സഹനശീലം

ഹബീബ് ഉമര്‍ ബിന്‍ ഹഫീള്

0
3330

ആത്മീയതയുടെ ആനന്ദം 3
പ്രവാചകന്മാര്‍ക്ക് അല്ലാഹു നല്‍കിയ ഗുണഗണങ്ങളില്‍ പ്രധാനമാണ് സഹനം. വിശുദ്ധ ഖുര്‍ആനില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ അല്ലാഹുവിന്റെ വിശേഷണമായി ഹലീം( സഹനശീലന്‍) എന്ന് കാണാം. സഹനശേഷിയുള്ളവരാണ് ജനങ്ങള്‍ക്കിടയില്‍ നിന്നും നേതൃപദവിയിലേക്കെത്തുന്നത്. അതുകൊണ്ട് സഹനശീലം നല്ലൊരു സ്വഭാവവിശേഷണമാണ്. ആഴത്തിലുള്ള അറിവ് നേടുന്നതിന് അനിവാര്യമായ ഘടകമാണ്.
മനസ്സില്‍ കോപാഗ്‌നി കത്തിയാളുമ്പോള്‍ ശരീരത്തെ കീഴ്‌പ്പെടുത്തി നിയന്ത്രണ വിധേയമാക്കുകയെന്നതാണ് ഏറ്റവും വലിയ സഹനം.
ഉപദേശം തേടി പല പ്രാവശ്യം തിരുനബി(സ)യെ സമീപിച്ചയാളോട് ആവര്‍ത്തിച്ച് പറഞ്ഞത്, ‘നീ കോപിക്കരുത്’ എന്നായിരുന്നു.
തിരുനബി (സ) പറഞ്ഞു: ‘കായിക ശേഷിയുള്ളവനല്ല, ദേഷ്യം വരുമ്പോള്‍ ശരീരത്തെ നിയന്ത്രിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ ശക്തന്‍’
കോപം വരുമ്പോള്‍ പരിസരം മറന്ന് പെരുമാറുന്ന സാഹചര്യമുണ്ടാവരെതെന്ന് സാരം.

ജീവിതത്തില്‍ പല ഘട്ടങ്ങളില്‍ ദേഷ്യപ്പെടേണ്ടി വരുന്ന സമയങ്ങള്‍ ഓരോരുത്തര്‍ക്കുമുണ്ടാവും. മനസിനെ കീഴ്‌പ്പെടുത്തി ശരീരത്തിന്റെ അനിയന്ത്രിത ചലനങ്ങളെ പാകപ്പെടുത്തി മുന്നോട്ട് പോകണം. മത നിയമങ്ങളില്‍ നിന്നും തിരുനബി (സ) യുടെ ജീവിതത്തില്‍ നിന്നും സഹനത്തിന്റെ ഉദാത്ത മാതൃകകള്‍ സ്വീകരിക്കണം. നീ കോപിക്കാന്‍ കാരണമാവുന്ന സാഹചര്യങ്ങള്‍ ഇല്ലാതെയാക്കുകയും നിന്റെ മനസിനെ മലിനമാക്കുന്നവരെ അഭിമുഖീകരിക്കാതിരിക്കുകയും വേണം. ദുഷ്‌കൃതങ്ങളെ നന്മ കൊണ്ട് നേരിടുകയും അല്ലാഹുവിന്റെ പ്രീതി നേടാന്‍ സഹനശീലനാവുകയും ചെയ്യുക.
മനുഷ്യ ജീവിതത്തിലെ സങ്കീര്‍ണമായ അനേകം പ്രശ്‌നങ്ങളെ നിഷ്പ്രഭമാക്കാന്‍ സഹനം കാരണം സാധിക്കുന്നു. കോപത്തിന്റെ തീക്ഷണഭാവത്തില്‍ അവന്‍ പറയുന്ന ഒരു വാക്കോ പ്രവര്‍ത്തനമോ മതി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍. അതിനാല്‍ കോപിക്കുമ്പോള്‍ അല്ലാഹുവിന്റെ കോപത്തെ ഓര്‍ക്കുക. അഥവാ അവന്റെ അധികാരത്തിന്റെ വലിപ്പത്തെയും ശക്തിയെയും നീ ഭയക്കുക. നിന്റെ പ്രതിയോഗിയുമായി നീ മല്ലിടുമ്പോള്‍ അവനെതിരെ പൊരുതാനുള്ള ശേഷി തന്ന അല്ലാഹുവിനെക്കുറിച്ച് നീ ചിന്തിക്കുക.

അല്ലാഹു പറയുന്നു: ‘ഒരു തിന്മ ഒരു തിന്മയുടെ അതുപോലുള്ള ശിക്ഷയാണ്. ആരെങ്കിലും മാപ്പ് നല്‍കുകയും രജ്ഞിപ്പുണ്ടാക്കുകയുമാണെങ്കില്‍ അവനുള്ള പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു. തീര്‍ച്ച, അവന്‍ അക്രമം പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുകയില്ല’ (ശൂറ 40)
വിട്ടുവീഴ്ച ചെയ്യുന്നവര്‍ക്ക് പരലോകത്ത് അല്ലാഹുവിന്റെ പ്രത്യേക പരിഗണനയുണ്ട്. വിചാരണയില്ലാതെ സ്വര്‍ഗപ്രവേശം സാധിക്കുമെന്ന് വരെ ഹദീസില്‍ കാണാം. തന്റെ പ്രതിയോഗിയെ നേരിടാനുള്ള സാഹചര്യങ്ങള്‍ പൂര്‍ണമായും അനുകൂലമായിട്ടും അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്ത് അതുപേക്ഷിക്കുന്നതാണ് സഹനം. അവര്‍ക്ക് അല്ലാഹുവിന്റെയടുക്കല്‍ വലിയ സ്ഥാനമാണുള്ളത്.
ഒരിക്കല്‍ തിരുനബി (സ്വ) യും അനുചരന്മാരും യുദ്ധം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയില്‍ ഒരു താഴ്‌വരയില്‍ വിശ്രമിക്കാനിറങ്ങി. തിരുനബി(സ) തന്റെ വാള്‍ മരക്കൊമ്പില്‍ തൂക്കിയിട്ട് താഴെ തട്ടം വിരിച്ച് കിടന്നുറങ്ങി. ശത്രുപക്ഷത്തെ ഒരാള്‍ തിരുനബി(സ) ഒറ്റക്ക് കിടക്കുന്നത് കണ്ട് പതുക്കെ അവിടെയെത്തി. മരച്ചില്ലയില്‍ നിന്ന് വാളെടുത്ത് ഉയര്‍ത്തിപ്പിടിച്ച് നബിയോട് ചോദിച്ചു: മുഹമ്മദേ നിന്നെ രക്ഷിക്കാനാരുണ്ട്?
തിരുനബി (സ) അങ്ങേയറ്റത്തെ ആത്മവിശ്വാസത്തോടെ പറഞ്ഞു: ‘അല്ലാഹുവുണ്ട്!’
ഇതു കേട്ട് പതറിയ അയാളുടെ കയ്യില്‍ നിന്ന് വാള്‍ താഴെ വീണു.
തിരുനബി (സ) എഴുന്നേറ്റ് വാള് കൈപ്പിടിയിലൊതുക്കി അയാളോട് ചോദിച്ചു: ‘ഇപ്പോള്‍ നിന്നെ ആര് രക്ഷിക്കും?’
ഭയപ്പെട്ട അയാള്‍ ദയക്ക് വേണ്ടി കേണുകൊണ്ട് പറഞ്ഞു: ‘ആരുമില്ല, എന്നോട് മാന്യമായി പെരുമാറിയാലും’
തിരുനബി (സ) അയാള്‍ക്ക് മാപ്പു കൊടുത്ത് വെറുതെ വിട്ടു.
അദ്ദേഹം തിരിച്ചുചെന്ന് തന്റെ ഗോത്രത്തെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്തു..!
സ്വഭാവമഹിമ കൊണ്ട് ശത്രുക്കളുടെ ഹൃദയങ്ങളെ നിര്‍മലമാക്കുകയാണ് തിരുനബി(സ) ചെയ്തത്.
സഹനം പരിശീലനത്തിലൂടെ സ്വായത്തമാക്കേണ്ടതാണ്. ‘വിജ്ഞാനം അധ്വാനത്തിലൂടെ മാത്രമേ നേടാന്‍ സാധിക്കൂ. സഹനവും പ്രയത്‌നത്തിലൂടെ നേടാനേ കഴിയൂ.’ എന്ന് ഒരു ഹദീസില്‍ കാണാം.
അഥവാ ശരീരത്തോട് പൊരുതുകയും കോപത്തെ ഒതുക്കുകയും ചെയ്യണം.
അല്ലാഹു പറയുന്നു:’ കോപം ഒതുക്കി വെക്കുകയും മനുഷ്യര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുന്നവര്‍ക്ക് സ്വര്‍ഗമുണ്ട്” (ആലുഇംറാന്‍)
തന്റെ അടിമസ്ത്രീയില്‍ നിന്നും ഒരു പാത്രം ദേഹത്ത് വീണ് ഇമാം അലി സൈനുല്‍ ആബിദീന്‍ (റ)ന്റെ കുഞ്ഞ് മരിച്ചു. അടിമസ്ത്രീ ഇമാമിനോട് ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ച് കൊണ്ട്പറഞ്ഞു: ‘കോപം ഒതുക്കി വെച്ചവര്‍ക്ക് സ്വര്‍ഗമുണ്ട്’
ഇമാം: ഞാന്‍ കോപം ഒതുക്കി വെച്ചിരിക്കുന്നു.
അടിമ: മനുഷ്യര്‍ക്ക് മാപ്പു നല്‍കുന്നവര്‍ക്കാണ് സ്വര്‍ഗം
ഇമാം: നിനക്ക് ഞാന്‍ മാപ്പ് തന്നിരിക്കുന്നു.
അടിമ: സല്‍കര്‍മകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു.
ഇമാം: അല്ലാഹു വിന്റെ മാര്‍ഗത്തില്‍ നിന്നെ ഞാന്‍ സ്വതന്ത്രയാക്കിയിരിക്കുന്നു.
നോക്കൂ, സഹനത്തിന്റെ ഉദാത്ത മാതൃക.
അല്ലാഹുവിന്റെ ഇഷ്ട ദാസന്‍മാരുടെ വിശേഷണമാണിത്.
മറ്റൊരു ഹദീസില്‍ കാണാം, ‘പ്രതികാരം ചെയ്യാന്‍ കഴിവുണ്ടായിട്ടും കോപം ഒതുക്കിയാല്‍, അവന്റെ ഹൃദയത്തില്‍ അല്ലാഹു വിശ്വാസവും സമാധാനവും നിറക്കും’
വിശ്വാസികള്‍ക്ക് ഇനിയും കോപിക്കാന്‍ കഴിയുമോ?

അല്ലാഹുവിന് വേണ്ടിയുള്ള കോപമാണ് യഥാര്‍ത്ഥ കോപം. തിരുനബി(സ)യുടെ ചരിത്രം അങ്ങനെയാണ് നമ്മെ പഠിപ്പിക്കുന്നത്. സ്വന്തം ശരീരത്തിന് വേണ്ടി തിരുനബി(സ) ഒരിക്കലും കോപിച്ചിട്ടില്ല.
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം, അല്ലാഹുവിന്റെ ശരീഅത്തിനെ സംരക്ഷിക്കുന്നതിനും സത്യമതത്തോടുള്ള താത്പര്യം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് കോപിക്കേണ്ടത്. പ്രകൃതിയാതന്നെ ദേഷ്യം പിടിക്കാന്‍ ഒരാള്‍ക്ക് കഴിയില്ലായിരുന്നെങ്കില്‍ ധര്‍മസമരവും അതുവഴി മതത്തെ സഹായിക്കലും എങ്ങനെ സാധിക്കും? മനുഷ്യപ്രകൃതിയില്‍ അല്ലാഹു നല്‍കിയ, കോപിക്കാനുള്ള കഴിവിന്റെ യുക്തി ഇതാണ്.
അഥവാ, ഇതിനെ അല്ലാഹുവിന്റെ തൃപ്തിയനുസരിച്ച് ഉപയോഗിക്കണമെന്നാണ് മതം ഉദ്‌ഘോഷിക്കുന്നത്. അപ്പോഴാണ് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മസമരവും ദീനിനോടുള്ള അഭിനിവേശവും നിലനില്‍ക്കുകയുള്ളൂ.
ഇനി ഒരു ആത്മവിചിന്തനം നടത്തുക, നാമൊക്കെ എപ്പോഴാണ് കോപിക്കാറുള്ളത്? ഐഹികമായ ചില വിഷയങ്ങള്‍ ക്രമരഹിതമാകുമ്പോള്‍ അല്ലെങ്കില്‍ നിന്നെ ആരെങ്കിലും പ്രയാസപ്പെടുത്തുമ്പോള്‍. എന്നാല്‍, നിസ്‌കാരം പോലെ നിര്‍ബന്ധ കര്‍മങ്ങള്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍ കോപിക്കാറില്ലല്ലോ. വിശ്വാസികളെ ആരെങ്കിലും അസഭ്യം വിളിക്കുമ്പോള്‍ നീ ആകുലപ്പെടാറുമില്ല. റബ്ബിന്റെ സവിധത്തിലെത്തും മുമ്പ് നിന്റെ ആത്മാവിനെ നന്നാക്കുക. സ്വഭാവത്തെ നീ സംസ്‌കരിക്കുകയും ചെയ്യുക.
നോക്കൂ, നിന്റെ കൂട്ടുകാരോടും വീട്ടുകാരോടും എപ്പോഴാണ് നീ ദേഷ്യപ്പെടാറുള്ളത്? ചെറിയ സാമ്പത്തിക നഷ്ടം വരുമ്പോള്‍, ആഹാരത്തിന്റെയും വസ്ത്രത്തിന്റെയും പേരില്‍..!
യഥാര്‍ത്ഥത്തില്‍ നീ ദേഷ്യം പിടിക്കേണ്ടത്, നിന്റെ കൂട്ടുകുടുംബത്തില്‍ നിര്‍ബന്ധ കര്‍മങ്ങള്‍ ഉപേക്ഷിക്കുന്നത് കാണുമ്പോഴും അല്ലാഹുവിന് ഇഷ്ടമില്ലാത്ത വാക്കുകള്‍ പറയുന്നത് കേള്‍ക്കുമ്പോഴും. കൂട്ടുകൂടാന്‍ പാടില്ലാത്തവരുമായി ആരെങ്കിലും സഹവസിക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍, സ്ത്രീ വെളിയിലിറങ്ങി അഴിഞ്ഞാടുമ്പോഴും ലജ്ജയില്ലാതെ അവര്‍ അന്യരെ അഭിമുഖീകരിക്കുമ്പോഴുമാണ്. ‘നീ കോപിക്കരുത് ‘ എന്നതിന്റെ പൊരുള്‍, മതത്തിന്റെ നന്മക്ക് വേണ്ടിയല്ലാതെ ദേഷ്യത്തോടെ പകരം ചെയ്യരുത് എന്നാണ്.
ദേഷ്യം പിടിക്കുന്നവന്‍ നില്‍ക്കുകയാണെങ്കില്‍ ഇരിക്കണമെന്നും ഇരിക്കുകയാണെങ്കില്‍ കിടക്കണമെന്നും പിന്നെ വുളൂഅ് ചെയ്യണമെന്നും തിരുനബി(സ) പഠിപ്പിച്ചു.
ഒരു ഹദീസില്‍ ഇങ്ങനെ കാണാം, ‘കോപം പിശാചില്‍ നിന്നാണ്. തീ കൊണ്ടാണ് പിശാചിനെ സൃഷ്ടിച്ചിരിക്കുന്നത്. വെള്ളം തീയണക്കും. നിങ്ങളില്‍ നിന്നാരെങ്കിലും കോപിച്ചാല്‍ നിങ്ങള്‍ വുളൂഅ് ചെയ്യുക’. മനുഷ്യഹൃദയങ്ങളില്‍ ചാഞ്ചാട്ടം ഉണ്ടാക്കുമെന്നും കോപിച്ചാല്‍ തലയിലേക്ക് കയറി പന്ത് കളിക്കുന്ന കുട്ടികളെപ്പോലെ കളിക്കുമെന്നും പിശാചിനെക്കുറിച്ച് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

[ഇസ്ആഫു ത്വാലിബില്‍ രിളല്‍ ഖല്ലാഖി ബിബയാനി മകാരിമില്‍ അഖ്‌ലാഖി ഹബീബ് ഉമര്‍ ബിന്‍ ഹഫീള് തങ്ങളുടെ ഗ്രന്ഥമാണ്. ഇംഗ്ലീഷ് വിവര്‍ത്തനം ലഭ്യമാണ്. മലയാളത്തില്‍ ഇതാദ്യമാണ്. വിവ.സൈനുല്‍ ആബിദ് ബുഖാരി]

LEAVE A REPLY

Please enter your comment!
Please enter your name here