വെറുപ്പിന്റെ ബില്ലും ആടിനെ പട്ടിയാക്കുന്ന ന്യായാസനങ്ങളും

0
1172

വെറുപ്പിന്റെ ബില്ലും ആടിനെ പട്ടിയാക്കുന്ന ന്യായാസനങ്ങളും
അസമിലെ 1.7 ലക്ഷം പേർ കുടിയേറ്റക്കാരാണെന്ന് വരുത്തിത്തീർക്കുന്ന എൻ ആർ സി (ദേശീയ പൗരത്വ പട്ടിക ) തട്ടിക്കൂട്ടിയ സർക്കാർ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ് ലിമേതര വിശ്വാസികൾക്ക് പൗരത്വം നൽകുകയും ചെയ്യുന്ന സി.എ.ബി(പൗരത്വ ഭേദഗതി ബിൽ) നിയമമാക്കിയിരിക്കുകയാണ്. ഇതനുസരിച്ച് പ്രസ്തുത രാജ്യങ്ങളിൽ നിന്ന് 2014ന് മുമ്പ് ഇന്ത്യയിൽ എത്തിയ ഹിന്ദു, ബുദ്ധ, ജൈന, സിഖ്, പാർസി,ക്രൈസ്തവ വിശ്വാസികൾക്ക് പൗരത്വം ലഭിക്കുകയും മുസ്ലിംകൾ മാത്രം അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തപ്പെടുകയും ചെയ്യും. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ മൂന്ന് രാജ്യങ്ങളും അടിസ്ഥാനപരമായി മുസ് ലിം രാഷ്ട്രങ്ങളാണെന്നും അവിടെ മറ്റു മതസ്ഥർ വിവേചനങ്ങൾക്ക് ഇരയാകുന്നുണ്ടെന്നതുമാണ് മുസ് ലിമേതര വിശ്വാസികൾക്ക് മാത്രം പൗരത്വം നൽകാൻ കാരണമെന്നാണ് കേന്ദ്രത്തിന്റെ ന്യായവാദം. എന്നാൽ തീർത്തും വാസ്തവ വിരുദ്ധമാണിത്. കാരണം, മേൽപറയപ്പെട്ട രാജ്യങ്ങളിൽ നിന്ന് കുടിയേറിയവരിൽ ഭൂരിഭാഗവും മുസ്ലിംകളാണെന്ന് സർക്കാർ തന്നെ വ്യക്തമാക്കുന്നുണ്ട്. 1971 ലെ വിമോചന സമര കാലത്ത് പാകിസ്താൻ സൈന്യവും ബംഗ്ലാദേശ് വിമോചന പോരാളികളും തമ്മിലുള്ള പോരാട്ടങ്ങളും സംഘർഷങ്ങളും സൃഷ്ടിച്ച ദുരിതങ്ങളും കെടുതികളും കാരണമാണ് ബംഗ്ലാദേശുകാർ കൂടുതലായി ഇന്ത്യയിലേക്ക് അതിർത്തി കടന്നെത്തിയത്. ഇങ്ങനെ ഇന്ത്യയിലെത്തിവരിൽ കൂടുതലും മുസ് ലിംകളായിരുന്നു. വിമോചന സമരങ്ങൾക്കൊടുവിൽ പാകിസ്ഥാൻ ബംഗ്ലാദേശും പാകിസ്ഥാനുമയി വിഭജിച്ചെങ്കിലും തുടർന്ന് രൂപപ്പെട്ട രാഷ്ട്രീയ അരക്ഷിതാവസ്ഥയും പ്രതിസന്ധികളും കാരണമായി പിൽക്കാലത്തും ഇന്ത്യയിലേക്ക് കുടിയേറ്റം നടന്നിട്ടുണ്ട്. പാകിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്കുള്ള കുടിയേറ്റങ്ങളുടെയും പശ്ചാത്തലം ഇത്തരം രാഷ്ട്രീയ പ്രതിസന്ധികൾ തന്നെയാണ്. അതിന് മതവുമായി യാതൊരു ബന്ധവുമില്ല. മുസ്ലിംകൾ മാത്രം മേൽ രാജ്യങ്ങളിൽ സുരക്ഷിതരായിരുന്നുവെന്നത് മനഃപൂർവ്വം കെട്ടിച്ചമച്ചതാണെന്ന് ചുരുക്കം. ഏതായാലും ഭരണഘടന മുന്നോട്ടു വെക്കുന്ന അടിസ്ഥാന തത്വങ്ങളുടെ കടയ്ക്കൽ കത്തി വെക്കുന്ന നിയമനിർമ്മാണമാണിത്.രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ നിയമത്തിന് മുന്നിലെ സമത്വവും തുല്യ സംരക്ഷണവും മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മനാട്, എന്നിവയുടെ പേരിൽ ഒരു പൗരനും നിഷേധിക്കാവുന്നതല്ലെന്ന് സമത്വ മൗലികാവകാശങ്ങളുടെ കീഴിൽ വരുന്ന ആർട്ടിക്കിൾ 14 ൽ വ്യക്തമായി പറയുന്നുണ്ട്. ഇത്രമാത്രം ഭരണഘടനാവിരുദ്ധമായ ബില്ലിനാണ് 80 നെതിരെ 311 വോട്ടുകൾക്ക് ലോക്സഭയിലും 105നെതിരെ 125 വോട്ടുകൾക്ക് രാജ്യസഭയിലും അംഗീകാരം ലഭിച്ചത്. രാഷ്ട്രപതിയുടെ അനുമതി കൂടി ലഭിച്ചതോടെ മുസ്ലിം വിരോധത്തിന്റെ പച്ചയായ പ്രകടനമായി വിലയിരുത്തപ്പെട്ട ബിൽ നിയമമാകുകയും ചെയ്തു.

വിഷയം സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് സി.പി.എം അംഗം രാഗേഷ് പ്രമേയം അവതരിപ്പിച്ചിരുന്നുവെങ്കിലും 99 നെതിരെ124 വോട്ടുകൾക്ക് അതും തള്ളപ്പെടുകയാണുണ്ടായത്. ഇനി പ്രതിപക്ഷ പാർട്ടികളും മുസ്ലിം സംഘടനകളും സുപ്രീം കോടതിയെ സമീപിക്കുകയാണെങ്കിൽ മാത്രമേ പ്രതീക്ഷയുള്ളൂ.. സഭയിൽ പ്രതിപക്ഷ നേതാക്കൾ ശക്തമായ ഭാഷയിൽ അപലപിച്ചുവെന്നത് ശ്രദ്ധേയമാണ്. കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു: “ഇന്ത്യയിലെ മുസ്ലിംകളെയാണോ നിങ്ങൾ ഭയപ്പെടുത്താൻ ശ്രമിക്കുന്നത്?. ഈ രാജ്യം ഒരു ഡെമോക്രാറ്റിക് റിപ്പബ്ലിക്കാണ്. രണ്ട് ദിനോസറുകൾ മാത്രം വാഴുന്ന ജുറാസിക് റിപ്പബ്ലിക്കല്ല.” ആരോഗ്യകരമായ രാഷ്ട്രീയ പ്രബുദ്ധതയിലധിഷ്ഠിതമായ പ്രതിഷേധമുറകളാണ് രാജ്യത്തിനാവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here