എന്തിനാണ് അവര്‍ വെടി കൊണ്ടത്? എന്തിനാണു അവര്‍ പിടഞ്ഞു വീണത്? എന്തിനാണു അവര്‍ തടങ്കലിലായത്? ആരാണവരെ വെടിവെച്ചത്? ആരാണ് തടവിലാക്കിയത്? ആരാണ് പിടഞ്ഞു വീണത്?
ധിക്കാരം നിറഞ്ഞ ഭരണകൂടത്തെ വിമര്‍ശിച്ചതിനു സ്വന്തം രാജ്യത്തെ പൗരന്മാരെ വെടിവെച്ചു കൊല്ലുകയും തടവിലാക്കുകയും അവര്‍ക്കായി ഡിറ്റന്‍ഷന്‍ കാമ്പുകളൊരുക്കുകയും ചെയ്യുന്ന നരാധമത്വം ക്രമസമാധാനത്തോടു സ്നേഹമുള്ളവര് വക വെക്കില്ല.
നബി തിരുമേനി സ്വ. പറഞ്ഞു: ലോകത്തിന്റെ നിലനില്പിനു നാലു കാര്യങ്ങളുണ്ട്: പണ്ഡിതന്മാരുടെ അറിവ്, ഭരണാധികാരികളുടെ നീതി, ധനികരുടെ സഹായ മനസ്കത, ദരിദ്രരുടെ പ്രാര്‍ഥന.
നിവേദക പരമ്പര പഠനവിധേയമാക്കപ്പെടേണ്ട ഒരു ഹദീസില്‍ ഭരണാധികാരികള്‍ നീതിമാന്മാരല്ലെങ്കില് ജനങ്ങളില്‍ ചിലര്‍ മറ്റു ചിലരെ പിടിച്ചു തിന്നേക്കും എന്നു വരെ ഉണ്ട്. അല്ലാഹുവിലഭയം!
മിഹ്റാബ്, പ്രാര്‍ഥനക്കു നേതൃത്വം നല്കുന്നതിനു ഇമാമിനു കയറി നില്ക്കാന് മാത്രമുള്ളതായിരുന്നില്ല. അനീതിക്കും അധര്‍മത്തിനും അരാജകത്വത്തിനുമെതിരെ അജയ്യമായ സമരാഹ്വാനങ്ങള്‍ മുഴങ്ങിക്കേട്ടത് അവിടെ നിന്നാണ്. പ്രതിവാരം ഒരു പ്രദേശത്തെ മുസ്ലിംകളെല്ലാം ഒരിടത്തു ഒരുമിച്ചു ചേര്‍ന്ന് ഒന്നര സഹസ്രാബ്ദത്തിന്റെ പഴക്കമുള്ള ധര്മധ്വജത്തിന്റെ കാവലാളാകുമെന്ന് പ്രതിജ്ഞ ചെയ്തു പിരിയുന്നതു മാതിരി എന്തു സംവിധാനമാണ് മറ്റാര്‍ക്കായാലും നിലവിലുള്ളത്. അതിന്റെ മഹാശക്തി തിരിച്ചറിഞ്ഞാണ് നൂറ്റാണ്ടുകളോളം ശിയാ വിശ്വാസികള്‍ക്കില്ലാതിരുന്ന ജുമുഅ സംഗമങ്ങള്‍ ഇന്‍ക്വിലാബ് ഇസ്ലാമിക്കാരായ ഖുമൈനിമാര് ഇറാനില്‍ പുനഃസ്ഥാപിച്ചത്. പോര്‍ച്ചുഗീസുകാര്‍ക്കും ഫ്രഞ്ചുകാര്‍ക്കും ഡച്ചുകാര്‍ക്കുമെതിരെ ബ്രിട്ടീഷുകാര്‍ക്കുമെതിരെ തക്ബീര്‍ ധ്വനികള്‍ മുഴങ്ങിയത് മിഹ്റാബുകളില്‍ നിന്നുള്ള ആഹ്വാനങ്ങള്‍ കേട്ടാണ്. പോരാട്ടം എന്നര്‍ഥമുള്ള ഹര്‍ബ് പദത്തില്‍ നിന്നാണ് മിഹ്റാബ് നിഷ്പന്നമായത് എന്നോര്‍ത്തു വെക്കുക.
എന്റെ ഉപ്പാപ്പ എവിടെ ജനിച്ചുവെന്നോ എന്നു ജനിച്ചുവെന്നോ തെളിയിക്കാന്‍ എനിക്കാവില്ല. നന്നായി ഏഴുപതാണ്ടില് കൂടുതല്‍ അദ്ദേഹം ജീവിച്ചിട്ടുണ്ട് എന്നറിയാം. എന്തിനും പോന്ന അതികായന്മാരായ നാലഞ്ചു മക്കളുമുണ്ട്. പക്ഷേ, അവരും എവിടെയാണ് ജനിച്ചത്, എന്നാണ് ജനിച്ചത് എന്ന് കിറു കൃത്യമായി തെളിയിക്കാന്‍ ഒരു രേഖയും കൈവശമില്ല. ഏതാണ്ട് ഇത്രാമത്തെ ആണ്ടില്‍ ജനിച്ചെന്നോ മറ്റോ പിന്നീടെപ്പോഴോ പറഞ്ഞു ചേര്‍ത്തുണ്ടാക്കിയ ഒരു ആധാര്‍ കാര്‍ഡ് ഉണ്ടേ. പക്ഷേ, അതിലും ഇല്ല ജനനത്തീയതി. എന്ത് ചെയ്യാന്‍?
കാരണം, എന്റെ ഉപ്പാപ്പമാര്‍ ഇവിടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നില്ല. അവര്‍ക്ക് അതല്ലാതെ തന്നെ എമ്പാടും ചെയ്യാനുണ്ടായിരുന്നു. നാട് കൊള്ളയടിക്കാന്‍ വന്ന വെള്ളക്കാരന്, വിശ്വാസവും സംസ്കാരവും മാറ്റിയെഴുതാന്‍ പണിയെടുക്കുന്ന ആ അധിനിവേശക്കാരനെ തുരത്തി ഓടിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയ ഉപ്പാപ്പമാര്ക്ക് അന്നേരം സര്‍ട്ടിഫിക്കറ്റ് തപ്പി നടക്കുന്ന ഏര്‍പ്പാട് ഉണ്ടായിരുന്നില്ല. ആ കള്ളഹിമാറുകളുടെ സര്‍ട്ടിഫിക്കറ്റ് ഞമ്മക്ക് വേണ്ട എന്നും പറഞ്ഞ് കാര്‍ക്കിച്ചു തുപ്പി അവര്‍ തിരിഞ്ഞു നടന്നിട്ടുണ്ടാകും! അല്ലാഹു അല്ലാത്ത ഒരു യജമാനനെയും അവര്‍ കൂസിയിരുന്നില്ല. അതുകൊണ്ട് ‘മുതുമുത്തച്ഛന്മാരെ കുഴിമാന്തി ആയാലും നിങ്ങള്‍ എടുത്തു കൊണ്ടു വരും’ എന്ന് പറഞ്ഞ വീരസ്യത്തിന് മുന്പില് അങ്ങനെയൊന്നും സംഭവിക്കാനും പോകുന്നില്ല.
ഒരുപക്ഷേ, നിങ്ങളുടെ കൈയില്‍ ഉണ്ടായേക്കും. അന്ന് ചെല്ലപ്പെട്ടി കയ്യില്‍ പിടിച്ചു വെറ്റില ചവച്ചിരിക്കുന്ന ഏര്‍പ്പാടാണല്ലോ നിങ്ങടെ മുത്തച്ഛന്മാര്ക്ക് ആകെ ഉണ്ടായിരുന്നത്. എന്തേലും അബദ്ധം പിണഞ്ഞുവെന്നു തോന്നിയാല്‍ വെള്ളക്കാരന് ഏമാന്റെ ചെരിപ്പ് നക്കിയിട്ടായാലും തടി കാത്തോളാന്‍ പഠിച്ച മുത്തച്ഛന്മാരല്ലേ. അവര്‍ക്ക് നാടു കാക്കേണ്ട ഭാരം ഉണ്ടായിരുന്നില്ല. അച്ചാരം വാങ്ങി സുഭിക്ഷമായി ഉണ്ടു കുടിച്ചു രസിച്ചു രമിച്ചു കിടന്നുറങ്ങിയാല്‍ മതിയായിരുന്നുവല്ലോ. അപ്പോള്‍ അവര്‍ക്ക് അതൊക്കെ ഉണ്ടാകും. എനിക്കതൊന്നും ഉണ്ടാവില്ല. അതിലൊട്ടും ഖേദമില്ല. സന്തോഷം. അഭിമാനം. ആത്മധൈര്യം. വിശ്വാസ ശക്തിയില്‍ പ്രതീക്ഷ.
അഭിമാനമുള്ളവര്‍ ഒന്നിച്ചു നിന്ന് പൊരുതി നേടിയ ഈ രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി ഞങ്ങളുടെ ഉപ്പാപ്പമാര്‍ ഞങ്ങള്ക്കേല്പ്പിച്ചു തന്ന വിശ്വാസത്തിന്റെ ധര്‍മ്മ ധ്വജവും കയ്യില്‍ പിടിച്ച് ഒരിക്കല്‍ക്കൂടി രംഗത്തിറങ്ങേണ്ടി വന്നാല്‍ തയ്യാറാണ് എന്ന ആര്‍ജ്ജവം ഇപ്പോഴും ഖല്‍ബിലുണ്ട്, അതുമതി. ആയിരം നാള് എലിയായിരിക്കുന്നതിനേക്കാള് നല്ലത് ഒരു നാള് പുലി ആകുന്നതാണ്.
പ്രയാസങ്ങള്‍ നിറഞ്ഞ ജീവിതത്തെ ധീരോദാത്തമായി സമീപിക്കാന്‍ തിരുനബി മാതൃക കാട്ടിയില്ലേ – സ്വല്ലല്ലാഹു അലൈഹി വസല്ലം. എത്രയെത മഹാതേജസ്സുകള് ആ നിറദീപത്തെ വീണ വീണ്ടും പ്രകാശനം ചെയ്തു. ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ ചിത്രങ്ങള്‍. അഹ്മദ് ബ്നു ഹമ്പല്‍ റ.വിന് ക്രൂരമായ മര്‍ദനവും തീക്ഷ്ണമായ ജയില്‍ പീഡനവും അനുഭവിക്കേണ്ടി വന്നു. ‘ധിക്കാരം നിറഞ്ഞ ഭരണ വീരസ്യത്തിനു മുമ്പിലും സത്യം മാത്രം പറയുകയാണ് ഏറ്റവും ശ്രേഷ്ഠമായ പോരാട്ടം’ എന്ന തിരുവാചകത്തെ അന്വര്‍ത്ഥമാക്കിയതായിരുന്നു കാരണം. തോറ്റമ്പി പതറി നില്‍ക്കാതെ വിശ്വാസദാര്‍ഢ്യതയുടെ ഉള്‍ക്കനത്തില്‍ അചഞ്ചലമായി പോരാടി അഹ്ലുസ്സുന്നയുടെ നേതൃസ്ഥാനത്തേക്ക് അദ്ദേഹമെത്തി.
ഇമാം സര്ക്കശിയെ തടവുകാരനായി പിടിച്ച് പൊട്ടക്കിണറ്റിന്റെ അടിത്തട്ടിലേക്ക് തള്ളി. വിധിയെ പഴിച്ചും വിലപിച്ചും ഇരിക്കുന്നതിനു പകരം ഇസ്ലാമിക കര്‍മ്മശാസ്ത്രത്തില്‍ തനിക്കുണ്ടായിരുന്ന അറിവും പാണ്ഡിത്യവും ‘അല്‍ മബ്സൂഥ്’ എന്ന പേരില്‍ ഇരുപത് വാള്യങ്ങളിലായി അക്ഷര പ്രകാശനം ചെയ്യാനുള്ള മനക്കരുത്താണ് അദ്ദേഹം പ്രകടമാക്കിയത്. കഠിനമായ അംഗവൈകല്യത്താല്‍ ഏറെ പീഡിതനായി കഴിയേണ്ടി വന്ന നാളുകളില്‍ ഇമാം ഇബ്നു അഥീര്‍ കാട്ടിയ ധീരോദാത്തമായ ഇച്ഛാശക്തിയുടെ മധുരഫലമാണ് ഹദീസ് ശാസ്ത്രത്തിലെ വിഖ്യാതമായ ജാമിഉല്‍ ഉസൂല്, നിഹായ: എന്നീ രണ്ട് ബ്രഹത് രചനകള്‍. ഇമാം ഇബ്നുല്‍ ജൗസി നാടുകടത്തപ്പെട്ടു. വിഷണ്ണനായി ചടഞ്ഞിരിക്കാതെ ലോകം മുഴുവന്‍ സഞ്ചരിക്കാനിറങ്ങി. ഖുര്‍ആന്റെ പ്രശസ്തമായ ഏഴു പാരായണ രീതികളിലും അഗ്രഗണ്യനായാണ് തിരിച്ചുവന്നത്. സാഹിത്യ ഗരിമയിലും ഭാഷാ സൗന്ദര്യത്തിലും ആശയസമ്പുഷ്ടതയിലും കാവ്യഭംഗിയിലും അനുപമമെന്ന് ഇന്നും പ്രകീര്‍ത്തിക്കപ്പെടുന്ന മഹദ് കാവ്യങ്ങള്‍ മാലിക് ബ്നു റൈബ് പാടിയത് മരണക്കിടക്കയില്‍ കിടന്നാണ്. അബൂളുഐബുല് ഹദലിയുടെ മകള്‍ മൃതിയടഞ്ഞപ്പോള്‍ അദ്ദേഹം ആലപിച്ച അനുശോചനകാവ്യം ഇപ്പോഴും സാഹിത്യ വിദ്യാര്‍ഥികളുടെ പ്രശംസാപാത്രമാണ്.
അല്ലാഹുവേ, ആ പെണ്‍കുട്ടികള്‍ പറഞ്ഞത് നീ കേട്ടുവല്ലോ. നിന്നെയല്ലാതെ ഒരാളെയും യജമാനനായി അംഗീകരിക്കുവാന്‍ ഞങ്ങള്‍ തയ്യാറല്ല. നിനക്കല്ലാതെ മറ്റൊരാള്‍ക്കും സുജൂദ് ചെയ്യാന്‍ ഞങ്ങള്‍ തയ്യാറല്ല. നിന്റേതല്ലാത്ത മറ്റൊരു അടിമത്തവും ഏറ്റുവാങ്ങാന്‍ ഞങ്ങള്‍ തയ്യാറല്ല.
നീ ഞങ്ങള്‍ക്ക് ജീവിതം വിധിക്കുന്നു, മരണം വിധിക്കുന്നു. പട്ടുമെത്തയിലോ പീടികത്തിണ്ണയിലോ ഉറക്കം ഒരുക്കുന്നു. രോഗമോ ആരോഗ്യമോ നല്കുന്നു. സന്തോഷമോ സന്താപമോ തരുന്നു. സമൃദ്ധിയോ ദാരിദ്ര്യമോ തരുന്നു…
നീ എന്തെന്തു തന്നാലും ഭൗതികാര്‍ത്ഥത്തില്‍ അത് അനുഗ്രഹമാവട്ടെ, നിഗ്രഹമാവട്ടെ എല്ലാം നിന്റെ പരീക്ഷണങ്ങള്‍. ഏറ്റുവാങ്ങാന്‍ ഞങ്ങള്‍ സന്നദ്ധമാണ്. നീ വിധിച്ചതല്ലാതെ സംഭവിക്കുന്നില്ല. നിന്റെ വിധിയെ തിരുത്താന്‍ ഒരാളുമില്ല. നീ തരാന്‍ വിധിച്ചാല്‍ തടയാനാര്? നീ തടഞ്ഞാല്‍ വിധിക്കാനാര്??
ഏതു സാഹചര്യത്തിലും നീയല്ലാതൊരു യജമാനനില്ല എന്നു പറയാന്‍ ഞങ്ങളെ നീ പ്രാപ്തമാക്കണം. ആ വിശ്വാസ ശക്തിയില്‍ നിന്നെ കണ്ടു മുട്ടാന്‍ നീ ഉദവി നല്‍കണം. അതിനു വേണ്ടിയാണ് ഞങ്ങളുടെ ഓരോ അനക്കവും അടക്കവും. ആ ബോധവും വിശ്വാസവും അതിനൊത്ത കര്‍മ്മ ജീവിതവും നീ തന്നാല്‍ ഞങ്ങള്‍ക്ക് മറ്റെന്താണ് വേണ്ടത് ?! ഹസ്ബുനല്ലാഹ്, വനിഅ’മല് വക്കീല്‍…!
ബ്രിട്ടീഷേമാന്റെ അച്ചാരം കിട്ടാതായപ്പോള്‍ പിണങ്ങി ഒടുവില്‍ അവരുടെ വെടി കൊണ്ടു ചാവും എന്നായപ്പോള്‍ ആത്മഹത്യ ചെയ്ത ചെമ്പകരാമന്‍ വേലായുധന് തമ്പി ദളവയുടെയോ ഭീരുക്കളെപ്പോലെ ഒളിച്ചോടി കാട്ടില്‍ പാര്‍ത്ത് ആത്മഹത്യ ചെയ്ത പഴശ്ശിരാജയുടെയോ രക്തമല്ല ഞങ്ങളുടെ സിരകളില്‍. അപമാനകരമായ സന്ധി ചെയ്ത് മാപ്പെഴുതിക്കൊടുത്തും ചെരിപ്പു നക്കിയും മുപ്പതു വെള്ളിക്കാശിന് ഒറ്റുകൊടുത്തു യൂദാസായി തീര്‍ന്ന സവര്‍ണ ഫാഷിസത്തിന്റെ കാവിച്ചോരയല്ല ഞങ്ങളുടെ സിരകളില്‍.
വെള്ളക്കാരന്റെ ബൂട്ടിനടിയിലമര്ന്നപ്പോഴും പീരങ്കിയുണ്ട കൊണ്ട് നെഞ്ചു പിളര്‍ന്നപ്പോഴും അടിമത്വത്തിന്റെ നുകം പേറാന്‍ ഞങ്ങളെക്കിട്ടില്ല എന്ന വീറുയര്ത്തിയ ഏറനാടന്‍ മാപ്പിളമാരുടെ രക്തമാണ്. മരണത്തെ മുഖാമുഖം കണ്ടപ്പോഴും ശത്രുവിനു നേരെ നിറതോക്കുതിര്ത്ത ധീര ശഹീദ് ടിപ്പു സുല്‍ത്താന്റെ ചോര. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ കിടുകിടാ വിറപ്പിച്ച വാരിയന്‍കുന്നന്റെ വീറുറ്റ ചോര! അവരുടെ ഓര്മ മതി ഞങ്ങളെ ത്രസിപ്പിക്കാന്‍.
വിശ്വാസിക്കു ഈ ഉലകം തന്നെ തടവറയാണെന്നാണു വിശ്വാസം. പടിഞ്ഞാട്ടേക്ക് നടക്കണമെങ്കില്‍ കിഴക്കിനു പുറംതിരിയാതെ വയ്യ എന്നു ഞങ്ങളുടെ ഗുരുമഹത്തുക്കള്‍ ഓര്‍മപ്പെടുത്തിയിട്ടുണ്ട്. അനശ്വരമായ സ്വര്‍ഗത്തിലെ അവര്‍ണനീയമായ രാജക്കൊട്ടാരങ്ങളില് ഉല്ലസിക്കാന്‍ വേണ്ടതെന്തെന്ന് ഖല്‍ബു നട്ടിരിക്കുന്ന, ആ പ്രത്യാശകളെ കാമിക്കുന്ന ഞങ്ങള്‍ക്ക് ഈ ഉലകം മൊത്തം എന്തായാലെന്താണ്? കൂടുതല്‍ മൂല്യമുള്ളതിന് കൂടുതല്‍ വിലയൊടുക്കേണ്ടി വരും എന്നറിയാത്തവരാരാണ്?!
ഒന്നോര്‍ത്തോളൂ, നിങ്ങള്‍ കുത്തി വീഴ്ത്തിയവരില്‍ നിന്നിറ്റ വീണ ഓരോ തുള്ളി ചോരയും ആയിരമായിരം ധീരയോദ്ധാക്കളെ ഗര്‍ഭം പേറിയിരുന്നുവെന്നറിയാന് നിങ്ങളിനിയും താമസിക്കും. അതിനിടയില്‍ നിങ്ങള്‍ക്കു നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടപ്പെട്ടിരിക്കും. നീതിയും നിഷ്പക്ഷതയും എന്തെന്ന് നിങ്ങള്‍ കാണാതെയും കേള്‍ക്കാതെയും മിണ്ടാതെയുമിരിക്കുന്നത് അതുവരെ മാത്രമായിരിക്കും. ഉറുമ്പരിക്കുന്നത് തീക്കട്ടയിലാണ്.
വെടിയുണ്ടക്ക് തുളക്കാനാകില്ല വിശ്വാസത്തിന്റെ കരുത്ത്
സജീർ ബുഖാരി