ലിംഗ ന്യൂനപക്ഷം ആധിയും അതിജീവനവും

മുഹ്‌സിന്‍ പുതുപ്പറമ്പ്‌

0
2587

അഞ്ജലി പ്ലസ്‌വണ്‍ വരെ ആണ്‍കുട്ടിയായിരുന്നു. കുഞ്ഞുനാള്‍ മുതല്‍ തന്നെ പെണ്‍കൂട്ടായിരുന്നു ഇഷ്ടം. ഇരുത്തം ആണ്‍ ബെഞ്ചിലായിരുന്നുവെങ്കിലും മനം മുഴുക്കെ പെണ്‍ ബെഞ്ചും പെണ്‍ സൗഹൃദവുമായിരുന്നു.
അമ്മ ശൈശവത്തില്‍ തന്നെ മരിച്ചു. പോറ്റമ്മക്കും കുടുംബത്തിനും നല്ല വാത്സല്യം ആയിരുന്നു. പക്ഷേ അഞ്ജലിയുടെ പെണ്‍ പെരുമാറ്റം പലരുടേയും മുഖം ചുളിച്ചു. മുതിര്‍ന്നവര്‍ ഗുണദോഷിച്ചു. അധ്യാപകര്‍ വഴക്കു പറഞ്ഞു. മുഖമമര്‍ത്തി എല്ലാം സഹിച്ചു. ഒറ്റപ്പെടലിന്റെ വേദന കടിച്ചിറക്കി.
ട്രാന്‍സ്ജന്‍ഡറിനെ കുറിച്ചു വാര്‍ത്ത വരുമ്പോള്‍ അഞ്ജലി താല്‍പര്യത്തോടെ വായിച്ചു. സ്‌ക്രാപ്പ് ചെയ്ത് സൂക്ഷിച്ചുവെച്ചു. രഹസ്യമായി നിരന്തരം അത് വായിച്ചു. ആ ഫീച്ചറിലും ഫോട്ടോയിലും സ്വന്തം പ്രതിരൂപത്തെ അവന്‍ കണ്ടെത്തി. അവസാനം അതാണവന്റെ സ്വന്തം ലിംഗസ്വത്വം എന്നു തിരിച്ചറിഞ്ഞു. പ്ലസ് വണ്ണിനു പഠിക്കുമ്പോള്‍ ബാംഗ്ലീരിലേക്ക് ബസ് കയറി. അവിടെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ‘സംഗമ’ യില്‍ ചേര്‍ന്നു. ശേഷം കോയമ്പത്തൂരില്‍ ചെന്നു അതിസങ്കീര്‍ണമായ സര്‍ജറിക്കു വിധേയമായി. പുരുഷലിംഗം മുറിച്ചു മാറ്റി. നിരന്തര കൗണ്‍സലിംഗിനു വിധേയമായി. ഹോര്‍മോണ്‍ ചികിത്സ നടത്തി. അങ്ങിനെ ആകാരത്തിലും സ്ത്രീയായി മാറി.
നിരന്തരം അപഹസിക്കപ്പെടുമ്പോഴാണ് അവര്‍ വീടുവിട്ട് പലായനം ചെയ്യുന്നത്. ഇന്നവര്‍ക്കു സംഘടനകളും പുനരധിവാസ കേന്ദ്രങ്ങളുമുണ്ട്. ഒരു മൂന്നാംലിംഗ കമ്മ്യൂണിറ്റിയായി ജീവിക്കുന്നു. പുതിയ അമ്മയെയും അച്ഛനെയും സ്വീകരിക്കുന്നു. പുതിയ ആചാരങ്ങളും വ്യവസ്ഥകളും വിശ്വസിക്കുന്നു.
അടിസ്ഥാനപരമായ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന വര്‍ഗീയ-സാമുദായിക ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നതിലേറെ വിവേചനവും ഒറ്റപ്പെടുത്തലും അവകാശ നിഷേധവും നേരിടുന്നവരാണ് ലിംഗ ന്യൂനപക്ഷങ്ങള്‍. വിദ്യാഭ്യാസ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളില്‍ വികസനങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോഴും കൃത്യമായ ഐഡന്റിറ്റി പോലുമില്ലാത്ത അവരെ കുറിച്ചുളള അവബോധം നമുക്കന്യമാകുകയാണ്. സ്വന്തം അസ്തിത്വം മറ്റുളളവര്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കാനാവാതെ മാനസികവും ശാരീരികവുമായ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നവരാണിവര്‍. കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭാഗത്തു നിന്നുളള ഒറ്റപ്പെടുത്തലും പീഡനവും പേറേണ്ടി വരുന്നു. പലരും അടച്ചിട്ട മുറികളില്‍ ജീവിതം ഹോമിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു.
ജനിതകമായ ലിംഗാവസ്ഥയോട് മാനസികമായി പൊരുത്തപ്പെടാനാവാത്തവരാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍. പുരുഷ ശരീരത്തില്‍ സ്ത്രീയുടെ മനസുമായും സ്ത്രീയുടെ ശരീരത്തില്‍ പുരുഷ മനസുമായും ജീവിക്കുന്ന വ്യക്തികളാണിവര്‍. ഒപ്പം ഇത് രണ്ടുമല്ലാത്ത മൂന്നാം വിഭാഗക്കാരുമുണ്ട്. 2011 ല്‍ നടന്ന ദേശീയ സെന്‍സസ് പ്രകാരം രാജ്യത്ത് 4,87,803 ട്രാന്‍സ്‌ജെന്‍ഡറുകളാണുളളത്. 2015-16 വര്‍ഷത്തെ സെന്‍സസനുസരിച്ച് കേരളത്തില്‍ 1187 ആണ് ഇവരുടെ എണ്ണം. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം നിലവില്‍ അത് 4000 ത്തോളം വരും.
ക്രോമസോം വ്യതിയാനം കൊണ്ട് പുരുഷന്‍ (XY) അല്ലെങ്കില്‍ സ്ത്രീ (XX) എന്നുറപ്പിക്കാനാവാത്ത വിധം XXY അല്ലെങ്കില്‍ XYY അതുമല്ലെങ്കില്‍ അതു പോലെയുളള മറ്റു ക്രോമസോമുകളുമായി ഉഭയ ലിംഗാവസ്ഥയോടു കൂടി ജനിക്കുന്നവരാണ് ഇന്റര്‍സെക്‌സുകള്‍ (Hermophrodites). ഇവരുടെ ശരീരഘടന പുരുഷന്റെയോ സ്ത്രീയുടെയോ സാധാരണ പ്രത്യുല്‍പാദന അവയവ ഘടനയില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ഇത് പുറം കാഴ്ചയില്‍ നിന്ന് വിപരീതമായ ശരീര ഘടനയാവും. ഒന്നിലധികം ഘടനകള്‍ കൂടിച്ചേര്‍ന്നതുമാകാം. ആന്തരികമായ ഉഭയലിംഗാവസ്ഥയുളളവര്‍ മിക്കപ്പോഴും മെഡിക്കല്‍ ടെസ്റ്റിന് വിധേയമാകുമ്പോള്‍ മാത്രമാണ് തങ്ങളുടെ ഇന്റര്‍സെക്ഷ്വാലിറ്റി തിരിച്ചറിയുന്നത്. ഇവരുടെ ജനന നിരക്ക് പ്രകാരം ലക്ഷത്തില്‍ ഒന്ന് മാത്രമാണ് ജനന സാധ്യതയെന്ന് ‘ഇന്റര്‍സെക്‌സ് ഏക് പ്രാഥമിക് കോടക്’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ബിന്ദു മാധവ് ഖീരെ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ മൂന്നു കോടിയിലധികം ജനസംഖ്യയുള്ള കേരളത്തില്‍ പത്തുപേരില്‍ മാത്രമാണ് ഉഭയലിംഗത്വം തിരിച്ചറിഞ്ഞിട്ടുള്ളത്.
ട്രാന്‍സ്‌ജെന്‍ഡറുകളില്‍ നിന്ന് വ്യത്യസ്തമായി ഇന്റര്‍സെക്‌സുകള്‍ താരതമ്യേന സമൂഹത്തിലും കുടുംബങ്ങളിലും സ്വീകാര്യരാണ്. സംഘര്‍ഷഭരിതമായ ലൈംഗികത്വം അവരുടെ സാമൂഹിക ഇടപെടലുകളിലും പെരുമാറ്റങ്ങളിലും നിഴലിക്കുന്നില്ല എന്നതാണ് കാരണം. അതേ സമയം ട്രാന്‍സ്‌ജെന്‍ഡറിസം സ്വവര്‍ഗരതിയുടെ മൂര്‍ധന്യദശയാണെന്ന പ്രബലമായ വിലയിരുത്തലുകളുമുണ്ട്. സമൂഹത്തിന്റെ അവഗണനകൊണ്ട് മാന്യമായ തൊഴില്‍ കണ്ടെത്താന്‍ സാധിക്കുന്നില്ല എന്ന് ന്യായീകരണം പറയുമ്പോഴും ലൈംഗിക തൊഴിലില്‍ നിന്ന് പിന്മാറാന്‍ അവര്‍ തയാറല്ല. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ അതിജീവനത്തിനു വേണ്ടി ഈയിടെ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിപിച്ചിട്ടുളളത്. കോഴിക്കോട് നഗരപരിധിയില്‍ മാത്രം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വേണ്ടി ജില്ലാ പഞ്ചായത്ത് ആരംഭിച്ച ടൈലറിംഗ്, ഫാഷന്‍ ഡിസൈനിങ് പരിശീലനങ്ങള്‍ അടക്കമുളള അനവധി പദ്ധതികള്‍ കമ്മ്യൂണിറ്റിയുടെ പ്രതികരണമില്ലാത്തതിന്റെ പേരില്‍ നിര്‍ത്തിവെക്കേണ്ടിവന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തന്നെ സാക്ഷ്യപ്പെടുത്തുന്നു.
മാന്യമായ ജീവിതമാണ് ലക്ഷ്യമെങ്കില്‍ ഈ വിഭാഗക്കാര്‍ കൂട്ടത്തോടെ പ്രതികരിക്കേണ്ടതായിരുന്നു. ലൈംഗിക തൊഴില്‍ തുറന്നിടുന്ന അനന്തമായ സുഖാസ്വാദനങ്ങളുടെയും സാമ്പത്തിക നേട്ടത്തിന്റെയും ലോകം വിട്ടു പോകാന്‍ അവര്‍ തയാറാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കോഴിക്കോട് നഗരത്തില്‍ ജീവിക്കുന്ന ഒരു ലൈംഗിക തൊഴിലാളി ശരീര വില്‍പനയിലൂടെ ഒരു രാത്രി കൊണ്ട് മാത്രം ആയിരങ്ങള്‍ സമ്പാദിക്കുന്നുണ്ട്. അതോടൊപ്പം തങ്ങളെ സമീപിക്കുന്ന ഉദ്യോഗസ്ഥ, പ്രമാണിമാരില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളുമാകുമ്പോള്‍ സര്‍ക്കാരിന്റെ പദ്ധതികളോട് മുഖം തിരിക്കുന്നത് സ്വാഭാവികം മാത്രം.

ലിംഗമാറ്റ ശസ്ത്രകിയ
ജനിതകമായി ആണോ പെണ്ണോ ആയ ഒരാളെ എതിര്‍ലിംഗത്തിലേക്ക്, അല്ലെങ്കില്‍ വ്യക്തമായ ലിംഗാവസ്ഥയില്ലാത്ത ഒരാളെ (Hermophrodite) ഏതെങ്കിലുമൊരു പ്രത്യേക ലിംഗത്തിലേക്ക് ശസ്ത്രക്രിയ വഴി മാറ്റംവരുത്തുന്നതാണ് ലിംഗമാറ്റ ശസ്ത്രക്രിയ (Sex Reassignement Surgery – SRS ). ജനിതകമായുളള ലിംഗാവസ്ഥയോട് പൊരുത്തപ്പെടാനാവാത്ത ലിംഗ വ്യക്തിത്വമുളള ട്രാന്‍സ്‌ജെന്‍ഡറുകളും ഉഭയലിംഗത്വമുള്ള നപുംസകങ്ങളുമാണ് ഈ സര്‍ജറിക്ക് വിധേയരാകുന്നത്. സങ്കീര്‍ണവും ചിലവേറിയതുമായ നിരവധി ഘട്ടങ്ങളിലൂടെയാണ് ശസ്ത്രക്രിയ പൂര്‍ത്തീകരിക്കുന്നത്. ആദ്യഘട്ടത്തില്‍ മാനസികാരോഗ്യ വിദഗ്ധര്‍ മുഖേന എതിര്‍ലിംഗത്തിലേക്ക് മാറാനുളള താല്‍പര്യവും ശസ്ത്രക്രിയ ഭാവിയില്‍ അയാളുടെ മാനസികാവസ്ഥക്ക് വരുത്തിവെച്ചേക്കാവുന്ന പ്രത്യാഘാതങ്ങളും അയാളെ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. നേരത്തെ എതിര്‍ലിംഗക്കാരുടെ സ്വഭാവം, വസ്ത്രധാരണം എന്നിവ പരിചയമില്ലാത്തവര്‍ക്ക് പരിശീലിപ്പിക്കുകയും ചെയ്യാറുണ്ട്.
ഹോര്‍മോണ്‍ ചികിത്സയാണ് (Hormonal Therapy) രണ്ടാം ഘട്ടത്തില്‍. ഐസാ ക്രിനോളജിസ്റ്റാണ് ഇതിന് നേതൃത്വം നല്‍കുന്നത്. പുരുഷനാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുരുഷ ഹോര്‍മോണും സ്ത്രീയാകാനാഗ്രഹിക്കുന്നവര്‍ക്ക് സ്ത്രീ ഹോര്‍മോണും നല്‍കുന്ന പ്രക്രിയയാണിത്. ഇത് ശരീരപ്രകൃതി പരിണത ലിംഗവ്യവസ്ഥയിലേക്ക് മാറാന്‍ സഹായിക്കുന്നു. ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്നതാണീ ചികിത്സ.
മൂന്നാം ഘട്ടത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്. കൃത്യമായ ശാരീരിക-മാനസിക തയാറെടുപ്പോടെയാണ് ശസ്ത്രകിയയെ നേരിടുന്നത്. അല്ലാത്തപക്ഷം പരാജയമായിരിക്കുമത്രെ ഫലം. പുരുഷനില്‍ നിന്ന് ലിംഗമാറ്റം ചെയ്യുന്നത് പൊതുവെ എളുപ്പമാണ്, താരതമ്യേന വിജയ സാധ്യത കൂടുതലുമാണ്. ആദ്യം പുരുഷലിംഗത്തിന്റെ ചില ഭാഗങ്ങളും വൃഷ്ണവും എടുത്തു മാറ്റുന്നു (Penechtomy or Orcheitomy) ശേഷം സ്ത്രീകളുടെ ലൈംഗികാവയവമായ യോനി (Vagina) യായി ഇതിനെ പരിവര്‍ത്തിപ്പിക്കുന്നു (Surgical Reconstruction of vagina). പുരുഷലിംഗത്തിന്റെ ഒരു ഭാഗം രൂപ ഭേദം വരുത്തി പുതിയ യോനിയില്‍ നിലനിര്‍ത്തും. ഉദ്ധാരണം പുനസ്ഥാപിക്കാന്‍ വേണ്ടിയാണിത്. ഹോര്‍മോണ്‍ ചികിത്സ തുടരും, തല്‍ഫലമായി സ്തനം വളര്‍ന്നു തുടങ്ങും. ഈ ഘട്ടത്തിലും മാനസിക പരിചരണം ഉണ്ടാവാറുണ്ട്. ഗര്‍ഭധാരണം സാധ്യമല്ല എന്നതാണ് ഇത്തരം സര്‍ജറികളുടെ പരിമിതി.
സ്ത്രീയില്‍ നിന്ന് പുരുഷനിലേക്കുളള മാറ്റം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതും അപകടകരവുമാണ്. ആദ്യഘട്ടത്തില്‍ സ്തനം എടുത്ത് മാറ്റുന്നു (Mastectomy). തുടര്‍ന്ന് ഗര്‍ഭപാത്രവും അണ്ഡാശയവും വേര്‍പെടുത്തിയെടുക്കുന്നു. തുടര്‍ന്ന് യോനി രൂപമാറ്റം ചെയ്ത് ആണ്‍ ലിംഗം (Phalloplasty) ഉണ്ടാക്കിയെടുക്കുന്ന പ്രക്രിയ നടത്തുന്നു. ശരീരത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്നാണ് ഇതിനാവശ്യമായ പേശികളെടുക്കുന്നത്. ശുക്ലോല്‍പാദനം(Semen) ഉണ്ടാകില്ല എന്നത് കൊണ്ട് സന്താനോല്‍പാദനവും സാധ്യമാകില്ല.
ലോകത്താദ്യമായി SR സര്‍ജറി വിജയകരമായി പൂര്‍ത്തീകരിക്കപ്പെട്ടത് റുഡോള്‍ഫ് റിച്ച്റ്റര്‍ എന്ന പുരുഷനിലാണ്. 1931 ലായിരുന്നു ചരിത്രപരമായ ഈ ശസ്ത്രക്രിയ. ആദ്യമായി ശസ്ത്രക്രിയക്ക് വിധേയനായ ട്രാന്‍സ്‌ജെന്‍ഡര്‍ എയ്‌നര്‍ വെഗ്‌നല്‍ എന്ന ചിത്രകാരനാണ്. നാലു ഘട്ടങ്ങളിലായാണ് സര്‍ജറികള്‍ നടന്നത്. അവസാന സര്‍ജറിയോടെ അയാള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
വ്യാപകമായ പ്രത്യാഘാതങ്ങളാണ് SRS ലൂടെ ഒരാള്‍ നേരിടേണ്ടി വരുന്നത്. അണുബാധ, രക്തസ്രാവം, പുനരുല്‍പാദന ശേഷി ഇല്ലാതാകുക, ശാരീരിക ഘടനയെ അഭിമുഖീകരിക്കാനാവാതിരിക്കുക. തുടങ്ങിയ സങ്കീര്‍ണതകള്‍ അവയില്‍ ചിലതു മാത്രമാണ് തന്റെ ലിംഗമാറ്റം തെറ്റായി എന്നു കരുതുന്ന വാള്‍ട്ട് ഹെയര്‍ എന്ന എഴുത്തുകാരന്റെ വീക്ഷണം പ്രസക്തമാണ്: ‘20% ട്രാന്‍സ് സെക്ഷ്വലുകളും തന്റെ ലിംഗമാറ്റം വേണ്ടിയിരുന്നില്ല എന്ന് കരുതുന്നവരാണ്. 41% ഇത് മൂലം ആത്മഹത്യക്ക് ശ്രമിക്കുന്നു. 60% പലതരത്തിലുള്ള മാനസിക സമ്മര്‍ദങ്ങള്‍ അനുഭവിക്കുന്നവരാണ്’.
പുരുഷനോ സ്ത്രീയോ ആയി നിര്‍ണയിക്കപ്പെട്ട (പ്രകട) നപുംസകങ്ങള്‍ക്ക് ശസ്ത്രക്രിയയിലൂടെ അപകടമേതുമില്ലാതെ എതിര്‍ലിംഗാവയവം നീക്കാന്‍ സാധിക്കുമെന്നുറപ്പുണ്ടെങ്കില്‍ ലിംഗമാറ്റ ശസ്ത്രക്രിയ ഇസ്‌ലാം അനുവദിക്കുന്നുണ്ട്. എന്നാല്‍ കൃത്രിമ മാര്‍ഗേണ ഒരു സ്ത്രീയെ പുരുഷനായോ ഒരു പുരുഷനെ സ്ത്രീയായോ മാറ്റാന്‍ പാടില്ല. അത് സ്രഷ്ടാവിന്റെ സൃഷ്ടിയെ അലങ്കോലപ്പെടുത്തലും പ്രകൃതി വിരുദ്ധവുമാണ്. അതിനെ വിശുദ്ധ ഖുര്‍ആന്‍ വിമര്‍ശിക്കുന്നുമുണ്ട്. ഏതായാലും ലിംഗമാറ്റ ശസ്ത്രക്രിയ ഒരു സാര്‍വത്രിക പരിഹാരമോ എല്ലാവര്‍ക്കും അവലംബിക്കാവുന്ന മാര്‍ഗമോ അല്ല.

ചുരുക്കത്തില്‍
ലിംഗന്യൂനപക്ഷം ഒരു ജൈവ, സാമൂഹിക യാഥാര്‍ത്ഥ്യമാണ്. അവരുടെ മറവില്‍ വളരുന്നത് ധാര്‍മിക, സദാചാര വിരുദ്ധ ലോബികളാണ്. 1980ലാണ് സ്വവര്‍ഗാനുരാഗികളെ സൂചിപ്പിക്കാന്‍ വേണ്ടി LGB പ്രസ്ഥാനം നിലവില്‍ വന്നത്. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം 1990ല്‍ ലിംഗ ന്യൂനപക്ഷ വിഭാഗത്തിലുള്‍പെടുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സൂചിപ്പിക്കുന്ന ഠ എന്ന അക്ഷരത്തെ വാലായി ചേര്‍ത്ത് കെട്ടിയത് അവരുടെ ശാരീരിക പരിമിതികളോട് സമൂഹത്തിനുണ്ടാകാനിടയുള്ള സഹതാപ തരംഗം പിടിച്ചുപറ്റാനാണ്.
ചില മാനസിക വൈകല്യങ്ങള്‍ കാരണം എതിര്‍ലിംഗത്തിന്റെ സ്വഭാവ സവിശേഷതകള്‍ തങ്ങളെ അസ്വസ്ഥപ്പെടുത്തുമ്പോഴും അതിനെയെല്ലാം അതിജീവിച്ച് മാന്യമായി ജോലി ചെയ്യുന്നവര്‍, ഗവണ്‍മെന്റ് തലത്തില്‍ ലാബ് ടെക്‌നീഷ്യനടക്കമുള്ള ജോലി ചെയ്യുന്നവര്‍, കമ്പ്യൂട്ടറും മറ്റു സാങ്കേതി സംവിധാനങ്ങളും അനായാസം ഉപയോഗിക്കുന്നവര്‍ തുടങ്ങി നിരവധി മേഖലകളില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം മാതൃകകള്‍ മുന്നിലുണ്ടായിട്ടും എതിര്‍ലിംഗത്തിന്റെ വേഷം കെട്ടുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നവര്‍ ലൈംഗിക വൈകൃതത്തെ താലോലിക്കുന്നവരാണ്.
അപൂര്‍വമായാണ് ഭിന്ന ലിംഗക്കാര്‍ നമുക്കിടയില്‍ ജനിക്കുന്നതെങ്കിലും അവര്‍ നേരിടുന്ന വൈകല്യങ്ങളെ നാം ഉള്‍ക്കൊള്ളുകയും അവരുടെ അവകാശങ്ങള്‍ അനുവദിച്ച് കൊടുക്കുകയും ചെയ്യേണ്ടത് അനിവാര്യതയാണ്. ഇവര്‍ക്കാവശ്യമായ ചികിത്സാ രീതികളും കൗണ്‍സിലിംഗ് സംവിധാനങ്ങളും തയാറാക്കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ശ്രമിക്കുന്നിടത്താണ് സാമൂഹിക നീതി സധ്യമാകുന്നത്. മുകളില്‍ വിശദീകരിച്ചത് പോലെ ഭ്രൂണാവസ്ഥയിലും മറ്റു വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലുമായി നേരിട്ട ദുരനുഭവങ്ങളിലൂടെ രൂപപ്പെട്ട സ്വഭാവ വൈകല്യങ്ങളെ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാനുള്ള സൗകര്യങ്ങള്‍ ഇന്ന് ലഭ്യമാണ്. ട്രാന്‍വെസ്റ്റിക്ക് ഫെറ്റിഷിസം പോലുള്ള വൈകല്യങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കേണ്ടതുണ്ട്. അതോടൊപ്പം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ പേരില്‍ ഇന്ന് നടക്കുന്ന ലൈംഗിക ചൂഷണങ്ങളും സ്വവര്‍ഗാനുരാഗമടക്കമുള്ള ലൈംഗിക വൈകൃതങ്ങളും മറ്റും നാം തിരിച്ചറിയുകയും വിവേകത്തോടെയുള്ള പ്രതികരണങ്ങള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയും ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here