മൃഗപരിപാലനം ഇസ്‌ലാമിൽ

മുഹമ്മദ് .ഇ കെ വിളയിൽ

0
1751

ഇസ്‌ലാമിലെ മൃഗപരിപാലനമെന്ന് കേൾക്കുമ്പോഴേക്കും അറവുകാരനെയും ബലിമൃഗത്തെയുമായിരിക്കും ഒരു പക്ഷെ പൊതുജനങ്ങളുടെ മനസിലേക്ക് ഓടി വരുന്നത്. അറവും മാംസഭോജ്യവും പതിവാക്കിയവനും ഒട്ടും ദയയില്ലാത്തവനുമായ ഒരുവന്റെ ചിത്രം നേരത്തെ വരച്ചു വെച്ചിട്ടുള്ളതിനാൽ ഇതിലപ്പുറമൊന്നും പൊതുജനത്തിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല.

മൃഗങ്ങൾ മനുഷ്യന് ഉപയോഗിക്കാനുള്ളതാണെന്നതിൽ മുസ്‌ലിംകൾക്കിടയിൽ തർക്കമൊന്നുമില്ല. സൂറത്തുന്നഹ് ലിലെ 5, 6, 7 ആയതുകളിൽ നിന്നും ഇക്കാര്യം വ്യക്തമാണ്

والأنعام خلقها لكم فيها دفء ومنافع ومنها تأكلون، ولكم فيها جمال حين تريحون وحين تسرحون ٥ وتحمل أثقالكم إلى بلد لم تكونوا بالغيه إلا بشق الأنفس إن ربكم لرءوف رحيم (سورة النحل٥’٦

وإن لكم في الأنعام لعبرة نسقيكم مما في بطونها ولكم فيها منافع كثيرة ومنها تأكلون وعليها وعلى الفلك تحملون ) [ المؤمنون : 21 ، 22 ]

وقال تعالى : ( الله الذي جعل لكم الأنعام لتركبوا منها ومنها تأكلون ولكم فيها منافع ولتبلغوا عليها حاجة في صدوركم وعليها وعلى الفلك تحملون ويريكم آياته فأي آيات الله تنكرون ) [ غافر : 79 ، 81 ]
وَالْخَيْلَ وَالْبِغَالَ وَالْحَمِيرَ لِتَرْكَبُوهَا وَزِينَةً ۚ وَيَخْلُقُ مَا لَا تَعْلَمُونَ (سورة النحل ٨)

ഖുർആനിൽ പലയിടത്തായി മനുഷ്യനുമായി ഇഴകി ചേർന്ന് ജീവിക്കുന്ന മൃഗങ്ങളെ കുറിച്ച് പരാമർശമുണ്ട്. കുതിര, കഴുത, കോവർ കഴുത തുടങ്ങിയവയെക്കുറിച്ചെല്ലാം ഖുർആൻ പരാമർശിച്ചിട്ടുണ്ട്. ഇത്തരം പരാമർശങ്ങളിൽ നിന്നെല്ലാം മനുഷ്യന്റെ ഉപയോഗത്തിന് വേണ്ടി തന്നെയാണ് ഈ മൃഗങ്ങളെയെല്ലാം പടച്ചതെന്ന് വ്യക്തമാകുന്നു.
തിരുനബി (സ) വളർത്തുകയും യാത്ര ഭക്ഷണം എന്നിവക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും ഹദീസുകളിൽ നിന്നും വ്യക്തമാണ്.
“നബി (സ) ക്ക് ആടുകളും ഒട്ടകങ്ങളുമുണ്ടായിരുന്നു. അവയുടെ പാൽ നബി (സ) യും കുടുംബവും ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ” (ഇഹ് യാഉലൂമുദ്ദീൻ)

ഇബ്നുമാജ റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ നബി (സ), ആടുകളെ വളർത്തണമെന്നു പറയുന്നതായി കാണാം. “നിങ്ങൾ ആടുകളെ വളർത്തൂ. തീർച്ചയായും ആടുകളിൽ ബറകത്ത് ഉണ്ട്. “

മറ്റൊരു ഹദീസ് : “ആട് സ്വർഗത്തിലെ മൃഗങ്ങളിൽ പെട്ടതാണ് ” (ഇബ്നുമാജ)

യൂസുഫ് നബി (അ), മൂസാ നബി (അ) തുടങ്ങിയ അമ്പിയാക്കളെ ചരിത്രത്തിലെല്ലാം മൃഗങ്ങളുമായുള്ള സമ്പർക്കത്തെ  പരാമർശിക്കുന്നുണ്ട്.

ഇവയിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. മൃഗങ്ങളെ വളർത്തുന്നതിൽ തെറ്റില്ല. കെട്ടിയിടൽ കൂട്ടിലിടൽ പാൽ കറന്നെടുക്കൽ തുടങ്ങിയവയൊന്നും ക്രൂരതയുടെ പട്ടികയിൽ പെടുന്നുമില്ല.

ഭക്ഷണമായും വാഹനമായും പ്രൗഢിയായുമെല്ലാം മനുഷ്യന് മൃഗങ്ങളെ ഉപയോഗിക്കാവുന്നതാണ്.
“ജീവികളുടെ ശബ്ദം കേട്ടാസ്വദിക്കാനും സന്തോഷിക്കാനും വേണ്ടിയൊക്കെ അവയെ തടഞ്ഞ് വെക്കാവുന്നതാണ്. എന്നാൽ അവക്ക് വേണ്ട ഭക്ഷണവും നൽകേണ്ടതുണ്ട്” ( ഖൽയൂബി 1/ 94)

മൃഗങ്ങൾക്ക് പേരിടൽ

മനുഷ്യരെ പരസ്പരം തിരിച്ചറിയാൻ പേരിടുന്നതുപോലെ മൃഗങ്ങൾക്കും അവയുടെതായ വ്യക്തിത്വം ചാർത്തിക്കൊടുത്തിട്ടുണ്ട് നബി (സ) യും അനുചരവൃന്ദവും.
നബി (സ) യുടെ ആടിന്റെ പേര് ഖമർ ആണെന്നും ഒട്ടകത്തിന്റെത് അള്ബാ എന്നാണെന്നും കഴുതയുടെത് അഫീർ ആണെന്നും ഇഹ് യ ഉദ്ധരിക്കുന്നു.

വളർത്തുമൃഗങ്ങളോടുള്ള പ്രത്യേക സ്നേഹത്തിന്റെ ഭാഗമാണ് അവക്ക് പ്രത്യേക പേരിടൽ. വില പിടിപ്പുള്ള പട്ടികൾക്കും പൂച്ചകൾക്കുമാണ് സാധാരണ പേരിട്ടു കാണാറുള്ളത്. അപൂർവ്വമായെങ്കിലും സ്നേഹ നിധികളായ ഉടമകൾ തങ്ങളുടെ അരുമ മൃഗങ്ങൾക്ക് പേരിടാറുണ്ട്.
ചുരുക്കത്തിൽ മൃഗങ്ങൾക്ക് പേരിട്ടിരുന്നത് കൊണ്ട് നബി (സ) യും സ്വഹാബത്തും വളർത്തുമൃഗങ്ങളെ നന്നായി പരിഗണിച്ചിരുന്നുവെന്ന് മനസിലാക്കാം.

അലി (റ) ദുൽദുൽ എന്ന കോവർ കഴുതയും ഖസ് വാഅ എന്ന ഒട്ടകവും യഅഫൂർ എന്ന കഴുതയുമുണ്ടായിരുന്നു .

മൃഗങ്ങളോട് കരുണ

മൃഗങ്ങൾ നമ്മുടെ ഉപയോഗത്തിനുള്ളവയാണെങ്കിലും സഹജീവികളെന്ന നിലയിൽ മനുഷ്യത്വപരമായിട്ടെ പെരുമാറാവൂ എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്.
ഒരിക്കൽ നബി(സ) ഈത്തപ്പഴം കഴിച്ചു കൊണ്ടിരിക്കെ അരികിലൂടെ ഒരു ആട് നടന്നു പോയി. നബി(സ) അതിനു നേരെ ആംഗ്യം കാണിച്ചു. ആട് വന്ന് നബി(സ)യുടെ ഇടത് കയ്യിൽ നിന്നും ഈത്തപ്പഴക്കുരുതിന്നാൻ തുടങ്ങി. അപ്പോഴും നബി(സ) വലതു കൈ കൊണ്ട് ഈത്തപ്പഴം തിന്നു കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ കയ്യിലെ കുരു തീരുന്നത് വരെ നബി(സ) അവിടെ നിന്നു. (ഇഹ് യാ ഉലൂമുദ്ദീൻ 87/3)

സഹജീവികളുമായുള്ള പെരുമാറ്റത്തിനനുസരിച്ച് മനുഷ്യന്റെ സ്വർഗ- നരക പ്രവേശനങ്ങൾ തീരുമാനിക്കപ്പെടുന്നുണ്ടെന്ന് നബി(സ)യുടെ ജീവിതത്തിൽ നിന്ന് നമുക്ക് വായിച്ചെടുക്കാവുന്നതാണ്. മനുഷ്യരോടെന്ന പോലെ തന്നെ മൃഗങ്ങളോടുള്ള ക്രൂരമായ പെരുമാറ്റം ശിക്ഷക്കും സ്നേഹത്തോടെയുള്ള സമീപനം റബ്ബിന്റെ പ്രീതി ലഭിക്കാനും കാരണമാകുന്നു.

ദോഷിയായൊരു പെണ്ണിന്റെ സ്വർഗ പ്രവേശനത്തിന് ഹേതുവായതും മറ്റൊരുത്തിയുടെ നരക പ്രവേശനത്തിന് കാരണമായതും സഹജീവികളുമായുള്ള സമീപനത്തിനനുസരിച്ചായിരുന്നുവെന്നത് തിരു ഹദീസിന്റെ അധ്യാപനമാണല്ലോ!

ഒരിക്കൽ ഒരു സ്വഹാബി ചോദിച്ചു.
” മൃഗങ്ങൾ കാരണമായും ഞങ്ങൾക്ക് പ്രതിഫലത്തിന് വഴിയുണ്ടെന്നോ?”
തിരുനബി(സ) പ്രതിവചിച്ചു.
“അതെ, എല്ലാ അലിവുള്ള ഹൃദയങ്ങൾക്കും കൂലിയുണ്ട്.”

പെരുമാറ്റ രീതി

മൃഗങ്ങളെ നിയന്ത്രിക്കുന്നതിനായി കടിഞ്ഞാൺ, വടി, കയർ തുടങ്ങിയവ ഉപയോഗിക്കുന്നതിനെ ഇസ്‌ലാം ഒരിക്കലും വിലക്കിയിട്ടില്ല. നബി(സ)യുടെ കാലത്തും ആളുകൾ പലതരം മൃഗങ്ങളെ വളർത്തുകയും ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. അതിനെയൊന്നും നബി(സ) വിമർശിച്ചിട്ടില്ല. അതേ സമയം ക്രൂരമായി പെരുമാറുന്നവരെ താക്കീത് ചെയ്ത് വിടുകയും ചെയ്തിട്ടുണ്ട്.
അപ്പോൾ നമുക്ക് മനസിലാക്കാൻ കഴിയുന്നത്, മൃഗങ്ങളോട് കരുണ കാണിക്കണമെന്ന തിരുവചനത്തിന്റെ അർത്ഥം അവയെ കെട്ടിയിടാനോ, ഭാരം വഹിപ്പിക്കാനോ, വാഹനമായി ഉപയോഗിക്കാനോ പാടില്ലെന്നല്ല, മറിച്ച് ഭക്ഷണം, വെള്ളം, വിശ്രമം എന്നിവക്ക് സൗകര്യപ്പെടുന്ന രീതിയിലുള്ള നിയന്ത്രണങ്ങൾ ആവാമെന്നാണ്.

ആവശ്യത്തിനു മാത്രമേ മൃഗങ്ങളെ അടിക്കാവൂ അതിലപ്പുറം അനുവദനീയമല്ല.

” പക്ഷികളെയും മറ്റു ജീവികളെയും വളർത്തുമ്പോൾ അവയെ പട്ടിണിക്കിടരുത്. തീറ്റയും കുടിവെള്ളവും നൽകുകയാണെങ്കിൽ ഏത് ജീവികളെയും വളർത്താം. (ഇസ്‌ലാമിക അനുഷ്ഠാനകോശം, 180, കോടമ്പുഴ ബാവ ഉസ്താദ്)

ആവശ്യമായതൊക്കെ നൽകി പരിപാലിക്കുമെങ്കിൽ പാട്ടുകേൾക്കാനും മറ്റും തത്തപോലുള്ള പക്ഷികളെ വളർത്തൽ അനുവദനീയമാണെന്ന് ഇമാം ഗഫാൽ (റ) പറയുന്നുണ്ട്.
മയിലിന്റെ ഭംഗി ആസ്വദിക്കുന്നതിന് വേണ്ടി അതിനെ വാങ്ങാൻ പറ്റുമെന്ന് പണ്ഡിതർ പറയുന്നുണ്ട്.

മുതലിനേക്കാൾ പ്രാമുഖ്യം സഹജീവികൾക്ക്
കപ്പൽയാത്രക്കിടെ കടൽക്ഷോഭിക്കുകയും കപ്പലിന്റെ ഭാരം കുറക്കൽ അനിവാര്യമാവുകയും ചെയ്താൽ ജീവികളല്ലാത്ത വസ്തുക്കളെ കടലിലേക്ക് എടുത്തെറിയൽ നിർബന്ധമാണ്. അഥവാ കപ്പലിൽ മൃഗങ്ങളും വില പിടിപ്പുള്ള മറ്റു വസ്തുക്കളുമുണ്ടെങ്കിൽ മൃഗങ്ങളെ രക്ഷപ്പെടുത്താനായി വസ്തുക്കളെ കടലിടൽ നിർബന്ധമാണ് (ഫത്ഹുൽ മുഈൻ 442)

തീറ്റ

“വളർത്തുമൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകേണ്ടത് ഉടമസ്ഥന്റെ നിർബന്ധ ബാധ്യതയിൽ പെട്ടതാണ്” (മഹല്ലി 4/94) അത് നായയാണെങ്കിൽ പോലും.
നമ്മുടെ വളർത്തുമൃഗത്തിന് ” ഒരു ഉപകാരവും ലഭിക്കാത്ത രീതിയിൽ വാർദ്ധക്യവും അവശതയും ബാധിച്ചിട്ടുണ്ടെങ്കിൽ പോലും “തീറ്റ കൊടുക്കൽ ഉടമസ്ഥന് ബാധ്യത തന്നെയാണ്. (തുഹ്ഫ 653/3)

ഭക്ഷ്യയോഗ്യമായ ജീവികൾക്കാണ് വെള്ളവും ഭക്ഷണവുമൊക്കെ നൽകുന്നതിൽ മുൻഗണന നൽകേണ്ടത്.
എന്നാൽ സ്വയം
മേഞ്ഞ് നടന്ന് പുല്ല് തിന്നുന്ന മൃഗങ്ങൾക്ക് മതിയായത് കിട്ടിയിട്ടുണ്ടെങ്കിൽ വീട്ടിലെത്തിയ ശേഷം ഭക്ഷണം നൽകൽ ഉടമസ്ഥനോ പരിചാരകനോ ബാധ്യതയില്ല. വയർ നിറയാത്ത പക്ഷം ആവശ്യമായത് ചെയ്ത് കൊടുക്കൽ ഉടമസ്ഥന് നിർബന്ധമാണ്. ( ഖൽയൂബി 94)
ശക്തമായ ചൂടിൽ നിന്നും തണുപ്പിൽ നിന്നും സംരക്ഷണം നൽകുന്നതും
ഭക്ഷണം നൽകുന്നതിന്റെ തുല്യപരിഗണനയോടെ ഉടമസ്ഥൻ ചെയ്തു കൊടുക്കേണ്ട ബാധ്യതയാണ്.
കുതിര, കോവർ കഴുത തുടങ്ങിയ മൃഗങ്ങൾക്ക് ശക്തമായ ചൂടിൽ നിന്നും തണുപ്പിൽ നിന്നും സംരക്ഷണമേകുന്ന തരത്തിലുള്ള വസ്ത്രം ധരിപ്പിക്കൽ ഉടമസ്ഥന്റെ മേൽ നിർബന്ധ ബാധ്യതയാണ്. ( ഹാശിയതു ബുജൈരിമി 130/ 4 )

അത് പോലെ ” ക്ഷാമ കാലത്ത് മൃഗങ്ങളെയും കൊണ്ട് യാത്ര ചെയ്യുമ്പോൾ അവയുടെ കാര്യം ശ്രദ്ധിക്കണ”മെന്ന് തിരുനബി(സ) പറഞ്ഞതായി കാണാം. (മിശ്കാത്ത് 409)
ജീവികളുടെ പുറത്ത് കയറിയാണ് ഹജ്ജ് ചെയ്യാനുദ്ദേശമെങ്കിൽ നിർബന്ധമാകണമെകിൽ സാധാരണയിൽ കവിഞ്ഞ് ഒരു നിബന്ധന കൂടിയുണ്ട്. അഥവാ “ഓരോ മർഹലയിലും മൃഗത്തിന് വേണ്ട തീറ്റയുണ്ടായിരിക്കണം ” (മഹല്ലി  2/83)
സാധാരണ മനുഷ്യന്റെ സൗകര്യം മാത്രം നോക്കുന്ന ആരാധന സന്ദർഭങ്ങളിൽ പോലും കൂടെ സഹജീവി കൂടിയുണ്ടാകുമ്പോൾ അതിന്റെ കാര്യം കൂടി പരിഗണിക്കണമെന്നാണ് ഇസ്‌ലാമിന്റെ പക്ഷം.
ഇനി ഉടമസ്ഥൻ വളർത്തുമൃഗങ്ങൾക്ക് തീറ്റ നൽകാനോ അഴിച്ചിടാനോ തയ്യാറല്ല എങ്കിൽ അവനിൽ നിന്ന് ആ ജീവിയുടെ ഉടമസ്ഥാവകാശം ബലമായി എടുത്ത് കളയണം. (ഫത്ഹുൽ മുഈൻ 433)
ഭക്ഷ്യയോഗ്യമായ ജീവികളാണെങ്കിൽ വിൽക്കാൻ നിർബന്ധിക്കണം. അതിനു തയ്യാറല്ലങ്കിൽ തീറ്റ നൽകാൻ സമ്മർദ്ദം ചെലുത്തണം. അതിനും തയ്യാറല്ല എങ്കിൽ അറുക്കാൻ നിർബന്ധിക്കണം.
ഭക്ഷ്യയോഗ്യമല്ലാത്ത ജീവികളാണെങ്കിൽ അറവല്ലാത്ത മറ്റു രണ്ട് കാര്യങ്ങൾക്കാണ് നിർബന്ധിക്കേണ്ടത്. ഈ വക കാര്യങ്ങൾക്കൊന്നും സഹകരിക്കാൻ ഉടമസ്ഥൻ തയ്യാറല്ല എങ്കിൽ മറ്റൊരാളെ ഭരണാധികാരി ഇടപെട്ട് നിശ്ചയിക്കണം. അതിന് വേണ്ട ചിലവ് പൊതു ഖജനാവ് വഹിക്കുകയോ വ്യക്തികളിൽ നിന്ന് കടമായി എടുക്കുകയോ വേണം.( ഖൽയൂബി 94).
വളർത്തുമൃഗത്തിന്റെ ജീവ സംരക്ഷണത്തിനായി അന്യന്റെ ഉടമസ്ഥതയിലുള്ള തീറ്റ കൈയേറ്റം ചെയ്യുന്നതിന് വിരോധമില്ല. മാത്രമല്ല, ഉടമ നൽകാൻ തയ്യാറാകാതിരിക്കുകയും മറ്റുവഴികളില്ലാതിരിക്കുകയും ചെയ്താൽ അതിക്രമിച്ചെടുക്കൽ നിർബന്ധമാണ്. ഇത് പോലെ തന്നെയാണ് മൃഗത്തിന്റെ മുറിവ് തുന്നാനാവശ്യമായ നൂലെടുക്കലും. (ഗുററുൽ ബഹിയ്യ 610/8)

ഭക്ഷ്യയോഗ്യമായ ജീവികൾക്കാണ് വെള്ളവും ഭക്ഷണവുമൊക്കെ നൽകുന്നതിൽ മുൻഗണന നൽകേണ്ടത്.
ഒരു വ്യക്തിക്ക് തന്റെ വളർത്തു ജീവികൾക്ക് ഭക്ഷണം നൽകാൻ യാതൊരു വഴിയും ഇല്ലാതെ വന്നാൽ ഭക്ഷ്യയോഗ്യമായവയെ അറുക്കൽ നിർബന്ധമാണ്.

ആരാധനയേക്കാൾ പ്രാമുഖ്യം

അംഗ ശുദ്ധി വരുത്തുന്നതിന് വെള്ളം ഇല്ലാതാവുകയും എന്നാൽ പണം കൊടുത്ത് വാങ്ങാൻ തരമുണ്ടാവുകയും ചെയ്താൽ പണം കൊടുത്ത് വെള്ളം വാങ്ങൽ നിർബന്ധമാണ്. എന്നാൽ ഈ പണം വളർത്തു ജീവികളുടെ പുല്ല്, വെള്ളം പോലോത്ത ചിലവിലേക്ക് ആവശ്യമുള്ളതാണെങ്കിൽ അവന് പണം കൊടുത്ത് വെള്ളം വാങ്ങൽ നിർബന്ധമില്ല.( ഖൽയൂബി 81/1)
അത് പോലെ കൈവശം വെള്ളമുണ്ടാവുകയും ആ വെള്ളം സ്വന്തം വളർത്തു ജീവിയുടെയോ കൂട്ടുകാരന്റെ വളർത്തു ജീവിയുടെയോ ആവശ്യത്തിന് വേണ്ടതാണെങ്കിൽ അതു പയോഗിച്ച് വുളൂ ചെയ്യേണ്ടതില്ല. തയമ്മും ചെയ്താൽ മതിയാകും.” (ഖൽയൂബി83/1)

“ഉടമയുടെ പിന്നീടുള്ള ആവശ്യത്തിനേക്കാളേറെ പരിഗണന നൽകേണ്ടത് നിലവിൽ ദാഹമുള്ളവർക്കാണ് ” ( ഖൽയൂബി 83/1)
ദാഹിക്കുന്നവൻ എന്ന പരാമർശം ദാഹിക്കുന്ന ജീവികളെ കൂടി ഉൾക്കൊള്ളുന്നതാണ് (ഖൽയൂബി)
ഈ സന്ദർഭങ്ങളിലെല്ലാം ആരാധനക്ക് ഉപയോഗിക്കേണ്ട വെള്ളം സഹ ജീവികളുടെ ആവശ്യത്തിന് വേണ്ടി മാറ്റി വെക്കാവുന്നതാണ്.

മൃഗത്തിന്റെ ഉപകാരങ്ങൾ

കുഞ്ഞുങ്ങൾക്ക് ദോഷകരമായി ബാധിക്കും വിധം പാൽ കറന്നെടുക്കൽ ഹറാം ആണ്. കുട്ടി കുടിച്ചതിന്റെ ബാക്കിയാണ് ഉടമ കറന്നെടുക്കേണ്ടത്.
പാൽ കറന്നെടുക്കാതിരിക്കൽ കൊണ്ട് മൃഗത്തിന് വല്ല പ്രശ്നവും ഉണ്ടാവുമെങ്കിൽ കറക്കാതിരിക്കൽ ഹറാം ആണ്. പ്രശ്നമില്ലെങ്കിലും കറാഹത്ത് ഉണ്ട്. (.നിഹായ, മുഗ് നീ)
പാൽ കറക്കുമ്പോൾ പൂർണമായും കറന്നെടുക്കാതെ  അകിടിൽ അൽപം ബാക്കി നിർത്തൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ 433)

മൃഗത്തിന്റെ രോമം വടിക്കലും തൊലിയോട് ചേർത്ത് വെട്ടലും ഹറാമാണ്. കാരണം അതെല്ലാം മൃഗങ്ങളെ ബുദ്ധിമുട്ടിക്കലാണ്.( ഹാശിയതു ജമൽ 363/1)

കറവക്കാരന് നഖം മുറിക്കൽ സുന്നത്താണ്. ഇവന്റെ നഖം നീണ്ട് മൃഗത്തിന് ബുദ്ധിമുട്ടാകുന്ന രൂപത്തിലായിട്ടുണ്ടെങ്കിൽ അത് മുറിക്കാത്ത കാലത്തോളം അവന് കറവ അനുവദനീയമല്ല.

മൃഗത്തിന് ബുദ്ധിമുട്ടാകും വിധത്തിൽ നഖം നീട്ടി വളർത്തിയവർക്ക് പാൽ കറക്കുന്നത് ഹറാമാണ്.( ഇആനതു ത്വാലിബീൻ 163/1)
തന്റെ നഖം മൃഗത്തിന് പ്രയാസമുണ്ടാക്കുന്നുവെന്ന് ഉറപ്പായാൽ പിന്നെ നഖം മുറിക്കൽ നിർബന്ധമാണ്. മൃഗങ്ങളെ മനുഷ്യന്റെ ഉപയോഗത്തിന് വേണ്ടിയാക്കുക എന്നതിന് പുറമെ അവന്റെ ഉപദ്രവങ്ങളിൽ നിന്ന്‌ സംരക്ഷിക്കാനാവശ്യമായ നിയമങ്ങൾ കൂടി ഇസ്‌ലാം മുന്നോട്ട് വെക്കുന്നുണ്ട്.

കുട്ടി ചാവുകയും മൃഗത്തിന്റെ അകിടിൽ പാൽ ഉണ്ടാവുകയും ചെയ്താൽ അത് ചുരത്തിക്കാനാവശ്യമായ സൂത്രപ്പണികൾ ചെയ്യാവുന്നതാണ്. കുട്ടി ചത്ത മൃഗങ്ങളുടെ പാൽ വേഗത്തിൽ വറ്റിപ്പോവാൻ സാധ്യതയുണ്ട്. എന്നാൽ കുട്ടിയുടെ രൂപം കണ്ടു കൊണ്ടിരുന്നാൽ മൃഗങ്ങൾ വേഗം പാൽ ചുരത്താനും ദീർഘനാൾ പാലുണ്ടാകാനും കാരണമാകും.” ചത്ത കുട്ടിയുടെ തോലെടുത്ത് അകത്ത് വൈക്കോലോ കളിമണ്ണോ നിറച്ച് മൃഗങ്ങൾക്ക് മുന്നിലെത്തിക്കുന്ന രീതി അറേബ്യയിൽ നിലവിലുണ്ടായിരുന്നു” (ഇആനതു ത്വാലിബീൻ 163/1)

ക്രൂരത അരുത്

വളർത്തുമൃഗങ്ങളോട് ക്രൂരമായി പെരുമാറിയവർക്ക് നരകശിക്ഷ ലഭിച്ചതിനെ കുറിച്ചും അത്തരക്കാരെ താക്കീത് ചെയ്തതുമായ സംഭവങ്ങൾ  ഇസ്‌ലാമിക ചരിത്രത്തിലൊരുപാട് കാണാനാവും.
നായക്ക് ജലം കൊടുത്ത് സ്വർഗം നേടിയവരും പൂച്ചയെ കെട്ടിയിട്ട് നരകത്തിലെത്തിയവരും ഉദാഹരണങ്ങളാണ്.

മൃഗത്തിന്റെ പുറത്ത് ഭാരമേറ്റി ദീർഘനേരത്തേക്ക് നിർത്തുന്നത് ശരിയല്ല.
إياكم أن تتخذوا ظهور دوابكم منابر
എന്ന പ്രവാചക വചനം സാക്ഷ്യപ്പെടുത്തുന്നതിതാണ്.
അത് പോലെ ശേഷിക്കപ്പുറം ഭാരം വഹിപ്പിക്കുന്നതും കുറ്റകരമാണ്.

അബ്ദുല്ലാഹിബ്നു ജഅഫർ (റ)വിനെ തൊട്ടുള്ള ഒരു നിവേദനം. “ഒരിക്കൽ ഞാൻ നബി(സ)ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. വഴിയിൽ ആവശ്യ നിർവഹണത്തിനായി നബി(സ) അൻസ്വാരിയായ ഒരു സ്വഹാബിയുടെ തോട്ടത്തിലേക്ക് ചെന്നു. അപ്പോൾ ഒരു ഒട്ടകം കണ്ണീരൊഴുക്കി കൊണ്ട് നബി(സ)യുടെ മുമ്പിലെത്തി. നബി(സ) അതിനെ തലോടി. അപ്പോൾ അത് ഒതുങ്ങി നിന്നു. എന്നിട്ട് നബി(സ) വിളിച്ചു ചോദിച്ചു. ആരാണിതിന്റെ ഉടമ, ആരുടെതാണീ ഒട്ടകം. അപ്പോൾ അൻസ്വാരി യുവാവ് വന്നു.”എന്റെതാണ് നബിയെ ” അയാൾ പറഞ്ഞു. “നീയെന്താ ഈ ഒട്ടകത്തിന്റെ വിഷയത്തിൽ സ്രാഷ്ടാവിനെ ഭയപ്പെടുന്നില്ലേ. നീയതിനെ വേദനിപ്പിക്കാറുണ്ടെന്ന് എന്നോട് പരാതി പറഞ്ഞല്ലോ!” (മിശ്കാത്ത്)

ആവശ്യത്തിനു മാത്രമേ മൃഗങ്ങളെ അടിക്കാവൂ അതിലപ്പുറം അനുവദനീയമല്ല.
ഒരു മൃഗത്തിനെ കൊണ്ട് സാധാരണ ചെയ്യിക്കുന്ന പണിയല്ലാതെ മാറ്റി ചെയ്യിക്കുന്നതിന് വിരോധമില്ല. അഥവാ കുതിരപ്പുറത്ത് ചരക്ക് കയറ്റുന്നതിനും മാടുകളുടെ പുറത്ത് സഞ്ചരിക്കുന്നതിനും വിരോധമില്ലെന്ന് ചുരുക്കം.
ഏത് മൃഗമാണെങ്കിലും മുഖത്തോ, മറ്റു മർമ സ്ഥാനങ്ങളിലോ അടിക്കൽ ഹറാം ആണ്. അനാവശ്യമായി മറ്റു സ്ഥലങ്ങളിൽ അടിക്കുന്നതും ഹറാം തന്നെ അത് പോലെ രോമങ്ങൾ പിഴുതെടുക്കുന്നതിനെയും കർശനമായി എതിർക്കുന്നതായി കാണാം.(ഖൽയൂബി 95)
മൃഗങ്ങളെ പരസ്പരം കൂട്ടിയിടിപ്പിച്ച് രസിക്കുന്നതും  ഇസ്‌ലാം വിലക്കിയിട്ടുണ്ട്. മാത്രമല്ല തിരിച്ചറിയാൻ വേണ്ടിയാണെങ്കിലും മൃഗങ്ങളുടെ മുഖത്ത് ചൂട് വെച്ച് പൊള്ളിക്കുന്നതിനെ നബി(സ) എതിർത്തിട്ടുണ്ട്.
അറുക്കാനുള്ള മൃഗത്തിനോടും ദയ കാണിക്കണമെന്ന് നബി (സ) സമൂഹത്തെ ഉണർത്തുന്നു. കത്തി മൂർച്ച കൂട്ടണമെന്നും എന്നാലത് മൃഗത്തിന്റെ കൺമുന്നിൽ വെച്ചാകരുതെന്നും നബി(സ) പറയുന്നതായി കാണാം. ഒരു മൃഗത്തിനെ അറുക്കാൻ കിടത്തിയതിന് ശേഷം കത്തി മൂർച്ച കൂട്ടാൻ തുനിഞ്ഞ സ്വഹാബിയോട് നബി പറഞ്ഞത്. “നീയെന്താ ഈ മൃഗത്ത പലതവണ കൊലപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ? അറുക്കാൻ കിടത്തുന്നതിന് മുമ്പെ നിനക്ക് കത്തി മൂർച്ച കൂട്ടിക്കൂടാമായിരുന്നില്ലേ!” എന്നാണ്.

പണ്ട് കാലത്ത് മൃഗ പരിപാലനത്തിനായി വഖ്ഫുകൾ ഉണ്ടായിരുന്നു. രോഗം ബാധിച്ചവയെ ചികിത്സിക്കാനും, അവശ മൃഗങ്ങൾക്ക് മേയാനുമെല്ലാം പ്രത്യേകം വഖ്ഫുകൾ ഉണ്ടായിരുന്നു. സ്വഹാബത്തും താബിഉകളുമെല്ലാം മൃഗങ്ങളോടുള്ള സമീപനത്തെ പ്രത്യേകം സൂക്ഷിച്ചിരുന്നു.                       അബുദർദാഅ (റ) മരണാസന്നനായിരിക്കെ തന്റെ ഒട്ടകത്തിനോട് പറയുകയുണ്ടായി: “നീ റബ്ബിനോട് എന്നെ കുറിച്ച് പരാതിയൊന്നും പറയല്ലേ ഞാൻ നിന്നെ അധികമായി
പണിയെടുപ്പിച്ചിട്ടില്ലല്ലോ!”
അത് പോലെ മറ്റൊരു സന്ദർഭത്തിൽ അബൂ ഇസ്ഹാഖ് ശീറാസി (റ) അനുചരർക്കൊപ്പം നടക്കുമ്പോൾ ഒരു നായ അത് വഴി കടന്ന് പോയി. അനുചരിലൊരാൾ അതിനെതിരെ തിരിഞ്ഞു. അപ്പോൾ മഹാനവർകൾ പറഞ്ഞു. “നിങ്ങളൊരു കാര്യം മനസ്സിലാക്കണം. ഈ വഴി നമുക്കും ഈ നായക്കുമിടയിൽ പങ്ക് ഉള്ളതാണ്”.(മിൻറവാഇ ഹളാറാതിനാ٠   من روائع حضاراتنا )
മനുഷ്യനുമായി അടുത്തിടപഴകി  ജീവിക്കുന്നവയായതിനാൽ തന്നെ ഇത്തരം വളർത്തു മൃഗങ്ങളുടെ വിഷയത്തിൽ  ഇസ്‌ലാമിൽ ഒരുപാട് ഇളവുകൾ അനുവദിച്ചതായി കാണാം. മൃഗങ്ങളുടെ പൃഷ്ഠത്തിലുള്ളതിനെ തൊട്ടും കറക്കുന്നതിനിടയിൽ പാലിലേക്ക് വീഴുന്ന ആട്ടിൻ കാഷ്ഠത്തിനെ തൊട്ടും മൃഗങ്ങളുടെ കാലുകളിൽ സ്വാഭാവികമായുണ്ടാകുന്ന നജസിനെ തൊട്ടുമെല്ലാം ഇളവുകൾ ഉണ്ട്. (ഖൽയൂബി 24)
മെതിക്കാനുപയോഗിക്കുന്ന മൃഗങ്ങളുടെ വിസർജ്യത്തിനെ തൊട്ടും ഇളവുകളുണ്ട്.

“ശുദ്ധിയുള്ള ജീവികളുടെ ഉച്ചിഷ്ടവും ശുദ്ധിയുള്ളതാണ്.”(ഫത്ഹുൽ മുഈൻ 237) മൃഗങ്ങൾ തിന്നതിന്റെ ബാക്കി തിന്നുന്നതിന് വിരോധമില്ല എന്നാണ് ഈ വാക്യം വ്യക്തമാക്കുന്നത്. വിളമ്പി വെച്ച പാത്രത്തിൽ നിന്നും വീട്ടിലെ വളർത്തുമൃഗങ്ങൾ ( നായ, പന്നി അല്ലാത്തവ) എടുത്ത് തിന്നാനിടയുണ്ട്. അതിന്റെ പേരിൽ ഭക്ഷണമാകെ കളയേണ്ടതില്ല.

ചുരുക്കത്തിൽ ഇസ്‌ലാമിലെ മൃഗപരിപാലനത്തിന് കൃത്യമായ മാനദണ്ഡങ്ങളും പരിധികളും ഉണ്ട്. ഇവ പാലിച്ചുകൊണ്ടുള്ള പരിപാലനത്തിന് കൂലിയുണ്ട്.

അവലംബം :

1. തുഹ്ഫതുൽ മുഹ്താജ്
2. ഫത്ഹുൽ മുഈൻ
3. ഇആനതു ത്വാലിബീൻ
4. മഹല്ലി
5. ഇഹ് യാഉലൂമുദ്ദീൻ
6. ഹാശിയതുൽ ജമൽ
7. ഹാശിയതു ബുജൈരിമി
8. സുനനു ഇബ്നു മാജ
9. അസ്നൽ മത്വാലിബ്.
10. ഗുററുൽ ബഹിയ്യ:

LEAVE A REPLY

Please enter your comment!
Please enter your name here