യൂനുസ് നബി (അ)

ഖാസിം കുറ്റൂർ

0
332

വഴികേടിലകപ്പെട്ട മനുഷ്യകുലത്തിനു സന്മാർഗത്തിലേക്കുള്ള വഴികാട്ടികളാണ് അമ്പിയാക്കൾ. ബഹുദൈവാരാധനയിൽ നിന്ന് ഇലാഹീതൗഹീദിന്റെ യഥാർത്ഥ പ്രത്യയശാസ്ത്രത്തിലേക്കുള്ള മധ്യവർത്തികൾ. പ്രവാചക ശൃംഖലയിലെ പ്രധാനിയാണ് യൂനുസ് നബി (അ).
“وان يونس لمن المرسلين”.
വിശുദ്ധ ഖുർആനിൽ പേരെടുത്ത് പരാമർശിക്കപ്പെട്ട ഇരുപത്തഞ്ചു പ്രവാചകരിൽ ഒരാൾ. ഉന്നത വ്യക്തി പ്രഭാവത്തിനുടമയായ പിതാവ് ‘മത്ത’ പ്രവാചകൻ യൂസുഫ് നബിയുടെ സഹോദരൻ ബെന്യാമിന്റെ പരമ്പരയിൽപെട്ടവരാണ്. ഇറാഖിലെ മൗസിലിനടുത്തുള്ള നിനേവാ സമൂഹത്തിലേക്കാണ് ഇലാഹീ പ്രബോധനാർത്ഥം മഹാൻ കടന്നുചെല്ലുന്നത്. ദുർവഴികളിൽ അഭിരമിച്ചിരുന്ന നിനേവക്കാരെ തബ്ലീഗിൻ്റെ ഉൾസാരം അന്വർത്ഥമാക്കും വിധം ഏകദൈവാരാധന യിലേക്ക് നിരന്തരം ക്ഷണിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ, രോഷാകുലനായി പ്രവാചകൻ യാത്രക്കൊരുങ്ങി.
പ്രസ്തുത സംഭവത്തിലേക്ക് വിശുദ്ധ ഖുർആൻ വിരൽ ചൂണ്ടുന്നു.
“وذا النون اذ ذهب مغاضبا”.
പ്രവാചക ചരിത്രത്തിലെ പ്രധാന ഭാഗമാണിത്. കപ്പലിൽ യാത്രയാരംഭിച്ചു. യാത്രാമധ്യേ കൊടും കാറ്റും ആഞ്ഞടിക്കുന്ന അലകളും കടൽ പ്രക്ഷുബ്ധമാക്കി. കപ്പൽ ആടിയുലഞ്ഞു. രക്ഷാമാർഗ്ഗമെന്നോണം ഭാര വസ്തുക്കൾ കടലിലെറിഞ്ഞു തുടങ്ങി. പക്ഷെ, ഫലമുണ്ടായില്ല. നറുക്കെടുപ്പിൽ വീഴുന്നവരെ കടലിലെറിയാമെന്നായി. ഒന്നമതായും രണ്ടാമതായും നറുക്ക് വീണത് നബിക്കായിരുന്നു. പ്രവാചകരുടെ സൗമ്യ സമീപനവും ആകാര ഭംഗിയും കണക്കിലെടുത്ത് സഹയാത്രികർ കടലിലെറിയാൻ വിസമ്മതിച്ചു. മൂന്നാമതും നറുക്ക് നബിക്ക് തന്നെ വീണപ്പോൾ അവിടുന്ന് കപ്പലിൽ നിന്ന് പുറത്താക്കപ്പെടാൻ നിർബന്ധിതനായി. സൃഷ്ടാവിൻ്റെ ആജ്ഞക്കൊത്ത് ഒരു മത്സ്യം തൽസമയത്തു തന്നെ അവിടെ പ്രത്യക്ഷപ്പെട്ടു. പ്രസ്തുത സംഭവത്തെ പ്രവാചകർ സഹാബത്തിന്നു വിവരിക്കുന്നു:
“അല്ലാഹു യൂനുസ് നബിയെ മത്സ്യ വയറ്റിൽ തടഞ്ഞ് വെക്കാൻ ഒരുങ്ങിയപ്പോൾ ഒരു മത്സ്യത്തിന് സന്ദേശമയച്ചു. അവരുടെ മാംസം കടിക്കുകയോ എല്ലുകൾ മുറിക്കുകയോ ചെയ്യരുത്”
മത്സ്യ വയറ്റിൽ പ്രവാചകൻ പ്രാർത്ഥനാ നിരതനായി.
“ونادي في الظلمات ان لا اله الا انت سبحانك اني كنت من الظالمين”.
‘ സൃഷ്ടാവേ.. നീയല്ലാതെ ആരാധ്യനില്ല. നിൻറെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. തീർച്ചയായും ഞാൻ അക്രമികളിൽ പെട്ടവനായിരിക്കുന്നു.

പ്രഭലാഭിപ്രായപ്പ്രകാരം മത്സ്യവയറ്റിൽ മൂന്നു ദിന രാത്രങ്ങൾ കഴിച്ചുകൂട്ടി. (മറ്റഭിപ്രായങ്ങളും ഉണ്ട്)
നിരന്തര പ്രാർത്ഥനക്കൊടുവിൽ സൃഷ്ടാവിൻ്റെ കൽപ്പന പ്രകാരം നബിയെ മത്സ്യം കരയിലെത്തിച്ചു.

ചുരുക്കത്തിൽ, ക്ഷമ അളന്നു കൊണ്ടുള്ള സ്രഷ്ടാവിൻ്റെ പരീക്ഷണങ്ങളിൽ യൂനുസ് നബി വിജയിച്ചു. പ്രസ്തുത ചരിത്ര സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ദുന്നൂൻ , സ്വാഹിബുൽ ഹൂത്ത് എന്നീ പേരുകളിൽ നബി അറിയപ്പെടുന്നത്.
രോഷാകുലനായി പ്രവാചകർ യാത്രതിരിച്ചയുടനെ ഒരു ലക്ഷത്തിൽ പരം വരുന്ന നിനേവക്കാർക്കുമേൽ സൃഷ്ടാവിൻ്റെ ശിക്ഷ ഇറങ്ങിയിരുന്നു. തൽഫലമെന്നോണം അവർ ഇലാഹി മാർഗത്തിലേക്ക് ഖേദിച്ചു മടങ്ങി. നാശത്തിൻ്റെ വക്കിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട പ്രവാചക സമുദായമായി നിനേവക്കാർ വായിക്കപ്പെടുന്നു.
വിശുദ്ധ ഖുർആനിൽ സൂറത്ത് യൂനുസ് എന്ന പേരിൽ 109 സൂക്തങ്ങൾ ഉൾക്കൊള്ളുന്ന ഒരു അധ്യായം തന്നെയുണ്ട്. ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന പ്രവാചക വചനത്തിൽ കാണാം..
“لا ينبغي لأحد أن تقول أنا خير من يونس بن متى”.
മത്തയുടെ മകൻ യൂനുസിനേക്കാൾ ശ്രേഷ്ഠനെന്നു വാദിക്കാൻ നിങ്ങളിലൊരാൾക്കും അർഹതയില്ല. പ്രസ്തുത പ്രവാചക വചനവും യൂനുസ് നബിയുടെ ശ്രേഷ്ഠ ജീവിതത്തിലേക്കു വെളിച്ചം വീശുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here