുന്നു. പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കുന്ന കൊച്ചു കുട്ടികള്‍ മുതല്‍ കുടുംബിനികള്‍ക്കു വരെ സര്‍ഗാത്മകത തെളിയിക്കുന്ന മഹനീയ തീരം. യൂണിറ്റ് തലം മുതല്‍ വരച്ചും എഴുതിയും പാടിയും പറഞ്ഞും പോയ നാളുകള്‍ എത്ര ശോഭനമായിരുന്നു. ഇത് പ്രവാസികളെ ഗൃഹാതുരതയിലേക്ക് കൈപിടിച്ച് നടത്തുന്നില്ലേ. നമ്മുടെ പൈതൃക കലകളെ തിരിച്ചുപിടിച്ച് പഴമയുടെ തനിമയിലേക്കുനടത്തുന്നില്ലേ.

മണലാര്യത്തിന്റെ മണല്‍ത്തരികളോട് സംവദിക്കുന്ന ഈ കലാവിരുന്നില്‍, അങ്ങ് അകലെ ഹബീബിന്റെ ത്വയ്ബയില്‍ പരിലസിക്കുന്ന ഇളംതെന്നലിന്‍ സുഗന്ധമുണ്ട്. ദേശീയതയുടെ കപടമുഖമുള്ള രാഷ്ട്രീയത്തോടുള്ള വിയോജിപ്പുകളുണ്ട്. നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ ജനാധിപത്യത്തോടുള്ള ഐക്യപ്പെടലുകളുണ്ട്. ശ്രേഷ്ഠഭാഷയായ മലയാളത്തെ മാതൃത്വത്തോട് ചേര്‍ത്തുവെച്ച കൊച്ചുകൂട്ടുകാരുടെ രചനകളുണ്ട്. ഒപ്പം ഖവാലിയും ദഫും പോലെയുള്ള ആസ്വാദനത്തിന്റെ രുചിയേറും വിഭവങ്ങളുമുണ്ട്.

സാഹിത്യോത്സവുകളില്ലാത്ത സൈകത ഭൂവിനെ ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. ആ സങ്കല്‍പം പൂര്‍ണത പ്രാപിക്കണമെങ്കില്‍ ഒരു സാധാരണ പ്രവാസി കുടുംബം നമ്മളിലേക്കെത്തേണ്ടതുണ്ട്. ജീവിതയാത്രയിലെവിടെയോ സ്വയം നിയന്ത്രണം കൈമോശം വന്നപ്പോള്‍ പ്രാരാബ്ധങ്ങള്‍ എന്ന പേരുമിട്ട് കടല്‍ കടന്നവരാണ് ഭൂരിഭാഗം പ്രവാസികളും. കുടുംബമായി കഴിയുന്ന പ്രവാസികളാണെങ്കില്‍ പരിമിതികളുടെ മതില്‍കെട്ടിന്റെ വലിപ്പവും കൂടും. ജോലി സ്ഥലത്ത് അനുഭവിക്കുന്ന മാനസീക പിരിമുറുക്കങ്ങളും വിരഹവേദനയും അവന്റെ കൂടപ്പിറപ്പാണ്. ഇവ വലിയൊരളവില്‍ മക്കളിലേക്കും ആ വാഹിച്ചിരിക്കും. അതുകൊണ്ട് നഷ്ടമാവുന്നത് അവരുടെ നിഷ്‌കളങ്ക ബാല്യമാണ്. അവരുടെ സര്‍ഗ്ഗവാസനകള്‍ പലപ്പോഴും മൊബൈല്‍ ഗെയിമുകളിലും സോഷ്യല്‍ മീഡിയകളിലെ സെല്‍ഫി ഭ്രമങ്ങളിലും തളച്ചിടപ്പെടുന്നു. അവര്‍ക്ക് പാടാനോ പ്രസംഗിക്കാനോ അവരിലെ സര്‍ഗാത്മകത പ്രകടിപ്പിക്കാനോ വേദികള്‍ ഇല്ല എന്ന് തന്നെപറയാം. ഈയൊരു സാഹചര്യം മുന്നില്‍ കണ്ട് കൊണ്ടാണ് Rsc കലാലയം സാഹിത്യോല്‍സവുകള്‍ സംവിധാനിച്ചിരിക്കുന്നത്.

മനുഷ്യന്റെ ഹൃദയം തൊട്ട് സംസാരിക്കുന്നതും കലയാണ് എന്ന മഹത്തായ സന്ദേശം കൈമാറ്റം ചെയ്യപെടാനായത് ഈ സാഹിതീയ മേളയുടെ നേട്ടമാണ്.
‘പുസ്തക വായനയിലൂടെ’ എന്ന വിഷയത്തെ ആസ്പദമാക്കി ഷാര്‍ജയിലെ നാഷണല്‍ പെയിന്റ് സെക്ടറിലെ ഒരു വിദ്യാര്‍ത്ഥി, കവിതയിലൂടെ പങ്കുവെച്ചത് ഓര്‍ത്തു പോകുകയാണ്. പുസ്തകം തുറന്നാല്‍ അവള്‍ക്കു കിട്ടുന്ന ലോകം സാഹോദര്യത്തിന്റെ, മാനവികതയുടെ സന്ദേശങ്ങളാണ്. പുസ്തകമടച്ചാല്‍ അവളുടെ മുന്നില്‍ തെളിയുന്നതു കൊലപാതക രാഷ്ട്രീയത്തിന്റെ, മാതൃത്വം വരെ ചോദ്യം ചെയ്യപ്പെടുന്ന വൃദ്ധസദനങ്ങളുടെ, അധാര്‍മികതകളുടെ നേര്‍കാഴ്ചകളാണ്. വായനയുടെ ലോകം എങ്ങനെയെല്ലാം മാനവികത സൃഷ്ടിക്കുന്നുവെന്ന് മനോഹരമായി വരച്ചു വെച്ചിരിക്കുന്നു. ഇതു സാഹിത്യോത്സവിലെ ഒരു ചെറിയ ചിത്രം മാത്രം.

സാധാരണ കലാമേളകളില്‍ കാണുന്ന രക്ഷിതാക്കളുടെ പോര്‍വിളികളും കലാപരിപാടികള്‍ വിധിനിര്‍ണയിക്കുന്നവരെ വിലക്കുവാങ്ങലുകളും ഇവിടെ യില്ല. കുഞ്ഞുമനസ്സുകളിലെ ആകുലതകളും കാഴ്ചപ്പാടുകളും പങ്ക്‌വെയ്ക്കാനും രാഖിയെടുക്കാനുമുള്ള വേദികള്‍ മാത്രം.

സാഹിത്യോസവിന്റെ ഉല്‍പന്നങ്ങളായി ഇനിയും ഒരുപാടു ഒ.ഖാലിദുമാര്‍ പിറവിയെടുക്കേണ്ടതുണ്ട്. സാഹിത്യോസവ് എന്ന തപസ്യ ജൈത്രയാത്ര തുടരേണ്ടതുണ്ട്. ധാര്‍മികത നെഞ്ചിലേറ്റിയ യുവസമൂഹത്തിന്റെ സ്വപ്നങ്ങളുടെ ചിറകുകള്‍ക്ക് ശക്തിപകരേണ്ടതുണ്ട്. അതിനായി നാഥനോട് ദുആ ഇരക്കാം. ഈ കൈത്തിരി നാളം അണയാതെ സൂക്ഷിക്കാം.

ആഷിക് നെടുമ്പുര

LEAVE A REPLY

Please enter your comment!
Please enter your name here