സാമൂഹികബോധം

മുഹമ്മദ് ബാഖവി മാട്ടൂൽ

0
4152

വ്യക്തികൾക്ക് സമൂഹത്തോട് ചില ബാധ്യതകളുണ്ട്. ഉത്തരവാദിത്ത ബോധത്തോടെ അവ നിർവഹിക്കുകയും സാമൂഹിക സംവിധാനങ്ങളോട് കൂറുപുലർത്തുകയും ചെയ്യുന്നതാണ് സാമൂഹിക ബോധത്തിന്റെ താത്പര്യം. ഓരോരുത്തരുടെയും സ്ഥാനമാനങ്ങൾക്കും സേവന സൗകര്യങ്ങൾക്കും അനുസൃതമായി അവ വ്യത്യസ്തമായിരിക്കും. എല്ലാവരും ഇടയന്മാർ ആണെന്നും അവരുടെ കൂട്ടത്തെ സംബന്ധിച്ചു ചോദ്യം ചെയ്യപ്പെടുമെന്നും ഹദീസിൽ കാണാം. ‘ഭരണാധികാരി പ്രജകളെ സംബന്ധിച്ചും കുടുംബ നാഥനും ഗൃഹ നാഥയും അവരവരുടെ ഉത്തരവാദിത്തങ്ങളെ സംബന്ധിച്ചും ചോദിക്കപ്പെടും.’
സാമൂഹികബോധം ബാധ്യതകൾ ഏറ്റെടുക്കാനും നിർവഹിക്കാനും പ്രചോദനം നൽകുന്നു. ദൈവവിശ്വാസവും സമൂഹസ്‌നേഹവും തന്റെ കഴിവുകൾ പൊതുനന്മക്കും സമൂഹ പുരോഗതിക്കും വേണ്ടി വിനിയോഗിക്കാൻ പ്രേരിപ്പിക്കുന്നു. ഒരിക്കൽ തിരുനബി (സ) പറഞ്ഞു; ‘എല്ലാ മുസ്‌ലിമിനും ധർമം നിർബന്ധമാണ്’. അനുചരർ ചോദിച്ചു; ‘അതിനു വകയില്ലെങ്കിലോ?’, ‘കൈതൊഴിൽ ചെയ്യണം. അവനത് ഉപകരിക്കും, ധർമവും ചെയ്യാം’ തങ്ങൾ പ്രതിവചിച്ചു. സാധിക്കാത്തവർ നിസഹായരെ സഹായിക്കുക. അതു സാധ്യമല്ലെങ്കിൽ നന്മ ഉപദേശിക്കുക. അതുമല്ലെങ്കിൽ ”ഉപദ്രവം ചെയ്യാതിരിക്കുക. അതുതന്നെ ധർമമാണ്’ തിരുനബി (സ) അരുളി. കൂടെ ജീവിക്കുന്നവരെ പറ്റി ആലോചിക്കുകയും അവരുടെ ആവശ്യങ്ങളെ പരിഗണിക്കുകയും ചെയ്യാനുമുള്ള ആഹ്വനമാണ്— ഈ ഹദീസിൽ കാണുന്നത്.
സമൂഹത്തിലെ ഓരോ വ്യക്തിയും സാധ്യമായ സംഭാവനകൾ അർപിക്കുമ്പോൾ സമൂഹം പുരോഗതി പ്രാപിക്കുകയും നാഗരികതയും സംസ്‌കാരവും നിർമിക്കപ്പെടുകയും ചെയ്യുന്നു. വിശ്വാസികൾ, പരസ്പരം ബലമേകുന്ന കെട്ടിടം പോലെയാണെന്ന ഹദീസ് വചനം ഇവിടെ ശ്രദ്ധേയമാണ്. നന്മയുടെ മാർഗത്തിൽ പരസ്പരം സഹായിക്കാൻ വിശുദ്ധ ഖുർആനും ആഹ്വാനം ചെയ്യുന്നു. ഇത്തരം പരസ്പര സഹായവും സഹകരണവും തന്നെയാണ് സൗധങ്ങൾ ഉയർത്തുന്നതും ജനപദങ്ങളെ സൃഷ്ടിക്കുന്നതും.
സമൂഹ നിർമിതിയും സാമൂഹിക ബോധവും ആരംഭിക്കേണ്ടത് കുടുംബത്തിൽ നിന്നാണ്. മാതാപിതാക്കളെ ആദരിക്കുകയും  ഭാര്യ, സന്താനങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യണം. മാതാപിതാക്കളോടുള്ള ബാധ്യത വിശുദ്ധ ഖുർആൻ നിരന്തരം ഓർമപ്പെടുത്തുന്നുണ്ട്. കുടുംബ ബാധ്യതകൾ ഉൾപെടെ എല്ലാ ബാധ്യതകളെ സംബന്ധിച്ചും ചോദിക്കപ്പെടുമെന്നു വിശുദ്ധ ഹദീസും പഠിപ്പിക്കുന്നു. കുടുംബങ്ങളെ തുടർന്ന് അയൽവാസികളോടുള്ള ബാധ്യതകളും നിറവേറ്റപ്പെടണം. വിശുദ്ധ ഖുർആനിൽ അത് സംബന്ധിച്ചും വ്യക്തമായ നിർദേശങ്ങൾ കാണാം.
ഇപ്രകാരം സാമൂഹിക ബോധം സമൂഹ ജീവിതത്തെ ആസ്വാദ്യവും ക്രിയാത്മകവും ആക്കിത്തീർക്കുന്നു. വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള വിനിമയ വ്യവഹാരങ്ങൾ സമൂഹത്തെ ശക്തിപ്പെടുത്തന്നു. ഉയർന്ന സ്വഭാവ ഗുണങ്ങളും പെരുമാറ്റ രീതികളും ഊഷ്മളമായ വ്യക്തിബന്ധങ്ങളും അതിനാവശ്യമാണ്. മറ്റുള്ളവരെ അംഗീകരിച്ചു ആദരിക്കുന്ന, അഭിമാനവും സമ്പത്തും സംരക്ഷിക്കപ്പെടുന്ന, പരസ്പര ബഹുമാനത്തോടെയുള്ള സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കപ്പെടുന്ന ഉന്നതമായ ഒരു സമൂഹ സങ്കൽപമാണ് വിശുദ്ധ ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. ഒരു മുസ്‌ലിമിന്റെ നാവിൽ നിന്നും കൈയിൽനിന്നും മറ്റു ജനങ്ങൾ സുരക്ഷിതമാണെന്ന തിരുനബി (സ) യുടെ അസന്നിഗ്ധമായ പ്രഖ്യാപനം അതാണ് വിളംബരംചെയ്യുന്നത്.
സാമൂഹിക സംവിധാനങ്ങളെയും നിയമ വ്യവസ്ഥിതിയെയും അംഗീകരിക്കുന്നതും സാമൂഹിക ബോധത്തിന്റെ ഭാഗമാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും നാടിന്റെയും നാട്ടുകാരുടെയും പൊതുനന്മക്ക് വേണ്ടിയും ആണ് അവ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. മാത്രമല്ല, ഭതിക ജീവിതത്തിലെന്നപോലെ പരലോകത്തും അവ പ്രയോജനപ്രദമാണ്. ‘ഓരോരുത്തരും ചെയ്ത നന്മകൾ അവരുടെ കൺമുന്നിൽ ഹാജരാക്കപ്പെടുമെ’ന്ന വിശുദ്ധ വചനം അതാണ് അറിയിക്കുന്നത്.
വ്യക്തി ബന്ധങ്ങളിലും സാമൂഹിക ബോധത്തിന്റെ സ്വാധീനം വ്യക്തമാണ്. ഉന്നതമായ സംസ്‌കാരം കെട്ടിപ്പടുക്കപ്പെടുന്നതും ‘ദ്രമായ സമൂഹം സൃഷ്ടിക്കപ്പെടുന്നതും പരസ്പര ഇടപെടലുകളിലൂടെയാണ്. സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതമാകാനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെടാനും മനുഷ്യനെ നിർബന്ധിക്കുന്നത് അവന്റെ സാമൂഹിക ബോധമാണ്. ‘അടിമ അപരനെ സഹായിക്കുമ്പോഴെല്ലാം അല്ലാഹു അവനെ സഹായിക്കും’ എന്ന ഹദീസ് ഈ വിഷയത്തിലെ പ്രമാണവാക്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here