വിമോചനത്തിന്റെ രാവ്‌

മുഹമ്മദ് റാഫി ബുഖാരി മാവൂര്‍

0
1582

യുഗങ്ങളായി മുസ്ലിം സമൂഹം പവിത്രമായി കാണുന്ന മാസങ്ങളില്‍ ഒന്നാണ് ശഅ്ബാന്‍. പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമളാനിനെ വരവേല്‍ക്കാന്‍ വിശ്വാസിവൃന്ദം മനസ്സാ വാചാ കര്‍മ്മണാ തയ്യാറെടുക്കുന്ന രാപകലുകളാണ് ശഅ്ബാനിന്റെ ദിനരാത്രങ്ങളെ ശ്രേഷ്ഠ വത്കരിക്കുന്നത്.

അല്ലാഹു ഖുര്‍ആനില്‍ പറയുന്നു: “ഹാമീം. വ്യക്തമായ ഗ്രന്ഥം തന്നെയാണ് സത്യം, നിശ്ചയം നാം വളരെ ശ്രേഷ്ഠതയേറിയ ഒരു രാവില്‍ ആ ഗ്രന്ഥത്തെ ഇറക്കിയിരിക്കുന്നു. നിശ്ചയം നാം ഒരു താക്കീതുകാരനാകുന്നു.

(ദുഖാൻ  2)

പുണ്യങ്ങള്‍ വര്‍ഷിക്കുന്ന സുപ്രധാന രാവാണ് ശഅബാൻ മാസത്തിലെ പതിനഞ്ചാം രാവ്. ഇക്രിമ(റ)യെ പോലുള്ള പ്രമുഖര്‍ ഇതാണ് ബറാഅത്ത് രാവ് എന്നു സൂചിപ്പിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ ലൗഹുൽ മഹ്ഫൂളിൽ നിന്ന് ഒന്നാം ആകാശത്തിലേക്ക് ഇറക്കിയതു സംബന്ധിച്ച് പണ്ഡിതന്മാര്‍ പറയുന്നു: “ബറാഅത്ത്  രാവില്‍ അല്ലാഹുവിന്റെ റഹ്മത്ത്  കൂടുതലായി വർഷിക്കും. പാപമോചനം തേടുന്നവര്‍ക്ക് പൊറുത്തുകൊടുക്കുകയും ഭക്ഷണത്തില്‍ വിശാലത കൊടുക്കുകയും, രോഗങ്ങള്‍ കൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് ശമനം നൽകുകയും ചെയ്യുന്ന അല്ലാഹുവിന്റെ വിശാലമായ കാരുണ്യരാവാണിത്. ഈ കരുണാ വർഷം സുബഹി വരെ നീളുകയും ചെയ്യും.

റജബിനും റമളാനിനുമിടയില്‍ ആളുകള്‍ ശ്രദ്ധിക്കാതെ പോകുന്ന മാസമാണ് ശഅബാൻ. ആ മാസത്തില്‍ ലോക രക്ഷിതാവിലേക്ക് അനുഷ്ഠാനങ്ങള്‍ പ്രത്യേകമായി ഉയര്‍ത്തപ്പെടുന്നതാണ്. ”എന്റെ അമലുകള്‍ നോമ്പുകാരനായിരിക്കെ ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” എന്ന ഹദീസിലൂടെ നബി(സ്വ) ഇതിന്റെ മഹത്വം വിവരിക്കുന്നുണ്ട്.

റമളാന്‍ പര്യവസാനിക്കുന്നതോടെ ആത്മീയത നിറംമങ്ങുന്ന മനതലങ്ങളില്‍ അടുത്ത റമളാനിനെ വരവേല്‍ക്കാനുള്ള സുപ്രധാനമായ രണ്ടു കടമ്പകളായിട്ടാണ് റജബും ശഅബാനും നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് റസൂല്‍(സ്വ) റജബ് അല്ലാഹുവിന്റെ മാസമാണെന്നും ശഅബാന്‍ എന്റെ മാസമാണെന്നും റമളാന്‍ എന്റെ ഉമ്മത്തിന്റെ മാസമാണെന്നും അരുളിയതിലെ പൊരുൾ. ഈ മാസത്തിലെ പ്രധാന രാവായ ബറാഅത്തില്‍ ഇബാദത്തുകളും പ്രാര്‍ത്ഥനകളും പാപമോചനവും നബി(സ്വ) തങ്ങള്‍ അധികരിപ്പിച്ചിരുന്നതായി കാണാം.

ഒരു ശഅബാന്‍ പതിനഞ്ചിന് നബി(സ്വ) തങ്ങള്‍ ആഇശ(റ)യെ വിളിച്ച് ചോദിച്ചു: “ആഇശാ.. ഈ ദിവസത്തിന്റെ പവിത്രതയെക്കുറിച്ച് നിനക്ക് വല്ലതും അറിയുമോ..?” നബി(സ്വ) തുടർന്നു: “മനുഷ്യരുടെ ഈ വര്‍ഷത്തെ ജനനവും മരണവും ഭക്ഷണത്തിനുള്ള കണക്കുമെല്ലാം നിർണയിക്കപ്പെടുന്നത് ഈ രാവിലാണ്.

ഈ രാവിൽ മരണപ്പെട്ടവരുടെ ആത്മാക്കള്‍ക്കുവേണ്ടി പാപ മോചനം തേടൽ പ്രത്യേക ശ്രേഷ്ഠത അര്‍ഹിക്കുന്നു വെന്ന് ആഇശ ബീവി(റ) നിവേദനം ചെയ്തതായി കാണാം. “ഒരു രാത്രി ഉറക്കമുണർന്നപ്പോൾ കൂടെ ഉറങ്ങിയ നബി(സ്വ)യെ കാണുന്നില്ല. പ്രവാചകര്‍(സ്വ) മറ്റു ഭാര്യമാരുടെ അരികില്‍ പോയതാകുമെന്ന് ഞാന്‍ കരുതി. അങ്ങനെ പ്രവാചകരെ പിന്തുടര്‍ന്നപ്പോള്‍ തങ്ങള്‍ ജന്നത്തുല്‍ ബഖീഇല്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. തിരിച്ചു വന്നപ്പോള്‍ നബി(സ്വ) പറഞ്ഞു: “ഈ രാത്രി കല്‍ബ് ഗോത്രത്തിലെ ആടുകളുടെ രോമകൂപങ്ങളുടെ‍ കണക്കിന് അല്ലാഹു വിശ്വാസികളുടെ പാപം പൊറുത്തു കൊടുക്കും (അവരുടെ ആടുകള്‍ക്ക് രോമം കൂടുതലായിരുന്നു.) എന്നാല്‍, ശിര്‍ക്ക് ചെയ്യലും മുഅ്മിനീങ്ങളോട് പിണങ്ങി നില്‍ക്കലും ഇതില്‍ നിന്ന് പുറത്താണ്.

അലി(റ)യിൽ നിന്ന് നിവേദനം: ‘നബി(സ്വ) പറഞ്ഞു: “ശഅ്ബാന്‍ പതിനഞ്ചിന്റെ രാത്രി നിസ്‌കരിക്കലും നോമ്പ് അനുഷ്ഠിക്കലും പ്രത്യേകം സുന്നത്താണ്.” മനുഷ്യന്റെ ഒരു വര്‍ഷത്തില്‍ ഭക്ഷണത്തിന്റെയും ആയുസിന്റേയും കണക്കുകള്‍ നിര്‍ണയിക്കുന്നത് ഈ രാവിലാണെന്നാണ് പണ്ഡിത പക്ഷം. അതുകൊണ്ട് തന്നെ ഈ വിശുദ്ധരാവില്‍ ഒരു ദുഖാന്‍ സൂറത്തും ഇടയില്‍ ഇതര സംസാരങ്ങളെല്ലാതെ മൂന്ന് യാസീന്‍ സൂറത്തും ഓതല്‍ പ്രത്യേക സുന്നത്താണ്. ആദ്യ യാസീന്‍ കുടുംബത്തിലും ആയുസ്സിലും ബറക്കത്തുണ്ടാകാനും രണ്ടാമത്തേത് ഭക്ഷണത്തിന്റെ വിശാലതക്കും മൂന്നാമത്തേത് വിയോഗം ഗുണകരമാകുവാനും കരുതിയുള്ളതാകണമെന്ന് പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നുണ്ട്.

ഇസ്ലാമിക പ്രമാണ രേഖകളില്‍ ബറാഅത്തിന് അത്യുല്യമായ സ്ഥാനമുണ്ട്. ആത്മീയ ജീവിതത്തിന് ആനന്ദം പകരാന്‍ ഇത്തരം ശ്രേഷ്ഠ ദിനങ്ങളെ മാഹാത്മാക്കള്‍ വിനിയോഗിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here