ലക്ഷദ്വീപിന്റെ പൈതൃകവും ഫാസിസത്തിന്റെ അധിനിവേശവും

0
79

സ്വാദിഖ് വടക്കാഞ്ചേരി

കോലോത്ത് നാട്ടിൽനിന്ന് ചേരമാൻ പെരുമാളിനെ കേരളത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ വേണ്ടി അറേബ്യയിലേക്ക് പോയ സംഘം ലക്ഷദ്വീപിൽ എത്തിപ്പെടുന്നത് മുതലാണ് കേരളവും ലക്ഷദ്വീപും തമ്മിൽ ബന്ധം തുടങ്ങുന്നത്. ലക്ഷദ്വീപിനെ ഗഹനമായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത ശേഷം കോലോത്ത് ഭരണാധികാരിയിലേക്ക് തിരിച്ചുവന്നു കൊണ്ട് ലക്ഷദ്വീപിനെ കുറിച്ച് വിവരിക്കുകയും നാളികേര കൃഷിക്ക് അനുയോജ്യമാണെന്ന് അഭിപ്രായപ്പെടുകയുമുണ്ടായെന്നാണ് ഹിസ്റ്റോറിക്കലായി വീക്ഷിക്കപ്പെടാറുള്ളത്. ലക്ഷദ്വീപിനെ കുറിച്ചുള്ള അറിവിന്റെ തുടക്കം കോലോത്ത് വഴിയാണ് എത്തിയതെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം കോലോത്തു നാട്ടിൽനിന്ന് ഒരുപാട് പേർ ലക്ഷദ്വീപിലേക്ക് കുടിയേറിയിട്ടുണ്ട്. ഭൂരിഭാഗം ജനങ്ങളുടെയും ലക്ഷ്യം നാളികേര കൃഷിയായിരുന്നു.പതിനഞ്ച് – പതിനാറ് നൂറ്റാണ്ടുകളിലായി പോർച്ചുഗീസ്‌, ഡച്ച്‌ അധിനിവേശ ശക്തികൾ ലക്ഷദ്വീപിലേക്ക് എത്തുകയും താവളമാക്കുകയും നാളികേര കൃഷിയിൽ വ്യാപൃതരാവുകയും ചെയ്തിട്ടുണ്ട്.
പേര് വെളിപ്പെടുത്താത്ത നാവികൻ പെരിപ്ലസ് എന്ന പേരിൽ ഒന്നാം നൂറ്റാണ്ടിൽ എഴുതിയ കൃതിയിൽ നിന്നാണ് ലക്ഷദീപിന്റെ ചരിത്രം പുറം ലോകം അറിയാൻ തുടങ്ങുന്നത്. പിന്നീട് ടോളമിയും, അമ്മിയാനസും, കോസ്മോസും , ഇബ്നു ബത്തൂത്തയും ലക്ഷദ്വീപിനെ വിവരിക്കുന്നുണ്ട്. തുടർന്ന് വന്ന ഡച്ച്‌ റെക്കോർഡുകളിൽ നിന്നാണ് ലക്ഷദീപിന്റെ പൂർവ ചരിത്രം കൂടുതലായി മനസ്സിലാക്കാൻ സഹായകമാകുന്നത്. അന്ന് ലെക്കർ ദിവാ (Lekker diva) എന്നായിരുന്നു അവർ ലക്ഷദ്വീപിനെ വിശേഷിപ്പിച്ചിരുന്നത്.‌പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പുസുൽത്താൻ മലബാറിന്റെ ഭൂരിഭാഗം പ്രദേശവും തന്റെ കൈകളിലേക്ക് കൊണ്ടുവരികയുണ്ടായി. തോൽവിയുടെ വക്കിലെത്തിയ സാമൂതിരിയും കോലോത്തു നാട്ടിലെ ഭരണാധികാരികളും ടിപ്പുസുൽത്താന് ചില ആനുകൂല്യങ്ങൾ മുന്നോട്ട് വെച്ചു. അതിൻറെ ഭാഗമായിട്ടാണ് അമിനി ദ്വീപും മറ്റു ചില ദ്വീപുകളും ടിപ്പുസുൽത്താന്റെ കീഴിലേക്ക് വരുന്നതും ചില ദ്വീപുകൾ അറക്കൽ രാജവംശത്തിന്റെ കീഴിലാവുകയും ചെയ്തതും. പിന്നീട് പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാർ ബ്രിട്ടീഷ് അധിനിവേശത്തിനു കീഴിൽ ആകുന്ന സമയത്ത് ലക്ഷദ്വീപും ബ്രിട്ടീഷുകാരുടെ കൈകളിലാവുകയും Lekkerdiva എന്ന പേര് ലക്കദിവ്സ്‌ (Laccadives ) എന്ന് വിളിച്ചു തുടങ്ങിയതും. പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പുവിന്റെ ഭരണ പരിഷ്കാരങ്ങളുടെ ഭാഗമായി ലക്ഷദ്വീപ് എന്നും വിളിക്കാൻ തുടങ്ങി. സ്വാതന്ത്രാനന്തരം മലബാറിന്റെയും , സൗത്ത് കനറയുടേയും ഭാഗമായാണ് ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേഷൻ നടന്നിരുന്നത്. പിന്നീട് 1964 ൽ കവരത്തി കേന്ദ്രീകരിച്ചു അഡ്മിനിസ്ട്രേഷൻ ആസ്ഥാനം വരുന്നത് വരെ കോഴിക്കോടായിരുന്നു ആസ്ഥാനം. റാഞ്ചി യൂണിവേഴ്സിറ്റിയിലെ നരവംശശാസ്ത്ര വിഭാഗത്തിലെ പ്രൊഫസറായ മഖാൻ ജാ തന്റെ ലക്ഷദ്വീപ് സന്ദർശനത്തോടനുബന്ധിച്ചെഴുതിയ THE MUSLIM TRIBES OF LAKSHADWEEP എന്ന പുസ്തകത്തിൽ ഈ ചരിത്രം വിശദീകരിക്കുന്നുണ്ട്.‌കേരളത്തിന്റെ തെക്കു പടിഞ്ഞാറൻ തീരത്തുനിന്ന് 200 മുതൽ 440 വരെ കിലോമീറ്റർ ദൂരെയുള്ള 36 ദ്വീപുകൾ അടങ്ങിയ ദ്വീപ് സമൂഹമാണ് ലക്ഷദ്വീപ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രാജ്യങ്ങൾക്കിടയിൽ സമാധാനം നിലനിർത്തുന്നതിന്റ ഭാഗമായി UN നിലവിൽ വരികയും അപകോളനീകരണം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ലോകത്ത് സാമ്രാജ്യത്വ ശക്തികളുടെ അധിനിവേശത്തിന് കീഴിലായിരുന്ന പല കോളനികളും സ്വാതന്ത്രമായി. എന്നാൽ ബ്രിട്ടീഷുകാർ രാജ്യം വിടുന്ന സമയത്ത് ഇന്ത്യയെ Dominion of India, Dominion of Pakistan എന്ന് വേർത്തിരിക്കുകയും അതിനു പുറമെ വിവാദപരമായ dominion of 565 Princely States എന്ന വേർതിരിവും കൊണ്ടുവന്നു. ഇതിലൂടെ ജമ്മുകാശ്മീർ ,ബോപാൽ,ഹൈദരാബാദ് ,ലക്ഷദ്വീപ്, തുടങ്ങിയ സ്ഥലങ്ങൾക്ക് ഇന്ത്യയുടെ കൂടെയോ അല്ലെങ്കിൽ പാകിസ്ഥാനോട് കൂടെയോ ഇഷ്ടാനുസരണം ചേരാമെന്ന വ്യവസ്ഥ മുന്നോട്ട് വെച്ചു. ഇത് പാകിസ്ഥാനും ഇന്ത്യയും തമ്മിൽ വലിയ പ്രശ്നങ്ങൾക്കിടയാക്കി.‌തുടർന്ന് 1947 ന്റെ അവസാനം അന്നത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാൻ ലക്ഷദ്വീപിൽ നിന്ന് 1700 കിലോമീറ്ററിലധികം ദൂരെയുള്ള കറാച്ചിയിൽ നിന്ന് കപ്പൽ മുഖാന്തരം സേനയെ അയചു. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹി ലക്ഷദ്വീപിൽ നിന്ന് കറാച്ചിയേക്കാൾ ദൂരെയാണെന്നും ലക്ഷദ്വീപ് സ്റ്റേറ്റുകളിൽ പെടാത്തത് കൊണ്ട് തന്നെ സേന സംഘടിതമല്ല എന്ന തിരിച്ചറിവിൽ നിന്നും അദ്ദേഹം ബുദ്ധിപരമായി കറാച്ചിയിൽ നിന്ന് സേനാ ദൗത്യം ആരംഭിച്ചു. ലക്ഷദ്വീപിൽ വന്ന് പാകിസ്ഥാൻ പതാക സ്ഥാപിച്ചു അധീനപ്പെടുത്തുകയും വിമാന യാത്രക്ക് വേണ്ടിയുള്ള സൗകര്യം ഒരുക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ ഇങ്ങനെ ഒരുനീക്കം പാക്കിസ്ഥാനിൽ നിന്ന് ഉണ്ടാകുന്നുണ്ട് എന്നറിഞ്ഞ അന്നത്തെ ഡെപ്യൂട്ടി പ്രൈംമിനിസ്റ്റർ സർദാർ വല്ലഭായി പട്ടേൽ തിരുവതാംകൂറിലെ കലക്ടറുമായി ബന്ധപ്പെട്ടു രണ്ട് പോലീസുകാരെ ലക്ഷദ്വീപിലേക്ക് അയക്കുകയും അവിടെ ഇന്ത്യയുടെ പതാക സ്ഥാപിക്കുകയും ചെയ്തു . ദിവസങ്ങൾക്കുശേഷം ലക്ഷദ്വീപിനോടടുത്ത പാക്കിസ്ഥാൻ സേന ലക്ഷദ്വീപിൽ ഇന്ത്യൻ പതാക കാണുകയും അവിടെ ഇന്ത്യൻ സേന ഉണ്ടാകുമെന്ന് ഭയന്ന് അവർ തിരിച്ചു പോവുകയാണ് ഉണ്ടായത്. ഈയൊരു തന്ത്രപ്രധാനമായ നീക്കത്തിലൂടെയാണ് ലക്ഷദീപ് സമൂഹം ഇന്ത്യയുടെ ഭരണത്തിന് കീഴിലേക്ക് വരുന്നത്.‌

32 ടq.km മാത്രം ഭൂവിസ്തൃതിയുള്ള ലക്ഷദ്വീപിൽ 2011 ലെ സെൻസസ് പ്രകാരം 64,000 തോളം ജനങ്ങളാണ് വസിക്കുന്നത്. കവരത്തി,ആന്ത്രോത്ത്, അമിനി, മിനിക്കോയ് എന്നീ നാലു ദ്വീപുകളാണ് പ്രധാന ജനവാസ പ്രദേശങ്ങൾ. ഇന്ത്യയിലെ ഏറ്റവും ചെറുതും ജനസാന്ദ്രത കുറവുള്ളതുമായ കേന്ദ്ര ഭരണ പ്രദേശമാണ് ലക്ഷദ്വീപ്. 2011 ലെ സെൻസസ് പ്രകാരം ലക്ഷദ്വീപിലെ സാക്ഷരതാ നിരക്ക് 93 ശതമാനമാണ്. 96 ശതമാനത്തിലധികം ഇസ്ലാം മതവിശ്വാസികളായ ലക്ഷദീപ് നിവാസികളിൽ ഭൂരിഭാഗവും സംസാര ഭാഷയായി ഉപയോഗിക്കുന്നത് മലയാളമാണ്. മാലി ദ്വീപിനോട് ചേർന്നുകിടക്കുന്ന ചെറിയ ദ്വീപ് സമൂഹമായ മിനിക്കോയിയിൽ മാഹി എന്ന ഭാഷയാണ് ഉപയോഗിക്കുന്നത്. പ്രധാനമായും നാളികേര വ്യവസായവും അനുബന്ധമായി കൊപ്ര വ്യവസായങ്ങൾ, കയർ നിർമാണം, മീൻപിടുത്തം, ക്ഷീര കൃഷി, വിനോദ സഞ്ചാരം എന്നിവയാണ് ലക്ഷദ്വീപിലെ പ്രധാന വരുമാന സ്രോതസ്സുകൾ. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ പ്രധാനപ്പെട്ട ഓഫിസർ രാഷ്‌ട്രപതി നിയോഗിക്കുന്ന അഡ്മിനിസ്ട്രേറ്റർ ആയിരിക്കും. അഡ്മിനിസ്ട്രേറ്റർക്കു കീഴിൽ ഓരോ വകുപ്പ് സെക്രട്ടറിമാരും ഉണ്ടായിരിക്കും. ലക്ഷദ്വീപിൽ 10 പഞ്ചായത്ത് ആണ് നിലവിലുള്ളത്.10 പഞ്ചായത്ത് മെമ്പർമാർ അടങ്ങിയ ഒരു ജില്ലാകൗൺസിലും, ഒരു പാർലിമെന്റംഗവും, അഡ്മിനിസ്ട്രേറ്ററും, വകുപ്പ് സെക്രട്ടറിമാരുമടങ്ങുന്ന ഒരു ബോഡിയാണ് തീരുമാനങ്ങൾ എടുക്കുന്നതും പുതിയ നിയമങ്ങൾ പാസാക്കണം എന്നുണ്ടെങ്കിൽ അത് പാർലമെന്റിനോട് പറയുകയുമാണ് ചെയ്യുക. കേരള ഹൈക്കോടതിയുടെ കീഴിലാണ് ലക്ഷദ്വീപിന്റെ ജുഡീഷ്യറി നിലകൊള്ളുന്നത്. ഇന്ത്യയിൽ ക്രൈം റേറ്റ് കുറഞ്ഞ പ്രദേശങ്ങളിൽ പെട്ട ഒരു സ്ഥലമാണ് ലക്ഷ്യദീപ്. 1956 ൽ ലക്ഷദ്വീപ് കേന്ദ്രഭരണപ്രദേശമാക്കിയതിനു ശേഷം വെറും മൂന്ന് കൊലകൾ മാത്രമാണ് ലക്ഷദ്വീപിൽ നടന്നിട്ടുള്ളത്. വളരെ വിരളമായി മോഷണം മാത്രം നടക്കുന്ന ലക്ഷദ്വീപിലെ സെൻട്രൽ ജയിൽ പൂട്ടിയിട്ട് വർഷങ്ങളേറെയായിരിക്കുന്നു. 96 ശതമാനത്തിലധികം മുസ്ലിമുകൾ അധിവസിക്കുന്ന ലക്ഷദ്വീപിലെ ഇസ്ലാം മത വിശ്വാസികൾ കൃത്യമായ മുസ്ലിം പൈതൃകം നിലനിർത്തുന്നവരും ആചാരാനുഷ്ഠാനങ്ങളിൽ യാതൊരു ഇളവു വരുത്താത്തവരുമാണ്. അതുകൊണ്ടുതന്നെയാണ് ലക്ഷദ്വീപിൽ മദ്യനിരോധനം പൂർണമായും നടപ്പിലാക്കാനായത്. ലക്ഷദ്വീപിനെ ലോകത്തിൽ ഇത്രമേൽ ഉയർത്തിക്കാട്ടിയതിൽ അവർ ജീവിതത്തിൽ പകർത്തിയ ഇസ്ലാമിക വിശ്വാസശൈലിക്കും അവിതർക്കിതമായ പങ്കുണ്ട്.
‌2020 ൽ ദിനേശ് ശർമക്ക് ശേഷം പുതിയ അഡ്മിനിസ്ട്രേറ്ററായി പ്രഫുൽ പട്ടേൽ ചുമതല ഏറ്റെടുത്തത് മുതൽ നടപ്പിലാക്കുന്ന ഹിന്ദുത്വ അജണ്ടകൾ ഉൾക്കൊള്ളുന്ന പുതിയ പരിഷ്കാരങ്ങൾ ആ ജനതയുടെ പൈതൃകത്തെയും ജീവിതശൈലിയും നശിപ്പിക്കുന്ന ദുരവസ്ഥയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരിലെ ജനങ്ങളെ നിർജീവാവസ്ഥയിലേക്ക് കൊണ്ടെത്തിച്ച ഹിന്ദുത്വ അജണ്ട തന്നെയാണ് ലക്ഷദ്വീപിൽ പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യപടിയായിട്ട് വേണം നിലവിലെ കിരാത നടപടികളെ മനസ്സിലാക്കേണ്ടത്. പൂർണ്ണമായും ജനാധിപത്യ സംവിധാനത്തിലൂടെയുള്ള തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്ന ജില്ലാ പഞ്ചായത്ത്‌ കൗൺസിലിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചു. വിദ്യാഭ്യാസം ആരോഗ്യം മത്സ്യബന്ധനം കൃഷി മൃഗസംരക്ഷണം എന്നിവ അഡ്മിനിസ്ട്രേറ്ററുടെ കീഴിലാക്കി. സർക്കാർ സർവീസിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആയിരത്തോളം ദ്വീപ് നിവാസികളെ ജോലി ചെയ്യുന്ന വകുപ്പിൽ നിന്ന് യാതൊരു കാരണവുമില്ലാതെ പിരിച്ചുവിട്ടു. തീരദേശ നിയമത്തിന്റെ മറവിൽ ജോലി ആവശ്യത്തിനായുള്ള മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചുനീക്കി. അംഗനവാടികൾ അടച്ചുപൂട്ടി. മദ്യശാലകൾ തുറന്നു. ഡയറിഫാമുകൾ അടച്ചുപൂട്ടി പാൽവിതരണം അമുൽ അടങ്ങുന്ന കോർപ്പറേറ്റ് കമ്പനികൾക്ക് പൂർണ്ണമായും തീറെഴുതി നൽകി. വിദ്യാർഥികളുടെ ഉച്ച ഭക്ഷണ മെനുവിൽ നിന്ന് മാംസാഹാരം പൂർണ്ണമായും ഒഴിവാക്കി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നയാൾക്ക് രണ്ടിൽ കൂടുതൽ കുട്ടികൾ പാടില്ലെന്ന ഭരണഘടനാ വിരുദ്ധമായ ചട്ടം ചുമത്തി. കുറ്റകൃത്യങ്ങൾ തീരെയില്ലാതെ സെൻട്രൽ ജയിൽ അടച്ചു പൂട്ടിയ ലക്ഷദ്വീപിൽ ഗുണ്ടആക്ട് നിലവിൽ കൊണ്ടുവന്നു. ഹിന്ദുത്വ അജണ്ടകളെ എതിർക്കാൻ പാടില്ലെന്നോർമിപ്പിക്കാൻ NRC-CAA വിരുദ്ധ പോസ്റ്ററുകളും ബാനറുകളും വ്യാപകമായി നീക്കംചെയ്തു. ബേപ്പൂർ തുറമുഖവുമായുള്ള ബന്ധം അവസാനിപ്പിക്കാനും മംഗലാപുരവുമായി ബന്ധം സ്ഥാപിക്കാനും സമ്മർദം ചെലുത്തി. ഇതിനെല്ലാം പുറമേ കോവിഡ് പ്രോട്ടോകോൾ തിരുത്തി. അത് മൂലം പോസിറ്റിവിറ്റി നിരക്ക് പൂജ്യമായിരുന്ന ലക്ഷദ്വീപിൽ ഇപ്പോൾ 5000 ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലക്ഷ്വദീപിനു വേണ്ടി സംസാരിക്കുന്ന മനുഷ്യാവകാശ പ്രവർത്തകർക്ക്‌ നേരെയുള്ള കോടതി നടപടികളും കാണാതെ പോകരുത്.
സാംസ്കാരിക തനിമയാലും പൈതൃകത്താലും സമൂഹിക ജീവിത ക്രമത്തിലും ഉന്നതിയിലുള്ള ഒരു സമൂഹം ബി ജെ പി യുടെ ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കുന്നത് മൂലം അരക്ഷിതമായികൊണ്ടിരിക്കുന്നുവെന്നതിന് ലക്ഷദ്വീപിലെ തിരമാലകൾ പോലും സാക്ഷിയാണ്. ഇന്ത്യയിൽ നിന്ന് ആദ്യം തുടച്ചു നീക്കേണ്ടത് മുസ്ലിം സമൂഹത്തെയാണെന്ന് ബി ജെ പിയുടെ വേദഗ്രന്ഥമായ വിചാരധാരയിൽ ഗോൾവാൾക്കർ പറഞ്ഞുവെച്ചതിനെ പ്രവർത്തി പഥത്തിൽ കൊണ്ടുവരുന്നതിന്റെ ഇരകളായി ലക്ഷദ്വീപ് നിവാസികളും മാറിക്കൊണ്ടിരിക്കുന്നു. സമാനതകളില്ലാത്ത ക്രൂരതയുടെ അടയാളമായ ഗുജറാത്ത് കലാപത്തിലൂടെയും കാശ്മീരിലെ അനിതരസാധാരണമായ നയങ്ങളിലൂടെയും സാധ്യമാക്കിയ വർഗീയഛായം പരത്തിയുള്ള ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കിത്തീർക്കാനുള്ള ശ്രമങ്ങളിലേക്ക് ലക്ഷദ്വീപും എണ്ണപ്പെട്ടു കഴിഞ്ഞു. 950 കൊല്ലം ഇന്ത്യ ഭരിക്കുകയും ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലും, ചരിത്രത്തിൽ വലിയ സ്ഥാനമുള്ള ചെങ്കോട്ട, കുത്തബ്മിനാർ പോലെയുള്ള ഇന്ത്യയുടെ അഭിമാനസ്തംഭങ്ങളായ നിർമ്മിതികളും മുസ്‌ലിം ഭരണാധികാരികളുടെ സംഭാവനകളായിരുന്നിട്ടും അവർ ഇന്ത്യയെ ഇസ്‌ലാംവത്കരിച്ചിട്ടില്ല. മത സാഹോദര്യത്തിലൂടെയും വ്യക്തിസ്വാതന്ത്ര്യത്തിലധിഷ്ഠിതമായതുമായ നടപടികളിലൂടെയായിരുന്നു അവയെല്ലാം സാധ്യമാക്കിയത്. പക്ഷെ , അപഹാസ്യമാകും വിധം ചരിത്ര നിർമിതി നടത്തി അസത്യം പ്രചരിപ്പിക്കുന്ന ഹൈന്ദവതയുടെ ഭാഗമേയല്ലാത്ത ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതിലൂടെ ഈ രാജ്യത്തിന്റെ മതേതരത്വത്തിനാണ് കളങ്കം വീഴുന്നത് . ജനാധിപത്യം മറയാക്കി സംഘിസം പ്രചരിപ്പിക്കുന്ന ആർ.എസ്സ്‌.എസിന്റെ താപ്പാനയായി ഇന്ത്യയുടെ പരമോന്നത നീതിപീഠം വരെ മാറുന്ന രംഗവും നാം കാണുന്നുണ്ട്. സാംസ്കാരികാധിനിവേശം നടത്തിയ ബ്രിട്ടീഷ് അധിപന്മാരെ തുരത്തിയോടിച്ച ഭാരതീയർക്ക് ഇനിയും ഒന്നേ പറയാനുള്ളൂ. ഇത് ജനാധിപത്യ രാജ്യമാണ്. ഫാസിസത്തെ തുരത്തിയോടിക്കുക തന്നെ ചെയ്യും. .

LEAVE A REPLY

Please enter your comment!
Please enter your name here