മില്ലത്തു ഇബ്റാഹീം; പിന്തുടരപ്പെടേണ്ട അനുഗ്രഹീത പാത

0
40

റാഫിദ് തൃപ്പനച്ചി

ഇബ്രാഹിം നബി (അ) യുടെ ജീവിത സന്ദേശമാണ് ബലിപെരുന്നാളും ഹജ്ജും . ഒരു വിശ്വാസി ജീവിതത്തിൽ സ്വീകരിക്കേണ്ട സർവ്വ മാതൃകകളും ഇബ്രാഹിം നബി (അ)യുടെ ജീവിതത്തിലൂടെ പഠിപ്പിക്കുന്നുണ്ട്. ഇലാഹീ വഴികളിലേക്ക് ദിവ്യബോധനങ്ങളും യുക്തിയുമുപയോഗിച്ച് ജനങ്ങളെ ക്ഷണിച്ച ധീര ത്യാഗിയായിരുന്നു ഇബ്രാഹിം (അ). അദ്ദേഹത്തിന്റെ ത്യാഗനിർഭരമായ പ്രബോധന ജീവിതത്തിൽനിന്നുള്ള ഏടുകൾ ബഹുദൈവാരാധനയുടെ പൊള്ളത്തരം തുറന്നു കാണിച്ചു. ഇബ്രാഹിം (അ) ഒരു സമുദായം ആയിരുന്നു എന്നാണ് ഖുർആൻ വചനം (16:20) പരിചപ്പെടുത്തുന്നത്. കുറേയാളുകൾ കൂടിയതാണ് സമുദായം. ഒരാൾ ഒറ്റയ്ക്ക് ഒരു സമുദായം ആകുന്ന അതിലൂടെ ആ വ്യക്തി സമൂഹത്തിന് സമർപ്പിച്ച മഹത് പ്രവർത്തികളാണു സ്മരിക്കപ്പെടുന്നത്. അല്ലാഹുവിന്റെ മാർഗത്തിൽ ചെയ്യേണ്ട ധർമ്മ സമരത്തിന്റെ മാതൃക ഇബ്രാഹീമിൽ നിന്ന് പഠിക്കാനാണ് വിശുദ്ധ ഖുർആൻ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്.പരിശുദ്ധ ഖുര്‍ആനിൽ തന്നെ ഇരുപത്തേഴ് അദ്ധ്യായങ്ങളിലായി അറുപത്തിമൂന്നിലധികം സ്ഥലങ്ങളില്‍ ഇബ്റാഹിം(അ) ന്‍റെ പേര് പരാമര്‍ശിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനും അവിടുത്തെ പാത പിന്തുടര്‍ന്ന് വിജയം വരിക്കാനുമാണ് ഇവിടങ്ങളിലെല്ലാം അല്ലാഹു തആല ഉമ്മത്തിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.അല്ലാഹുവിന് താഴ്മചെയ്യുകയും മുത്ത്നബി(സ്വ) യുടെ നിയോഗത്തിനും പ്രബോധന വഴിയില്‍ അല്ലാഹുവിന്‍റെ സഹായം ലഭിക്കുന്നതിനും ഇബ്റാഹീം(അ) കാലങ്ങള്‍ക്ക് മുമ്പേ ദുആ ചെയ്ത് മാതൃക കാണിച്ചിട്ടുണ്ട്. ഈ മാതൃകയാണ് മില്ലത്തു ഇബ്റാഹീം കൊണ്ടുള്ള വിവക്ഷയെന്ന് തഫ്സീറുകൾ രേഖപ്പെടുത്തുന്നുണ്ട് . ഇബ്റാഹീം നബി (അ) നെ അംഗീകരിക്കുകയും മുത്ത് നബി(സ്വ) യുടെ പ്രവാചകത്വത്തെ നിഷേധിക്കുകയും ചെയ്യുന്ന ജൂത-ക്രൈസ്തവ വിഭാഗത്തോട് ഖുര്‍ആന്‍ പലയിടത്തും ഇബ്റാഹീമീ മാതൃക നിങ്ങള്‍ പിന്തുടരൂ എന്ന് ഉദ്ഘോഷിക്കുന്നുണ്ട്.നൂഹ് നബി(അ) ന്‍റെ പുത്രന്‍ സാമിന്‍റെ സന്താനപരമ്പരയിലാണ് ഇബ്റാഹീം(അ) ജനിക്കുന്നത്. പിതാവ് താറഹ് ഫലസ്തീനിലേക്കുള്ള യാത്രാമദ്ധ്യേ മരണപ്പെട്ടു. ലൂത്വ് നബി(അ) ന്‍റെ പിതാവ് ഹാറാന്‍, നാഹൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്. ജന്മനാടായ ഇറാഖിലെ ബാബിലോണില്‍ തന്നെയാണ് പ്രവാചക ദൗത്യമേല്‍പിക്കപ്പെട്ടതും.ഏകനായ അല്ലാഹുവിന് പകരം വിഗ്രഹങ്ങളെയും സൂര്യ-ചന്ദ്ര-നക്ഷത്രാദി വസ്തുക്കളെയും ആരാധിക്കുന്നവരായിരുന്നു അക്കാലത്തെ ജനങ്ങള്‍. ഇബ്റാഹീം നബിയും ഭാര്യയും സഹോദരപുത്രന്‍ ലൂത്വ്(അ) മാത്രമായിരുന്നു ഇതിനപവാദം നിന്നിരുന്നത്. ചെറുപ്പത്തില്‍ തന്നെ അല്ലാഹു പക്വതയും സ്വബോധവും നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. അതിനാല്‍ തന്നെ അല്ലാഹുവിന്‍റെ ഏകത്വത്തെ ചോദ്യം ചെയ്യുന്ന നീചവൃത്തികളില്‍ നിന്നും സമൂഹത്തില്‍ വ്യാപകമായിരുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വെടിഞ്ഞു നില്‍ക്കാന്‍ ഇബ്റാഹീം നബി(അ) ന് സാധിച്ചു.പിതൃവ്യനായ ആസറിനെ പരിശുദ്ധ ദീനിലേക്ക് ക്ഷണിച്ചു കൊണ്ടാണ് ഇബ്റാഹീം നബി(അ) തന്‍റെ ദൗത്യമാരംഭിക്കുന്നത്. എന്നാല്‍ ഇസ്ലാമിന്‍റെ സുന്ദരമായ ആശയങ്ങളെ ഉള്‍ക്കൊള്ളാന്‍ വിസമ്മതിച്ച ആസര്‍ ഇബ്റാഹിം നബിയോട് പിതാമഹന്മാര്‍ ആരാധിച്ചിരുന്ന നക്ഷത്രങ്ങളെ തന്നെ ആരാധിക്കണമെന്നും, വിസമ്മതിച്ചാല്‍ അക്രമങ്ങളഴിച്ചു വിടുമെന്നും ഭീഷണിപ്പെടുത്തുകയാണുണ്ടായത്. തുടക്കത്തില്‍ തന്നെ ഇത്തരം എതിര്‍പ്പുകളും ഭീഷണികളും തന്‍റെ കുടുംബത്തില്‍ നിന്നുപോലും നേരിട്ടെങ്കിലും എല്ലാം അല്ലാഹുവിലര്‍പ്പിച്ച് അവനേല്‍പിച്ച ദൗത്യവുമായി ഇബ്റാഹിം നബി മുന്നോട്ടു പോവുകയാണുണ്ടായത്. അതിനാല്‍ തന്നെ ദുഷ്ടനായ ചക്രവര്‍ത്തി നംറൂദിന്‍റെ കൊടിയ പീഢനങ്ങള്‍ക്ക് പലപ്പോഴും ഇരയാകേണ്ടി വന്നു.നംറൂദിന്‍റെ പ്രചണ്ഡവാദങ്ങളുടെയും അവിശ്വാസികളുടെ നിലപാടുകളുടെയും പൊള്ളത്തരങ്ങള്‍ ഇബ്റാഹീം നബി(അ) വിശദീകരിച്ച് കൊടുത്തെങ്കിലും അവര്‍ സത്യം അംഗീകരിക്കുന്നതിന് പകരം അക്രമങ്ങള്‍ക്കും പീഢനങ്ങള്‍ക്കും ആക്കം കൂട്ടുകയാണുണ്ടായത്. പക്ഷേ, പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ക്ഷമയോടെ, പടച്ച റബ്ബില്‍ മാത്രം അഭയം തേടിയ ഇബ്റാഹിം നബിക്ക് അവ തരണം ചെയ്യാനുള്ള കഴിവ് നാഥന്‍ കനിഞ്ഞു നല്‍കുകയും പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്തു. രാജാവായ നംറൂദിന്‍റെ താനാണ് റബ്ബെന്നും, തന്നിലെല്ലാവരും വിശ്വസിക്കണമെന്നുമുള്ള ആജ്ഞ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഇബ്റാഹീം നബിയെ കൊന്നുകളയാത്ത പക്ഷം അധികാരവും സിംഹാസനവും ആള്‍ബലവും തനിക്ക് നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയതോടെ നംറൂദ് അതിനായുള്ള വഴികളെക്കുറിച്ചാലോചിച്ചു. പല അഭിപ്രായങ്ങളും ഉയര്‍ന്നുവെങ്കിലും ചുട്ടു കൊല്ലാമെന്ന അഭിപ്രായത്തിനാണ് നറുക്കു വീണത്. ഹൈസറെന്ന് പേരുള്ള ഒരു പേര്‍ഷ്യന്‍ കുഗ്രാമവാസിയാണ് ഈ അഭിപ്രായം മുന്നോട്ടു വെച്ചത്. ഇതിന് ശിക്ഷയായി അന്ന് മുതല്‍ ലോകാവസാനം വരെ അവനെ ഭൂമി വിഴുങ്ങിക്കൊണ്ടിരിക്കുന്നു എന്ന് ഇമാമീങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.ഇബ്റാഹീം നബി(അ) മിനെ ചുട്ടുകരിക്കാനായി നാല്‍പത് ദിവസം അവര്‍ വിറകുകള്‍ ശേഖരിച്ചു. ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും ബുദ്ധിമുട്ടുകളനുഭവപ്പെട്ടാല്‍ ഇബ്റാഹിം നബിയെ കത്തിക്കാന്‍ വിറക് നേര്‍ച്ചയാക്കാന്‍ പോലും മടിക്കാത്ത ക്രൂരരായിരുന്നു ആ ജനത. തങ്ങളുടെ സമ്പത്തില്‍ നിന്ന് ഒരു ഭാഗം ഇതിനുവേണ്ടി നീക്കിവെക്കാനും അവര്‍ മറന്നില്ല. കുന്നുകൂട്ടിയ വിറകുകള്‍ കത്തി ചൂട് കഠിനമായപ്പോള്‍ മാനത്തിലൂടെ പറക്കുന്ന പക്ഷികള്‍ പോലും കരിഞ്ഞ് വീണു. തീക്കുണ്ഡാരത്തിലേക്കടുക്കാന്‍ ഭയപ്പെട്ട അവര്‍ നബിയെ പിടിച്ച് ബന്ധനസ്ഥനാക്കി ദൂരെ ഒരു തെറ്റമ്പുണ്ടാക്കി തീയില്‍ വീഴാന്‍ പാകത്തില്‍ പ്രതിഷ്ഠിച്ചു.പക്ഷേ ഇതൊന്നും ഇബ്റാഹീം നബിയെ തെല്ലും ഭയപ്പെടുത്തിയില്ല. നാഥന്‍റെ വഴിയിലാണ് താനെന്നും അവന്‍ കൈവിടില്ലെന്നുമുള്ള വിശ്വാസം നബിക്ക് കൂടുതല്‍ ധൈര്യം പകര്‍ന്നു. തത്സമയം കാറ്റിന്‍റെ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ട മലക്ക് വന്ന് അഗ്നി മുഴുവന്‍ കാറ്റില്‍ പറത്താന്‍ സമ്മതം ചോദിച്ചപ്പോള്‍ ‘നിങ്ങളെ എനിക്കാവശ്യമില്ല’ എന്ന് മറുപടി പറഞ്ഞ് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, നീ ആകാശത്തില്‍ ഏകനാണ്. ഞാനാകട്ടെ ഭൂമിയിലും. ഞാനല്ലാതെ ഭൂമിയില്‍ നിന്നെ ആരാധിക്കാനാരുമില്ല. എനിക്ക് നിന്നെ മതി. ഭരമേല്‍പിക്കപ്പെടുന്നവരില്‍ ഉത്തമന്‍ നീയാണല്ലൊ’. കത്തിജ്വലിക്കുന്ന അഗ്നിയിലെറിയപ്പെട്ടപ്പോഴും ഇബ്റാഹീംനബി(അ) ഇപ്രകാരം പറഞ്ഞു’ അല്ലാഹുവേ, നീയല്ലാതെ ഒരാരാധ്യനില്ല. നീയെത്ര പരിശുദ്ധന്‍! ലോകങ്ങളുടെ നാഥനും അധിപനുമായ നിനക്കാകുന്നു സര്‍വ്വസ്ത്രോത്രങ്ങളും, നിനക്ക് പങ്കുകാരില്ല.’ ഈ സമയം ജിബ്രീല്‍(അ) വന്നു ചോദിച്ചു: അങ്ങേക്കെന്തെങ്കിലും ആവശ്യങ്ങളുണ്ടോ?. നബി പറഞ്ഞു: ‘താങ്കളെയല്ല എനിക്കാവശ്യം’. ജിബ്രീല്‍(അ): എങ്കില്‍ അങ്ങയുടെ നാഥനോട് ചോദിക്കുക. നബി പറഞ്ഞു: ‘അവനെന്‍റെ അവസ്ഥയറിയാം’. ചോദിക്കേണ്ടതില്ലല്ലോ. ഉടന്‍ അല്ലാഹു തീയ്യിനോട് ആജ്ഞാപിച്ചു: ‘ഇബ്റാഹീം നബിക്ക് നീ തണുപ്പും സമാധാനവുമേകുക’. ആ തീകുണ്ഡാരത്തിലും അദ്ദേഹത്തിന് ഒന്നും ബുദ്ധിമുട്ടായി തോന്നിയില്ല. ‘അത്രത്തോളം സുഖകരമായ ജീവിതം ഒരിക്കലും അനുഭവിച്ചിട്ടില്ല’ എന്ന് ഇബ്റാഹീം നബി(അ) പിന്നീടൊരിക്കല്‍ പറഞ്ഞു. കൊന്ന് കളയാനുള്ള അവരുടെ നീക്കം തകര്‍ക്കപ്പെട്ടപ്പോള്‍ അവര്‍ നബിയുടെ കാര്യത്തില്‍ സംയമനം പാലിച്ചു (തഫ്സീര്‍ റാസി).നംറൂദിന്‍റേയോ അവിശ്വാസികളുടേയോ സമീപനങ്ങളൊന്നും പ്രബോധന വഴിയില്‍ നിന്നും ഒരല്‍പം പോലും ഇബ്റാഹീം നബിയെ പിന്തിരിപ്പിക്കാനുതകുന്നതായിരുന്നില്ല. പൂര്‍വ്വാധികം ശക്തിയോടെ അല്ലാഹുവിന്‍റെ ആസ്തിക്യത്തെ സ്ഥിരപ്പെടുത്താന്‍ മുന്നിട്ടിറങ്ങി. നാഥന്‍റെ മാത്രം സവിശേഷതയായ ജീവിപ്പിക്കുക, മരിപ്പിക്കുക എന്നീ രണ്ട് വിശേഷണങ്ങള്‍ നംറൂദിന് മുന്നില്‍ നിരത്തിയപ്പോള്‍ താനുമങ്ങനെത്തന്നെയാണെന്ന് അവന്‍ വാദിച്ചു. ശേഷം രണ്ടുപേരെ വിളിച്ച് ഒരാളെ വാളിനിരയാക്കി അപരനെ വെറുതെ വിട്ടു. പക്ഷെ നബി പറഞ്ഞു: ‘എങ്കില്‍ എന്‍റെ നാഥന്‍ സൂര്യനെ കിഴക്കുനിന്നും കൊണ്ടുവരുന്നു. നീയതിനെ പടിഞ്ഞാറ് നിന്നും കൊണ്ടു വരിക’ ഈ വാദത്തിന് മുമ്പില്‍ അവന്‍ ശരിക്കും വിയര്‍ത്തു. തീകുണ്ഡാരത്തില്‍ എറിയപ്പെട്ട ഇബ്റാഹീം നബിയെ രക്ഷപ്പെടുത്തിയ അല്ലാഹുവിന് സൂര്യനെ പടിഞ്ഞാറ് നിന്നും കൊണ്ടുവരാന്‍ സാധിക്കുമെന്ന് മനസ്സിലാക്കിയ നംറൂദ് തിരിച്ച് ഈ വാദമുന്നയിച്ചില്ല.അധികാരമോ ആള്‍ബലമോ ഭയപ്പെടാതെ എവിടേയും കയറിച്ചെന്ന് ക്രിയാത്മകമായ സംവാദ-പ്രഭാഷണങ്ങളിലൂടെ അല്ലാഹുവിന്‍റെ ഏകത്വത്തെ സ്ഥിരപ്പെടുത്താനും പരിശുദ്ധ ദീന്‍ പ്രചരണത്തിനും മുന്നിട്ടിറങ്ങാന്‍ ഇബ്റാഹീം നബിയൊട്ടും അമാന്തം കാണിച്ചില്ല. അല്ലാഹുവിന്‍റെ പ്രീതിക്കുവേണ്ടി സ്വകുടുംബത്തെയും സമ്പത്തിനെയും ജന്മനാടിനെയും ഉപേക്ഷിച്ച് ഇബ്റാഹീം നബി(അ) അരുമ സന്താനമായ ഇസ്മാഈല്‍ (അ) മിനെ ബലിയര്‍പ്പിക്കാന്‍ പോലും അദ്ദേഹത്തിന് മുന്നില്‍ ഒന്നും വിഘാതമായില്ല. സര്‍വ്വവും നാഥനിലേക്ക് സമര്‍പ്പിക്കാനുള്ള മനസ്സിന് റബ്ബ് നല്‍കിയ പ്രതിഫലമാണ് രണ്ട് മക്കളെയും പ്രവാചകന്‍മാരാക്കി നിയോഗിച്ചച്ചു എന്നത്. കൂടാതെ, ശേഷം വന്ന മുഴുവന്‍ പ്രവാചകരെയും അവിടുത്തെ സന്താന പരമ്പരയിലൂടെയാണ് അല്ലാഹു ഭൂമിയിലേക്കയച്ചത്. ഈസാ നബി(അ) വരെയുള്ള മുഴുവന്‍ പ്രവാചകരും ഇസ്ഹാഖ്(അ) ന്‍റെയും മുത്ത്നബി(സ്വ) തങ്ങള്‍ ഇസ്മാഈല്‍(അ) ന്‍റെയും പൗത്രന്മാരായാണ് പിറന്നുവീണത്. പരിശുദ്ധ ഖുര്‍ആനില്‍ സുറതുല്‍ അന്‍കബൂത്തിലൂടെ അല്ലാഹു ഈ അനുഗ്രഹത്തെ പരിചയപ്പെടുത്തുന്നത് നോക്കുക. ‘നാം പ്രവാചകത്വത്തേയും വേദഗ്രന്ഥങ്ങളെയും അദ്ദേഹത്തിന്‍റെ (ഇബ്രാഹീം നബിയുടെ) സന്താന പരമ്പരയില്‍ നിജപ്പെടുത്തി ദുന്‍യാവില്‍ അദ്ദേഹത്തിന് നാം പ്രതിഫലം നല്‍കി, ആഖിറത്തില്‍ അദ്ദേഹം സ്വാലിഹീങ്ങളില്‍ പെട്ടവരുമാണ് (സൂറതുല്‍ അന്‍കബൂത്ത് 27) സൃഷ്ടികളില്‍ അത്യുല്‍കൃഷ്ടരായ റസൂലുല്ലാഹി(സ്വ) തങ്ങളുടെ ഉമ്മത്തായ നമുക്ക് ഇബ്റാഹീം നബി(അ)യുമായി അഭേദ്യമായ ബന്ധം ഉണ്ട്. ഇരുവരുടേയും ശരീഅത്തുകളും ഒന്നുതന്നെയായിരുന്നതിന് പുറമെ, മുത്ത് നബി(സ്വ) ക്കും ഇബ്രാഹീം നബി(അ) നും നേരിടേണ്ടി വന്ന പരീക്ഷണങ്ങളിലും സാമ്യത ചരിത്രത്തില്‍ നിന്നും നമുക്ക് വായിച്ചെടുക്കാം.പ്രബോധന ഘട്ടത്തില്‍ ക്രൂരരായ ഭരണാധികാരികളേയും മതത്തിന്‍റെ വാദങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുന്ന ബന്ധുക്കളേയും എതിര്‍ കക്ഷികളെ സഹായിക്കുന്ന ജനങ്ങളേയുമാണ് ഇരുവര്‍ക്കും തരണം ചെയ്യാനുണ്ടായിരുന്നു. മുത്ത്നബി(സ്വ) തന്‍റെ ദൗത്യം സ്വന്തം കുടുംബത്തില്‍ നിന്നുതന്നെ ആരംഭിക്കുകയും തന്മൂലം അവരുടെ പരിഹാസങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാവുകയും ചെയ്തപ്പോള്‍ അവിടുത്തെ സമാധാനിപ്പിക്കാനും സാന്ത്വനം പകരാനും പിതൃവ്യന്‍ അബൂത്വാലിബുണ്ടായിരുന്നു. എന്നാല്‍, ഇബ്റാഹീം നബി(അ) പിതൃവ്യന്‍ ആസറിനെ സ്നേഹാദരവുകളോടെ പരിശുദ്ധ ഇസ്ലാമിന്‍റെ മഹിതമായ ആശയങ്ങളിലേക്ക് ക്ഷണിച്ച സന്ദര്‍ഭത്തില്‍ വളരെ പരുഷമായി തിരിച്ച് പെരുമാറിയ സംഭവം അല്ലാഹു ഖുര്‍ആനിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.മക്കളായ ഇസ്മാഈല്‍(അ)നെയും ഇസ്ഹാഖ്(അ)നെയും പിശാചിന്‍റെ ദുര്‍പ്രേരണകളില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഇബ്റാഹീം നബി(അ) ചൊല്ലിയിരുന്ന ദിക്റുകള്‍ പൗത്രന്മാരായ ഹസന്‍(റ), ഹുസൈന്‍(റ) എന്നിവര്‍ക്ക് വേണ്ടി മുത്ത്നബിയും ചൊല്ലിയിരുന്നു(ബുഖാരി)പരിശുദ്ധ ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജിനും ബലിപെരുന്നാളിനും ഇബ്റാഹീം നബിയുടെ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്‌. അല്ലാഹുവിന്‍റെ മഹത്തായ ആജ്ഞപ്രകാരം ഇബ്രാഹീം നബി(അ) വിളിച്ച വിളംബരമെത്തുന്നവര്‍ക്ക് മാത്രമേ പരിശുദ്ധ ഹജ്ജ് കര്‍മത്തിന് സൗഭാഗ്യം ലഭിക്കൂ. ദാഹിച്ചുവലഞ്ഞ് കാലിട്ടടിക്കുന്ന പിഞ്ചുപൈതലിനൊരിറ്റ് വെള്ളത്തിനുവേണ്ടി നിസ്സഹായയായി ഓടിനടന്ന ഹാജറബീവി(റ)യും, അല്ലാഹുവിന്‍റെ പരീക്ഷണങ്ങളില്‍ പതറാതെ ക്ഷമയോടെ മകനെയറുക്കാന്‍ കത്തിയുമായി വന്ന പിതാവും അല്ലാഹുവിന്‍റെ കല്‍പന പൂര്‍ത്തീകരിക്കാന്‍ ഊരിപ്പിടിച്ച കത്തിക്കു മുമ്പില്‍ കഴുത്ത് നീട്ടിക്കൊടുക്കാന്‍ വൈമനസ്യം കാണിക്കാത്ത മകനും ഓരോ വര്‍ഷവും ഹജ്ജിലൂടെ അനുസ്മരിക്കപ്പെടുന്നു.പരിശുദ്ധമായ നമസ്കാരത്തിലൂടെ ഇബ്റാഹീം നബി(അ) മുസല്‍മാന്‍റെ മനസ്സില്‍ ലോകാവസാനം വരെ സ്മരിക്കപ്പെടുകയാണ്. അദ്ദേഹത്തിന്‍റെ നാമം പരാമര്‍ശിച്ചുള്ള സ്വലാത്തിന് വന്‍ പ്രതിഫലവുമുണ്ടെന്ന് പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നു. ഇസ്ലാം മതവിശ്വാസിയായതിന്‍റെ പേരില്‍ പലയിടങ്ങളിലും അവഗണനകളേറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ആധുനിക മുസ്ലിംകള്‍ക്ക് പാഠമുള്‍ക്കൊള്ളാന്‍ തരത്തില്‍ അല്ലാഹുവിന്‍റെ പരീക്ഷണങ്ങളില്‍ പതറാതെ ത്യാഗോജ്ജ്വലമായ ജീവിതം കാണിച്ചുതന്ന ഇബ്റാഹീം നബി, തന്‍റെ നൂറ്റിഎഴുപത്തിഅഞ്ചാം വയസ്സിലാണ് അല്ലാഹുവിലേക്ക് യാത്രയായത്. ഫലസ്തീനിലെ ‘ഖലീല്‍’ എന്ന സ്ഥലത്ത് പത്നി ബീവിഹാജറ(റ), പുത്രന്‍ ഇസ്ഹാഖ്(അ) എന്നിവര്‍ക്ക് സമീപമാണ് ഇബ്റാഹീം നബി അന്ത്യവിശ്രമം കൊള്ളുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here