വൃത്തിയും വൃത്തികേടും

0
4625

വിസര്‍ജന മര്യാദകലള്‍
* വിസര്‍ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ എന്തെല്ലാം?
പാദരക്ഷ ധരിക്കുക, തല മറക്കുക, നബിമാര്‍, മലക്കുകള്‍ തുടങ്ങിയവരുടെ പേരുകളും ആദരിക്കപ്പെടേണ്ട വസ്തുക്കളും മാറ്റി വെക്കുക. പ്രവേശിക്കുമ്പോള്‍ ഇടത് കാല്‍ മുന്തിക്കുക. ശുദ്ധീകരണത്തിനുള്ള വെള്ളവും കല്ലും ഉറപ്പ് വരുത്തുക. പ്രവേശിക്കുന്നതിന് മുമ്പ് പറയപ്പെട്ട ചൊല്ലുക.
വിസര്‍ജന വസ്തുക്കളുടെ ശബ്ദമോ മണമോ അന്യര്‍ക്ക് അനുഭവപ്പെടാത്ത വിധം മറഞ്ഞ സ്ഥലം കണ്ടെത്തുക.

* വിസര്‍ജന സ്ഥലത്തെത്തിയാല്‍ പാലിക്കേണ്ട മര്യാദകള്‍ എന്തെല്ലാം?
നിലത്തോടടുക്കുന്നത് വരെ വസ്ത്രം ഉയര്‍ത്താതിരിക്കുക. ഇടത് കാലില്‍ ഭാരം കൊടുക്കുക. അനാവശ്യമായി സംസാരിക്കാതിരിക്കുക. ഗുഹ്യ ഭാഗങ്ങളിലേക്കും വിസര്‍ജ്യ വസ്തുക്കളിലേക്കും നോക്കാതിരിക്കുക. ബ്രഷ് ചെയ്യാതിരിക്കുക. മൂത്രത്തില്‍ തുപ്പാതിരിക്കുക. അന്ന പാനീയങ്ങള്‍ വര്‍ജ്ജിക്കുക. വിസര്‍ജന സ്ഥലത്ത് അധികം ഇരിക്കാതിരിക്കുക. ശൗച്യ ശേഷം നിവര്‍ന്ന് നില്‍ക്കും മുമ്പ് ക്രമേണ ഉടുമുണ്ട് താഴ്ത്തുക. വലത് കാല്‍ ആദ്യം എടുത്ത് വച്ച് കൊണ്ട് പുറത്ത് വരിക. പുറത്തെത്തിയതിന് ശേഷവും ശൗച്യ ശേഷവും പറയപ്പെട്ട ദിക്‌റുകള്‍ ചൊല്ലുക.

* ഇസ്തിബ്‌റാഅ് എന്ത്? എങ്ങനെ?
മലമൂത്ര വിസര്‍ജനത്തിന് ശേഷം വിസര്‍ജ്യ വസ്തുക്കള്‍ പൂര്‍ണ മായും പുറത്ത് പോവാന്‍ വേണ്ടിയുള്ള ഒരു മാര്‍ഗമാണിത്. തൊണ്ടയനക്കുക, ഇടത് കൈ കൊണ്ട് പിന്‍ദ്വാരം മുതല്‍ ലിംഗാഗ്രം വരേ തടവുക, മൃദുവായി ലിംഗം കുടയുക, ഏതാനും അടി നടക്കുക, ഇവയാണ് പ്രധാന മാര്‍ഗ്ഗങ്ങള്‍.

* ബഹുമാനിക്കപ്പെടുന്ന നാമങ്ങള്‍ കൊത്തിവെച്ച മോതിരം ഇടത് കയ്യിലണിഞ്ഞ്
ശൗച്യം നടത്തുന്നതിന്റെ വിധി ?
ഹറാം . അഴിച്ച് വക്കല്‍ നിര്‍ബന്ധമാണ്.

* ബഹുമാനിക്കപ്പെടുന്ന പേര് പതിപ്പിക്കപ്പെട്ട മോതിരവുമായി ഒരാള്‍ കക്കൂസില്‍ പ്രവേശിച്ചാല്‍ അത് ഊരി പുറത്ത് തന്നെ വെക്കേണ്ടതുണ്ടോ?
ഇല്ല. അതിനെ ഊരി ഉള്ളന്‍ കയ്യില്‍ പിടിക്കല്‍ സുന്നത്താണ്.

* കക്കൂസില്‍ പ്രവേശിക്കുന്നവന്‍ ഇടത് കാല്‍ മുന്തിക്കല്‍ സുന്നത്താണ്. എന്നാല്‍ ഉപയോഗം തുടങ്ങാത്തതാണെങ്കില്‍ ഈ വിധി ബാധകമാണോ?
ഈ വിധി ബാധകമാവുകയില്ല. അതിനെ മ്ലേഛമായ സ്ഥലമായി പരിഗണിക്കുന്നില്ല എന്നതാണ് കാരണം .

* വിസര്‍ജന സമയത്ത് തുമ്മിയാല്‍ അല്‍ഹംദുലില്ലാഹ് എന്ന് പറയാന്‍ പറ്റുമോ?
പറയല്‍ കറാഹത്താണ്. ഹൃദയം കൊണ്ട് മാത്രം അല്ലാഹുവിനെ സ്ഥുതിക്കലാണ് സുന്നത്ത്.

* അന്യരുടെ ഉടമസ്ഥതയിലുള്ള ഫലം കായ്ക്കുന്ന മരച്ചുവട്ടില്‍ വിസര്‍ജ്യം നടത്തുന്നതിന്റെ വിധി എന്ത്?
ഹറാമാണ്. സ്വന്തം ഉടമസ്ഥതയിലുള്ളതാണെങ്കില്‍ കറാഹത്ത്.

* വിസര്‍ജന സമയത്ത് വാങ്ക് കേട്ടാല്‍ ഇജാബത്ത് ചെയ്യേണ്ടതുണ്ടോ?
വായ കൊണ്ട് അക്ഷരങ്ങള്‍ ഉച്ചരിച്ച് ഇജാബത്ത് ചെയ്യല്‍വിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും മനസ്സ് കൊണ്ട് ഇജാബത്ത് ചെയ്യല്‍ സുന്നത്താണ്.

* വെള്ളം കൊണ്ട് മനഹോരം ചെയ്യുമ്പോള്‍ മൂന്ന് പ്രാവശ്യമാക്കല്‍ സുന്നത്തുണ്ടോ?
വെള്ളം കൊണ്ട് മനഹോരം ചെയ്യുമ്പോള്‍ മൂന്ന് പ്രവശ്യമാക്കല്‍ സുന്നത്താണ് . എന്നാല്‍ കല്ല് പോലോത്തത് കൊണ്ടാണെങ്കില്‍ മൂന്ന് പ്രാവശ്യമാക്കല്‍ നിര്‍ബന്ധവുമാണ്.

* വെള്ളമുണ്ടായിരിക്കേ കല്ല് കൊണ്ട് മനഹോരം നടത്താമോ?
കല്ലും വെള്ളവും ഒരുമിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം എങ്കിലും ഒന്ന് കൊണ്ട് മാത്രം മതിയാക്കാന്‍ ഉദ്ദേശിച്ചവന് വെള്ളം ഉപയോഗിക്കലാണ് ഉത്തമം

* കല്ല് കൊണ്ട് ശൗച്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?
നജസ്സ് ഉണങ്ങാതിരിക്കുക, പുറപ്പെട്ട നജസ് സ്ഥാനം വിട്ട് നീങ്ങാതിരിക്കുക. നജസ് പുറപ്പെട്ട സ്ഥലത്ത് അന്യ നജസ് ഉണ്ടാവാതിരിക്കുക.

* കല്ല് കൊണ്ട് ശൗച്യം ചെയ്യുമ്പോള്‍ മൂന്ന് പ്രാവശ്യം ചെയ്യല്‍ നിര്‍ബന്ധമുണ്ടോ ?
കല്ല് കൊണ്ട് ശൗച്യം ചെയ്യുമ്പോള്‍ ചുരുങ്ങിയത് മൂന്ന് കല്ല് കൊണ്ടോ, ഒരു കല്ലിന്റെ മൂന്ന് ഭാഗങ്ങള്‍ കൊണ്ടോ മൂന്ന് വട്ടം തടവല്‍ നിര്‍ബന്ധമാണ്.

* കല്ല് കൊണ്ട് മനഹോരം ചെയ്തയാളുടെ വിസര്‍ജ്യ ദ്വാരത്തില്‍ വിയര്‍പ്പ് കലര്‍ന്നാല്‍ കഴുകല്‍ നിര്‍ബന്ധമാവുമോ?
ഇല്ല. കല്ല് കൊണ്ട് ശൗച്യം ചെയ്തവന്റെ മുന്‍ പിന്‍ ദ്വാരത്തില്‍ വിയര്‍പ്പ് ഉണ്ടായത് കൊണ്ട് മാത്രം കഴുകല്‍ നിര്‍ബന്ധമില്ല. എന്നാല്‍ ഹശ്ഫ, സഫ്ഹ എന്ന പരിധി വിട്ടാല്‍ ആ ഭാഗം കഴുകല്‍ നിര്‍ബന്ധമാണ്.

* നിന്ന് മൂത്രമൊഴക്കുന്നതിന്റെ വിധി എന്ത്?
അകാരണമായി നിന്ന് മൂത്രമൊഴിക്കല്‍ കറാഹത്താണ്.

* നജസുകള്‍ ഏതല്ലാമാണ്?
നജസുകള്‍ മൂന്ന് തരമുണ്ട് 1) ഗൗരവമുള്ളത്. നായ പന്നി എന്നിവയില്‍ നിന്ന് പിരിഞ്ഞുണ്ടായത് എന്നിവയാണിത്. ഇവ കൊണ്ട് നജസായാല്‍ ഏഴു പ്രാവിശ്യം കഴുകണം. അവയിലൊന്ന് മണ്ണു കലക്കിയ വെള്ളം കൊണ്ടായിരിക്കുക 2) ലഘുവായത്. പാല്‍ മാത്രം കഴിക്കുന്ന രണ്ട് വയസ്സ് പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ മൂത്രമാണിത്. ഇത് ശരീരത്തിലൊ വസ്ത്രത്തിലൊ ആയാല്‍ മൂത്രത്തേക്കാള്‍ വെള്ളെമെടുത്ത് തെളിച്ചാല്‍ മതി 3) മധ്യ നിലയിലുള്ളത്. നായ, പന്നി എന്നിവ ഒഴിച്ചുള്ള ജീവികളുടെ മലം, മൂത്രം, മദ്‌യ്, വദ്‌യ്, രക്തം, ചലം, ചര്‍ദ്ദിച്ചത് എന്നവയും ലഹരി പദാര്‍ത്ഥം ശവം തുടങ്ങിയവയുമാണ് ഇതില്‍ ഉള്‍പെടുന്നത്. നായ, പന്നി എന്നിവയുടേത് ശരീരത്തിലോ മറ്റോ ആയാല്‍ ഏഴു പ്രാവശ്യം കഴുകണം.

* നായയെ തൊട്ടത് കൊണ്ട് നജസാകുമോ? ആയാല്‍ എന്തു ചെയ്യണം?
നനവുള്ള സ്ഥലത്ത് നായ സ്പര്‍ശിക്കുകയോ നായയുടെ നനവുള്ള ഭാഗം ഏതെങ്കിലും ഭാഗത്ത് ആവുകയോ ചെയ്താല്‍ മാത്രമേ നജസാവുകയുള്ളു. ഇങ്ങനെ നജസായ ഭാഗം ഏഴു പ്രാവിശ്യം കഴുകണം.അവയിലൊന്ന് മണ്ണുകലക്കിയ വെള്ളം കൊണ്ടാവുകയും വേണം. മണ്ണുള്ള അകമാണെങ്കില്‍ അവിടെ പ്രത്യേകം മണ്ണുചേര്‍ക്കേണ്ടതില്ല. നജസു നീങ്ങാന്‍ എത്ര കഴുകിയാലും അത് ഒരു തവണയായി മാത്രമെ ഗണിക്കുകയുള്ളു. അപ്പോള്‍ നജസ് നീങ്ങിയ ശേഷം ആറുതവണ കഴുകണമെന്ന് താല്‍പര്യം. ആദ്യത്തെ തവണ മണ്ണുകലക്കിയ വെള്ളം കൊണ്ടാകലാണ് ഉത്തമം. കുളം, പുഴ പോലുള്ളവയിലിട്ട് ഏഴു പ്രാവിശ്യം ഇളക്കിയാല്‍ മതി. ഒരു പ്രാവിശ്യം മണ്ണുകലക്കിയ വെള്ളം കൊണ്ടാവണം എന്നു മാത്രം.

* കാവല്‍ നായയെ വളര്‍ത്താമോ?
വേട്ട, വീട്ടുകാവല്‍ തുടങ്ങിയ അനിവാര്യകാര്യങ്ങള്‍ക്കാണെങ്കില്‍ നായയെ വളര്‍ത്തുന്നത് അനുവദനീയമാണ്. ഹോബിക്കു വേണ്ടി വളര്‍ത്തുന്നവരുടെ സല്‍കര്‍മ്മങ്ങള്‍ ചുരുക്കപ്പെടുമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്.

* നായതൊട്ട പാത്രം കൈ കൊണ്ട് തൊട്ടാല്‍ കൈ നജസാകുമോ?
നനവോടെ സ്പര്‍ശിച്ചാല്‍ നജസാകും.

* കിണറ്റില്‍ നായ വീണാല്‍ അതിലെ വെള്ളം മുഴുവനും ഒഴിവാക്കാതെ ഉപയോഗിക്കാന്‍ പറ്റുമോ?
കിണറ്റില്‍ രണ്ടു കുല്ലത്ത് വെള്ളമുണ്ടെങ്കില്‍ (ഒന്നേക്കാല്‍ മുഴം നീളവും, ആഴവും, വീതിയുമുള്ള പാത്രത്തില്‍ കൊള്ളുന്ന വെള്ളം – ഏകദേശം 198 കിലോഗ്രാം തൂക്കവും 670 ഔണ്‍സ് അളവുമായിരിക്കും) അത് അശുദ്ധ മാകുകയില്ല. നജസിന്റെ മണമോ, നിറമോ, രുചിയോ വെള്ളത്തില്‍ അവശേഷിക്കുന്നുണ്ടങ്കിലേ ആ വെള്ളം അശുദ്ധമാകൂ. എന്നാല്‍ കോരി എടുക്കുമ്പോള്‍ ബക്കറ്റില്‍ നായയുടെ രോമം ഉണ്ടാകുന്ന പക്ഷം ആവെള്ളവും പാത്രവും അശുദ്ധമാകും. അതിനാല്‍ രോമം നീക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുകയാണ് വേണ്ടത്.

* വികാരാധിക്യമുണ്ടാകുന്ന സമയത്ത് പുറപ്പെടുന്ന ഘനം കുറഞ്ഞ ദ്രാവകം (വദ്‌യ്) നജസാണോ?
അതെ, ഇത് നജസാണ്. ദേഹത്തിലോ വസ്ത്രത്തിലോ ആയാല്‍ ശുദ്ധിയാക്കാതെ നിസ്‌കാരം സ്വഹീഹാകുകയില്ല. ഇതുമായി കൂടിക്കലരുമ്പോള്‍ ഇന്ദ്രിയവും നജസാകുന്നു.

* ഉറങ്ങുന്നവന്റെ വായയില്‍ നിന്ന് വരുന്ന ദ്രാവകത്തിന്റെയും ചര്‍ദ്ദിയുടെയും വിധി എന്ത്?
ആമാശയിത്തിലെത്തിയ വസ്തു പുറത്ത് വന്നാല്‍ നജസാണ്. ഒരു മാറ്റവും കൂടാതെയാണ് പുറത്ത് വരുന്നതെങ്കിലും ഈ വിധിതന്നെയാണ്. ഉറങ്ങുന്ന ആളുടെ വായില്‍ നിന്ന് ഒലിക്കുന്ന വെള്ളം ആമാശയത്തില്‍ നിന്നുള്ളതാണെങ്കില്‍ നജസാണ്. അതിന് പകര്‍ച്ച വന്നിട്ടുണ്ടെങ്കില്‍ ആമാശയത്തില്‍ നിന്നാണെന്ന് മനസ്സിലാക്കാവുന്നതാണ്.

* കോഴിയുടെ തൂവല്‍ ഉപയോഗിക്കാമോ?
പശു, ആട്, കോഴി തുടങ്ങി ഭക്ഷിക്കാവുന്ന ജീവികളുടെ രോമം തൂവല്‍ എന്നിവ ജീവിതകാലത്ത് വേര്‍പിരിഞ്ഞതാണെങ്കില്‍ നജസല്ല. അറുത്തതിന് ശേഷമാണെങ്കിലും ഇതുതന്നെയാണ് വിധി.

* വീടിന്റെ മുറ്റം ചാണകം തേച്ച് മിനുസപ്പെടുത്താമോ?
ചാണകം നജസായതിനാലും അതില്‍ കൃമികള്‍ ഉണ്ടാകാന്‍സാധ്യത ഉള്ളതിനാലും ചാണക മില്ലാത്തത് ഉപയോഗിക്കലാണ് നല്ലത്.

* സ്‌പ്രേ ഉപയോഗിക്കുന്നതിന്റെ വിധിയെന്ത്?
ആല്‍ക്കഹോള്‍, സ്പിരിറ്റ് തുടങ്ങിയ നജസുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ അത്തരം സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. അല്ലാത്തത് ഉപയോഗിക്കുന്നതിന് വിരോധമില്ല.

* ടൂത്ത് പേസ്റ്റുകളില്‍ പന്നിക്കൊഴുപ്പ് ചേര്‍ക്കുന്നെണ്ടെങ്കില്‍ അവ ഉപയോഗിക്കാന്‍ പറ്റുമോ?
കേട്ടു കേള്‍വിയുടെ അടിസ്ഥാനത്തില്‍ ഇതിന് വിധി പറയാനാവില്ല. എന്നാല്‍ നജസുണ്ടെന്ന് തെളിഞ്ഞാല്‍ ഉപയോഗിക്കാന്‍ പാടില്ല. ലഹരി ചേര്‍ത്താണെന്ന് ഉറപ്പുള്ള ടോണിക്ക്, അരിഷ്ടം തുടങ്ങിയവും നജസാണ്.

* മാംസത്തിലുള്ള കുറഞ്ഞ രക്തം നജസാണോ?
രക്തം നജസാണ്, എങ്കിലും ഇത് മാപ്പ് ചെയ്യപ്പെടും.

* നിസ്‌കാര വേളയില്‍ മുഖക്കുരു, ചോരക്കുരു തുടങ്ങിയവിയില്‍നിന്നു പുറത്ത് വരുന്ന രക്തം പൊറുക്കപ്പെടുമോ?
പൊറുക്കപ്പെടും, എന്നാല്‍ രക്തവും ചലവും ഞെക്കി പ്പിഴിയല്‍ പോലെയുള്ള പ്രവര്‍ത്തിമൂലമുണ്ടായതാവരുത.്
ഈ നിലയിലുള്ളതാണെങ്കില്‍ കുറഞ്ഞത് മാത്രമേ വിട്ടുവീഴ്ച ചെയ്യപ്പെടുകയുള്ളു.

* നജസായ വസ്ത്രം കുറച്ച് വെള്ളമുള്ള പാത്രത്തില്‍ ഇട്ടു കഴുകിയാല്‍ ശുദ്ധിയാകുമോ?
പാത്രത്തിലെ വെള്ളം രണ്ടു കുല്ലത്തില്‍ കുറവാണെങ്കില്‍ ശുദ്ധിയാവുകയില്ല. എന്നാല്‍ ആവെള്ളം വസ്ത്രത്തിന്റെ മേല്‍ ഒഴിക്കാവുന്നതാണ്.

* നിസ്‌കാര ശേഷം വസ്ത്രത്തിലോ സ്ഥലത്തോ നജസുകണ്ടാല്‍ അത് മടക്കി നിസ്‌കരിക്കണോ?
മടക്കി നിസ്‌കരിക്കല്‍ നിര്‍ബന്ധമാണ്.

* പാലിലോ എണ്ണയിലോ എലിക്കാഷ്ടം പോലുള്ളത് വീണാല്‍ അവ ഉപയോഗ ശൂന്യമാകുമോ?
എലിക്കാഷ്ടം നജസാണ്. അത് വീണാല്‍ എണ്ണയും പാലും നജസായിത്തീരും. അവ ശുദ്ധിയാക്കാന്‍ വേറെ മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഉപയോഗശൂന്യമായിത്തീരുകയും ചെയ്യും.

* മുലപ്പാല്‍ മാത്രം കുടിക്കുന്ന കുട്ടിയുടെ മൂത്രം ശുദ്ധീകരിക്കുന്നത് എങ്ങനെ?
മുലപ്പാല്‍ മാത്രം കുടിക്കുന്ന കുട്ടിയാണെങ്കില്‍ മൂത്രമായ സ്ഥലത്ത് മൂത്രത്തെ മികക്കുന്ന വെള്ളം കുടഞ്ഞാല്‍ മതി. പെണ്‍കുട്ടിയുടേതാണെങ്കില്‍ കഴുകല്‍ നിര്‍ബന്ധമാണ്.

* മൂത്രമായ സ്ഥലം ശുദ്ധീകരിക്കുന്നതെങ്ങനെ?
മൂത്രത്തോടെ ഉണങ്ങിയ പ്രതലത്തില്‍ (നിറം, മണം, രുചി) എന്നിവ ഇല്ലെങ്കില്‍ മൂത്രസമാനമോ അതിനേക്കാളോ വെള്ളെമൊഴിച്ചാല്‍ മതിയാവുന്നതാണ്. ഇവകള്‍ ശേഷിക്കുന്നുവെങ്കില്‍ അവ നീങ്ങുന്നത് വരെ കഴുകണം. നിറമോ മണമോ നീങ്ങിപ്പോകുന്നില്ലെങ്കില്‍ അതില്‍ ഒന്നുമാത്രം അവശേഷിക്കുന്നതിന് വിരോധമില്ല. അത് രണ്ടും കൂടിയോ രുചിയോ ശേഷിച്ചാല്‍ ശുദ്ധിയാകുകയില്ല. ഉണങ്ങാത്ത മൂത്രമാണെങ്കില്‍ ആദ്യം മൂത്രത്തെ ഒപ്പിയെടുത്ത് പിന്നീട് വെള്ളം ഒഴിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here