ശൈഖ് ജീലാനി, അല്‍ഭുതപ്പെടുത്തിയ അമാനുഷികതകള്‍

ശഫീഖ് കൂട്ടിലങ്ങാടി

0
2124

കൂകിയ കോഴി എല്ലുകള്‍

മകന്റെ കാര്യം പറഞ്ഞ് ഒരു സ്ത്രീ ശൈഖിനെ സമീപിച്ചു. അല്ലാഹുവിന്റെ പ്രീതി മാത്രമായിരുന്നു ലക്ഷ്യം. ശൈഖ് മകന്റെ കാര്യം ഏറ്റെടുത്തു. അങ്ങനെ, പുതിയ ശിഷ്യന്‍ ശൈഖിനോടൊപ്പം സഹവസിക്കാന്‍ തുടങ്ങി. ദിനങ്ങള്‍ കൊഴിഞ്ഞു വീണു. മകനെ കാണാന്‍ ഉമ്മ ദര്‍സില്‍ വിരുന്നെത്തി. മകന്റെ മെലിഞ്ഞൊട്ടിയ ശരീരം കണ്ട് ഉമ്മാക്ക് സഹിക്കാനായില്ല. അവന്‍ റൊട്ടിക്കഷ്ണങ്ങള്‍ ഭക്ഷിക്കുകയായിരുന്നു.
ആ സ്ത്രീ നേരെ ശൈഖിനെ സമീപിച്ചു. ബാക്കി വന്ന കോഴിയെല്ലുകളാണ് ശൈഖിന്റെ അടുത്ത് സ്ത്രീക്ക് കാണാനായത്. ഉടനെ സ്ത്രീ ചോദിച്ചു. നിങ്ങള്‍ മാംസം ഭക്ഷിക്കുമ്പോള്‍ എന്റെ മകന്‍ റൊട്ടിയാണല്ലോ കഴിക്കുന്നത്? ഉടനെ ശൈഖ് ആ എല്ലുകളില്‍ കൈ വച്ചു. എന്നിട്ട് പറഞ്ഞു എല്ലുകളെ ജീവിപ്പിക്കുന്ന അല്ലാഹുവിന്റെ നാമത്തില്‍ എഴുന്നേല്‍ക്കുക. ഉടനെ അത് ജീവനുള്ള കോഴിയായി കൂകിപ്പറന്നു. ശേഷം ശൈഖ് ഇങ്ങനെ പറഞ്ഞു, നിങ്ങളുടെ മകനും ഇങ്ങനെ ചെയ്യാനായിട്ടുണ്ടെങ്കില്‍ അവനും ഇഷ്ടമുള്ളത് ഭക്ഷിക്കാം.
ഹയാത്തുല്‍ ഹയവാന്‍ – 359

കുരുവി

ഒരിക്കല്‍ ശൈഖവര്‍കള്‍ വുളൂഅ് എടുക്കുകയായിരുന്നു. പെട്ടെന്ന് ഒരു കുരുവി ശൈഖിലേക്ക് മൂത്രിച്ചു. ശൈഖ് അതിനെ നോക്കിയതും പറന്ന് പോകുന്ന ആ പക്ഷി വീണു. ശൈഖ് ആ വസ്ത്രം കഴുകി. അത് വില്‍പന നടത്തി. കിട്ടിയ തുക ധര്‍മം ചെയ്തു. എന്നിട്ട് പറഞ്ഞു: അതിന് പകരമാണിത്.

മഴ വേണ്ട

അദിയ്യ് ബ്‌നു മുസാഫിര്‍(റ) വിവരിക്കുന്നു: ശൈഖ് ജീലാനി(റ) ഒരു സദസ്സിനോട് സംവദിക്കുകയായിരുന്നു. പെട്ടെന്ന പേമാരി വര്‍ഷിച്ചു. ശൈഖ് വാനിലേക്ക് മിഴികളുയര്‍ത്തിയിട്ട് പറഞ്ഞു: ഞാന്‍ ഒരുമിപ്പിക്കുമ്പോള്‍ നീ വേര്‍പിരിക്കുകയാണോ? മഴ അടങ്ങി. പിന്നെ ആ സദസ്സിലേക്ക് ഒരു തുള്ളി പോലും വീണിട്ടില്ല.

ഉസ്താദിനരികില്‍

ഒരു ബുധനാഴ്ച ദിവസം. ശൈഖിന്റെ ഉസ്താദുമാരില്‍ പ്രഗത്ഭരാണ് ഹമ്മാദ് ബ്‌നു ദബാസ്. ശൈഖും സംഘവും ഉസ്താദിന്റെ മഖ്ബറയിലാണ്. നീണ്ട സമയം ശൈഖ് ഉസ്താദിനരികില്‍ നിന്നു. ശേഷം വളരെ സന്തോഷത്തോടെയാണ് ശൈഖ് പിരിഞ്ഞുപോയത്. അനുചരര്‍ പ്രസ്തുത പ്രവര്‍ത്തിയുടെ കാരണം തിരക്കി. ശൈഖ് വിവരിക്കാന്‍ തുടങ്ങി.
ഞങ്ങള്‍ ശൈഖ് ഹമ്മാദിനോടൊപ്പം ജാമിഉ റസ്വാഫിലേക്ക് ജുമുഅക്ക് വേണ്ടി പോവുകയായിരുന്നു. ഒരു നദി മുറിച്ചു കടന്നു വേണം പോകാന്‍. ഞങ്ങള്‍ ജൂതന്മാരുടെ ആ പാലത്തില്‍ എത്തിയപ്പോള്‍ ശൈഖ് എന്നെ വെള്ളത്തിലേക്ക് തള്ളിയിട്ടു. കൊടും തണുപ്പുള്ള സമയമായിരുന്നു. ഞാന്‍ ബിസ്മി ചൊല്ലി. ജുമുഅയുടെ കുളിക്കുള്ള നിയ്യത്ത് വെക്കുകയും ചെയ്തു. എന്റെ കയ്യില്‍ ഒരു ജുബ്ബ ഉണ്ടായിരുന്നു. അത് നനയാതിരിക്കാന്‍ ഞാന്‍ കൈ ഉയര്‍ത്തിപ്പിടിച്ചു. സംഘം എന്നെ ഒഴിവാക്കി നടന്ന് പോയി. ഞാന്‍ കര കയറി. എന്റെ വസ്ത്രം പിഴിഞ്ഞെടുത്ത് ഞാന്‍ അവരെ പിന്തുടര്‍ന്നു. എന്നെ കണ്ട ശൈഖവര്‍കള്‍ പറഞ്ഞു: അവനെ ഞാന്‍ പരീക്ഷിച്ചതായിരുന്നു. കുലുക്കമില്ലാത്ത പര്‍വതം തന്നെയാണ്.
ഇന്ന് ഞാനെന്റെ ശൈഖിനെ ഖബറില്‍ കണ്ടു. രത്‌നങ്ങളുള്ള വസ്ത്രം അദ്ദേഹം ധരിച്ചിട്ടുണ്ട്. മാണിക്യത്തിന്റെ കിരീടമുണ്ട്. കൈകളില്‍ സ്വര്‍ണ വളകളുണ്ട്. കാലുകളില്‍ സ്വര്‍ണ പാദുകം. പക്ഷെ വലതു കയ്യിന് എന്തോ അപചയമുള്ളതു പോലെ. ഞാന്‍ ചോദിച്ചു: കയ്യിനെന്തു പറ്റി? അവിടുന്ന് പറഞ്ഞു: നിങ്ങളെ തള്ളിയിട്ട കയ്യാണിത്. നിങ്ങളെനിക്ക് മാപ്പിരക്കില്ലയോ? ഞാന്‍ പറഞ്ഞു: അതെ.
അങ്ങനെ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. ഉടനെ അയ്യായിരത്തോളം വരുന്ന വലിയ്യുകളും മഹാനു വേണ്ടി ശുപാര്‍ശ ചെയ്യാനെത്തി. അല്ലാഹു ഞങ്ങളുടെ വിളി കേട്ടു. അതാണ് ഞാന്‍ സന്തോഷിച്ചത്.
ഖലാഇജുല്‍ ജവാഹിര്‍ – 27,28

ശവമായ പരുന്ത്

ഒരിക്കല്‍ ശൈഖവര്‍കള്‍ വഅള് പറയുകയായിരുന്നു. ഉടനെ കാറ്റടിക്കാന്‍ തുടങ്ങി. അപ്പോള്‍ ഒരു പരുന്ത് സദസ്സിനു മുകളിലൂടെ ഒച്ച വെച്ച് പറക്കാന്‍ തുടങ്ങി. സദസ്യര്‍ക്ക് അത് പ്രയാസമുണ്ടാക്കി. ഉടനെ ശൈഖവര്‍കള്‍ പറഞ്ഞു: കാറ്റേ ആ പരുന്തിന്റെ തലയിങ്ങു പിടിക്കൂ. ഉടനെ ആ പരുന്ത് ഒരു മൂലയില്‍ ചെന്നു വീണു. ശൈഖ് ഇരിപ്പിടത്തില്‍ നിന്നിറങ്ങി. അതിനെ എടുത്ത് ബിസ്മി ചൊല്ലി കൈ കൊണ്ട് തടവി. ഉടനെ ജീവന്‍ തിരിച്ചു കിട്ടിയ ആ പക്ഷി ജനങ്ങള്‍ക്കു മുമ്പിലൂടെ പറന്നു പോയി.

അനുസരണയുള്ള ടൈഗ്രീസ്

ചില വര്‍ഷങ്ങളില്‍ ടൈഗ്രീസ് കരകവിഞ്ഞൊഴുകാറുണ്ട്. ഒരിക്കല്‍ അത് കര കവിഞ്ഞു. പ്രളയത്തിലകപ്പെടുമെന്ന് ജനങ്ങള്‍ ഭയന്നു. ഉടനെ അവര്‍ ശൈഖവറുകളെ സമീപിച്ചു. ശൈഖ് തന്റെ ഊന്നു വടിയുമായി നദിക്കരയിലെത്തി. വെള്ളത്തിലടിച്ചിട്ട് പറഞ്ഞു: അങ്ങോട്ട്. ഉടനെ വെള്ളം താഴ്ന്നു.

എലി

ശൈഖ് (റ) വീട്ടിലെന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് മുകളില്‍ നിന്ന് ശരീരത്തിലേക്ക് മണ്ണ് വീഴാന്‍ തുടങ്ങി. ശരീരത്തില്‍ വീണ മണ്ണ് തട്ടുമ്പോഴെല്ലാം വീണ്ടും വീണ്ടും മണ്ണ് വീണു കൊണ്ടിരുന്നു. ശൈഖ് തലയുയര്‍ത്തി. മച്ചില്‍ ഒരു എലി തുരക്കുകയായിരുന്നു. ഉടനെ ശൈഖ് പറഞ്ഞു: നിന്റെ തല തെറിക്കട്ടെ. ഉടനെ എലിയുടെ തല ഒരു ഭാഗത്തും ഉടല്‍ മറുഭാഗത്തുമായി എലി തെറിച്ചു വീണു. ഇത് കണ്ട ശൈഖ് കരയാന്‍ തുടങ്ങി. അപ്പോള്‍ ആരോ ചോദിച്ചു. എന്തേ നിങ്ങള്‍ കരയുന്നു. ഉടനെ മഹാനവറുകള്‍ പറഞ്ഞു: ഏതെങ്കിലുമൊരു മുസ്‌ലിമിനോട് എന്റെ മനസ്സില്‍ വെറുപ്പ് വരുമോ എന്ന് ഞാന്‍ ഭയക്കുന്നു. ഈ എലിക്കു വന്ന അവസ്ഥ അവനും വരുമല്ലോ…

മെതിയടി

അബൂ അംറ് ഉസ്മാന്‍ അസ്വീറഫീനിയും അബൂമുഹമ്മദ് അബ്ദുല്‍ ഹഖ് ഹരീമിയും വിവരിക്കുന്നു. ഞങ്ങള്‍ ശൈഖിന്റെ സദസ്സിലായിരുന്നു. അന്ന് ഒരു ഞായറാഴ്ച ദിവസമായിരുന്നു. ശൈഖ് വുളൂഅ#് എടുത്തു. മെതിയടി ധരിച്ചിട്ടുണ്ട്. ശേഷം അവിടുന്ന് രണ്ട് റകഅത്ത് നിസ്‌കരിച്ചു. നിസ്‌കാരത്തില്‍ നിന്ന് വിരമിച്ച ശൈഖ് ശേഷം ഒരു മെതിയടി എടുത്ത് അന്തരീക്ഷത്തലേക്കെറിഞ്ഞു. അത് ഞങ്ങളില്‍ നിന്ന അപ്രത്യക്ഷമായി. പിന്നീട് രണ്ടാമത്തെ മെതിയടിയും ഇങ്ങനെ ചെയ്തു. ഞങ്ങള്‍ ആരും ശൈഖിനോട് ഒന്നും ചോദിക്കാന്‍ പോയില്ല.
മൂന്ന് ദിനങ്ങള്‍ കഴിഞ്ഞിട്ടേ ഉള്ളൂ. ഒരു യാത്രാ സംഘം ശൈഖിനെ കാണാനെത്തി. ഇരുപത് പേരുള്ള ആ സംഘം ശൈഖിന് പട്ടു വസ്ത്രങ്ങളും സ്വര്‍ണങ്ങളും സമ്മാനിച്ചു. രണ്ടു മെതിയടികളും. ഞങ്ങളവരോട് ചോദിച്ചു. ഇതെവിടുന്ന് കിട്ടി. അവര്‍ വിവരിക്കാന്‍ തുടങ്ങി. കഴിഞ്ഞ ഞായറാഴ്ച ഞങ്ങള്‍ യാത്രയിലായിരുന്നു. ഇടക്കു ഞങ്ങള്‍ കൊള്ള ചെയ്യപ്പെട്ടു. പലരും വധിക്കപ്പെടുകയും ചെയ്തു. അവര്‍ ഞങ്ങളുടെ സമ്പത്ത് ഓഹരി വെക്കാന്‍ തുടങ്ങി. ഞങ്ങള്‍ പരസ്പരം പറഞ്ഞു. ജീലാനി(റ)വിന് വല്ലതും നേര്‍ച്ചയാക്കിയാല്‍ നമ്മള്‍ രക്ഷപ്പെടും. ഞങ്ങളുടെ വാക്കുകള്‍ പൂര്‍ത്തിയാകും മുമ്പെ എന്തോ ഒരു ഭീകരമായ ശബ്ദം. മറ്റാരോ അവരെ പിടികൂടിയെന്നാണ് ഞങ്ങള്‍ കരുതിയത്. അവര്‍ ഞങ്ങളോട് പറഞ്ഞു: നിങ്ങളുടെ സമ്പത്ത് എടുത്തോളൂ. ശേഷം അവര്‍ ഞങ്ങളെ അവരുടെ തലവന്മാരുടെ അടുത്തേക്ക് കൊണ്ട് പോയി. അവര്‍ കൊല്ലപ്പെട്ടിട്ടുണ്ടായിരുന്നു. നനഞ്ഞ രണ്ട് മെതിയടികള്‍ അടുത്ത് കിടക്കുന്നുമുണ്ട്.

കവര്‍ച്ചക്കാരന്‍

ശൈഖ് ജീലാനി(റ) മദീനയില്‍ നിന്ന് ബഗ്ദാദിലേക്ക് മടങ്ങുകയാണ്. വഴിയില്‍ ഒരു കൊള്ളക്കാരന്‍ മറഞ്ഞിരിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അയാള്‍ ശൈഖിന്റെ മുമ്പില്‍ ചാടി വീണു. കള്ളനെ കണ്ട ശൈഖ് ഗൗരവത്തില്‍ ചോദിച്ചു: നീ… ആരെടാ..? ശൈഖിന്റെ ഭയങ്കര ചോദ്യത്തില്‍ അവന്‍ അമ്പരന്നു. ഞാന്‍ ഒരു ഗ്രാമീണനാണ്. അവന്‍ പറഞ്ഞൊപ്പിച്ചു. അവന്റെ പേര് പാപികളുടെ കൂട്ടത്തിലാണെന്ന് ശൈഖ് അവനെ ഓര്‍മപ്പെടുത്തി. കൊള്ളക്കാരന്‍ മനസ്സില്‍ കരുതി: ഇത് തന്നെയാണോ ശൈഖുല്‍ അഅ്‌സം?
ഉടന്‍ വന്നു മറുപടി: അതെ. ഞാന്‍ തന്നെയാണ് ശൈഖുല്‍ അഅ#്‌സം. ഉടനെ അയാള്‍ ശൈഖിന്റെ കാലില്‍ വീണ് മാപ്പിരന്നു, പൊട്ടിക്കരഞ്ഞു. ശൈഖ് അയാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. പിന്നീട് അയാള്‍ ഖുത്വുബുകളില്‍ പെട്ട ആളായി മാറി.
തഫരീഹുല്‍ ഖാതിര്‍ – 20

സ്ഫടിക ദീപം

ശൈഖ് അബൂ ഹഫ്‌സു ത്വീബി(റ) വിവരിക്കുന്നു: ഞാന്‍ ശൈഖിന്റെ മജ്‌ലിസിലാണുള്ളത്. പെട്ടെന്ന് ആകാശത്തില്‍ നിന്ന് ഒരു പ്രകാശ സ്തൂപം ഇറങ്ങി വന്നു. ശൈഖിന്റെ വായക്കരികില്‍ അത് നിന്നു. അല്‍പം കഴിഞ്ഞ് അത് തിരിച്ചു പോവുകയും ചെയ്തു. ഇങ്ങനെ മൂന്ന് തവണ സംഭവിച്ചു. സദസ്യരോട് ഈ വിഷയം എങ്ങനെ പറയാതിരിക്കും. ഞാന്‍ എഴുന്നേറ്റു. ഉടനെ എന്നോടിരിക്കാന്‍ ശൈഖ് കല്‍പിച്ചു. സദസ്സിനെ മാനിക്കണം എന്ന് പറഞ്ഞു. ശൈഖിന്റെ മരണ ശേഷമാണ് ഇക്കാര്യം ഞാന്‍ പുറത്ത് പറഞ്ഞത്.
ബഹ്ജത്തുല്‍ അസ്‌റാര്‍ – 94

ഉപ്പയുടെ കല്‍പന

ശൈഖ് അസ്വീല്‍ അബുല്‍ ഫലാഹിന്റെ പിതാവ് കാം വിവരിക്കുന്നു. എന്റെ പിതാവ് മത്വിറുല്‍ ബാദിറാനിക്ക് മരണം ആസന്നമായപ്പോള്‍ ഞാന്‍ ചോദിച്ചു. പിതാവേ നിങ്ങള്‍ക്ക് ശേഷം ഞാന്‍ ആരെയാണ് പിന്തുടരേണ്ടത്. ശൈഖ് അബ്ദുല്‍ ഖാദിറിനോട് എന്നായിരുന്നു മറുപടി. രോഗ മൂര്‍ച്ഛയില്‍ പറഞ്ഞ ഈ കാര്യം അത്ര ഗൗരവമാക്കേണ്ടതില്ല എന്ന് ഞാന്‍ കരുതി. ഞാന്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോഴും മറുപടി അത് തന്നെയായിരുന്നു.
പിന്നീട് പിതാവിന്റെ മരണ ശേഷം ഞാന്‍ ബ്ഗ്ദാദിലെത്തി. ശൈഖ് ജീലാനി(റ)യുടെ സദസ്സില്‍ പങ്കെടുത്തു. സദസ്സില്‍ പല പ്രമുഖരുമുണ്ടായിരുന്നു. അപ്പോള്‍ ശൈഖവര്‍കള്‍ പറയുകയാണ്. ഞാന്‍ ഒരു സാധാരണ പ്രാസംഗികനല്ല, എല്ലാം അല്ലാഹുവിന്റെ കല്‍പനയാണ്. അന്തരീക്ഷത്തിലുള്ളവര്‍ക്കു കൂടിയാണ് എന്റെ ഉപദേശം. ഇത് പറഞ്ഞ് ശൈഖ് തലയുയര്‍ത്തി. ഞാന്‍ അങ്ങനെ ചെയ്തപ്പോള്‍ കണ്ട കാഴ്ച എന്നെ അമ്പരപ്പിച്ചു. പ്രകാശക്കുതിരകള്‍ക്കു മുകളില്‍ പ്രകാശത്താല്‍ പടക്കപ്പെട്ടവര്‍ ഇരിക്കുന്നു, നിരനിരയായി വിനയാന്വിതരായി. ചിലര്‍ കരയുന്നു. മറ്റു ചിലരെ ഭയം പിടികൂടിയിട്ടുണ്ട്. ചിലരുടെ വസ്ത്രത്തിന് തീ പിടിച്ചിരിക്കുന്നു. സമനില തെറ്റിയ ഞാന്‍ ശൈഖിലേക്കോടി. ശൈഖ് എന്റെ ചെവിയില്‍ ഇങ്ങനെ ചോദിച്ചു: നിന്റെ പിതാവ് പറഞ്ഞത് ആദ്യമേ നിനക്ക് അംഗീകരിക്കാമായിരുന്നില്ലേ..
ബഹ്ജത്തുല്‍ അസ്‌റാര്‍ – 95

ഉപ്പ വന്നിട്ടുണ്ട്

ശൈഖ് അബൂബക്കര്‍ അമാദ്(റ) വിവരിക്കുന്നു. വിശ്വാസ ശാസ്ത്രം ഞാന്‍ പഠിക്കുകയായിരുന്നു. ഇടക്ക് എനിക്ക് ചില സംശയങ്ങളുണ്ടായി. അങ്ങനെ ശൈഖ് ജീലാനിയുടെ സദസ്സിലെത്തിയ ഞാന്‍ മനസ്സില്‍ പറഞ്ഞു. ഇദ്ദേഹം ഹൃദയത്തിനകത്തേക്ക് കാണുന്ന ആളാണല്ലോ. അപ്പോള്‍ ശൈഖ് പറയുകയാണ്: നമ്മുടെ വിശ്വാസം സ്വാഹാബത്തിന്റെതും സലഫുസ്വാലിഹീങ്ങളുടേതുമാണ്. ഞാന്‍ കരുതിയതു പോലെ തന്നെ. പിന്നീട് ശൈഖ് എന്നിലേക്ക് തിരിഞ്ഞു പറഞ്ഞു: നിങ്ങളുടെ ഉപ്പ വന്നിട്ടുണ്ടല്ലോ. ഉപ്പ സ്ഥലത്തുണ്ടായിരുന്നില്ല. ഞാന്‍ എഴുന്നേറ്റ് ചെന്നു നോക്കുമ്പോള്‍ ഉപ്പ വന്നിട്ടുണ്ടായിരുന്നു.
സിയറു അഅ#്‌ലാമിന്നുബലാഅ#്

ഉടമസ്ഥന് തന്നെ കൊടുക്കൂ

അഹ്മദുബ്‌നു ഫള്ഫറുബ്‌നു ഹബീറ(റ) വിവരിക്കുന്നു. ഞാന്‍ എന്റെ പിതാമഹനോട് ശൈഖ് ജീലാനി(റ)വിനെ സന്ദര്‍ശിക്കാനനുമതി തേടി. ശൈഖിന് കൊടുക്കാന്‍ കുറച്ച് സ്വര്‍ണമദ്ദേഹമെന്നെ ഏല്‍പിച്ചു. മിമ്പറില്‍ നിന്ന ഇറങ്ങി വന്ന ശൈഖിനോട് ഞാന്‍ സലാം ചൊല്ലി. ആള്‍ കൂട്ടത്തില്‍ വെച്ച് സ്വര്‍ണം കൈമാറാന്‍ എനിക്ക് ധൈര്യം വന്നില്ല. ഉടനെ ശൈഖ് പറഞ്ഞു: കയ്യിലുള്ള സ്വര്‍ണം അവിടെ തന്നെ വെച്ചോളൂ.. നിങ്ങളുടെ മന്ത്രിയായ പിതാമഹനോട് പറയണം. നിങ്ങള്‍ക്ക് സലാം. അബ്ദുല്‍ ഖാദറിന് ഇതാവശ്യമില്ല. ഉടമസ്ഥനു തന്നെ കൊടുത്തേക്കൂ..

LEAVE A REPLY

Please enter your comment!
Please enter your name here