സാദാത്ത് അക്കാദമിയും സഹോദരന്‍ അയ്യപ്പനും

0
2603

കേരളത്തെ വീണ്ടും ജാതീയതയിലേക്ക് തള്ളിവിടുകയാണ് ഒരു സുന്നി സ്ഥാപനം. എത്ര ശ്രമകരമായാണ് സഹോദരന്‍ അയ്യപ്പനും ശ്രീ നാരായണ ഗുരുവും പ്രഭൃതികളും ഇവിടെ നിന്ന് ജാതീയതയെ തുടച്ചുനീക്കിയത്.
സയ്യിദ് വംശം ഇസ്ലാമിനകത്തെ എലൈറ്റ് വിഭാഗമാണ്. ഹിന്ദുക്കളിലെ ബ്രാഹ്മണരെപോലെ. തങ്ങള്‍കുട്ടികള്‍ക്ക് മാത്രം ഒരു സംരംഭമോ, അത് തള്ളപ്പെടേണ്ടതാണ്. ജാതി വിരുദ്ധ സമരങ്ങളുടെ ചുവട് പിടിച്ച് ഈ സ്ഥാപനത്തിനെതിരെയും സമരം ഉയര്‍ന്നുവരണം. ഇങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയയിലെ വിപ്ലവാഹ്വാനങ്ങള്‍. പക്ഷേ വിപ്ലവകാരികളെ നിരായുധരാക്കുന്നതായിരുന്നു സുന്നിപക്ഷത്തെ ഇടപെടലുകള്‍.

സജീര്‍ ബുഖാരി
ഇതൊരു സ്വതന്ത്ര പോസ്റ്റല്ല. ആദരണീയനായ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി സാദാത്ത് അക്കാഡമി എന്ന പേരില്‍ സ്ഥാപനം തുടങ്ങിയതിനെ മറയാക്കി അഹ്’ലു ബയ്തിനെതിരെ ബ്ബബ്ബബ്ബ… അടിക്കുന്ന ഒരാളുടെ പോസ്റ്റിനു കീഴില്‍ എഴുതിയ കമന്റുകളാണ്. അഭ്യുദയകാംക്ഷികളായ ചിലരുടെ താത്പര്യ പ്രകാരം സ്വതന്ത്രമായി പോസ്റ്റുന്നു.
ഇസ്ലാമില്‍ ജാതിയില്ല. സാദാത്ത് അക്കാഡമി ഉണ്ടാക്കുക വഴി ജാതിയതയും നമ്പൂരി വര്‍ഗവും ഇസ്ലാമില്‍ കൂടി ഉണ്ടാക്കുകയാണ് ലക്ഷ്യം //
എന്തിനു സാദാത്തുക്കള്‍ക്കു മാത്രം സ്ഥാപനം പണിയുന്നു? അവരെ മാത്രം പഠിപ്പിക്കാനായി ഇസ്ലാമില്‍ എന്താണുള്ളത്??// എപി വിഭാഗത്തില്‍ തങ്ങന്മാരുടെ കുറവു നികത്താന്‍ എല്ലാവരെയും ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള ശ്രമം// കച്ചവടമാണ് ലക്ഷ്യം // ഈ നമ്പൂരി സ്ഥാപനം അടിച്ചു പൊളിക്കണം….. (പോസ്റ്റു മുതലാളിയുടെയും കമന്റര്‍മാരുടെയും വിമര്‍ശനങ്ങളുടെ ചുരുക്കം).
സത്യത്തില്‍, ഈ പോസ്റ്റും കമന്റുകളും മറുപടി അര്‍ഹിക്കാത്ത വിധം വില കുറഞ്ഞതാണ്. ചിലത് അമ്പേ ബഡായി – അവഗണന മാത്രം അര്‍ഹിക്കുന്നത്.
ഒരു വിശ്വാസിയെപ്പറ്റി വായില്‍ വരുന്നതെല്ലാം പറയുന്നതിനു മുമ്പ് ചിന്തിക്കാമല്ലോ. ഹയാതിലുള്ള വ്യക്തിയെപ്പറ്റിയും സംരംഭത്തെപ്പറ്റിയുമല്ലേ ഇപ്പറയുന്നതെല്ലാം. നേരിട്ടന്വേഷിക്കൂ, എന്താണീ സംരംഭത്തിന്റെ ലക്ഷ്യമെന്ന്. ഇസ്’ലാമില്‍ ഒരു വരേണ്യ സവര്‍ണ ബ്രാഹ്മണ ജാതിയെ പടച്ചുണ്ടാക്കാനാണോ, എപി വിഭാഗത്തില്‍ തങ്ങള്‍മാരെ കുറവു നികത്താനോ, ബിസിനസിന്റെ ഭാഗമോ, അതല്ല, തന്റെ തന്നെ മക്കളുള്‍പ്പടെയുള്ള സാദാത്തുക്കള്‍ക്ക് വേണ്ടിയുള്ള ഒരു വൈജ്ഞാനിക സമുച്ചയമോ എന്ന്.

ഖലീല്‍ ബുഖാരി എന്ന വ്യക്തിത്വം ഇക്കാലമത്രയും സാദാത്തുക്കള്‍ക്ക് വേണ്ടി മാത്രമാണോ പ്രവര്‍ത്തിച്ചത്? വെറുതെ കണ്ണടച്ചു ഇരുട്ടാക്കരുത്. നബി സ്വ. മുസ്ലിംകളെ മാത്രം ലക്ഷ്യം വെച്ചാണോ വന്നത്? എന്നിട്ടു എന്തിനാ മുസ്ലിംകള്‍ക്കു മാത്രം സ്ഥാപനം, എല്ലാം തച്ചുടക്കണം

സാദാത്ത് അക്കാഡമി എന്ന പേരിട്ടാല്‍ ജാതിയത ആകുമെന്ന കണ്ടെത്തല്‍ അപാരം. ഗേള്‍സ് സ്‌കൂളോ ബോയ്‌സ് സ്‌കൂളോ നടത്തുന്നവര്‍ ലിംഗനീതി നിഷേധിച്ചുവെന്നു പറയാമോ? സാഹചര്യേണ കാണാവുന്ന നന്‍മകള്‍ മുന്‍നിര്‍ത്തിയുള്ള സംരംഭങ്ങള്‍ എന്നതില്‍ കവിഞ്ഞ് അധികപ്രസംഗം ആവശ്യമില്ലാത്ത കാര്യങ്ങളാണിതെല്ലാം. കേരളത്തില്‍ പലയിടത്തും ‘ഹാഫിളുകള്‍ക്കു മാത്രം’ സ്ഥാപനങ്ങള്‍ നടക്കുന്നുണ്ട്. അനാഥകള്‍ക്കു മാത്രം/ അഗതികള്‍ക്കു മാത്രം / റെസിഡന്‍ഷ്യല്‍ മാത്രം അങ്ങനെ പലതും. ഒരു സ്ഥാപനം ഏതെങ്കിലും വിഭാഗത്തിനു കാറ്റഗറൈസ് ചെയ്തതു കൊണ്ടു ജാതീയത ആരോപിക്കുന്നതിന്റെ അര്‍ഥം മനസ്സിലായില്ല.
പിന്നെ, അഹ്’ലുബൈത്ത്.
അവരെ ജാതിയായിട്ടല്ല, പ്രത്യേകം സ്‌നേഹവും പരിഗണനയും അര്‍ഹിക്കുന്നവരായാണ് മുസ്ലിം സമൂഹം ഇതഃപര്യന്തം കണ്ടത്. അതു വി.ഖുര്‍ആനിന്റെ താത്പര്യമാണ്.
ശൂറ 23.
അതു പൗരോഹിത്യത്തിനുള്ള വഴക്കമല്ല, ഖുര്‍ആനിനോടുള്ള വിധേയത്വമാണ്..
ഇസ്ലാമില്‍ പൈതൃകം/ പിതൃപരമ്പര പറയലാണ് ഉള്ളത് എന്നത് ശരി. അതേ സമയം
അഹ്‌സാബ് 33
എന്ന ആയത് അവതരിച്ചപ്പോള്‍ നബിതിരുമേനി സ്വ. അലി, ഫാത്വിമ, ഹസന്‍, ഹുസൈന്‍ – റളിയല്ലാഹു അന്‍ഹും – എന്നിവരെ അടുത്തു വിളിച്ചു. അവരെയെല്ലാവരെയും തങ്ങളെയും അടിയില്‍ വരുത്തുന്ന വിധം ഒരു പുതുപ്പു വിരിച്ചു പിടിച്ചു പറഞ്ഞു: ഇവരാണെന്റെ അഹ്’ലു ബൈത്ത്.
ആ കുടുംബത്തെ അഹ്’ലുല്‍ ബയ്താക്കി പ്രഖ്യാപിച്ചത് നബിതിരുമേനി സ്വ.യാണ്.

ഈ പറഞ്ഞ വിദ്വാനെ (ഹുസൈന്‍ കുറ്റൂര്‍ ) എനിക്കറിയില്ല. പക്ഷെ, ഒന്നറിയാം. വിജ്ഞാന പ്രഭ കൊണ്ടു ദിഗന്തങ്ങളില്‍ അത്ഭുതം വിളയിച്ച ഇമാം ശാഫിഈ നബി തിരുമേനി സ്വ. തിരുവഫാതിനു ഏതാണ്ടു പതിമൂന്നര പതിറ്റാണ്ടിനു പിന്നേയാണ് പിറന്നത്. അന്നു ഉപര്യുക്ത സംഭവത്തിലെ നാലു പേരും (അഹ്’ലുല്‍ കിസാഅ’) ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. പ്രത്യുത, അവരുടെ സന്താന പരമ്പരയില്‍ ജീവിച്ചിരുന്നവര്‍ എമ്പാടും ഉണ്ടായിരുന്നു. അവര്‍ അഹ്’ലു ബയ്താണെന്നു മഹാനവര്‍കള്‍ വിശ്വസിക്കുകയും അവരാണ് തന്റെ ഏക പിടിവള്ളി എന്നു പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. നബി തിരുമേനിയുടെ പ്രഖ്യാപനത്തിനു ആ മഹാഗുരു നല്‍കിയ വ്യാഖ്യാനമാണത്.
നിങ്ങള്‍ക്കു നബി തിരുമേനി സ്വ.യെ കൊള്ളുകയോ തള്ളുകയോ ചെയ്യാം. കൊള്ളുന്നതാണ് ഇസ്ലാം.

അബ്ദുറഹ്മാന്‍ പി.കെ.എം
ഹയ്യയ്യോ , അപ്പോള്‍ മലപ്പുറത്തെ മുസ്ലിംകള്‍ക്കിടയില്‍, സ്റ്റീല്‍ ബോംബും വംശീയതയും മാത്രമല്ല ഈ ജാതീയതും ഉണ്ടല്ലേ. സുഡാനി ഫ്രം നൈജീരിയ നിര്‍മ്മാതാക്കളില്‍ നിന്നും വംശീയ വിവേചനം നേരിട്ടതായി ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നൈജീരിയന്‍ സ്വദേശി സാമുവല്‍ ഡേവിഡ്സണ്‍ വെളിപ്പെടുത്തിയത് ഇന്നലെയാണ്. കേരളാ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകരും അനുഭാവികളും ആയവരുടെ മുന്‍കൈയില്‍ രൂപം കൊണ്ട സിനിമയാണ് അതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. വംശീയ വിവേചനം കാരണം ആ ചിത്രത്തില്‍ അഭിനയിച്ചതിനു അര്‍ഹിച്ച പ്രതിഫലം കിട്ടിയില്ല എന്ന ഒരു പരാതിയില്‍ യാതൊരു ഉത്കണ്ഠയും ഇതുവരെയും പ്രകടിപ്പിക്കാതിരുന്ന, ആ പരാതി ഏറ്റവും വേഗത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുമായിരുന്ന (അതിനു സാമുവലിന്റേതു ന്യായമായ പരാതിയാണെന്നു ബോധ്യപ്പെടാനുള്ള രാഷ്ട്രീയ ബോധം വേണമെന്നതു വേറെക്കാര്യം) ജമാഅത്തെ ഇസ്ലാമി നേതാക്കളായ സി ദാവൂദിനും കെ ടി ഹുസ്സൈന്‍ കുട്ടൂരിനും മൂന്നു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മഅദിന്‍ സാദത്ത് അക്കാദമിയില്‍ ഇന്നു രാവിലെ പൊടുന്നനെ ജാതീയത കാണേണ്ടി വന്നത് എന്തുകൊണ്ടായിരിക്കണം? മലപ്പുറത്തിന്റെ നന്മയില്‍ നിന്ന് മഅദിന്‍ അക്കാദമിയെ മൈനസ് ചെയ്യേണ്ടി വരുന്നതിന്റെ വിശ്വാസപരവും സാമൂഹികവും ആയ പരിസരം എന്തായിരിക്കും?

സി ദാവൂദ് എഴുതിയതു കണ്ടില്ലേ, ‘മഅദിന്‍ അക്കാദമി ഏറെ താല്‍പര്യമുണര്‍ത്തിയ ഒരു സ്ഥാപനമായിരുന്നു. വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളെ ആദരവോടെ നോക്കി നിന്നിട്ടുണ്ട്. മുമ്പ്, അവര്‍ സ്പാനിഷ് ഭാഷാ പഠനകേന്ദ്രം തുടങ്ങിയപ്പോള്‍ അതെക്കുറിച്ച് ഞാന്‍ പ്രബോധനം വാരികയില്‍ ലേഖനം എഴുതിയിരുന്നു’. പക്ഷേ സാദാത്ത് അക്കാദമി തുടങ്ങിയതോടെ അതു മൂപ്പര്‍ക്ക് ബ്രാഹ്മണ്യത്തിന്റെ ഇസ്ലാമിക് എഡിഷന്‍ ആയി. അങ്ങിനെയെങ്കില്‍ മഅദിന്‍ അക്കാദമിയില്‍, അവിടുത്തെ സ്പാനിഷ് അക്കാദമിയില്‍ ദാവൂദിനെ പോലെ ഒരാള്‍ക്ക് താല്പര്യമുണരാന്‍ എന്തെങ്കിലും ന്യായം ഉണ്ടോ? കാരണം ഒരു ‘ഇസ്ലാമിക് ബ്രാഹ്മിണ്‍’ തുടങ്ങിയ ‘നല്ല സംരഭങ്ങളില്‍’ ഒരു സമഗ്ര ഇസ്ലാമി സന്തോഷിക്കേണ്ട എന്തെങ്കിലും വകയുണ്ടോ? പുതുതലമുറ SSFകാര്‍ ഇതിനെതിരെ രംഗത്തുവരുമെന്നാണ് ദാവൂദ് സാഹിബിന്റെ പ്രതീക്ഷ. അപ്പോഴും മൂപ്പര്‍ക്ക് പഴയ എസ് ഐ ഓ പ്രവര്‍ത്തകരുടെ മുന്‍കൈയില്‍ രൂപം കൊണ്ട സുഡാനി ഫ്രം നൈജീരിയയിലെ നായകനു വേണ്ടി എസ് ഐ ഓ സമരം ചെയ്യുന്ന കാലം പ്രതീക്ഷിക്കാനാകുന്നില്ലല്ലോ. എസ് എസ് എഫ് എന്നാല്‍ എസ് ഐ ഒക്കാര്‍ വഴിയില്‍ ഉപേക്ഷിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന സോളിഡാരിറ്റിക്കാരാണ് എന്നാണ് മൂപ്പരുടെ ധാരണ എന്നു തോന്നുന്നു. മൂപ്പരുടെ പൊതുവില്‍ തന്നെയുള്ള രാഷ്ട്രീയ-സാംസ്‌കാരിക വിശകലന രീതിയുടെ നിലനില്‍പ്പ് തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പദാവലികളും ഉപമകളുമാണ്. ഹനുമാനസേനയില്ലാതെ ദാവൂദിന്റെ ഇടതു ലിബറല്‍ വിമര്‍ശനം പൂര്‍ത്തിയാകില്ലല്ലോ. അങ്ങിനെയൊരാള്‍ക്കു സുന്നികളെ വിമര്‍ശിക്കാന്‍ ബ്രാഹ്മണ്യത്തെ കൂട്ടുപിടിക്കേണ്ടി വരുന്നതില്‍ അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നു. ജയറാം ജനാര്‍ദ്ദനന്‍ പറഞ്ഞതു പോലെയുള്ള, ഇസ്ലാമിക് എപ്പിസ്റ്റാമോളോജിയൊക്കെ മുസ്ലിം ജാതി ശ്രേണിയിലെ ഏതു വിഭാഗങ്ങള്‍ക്കാണാവോ ബാധകം?

കെ ടി ഹുസൈന്‍ പിന്നെ വലിയ നേതാവായതു കൊണ്ട് മൂപ്പര്‍ ‘ഇസ് ലാമിനെയും മുസ് ലിംകളെയും കുറിച്ച വികല ധാരണകള്‍ ഉല്‍പാദിപ്പിക്കുന്ന ഈ ഉദ്യമത്തില്‍ നിന്ന് മഅ്ദിന്‍ സ്ഥാപനങ്ങളുടെ ഉത്തരവാദപെട്ടവര്‍ പിന്‍മാറണം’ എന്നു ശക്തമായി ആവശ്യപ്പെടുകയാണ് ചെയ്തിരിക്കുന്നത്. വിദ്ധ്യാഭ്യാസ രംഗത്ത് ഗുണകരമായ പല നൂതന പദ്ധതികളും കൊണ്ട് വന്ന് പേരെടുത്ത സ്ഥാപനമാണ് മഅ്ദിന്‍ എന്നും ആ സല്‍പ്പേര് നശിപ്പിക്കരുത് എന്നുമാണ് അദ്ദേഹത്തിന്റെ ഉപദേശം. സാദത്ത് അക്കാദമി മൈനസ് ചെയ്താല്‍ മഅദിന്‍ സ്ഥാപനങ്ങളോട് യാതൊരു എതിര്‍പ്പും ഇല്ലാത്തവരാണല്ലോ ഹുസൈനും ടീമും. നല്ല നല്ല ആവശ്യങ്ങള്‍.! വിഭാഗീയവും സംഘടനാപക്ഷപാതിത്വവും ഇല്ലാത്ത ഇത്തരം ഉപദേശകര്‍ ഉള്ളതാണ് ഈ സമുദായത്തിന്റെ ഐശ്വര്യം. പണ്ടൊരിക്കല്‍ സുബ്ഹി നിസ്‌കരിക്കാത്ത ആളുകളെ കൊണ്ട് സുന്നി പ്രസിദ്ധീകരണങ്ങളില്‍ എഴുതിപ്പിക്കരുതെന്നു ഉപദേശിച്ചതും ഇക്കൂട്ടരില്‍ ഒരാളായിരുന്നല്ലോ.

പിന്നെ, ‘ഫാസിസത്തിന്റെ വരവും ഇടതു ലിബറല്‍ സവര്‍ണ്ണ വേട്ടയാടലും ബാധകമല്ലാത്ത’ സമൂഹമായതു കൊണ്ട്, സുന്നികളെ പറ്റിയുള്ള
ഈ ചര്‍ച്ചകളെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. Abdurahman Pkm

നൂറുദ്ദീന്‍ മുസ്തഫ
മഅദിന്‍ സാദാത്ത് അകാഡമിയിലേക്ക് കേരളത്തിലെ സയ്യിദ് കുടുംബത്തില്‍ നിന്ന് എത്ര പേര്‍ വരും? ഒരു വലിയ തോതിലുള്ള തള്ളിക്കയറ്റമോ, ഒഴുക്കോ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ചെറിയ ശതമാനം അതു തന്നെ മതപഠനത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ താത്പര്യപ്പെടുന്നവര്‍ മാത്രമേ അവിടെ വരുന്നുള്ളൂ. ബാക്കി വരുന്ന സയ്യിദന്മാര്‍ മുഴുവനും ഇവിടെത്തന്നെയുണ്ട്. അപ്പോള്‍ പിന്നെ സാദാത്ത് അകാഡമി എന്ന ആശയം കേരളത്തിലെ പൊതുമണ്ഡലത്തില്‍ സജീവമായി ഇടപെടുന്ന സയ്യിദ് കൂടിയായ ഒരു മത പണ്ഡിതന്‍ തുടങ്ങുന്നതിന്റെ ലോജിക് തിരിയാന്‍ വലിയ ആലോചനകള്‍ വേണ്ടി വരും എന്ന് തോന്നുന്നില്ല.

ഇവിടെ ആത്യന്തിക പ്രശ്‌നം സാദാത് അകാഡമിയെ ചുറ്റിപ്പറ്റിയല്ല കൂടുതല്‍ നടക്കുന്നത് എന്നതാണ് വാസ്തവം. തങ്ങന്മാര്‍, മുസ്ലിംകളിലെ ജാതി, സവര്‍ണ്ണം-അവര്‍ണ്ണം, മുസ്ലിം ബ്രാഹ്മണിസം, കറുപ്പ്-വെളുപ്പ് തുടങ്ങിയ കീ വേര്‍ഡുകളിലേക്ക് സംവാദങള്‍ ഏറെ പരിമിതപ്പെട്ടു എന്നതു തന്നെ, സെകുലര്‍ മൊഡേണിസ്റ്റുകളിലും, പൊളിറ്റികല്‍ ഇസ്ലാമിസ്റ്റുകളിലും ജാതീയതയുടെ നിറം കെട്ട അംശങല്‍ എത്രത്തോളമാണ് എന്ന് വെളിവാക്കുന്നുണ്ട്.

കൊളോണിയല്‍ ആധുനികതയുടെ തീര്‍ത്തും ജാതീയവും, വംശീയവുമായ അകാഡമിക് ടെറയ്‌നിലൂടെ ഭാരതീയ സാമൂഹിക ശാസ്ത്രവും, ആഫ്രോ-അമേരിക്കന്‍ നരവംശശാസ്ത്രവും വായിച്ച തിടുക്കത്തില്‍, അതേ ഫ്രേം വര്‍ക്കു തന്നെ മുസ്ലിം ആത്മീയ-സാമൂഹിക ഇടങ്ങളിലേക്ക് തിരിച്ചു വെച്ച് നോക്കിയപ്പോള്‍ സംഭവിച്ച ചിന്താപരമായ കാഴ്ചക്കുറവായിട്ടെ ഇതിനെ കണാനൊക്കൂ.

ഇവിടെ രണ്ട് കാര്യങ്ങള്‍ പ്രധാനമയിട്ടുണ്ട്. ഒന്ന്:
സയ്യിദന്മാരോടുള്ള പാരമ്പര്യ മുസ്ലികളുടെ സമീപനം വിശ്വാസപരമാണ്. അത് ‘മഹബ്ബത്തുറസൂലിന്റെ’ വിപുലമായ തോതിലേക്ക് കൂടി വ്യാപിക്കുമ്പോള്‍ സയ്യിദന്മാരെ ‘ആശിഖീങ്ങള്‍’ പരിഗണിക്കുന്നത് അവരുടെ വിശ്വാസത്തില്‍ തന്നെ അതി പ്രധാനമായ പ്രവാചക പ്രണയത്തിന്റെ ഭാഗം കൂടിയാണ്. ഈ പരിഗണന സമുദായം സയ്യിദന്മര്‍ക്ക് നല്‍കുന്നതോടൊപ്പം തന്നെ, ‘ഉമ്മത്തിന്റെ’ ഗുണകാംക്ഷ എന്നത് തങ്ങളുടെ അതിപ്രധാന ദൗത്യമായി സയ്യിദന്മാരും കാണുമ്പോള്‍ ചിലപ്പോഴൊക്കെ സുപ്രധാന നേതൃപദവികളിലേക്ക് അവര്‍ കടന്നു വരികയും ചെയ്യുന്നു.

രണ്ട്: ഉമ്മത്തിന്റെ ഘടനാപരമായ പാരമ്പര്യ രീതി അനുസരിച്ച് ഉലമയെ പ്രവാചകത്വത്തിന്റെ പിന്മുറക്കാരായിട്ടാണ് പരിഗണിച്ചു പോരുന്നത്. ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥിതിയില്‍ പോലും ഉലമയുടെ ഉപദേശക സാന്നിധ്യം പ്രധാനമാണ്. മുസ്ലിം സാമൂഹീകരണ പ്രക്രിയയില്‍ അവരുടെത്തന്നെ മൗലിക കാര്യങ്ങളെ നിര്‍വ്വചിച്ചും, പുനര്‍നിര്‍വചിച്ചും ഉലമ നടത്തുന്ന ഇടപെടലുകള്‍ക്കിടയിലാണ് ഒരു സമൂഹമെന്നതിലുപരി ഒരു നാഗരിക തലത്തിലേക്ക് ഉമ്മത്ത് വളര്‍ച്ചയുടെ മാപിനികള്‍ നിര്‍മ്മിച്ചെടുക്കുന്നത്.

ഈ രണ്ട് സുപ്രധാന ഘടകങളെയാണ് മഅദിന്‍ എന്ന സ്ഥാപനം ഇവിടെ ഒരുമിപ്പിക്കുന്നത്. അതിനര്‍ത്ഥം കേരളത്തിലെ മുഴുവന്‍ തങ്ങന്മാരെയും ഒരു കെട്ടിടത്തുനുള്ളില്‍ ഇരുത്തി സവിശേഷമായ എപിസ്റ്റമോളജിയിലൂടെ പ്രത്യേക തരം സോഷ്യല്‍ മെതഡോളജി രൂപപ്പെടുത്തുകയും, അങ്ങിനെ ആര്‍ക്കും തൊടാന്‍ കഴിയാത്ത ഒരു തരം പ്രത്യേക ജീവികളാക്കി അവരെ പരിണമിപ്പിക്കുകയും ചെയ്യുന്ന ഫിനോമിന ഇവിടെ നടത്തുന്നുണ്ട് എന്ന് തോന്നുന്നില്ല.

അപ്പോള്‍ പിന്നെ ശരിയാക്കേണ്ടത് ഈ സ്ഥപനത്തിന്റെ പദ്ധതിയേക്കാളും, മുസ്ലിം സമൂഹത്തിന്റെ അകത്തേക്ക് നോക്കാന്‍ സ്വീകരിക്കപ്പെടുന്ന ഉപകരണങ്ങളെയാണ്. വിശ്വാസത്തിന്റെ ലോജിക്ക്, പ്രത്യേകിച്ചും എല്ലാത്തിലും സവിശേഷമായി ആത്മീയതയുടെ അംശം തേടിപ്പോവുന്ന വിഭാഗങ്ങളുടെ ജീവിത ഇടപാടുകളെയും, സാമൂഹിക പ്രക്രിയകളെയും- അത്തരം ഉപാദികളൊന്നും പരിഗണിക്കപെടാത്ത ആധുനികതയുടെയും, മതമൗലികവാദത്തിന്റെയും, പുരോഗമന ചിന്താഗതിയുടെയും ലെന്‍സുകള്‍ വെച്ച് അളന്ന് തിട്ടപ്പെടുത്തി വരക്കുന്ന മുസ്ലിം ചിത്രങ്ങളില്‍ മതം തീരെ ഉണ്ടാവില്ല എന്നതാണ് സത്യം. മുസ്ലിംകളിലേക്ക് നോക്കാന്‍ അവരുടെ തന്നെ ഉപാദികളെ ഉപയോഗിക്കാതെ ബാഹ്യമായ ടൂള്‍സ് കടമെടുത്ത് പ്രയോഗിക്കുമ്പോള്‍, പുതിയ ബെന്‍സ് കാറിന് പഴയ ഫിയറ്റിന്റെ എഞ്ചിന്‍ ഫിറ്റ് ചെയ്ത് പോലെ ഉണ്ടാവും.

മുഹമ്മദ് സാബിത്
പ്രവാചക കുടുംബത്തോടുള്ള സ്‌നേഹം ഇസ്ലാം മത വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം മുസ്ലിംകളും. അഥവാ മുസ്ലിം വിശ്വാസത്തിന്റെ ഭാഗമാണ് അവരെ സംബന്ധിച്ചടുത്തോളം പ്രവാചക കുടുംബത്തോടുള്ള സ്‌നേഹം. ഒരു വ്യക്തിയോടുള്ള ഏറ്റവും വലിയ സ്‌നേഹ പ്രകടനങ്ങളില്‍ ഒന്ന് അയാളുടെ മക്കളെ സ്വാലിഹീങ്ങള്‍ ( സജ്ജനങ്ങള്‍ ) ആക്കലാണ് എന്നും അതിന്റെ ഭാഗമായാണ് താന്‍ സദാത്ത് അക്കാദമി തുടങ്ങുന്നതെന്നും മുമ്പ് ഖലീല്‍ തങ്ങള്‍ പറഞ്ഞിരുന്നതായി അദ്ദേഹത്തിന്റെ ഒരു ശിഷ്യന്‍ പറഞ്ഞതു കണ്ടു. അപ്പോള്‍ മറ്റു പല കാരണങ്ങള്‍ക്ക് പുറമെ പ്രവാചകനോടും അവിടുത്തെ കുടുംബത്തോടുമുള്ള സ്‌നേഹത്തിന്റെ ഭാഗമായിക്കൂടിയാണ് അദ്ദേഹം ഈ സ്ഥാപനത്തെ മനസ്സിലാക്കുന്നത്. അപ്പോള്‍ ഫാറൂഖ് കോളേജിലെ ‘സത്രീ വിരുദ്ധത’യെയും ചേലാകര്‍മ്മം പ്രാകൃത ആചാരം ആണ് എന്ന ആരോപണത്തേയും പ്രതിരോധിച്ച അതേ ആശയാവലികള്‍ കൊണ്ട് പ്രതിരോധിക്കേണ്ട ഒന്നാണ് സാദാത്ത് അക്കാദമി. അതായത് മുസ് ലിം സ്വത്വാവിഷ്‌കാരമെന്ന് പലരും പറയുന്നതിന്റെ മറ്റൊരു തലം.
ചുരുക്കിപ്പറഞ്ഞാല്‍ എസ് ഐ ഒ ക്കാര്‍ മുന്നണി പോരാളികള്‍ ആകേണ്ട മറ്റൊരു സമരം. അഥവാ തൃപ്പൂണിത്തറയിലെ ഘര്‍ വാപ്പസി കേന്ദ്രത്തിനെതിരെ ഒരു വാക്ക് പോലും മിണ്ടാത്തവര്‍ മലപ്പുറത്തെ സാദാത്ത് അക്കാദമി അടച്ച് പൂട്ടാന്‍ നിയമപരമായി നടപടി എടുക്കണം എന്നു പറയുന്ന മുസ്ലിംകളുടെ അപ്പോളജറ്റിക് നിലപാടിനെയും ഇസ്ലാമോഫോബിയയെ കുറിച്ചും മാധ്യമത്തില്‍ നെടുനീളം ലേഖനം വരേണ്ട ദിവസങ്ങള്‍. ഈ ലേഖനം എഴുതാന്‍ ഏറ്റവും യോഗ്യതയുള്ള സി ദാവൂദാണ് സാദത്ത് അക്കാദമിയെ കുറിച്ചുള്ള പുതിയ പ്രശ്‌നങ്ങളുടെയെല്ലാം തുടക്കക്കാരന്‍ എന്നത് ഇസ്ലാമിസ്റ്റുകള്‍ പറഞ്ഞു കൊണ്ടിരിക്കുന്ന സ്വത്വവാദത്തിന്റെ തന്നെ പ്രശ്‌നമായാണോ മനസ്സിലാക്കേണ്ടത്? അഥവാ വന്നു വന്നു ഹനുമാന്‍ സേനയുടെ മുസ്ലിം സ്വത്വ വാദി വേര്‍ഷനും വന്നു കഴിഞ്ഞോ? ഇവിടെ ഇത്തരം ഇസ്ലാമിസ്റ്റുകളുള്ളപ്പോള്‍ മുസ്ലിം സ്വത്വാവിഷ്‌കാരങ്ങളെ പ്രതിസന്ധിയിലാക്കാന്‍ മറ്റൊരു ഹനുമാന്‍ സേനയുടെ ആവശ്യമുണ്ടോ? അതിലും മനോഹരമായിട്ടല്ലേ ഇവരൊക്കെ ആ റോളുകള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്?
ഇസ്ലാമിസ്റ്റുകള്‍ ആഘോഷിക്കുന്ന മുസ്ലിം സ്വത്വം മുസ്ലിംകളില്‍ നിന്ന്, അവര്‍ക്കിടയിലെ സുന്നി, സലഫി, മൗദൂദി ധാരകളെയും തലോടി സുന്നികളിലെ സയ്യിദന്മാരിലേക്കു എത്തുമ്പോഴേക്കും സ്വത്വ വാദം ഒരു മാതിരി വിത്ഡ്രോവല്‍ സിന്‍ഡ്രോം കാണിക്കുകയാണ് എന്നു വേണോ കരുതാന്‍? അതായത്, സ്വത്വത്തിലേക്കു മടങ്ങിക്കോളൂ, പക്ഷേ, വഴിക്കു വെച്ചു യാത്ര അവസാനിപ്പിച്ചേക്കണം എന്നതാണോ ഈ സ്വത്വ രാഷ്ട്രീയത്തിന്റെ ആഹ്വാനം? അതിലും ബഹു രസകരമാണ് ഇസ്ലാമിസ്റ്റുകളില്‍ നിന്ന് ഇത്തരത്തിലുള്ള സ്വത്വവാദം വാദം പഠിച്ചുകൊണ്ടിരിക്കുന്ന ചില സുന്നികളുകളുടെ കാര്യം. ഇവര്‍ ഇങ്ങനെ പോയാല്‍ കുറച്ച് കഴിഞ്ഞാല്‍ കേരളത്തിലെ തങ്ങന്‍മാര്‍ക്കിടയിലെ പാണക്കാട് തങ്ങന്‍മാര്‍ക്കുളള ഇപ്പോഴത്തെ അധിക പ്രവിലേജിനെ മുസ് ലിം മേല്‍ജാതിയിലുള്ള ഉപജാതി എന്നൊക്കെ പറഞ്ഞ് കളയുമോ. ലീഗിന്റെ അധികാര സ്ഥാനത്ത് മേല്‍ ജാതി വിവാഹങ്ങളിലുള്ളത് പോലുള്ള വംശ ശുദ്ധി കാത്ത് സൂക്ഷിക്കുന്നത് എന്തിനാണ് എന്നൊക്കെ ചോദിച്ച് കളയുമോ? സാദാത്ത് അക്കാദമിയെ ഹിന്ദു ജതീയതയെ ലഘൂകകരിക്കുന്ന തരത്തില്‍ നമ്പൂതിരി ക്യാമ്പസ് എന്നൊക്കെ പറഞ്ഞ ഈ ടീമുകളുടെ സ്വത്വവാദം അതിന്റെ മടക്കയാത്ര എവിടെ വെച്ചായിരിക്കും ആരംഭിക്കുക?

LEAVE A REPLY

Please enter your comment!
Please enter your name here