വിഷാദരോഗം; ഇസ്ലാമിന് പറയാനുണ്ട്

പി.എച്ച് ശനൂബ് ഹുസൈൻ

0
276

അർജുൻ ഭരദ്വാജ് എന്ന എഞ്ചിനീയറിംങ് വിദ്യാർത്ഥി മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പത്തൊമ്പതാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുകയുണ്ടായി. സോഷ്യൽ മീഡിയയിലൂടെ ലൈവായി തന്റെ മരണ രംഗങ്ങൾ ഈ ഇരുപത്തിമൂന്ന്കാരൻ പങ്ക് വെച്ചിരുന്നു. അർജുൻ ഒരു വിഷാദ രോഗിയായിരുന്നുവെന്ന് സുഹൃത്ത് പോലീസിനോട് പറഞ്ഞു.
കുട്ടികൾ, കൗമാരക്കാർ, യുവാക്കൾ , വൃദ്ധർ എന്നിങ്ങനെ എല്ലാ പ്രായക്കാരെയും ബാധിക്കുന്ന പൊതുവായ ഒരു മാനസിക പ്രശ്നമാണ് വിഷാദ രോഗം (deppression). ലോകത്ത് 234 മില്യൺ ജനങ്ങൾ വിഷാദ രോഗികളാണെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ പുറത്ത് വിട്ട റിപോർട്ട് വ്യക്തമാക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് കൂടുതൽ ബാധിക്കാറുള്ളത്. വിഷാദ രോഗം ആത്മഹത്യയിലേക്ക് നയിക്കുന്നത് കൊണ്ട് തന്നെ ഗുരുതരമായ ഒരു മാനസിക പ്രശ്നമായാണിതിനെ മനസ്സിലാക്കേണ്ടത്. പതിനഞ്ചിനും ഇരുപത്തി ഒമ്പതിനും ഇടയിൽ പ്രായമുള്ളവർ ആത്മഹത്യ ചെയ്യാനുള്ള രണ്ടാം ഹേതുകം വിഷാദ രോഗമാണ്. ഇന്ത്യയിൽ ഒരു വർഷം 8 ലക്ഷം പേർ അത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

കാരണങ്ങൾ

     ബന്ധങ്ങളിലെ തകർച്ച , പ്രിയപ്പെട്ടവരുടെ വിയോഗം, വിരഹം , തൊഴിലില്ലായ്മ, ദീർഘകാലമായുള്ള അസുഖങ്ങൾ, വിവാഹം കഴിക്കാൻ സാധിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങളാൽ വിഷാദ രോഗമുണ്ടാവാം. ലഹരി പദാർത്ഥങ്ങൾക്കടിമയാവുക പോലോത്ത ദുശ്ശീലങ്ങളും ഈ മാനസിക പ്രശ്നത്തിലേക്കെത്തിക്കാം. പാരമ്പര്യമായുള്ള ജനിതക കൈമാറ്റവും വിഷാദ രോഗകാരണമാവാമെന്ന് പഠനങ്ങൾ പറയുന്നുണ്ട്.

ലക്ഷണങ്ങൾ

  വിഷമങ്ങൾ നേരിടേണ്ടി വരുമ്പോൾ താൽക്കാലികമായി മനസ്സിൽ ദു:ഖമനുഭവപ്പെടാത്തവരില്ല. ഇത് വിഷാദ രോഗമല്ല. വിഷാദ രോഗിക്ക് സ്ഥായിയായ ദുഃഖഭാവമുണ്ടാവും. രണ്ടാഴ്ചയോളമിത് നീണ്ട് നിൽക്കും. ഈ കാലയളവിൽ സാധാരണ ചെയ്യുമ്പോൾ ആനന്ദം ലഭിക്കുന്ന പ്രവർത്തനങ്ങളിലേർപ്പെടുമ്പോഴും സന്തോഷം ലഭിക്കില്ല. ഊർജമില്ലായ്മയും ക്ഷീണവുമനുഭവപ്പെടും. ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാൻ സാധിക്കാതെ തളർന്ന അവസ്ഥയിലായിരിക്കും.
     ഉറക്കം ശരിയായ അളവിൽ ലഭിക്കില്ല. പുലർച്ചെ രണ്ട് , മൂന്ന് മണിയാവുമ്പോൾ ഉറക്കമുണരും. പിന്നീട് ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കേണ്ട അവസ്ഥയാവും. രാവിലെ എഴുന്നേൽക്കുമ്പോഴും ഉറങ്ങിയെഴുന്നേറ്റ സംതൃപ്തി ലഭിക്കില്ല. മിക്ക വിഷാദ രോഗികൾക്കും ഉൽകണ്‌ഠാരോഗവുമുണ്ടാവും. ഭാവിയെ കുറിച്ചുള്ള ആശങ്ക മനസ്സിൽ നിറഞ്ഞ് നിൽക്കും. വിശപ്പില്ലായ്മ അനുഭവപ്പെടും , തൂക്കം കുറയും. ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല. സ്വന്തത്തെ കുറിച്ച് അപകർഷതാ ബോധമുണ്ടാവും.
      വീട്ടിലെ സുഖകരമല്ലാത്ത അന്തരീക്ഷമാണ് കുട്ടികളെ വിഷാദ രോഗികളാക്കുന്നത്. ശാരീരിക-മാനസിക പീഡനങ്ങളും കാരണങ്ങളാവാം. രോഗികളാവുന്ന കുട്ടികൾ പഠനത്തിൽ താൽപര്യം കാണിക്കില്ല. മുതിർന്നവരുടെ നിർദേശങ്ങൾ അനുസരിക്കില്ല. യുവാക്കളാണെങ്കിൽ സദാ വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരാവും. ആരെയും അനുസരിക്കില്ല. ചിലർ ലഹരി അഭയമായി കരുതും. വിഷാദ രോഗികൾ പൊതുവെ ഏകാന്തതയെ പ്രണയിക്കുന്നവരായിരിക്കും.

ചികിത്സാ രീതികൾ

  ഫലപ്രദമായ ചികിത്സയിലൂടെ വിഷാദരോഗത്തെ നിശേഷം മാറ്റിയെടുക്കാനാവും. പക്ഷേ, മാനസിക ചികിത്സയെ കുറിച്ചുള്ള മുൻ ധാരണകൾ നിമിത്തം പലരും ചികിത്സ തേടാറില്ലെന്നതാണ് വാസ്തവം.Inter personal psychotherapy (IPT), Cognitive behavioural therapy (CBT), behavioural activation തുടങ്ങിയ ശാസ്ത്രീയ ചികിത്സാ രീതികളുണ്ട്. ഇതിനെല്ലാമപ്പുറം വിഷാദ രോഗിയോടുള്ള കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സമീപന രീതിയാണ് പ്രധാനം. ഏകാന്തതയുടെ തടവറകളിൽ കുരുങ്ങിയ , സ്വന്തത്തിലേക്ക് ചുരുങ്ങുന്ന, നിശബ്ദമായി വ്യാകുലതകളിൽ മുഴുകുന്ന ഇവരെ മനസ്സിലാക്കി ഉള്ള് തുറന്ന് സംസാരിച്ച് വിഷമങ്ങൾ പരിഹരിക്കാനാവണം. ആനന്ദം പകരാനാവണം. തനിക്ക് മറ്റാരും തുണയില്ലെന്ന വേരുറച്ച ബോധ്യത്തെ വേരോടെ പിഴുതെറിയാനാവണം.

ഇസ്‌ലാമിനും പറയാനുണ്ട്

    വ്യക്തിപരമായ നഷ്ടങ്ങളാണല്ലോ വിഷാദ രോഗത്തിന്റെ പ്രധാന കാരണം. ഇത്തരം സന്ദർഭങ്ങളിൽ വിശ്വാസി അനുവർത്തിക്കേണ്ട മര്യാദകളെന്തെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. വിശ്വാസമെന്താണെന്ന ചോദ്യത്തിന് ക്ഷമ എന്നായിരുന്നു തിരുനബി ﷺ മറുപടി നൽകിയത്. അതെ, വിശ്വാസമെന്നാൽ സഹനമാണ്. സ്രഷ്ടാവിന്റെ കൽപനകളും വിരോധനകളും ശിരസാവഹിക്കുമ്പോൾ ക്ഷമയെന്ന വജ്രായുധം കൂടെയുണ്ടാവാതെങ്ങനെ ? മാത്രമല്ല, ജീവിതത്തിലെ സുഖവും ദുഃഖവുമെല്ലാം പടച്ച റബ്ബിൽ നിന്നാണെന്ന അടിയുറച്ച വിശ്വാസമുള്ളവനാണ് വിശ്വാസി. ദുരിതപ്പെയ്ത്തിൽ അവൻ നിലംപൊത്തുന്നതെങ്ങനെ? തിരുനബി ﷺ വിശ്വാസിയുടെ കാര്യമോർത്ത് അത്ഭുതപ്പെടുന്നത് കാണുക " വിശ്വാസിയുടെ കാര്യമെത്ര ആശ്ചര്യകരമാണ് ! വിശ്വാസിക്കല്ലാതെ മറ്റാർക്കുമതില്ല. അവനൊരു സന്തോഷം ലഭിച്ചാൽ നന്ദി ചെയ്യും. അതവന് ഗുണകരമായിരിക്കും. അവനൊരു പ്രയാസം ഭവിച്ചാൽ ക്ഷമിക്കും. അതുമവന് ഗുണകരമായിരിക്കും " .
        ജീവിതത്തിൽ പ്രയാസങ്ങളുണ്ടാവുമ്പോൾ തനിക്ക് മാത്രമെന്താണിങ്ങനെയെന്ന് പരിതപിക്കാതെ, അവലംഭമില്ലാത്ത ഏകാന്തനാണ് താനെന്ന് വിലപിക്കാതെ സഹനത്തിന്റെ പരിച പിടിച്ച് സ്രഷ്ടാവിൽ വിലയം പ്രാപിച്ച് ആനന്ദം നേടാൻ വിശ്വാസിക്ക് സാധിക്കും. ചെരുപ്പിന്റെ വാറ് പൊട്ടിയാൽ പോലും അല്ലാഹുവിനോട് ചോദിക്കണമെന്നല്ലേ , അല്ലാഹുവിൽ ഭരമേൽപിച്ചവന് അവൻ തന്നെ മതിയായവനാണെന്നല്ലേ ? പിന്നെന്തിന് ഉള്ള് നീറി ടെൻഷനടിച്ച് മരിക്കണം ?
       ശക്തനായ വിശ്വാസിയാണ് ദുർബലനായ വിശ്വാസിയെക്കാൾ ഉത്തമനും അല്ലാഹുവിനേറെ പ്രിയങ്കരനുമെന്ന് തിരുദൂതർ പഠിപ്പിച്ചതാണ്. തിന്മകളിൽ നിന്ന് വിട്ട് നിൽക്കാനും പ്രയാസങ്ങളിൽ ക്ഷമ കൈക്കൊള്ളാനുമുള്ള മനസ്സുറപ്പാണ് ഇവിടെ ശക്തിയുടെ ഉദ്ദേശ്യമെന്ന് ഇമാം നവവി (റ) പറയുന്നു. പ്രതിസന്ധികളിൽ അകപ്പെട്ട് പോയതിന്റെ പേരിൽ മരണം കൊതിക്കലും വിലക്കപ്പെട്ടതാണ്. ഇനി പ്രതിസന്ധി അസഹ്യമാം വിധം മൂർച്ഛിച്ചാൽ "അല്ലാഹുവേ, ജീവിതമാണെനിക്ക് ഉത്തമമെങ്കിൽ എന്നെ ജീവിപ്പിക്കുകയും മരണമാണെനിക്ക് ഉത്തമമെങ്കിൽ മരിപ്പിക്കുകയും ചെയ്യണേ" എന്ന് പ്രാർത്ഥിക്കാനാണ് തിരു കൽപനയുള്ളത്. രോഗിയായി കിടപ്പിലായാലും ക്ഷമ കൈക്കൊണ്ട് പരലോകത്തേക്ക് പ്രതിഫലം കൊയ്തെടുക്കാനുള്ള അവസരമായി വിശ്വാസി അതിനെ ഉപയോഗപ്പെടുത്തും. അത്വാഅ് ബ്നു അബീ റബാഹ (റ) പറയുന്നു: എന്നോട് ഇബ്നു അബ്ബാസ് (റ) ചോദിച്ചു, സ്വർഗക്കാരിയായ ഒരു സ്ത്രീയെ ഞാൻ നിനക്ക് കാണിച്ച് തരട്ടേ? ഞാൻ പറഞ്ഞു: അതെ മഹാൻ പറഞ്ഞു: ഈ കറുത്ത സ്ത്രീയാണ്. അവർ നബി ﷺ യുടെ അടുക്കലേക്ക് വന്ന് പറഞ്ഞു, " എനിക്ക് ബോധക്ഷയം സംഭവിക്കാറുണ്ട്, എന്റെ നഗ്നത വെളിവാകാറുണ്ട് , അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിക്കണം. "തിരു നബിﷺ പറഞ്ഞു " നീ ഉദ്ദേശിക്കുകയാണെങ്കിൽ ക്ഷമിക്കുക. നിനക്ക് സ്വർഗമുണ്ട്. ഇനി നീ ഉദ്ദേശിക്കുകയാണെങ്കിൽ നിനക്ക് ശമനം ലഭിക്കാനായി ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം. " അവർ പറഞ്ഞു. ഞാൻ ക്ഷമിക്കാം. എന്റെ നഗ്നത വെളിവാകുന്നു. അങ്ങ് നഗ്നത വെളിവാകാതിരിക്കാൻ പ്രാർത്ഥിക്കണം. നബി ﷺ അവർക്ക് വേണ്ടി പ്രാർത്ഥിച്ചു. (സ്വഹീഹുൽ ബുഖാരി). തനിക്ക് ഭവിച്ച രോഗത്തിൽ ക്ഷമ കൈകൊണ്ട ഒരു സ്ത്രീ സ്വർഗം നേടിയത് കണ്ടില്ലേ ?.
     രോഗവും മറ്റ് അപകടങ്ങളുമെല്ലാം ചെയ്ത്പോയ പാപങ്ങൾ പൊറുക്കപ്പെടാനുള്ള കാരണങ്ങളായിരിക്കും. നബിﷺ തങ്ങൾ പറയുന്നു: " അല്ലാഹുവിനെ ഒരു പാപവും തന്നിലില്ലാത്ത അവസ്ഥയിൽ ദർശിക്കുന്നത് വരെ വിശ്വാസിയിലും വിശ്വാസിനിയിലും ശരീരത്തിലും സന്താനങ്ങളിലും സമ്പത്തിലുമെല്ലാം പരീക്ഷണങ്ങളുണ്ടായിക്കൊണ്ടിരിക്കും " ( തുർമുദി). മാറാ രോഗിയായതും മകൻ മരിച്ചതും ബിസിനസ് തകർന്നതുമെല്ലാം താത്ക്കാലികമായി വിഷമമുണ്ടാക്കുമെങ്കിലും ഫലത്തിൽ ലാഭമാണെന്ന് ചുരുക്കം.
    പരീക്ഷണങ്ങളിലകപ്പെടുന്ന വിശ്വാസിക്ക് മാനസികമായ ആരാധനകളിലേർപ്പെടാൻ കൂടുതലെളുപ്പമാണ്. കാര്യങ്ങളൊന്നും തന്റെ ഹിതത്തിനനുസരിച്ചല്ല വരുന്നതെന്ന് മനസ്സിലാകുമ്പോൾ സ്രഷ്ടാവിന്റെ അചഞ്ചലമായ വിധിയിലുള്ള വിശ്വാസം അവനിലുറക്കുന്നു. ക്ഷമ ആയുധമാക്കി പ്രതിഫലം നേടുന്നു. വിനയാന്വിതനാവുന്നു. ഇവയെല്ലാം ആരാധനകളാണ്.മാനസികമായുള്ള തുച്ഛമായ ആരാധന പോലും ശാരീരികമായ വലിയ ആരാധനകളേക്കാൾ മഹത്വമേറിയതാണ്.
      ഖുദുസിയ്യായ ഹദീസിൽ കാണാം. "എന്റെ അടിമകളിൽ ഒരുത്തരുണ്ട്. അവർക്ക് ദാരിദ്രമല്ലാതെ അനുയോജ്യമാവില്ല. ഞാനവരെ ഐശ്വര്യവാന്മാരാക്കിയാൽ അവരുടെ അവസ്ഥ മോശമായിരിക്കും. എന്റെ അടിമകളിൽ ഐശ്വര്യമല്ലാതെ അനുയോജ്യമാവാത്തവരുമുണ്ട് .ഞാനവരെ ദരിദ്രരാക്കിയാൽ അവരുടെ അവസ്ഥ നാശമാകും" (മിർഖാത് ) . സ്രഷ്ടാവിന്റെ വിധിയിൽ സംതൃപ്തി പ്രകടിപ്പിക്കണമെന്ന് ചുരുക്കം. അവൻ സർവ ശക്തനും സർവജ്ജാനിയുമാണല്ലോ !
      അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമാണെന്ന് വിശുദ്ധ ഖുർആൻ . നമുക്ക് ക്ഷമിക്കാൻ പഠിക്കാം. സഹനത്തിന്റെ പ്രതിരോധക്കോട്ട കെട്ടാം . പടച്ചവന്റെ ഇഷ്ടം നേടാം. തിരുദൂതർ അത്ഭുതമായി എണ്ണിയവരിലണിനിരക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here