റമളാൻ മുന്നൊരുക്കം: ചില ഓർമകൾ

ശാക്കിർ കെ. മജീദി

0
1814

ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ബാഹ്യവും ആന്തരീയവുമായ ശുദ്ധീകരണത്തിനും ഇഹലോക ജീവിതത്തിൽ ധാരാളം നന്മകൾ ചെയ്ത് പരലോക ജീവിതം ധന്യമാക്കുന്നതിനായി കൂടുതൽ കഠിനാധ്വാനത്തിനുമുള്ള മാസമാണ് റമളാൻ. വിശ്വാസി കാത്തിരുന്ന ദിനങ്ങൾ വിളിപ്പാടകലെയാണ്. കത്തിനിൽക്കുന്ന പ്രകാശ ഗോപുരത്തിലേക്ക് വിശ്വാസി ഒരോ നിമിഷത്തിലും അത്യാർത്തിയോടെ അടുക്കുകയാണ്. മഹനീയമായ മാസത്തിന്റെ പുണ്യം അറിയിക്കാനാണല്ലോ മുത്ത് നബി(സ്വ) റമളാനിന്റെ രണ്ട് മാസം മുൻപേ അതായത് റജബിന്റെ ചന്ദ്രനുദിച്ചത് മുതൽ ബറകത്തിന് വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞത്. മുസ്ലിം വീടുകളിലെ പ്രായമായ ഉമ്മമാർക്കും ഉപ്പമാർക്കും തൊണ്ണൂറിലധികം ദിനങ്ങളുടെ വ്രതാനുഭവങ്ങൾ അയവിറക്കാനുണ്ടാകും. റജബ്, ശഅബാൻ, റമളാൻ ഈ മുന്ന് മാസവും തുടർച്ചയായ നോമ്പ്. പിന്നീട് ചെറിയ പെരുന്നാളിന് ശേഷം ഒരു ആറുനോമ്പ് വേറെയും. സൃഷ്ടാവിനോടുള്ള പ്രണയവും നാളെയെ കുറിച്ചുള്ള ആധിയുമായാരിക്കും ഈ നീണ്ട നോമ്പ് കാലത്തിന്റെ പ്രേരകം. അതിന് പുറമെ മുത്ത് നബിയോടുള്ള അടങ്ങാത്ത സ്നേഹ പ്രകടനവും. തിരുനബി(സ്വ) ജീവിതത്തിന്റെ എത്രയെത്ര നാളുകൾക്കാണ് വിശപ്പിന്റെ കഥകൾ പറയാനുണ്ടാവുക എന്ന ബോധ്യം അവരുടെ ഹൃദയങ്ങളിൽ അള്ളിപ്പിടിച്ചിരിപ്പുണ്ടാവും.

നനച്ചു കുളി

പുണ്യമാസത്തെ വരവേൽക്കാൻ ഗ്രാമം മുഴുവൻ ഒരുങ്ങുകയാണ്. പളളിയിൽ തകൃതിയായ പണികൾ നടക്കുന്നുണ്ട്. നാട്ടിലെ കാരണവന്മാരുടെ നേതൃത്വലായിരിക്കും പളളിയിലെ മിനുക്കു പണികൾ നടക്കുന്നത്. പള്ളിയിലെ മൊല്ലാക്ക (അന്ന് വിവരമുള്ളവരെല്ലാം മിക്കവാറും മൊല്ല എന്നായിരുന്നു അഭിസംബോധനം ചെയ്യപ്പെട്ടിരുന്നത്) യുടെ മേൽനോട്ടത്തിൽ നടക്കുന്ന ജോലികൾ കുട്ടികൾക്ക് ഹരമാണ്. പരിസരത്തെ മിക്ക പീക്കിരികളും പോക്കിരികളും അവിടെ ഹാജറായിട്ടുണ്ടാവും. ഒരുത്സവത്തിന്റെ പ്രതീതിയാണ്. മിനുക്കുപണികളെന്നാൽ ഇന്നത്തെ പോലെ പെയിൻറടിയൊന്നുമില്ല. വെള്ളവലിച്ച ( പുതിയ ഭാഷയിൽ വൈറ്റ് അടിക്കുക, കുമ്മായമാണ് മിക്കവാറും ഉപയോഗിച്ചിരുന്നത്) ചുമരുകളാണെങ്കിൽ അതൽപം മിനുക്കും. അല്ലെങ്കിൽ മണ്ണ് കുഴച്ച് തേക്കൽ തന്നെ. വീടുകളുടെയും ചുമരിന്റ അവസ്ഥ തഥൈവ. പിന്നെ പായകൾ ഉണ്ടങ്കിൽ കുളത്തിലോ അടുത്തുള്ള തോട്ടിലോ കൊണ്ട് പോയി കഴുകും.

വീടുകളിൽ സ്ത്രീകൾക്ക് കൂടുതൽ ജോലിത്തിരക്ക് അനുഭവപ്പെടുന്ന ദിനങ്ങൾ. റജബിന്റെ ആദ്യവാരം മുതൽക്കു തന്നെ പണികൾ ആരംഭിക്കും. വീടും പരിസരവും എല്ലാം വൃത്തിയാക്കണം. തറയിൽ മാർബിളും ടൈലുമൊന്നുമുണ്ടാവില്ലല്ലോ… പുതുമണ്ണ് കൊണ്ടുവന്ന് കുഴച്ച് വീട്ടിലെ മുഴുവൻ മുറികളുടെയും ‘അടി’സ്ഥാന സൗകര്യമൊന്ന് മിനുക്കണം. കൊട്ടടി (തറയിൽ മണ്ണ് ഉറപ്പിക്കാൻ ഉപയോഗിച്ചിരുന്ന മരം കൊണ്ടുള്ള ഉപകരണം. പഴയ കാലത്തെ ചിരവയുടെ രുപമാണ്) കൊണ്ട് മണ്ണ് അടിച്ചുറപ്പിക്കും. ചില വീടുകളിൽ തറയിൽ കരി തേച്ചിട്ടുണ്ടാവും. അൽപം സമ്പന്നരായ വീടുകളിലാണിങ്ങനെയുണ്ടാവുക. കരിയുണ്ടാക്കി പൊടിച്ച് താളിയും (ചെമ്പരത്തിയുടെ ഇല/ കട്ക്കയുടെ ഇല നല്ലവണ്ണം അരച്ച് കുഴമ്പ് രൂപത്തിലാക്കുന്നത്. കരി നല്ലവണ്ണം തറയിൽ പിടിക്കാനാണ് ഇത് ചേർക്കുന്നത്) ചേർത്ത് കുഴമ്പ് രൂപത്തിലാക്കി തറയിൽ മുഴുവൻ തേച്ച് പിടിപ്പിക്കും. അടുപ്പുകൾ കേടുപാടുകളെല്ലാം തീർക്കും. ചുമരുകൾ മണ്ണോ വെള്ള വലിക്കുകയോ ചെയ്യും. ഓല, പുല്ല് എന്നിവ കൊണ്ടുള്ള കുടിലുകളെല്ലാം പുതിയത് കൊണ്ട് വന്ന് മേൽക്കൂരയും ചുമരുകളും മൊഞ്ച് കൂട്ടും.

പിന്നീട്, വീട് മുഴുവൻ വൃത്തിയാക്കലാണ്. ജനലുകൾ, വാതിലുകൾ, കട്ടിൽ, പായകൾ, അടുക്കള ഉപകരണങ്ങൾ ഇങ്ങനെ വീട്ടിനകത്തെ മുഴുവൻ സാധന സാമഗ്രികളും കഴുകി വൃത്തിയാക്കും. നിസ്കാര കുപ്പായം, മുസ്വല്ല (ഒരു തരം നിസ്കാര വിരിപ്പ്) തുടങ്ങി എല്ലാ വിധ വസ്ത്രങ്ങളും അലക്കി വൃത്തിയാക്കും. പാറോത്തിന്റെ ഇലകൾ (വിവിധ നാടുകളിൽ വ്യത്യസ്ത പേരാണ്. നല്ല ഉരമുള്ള ഇലകളാണവ.) ഉപയോഗിച്ചാണ് കഴുകൽ ചടങ്ങുകൾ നടക്കുന്നത്. മൂന്നോ അതിലധികമോ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഗംഭീര ചടങ്ങ്. ചിലപ്പോൾ ഒരാഴ്ച വരെ തുടരും. എല്ലാത്തിനും നേതൃത്വം വീട്ടിലെ സ്ത്രീകൾ തന്നെയായിരിക്കും.

വീടിന്റെ മിനുക്കു പണികളെല്ലാം കഴിഞ്ഞാൽ പിന്നീട് ഭക്ഷ്യ സാമഗ്രികൾ തയ്യാറാക്കലാണ്. പാടത്ത് നിന്നും കൊയ്തെടുത്ത് കൊണ്ടു വന്ന നെല്ല് ആദ്യം പുഴുങ്ങണം. പിന്നീട് ഉരലിലിട്ട് കുത്തി അരിയാക്കണം. വീണ്ടും വെള്ളത്തിലിട്ട് കോരിയെടുത്ത് കുട്ടയിലാക്കി ഉരലിലിട്ട് ഇടിച്ച് പൊടിയാക്കണം. ഒന്നോ രണ്ടോ ഉരലുകളൊക്കെ ഉണ്ടാവും ഒരു വീട്ടിൽ. ഒരു ഉരലിലാണങ്കിലും രണ്ടു പേർ ഒരുമിച്ച് ചേർന്ന് ഇടിക്കും. ആ കാഴ്ചയൊക്കെ കാണേണ്ടത് തന്നെയാണ്. നാട്ടു വർത്തമാനങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെയായി ‘അരി ഇടിക്കൽ യജ്ഞം’ കെങ്കേമമായിരിക്കും. മല്ലി, മുളക്, മഞ്ഞൾ ഇവയെല്ലാം കഴുകി ഉണക്കി ഉരലിലിട്ട് പൊടിയാക്കണം. എല്ലാം വലിയ ഭരണികളിലാക്കി സൂക്ഷിച്ച് വെക്കും. കറിയും മറ്റും പാകം ചെയ്യുമ്പോൾ അമ്മിയിൽ ഇവ വീണ്ടും അരക്കേണ്ടി വരികയും ചെയ്യും. ഈ മാസങ്ങളിൽവീട്ടിലെ സ്ത്രീകളെ പോലെ ഉരലിനും ഒരവധിയുമുണ്ടാവില്ലന്ന് ചുരുക്കം.

ദരിദ്ര വീടുകളിലെ നോമ്പ് മിക്കവാറും ദയനീത നിറഞ്ഞതായിരിക്കും. കപ്പയായിരിക്കും (മരച്ചീനി) മിക്ക ദിവസങ്ങളിലെയും നോമ്പ്തുറ വിഭവം. പറമ്പിൽ കൃഷി ചെയ്തവയാതു കൊണ്ട് എത്ര പാകം ചെയ്താലും വേവ് കുറവായിരിക്കും.
കഴിക്കുമ്പോൾ അൽപം റിസ്കെടുക്കേണ്ടി വരും. കപ്പ പുഴുങ്ങിയത്, കപ്പ പത്തിരി എന്നിവയാണ് കപ്പ കൊണ്ടുള്ള പ്രധാന വിഭവങ്ങൾ. കപ്പ ഉണക്കി പൊടിച്ചാണ് കപ്പ പത്തിരി ഉണ്ടാക്കുന്നത്. അത്താഴത്തിന് ചോറ് ഉണ്ടങ്കിലായി. അത്ര തന്നെ.

നോമ്പിനുള്ള തയ്യാറെടുപ്പുകൾ ഇനിയുമുണ്ട്. അൽപം സമ്പന്നരായ കാരണവന്മാർക്കിത് കോഴിപിടുത്തത്തിന്റെ കാലം കൂടിയാണ്. സ്വന്തം വീടുകളിൽ തന്നെ പത്തോ ഇരുപതോ നാടൻ കോഴികളുണ്ടാകും. ഗ്രാമത്തിലെ വീടുവീടാന്തരം കോഴികളെ അന്വേഷിച്ച് നടക്കും. മിക്ക വീടുകളിലും കോഴികൾ ധാരാളമുണ്ടാകും. കന്നു കാലികളുള്ള വീടുകളും കുറവായിരുന്നില്ല. ദരിദ്രരായ വീട്ടുകാർക്ക് നല്ലൊരു വരുമാനത്തിന്റെ സമയവമാണ്. പുണ്യ മാസത്തിൽ നോമ്പനുഷ്ടിച്ച് ഒട്ടിയ വയറുകളിലേക്ക് ചെറുതായെങ്കിലും വയറ്റി പശിയടക്കാമല്ലോ…
“ഹാജ്യാരേ… നോമ്പിങ്ങെത്താറായി. ഇപ്രാവശ്യം കോഴിയൊന്നും വേണ്ടേ?” പലരും പ്രമാണിമാരെ ഇടക്കിടെ ഓർമിപ്പിച്ച് കൊണ്ടിരിക്കും. ധാരാളം കോഴികളെ വാങ്ങിയിരുന്നത് അവനവന്റെ വയറ് നിറയ്ക്കാൻ മാത്രമായിരുന്നില്ല. എല്ലാതരം നന്മകൾക്കും നാഥനിൽ നിന്നും എഴുപതിരട്ടി പ്രതിഫലം ലഭിക്കുന്ന കാലത്ത് ആരെയെങ്കിലും കൂടെ കൂട്ടിയായിരിക്കും ഗ്രഹനാഥൻ മഗ്രിബ് നിസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്നും വീട്ടിലെത്തുന്നത്. ചിലപ്പോൾ രണ്ടോ മുന്നോ അതിഥികൾ കൂടെയുണ്ടാവും. മാപ്പിള പ്രമാണിമാരുടെ ഒരു സ്ഥിര ശൈലിയായിരുന്നു ഇത്. അതിന് പുറമെ പ്രദേശത്തെ എല്ലാവർക്കുമായുള്ള നോമ്പ് തുറകൾ വേറെയും. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത ദിനങ്ങളിലായിരിക്കും നോമ്പ് സത്കാരങ്ങൾ. അടുപ്പിൽ തീ പുകയാൻ പാടുപെടുന്ന ദരിദ്ര ജനങ്ങൾക്ക് ഇത്തരം സത്കാരങ്ങൾ വലിയൊരാശ്വാസമായിരുന്നു. പാവങ്ങളായ മാപ്പിളമാരുടെ വീട്ടിൽ കപ്പയോ മറ്റോ ആയിരിക്കും നോമ്പ് തുറക്കാനുണ്ടാവുക. അമുസ്ലിം സുഹൃത്തുക്കളും ഇത്തരം സത്കാരങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here