വിശുദ്ധ റമളാന്‍: വിശ്വാസി സമരപഥത്തിലിറങ്ങുന്നു

അഹ്മദ് ഇര്‍ഫാന്‍ ബുഖാരി നെല്ലിക്കുത്ത്‌

0
1676

വിവേക വികാരങ്ങളുടെ സഞ്ചിത രൂപമാണു മനുഷ്യന്‍. ഈ രണ്ടു ഘടകങ്ങളില്‍ ഏതാണോ കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് അത് വളര്‍ന്നു കൊണ്ടേയിരിക്കും. വിവേകത്തിന് പ്രാമുഖ്യം കൊടുത്ത് ജീവിതത്തെ ബുദ്ധിപരമായി നിയന്ത്രിക്കുകയും ഇഹപര  വിജയത്തിനു നിദാനമായ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നേറുകയും ചെയ്യുന്നവന്റെ ദേഹം പതുക്കെ സദ്കര്‍മ്മങ്ങള്‍ ചെയ്യാന്‍ പാകപ്പെട്ടു വരും. എന്നാല്‍ വികാരങ്ങള്‍ക്കു പിറകെ സഞ്ചരിച്ച് ചെറിയ ചെറിയ തിന്മകള്‍ ചെയ്ത് തുടങ്ങുന്നവന്‍ ഒടുവില്‍ വന്‍പാപങ്ങളുടെ നീര്‍ചുഴിയില്‍ പതിക്കും. അതില്‍ നിന്ന് കരകയറാന്‍ ആവത് ശ്രമിച്ചാലും അവന്‍ വീണ് പോകും. കാരണം അവന് ഇപ്പോള്‍ പിശാചിന്റെ കയ്യിലെ കളിപ്പാട്ടമാണ്. മനസ്സിലടങ്ങിയിട്ടുള്ള മൃഗീയ ഭാവങ്ങളെ വെട്ടിയൊതുക്കണം. വിവേകം വളര്‍ത്തികൊണ്ടുവരണം. ഏറെ കാലമായി അവന്‍ ആരാധിക്കുന്ന അല്ലാഹുവിനെ അടുത്തറിയണം. അതാണ് മനുഷ്യന്റെ ജീവിത ലക്ഷ്യം. എന്നാല്‍ തിന്മയിലേക്കുള്ള മനസ്സിന്റെ സഞ്ചാരം സഹജമാണ്. അത് മാറ്റാനാവില്ല എന്നു പറയുന്നവരുണ്ട്. തീര്‍ത്തും നിരര്‍ത്ഥകമായ ഒരു ധാരണയാണിത്. മൃഗങ്ങള്‍ക്കു പോലും പരിശീലനം കൊണ്ട് മാറ്റം വരുന്നുണ്ട്. കുതിര ആനകളും മനുഷ്യ നിയന്ത്രണത്തില്‍ ഒതുങ്ങിയതെങ്ങനെയാണ്. ഹിംസ്ര ജീവികളെപ്പോലും തന്റെ കരവലയത്തിലൊതുക്കാനാവുന്ന മനുഷ്യന് സ്വന്തം മനസ്സിനെയും ശരീരത്തെയും ഒതുക്കിനിര്‍ത്താനാവുന്നില്ലന്നോ?! തെറ്റായ ഒരു ധാരണ മാത്രമാണിത്.  നിരന്തര പരിശീലനം കൊണ്ട് എല്ലാം സാധ്യമാവും. അതിനുള്ള കളരിയാണ് വിശുദ്ധ റമളാന്‍.

സഹനവും ക്ഷമയുമാണ് വ്രതം മനുഷ്യനു പ്രധാനം ചെയ്യുന്നത്. തിന്മകള്‍ തീര്‍ത്ഥ കാരാഗൃഹത്തില്‍ നിന്നുള്ള പടിയിറക്കവും നന്മകള്‍ പൂക്കുന്ന പുല്‍മേടിലേക്കുള്ള സഞ്ചാരവുമാണ് ഒരു വ്രതാനുഷ്ടാനി കാംക്ഷിക്കുന്നത്. സര്‍വ്വ സൃഷ്ടാവിന്റെ ശത്രുവായ പിശാചിനോട് അവന്‍ സദാ സമരത്തിലായിരിക്കണം. പിശാച് മനുഷ്യനെ വഴി പിഴപ്പിക്കുന്നത് ദേഹേഛയുടെ സഹായത്തോടെയാണ്. ഭക്ഷണ പാനീയങ്ങള്‍ മുഖേനെയാണ് ദേഹേഛ ഉത്തോചിതമാവുന്നത്. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കുന്നതിലൂടെ പിശാചിനെ ചെറുത്തു തേല്‍പ്പിക്കുന്നു. പിശാചിനെ ചെറുത്തുതോല്‍പ്പിക്കുക എന്നു പറഞ്ഞാല്‍ അല്ലാഹുവിനെ സഹായിക്കുന്നു എന്നാണ്. അല്ലാഹുവിനെ സഹായിക്കുന്നവര്‍ക്കെ അവന്റെ സഹായം ലഭിക്കുകയൊള്ളൂ. അല്ലാഹു പറയുന്നു: അല്ലാഹുവിനെ സഹായിക്കുന്ന പക്ഷം  അവന്‍ നിങ്ങളെ സഹായിക്കും, നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തും (47.7)

വിപുലമായ നോമ്പുസദ്യ നടത്തി വയറു നിറക്കുന്നത് വ്രത ശുദ്ധിക്ക് ഒട്ടും ക്ഷന്തവ്യമല്ല. അത്തരക്കാര്‍ പിശചിന്റെ കാല്‍പ്പാടുകളെയാണ് പിന്‍ന്തുടരുന്നത്. ഇമാം ബൂസ്വീരി (റ) പാടി: ഭക്ഷണം തീറ്റക്കാരന്റെ വികാരങ്ങള്‍ക്ക് ശക്തിപകരും, തീര്‍ച്ച.

അനുവദനീയമായ സമയത്ത് അധിക ഭക്ഷണം അകത്താകുന്നതുപോലും നോമ്പിന്റെ യഥാര്‍ഥ ലക്ഷ്യത്തില്‍നിന്ന് വിശ്വാസിയെ അകറ്റുമെങ്കില്‍ വിശുദ്ധ റമളാനില്‍ പകല്‍ സമയത്ത് സദ്യയൊരുക്കുവരെ കുറിച്ച് പറയേണ്ടതുണ്ടോ?!. ഹോട്ടല്‍  നടത്തി കാഫിറുകള്‍ക്കും മുനാഫിഖുകള്‍ക്കും ഭക്ഷണമെത്തിച്ച് കൊടുക്കുന്നവരുണ്ട്. അവര്‍ അല്ലാഹുവിന്റെ ശത്രുക്കളാണ്. അത്തരക്കാരെ കൊണ്ട് അല്ലാഹുവിന്റെ ശാപമാണിറങ്ങുക.

അന്നപാനീയങ്ങളുടെ പരിത്യാഗം മാത്രമല്ല വ്രതമനുഷ്ടാനം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. സര്‍വ്വ നാശത്തിലേക്ക് നയിക്കുന്ന നാവിനെ നിയന്ത്രിക്കുകയും വേണം. എല്ലാകാര്യങ്ങളും പുറത്തുപറയാനുള്ളതല്ലെന്ന ഉത്തമബോധ്യം  ഒരു മുഅ്മിന് എപ്പോഴും ഉണ്ടായിരിക്കണം. അനാവശ്യ സംസാരത്തിലേര്‍പ്പെടുന്നവര്‍ അവന്റെ മൂലധനമായ സമയമാണ് നഷ്ടപ്പെടുത്തുന്നത്. ഈ മൂലധനം  അനാവശ്യത്തിന് ചെലവഴിക്കുകയും പരലോകത്ത് പ്രതിഫലം നേടിത്തരുന്ന കാര്യങ്ങളില്‍ നിക്ഷേപിക്കാതിരിക്കുകയും ചെയ്യുന്നവന്‍ ഇരു ലോക നഷ്ടം വിളിച്ചു വരുത്തുന്നവനാണ്. ഇതിനാല്‍ ഇത്തരക്കാര്‍ നാവിനു നന്നായി കടിഞ്ഞാണിടണം. പരദൂഷണവും ഏഷണിയും മാത്രം ഉപേക്ഷിച്ചാല്‍ പോരാ. ആശയത്തിനാവശ്യമായതിലധികം വരുന്ന പദങ്ങള്‍ പോലും ഉപേക്ഷിക്കാന്‍ പഠിക്കണം. അതാണ് ബുദ്ധിമാന്മാരുടെ ലക്ഷണം. നബി (സ) പറഞ്ഞു: നാവില്‍ മിച്ചമുള്ളതു തടഞ്ഞുവെക്കുകയും ധനത്തില്‍ മിച്ചമുള്ളത് ദാനം ചെയ്യുകയും ചെയ്യുന്നവന് ഭാവുകം!. ഇക്കാലത്ത് കാര്യം നേരേ തലതിരിഞ്ഞാണ് സംഭവിക്കുന്നത്. നാം നാവില്‍ മിച്ചമുള്ളത് ചിലവഴിക്കുന്നു. ധനത്തില്‍ മിച്ചമുള്ളത് കെട്ടിപ്പൂട്ടി വെക്കുന്നു. മനുഷ്യന്റെ സകല സംസാരവും മലക്കുകള്‍ രേഖപ്പെടുത്തിവെക്കുന്നുണ്ട്. ഇബ്‌നു ഉമര്‍ പറയുന്നു: മനുഷ്യന്‍ ശുദ്ധമാവാന്‍ ഏറ്റവും ബാധ്യതപ്പെട്ടത് അവന്റെ നാവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here