വിശ്വാസികളുടെ ഉമ്മമാർ

മുബാരിശ് ചെറുവാടി

0
1105

 

വിവാഹം തിരു നബിയുടെ ചര്യയിൽപെട്ടതാണ്. പ്രവാചകന്മാരിൽ ആദം നബിയെ പോലെ ഒരു വിവാഹം കൊണ്ട് മതിയാക്കിയവരും ഇബ്രാഹിം (അ) സുലൈമാൻ(അ) ദാവൂദ് (അ) തുടങ്ങിയവരെ പോലെ ഒന്നിൽ കൂടുതൽ ഭാര്യമാരുള്ളവരും ഉണ്ട്. ഈസാ നബി വിവാഹം കഴിച്ചിട്ടില്ല. അവസാനകാലത്ത് ഈസാ നബി ഭൂമിയിലേക്കിറങ്ങുകയും വിവാഹം കഴിക്കുകയും ചെയ്യും.

അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ) പതിമൂന്ന് സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ട്.

1. ഖദീജ ബിൻത് ഖുവൈലിദ് (റ)
2 . സൗദ ബിൻത് സംഅ (റ)
3 . ആഇശ ബിൻത് അബൂബക്കർ
4. ഹഫ്സ ബിൻത് ഉമർബിൻ ഖത്താബ് (റ)
5. സൈനബ് ബിൻത് ഖുസൈമ (റ)
6. സൈനബ് ബിൻത് ജഹ്ശ് (റ)
7. ഉമ്മുസലമ ബിൻത് അബി ഉമയ്യ (റ)
8. ജുബൈരിയ ബിൻത് ഹാരിസ് (റ)
9.ഉമ്മുഹബീബ ബിൻത് അബി സുഫ് യാൻ (റ) – ( റംല)
10. മൈമൂന ബിൻത് ഹാരിസ് (റ)
11. സ്വഫിയ്യ ബിൻത് ഹുയയ്യ് ബ്നു അഖ്ത്വബ് (റ)
12. അസ്മാ ബിൻത് നു അമാൻ
13. അംറ ബിൻത് യസീദ് എന്നിവരാണ് പ്രവാചകൻറെ പതിമൂന്ന് ഭാര്യമാർ . ഇതിൽ അസ്മാ, അംറ എന്നിവരുമായി പ്രവാചകർ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല . ഇവരെ കുറഞ്ഞ കാലം മാത്രമാണ് പ്രവാചകർ ഇണകളാക്കി തുടർന്നത്. കിൻദിയ്യ് വംശജയായ അസ്മ എന്നവർക്ക് കുഷ്ഠ രോഗം ശക്തമായപ്പോൾ അവരുടെ അപ്പോഴത്തെ എളുപ്പം പരിഗണിച്ച് വിവാഹബന്ധത്തിൽ നിന്ന് മോചിപ്പിക്കുകയാണ് ഉണ്ടായത് . കിലാബ് വംശജയായ അംറ എന്നവരുടെ സ്വഭാവദൂഷ്യം കാരണം അവരെയും പ്രവാചകർ വിവാഹമോചനം നടത്തി. ബാക്കിയുള്ള പതിനൊന്ന് ഭാര്യമാരിൽ ഖദീജ, സൈനബ് ബിൻത് ഖുസൈമ എന്നിവർ പ്രവാചകരുടെ ജീവിതകാലത്തുതന്നെ വഫാതായവരാണ്. തൻ്റെ അറുപത്തിമൂന്നാം വയസ്സിൽ തിരുനബി വഫാതാകുമ്പോൾ ബാക്കി ഒമ്പത് ഭാര്യമാർ ജീവിച്ചിരിപ്പുണ്ടായിരുന്നു.

സ്രഷ്ടാവിൽ നിന്നുള്ള ദിവ്യസന്ദേശ പ്രകാരം മാത്രമാണ് തിരുനബി മുഴുവൻ വിവാഹങ്ങളും കഴിച്ചിട്ടുള്ളത്. നബി (സ) പറയുന്നത് കാണുക :’ സ്രഷ്ടാവിൽ നിന്നുള്ള നിർദ്ദേശപ്രകാരം ജിബ്രീൽ മാലാഖ എനിക്ക് സന്ദേശം നൽകിയിട്ടല്ലാതെ ഒരു സ്ത്രീയേയും ഞാൻ വിവാഹം ചെയ്യുകയോ എൻറെ മക്കളെ ഒരാൾക്കും വിവാഹം ചെയ്ത് കൊടുക്കുകയോ ചെയ്തിട്ടില്ല” ( ഹലബി – 3/ 325). എന്നാൽ പ്രവാചകരുടെ ഭാര്യമാരുടെ എണ്ണപ്പെരുപ്പം ഉയർത്തിക്കാട്ടി തിരുനബി വെറും സ്ത്രീലമ്പടനായിരുന്നുവെന്ന് വിമർശനം ഉയർത്തുന്ന അനേകം അല്പജ്ഞാനികൾ ഉണ്ട്. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെയുള്ളഈ വിമർശനങ്ങൾക്കുള്ള മറുപടി ഏത് സാഹചര്യത്തിലാണ് ഓരോ വിവാഹത്തിനും തിരുനബി തയ്യാറായത്, എത്ര പ്രായമുള്ള സ്ത്രീകളെയാണ് അവിടുന്ന് ഇണയാക്കിയത് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കിയാൽ വളരെ എളുപ്പം ലഭിക്കുന്നതാണ്.

ഒരു പൂർണ്ണനായ,ആരോഗ്യ ദൃഢഗാത്രനായ യുവാവായി ജീവിതത്തിൻറെ ഇരുപത്തിയഞ്ചാം വയസ്സിൽ തിരുനബി വിവാഹം ചെയ്തത് രണ്ടു ഭർത്താക്കന്മാർ മരിച്ചുപോയ, നാലു മക്കളുള്ള, തന്നെക്കാൾ പതിനഞ്ച് വയസ്സ് കൂടുതലുള്ള ഖദീജ എന്ന വിധവയായ സ്ത്രീയായിരുന്നു. സ്ത്രീകളെ പുണരുക മാത്രമാണ് തിരുനബിക്ക് ലക്ഷ്യമുണ്ടായിരുന്നതെങ്കിൽ അറേബ്യയിലെ സുന്ദരികളായ കന്യകകളെ വിവാഹം ചെയ്യാമായിരുന്നു. വിശ്വസ്തതയിൽ പ്രസിദ്ധരായ പ്രവാചകർക്ക് മകളെ ഭാര്യയാക്കി നൽകാൻ ഏത് പിതാവും തയ്യാറാകുമായായിരുന്നു. മാത്രമല്ല ഒരു വിധവയായ സ്ത്രീയെ വിവാഹം ചെയ്തതിനു ശേഷം തൻറെ തിളങ്ങുന്ന യൗവന കാലഘട്ടത്തിൽ മറ്റൊരു സ്ത്രീയേയും തിരുനബി വിവാഹം ചെയ്തിട്ടുമില്ല. കൂടാതെ ഖദീജ ബീവിയുടെ കൂടെ ഇരുപത്തിയഞ്ച് കൊല്ലം ജീവിച്ച് മഹതിയുടെ മരണശേഷം അമ്പത്തിമൂന്നാം വയസ്സിലാണ് തൻറെ അടുത്ത ഭാര്യയായി സൗദാ ബീവിയെ പ്രവാചകർ സ്വീകരിക്കുന്നത്. അവരും വിധവയായിരുന്നു. നേരെ മറിച്ച് സ്ത്രീ ലമ്പടനായിരുന്നെങ്കിൽ യൗവന കാലത്ത് മക്കയിലെ സുന്ദരികളായ സ്ത്രീകളെ വിവാഹം ചെയ്യാമായിരുന്നു. പക്ഷേ പ്രവാചകർ അതിനു മുതിർന്നില്ല.

ചുരുക്കത്തിൽ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിൽ വിവിധങ്ങളായ സാമൂഹിക നന്മയ്ക്ക് വേണ്ടി ആയിരുന്നു പ്രവാചകർ വിവാഹം കഴിച്ചിരുന്നത്. തിരുനബിയുടെ വിവാഹങ്ങളുടെ പശ്ചാത്തലം മനസ്സിലാക്കിയാൽ ഒരു വിമർശനത്തിനും സാധ്യത തന്നെ ഉദിക്കുന്നില്ല എന്ന് നമുക്ക് ബോധ്യപ്പെടും. മാത്രമല്ല അന്നത്തെ കാലത്ത് ഒരാളും പ്രശ്നമായവതരിപ്പിക്കാത്ത വിഷയത്തെ പർവ്വതീകരിച്ച് കാണിക്കുന്ന പുതുകാലത്തെ അല്പം ജ്ഞാനികളുടെ ഗൂഡ ലക്ഷ്യം എന്താണെന്ന് എല്ലാവർക്കും മനസ്സിലാവുകയും ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here