യുവജന കൂട്ടായ്മകള്‍ ദൗത്യം മറക്കരുത്

വി.പി.എം സ്വദിഖ് തെക്കുംമുറി

0
1977

മലപ്പുറത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ പ്രതീക്ഷയായിരുന്നു റഫീഖ് (പേര് യഥാര്‍ത്ഥമല്ല). എസ്.എസ്.എല്‍.സിയിലും പ്ലസ് ടുവിലും മികച്ച വിജയം നേടി നാട്ടുകാരുടെ പ്രതീക്ഷക്കൊത്തുയരാന്‍ അവനായി. നാട്ടില്‍ നടക്കുന്ന ജീവകാരുണ്യ സാന്ത്വന പ്രവര്‍ത്തനങ്ങളിലും ആത്മീയ വേദികളിലും നിറസാന്നിധ്യമായി അവന്‍ തിളങ്ങി നിന്നു. ഇരുപത്തിമൂന്നുകാരനായ റഫീഖ് ഇന്ന് ചിത്രത്തിലില്ല. ഡിഗ്രി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് തെരുവില്‍ തുഛമായ വേദനത്തിന് പോര്‍ട്ടറായി ജോലി ചെയ്യുകയാണവന്‍. യുവജന ക്ലബിന്റെ സഹകരണത്തോടെ നടന്ന സ്‌കൂള്‍ വാര്‍ഷികമാണ് റഫീഖിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. ഒരുപാട് കാലത്തിനു ശേഷം നടക്കുന്ന സ്‌കൂള്‍ വാര്‍ഷികം നാടിന്റെ ഉത്സവമാക്കണമെന്ന ചിന്ത അവന്റെ മനസിലും കുടിയേറിയിരുന്നു. ഒരു സാധാരണക്കാരനായ വിദ്യാര്‍ത്ഥിയുടെ നിഷ്‌കളങ്ക മനസില്‍ രൂപപ്പെടുന്ന സ്വാഭാവിക ചിന്തയാണത്. എന്നാല്‍ അതിനു പിന്നില്‍ മറഞ്ഞു കിടന്ന ചതിക്കുഴിയെക്കുറിച്ച് അവന്‍ ബോധവാനായിരുന്നില്ല. നാടിന്റെ ഉത്സവമായി മാറാന്‍ പോകുന്ന സ്‌കൂള്‍ വാര്‍ഷികത്തിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്ന റഫീഖിനെ പലരും ഉപദേശിച്ചെങ്കിലും അവനതൊന്നും ചെവികൊണ്ടില്ല .’നമ്മുടെ സ്‌കൂള്‍, നാടിന്റെ ഉത്സവം, നാം അതില്‍ നിന്ന് മാറി നില്‍ക്കാവോ’ തുടങ്ങിയ വികാരങ്ങളായിരുന്നു അവനെ നയിച്ചിരുന്നത്. സ്‌കൂള്‍ വാര്‍ഷികാഘോഷം തകൃതിയായി നടക്കുന്നതിനിടയില്‍ പരിപാടിയുടെ വിജയാഹ്ലാദത്തിനു വേണ്ടി കൂട്ടുകാരോടൊത്ത് അവന്‍ കൂടിയപ്പോഴാണ് മദ്യത്തിന്റെ രുചി റഫീഖ് ആദ്യമായറിയുന്നത്. ക്രമേണ മദ്യത്തിന്റെയും കഞ്ചാവിന്റെയും അടിമയായി നാടിന്റെ ശാപമായി മാറുകയായിരുന്നു റഫീഖ്. ഇത് റഫീഖിന്റെ മാത്രം കഥയല്ല. ക്ലബ് വാര്‍ഷികത്തിന്റെയും സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളുടെയും ഭാഗമായി നടക്കുന്ന പേക്കൂത്തുകളുടെ ഭാഗമായി നിരവധി റഫീഖുമാരുടെ ഭാവിയാണ് തകര്‍ന്നു പോയത്.
ഉയര്‍ന്ന വിദ്യാഭ്യാസത്തോടൊപ്പം അച്ചടക്കവും സാമൂഹ്യബോധവും സ്വായത്തമാക്കിയ ഒരു തലമുറക്കു മാത്രമേ നാടിന് വെളിച്ചമാകാന്‍ സാധിക്കുകയുളളൂ. അത്തരമൊരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നാട്ടിലെ യുവജന കൂട്ടായ്മകള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് പുതിയ കൂട്ടുകാരെ കൈപിടിച്ചുയര്‍ത്തുക, ആവശ്യമായ പ്രോത്സാഹനവും പരിശീലനവും നല്‍കുക, വിദ്യാഭ്യാസ സഹായ പദ്ധതി ആവിഷ്‌ക്കരിക്കുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇവരുടെ കൂട്ടായ പരിശ്രമത്തിലൂടെ സാധ്യമാകും.
എന്നാല്‍ സ്വന്തം ഗ്രാമത്തിന്റെ സാമൂഹ്യപരവും വൈജ്ഞാനികവുമായ പുരോഗതിയെക്കുറിച്ച് ആലോചിക്കുന്നതിനപ്പുറം കായിക മാമാങ്കങ്ങള്‍ നടത്തുന്നതിലും റിയാലിറ്റി ഷോകള്‍ സംഘടിപ്പിക്കുന്നതില്‍ ഇക്കൂട്ടര്‍ വ്യാപൃതരായാല്‍ ഒരു നാടിന്റെ പ്രതീക്ഷയാണ് അവിടെ അസ്തമിക്കുന്നത്. ഒരു ക്ലബിന്റെ കീഴില്‍ വലിയ സാമ്പത്തിക മുതല്‍മുടക്ക് നടത്തി നാട്ടിലൊരു ഗാനമേള സംഘടിപ്പിച്ചു ആ നാടിനും നാട്ടുകാര്‍ക്കും അതിലെന്ത് ഗുണം? ആരൊക്കെയോ മിമിക്രി അവതരിപ്പിച്ചു, ചിലര്‍ വേദിയില്‍ കയറി ആഭാസ നൃത്തം ചവിട്ടി, മറ്റു ചിലര്‍ ഒന്നുമറിയാതെ വേദിക്കു പുറത്ത് ആര്‍ത്തുവിളിച്ചു. അവസാനം, നിര്‍മാണാത്മകമായി എന്തു ബാക്കിയായി എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥി തലമുറക്ക് ആത്മീയമോ ഭൗതികമോ ആയ വല്ല പുരോഗതിയും സാധ്യമായോ? രാവേറെ നേരം മഞ്ഞ് കൊണ്ട് ഉത്സവവും അനുബന്ധ പരിപാടികളും കണ്ടിരുന്ന രക്ഷിതാക്കള്‍ക്ക് എന്തു കിട്ടി? വട്ടപ്പൂജ്യം!
നിര്‍മാണാത്മകമായ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യുന്ന നിരവധി യുവജന സംഘങ്ങളും സാംസ്‌കാരിക സംഘടനകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന പൂര്‍ണ ബോധ്യത്തില്‍ നിന്നു കൊണ്ടാണ് ഞാനിതെഴുതുന്നത്.
യുവജനപ്രസ്ഥാനങ്ങള്‍ക്ക് ചെയ്യാന്‍ ഏറെയുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഗവണ്‍മെന്റ് സംവിധാനങ്ങള്‍ക്കും ഒരു ഗ്രാമത്തില്‍ ചെയ്യാന്‍ കഴിയുന്നതിലേറെ പ്രവര്‍ത്തനങ്ങള്‍ ഓരോ ഗ്രാമത്തിലും പ്രവര്‍ത്തിക്കുന്ന യുവജന കൂട്ടായ്മകള്‍ക്കു ചെയ്യാനാകും. നാടിന്റെ വിദ്യാഭ്യാസ മുഖഛായ തന്നെ മാറ്റാന്‍ ഇക്കൂട്ടര്‍ക്കാകും. പബ്ലിക് പരീക്ഷകളുടെ റിസള്‍ട്ട് വന്നതിന് പിറകെ നടത്തുന്ന മെറിറ്റ് ഈവനിംഗ് പരിപാടികള്‍ക്കു പുറമെ നിര്‍ധനരായ കുടുംബത്തിലെ കുട്ടികള്‍ക്ക് പഠനോപകരണ വിതരണം, കരിയര്‍ ഗൈഡന്‍സ, മോട്ടിവേഷന്‍ ക്ലാസുകള്‍, പ്രവാസികളുടെ സഹായത്തോടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് കൈത്താങ്ങെന്നോണം സ്‌പെഷ്യല്‍ ട്യൂഷനുകള്‍ തുടങ്ങി നിരവധി പദ്ധതികള്‍ നാമൊന്നൊരുങ്ങിയാല്‍ നടത്താനാകും.
പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ നാട്ടിന്‍ പുറങ്ങളില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ സ്തുത്യര്‍ഹമാണ്. ഓരോ യുവജന കൂട്ടായ്മകള്‍ക്കുകീഴിലും പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരെ രൂപപ്പെടുത്തിയാല്‍ ആതുര സേവന രംഗത്ത് വേറിട്ട മാതൃകയാവാന്‍ ഇവര്‍ക്കാകും. ഇതിനു പുറമെ ചികിത്സാ ഫണ്ട് വിതരണം, ചികിത്സാ സഹായ ഉപകരണ വിതരണം തുടങ്ങിയവയും ഇവരുടെ കാര്‍മികത്വത്തില്‍ നടത്താനാകും.
നാടിന്റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയാണ് ലഹരി. നാട്ടിന്‍പുറങ്ങളിലും പാടവരമ്പത്തും ആളനക്കം കുറഞ്ഞയിടങ്ങളിലും ഉപയോഗിച്ച് ഉപേക്ഷിക്കപ്പെടുന്ന ലഹരി പാക്കറ്റുകള്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ബോധമണ്ഡലത്തെ അപകടകരമാം വിധം കാര്‍ന്നുതിന്നുകയാണ്. നാടിന് ഒരു കാലത്തും ഉപകരിക്കാത്ത ഒരു തലമുറ നമുക്കിടയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. നാടിനെ വിഴുങ്ങുന്ന ലഹരിയെ തുരത്താന്‍ ആരോഗ്യവും കാര്യബോധവുമുളള യുവജനക്കൂട്ടായ്മക്ക് സാധിക്കുമെന്നതില്‍ രണ്ടഭിപ്രായമില്ല. അതോടുകൂടെ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ലഹരി വരുന്ന വിവിധ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം സംഘടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ നാട്ടില്‍ നിന്ന് ലഹരി നിര്‍മാര്‍ജനം ചെയ്യാന്‍ ഇവര്‍ക്കാകും.
രാഷ്ട്രീയ പാര്‍ട്ടികളുടെ കയ്യിലെ കളിപ്പാവകളാണ് സാധാരണക്കാരായ ഗ്രാമീണര്‍. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന വാഗ്ദാനങ്ങളാണ് ഇവര്‍ക്ക് വികസനം. പൊട്ടിപ്പൊളിഞ്ഞ റോഡുകളും പ്രകാശമെത്താത്ത ഊടുവഴികളും പൊളിഞ്ഞു വീഴാറായ സ്‌കൂള്‍ കെട്ടിടങ്ങളും ഇന്നും നിരവധി ഗ്രാമങ്ങളുടെ ശാപമാണ്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാനിറങ്ങുന്ന മാവേലിമാരായി നമ്മുടെ ജനപ്രതിനിധികള്‍ തരം താഴ്ന്നിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന കൈക്കൂലിക്കു മുന്നില്‍ നിസ്സഹയരായി നില്‍ക്കുന്ന സാധാരണക്കാര്‍ നമുക്ക് സുപരിചിതമാണ്. ഉദ്യോഗസ്ഥരുടെ നെറികെട്ട അഴിമതിയേയും നാട് അനുഭവിക്കുന്ന വികസന മുരടിപ്പിനേയും തിരുത്താന്‍ യുവാക്കളുടെ കൂട്ടായ ശ്രമങ്ങള്‍ക്ക് സാധിച്ചെന്നു വരും. നാട്ടുകാരെ ഒരുമിച്ചുകൂടി പഞ്ചായത്ത് ഓഫീസിലേക്കു നടത്തുന്ന ഒരു പ്രതിഷേധറാലി മതിയാകും ഒരു വാര്‍ഡിന്റെ മുഖഛായ മാറാന്‍. അതിനു നേതൃത്വം കൊടുക്കേണ്ടത് യുവജനങ്ങളാണ്.
രാഷ്ട്രീയ-മത മേഖലകളില്‍ രൂപപ്പെടുന്ന സംഘര്‍ഷങ്ങള്‍, കുടുംബ വഴക്കുകള്‍, വ്യക്തികള്‍ക്കിടയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന അസ്വാരസ്യങ്ങള്‍ എന്നിവകള്‍ക്കൊരറുതി വരുത്താന്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന യുവജന കൂട്ടായ്മകള്‍ക്ക് സാധ്യമാണ്. ഇത്തരത്തില്‍ സമൂഹോപകാരപ്രദവും നിര്‍മാണാത്മകവുമായ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിനോദമാമാങ്കങ്ങളും ഗാനമേളകളും മിമിക്രി ഷോകളും സംഘടിപ്പിക്കുന്നതിലാണ് ഇവര്‍ വ്യാപൃതരാകുന്നതെങ്കില്‍ നാട്ടില്‍ ഇരുട്ട് പരത്താനേ ഈ സംഘത്തിനെക്കൊണ്ട് സാധിക്കൂ.

 

LEAVE A REPLY

Please enter your comment!
Please enter your name here