സാമൂഹിക പ്രവർത്തനങ്ങളുടെ ഇസ്‌ലാമിക മാനങ്ങൾ

0
151

സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിനെ വിശ്വാസത്തിന്റെ ഭാഗമായി കാണുകയും ചെയ്യുന്ന മതമാണ് ഇസ്ലാം.വിശ്വാസത്തിന്റെ എഴുപതിൽ പരം ശാഖകളിൽ ഏറ്റവും താഴെയുള്ളതായി ഇസ്ലാം എണ്ണിയത് വഴിയിലെ തടസ്സങ്ങൾ നീക്കംചെയ്യലാണ്.”നന്മയിൽ നിങ്ങൾ പരസ്പരം സഹകരിക്കുക,അധർമ്മത്തിലും ശത്രുതയിലും നിങ്ങൾ പരസ്പരം നിസ്സഹകരണം പുലർത്തുക”(മാഇദ:2) എന്ന ഖുർആൻ വാക്യം ഇസ്‌ലാം സാമൂഹിക പ്രവർത്തനത്തിന് നൽകുന്ന പ്രാധാന്യം മനസ്സിലാക്കി തരുന്നുണ്ട്.
ഇസ്ലാം മുന്നോട്ടു വെക്കുന്ന സാമൂഹിക സേവനം മനുഷ്യരുമായി ബന്ധപ്പെട്ടത് മാത്രമല്ല മറിച്ച്,അവന്റെ ജീവിത പരിസരങ്ങളുമായി ചേർന്ന് നിൽക്കുന്ന പ്രകൃതിയുമായും ജീവജാലങ്ങളുമായും ബന്ധപ്പെട്ട സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
വിശ്വാസിയെ സംബന്ധിച്ചിടത്തോളം സാമൂഹികസേവനം വിശ്വാസത്തിന്റെ ഭാഗവും പരലോകത്ത് പ്രതിഫലം ലഭിക്കാനുള്ള മാർഗവുമാണ്.നിസ്സഹായരെയും ദുരിതമനുഭവിക്കുന്നവരെയും തിരിച്ചറിഞ്ഞ് അവരെ സഹായിക്കാനും അവരോടൊപ്പം നിൽക്കാനുള്ള മനസ്സ് രൂപപ്പെടുത്തിയെടുക്കുക എന്നത് വിശ്വാസിയുടെ ജീവിതത്തിൽ ഉണ്ടാകേണ്ട ഒരു പ്രധാന ഘടകമാണ്. “നിങ്ങളുടെ മുഖങ്ങളെ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം.മറിച്ച് അല്ലാഹുവിലും അന്ത്യനാളിലും മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും സമ്പത്തിനോട് പ്രിയം ഉണ്ടായിരുന്നിട്ടും അത് ബന്ധുക്കൾക്കും അനാഥകൾക്കും അഗതികൾക്കും വഴിപോക്കനും ചോദിച്ചു വരുന്നവർക്കും അടിമ മോചനത്തിനും നൽകുകയും നമസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും കരാറിൽ ഏർപ്പെട്ടാൽ അത് നിറവേറ്റുകയും വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാർ,അവരാകുന്നു സത്യം പാലിച്ചവർ അവർ തന്നെയാകുന്നു സൂക്ഷ്മാലുക്കൾ.(അൽബഖറ 177)എന്ന ഖുർആൻ സൂക്തം ഒരാളുടെ വിശ്വാസത്തിന്റെ പൂർണത ഉണ്ടാകുന്നത് വിശ്വാസകാര്യങ്ങൾ കൊണ്ടും ആരാധനകളും മാത്രമല്ലെന്നുംതന്റെ സഹലോകരെ ശാരീരികമായും സാമ്പത്തികമായും മാനസികമായും സഹായിക്കാൻ സന്നദ്ധരാവുമ്പോൾ കൂടിയാണെന്ന് സൂചിപ്പിക്കുന്നുണ്ട്.
നിരവധി ഹദീസുകൾ സാമൂഹിക സേവനത്തിന്റെ പ്രാധാന്യത്തിലേക്കും മേന്മകളിലേക്കും വെളിച്ചം വീശുന്നുണ്ട്.അബൂഹുറൈറ(റ )യിൽ നിന്നും നിവേദനം ചെയ്ത ഒരു ഹദീസിൽ കാണാം,തിരുനബി പറഞ്ഞു :”ആരെങ്കിലും ഐഹിക ലോകത്ത് ഒരു മുസ്ലിമിന് വന്നുപെട്ട വിപത്തും ദൂരീകരിച്ചു കൊടുത്താൽ പാരത്രിക ലോകത്ത് അവൻ അനുഭവിക്കുന്ന ദുരിതങ്ങളെ അള്ളാഹു ദൂരീകരിക്കുന്നതാണ്.ആരെങ്കിലും തന്റെ സഹോദരന്റെ ന്യൂനതകളെ മറച്ചു വെച്ചാൽ അള്ളാഹു അവന്റെ ന്യൂനതകളും മറച്ചു വെക്കുന്നതാണ്.ഒരാൾ തന്റെ സഹോദരനെ സഹായിക്കുമ്പോഴെല്ലാം അല്ലാഹു അവനെയും സഹായിക്കുന്നതായിരിക്കും”.പ്രയാസഘട്ടങ്ങളിൽ തന്റെ സഹോദരങ്ങളെ സഹായിക്കണമെന്നും മറ്റുള്ളവരുടെ കാര്യങ്ങൾ പക്വതയോടെയും സൂക്ഷ്മതയോടെയും മാത്രം കൈകാര്യം ചെയ്യണമെന്നും ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു.
ഇത്തരത്തിൽ വിശ്വാസി ചെയ്യുന്ന സർവ്വ സൽപ്രവർത്തികൾക്കും പ്രതിഫലമുണ്ട്.നന്മ ചെയ്യുന്നവരുടെ പ്രതിഫലത്തെ നാം ഒരിക്കലും പാഴാക്കി കളയില്ലെന്ന് അള്ളാഹു സൂറത്തുൽ കഹ്ഫിൽ വ്യക്തമാക്കുന്നുണ്ട്.മനുഷ്യരുടെ ഐക്യ പൂർണമായ നിർമ്മിക്കും കെട്ടുറപ്പിനും സാമൂഹികസേവനം അനിവാര്യമാണ്.പ്രതിഫലേച്ഛയോടുകൂടെയും പ്രത്യുപകാര പ്രതീക്ഷയില്ലാതെയും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴാണ് വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം ഫലപ്രദമാവുക.അല്ലാത്തപക്ഷം ഇവയെല്ലാം വൃഥാവിലാകും എന്നത് തീർച്ചയാണ്.
ചുരുക്കത്തിൽ വിശുദ്ധ ഇസ്‌ലാം അനുശാസിക്കുന്ന സാമൂഹിക, സേവന പ്രവർത്തനങ്ങളിൽ സജീവമാവുകയും അപരരോടും പ്രകൃതിയിലെ മറ്റു ജീവജാലങ്ങളോടും സഹവർത്തിത്വത്തോടെ പെരുമാറുകയും ചെയ്യുന്ന വിശ്വാസി സൃഷ്‌ടാവിന്റെ അടുക്കൽ പ്രിയപ്പട്ടവനും ഉന്നതനുമായി തീരുന്നതാണ്.
മുജ്തബ സി.ടി

LEAVE A REPLY

Please enter your comment!
Please enter your name here