ഇസ്ലാമിക് ബാങ്കിംഗ് ഒരു സാധ്യതയാണ്

ഇ.എം സുഫിയാന്‍ തോട്ടുപൊയില്‍

0
2602

ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന്റെ അപര്യാപ്തതയെ ചൂണ്ടിക്കാണിക്കുന്നതാണ് ക്രെഡിറ്റ് സ്വിസ് നടത്തിയ പഠന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ അതീവ സമ്പന്നരും അതീവ ദരിദ്രരും വര്‍ധിക്കുന്നു എന്നതാണ് കണ്ടെത്തല്‍. അതിസമ്പന്നരുടെ വളര്‍ച്ചയില്‍ ആഗോള ശരാശരിയെക്കാള്‍ മുകളിലാണ് ഇന്ത്യ. പ്രതിവര്‍ഷം 6 ശതമാനമാണ് ആഗോളതലത്തിലെ അതിസമ്പന്നരുടെ വളര്‍ച്ചാ നിരക്കെങ്കില്‍ 9.9 ശതമാനമാണ് ഇന്ത്യയിലെ വളര്‍ച്ചാനിരക്ക്. ഇന്ന് 2,45,000 ശതകോടീശ്വരന്മാരാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. 2022 ആകുമ്പോഴേക്കും ഇത് 3,72,000 ആയി ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കുടുംബവരുമാനം 5 ലക്ഷം കോടി ഡോളര്‍ (327 ലക്ഷം കോടി രൂപ) എന്നതില്‍ നിന്ന് അഞ്ചു വര്‍ഷത്തിനകം 7.1 ലക്ഷം കോടി ഡോളര്‍ ആയി വളരുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. സമ്പത്തിന്റെ വളര്‍ച്ചാനിരക്കില്‍ ലോകതലത്തില്‍ എട്ടാംസ്ഥാനമുണ്ടെന്നിരിക്കെ രാജ്യത്തില്‍ 92% പേരും ദരിദ്രരാണ്. അഥവാ രാജ്യത്തിന്റെ സമ്പത്തു മുഴുവന്‍ ബാക്കി 8% പേരില്‍ കേന്ദ്രീകരിച്ചിരിക്കുന്നു എന്നര്‍ത്ഥം. ഇതില്‍ തന്നെ പകുതി ശതമാനവും ശതകോടീശ്വരന്മാരാണുതാനും. കടബാധ്യതയില്‍ ആഗോള ശരാശരിയെക്കാള്‍ താഴെയാണ് ഇന്ത്യയുടെ നിലയെങ്കിലും ദരിദ്രകുടുംബങ്ങളേറെയും കടക്കെണിയിലാണ്. തുടര്‍ച്ചയായി പത്രമാധ്യമങ്ങളില്‍ ഇടം പിടിക്കുന്ന കര്‍ഷക ആത്മഹത്യകള്‍ ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്.

അശാസ്ത്രീയമായ സാമ്പത്തിക വിതരണമാണ് ഈ വലിയ പ്രതിസന്ധിക്കു കാരണമെന്ന് പറയാതെ വയ്യ. മുതലാളിത്തത്തിന്റെ കൂടപ്പിറപ്പാണ് പലിശ. പണത്തെ ഉല്‍പന്നമായി കാണുന്നു എന്നതാണ് പലിശ സമ്പ്രദായത്തിന്റെ അടിസ്ഥാന തത്വം. ഈ തത്വമാണ് നിക്ഷേപകര്‍ക്ക് പലിശ നല്‍കുകയും വായ്പകള്‍ക്ക് പലിശ ചുമത്തുകയും ചെയ്യുന്ന ആധുനിക ബേങ്കിംഗ് രീതി സ്വീകരിച്ചു പോരുന്നുന്നത്. ഉസ്മാനീ വാഴ്ച്ചക്കാലത്താണ് ഇത്തരം ബാങ്കുകള്‍ വ്യാപകമായിത്തുടങ്ങുന്നത്. മതപരമായ കാരണങ്ങളാല്‍ പലരും ഈ സംവിധാനങ്ങളില്‍ നിന്ന് ഒഴിഞ്ഞുനിന്നു. ഈ വ്യവസ്ഥിതി മുസ്ലിംകളുടെ സാമ്പത്തിക ഭദ്രതയെ പ്രതികൂലമായി ബാധിക്കുമെന്ന ചിന്തയെ തുടര്‍ന്നാണ് ഇസ്ലാമിക് സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പലിശ മതത്തില്‍ നിഷിദ്ധമായതു കൊണ്ടുതന്നെ വായ്പ ഇടപാടുകളിലും നിക്ഷേപങ്ങളിലും പലിശ ഒഴിവാക്കുക എന്നതാണ് ഇസ്ലാമിക് ബാങ്കിംഗ് എന്ന ആശയത്തിന്റെ മുഖ്യ പ്രചോദനം. പണം ചരക്കെന്ന നിലക്ക് വില്‍ക്കാനോ വാങ്ങാനോ കഴിയുന്ന സ്വതന്ത്രമായ അസ്തിത്വമുള്ളതല്ല എന്നതുകൊണ്ടുതന്നെ പണവ്യാപാരത്തെ ഇസ്ലാം നിരോധിക്കുന്നു. പ്രത്യുത, നിക്ഷേപിക്കപ്പെടുന്ന സമ്പത്ത് സാമൂഹിക വികാസം ലക്ഷ്യമാക്കുന്ന വ്യത്യസ്ത സംരംഭങ്ങളില്‍ വിനിയോഗിക്കുക എന്നതാണ് ഇസ്ലാമിക ബാങ്കുകളുടെ പ്രവര്‍ത്തന രീതി. പലിശരഹിത ബാങ്കിംഗ് രീതി ഉത്പാദനക്ഷമതയിലെ കുറവ്, നിഷ്‌ക്രിയത്വം, ചൂഷണം എന്നിവക്ക് മികച്ച പ്രതിവിധിയാണ്. ഇജാറ, മുശാറക, മുദാറബ, മുറാബഹ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഇന്ന് ഇസ്ലാമിക് ബാങ്കിംഗ് പ്രവര്‍ത്തിക്കുന്നു. കുവൈത്ത് ഇസ്ലാമിക് ബാങ്ക്, ദുബൈ ഇസ്ലാമിക് ബാങ്ക്, ഖാര്‍ത്തൂം ഫൈസല്‍ ഇസ്ലാമിക് ബാങ്ക്, ക്വാലലംപൂര്‍-മലേഷ്യന്‍ ഇസ്ലാമിക് ബാങ്ക് തുടങ്ങി അനേകം ഇസ്ലാമിക് ബാങ്കുകള്‍ ആഗോളതലത്തില്‍ (പാശ്ചാത്യ രാജ്യങ്ങളില്‍ പോലും) വിജയകരമായി മുന്നേറുന്നു.

ഇന്ത്യയില്‍ ഇത്തരം ഇസ്ലാമിക ബാങ്കിംഗ് രീതിയെ ബാങ്കിംഗേതര ധനകാര്യ സ്ഥാപനങ്ങള്‍ (Non banking financial institutions) എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇന്ത്യയില്‍ ബേങ്കുകള്‍ നേരിടുന്ന വലിയ വെല്ലുവിളികളില്‍ പ്രധാനമാണ് കടബാധ്യത. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 67.5 ശതമാനവും കടത്തിലാണ്. കേരളത്തിലെ സഹകരണ ബേങ്കുകളുടെയും സ്ഥിതി മറ്റൊന്നല്ല. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം വിവിധ സഹകരണ സ്ഥാപനങ്ങള്‍ക്കു നല്‍കിയ 700 കോടിയിലേറെ രൂപയാണു സംസ്ഥാനത്തിന് കിട്ടാകടമായി നില്‍ക്കുന്നത്.

രാജ്യത്ത് നിലവിലുള്ള ബേങ്കിംഗ് സംവിധാനം സാമ്പത്തിക ഇടപാടുകളില്‍ വിശാലവും തുല്യവുമായ അവസരങ്ങള്‍ നല്‍കുന്നു എന്ന ആര്‍.ബി.ഐ വിശദീകരണത്തിന് നേര്‍ വൈരുദ്ധ്യമാണ് ക്രെഡിറ്റ് സ്വിസിന്റെതടക്കമുള്ള സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് ഇസ്ലാമിക ബാങ്കിംഗ് നടപ്പാക്കേണ്ടതില്ലെന്നു തീരുമാനിച്ചതായി വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ റിസര്‍വ്വ് ബേങ്ക് വ്യക്തമാക്കിക്കഴിഞ്ഞു. 2008ല്‍ മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാംരാജന്‍ ഇസ്ലാമിക് രീതിയിലുള്ള പലിശരഹിത ബാങ്കിംഗ് സംവിധാനം ഇന്ത്യയില്‍ ഏര്‍പ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇസ്ലാമിക് ബാങ്കിംഗ് രാജ്യത്തിന്റെ മുഖഛായ മാറ്റാന്‍ പര്യാപ്തമാണെന്ന് ധനമന്ത്രി തോമസ് ഐസക് മുമ്പ് നിരീക്ഷിച്ചിരുന്നു. വികസ പ്രവര്‍ത്തനങ്ങള്‍ക്കായി പലിശരഹിത വായ്പ എങ്ങനെ സാധ്യമാക്കാമെന്ന ചിന്ത എന്നെ ഇസ്ലാമിക് ബാങ്കിംഗില്‍ കൊണ്ടെത്തിച്ചു എന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെയൊരു ബദല്‍ സാമ്പത്തിക വ്യവസ്ഥ രാജ്യത്ത് നടപ്പാക്കുന്നതില്‍ മുഖ്യമായും എതിര്‍ നില്‍ക്കുന്നത് ആര്‍.എസ്.എസ് ആണ്. ആശയം ഇസ്ലാമിന്റെതാണ് എന്നതു മാത്രമാണ് എതിര്‍പ്പിന്റെ ഹേതു. ഇത്തരം ബാങ്കുകള്‍ തുടങ്ങുന്നത് വര്‍ഗീയത വളര്‍ത്തുമെന്നാണ് ബി.ജെ.പി നേതാവ് സുബ്രമണ്യസ്വാമി പ്രസ്താവിച്ചത്. ‘അല്‍ബറക ബേങ്ക്’ തുടങ്ങാനുള്ള കേരളത്തിലെ ഇടതു സര്‍ക്കാറിന്റെ നീക്കത്തെയും ഇവര്‍ വിമര്‍ശിക്കുകയുണ്ടായി.

ഇസ്ലാമിക് ബാങ്കിംഗ് ആന്റ് ഇന്‍ഷ്വറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2014 ലെ റിപ്പോര്‍ട്ട് പ്രകാരം 20-30 വരെ വളര്‍ച്ചാ നിരക്കുള്ള പലിശരഹിത ബേങ്കിംഗ് എഴുപത്തഞ്ചോളം രാജ്യങ്ങളില്‍ 650 സ്ഥാപനങ്ങളിലായി പ്രാര്‍ത്തിച്ചുവരുന്നു.

പലിശരഹിത ബാങ്കിംഗ് രീതിയെ കൂടാതെ ഇസ്ലാമിലെ സകാത്ത് സംവിധാനവും ഇന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാണ്. സകാത്ത് നിലവില്‍ വന്നതിന്റെ താത്പര്യം ദാരിദ്ര്യ നിര്‍മാര്‍ജനമല്ല; പ്രത്യുത, സമ്പത്തിന്റെ ശുദ്ധീകരണമാണ്. എങ്കിലും സമ്പത്തിന്റെ കൃത്യമായ വിതരണം സാധ്യമാക്കുക വഴി ദാരിദ്യ നിര്‍മാര്‍ജനം സകാത്ത് വഴി സാധ്യമാകുന്നുണ്ട്. സാമ്പത്തിക വിതരണത്തിലെ സന്തുലിതാവസ്ഥ സാധ്യമാക്കാനായി പണം ഉള്ളവന്‍ ഇല്ലാത്തവന് ദാനം (സ്വദഖ) നല്‍കണമെന്നാണ് മതം കല്‍പ്പിക്കുന്നത്.

ഇസ്ലാം മികച്ചതും സുരക്ഷിതവുമായ സാമ്പത്തിക കാഴ്ച്ചപ്പാടുകളാണ് മുന്നോട്ടു വെക്കുന്നത്. പലിശരഹിതവും ചൂഷണരഹിതവുമായ ഒരു സമ്പദ് വ്യവസ്ഥ നടപ്പാക്കിയെങ്കില്‍ മാത്രമേ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് സാമ്പത്തിക സന്തുലിതാവസ്ഥ സാധ്യമാകൂ. അതീവ സമ്പന്നരും പരമദരിദ്രരും വളര്‍ന്നു വരുന്നത് രാജ്യത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കനത്ത ഭീഷണിയാണ്. കൃത്യമായ നിരീക്ഷണങ്ങങ്ങളിലൂടെയും അവലോകനങ്ങളിലൂടെയും ഇസ്ലാമിക ബാങ്കിംഗ് രീതിയെ പഠിച്ച് നടപ്പിലാക്കാനാണ് സാമ്പത്തിക വിദഗ്തരും പൊതുസമൂഹവും തയ്യാറാവേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here