റജബിലേ പരിശീലിച്ചാൽ റമളാനിൽ മടുപ്പൊഴിവാക്കാം

സഅദ് കാമിൽ സഖാഫി

0
1016


അല്ലാഹ്, റജബിലും ശഅ്ബാനിലും ബറകത് നൽകണേ, റമളാനിലേക്കെത്തിക്കണേ…
റജബ് മാസം പിറന്നാൽ വിശ്വാസികളുടെ പ്രാർഥനയാണിത്.റമളാൻ പുണ്യത്തെ വിശ്വാസി വിളിച്ചു വരുത്തുകയാണ്. രണ്ടുമാസം നീണ്ട നിരന്തര വിളികൾക്കു ശേഷം വരുന്ന റമളാനിനെ വേണ്ട വിധം സ്വീകരിക്കണ്ടേ? അതിനായില്ലെങ്കിൽ അത് വിളിച്ചു വരുത്തി അപമാനിക്കലാണ്.
ആരാധനകൾ കൊണ്ട് സമൃദ്ധമാക്കലാണ് റമളാനിന് നൽകുന്ന മാന്യമായ സ്വീകാരം. തറാവീഹ് നിസ്കാരം, ഖുർആൻ പാരായണം, ഇഅ്തികാഫ്, ഇലാഹീ സ്മരണ തുടങ്ങിയ ആരാധനകൾ വർധിപ്പിക്കുകയും കൃത്യമായി നോമ്പനുഷ്ഠിക്കുകയും വേണം. പതിനൊന്നു മാസത്തെ സാധാരണ കർമങ്ങൾ ചെയ്ത് ജീവിക്കുന്ന ഒരാൾക്ക് പൊടുന്നനെ ഇതൊന്നും വർദ്ധിപ്പിക്കാനാവില്ല.അയാൾക്ക് ശാരീരിക മാനസിക ആത്മീയ തളർച്ചയാണുണ്ടാവുക. സാധാരണ നിലയിൽ നിർബന്ധ കർമങ്ങൾ മാത്രം നിസ്കരിച്ച് ശീലിച്ച ഒരാൾ റമളാനിൽ ഇരുപത് ഘട്ട തറാവീഹ് നിസ്കാരത്തിന് ശ്രമിച്ചാൽ രണ്ടോ മൂന്നോ ദിവസം കൊണ്ടുതന്നെ ക്ഷീണിക്കും. മടുക്കുകയും ചെയ്യും. പിന്നെ ആ മാസത്തിൽ അയാൾക്ക് ഒന്നിനും ഉന്മേഷമുണ്ടാവില്ല. നോമ്പും കൂടിയാവുമ്പോൾ മടുക്കും. എന്താണിതിനു പരിഹാരം?
മുന്നൊരുക്കമാണ് പ്രധാനം. എത്രത്തോളം ഒരുങ്ങുന്നുണ്ടോ അത്രത്തോളം റമളാനെ മികച്ചതാക്കാം. മുന്നൊരുക്കമില്ലാത്ത പ്രോഗ്രാമുകൾ ഇടക്ക് നിർത്തിവെക്കുകയോ പാളുകയോ ചെയ്യുന്നത് അനുഭവമാണല്ലോ. ഇത്തരമൊരനുഭവം ഇല്ലാതാക്കാനാണ് റജബ് മുതൽ തന്നെ ഒാരോ വിശ്വാസിയും ഒാരോ നിസ്കാരങ്ങൾക്ക് ശേഷവും മുകളിലെപ്പോലെ പ്രാർത്ഥിക്കുന്നതും സ്വയം ഒാർമിപ്പിക്കുന്നതും. റമളാൻ ഇതാ എത്തിയിട്ടുണ്ട്. ഒരുങ്ങിക്കോളൂ.. തയ്യാറായിക്കോളൂ… മാനസികമായി റമളാനവസ്ഥകളോട് പൊരുത്തപ്പെടുകയാണ് വിശ്വാസികൾ . കായിക കലാമേളകൾക്കൊരുങ്ങുന്നവർ പൂർണമായ പ്രാക്ടീസിനു ശേഷമാണ് ഇറങ്ങാറുള്ളത്. അതിനേക്കാൾ മഹത്തായ സമർപ്പണത്തിനാണല്ലൊ വിശ്വാസി ഇറങ്ങുന്നത്. റമളാൻ പൂർണമായും നോമ്പ് നോൽക്കാനുള്ളതാണ്. അത് പരിശീലിക്കുകയാണ് റജബിലും ശഅ്ബാനിലും. ഖുർആൻ പാരായണങ്ങൾ അൽപാൽപമായി വർധിപ്പിക്കണം. സുന്നത്ത് നിസ്കാരങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കണം. അങ്ങനെ രണ്ടുമാസത്തെ നിരന്തര പരിശീലനത്തിലൂടെ നേടിയെടുത്ത ഉൗർജവുമായാണ് റമളാനിലെത്തേണ്ടത്. അങ്ങനെ റമളാനിലെത്തിയാൽ രാത്രിയിലെ ഇരുപത് ഘട്ട നിസ്കാരമോ ദീർഘസമയ ഖുർആൻ പാരായണമോ മുപ്പത് ദിവസത്തെ തുടർച്ചയായ നോമ്പോ ഒരു പ്രയാസവും മടുപ്പും സൃഷ്ടിക്കില്ല.
പ്രധാനമായും മൂന്ന് രീതിയിലുള്ള മുന്നൊരുക്കങ്ങൾ ആവശ്യമാണ്.

മാനസിക മുന്നൊരുക്കം
………..
റജബ് മാസം തുടങ്ങുന്നതോടെ മുന്നൊരുക്കങ്ങളായി. പ്രാർഥന മാനസികമായ ഒരു മുന്നൊരുക്കമാണ്. നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കുകയെന്നത് മനസ്സിനെ പ്രയാസമുള്ള ഒരു പ്രവർത്തനത്തിന് സന്നദ്ധമാക്കലാണ്. റജബിലും ശഅ്ബാനിലും ബറകത് ചെയ്യണേ എന്ന പ്രാർഥനയിലെ ബാരിക് എന്ന അറബി പദം നോക്കുക;അതിനെ കർമം – മഫ്ഉൗൽ എവിടെ? ഇതിനെ കുറിച്ച് പണ്ഡിതന്മാർ വിശദീകരിക്കുന്നത് അതിന്റെ അർഥ വിശാലത ഓർമപ്പെടുത്തിയാണ്. എല്ലാ നല്ലകാര്യങ്ങളിലും (ഖുർആൻ പാരായണം, ഇലാഹീ സ്മരണകൾ, സുന്നത്ത് നിസ്കാരം, സുന്നത്ത് നോമ്പുകൾ, സ്വദഖകൾ തുടങ്ങിയ) ബറകത് ചെയ്യണേ എന്നാണതിന്റെ താല്പര്യം. വെറുമൊരു പ്രാർഥനയല്ല അത്. ഒാരോർമപ്പെടുത്തലാണ്. റജബെത്തിയിട്ടുണ്ട് വിശ്വാസികളെ… റമളാനിനെ പൂർണമായി സ്വീകരിക്കാൻ മനസ്സുവേണമെങ്കിൽ ഇപ്പോൾ തന്നെ തുടങ്ങിക്കോ. ഖുർആൻ പാരായണം വർധിപ്പിച്ചോ, സുന്നത്ത് നോമ്പുകൾ വർധിപ്പിച്ചോ.
മാനസിക മുന്നൊരുക്കത്തിന്റെ മറ്റൊരു തലം തീരുമാനമാണ്. നന്മയേറെ ചെയ്യാനുള്ള തീരുമാനം. ഇൗ റമളാനിൽ എത്ര തവണ ഖുർആൻ ഓതി തീർക്കണം? എത്ര പേരെ നോമ്പു തുറപ്പിക്കണം? ഏത് പള്ളിയിൽ ഇഅ്തികാഫിരിക്കണം? എവിടെ ജമാഅത്തിനു പോകണം? തുടങ്ങിയ തീരുമാനങ്ങൾ. റജബിൽ തന്നെ തീരുമാനമെടുക്കണം. റജബിലും ശഅ്ബാനിലും അത് നടപ്പിലാക്കാനുള്ള പരിശീലനം നടത്തണം. ഉദ്ദേശ്യാടിസ്ഥാനത്തിലാണല്ലോ കർമങ്ങളുടെ സ്വീകാര്യത. ഒന്നുമുണ്ടായില്ലെങ്കിൽ പോലും ആ തീരുമാനം തന്നെ പ്രതിഫലാർഹമായി. നന്മ തീരുമാനിച്ചാൽ ഒരു പ്രതിഫലവും ചെയ്താൽ രണ്ടു പ്രതിഫലവുമെന്ന് നബി വചനങ്ങളിലും വന്നിട്ടുണ്ട്.
റമളാനിലെ കർമങ്ങൾ പലവിധത്തിൽ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. നോർമൽ കർമങ്ങളാവാം, മീഡിയം ആവാം, മാക്സിമം പരിപൂർണതയിലെത്താം. നോമ്പെടുക്കുന്നുവെന്ന് നിയ്യത്ത് ചെയ്ത് വൈകുന്നേരം വരെ (നിർബന്ധ കാര്യങ്ങളെല്ലാം ചെയ്ത്) കിടന്നുറങ്ങുന്നയാൾക്കും നോമ്പുണ്ട്, അത്യാവശ്യം സുന്നത്ത് നിസ്കാരത്തിലൊതുക്കി അൽപം ഖുർആനോതുന്നവനും നോമ്പുണ്ട്, സുന്നത്ത് നിസ്കാരങ്ങളിൽ മുഴുകി പള്ളിയിൽ ഇഅ്തികാഫിരുന്ന് ഖുർആൻ ധാരാളം പാരായണം ചെയ്ത് ദിവസത്തെ മുഴുവൻ ചൈതന്യവത്താക്കിയ ആൾക്കും നോമ്പുണ്ട്. ഇതിൽ ഏതു നോമ്പാണ് കൂടുതൽ പ്രതിഫലാർഹം? ആർക്കുവേണ്ടിയാണ് റമളാൻ സസന്തോഷം അനുകൂലമായി സാക്ഷി നിൽക്കുക? അതെല്ലാവർക്കുമറിയാം.
ഇതിൽ ഏതു വിഭാഗത്തിലാണ് താനുണ്ടാവേണ്ടതെന്ന് തീരുമാനിക്കേണ്ടത് റജബിലാണ്, അല്ലെങ്കിൽ ശഅ്ബാനിലാണ്. ആ തീരുമാനങ്ങളാണ് റമളാനെ എത്ര മാന്യമായി നമുക്ക് സ്വീകരിക്കാനാവും എന്ന് വ്യക്തമാക്കിത്തരിക.
ഹൃദയ ശുദ്ധീകരണമാണ് മാനസികമായ മറ്റൊരു മുന്നൊരുക്കം. ശഅ്ബാൻ സമാഗതമായാൽ ഹൃദയം ശുദ്ധീകരിക്കണമെന്നും നിയ്യത്ത് നന്നാക്കണമെന്നും അവ റമളാനിനുള്ള മുന്നൊരുക്കമാണെന്നും ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഹദീസിലുണ്ട്. ഹൃദയ ശുദ്ധീകരണത്തിനുള്ള മാർഗങ്ങളായി മഹത്തുക്കൾ പറയുന്നത് പാപമോചന പ്രാർഥനകളാണ്(ഇസ്തിഗ്ഫാർ). നിരന്തരമായ ഖുർആൻ പാരായണമാണ്. ഇലാഹീ സ്മരണകളുടെ ആവർത്തനങ്ങളാണ്. പതിനൊന്നു മാസക്കാലം തെറ്റുകളുടെ ചേറിലാണ്ടുപോയ ഹൃദയം ശുദ്ധിയാവാൻ സമയമെടുക്കുമെന്ന് അറിയാമല്ലോ? അതിനാൽ രണ്ടുമാസക്കാലത്തെ നിരന്തര പരിശീലനം വേണ്ടിവരും.

ശാരീരിക മുന്നൊരുക്കം
………..
റമളാൻ മാസത്തിൽ ശാരീരികമായി സഹനം ആവശ്യമുള്ള എല്ലാ കാര്യങ്ങളിലും റജബിലും ശഅ്ബാനിലും വഴക്കമുണ്ടാക്കേണ്ടത് അനിവാര്യമാണ്. പകൽ സമയം അന്നപാനീയങ്ങൾ ഒഴിവാക്കി മുഴുപ്പട്ടിണിയിൽ കഴിയാൻ ആർക്കാണ് പ്രയാസമില്ലാതിരിക്കുക. സുബ്ഹി നിസ്കരിച്ച ഉടനെയും രാവിലെയും പത്തുമണിക്കും ഉച്ചക്കും സായാഹ്നത്തിലും ഭക്ഷണം കഴിക്കുന്ന നമുക്ക് രാവിലെ മുതൽ വൈകുന്നേരം വരെ പട്ടിണികിടക്കുന്നത് പ്രയാസമാകുമെന്നുറപ്പാണ്. അതിനാൽ റജബിലും ശഅ്ബാനിലും ചില ദിവസങ്ങളിൽ നോമ്പുകളനുഷ്ടിച്ച് തഴക്കമുണ്ടാക്കണം.
ഭക്ഷണം മാത്രമല്ല , ഏഷണി, പരദൂഷണം, കളവ് പറയൽ, അസൂയ, അഹങ്കാരം, അഹന്ത ഇതൊക്കെ പതിനൊന്നു മാസം നമ്മുടെ കൂടെപ്പോന്നതാണെങ്കിൽ അവയെയൊക്കെ ഒഴിവാക്കി നിർത്തണം. മറ്റു മാസങ്ങളിൽ അനുവദിക്കപ്പെട്ട പലതും ഇൗ മാസത്തിൽ വെവ്വേറെ സമയങ്ങളിൽ ഒഴിവാക്കണം. നോമ്പനുഷ്ഠിച്ച് അപരനെ ദൂഷ്യം പറയുന്നയാളുടെ നോമ്പ് എവിടെയുമെത്തില്ല. . അത്തരം കാര്യങ്ങൾ ഹൃദയ ശുദ്ധീകരണത്തിൽ പെട്ടതാണെങ്കിലും ആ സാഹചര്യങ്ങൾ ഒഴിവാക്കൽ ശാരീരിക മുന്നൊരുക്കത്തിൽ പെട്ടതാണ്.
മനസ്സിന്റെ അഴുക്കുകൾ മാത്രമല്ല, ശരീരത്തിന്റെ അഴുക്കുകളും നീക്കണം. നഖം മുറിക്കുക, മുടി വെട്ടുക എന്നിങ്ങനെ ശാരീരിക ശുദ്ധീകരണവും പരിസര ശുദ്ധീകരണവും വേണം. വീടും പരിസരവും ശുദ്ധിയാക്കണം. നനച്ചു കുളി എന്ന ഒരു സംവിധാനം ഇപ്പോഴും ചിലയിടങ്ങളിലുണ്ട്. ഭകതിയുടെ ശുദ്ധിയാണത്.

കർമ മുന്നൊരുക്കം
…………
ആരാധനകളിലുള്ള മുന്നൊരുക്കങ്ങളാണ് ഇൗ വിഭാഗത്തിലുള്ളത്. പലതും നടേ ചുണ്ടിക്കാട്ടിയിട്ടുണ്ട്. മികച്ച ആസൂത്രണം വേണം. റമളാൻ മുന്നൊരുക്ക പ്രഭാഷണങ്ങളാവാം. പ്രഭാഷകൻ വന്ന് ഘനഗംഭീര പ്രഭാഷണം നടത്തി, ചെലവുകളെക്കാൾ വരവ് ലഭിക്കണം എന്ന രൂപത്തിലുള്ള കേവലം നാമമാത്ര പ്രഭാഷണങ്ങളാവരുത്. റമളാനിൽ ചെയ്ത് തീർക്കേണ്ട കർമങ്ങൾ പ്രതിപാദിക്കുകയും സംശയനിവാരണങ്ങൾക്ക് അവസരം സൃഷ്ടിക്കുകയും ചെയ്യുന്ന രൂപത്തിലുള്ള പ്രഭാഷണങ്ങളാവണം. മഹല്ലിലെ അല്ലെങ്കിൽ പ്രദേശത്തെ എല്ലാ വ്യക്തികളും പരിപാടിയിൽ സംബന്ധിക്കുന്ന വിധത്തിലാവണം. സംഭാവനകൾ ലക്ഷ്യം വെക്കാതെ സാമൂഹ്യഗുണത്തിന് ഊന്നൽ കൊടുക്കണം. സംഭാവനകൾ തനിയെ വന്നുകൊള്ളും.
റജബ് മാസം മുതൽ തന്നെ തൗബ സദസ്സുകൾ സംഘടിപ്പിക്കണം. റമളാൻ ഇരുപത്തിയേഴാം രാവിൽ നടത്തുന്ന തൗബയിൽ പങ്കെടുത്തിട്ടും ജീവിതത്തിൽ മാറ്റം വരാത്തതിന്റെ പ്രധാനകാരണം, അന്നത്തെ തൗബ നമ്മുടെ മനസിൽ നിന്നുവന്ന തൗബയല്ലാത്തത് കൊണ്ടാണ്. ആളുകളെല്ലാം അന്നവിടെ എത്തിയത് കൊണ്ട് ഞാനുമെത്തി. എല്ലാവരും പ്രാർഥിച്ചത് കൊണ്ട് ഞാനും പ്രാർഥിക്കുന്നു എന്ന നിലയിലാണ് പല തൗബ സദസ്സുകളും സംഘടിപ്പിക്കപ്പെടുന്നത്. റജബ് മാസം മുതലേ തൗബ സദസ്സുകൾ തുടങ്ങുകയും ആളുകൾ അതിൽ പങ്കെടുക്കുകയും ചെയ്യുന്ന രൂപത്തിലേക്ക് മാറ്റം വരുത്തി നോക്കൂ. റമളാൻ ഒാരോ രാവുകളിലും ആളുകൾ തൗബ ചെയ്ത് മടങ്ങും. ആ റമളാൻ കഴിയും മുമ്പു തന്നെ നമുക്ക് വൻമാറ്റം ദർശിക്കാനാവും.
രണ്ടു മാസം മുമ്പേ ഖേദിച്ചു മടങ്ങാനും പാപമോചനം നടത്താനും കടബാധ്യതകൾ വീട്ടാനും പ്രവാചകൻ നിർദ്ദേശിക്കാറുണ്ടെന്ന് ഹദീസുകളിലുണ്ട്.

യുദ്ധം ഹറാമായ മാസമാണല്ലോ റജബ്. അതിലൂടെ പരിശീലനത്തിൻ്റെ ആദ്യപടിയാണ് നാഥൻ നടപ്പിലാക്കുന്നത്.
പരിശീലനത്തിൻ്റെ പ്രഥമ ഘട്ടത്തിൽ പരിശീലകൻ്റെ നിർബന്ധത്തിന് വഴങ്ങിയാവും ചെയ്യുക. പ്രയാസമായ പലതും നിർബന്ധപൂർവം ചെയ്യുന്നതിലൂടെ ആയാസരഹിതമാകാറാണ് പതിവ്. ഇവിടെയും ആ രീതിയാണ്.റജബിൽ നിർബന്ധപൂർവം അവ ചെയ്യിക്കുന്നതിലൂടെ പരിശീലനം നേടുകയാണ്. ഓരോ വിശ്വാസിയുടെയും സ്വഭാവ ശുദ്ധീകരണമാണ് ഇതിലൂടെ നടക്കുന്നത്.

ഭക്ഷണശേഖരണം
………..
ഭക്ഷണങ്ങൾ ശേഖരിച്ചുവെക്കലും ഒരു മുന്നൊരുക്കമാണ്. റമളാനിലേക്കാവശ്യമായ ഭക്ഷണങ്ങളെല്ലാം തയാറാക്കി വെക്കുന്നതിലൂടെ റമളാൻ മാസത്തിലെ അങ്ങാടി സമ്പർക്കം കുറക്കാനാവും. തയാറാക്കിയത് ഒരു മാസത്തേക്ക് നിലനിറുത്തൽ ആവശ്യമായതിനാൽ നോമ്പു തുറന്ന ശേഷമുള്ള തീറ്റ മത്സരവും ഒരു പരിധി വരെ നിയന്ത്രിക്കാനാകും. നോമ്പുതുറ മുതൽ അത്താഴം വരെയുള്ള ഭക്ഷണ മാമാങ്കം ഒഴിവാക്കാനും പരിശീലനം ആവശ്യമാണ്. അതും റജബിലും ശഅബാനിലും നേടിയെടുക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here