മാല്‍തൂസിയന്‍ ഉന്മൂലന സിദ്ധാന്തം

വി പി എം സ്വാദിഖ്

0
3028

ജനസംഖ്യ നാള്‍ക്കുനാള്‍ കുറയുന്നതാണ് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. മരണ നിരക്ക് കൂടുന്നതും ജനനനിരക്ക് കുറയുന്നതും രാജ്യത്തെ ജനസംഖ്യാ പ്രതിസന്ധിയിലേക്കും വന്‍ സാമ്പത്തിക പ്രശ്‌നത്തിലേക്കും തളളി വിടും. ജനസംഖ്യയിലുണ്ടായ അമിതമായ തളര്‍ച്ച തന്റെ രാജ്യത്തെ എങ്ങനെ ബാധിച്ചുവെന്നാണ് 2006ലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വിലപിക്കുന്നത്. റഷ്യയില്‍ പ്രതിവര്‍ഷം ഏഴ് ലക്ഷം കണ്ട് ജനസംഖ്യ കുറയുകയാണത്രെ. എന്നാല്‍ റഷ്യയേക്കാള്‍ ഭീകരമായ പ്രതിസന്ധിയാണ് ചൈന നേരിടുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തിന്റെ തീരുമാനമനുസരിച്ച് ഏക സന്താനനയത്തില്‍ അയവുവരുത്താനും എല്ലാ കുടുംബത്തിലും ഒരു കുട്ടി മാത്രമേ ഉണ്ടാകാവു എന്ന 1979 ലെ നിയമം ഭേദഗതി ചെയ്യാനും ചൈന തീരുമാനിച്ചിരിക്കുന്നു. ചൈനയില്‍ വൃദ്ധജനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും യുവാക്കളുടെ എണ്ണത്തില്‍ ഗണ്യമായി കുറവുണ്ടാവുകയും ചെയ്തതോടെ രാജ്യത്ത് ഗുരുതര സാമ്പത്തിക സാമൂഹിക പ്രതിസന്ധികള്‍ ഉടലെടുത്തതോടെയാണ് ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം നിലപാട് ഭേദഗതി ചെയ്യുന്നത്.ചൈനയില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ ആകെ ജനസംഖ്യയുടെ 22 ശതമാനം മാത്രമാണ്. 2020 ആകുമ്പോഴേക്ക് 34 ശതമാനമായി ഇത് വളരും. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി ആശ്രിതരുടെ എണ്ണം ചൈനയില്‍ ഗണ്യമായി കൂടുന്നു. 133 കോടി ജനങ്ങളുളള ചൈനയില്‍ 84 കോടിയാണ് തൊഴിലെടുക്കുന്നത്. 2050 ആകുമ്പോഴേക്ക് ഇത് 79 കോടിയായി കുറയും. കേരളത്തിന്റെയും സ്ഥിതി വ്യത്യസ്തമല്ല. തിരുവനന്തപുരം സി ഡി എസ് (centre for development studies) ന്റെ് കണക്കനുസരിച്ച് കേരള ജനസംഖ്യ 1961-71 കാലത്ത് 26.69 % വളര്‍ന്നെങ്കില്‍ 1991-2001 ദശകത്തില്‍ കേവലം 9.4% മാത്രമാണ് വളര്‍ന്നത്. ചൈനയും റഷ്യയും അടക്കമുളള വികസിത രാജ്യങ്ങള്‍ നേരിടുന്ന വൃദ്ധരുടെ വര്‍ധനവ് കേരളത്തെയും അസ്വസ്ഥപ്പെടുത്തുന്നു. നാമൊന്ന് നമുക്കൊന്ന് മുദ്രാവാക്യം കേരളം ഏറ്റെടുക്കുകയാണെങ്കില്‍ 2061 ആകുമ്പോഴേക്ക് 100 കുട്ടികള്‍ക്ക് 476 വൃദ്ധര്‍ എന്ന നിലയില്‍ കേരളം തകര്‍ന്നടിയുമെന്നാണ് സര്‍വെ ഫലങ്ങള്‍ തെളിയിക്കുന്നത്. മാല്‍തൂസിയന്‍ സിദ്ധാന്തത്തിന് പച്ചക്കൊടി കാണിച്ച് കുടുംബാസൂത്രണ യജ്ഞത്തിന്റെ വക്താക്കളായി മാറിയവര്‍ ഒരു പുനര്‍വിചിന്തനത്തിന് തയ്യാറായിരിക്കുകയാണ്. സിദ്ധാന്തങ്ങള്‍ക്കു പകരം ചില ഭീകര യാഥാര്‍ത്ഥ്യങ്ങളാണ് അവര്‍ക്കതിനു പ്രചോദനമേകിയത്.
കുടുംബാസൂത്രണ പ്രസ്ഥാനത്തിന്റെ ചരിത്രം
എ.ഡി പതിനെട്ടാം നൂറ്റാണ്ടിലാണ് കുടുംബാസൂത്രണ പ്രസ്ഥാനത്തിന്റെ തുടക്കം. പ്രസിദ്ധ ആംഗലേയ സാമ്പത്തിക വിദഗ്ദനായ തോമസ് റോബര്‍ട്ട് മാല്‍ത്തൂസ് (1764-1834) ആണ് ഇതിന്റെ ഉപജ്ഞാതാവ്. മനുഷ്യന്റെ സ്വഭാവിക പ്രജനന ശേഷിയെ മനപൂര്‍വ്വം നിയന്ത്രിക്കുക എന്നാണ് ലോകാരോഗ്യ സംഘടന, എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക പോലുളളവ കുടുംബാസൂത്രണത്തിന് നല്‍കുന്ന വിശദീകരണം. നിലവില്‍ ഭൂമിയിലെ വിഭവങ്ങള്‍ പരിമിതമാണെന്നും ലോകത്തുണ്ടായേക്കാവുന്ന ജനപ്പെരുപ്പം അനിയന്ത്രിതമായ വിഭവത്തകര്‍ച്ചക്ക് കാരണമാകുമെന്നുമുളള അനുമാനങ്ങളെ യാഥാര്‍ത്യവല്‍ക്കരിച്ചാണ് കുടുംബാസൂത്രണ നയങ്ങള്‍ നടപ്പിലാക്കിയത്. മാല്‍ത്തൂസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ‘ജനസംഖ്യ ക്ഷേത്രഗണിതാനുപാതത്തിലും (Geomatric progression) ഭൂമിയിലെ വിഭവങ്ങള്‍ അങ്ക ഗണിതാനുപാതത്തിലും ( Arithmetic Progression) മാത്രമാണ് പുരോഗമിക്കുന്നത്. അതായത് ജനസംഖ്യ 2, 4, 8, 16, 32 എന്നീ ക്രമത്തില്‍ വര്‍ദ്ധിക്കുമ്പോള്‍ ഭക്ഷ്യവിഭവങ്ങള്‍ 1, 2, 3, 4, എന്നീ അനുപാതത്തിലാണ് വര്‍ദ്ധിക്കുന്നത്. കൂടാതെ മനുഷ്യവംശത്തിന്റെ വര്‍ദ്ധനവ് രണ്ടിരട്ടി കണ്ടുവര്‍ദ്ധിക്കുന്നതും. രണ്ട് നൂറ്റാണ്ടുകള്‍ കൊണ്ട് ഒന്നില്‍ നിന്നാരംഭിച്ച് 256 ല്‍ ചെന്നെത്തുന്നതുമായിരിക്കും. ഇതേ സമയം ഭക്ഷ്യവിഭവങ്ങളുടെ വര്‍ദ്ധനവ് എട്ടിലായിരിക്കും ഉണ്ടാവുക. മൂന്ന് നൂറ്റാണ്ടോടു കൂടി ഈ അനുപാതം 4096:12 എന്ന അനുപാതത്തിലായിരിക്കും (Essay on the principle of the population). മാല്‍ത്തൂസിയന്‍ സിദ്ധാന്തത്തിന് രൂപം നല്‍കുമ്പോള്‍ ലോക ജനസംഖ്യ 92 കോടിയായിരുന്നു. അത് ഇരുനൂറിലോ മുന്നൂറിലോ എത്തുമ്പോള്‍ ലോകം വിനാശത്തിലകപ്പെടുമെന്ന പ്രചാരണം അതോടെ ശക്തമായി. അമേരിക്കന്‍ ജൈവശാസ്ത്രജ്ഞരായ പോള്‍ ആര്‍ എല്‍ റിച്ച്, ആന്‍ എല്‍ റിച്ച് എന്നിവര്‍ ചേര്‍ന്ന് 1968 ല്‍ എഴുതിയ പോപ്പുലേഷന്‍ ബോംബ് എന്ന ഗ്രന്ഥത്തില്‍ 1985 ആകുമ്പോഴേക്ക് ലോകം ഭക്ഷ്യക്ഷാമത്തില്‍ മുങ്ങിക്കുളിക്കുമെന്ന് പ്രഖ്യാപിച്ചു.
പ്രകൃതി നിയമങ്ങളെ സാന്ദര്‍ഭികമായി പ്രതിരോധിക്കാനും തിരുത്താനുമുളള ശേഷി മനുഷ്യസഹജമാണെന്ന യാഥാര്‍ത്ഥ്യം മാല്‍ത്തൂസിയന്‍ സിദ്ധാന്തത്തിന്റെ വക്താക്കള്‍ ഓര്‍ക്കാതെ പോയതാണ് തല തിരിഞ്ഞ പ്രഖ്യാപനങ്ങളുടെ കാതല്‍. മാല്‍ത്തൂസും ഫ്രാന്‍സിസ് പ്ലേസും പറയുന്ന പോലെ മനുഷ്യചരിത്രത്തിലിന്നോളം ക്ഷേത്ര ഗണിതാനുപാതത്തില്‍ ജനസംഖ്യാ വര്‍ധനവുണ്ടായിട്ടില്ല. അവരുടെ വാദ പ്രകാരം ജനസംഖ്യാ വര്‍ധനവുണ്ടായിരുന്നെങ്കില്‍ മനുഷ്യവംശം ഭൂമുഗത്തു നിന്ന് തുടച്ചു നീക്കപ്പെടുമായിരുന്നു. ധനശാസ്ത്രത്തില്‍ ഉല്‍പാദന ഘടകങ്ങളായി കണക്കാക്കപ്പെടുന്നത് ഭൂമി, മൂലധനം, മനുഷ്യന്‍ എന്നിവയെയാണ്. ഈ പ്പെരുപ്പം പറഞ്ഞ് നമ്മെ ഭയപ്പെടുത്തിയവര്‍ മനുഷ്യരെ ഉല്‍പാദനോപകരണമായി കാണുന്നതിന് പകരം ഉല്‍പന്നങ്ങള്‍ തിന്നു മുടിക്കുന്ന ഉപഭോക്താവായി മാത്രമാണ് കണക്കാക്കിയത്. ഭൂമിയില്‍ മനുഷ്യവാസം ആരംഭിക്കുമ്പോള്‍ വെളളം, മണ്ണ്, കല്ല്, തനിയെ മുളച്ചുണ്ടാവുന്ന ചെടികള്‍, വന്യമൃഗങ്ങള്‍ എന്നിവയൊഴിച്ച് മറ്റു ജീവസന്ധാരണ മാര്‍ഗ്ഗങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ജനസംഖ്യ വര്‍ധിക്കുകയും മനുഷ്യന്‍ പ്രയത്‌നിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ ജീവിത വിഭവങ്ങളുടെ അനേകായിരം വഴികള്‍ മനുഷ്യവംശത്തിനു മുന്നില്‍ തുറക്കപ്പെട്ടു. മനുഷ്യാധിവാസം വ്യാപിക്കുന്നതിനനുസരിച്ച് ജീവിത മാര്‍ഗ്ഗങ്ങളും വിഭവങ്ങളും വികസിക്കാതിരുന്ന ഒരു കാലഘട്ടവും മനുഷ്യചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടില്ല. സുമേറിയന്‍ സംസ്‌കാര കാലഘട്ടം മുതല്‍ വിളക്കെണ്ണയെക്കുറിച്ചും അതിന്റെ ജ്വലന ക്ഷമതയെക്കുറിച്ചുമെല്ലാം ആദിമ മനുഷ്യന് അറിവുണ്ടായിരുന്നു. എന്നാല്‍ പെട്രോള്‍ ഉല്‍പന്നങ്ങളുടെ സ്വര്‍ണ്ണഖനി ഒരു നാള്‍ ലോകം കീഴടക്കുമെന്ന് അന്നാരും ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല. സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ചെലവു കുറഞ്ഞതും ലാഭകരമായതുമായ ഉല്‍പാദനരീതികളെ ആവിഷ്‌ക്കരിച്ചുകൊണ്ടിരിക്കുകയാണ് പുതിയ ലോകം. താഴ്വരകളില്‍ അടിച്ചു വീശുന്ന കാറ്റും ടെലില്‍ നൃത്തം ചെയ്യുന്ന തിരമാലകളും കത്തിജ്വലിക്കുന്ന സൂര്യനും ഭയപ്പെടുത്തുന്ന ഇടിമിന്നലുമെല്ലാം വൈദ്യുതോര്‍ജ്ജത്തിന്റെ ഘനികളായി മാറുന്നതങ്ങനെയാണ്. മണ്ണിനോടും മനുഷ്യനോടും കൂട്ടുകൂടുന്ന പുതിയ വിത്തിനങ്ങളെക്കുറിച്ചുളള ആലോചനയിലാണ് ശാസ്ത്രലോകം.
ലോക ജനസംഖ്യ 300 കോടിയാകുമ്പോഴേക്ക് രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയില്‍ ലോകവാസാനം സംഭവിക്കുമെന്നായിരുന്നു 1789 ല്‍ മാല്‍ത്തൂസ് പ്രവചിച്ചത്. എന്നാല്‍ ഇന്ന് ജനസംഖ്യ 700 കോടി ക്കു മുകളിലെത്തി. ജനസംഖ്യ ഇരട്ടിയായപ്പോള്‍ ഭക്ഷ്യോല്‍പാദനം മൂന്നിരട്ടിയായെന്ന രീതിയിലുള്ള ആധികാരിക പഠനങ്ങള്‍ മാല്‍ത്തൂസിയന്‍ തിയറ്റക്കേറ്റ കനത്ത പ്രഹരങ്ങളിലൊന്നാണ്. 2002 ല്‍ നൂറു കോടിയുണ്ടായിരുന്ന ഇന്ത്യയില്‍ ജനങ്ങളെ തീറ്റിപ്പോറ്റാനാവശ്യമായതിനേക്കാള്‍ 14 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞിരുന്നുവത്രെ. ഇത്തരം ഒരുപാട് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജനസംഖ്യാനുപാതത്തിന്റെ രണ്ടിരട്ടിയായി സാമ്പത്തിക ഭൗതിക സാഹചര്യങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു എന്ന പോപ്പുലേഷന്‍ റഫറന്‍സ് ബ്യൂറോയുടെ നിരീക്ഷണം പ്രസക്തമാകുന്നു .
കുടുംബാസൂത്രണ പ്രസ്ഥാനത്തിന്റെ മുഖ്യനിദാനം സാമ്പത്തികമാണെന്ന വാദം അംഗീകരിക്കാനാകില്ല. രാഷ്ട്രീയവും സാമൂഹികവുമായ ഒരു പാട് കാരണങ്ങളെ നമുക്കതിന് പിന്നില്‍ കണ്ടെത്താന്‍ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here