ലൗ ക്രൂസേഡ്; സഭകളുടെ ജൂതാസ്കളികൾ

0
1170

കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം കല്യാണം ഉറപ്പിച്ചു നിക്കാഹ് കഴിഞ്ഞതിനു ശേഷം പ്രണയ കാമുകന്മാരുമായി ചാടിപ്പോയ അഞ്ചു പെൺകുട്ടികളുടെ രക്ഷിതാക്കളാണ് കാണാൻ വന്നത്. നാലും തൃശ്ശൂർ ജില്ലയിൽ, മറ്റൊന്ന് എറണാകുളം ജില്ലയിലും. എല്ലാം സംഭവിച്ചത് കഴിഞ്ഞ ആറു മാസങ്ങൾക്കുള്ളിലും. ഇതിൽ രണ്ടെണ്ണവും ക്രിസ്ത്യൻ കാമുകന്മാരുമായിട്ടാണ്. മൂന്നെണ്ണം ഹിന്ദു കാമുകന്മാരും. കേരളത്തിൽ കഴിഞ്ഞ വർഷം നടന്ന രെജിസ്റ്റർ മാരേജുകളുടെ കണക്ക് പ്രസിദ്ധപ്പെടുത്താവോ? അപ്പോഴറിയാം ഏതു തരം ലവ് ജിഹാദാണ് ഇവിടെ നടക്കുന്നതെന്ന്.

നിർബന്ധ മതപരിവർത്തനം നടത്താൻ ഇസ്‌ലാം അനുവദിക്കില്ല. പണവും മരുന്നും ചികിത്സയും ഭക്ഷണവും വീടും വിദ്യഭ്യാസവും സൗകര്യവും നൽകി പ്രീണിപ്പിച്ചു ആളുകളെ മതപരിവർത്തനം ചെയ്യിക്കുന്നതിൽ ലോകത്ത് ക്രിസ്ത്യൻ മിഷിനറികളെ കവച്ചു വെക്കാൻ ആർക്കുമാകില്ല. മുസ്ലിംകളുടേതിനു സമാനമായ പേരുകളിൽ മിഷനറി സംഘങ്ങളെ രൂപപ്പെടുത്തി ഇഷ്ടം പോലെ പണവും പത്രാസും നൽകി മലപ്പുറം ടൗണിലും മഞ്ചേരിയിലും ചതിയിലൂടെ മതപരിവർത്തന ജിഹാദ് നടത്തിയത് ആരായിരുന്നു.മർകസുൽ ബിശാറയും സിറാത്തുൽ മുസ്തഖീമും മുസ്ലിംകളെ മതം മാറ്റാൻ ക്രിസ്ത്യൻ മിഷിനറി ഫണ്ട് കൊടുത്ത് നടത്തിയിരുന്ന സംഘങ്ങളായിരുന്നു. ഇതേ പോലോത്ത പേരിൽ പ്രവർത്തിക്കുന്ന പതിനാലോളം അറബിപ്പേരുള്ള മിഷിനറി സംഘങ്ങളുണ്ട് കേരളത്തിൽ മാത്രം.

ജീസസ് മുസ്‌ലിംകൾ എന്ന പേരിൽ മുസ്‌ലിംകളെ രഹസ്യമായി മതപരിവർത്തനം നടത്തിയത് ആരായിരുന്നു. മുസ്ലിംകൾക്കിടയിലെ ദാരിദ്ര്യം ചൂഷണം ചെയ്തു ഞായറാഴ്ച ചർച്ചിൽ നടക്കുന്ന പ്രാർത്ഥനക്കെത്തിയാൽ ഒരാഴ്ചത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ നൽകി പേരിൽ മുസ്‌ലിമും ജീവിതത്തിൽ ക്രിസ്ത്യാനിയുമായി ജീവിക്കാൻ പറഞ്ഞു എത്രയോ മുസ്ലിംകളെയാണ് മിഷനറിമാർ സമീപിച്ചത് . ഇത് എന്ത് തരം ജിഹാദാണ് അച്ചന്മാരെ?

ഇരുപത്തഞ്ചു കൊല്ലം മുമ്പ് അൽഇർഫാദ് മാസികയുടെയും വന്ദ്യരായ പിഎംകെ ഫൈസിയുടെയും നേതൃത്വത്തിൽ ഇസ്‌ലാമിക പ്രവർത്തകർ ഈ ചതിയെ തുറന്നു കാണിക്കുകയും മഞ്ചേരിയിലെ മര്കസുൽ ബിശാറയിൽ ചതിയിലൂടെ താമസിപ്പിച്ചിരുന്ന ഇരുപതിലധികം മുസ്‌ലിം പെൺകുട്ടികളെയും പത്തോളം ആൺകുട്ടികളെയും രക്ഷപ്പെടുത്തിയത് കേരളം മറന്നിട്ടുണ്ടാകില്ല. ഇത് എന്ത് തരം ജിഹാദായിരുന്നു ആവോ?

വീട്ടുകാരെ ഒഴിവാക്കി കാമുകന്മാരുമായി ഒളിച്ചോടി അവസാനം കാമുകനും വീട്ടുകാരും സ്വീകരിക്കാതെ പല അഭയ കേന്ദ്രങ്ങളിലായി കഴിയുന്ന നൂറോളം മുസ്ലിം സ്ത്രീകളെയും പിഞ്ചു കുഞ്ഞുങ്ങളെയും എനിക്ക് നേരിട്ടറിയാം. അവരുമായൊക്കെ പോയി നേരിട്ട് സംസാരിച്ചിട്ടുമുണ്ട്. ഇതൊക്കെ ഏതു തരം ജിഹാദിലാണ് വരവ് വെക്കേണ്ടത്.

ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് തൃപ്രയാറിനടുത്ത് പ്രവർത്തിക്കുന്ന ഒരു മിഷനറി സംഘം കൊടുങ്ങല്ലൂരിനടുത്ത ഒരു പാവപ്പെട്ട കുടുംബത്തെ സമീപിച്ചു എസ്എസ്എൽസിയിൽ ഉന്നത മാർക്ക് വാങ്ങിയ ആൺ കുട്ടിക്ക് തൃശ്ശൂർ ജില്ലയിലെ പ്രമുഖ കോളേജിൽ അഡ്മിഷൻ നൽകാമെന്നും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്ക് കോൺവെന്റിൽ ചേർക്കാമെന്നും ഉമ്മാക്ക് ജോലിയും വീടും നൽകാമെന്നും പറഞ്ഞു സമീപിച്ചു. ആരും സംരക്ഷിക്കാനില്ലാത്ത യത്തീമായ കുടുംബം ചതി മനസ്സിലാക്കാതെ സമ്മതിച്ചു. പിന്നീടാണ് ആ കുടുംബത്തെ മൊത്തത്തിൽ മതം മാറ്റാനുള്ള ശ്രമം നടക്കുന്നത്. അന്ന് ആ കുടുംബത്തെ ഇസ്‌ലാമിക പ്രവർത്തകർ പിന്തുടർന്നപ്പോൾ പത്തനംതിട്ടയിലേക്ക് കടത്തുകയായിരുന്നു അവർ. അവസാനം അവരെ രക്ഷപ്പെടുത്തി കോഴിക്കോട് പ്രീഡിഗ്രിക്ക് അഡ്മിഷൻ നൽകി ആ കുടുംബത്തെ സംരക്ഷിക്കുകയായിരുന്നു. ഇത് എന്ത് തരം ജിഹാദാണാവോ അച്ചന്മാരെ.

ഉത്തരേന്ത്യയിൽ സംഘപരിവാരം മിഷനറി പ്രവർത്തകർക്കെതിരെ നടത്തിയിരുന്ന അക്രമങ്ങൾ അവർ നടത്തുന്ന സേവന പ്രവർത്തനങ്ങളെ എതിർത്തിട്ടായിരുന്നില്ല. സേവന പ്രവർത്തനങ്ങളുടെ മറവിൽ മതപരിവർത്തനം നടക്കുന്നു എന്നാരോപിച്ചായിരുന്നല്ലോ. അക്രമങ്ങളെയും നിർബന്ധ മതപരിവർത്തനത്തെയും ശക്തമായി തന്നെ എതിർക്കപ്പെടേണ്ടതുണ്ട്.

വിദ്യാർത്ഥികൾക്കിടയിൽ നടക്കുന്ന പ്രണയങ്ങളിൽ 99 ശതമാനവും സാധാരണ പ്രണയമാണെന്നാണ് കഴിഞ്ഞ ഇരുപത് വർഷമായി ഫാമിലി കൗൺസിലിംഗ് രംഗത്തുള്ള എനിക്ക് ബോധ്യപ്പെട്ടിട്ടുള്ള കാര്യം. ചിലർ വിവാഹം കഴിഞ്ഞാൽ മതം മാറുന്നു. അതൊരു പക്ഷെ കാമുകന്റെ മതം സ്വീകരിക്കുന്നവരും കാമുകിയുടെ മതം സ്വീകരിക്കുന്നവരുമുണ്ട്. എനിക്കറിയാവുന്ന രണ്ടു മുസ്‌ലിം ചെറുക്കന്മാരുണ്ട്, ക്രിസ്ത്യൻ പെണ്ണിനെ പ്രേമിച്ചു വിവാഹം കഴിഞ്ഞു ക്രിസ്ത്യാനിയായി ജീവിക്കുന്നവർ.

പ്രേമം അഭിനയിച്ചു വിവാഹം കഴിച്ചു ഇസ്‌ലാമിലേക്ക് ആളെ എണ്ണം കൂട്ടേണ്ട കാര്യമൊന്നും മുസ്ലിംകൾക്കില്ലെന്നു തന്നെയാണ് കൃത്യമായും ആധികാരികമായും പറയാനുള്ളത്. സ്കൂളുകളിൽ എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ കൊണ്ട് മുട്ട് കുത്തി പ്രാർത്ഥിക്കാൻ നിര്ബന്ധമായി പ്രേരിപ്പിച്ചു, കുട്ടികളുടെ കൈകളിൽ ബൈബിൾ കൊടുത്തയച്ചു മാനസികമായി പീഡിപ്പിക്കുന്ന എത്രയോ വിദ്യാലയങ്ങളിൽ തൃശ്ശൂർ ജില്ലയിൽ മാത്രം മുപ്പത് വര്ഷം മുമ്പ് കയറിയിറങ്ങിയിട്ടുണ്ട്. പലയിടത്തും ഡിഇഒ മാരും കളക്റ്ററും വരെ ഇടപെട്ട സംഭവവുമുണ്ടായിട്ടുണ്ട്.

ആശുപത്രി കിടക്കയിൽ രോഗത്തോട് മല്ലടിച്ചു കിടക്കുന്ന രോഗികളുടെ അടുത്തു വന്നു നെറ്റിയിൽ കുരിശും വരച്ചു പ്രാർത്ഥിക്കുന്ന, യേശുവിനോട് പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്ന അച്ചന്മാരെ നേരിട്ട് കണ്ടിട്ടുണ്ട്. അനുഭവവുമുണ്ട്. ഇതൊക്കെ ഏതു തരം ജിഹാദിലാണാവോ കണക്കു വെക്കുക.
പറയുമ്പോൾ ഒരു അന്തസ്സോക്കെ വേണ്ടേ അച്ചന്മാരെ, സിനഡാണത്രെ, സിനഡ്!!

രാജ്യത്തുടനീളം പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം നടക്കുമ്പോൾ അതിനെതിരായി വരാനിടയുള്ള പലതരം ചതികളിൽ ഒന്നായി ഇതിനെ കാണാൻ സഖാവ് അച്യുതാനന്ദന്റെ ഭാഷയിൽ പറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന എല്ലാവർക്കുമാകും.
(ഹുസൈൻ തങ്ങൾ വാടാനപ്പള്ളി)
2011ലാണ് ഞാനും കല്ലൂർ മജീദിക്കയും കൂടി കൊട്ടാരക്കരക്കടുത്തു കരീപ്രയിലെ കൃപാ മഹാനിലയത്തിലേക്ക് വേഷപ്രഛന്നരായി ചെന്നത്. തൃശൂർ മുതൽ കൊല്ലം വരെയുള്ള ജില്ലകളിൽ നിന്നുള്ള മുന്നൂറോളം ജീസസ് മുസ്‌ലിം കുടുംബങ്ങൾ അവിടെ സംഗമിച്ചിരുന്നു. അപ്പക്കഷ്ണം നീട്ടിക്കാട്ടി ഇസ്‌ലാമിൽ നിന്നു ക്രിസ്തുമതത്തിലേക്കു പരിവർത്തനം നടത്തുകയും മുസ്‌ലിം പേരു നിലനിർത്തി മുസ്‌ലിംകൾക്കിടയിൽ മിഷിണറി പ്രവർത്തനങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യപ്പെടുന്ന വിഭാഗമാണ് ജീസസ് മുസ്‌ലിംസ്.

അന്നവിടെ ഒരുമിച്ചു ചേർന്നവരിലധികവും പ്രണയക്കുരുക്കിൽ വീണാണ് മതം മാറിയത്. സംഘ് പരിവാരത്തിനു വേണ്ടി ഇല്ലാത്ത ലൗ ജിഹാദ് ബലൂൺ ഊതിവീർപ്പിക്കാൻ ഒരുങ്ങിയ സീറോ മലബാർ സഭ ക്രൈസ്തവ മിഷിണറി സഭകൾ നേതൃത്വം കൊടുത്തു നടത്തുന്ന ലൗ ക്രൂസേഡ് കഥകൾ കൂടി വിളിച്ചു പറയുമോ? നിങ്ങൾക്കച്ചാരം തന്നവർ നടത്തിക്കൊണ്ടിരിക്കുന്ന ലൗ കുരുക്ഷേത്രയെ കുറിച്ചു പറയുമോ??

ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തുവന്നവരിലധികവും ‘മതം മാറി വന്ന മേത്തൻമാർ’ എന്ന അവഗണന സഹിക്കുന്നവരാണ്. സമൂഹത്തിൽ നേരാംവണ്ണം പരിഗണന കിട്ടാതെ മതം മാറിക്കുടുങ്ങിയ പലരെയും ഞങ്ങളവിടെയും പിന്നീട് പലപ്പോഴും കണ്ടു. ആ രണ്ടാം തരം ക്രിസ്ത്യാനികൾക്കെങ്കിലും മാന്യമായ ജീവിതാവസരം ഉണ്ടാക്കാൻ നിങ്ങൾക്കു സാധിക്കണം.

സീഎഎക്കും എന്നാർസിക്കുമെതിരെയുള്ള സമരങ്ങളാണ് നാട്ടിലെങ്ങും. ഭരണഘടനയുടെ അടിക്കല്ലിളക്കുന്ന ദുർനയത്തിനെതിരെ മതേതരമായ കൂട്ടായ്മകൾ ശക്തിപ്പെടുന്നു. ഒരൊറ്റ പ്രസ്താവന കൊണ്ടു പോലും സീറോ മലബാർ സഭയെ ആ വഴിക്കു കണ്ടില്ല. ഒറ്റപ്പെട്ട ചില വ്യക്തികളുടെ ശബ്ദമൊഴിച്ചാൽ, ക്രൈസ്തവ സഭകളെല്ലാം മൗനം പാലിക്കുന്നു. ഒന്നോർത്തോളൂ, സമരവീഥികളിൽ അണിനിരന്ന മതമുള്ളവനും ഇല്ലാത്തവനും ഒരേ മുഖമാണ്, ഒരേ രൂപമാണ് ; കാവൽക്കാരന്റെ മുഖം, ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയ്ക്കു കൂട്ടിരിക്കുന്ന ഭടന്റെ രൂപം. ഈ സമരത്തെ ഒറ്റുകൊടുക്കുന്ന ജൂതാസുകളോടു ഒരൊറ്റ ചോദ്യം മാത്രം: എത്ര വെള്ളിക്കാശു കിട്ടി നിങ്ങൾക്ക്?
(സജീർ ബുഖാരി)


 

LEAVE A REPLY

Please enter your comment!
Please enter your name here