മൂന്നാം ലിംഗം ഇസ്‌ലാമിക വായന

മുഹ്‌സിന്‍ പുതുപ്പറമ്പ്‌

0
2356

‘ആദമില്‍ നിന്നും ഹവ്വയില്‍ നിന്നും സ്ത്രീകളെയും പുരുഷന്മാരെയും അവന്‍ സൃഷ്ടിച്ചു’ എന്നര്‍ത്ഥം വരുന്ന സൂറതുന്നിസാഇലെ പ്രഥമ സൂക്തം ഇസ്‌ലാമിലെ ലിംഗ സങ്കല്‍പങ്ങളുടെ നയം വ്യക്തമാക്കുന്നുണ്ട്. ഭിന്നലിംഗ വിഭാഗത്തെ ആണ്‍ പെണ്‍ എന്നീ മുഖ്യധാരാ ലിംഗ വര്‍ഗങ്ങളുമായി ചേര്‍ത്ത് വെച്ചാണ് ഇസ്‌ലാം മതവിധി പറയുന്നത്. ഖുന്‍സ എന്നാണ് നപുംസകങ്ങളെ ഇസ്‌ലാം അഭിസംബോധന ചെയ്യുന്നത്. ക്രമ രഹിതമായ ലിംഗവളര്‍ച്ച (Diosrder of Sex Devolopment DSD) മൂലമുണ്ടാകുന്ന ദ്വിലിംഗാവസ്ഥയോ (Somatic sex Ambiguity) അലിംഗത്വമോ ആണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. മൃദുലത എന്നര്‍ത്ഥം വരുന്ന ‘ഖനസ്’ എന്ന ക്രിയാധാതുവില്‍ നിന്നാണ് ഖുന്‍സ എന്ന പദത്തിന്റെ നിഷ്പത്തി. നപുംസകങ്ങളെ ഇസ്‌ലാം രണ്ടായി തരം തിരിക്കുന്നുണ്ട്.
സ്ത്രീയുടെയും പുരുഷന്റെയും ലിംഗങ്ങളുളളതോടൊപ്പം അവയില്‍ ഏതെങ്കിലും ഒന്നിനോട് പ്രകടമായ സാമ്യത പുലര്‍ത്തുന്നവരാണ് ഒന്നാമത്തെ വിഭാഗം. അവരെ ‘ഖുന്‍സ വാളിഹ്’ അഥവാ പ്രകട നപുംസകമെന്ന് വിളിക്കുന്നു (Hermophrodite discernible). ലൈംഗിക സ്വത്വം പൂര്‍ണമായി തിരിച്ചറിയാനാവുന്ന അടയാളങ്ങളുള്ളവരാണിവര്‍. സാധാരണ ഗതിയില്‍ ജനനസമയത്തോ അല്ലെങ്കില്‍ പ്രായപൂര്‍ത്തി ആകുന്നതോടെയോ തന്നെ ഇവരുടെ ലിംഗ നിര്‍ണയം സാധ്യമാകും. ഏത് ലിംഗത്തോടാണോ കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നത് ആ ലിംഗവിഭാഗമായാണ് ഇവര്‍ പരിഗണിക്കപ്പെടുക. ജനന സമയത്ത് പുരുഷ ലൈംഗികാവയവത്തോട് കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നുവെങ്കില്‍ ആണായും സ്ത്രീയുടേതിനോടാണെങ്കില്‍ പെണ്ണായും കരുതണം. രണ്ടിനോടും തുല്യ സാമ്യത പുലര്‍ത്തുന്നുവെങ്കില്‍ പുരുഷാവയവത്തിലൂടെ ആദ്യം മൂത്രം പുറപ്പെടുക, ബീജോല്‍പാദനം എന്നിവ പുരുഷനായി നിര്‍ണയം നടത്താനും ആര്‍ത്തവം സ്ത്രീയായി കരുതാനും കാരണമാണ്.
സ്ത്രീ-പുരുഷ അവയവങ്ങളുണ്ടാവുകയും സ്ത്രീയോ പുരുഷനോ എന്ന് കൃത്യമായി വിലയിരുത്താന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്നതാണ് രണ്ടാമത്തെ വിഭാഗം. അവരെ ‘ഖുന്‍സ മുശ്കില്‍’ അഥവാ ഗുപ്ത നപുംസകം എന്ന് വിളിക്കുന്നു. ഒരേ സമയം തുല്യ അളവില്‍ രണ്ട് അവയവങ്ങളിലൂടെയും മൂത്രമൊഴിക്കുക, സ്ത്രീപുരുഷ അവയവങ്ങള്‍ തുല്യമാവുക എന്നിവയാണ് ഗുപ്ത നപുംസകത്തിന്റെ അടയാളങ്ങള്‍. സ്ത്രീയുടെയോ പുരുഷന്റെയോ വിസര്‍ജനാവയവങ്ങളോട് സാമ്യതയില്ലാത്ത, എന്നാല്‍ വിസര്‍ജനം നിര്‍വഹിക്കാന്‍ കേവലം ഒരു ദ്വാരം മാത്രമുള്ളവര്‍, ഛര്‍ദിയിലൂടെയോ പൊക്കിളിലൂടെയോ സാധിക്കുന്നവര്‍ എന്നിവരും ഈ വിഭാഗത്തിലാണുള്‍പ്പെടുന്നത്.
ഗുപ്ത നപുംസകമായ ഒരാള്‍ സ്ത്രീയാണോ പുരുഷനാണോ എന്ന് തീര്‍പ്പാവണമെങ്കില്‍ പ്രായപൂര്‍ത്തിയാവണം. പ്രായപൂര്‍ത്തി ആയാല്‍ സഹജമായ അഭിനിവേഷം ആണിനോടാണെങ്കില്‍ പെണ്ണാണെന്നും പെണ്ണിനോടാണെങ്കില്‍ ആണാണെന്നും മനസിലാക്കാം. അതേസമയം ലൈംഗിക താല്‍പര്യം തുല്യമാവുകയും മേല്‍പറഞ്ഞ നിദാനം അപര്യാപ്തമാവുകയും ചെയ്താല്‍ വിസര്‍ജന, ശുക്ല, ആര്‍ത്തവ, പ്രസവ നിദാനങ്ങളെ അവലംബിക്കാവുന്നതാണ്.
ഏതെങ്കിലുമൊരു നിദാനമനുസരിച്ച് തീരുമാനമെടുത്ത ശേഷം പിന്നീട് ഖണ്ഡിതമായ മറ്റു തെളിവുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ തീരുമാനം തിരുത്തപ്പെടേണ്ടതാണ്. താടിരോമം മുളക്കുക, സ്തനങ്ങള്‍ മുഴച്ചുവളരുക, പാല്‍ നിറയുക തുടങ്ങിയ കാര്യങ്ങള്‍ അപവാദങ്ങളുണ്ടാകാനിടയുള്ളത് കൊണ്ട് തന്നെ മാനദണ്ഡങ്ങളായി പരിഗണിക്കാനാവില്ല. വാരിയെല്ലുകള്‍ ഇരുവശത്തും സമമാണെങ്കില്‍ സ്ത്രീയും ഇടത് വശത്ത് കുറവാണെങ്കില്‍ പുരുഷനെന്നും ചില അഭിപ്രായങ്ങള്‍ കാണാം. ഇത് ശാസ്ത്രീയമായും മതപരമായും അടിസ്ഥാനരഹിതമാണ്. ഇമാം മാവര്‍ദി ഇതിനെ ശരിവെക്കുന്നുണ്ട്.
നപുംസകങ്ങളുമായി ബന്ധപ്പെട്ട അധികം കര്‍മശാസ്ത്ര വിധികളിലും പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായമാണുള്ളത്. എന്നാല്‍ ചില നിയമങ്ങളില്‍ ഭിന്നാഭിപ്രായം ഉണ്ടുതാനും. സൂക്ഷ്മത, ഗുണപരം, കൂടുതല്‍ അനുകൂലമാവുക തുടങ്ങിയ കാര്യങ്ങളാണ് ഹിജഡകളുമായി ബന്ധപ്പെട്ട നിയമനിര്‍മാണങ്ങളിലെ പൊതു മാനദണ്ഡങ്ങള്‍. അവരുടെ ശാരീരിക പരിമിതികളും സാമൂഹിക സാഹചര്യങ്ങളും കണക്കിലെടുത്ത് പ്രത്യേകമായ നിയമങ്ങളുണ്ട്. ഗുപ്ത നപുംസകങ്ങളുടെ വിവാഹം സാധുവാകില്ല, ചേലാകര്‍മം നടത്തേണ്ടതില്ല, അവരോടൊത്തുളള സഞ്ചാരം, അനാവശ്യ സ്പര്‍ശനം തുടങ്ങിയവ ഉദാഹരണം. വിവാഹം സാധിക്കില്ല എന്നത് അവരോടുളള അവഗണനയല്ല. മറിച്ച് സമൂഹത്തിന്റെ അസ്തിത്വ നിലനില്‍പ്പിന് വേണ്ടിയാണത്. ശാരീരിക സാമ്പത്തിക കാരണങ്ങളാല്‍ ഒരാള്‍ക്ക് വിവാഹം ചെയ്യാന്‍ കഴിയാതെ വന്നാല്‍ തന്റെ വികാരങ്ങളെ അടക്കി വെക്കാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. അതേ സമയം ഇവര്‍ അക്രമിക്കപ്പെട്ടാല്‍ പ്രതിക്രിയ (ഖിസാസ് ) ചെയ്യാനും ഒത്തുതീര്‍പ്പെന്നോണം ദിയ( Blood money) ആവശ്യപ്പെടാനും അനന്തരാവകാശം നേടാനും ഇസ്‌ലാം അവസരം നല്‍കുന്നുണ്ട്‌

LEAVE A REPLY

Please enter your comment!
Please enter your name here